അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് ആതിഥേയര്‍, എവിന്‍ ലൂയിസിന് ശതകം

ശ്രീലങ്കയുടെ 273/8 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റിന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം. 2 പന്ത് അവശേഷിക്കെയാണ് വെസ്റ്റിന്‍ഡീസ് വിജയം കരസ്ഥമാക്കിയത്. അവസാന ഓവറില്‍ വിജയിക്കുവാന്‍ 9 റണ്‍സ് നേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസിന് വേണ്ടി ആദ്യ മൂന്ന് പന്തുകളില്‍ രണ്ട് ബൗണ്ടറി നേടി നിക്കോളസ് പൂരന്‍ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ വെസ്റ്റിന്‍ഡീസ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും ഷായി ഹോപ്പും നല്‍കിയ മികച്ച തുടക്കമാണ് ടീമിന്റെ വിജയത്തിന്റെ അടിത്തറ. ഓപ്പണിംഗ് കൂട്ടുകെട്ട് 192 റണ്‍സാണ് നേടിയത്. 103 റണ്‍സ് നേടിയ ലൂയിസിനെയും 84 റണ്‍സ് നേടിയ ഷായി ഹോപിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലാതെ ആയി.

ഡാരെന്‍ ബ്രാവോ(10), കീറണ്‍ പൊള്ളാര്‍ഡ്(15), ഫാബിയന്‍ അല്ലെന്‍(15) എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചുവെങ്കിലും അവസാന ഓവറില്‍ നിക്കോളസ് പൂരന്‍ ബൗണ്ടറികളുമായി മത്സരം ആതിഥേയര്‍ക്ക് സ്വന്തമാക്കുവാന്‍ സഹായിച്ചു. ശ്രീലങ്കന്‍ ബൗളര്‍മാരില്‍ നുവാന്‍ പ്രദീപും തിസാര പെരേരയും രണ്ട് വീതം വിക്കറ്റ് നേടി.

ഷായി ഹോപിന്റെ തകര്‍പ്പന്‍ ശതകം, 8 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്

ശ്രീലങ്കയെ 232 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 47 ഓവറില്‍ മറികടന്ന് വെസ്റ്റിന്‍ഡീസ്. ഒന്നാം വിക്കറ്റില്‍ ഹോപും എവിന്‍ ലൂയിസും ചേര്‍ന്ന് 143 റണ്‍സാണ് നേടിയത്. 65 റണ്‍സ് നേടിയ ലൂയിസിനെ ചമീര പുറത്താക്കിയ ശേഷവും തന്റെ മികവാര്‍ന്ന ബാറ്റിംഗ് തുടര്‍ന്ന ഹോപ് ഡാരെന്‍ ബ്രാവോയോടൊപ്പം 73 റണ്‍സ് കൂടി നേടി.

110 റണ്‍സ് നേടിയ ഹോപിന്റെ വിക്കറ്റും ദുഷ്മന്ത ചമീര ആണ് നേടിയത്. ഡാരെന്‍ ബ്രോവോ 37 റണ്‍സും ജേസണ്‍ മുഹമ്മദ് 13 റണ്‍സും നേടിയാണ് വിജയ സമയത്ത് വെസ്റ്റിന്‍ഡീസിനായി ക്രീസില്‍ നിലകൊണ്ടത്. 47 ഓവറിലാണ് വിന്‍ഡീസിന്റെ എട്ട് വിക്കറ്റ് ജയം.

ജോണ്‍സണ്‍ ചാള്‍സ് വെടിക്കെട്ടിന് ശേഷം കീഴടങ്ങി ബാര്‍ബഡോസ്

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ട്രിന്‍ബാഗോ ബൗളര്‍മാര്‍ നടത്തിയ ശക്തമായ തിരിച്ചുവരവില്‍ പതറി ബാര്‍ബഡോസ് ട്രിഡന്റ്സ്. ജോണ്‍സണ്‍ ചാള്‍സ് മിന്നും വേഗത്തില്‍ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് എത്തിയെങ്കിലും 52 റണ്‍സ് നേടിയ താരം പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ വീണത് ബാര്‍ബഡോസിന് തിരിച്ചടിയായി മാറി. 8 ഓവറില്‍ 68 റണ്‍സായിരുന്നു ചാള്‍സ് പുറത്താകുമ്പോള്‍ ടീം നേടയത്.

68/0 എന്ന നിലയില്‍ നിന്ന് 75/3 എന്ന നിലയിലേക്ക് വീണ ടീമിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്താനാകാതെ പോകുകയായിരുന്നു. ഷായി ഹോപ് 36 റണ്‍സ് നേടിയെങ്കിലും താരത്തിന്റെ ഇന്നിംഗ്സിന് വേഗത പോരായിരുന്നു. അവസാന അഞ്ചോവറില്‍ 76 റണ്‍സായിരുന്നു ബാര്‍ബഡോസ് നേടേണ്ടിയിരുന്നത്.

