റെനഗേഡ്സ് കോച്ച് ക്ലിംഗര്‍ പടിയിറങ്ങുന്നു, ഇനി പുതിയ ദൗത്യം ന്യൂ സൗത്ത് വെയില്‍സില്‍

മെല്‍ബേണ്‍ റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ സ്ഥാനം ഒഴിയുന്നു. താരം ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവനെന്ന സ്ഥാനം വഹിക്കുവാനാണ് ഇപ്പോളത്തെ റോളില്‍ നിന്ന് രാജി വയ്ക്കുന്നത്. റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ആയിരുന്നു ക്ലിംഗറിനുണ്ടായിരുന്നതെങ്കിലും രണ്ട് മോശം സീസണുകള്‍ക്ക് ശേഷം 40 വയസ്സുകാരന്‍ പടിയിറങ്ങുകയാണ്.

ഈ രണ്ട് സീസണുകളിലും റെനഗേഡ്സ് അവസാന സ്ഥാനക്കാരായാണ് പോയിന്റ് പട്ടികയില്‍ അവസാനിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് റെനഗേഡ്സിന് ഈ സീസണില്‍ വെറും 4 മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കുവാനായത്.

ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവന്‍ എന്ന പുതിയ ദൗത്യം താന്‍ ഏറെ ഉറ്റുനോക്കുന്നതാണെന്ന് മൈക്കല്‍ ക്ലിംഗര്‍ വ്യക്തമാക്കി.

മെല്‍ബേണ്‍ റെനഗേഡ്സിന്റെ കോച്ചായി ബിഗ് ബാഷ് ഇതിഹാസം മൈക്കല്‍ ക്ലിംഗര്‍

ബിഗ് ബാഷിലെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ സ്കോറര്‍ ആയ മൈക്കല്‍ ക്ലിംഗര്‍ ഇനി മുതല്‍ മെല്‍ബേണ്‍ റെനഗേഡ്സിന്റെ മുഖ്യ കോച്ച്. റെനഗേഡ്സ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ജസ്റ്റിന്‍ ലാംഗറുടെ സഹ പരിശീലകനായി ഓസ്ട്രേലിയന്‍ ദേശീയ ടീമിലേക്ക് പോയതോടെയാണ് ഈ മാറ്റം.

കഴിഞ്ഞ സീസണില്‍ മൈക്കല്‍ ക്ലിംഗര്‍ ബിഗ് ബാഷില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മെല്‍ബേണ്‍ റെനഗേഡ്സിനൊപ്പം പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിച്ചത് മികച്ച കാര്യമായാണ് താന്‍ വിലയിരുത്തുന്നതെന്ന് ക്ലിംഗര്‍ വ്യക്തമാക്കി.

ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് മികച്ച ഒരു സംവിധാനം ആണ് റെനഗേഡ്സില്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും തനിക്ക് അത് മുന്നോട്ട് കൊണ്ടുപോകാനാകുമെന്നുമാണ് കരുതുന്നതെന്നും ക്ലിംഗര്‍ അഭിപ്രായപ്പെട്ടു.

വിജയത്തോടെ ക്ലിംഗര്‍ കരിയര്‍ അവസാനിപ്പിച്ചു, പെര്‍ത്തിനു 27 റണ്‍സ് ജയം

ബിഗ് ബാഷില്‍ തന്റെ അവസാന മത്സരം ജയത്തോടെ അവസാനിപ്പിച്ച് മൈക്കല്‍ ക്ലിംഗര്‍. ഇന്നലെ പെര്‍ത്തിന്റെ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയം താരത്തിന്റെ ബിഗ് ബാഷിലെ അവസാന മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 182/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു 155/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ക്ലിംഗര്‍ തന്റെ അവസാന മത്സരത്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ 69 റണ്‍സ് നേടി ആഷ്ടണ്‍ ടര്‍ണറും 27 പന്തില്‍ 44 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ടുമാണ് ടീമിനായി തിളങ്ങിയത്. പെര്‍ത്തിനു വേണ്ടി ജോഷ് ഇംഗ്ലിസ് 26 റണ്‍സ് നേടി.

ഗ്ലെന്‍ മാക്സ്വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും സ്റ്റാര്‍സിനു വേണ്ടി തിളങ്ങിയെങ്കിലും ജയം നേടുവാന്‍ ടീമിനു സാധിച്ചില്ല. മാക്സ്വെല്‍ 40 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ സ്റ്റോയിനിസ് 49 റണ്‍സ് നേടി. ഇരുവരും പുറത്തായ ശേഷം വിക്കറ്റുകളുമായി പെര്‍ത്ത് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. 20 ഓവര്‍ അവസാനിച്ചപ്പോള്‍ 155 റണ്‍സാണ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ സ്റ്റാര്‍സ് നേടിയത്.