മത്സരം ഏറെക്കുറെ കൈവിട്ടുവെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും നേടി ജേസണ്‍ ഹോള്‍ഡര്‍ നേരിയ പ്രതീക്ഷ ബാര്‍ബഡോസിന് നല്‍കി. ആ ഓവറില്‍ നിന്ന് ലഭിച്ച 19 റണ്‍സ് കൂടിയായപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 35 റണ്‍സായി മാറി.

അവസാന ഓവറില്‍ ആഷ്ല‍ലി നഴ്സ് കൂറ്റനടികള്‍ നടത്തി നോക്കിയെങ്കിലും 12 പന്തില് ‍നിന്ന് 21 റണ്‍സ് നേടി താരം പുറത്തായി. 166/6 എന്ന നിലയില്‍ ബാര്‍ബഡോസിനെ പിടിച്ച് നിര്‍ത്തി ട്രിന്‍ബാഗോ 19 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 19 പന്തില്‍ 34 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ഹോപും ബൗളര്‍മാരും മൂന്നാം ടെസ്റ്റില്‍ ഫോമിലാവുമെന്ന് വിശ്വസിക്കുന്നു – ജേസണ്‍ ഹോള്‍ഡര്‍

ഷായി ഹോപും ബൗളര്‍മാരും മാഞ്ചെസ്റ്ററിലെ മൂന്നാം ടെസ്റ്റില്‍ അവസരത്തിനൊത്തുയരുമെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. ഇവരുടെ ബലത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി തങ്ങള്‍ക്ക് പരമ്പര സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിന്‍ഡീസ് നായകന്‍ അഭിപ്രായപ്പെട്ടു. മോശം ഫോമിലാണെങ്കില്‍ ഷായി ഹോപിന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ 14 അംഗ ടീമിനെ പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു ജേസണ്‍ ഹോള്‍ഡര്‍. എന്നാല്‍ തന്റെ അന്തിമ ഇലവന്റെ സൂചനയൊന്നും താരം നല്‍കിയില്ല. മോശം ഫോമിലുള്ള ഷായി ഹോപും തന്റെ പേസര്‍മാരുടെ ഫിറ്റ്നെസ്സ് പ്രശ്നങ്ങളുമാണ് ടീമിനെ അലട്ടുന്ന ഘടകങ്ങളെന്ന് ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

ഷായി ഹോപിന് എന്തെല്ലാം അത്ഭുതങ്ങള്‍ കാണിക്കാനാകുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അന്താരാഷ്ട്ര തലത്തില്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തിയ താരമാണ് അദ്ദേഹം. ലോകത്തിലെ ഏകദിനത്തിലെ ഏറ്റവും മികച്ച താരമാണ് ഷായി ഹോപ്. അദ്ദേഹത്തിന് ടെസ്റ്റിലും റണ്‍സ് കൊണ്ടു വരാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസം തനിക്കുണ്ടെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ആവേശം അവസാന പന്ത് വരെ, 6 വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീലങ്ക

ശ്രീലങ്ക നല്‍കിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് 6 റണ്‍സിന്റെ തോല്‍വി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി ഫാബിയന്‍ അല്ലെന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീലങ്കയുടെ വിജയം. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസിന് 13 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. 13 പന്തില്‍ 33 റണ്‍സ് നേടിയ ഫാബിയന്‍ അല്ലെന്‍ ക്രീസില്‍ പന്തെറിയാനെത്തിയത് സീനിയര്‍ താരം ആഞ്ചലോ മാത്യൂസ്.

ആദ്യ പന്ത് ബൗണ്ടറി കടത്തിയ ഫാബിയന്‍ അല്ലെനെ അടുത്ത പന്തില്‍ പുറത്താക്കിയതോടെ മത്സരം ശ്രീലങ്കയുടെ കീശയിലായി. 2 ഫോറും 3 സിക്സും സഹിതം 15 പന്തില്‍ 37 റണ്‍സാണ് അല്ലെന്‍ നേടിയത്. തുടര്‍ന്ന് രണ്ട് റണ്‍സ് കൂടി മാത്രം ടീം നേടിയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സ് 301/9 എന്ന നിലയില്‍ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി കുശല്‍ മെന്‍ഡിസ്(55), ധനന്‍ജയ ഡി സില്‍വ(51), ദിമുത് കരുണാരത്നേ(44), കുശല്‍ പെരേര(44), തിസാര പെരേര(38) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ 307 റണ്‍സിലേക്ക് എത്തിച്ചത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് നാലും ജേസണ്‍ ഹോള്‍ഡര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ഷായി ഹോപ്(72), സുനില്‍ ആംബ്രിസ്(60), നിക്കോളസ് പൂരന്‍(50) എന്നിവര്‍ അര്‍ദ്ധ ശതകവും കീറണ്‍ പൊള്ളാര്‍ഡ് 49 റണ്‍സും നേടി ശക്തമായ ചേസിംഗ് വിന്‍ഡീസിനായി കാഴ്ചവെച്ചുവെങ്കിലും ആഞ്ചലോ മാത്യൂസിന്റെ ബൗളിംഗ് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഫാബിയന്‍ അല്ലെന്‍ ഉള്‍പ്പെടെ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.

നാണംകെട്ട് വിന്‍ഡീസ്, ശ്രീലങ്കയുടെ വിജയം 161 റണ്‍സിന്

345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി അവിഷ്ക ഫെര്‍ണാണ്ടോയും കുശല്‍ മെന്‍ഡിസും ശതകങ്ങള്‍ നേടിയപ്പോളാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെന്ന വലിയ സ്കോര്‍ ശ്രീലങ്ക നേടിയത്.

അവിഷ്ക 127 റണ്‍സും കുശല്‍ മെന്‍ഡിസ് 119 റണ്‍സുമാണ് നേടിയത്. 9/2 എന്ന നിലയിലേക്ക് വീണ ലങ്കയ്ക്കായി 239 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് ഇവര്‍ മൂന്നാം വിക്കറ്റില്‍ നേടിയത്. തിസാര പെരേര 36 റണ്‍സ് നേടിയപ്പോള്‍ ചുരുങ്ങിയ പന്തുകളില്‍ വേഗത്തില്‍ സ്കോറിംഗ് നടത്തി ധനന്‍ജയ ഡിസില്‍വ(12), വനിഡു ഹസരംഗ(17), ഇസ്രു ഉഡാന(17*) എന്നിവരും തിളങ്ങി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ നാലും അല്‍സാരി ജോസഫ് മൂന്നും വിക്കറ്റ് നേടി.

51 റണ്‍സ് നേടിയ ഷായി ഹോപും 31 റണ്‍സ് നേടിയ നിക്കോളസ് പൂരനും മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മൂന്ന് വീതം വിക്കറ്റുമായി ലക്ഷന്‍ സണ്ടകനും വനിഡു ഹസരംഗയ്ക്കും രണ്ട് വിക്കറ്റ് നേടി നുവാന്‍ പ്രദീപുമാണ് ലങ്കന്‍ ബൗളര്‍മാരിലെ താരങ്ങള്‍.

ശതകവുമായി ഒറ്റയ്ക്ക് പൊരുതി ഷായി ഹോപ്, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് കീമോ പോള്‍ ഹെയ്ഡന്‍ വാല്‍ഷ് കൂട്ടുകെട്ട്

ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലെ ആദ്യ ഏകദിനത്തില്‍ 289/7 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപ് ഒഴികെ മറ്റു താരങ്ങള്‍ ക്രീസില്‍ അധിക നേരം നിലയുറപ്പിക്കുവാനാകാതെ മടങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ വിന്‍ഡീസിന് 50 ഓവറില്‍ നിന്ന് 289 റണ്‍സ് നേടി. അവസാന ഓവറുകളില്‍ കീമോ പോള്‍-ഹെയ്ഡന്‍ വാല്‍ഷ് കൂട്ടുകെട്ട് നേടിയ റണ്ണുകള്‍ വിന്‍ഡീസിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് 49 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഷായി ഹോപ് തന്റെ ശതകവുമായി പൊരുതി നിന്നപ്പോള്‍ റോഷ്ടണ്‍ ചേസാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. സുനില്‍ ആംബ്രിസിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഡാരെന്‍ ബ്രാവോയുമായി(39) ചേര്‍ന്ന് 77 റണ്‍സ് നേടിയ ഷായി ഹോപ് മൂന്നാം വിക്കറ്റില്‍ റോഷ്ടണ്‍ ചേസുമായി മികവാര്‍ന്ന കൂട്ടുകെട്ടാണ് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 95 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് 41 റണ്‍സ് നേടിയ ചേസിനെ വിന്‍ഡീസിന് നഷ്ടമായത്.