മൂന്ന് വീതം വിക്കറ്റുമായി മാത്യൂ കെല്ലിയും നഥാന്‍ കോള്‍ട്ടര്‍-നൈലുമാണ് പെര്‍ത്തിന്റെ ബൗളര്‍മാരില്‍ തിളങ്ങിയവര്‍. ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റ് നേടി.

ക്ലിംഗര്‍ ബിഗ് ബാഷില്‍ നിന്ന് റിട്ടയര്‍ ചെയ്യാനൊരുങ്ങുന്നു

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിന്റെ മൈക്കല്‍ ക്ലിംഗര്‍ ബിഗ് ബാഷ് ഈ സീസണ്‍ അവസാനത്തോടെ കളി മതിയാക്കുവാന്‍ ഒരുങ്ങുന്നു. ഇന്നലെയാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് മൈക്കല്‍ ക്ലിംഗര്‍. കഴിഞ്ഞ ദിവസം മാത്രമാണ് താരത്തിന്റെ പേരിലായിരുന്നു ഒന്നാം സ്ഥാനം ക്രിസ് ലിന്‍ സ്വന്തം പേരിലാക്കിയത്.

ബിഗ് ബാഷില്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും താരത്തിനു ഓസ്ട്രേലിയയ്ക്ക് വേണ്ടി മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കാനായിട്ടുള്ളു. അതും ഫെബ്രുവരിയില്‍ ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ രണ്ടാം നിര ടീമിനെ ഇറക്കിയപ്പോള്‍ മാത്രം. ഈ സീസണില്‍ ഏറ്റവും മോശം ഫോമിലുള്ള താരത്തിനു 9 ഇന്നിംഗ്സുകളില്‍ നിന്ന് 115 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളു.

ടീമിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെ മനോഹരമെന്ന് വിശേഷിപ്പിച്ച ക്ലിംഗര്‍ ഈ സീസണ്‍ തനിക്കും ടീമിനും ഓര്‍ത്തുവയ്ക്കുവാന്‍ പറ്റുന്നതല്ലെന്ന് പറഞ്ഞു. അടുത്ത സീസണില്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.

ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ക്ലിംഗര്‍

ഭാര്യയുടെ ചികിത്സയുടെ ഭാഗമായി ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷമവസാനം ഇടവേളയെടുത്ത ഓസ്ട്രേലിയന്‍ വെറ്ററന്‍ താരം മൈക്കല്‍ ക്ലിംഗര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഭാര്യ ചികിത്സയുമായി മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ചു വരികയാണെന്നുമറിയിച്ച ക്ലിംഗര്‍ തിരിച്ച് ഗ്ലൗസെസ്റ്റര്‍ഷയറിനു വേണ്ടി ഈ സീസണ്‍ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ താരം ഇന്നലെ പങ്കെടുത്തു.

ഇന്നലെ സോമര്‍സെറ്റിനെതിരെയായിരുന്നു താരത്തിന്റെ മടങ്ങിവരവ് മത്സരം. മത്സരത്തില്‍ ഗ്ലൗസെസ്റ്റര്‍ഷയറിനു തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു. മത്സരത്തില്‍ 21 റണ്‍സാണ് ക്ലിംഗര്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെര്‍ത്തിനു നാലാം ജയം, തിളങ്ങി ക്ലിംഗര്‍

മൈക്കല്‍ ക്ലിംഗര്‍ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു തുടര്‍ച്ചയായ നാലാം ജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് പെര്‍ത്ത് ഉയര്‍ന്നു. സിഡ്നി സിക്സേര്‍സ് നേടിയ 167 റണ്‍സ് 19.1 ഓവറില്‍ പെര്‍ത്ത് മറികടക്കുകയായിരുന്നു. 19.1 ഓവറില്‍ 170/4 എന്ന നിലയിലായിരുന്നു വിജയ നേടുമ്പോള്‍ പെര്‍ത്ത്. 83 റണ്‍സ് നേടിയ ക്ലിംഗറും 45 റണ്‍സുമായി ആഷ്ടണ്‍ ടര്‍ണറുമാണ് പെര്‍ത്ത് നിരയില്‍ തിളങ്ങിയത്. സിക്സേര്‍സിനു വേണ്ടി ഡാനിയല്‍ സാംസ് രണ്ടും ബെന്‍ ഡ്വാര്‍ഷൂയിസ് ഒരു വിക്കറ്റും നേടി.

നേരത്തെ ജോര്‍ദന്‍ സില്‍ക്ക്(45*), 33 റണ്‍സ് വീതം നേടി പീറ്റര്‍ നെവില്‍, സാം ബില്ലിംഗ്സ്, 30 റണ്‍സ് നേടിയ നിക് മാഡിന്‍സണ്‍ എന്നിവരുടെ മികവിലാണ് 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ സിഡ്നി സിക്സേര്‍സ് 167 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version