172/2 എന്ന നിലയില്‍ നിന്ന് പിന്നീട് തുടരെ വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമാകുന്നതാണ് കണ്ടത്. ഇതിനിടെ തന്റെ 9ാം ഏകദിന ശതകം നേടുകയായിരുന്നു.115 റണ്‍സ് നേടിയ ഹോപ് 45.1 ഓവറില്‍ ഇസ്രു ഉഡാനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

അവസാന ഓവറുകളില്‍ കീമോ പോളിന്റെയും ഹെയ്ഡന്‍ വാല്‍ഷിന്റെയും പ്രകടനമാണ് വിന്‍ഡീസിനെ 289 റണ്‍സിലേക്ക് എത്തിച്ചത്. കീമോ പോള്‍ 17 പന്തില്‍ നിന്ന് 32 റണ്‍സും ഹെയ്‍ഡന്‍ വാല്‍ഷ് 8 പന്തില്‍ നിന്ന് 20 റണ്‍സും നേടിയപ്പോള്‍ അവസാന ആറോവറില്‍ വിന്‍ഡീസ് 66 റണ്‍സാണ് അടിച്ചെടുത്തത്.

ശ്രീലങ്കയ്ക്ക് വേണ്ടി ഇസ്രു ഉഡാനയാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. 9 ഓവറില്‍ നിന്ന് 67 റണ്‍സ് വഴങ്ങിയെങ്കിലും വിന്‍ഡീസ് നിരയിലെ വമ്പനടിക്കാരെ ഉള്‍പ്പെടെ മൂന്ന് നിര്‍ണ്ണായക വിക്കറ്റ് താരം നേടി.

വെടിക്കെട്ട് പ്രകടനവുമായി ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഹെറ്റ്മ്യറിനൊപ്പം ശതകം നേടി ഷായി ഹോപും, ആദ്യ ഏകദിനം സ്വന്തമാക്കി വിന്‍ഡീസ്

ടീമിനെ വിജയത്തിലെത്തിക്കുന്നതിന് മുമ്പ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും 106 പന്തില്‍ നിന്ന് 139 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്കെതിരെ വിന്‍ഡീസിന്റെ വിജയം ഉറപ്പാക്കുവാന്‍ പോന്നതായിരുന്നു. താരം പുറത്താകുമ്പോള്‍ 68 പന്തില്‍ നിന്ന് 59 റണ്‍സായിരുന്നു വിന്‍ഡീസ് നേടേണ്ടിയിരുന്നത്. അത് വലിയ ബുദ്ധിമുട്ടില്ലാതെ ഷായി ഹോപും നിക്കോളസ് പൂരനും കൂടി നേടുകയായിരുന്നു. 151 പന്തില്‍ നിന്ന് ഹോപ് 102 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ നിക്കോളസ് പൂരന്‍ 29 റണ്‍സ് നേടി. 47.5 ഓവറിലാണ് വിന്‍ഡീസ് തങ്ങളുടെ 8 വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിയത്.

288 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ സുനില്‍ അംബ്രിസിനെ നഷ്ടമായി. 9 റണ്‍സ് നേടിയ താരത്തെ ദീപക് ചഹാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറും ഷായി ഹോപും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരു അവസരം പോലും നല്‍കാതെ വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. 218 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ വെടിക്കെട്ട് ബാറ്റിംഗിലേക്ക് ഗിയര്‍ മാറ്റിയ നിമിഷത്തിലാണ് ഷമിയ്ക്ക് വിക്കറ്റ് നേടാനായത്.

വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

ആദ്യ ടി20യില്‍ പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിജയം കൊയ്ത് വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 156/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സേ വിന്‍ഡീസിന് നേടാനായുള്ളു. 29 റണ്‍സിന്റെ വിജയം സ്വന്തമാക്കി ടി20 പരമ്പര 2-1ന് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മാനുള്ള ഗുര്‍ബാസ് 52 പന്തില്‍ നിന്ന് 79 റണ്‍സ് നേടി ബാറ്റിംഗ് നെടുംതൂണാവുകയായിരുന്നു. അസ്ഗര്‍ അഫ്ഗാന്‍(24) ഒഴികെ മറ്റു താരങ്ങള്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയപ്പോള്‍ വിന്‍ഡീസിന് 156 റണ്‍സില്‍ എതിരാളികളെ ചെറുത്ത് നിര്‍ത്താനായി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍, കെസ്രിക് വില്യംസ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാന്റെ പോലെ വിന്‍ഡീസ് ബാറ്റിംഗ് നിരയിലും രണ്ട് താരങ്ങളാണ് മികവ് പുലര്‍ത്തിയത്. 52 റണ്‍സുമായി ഷായി ഹോപും 24 റണ്‍സ് നേടി എവിന്‍ ലൂയിസും ഒഴികെ ആര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാതെ പോയപ്പോള്‍ വിന്‍ഡീസ് ബാറ്റിംഗിന്റെ താളം തെറ്റി.

അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.

23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ വിന്‍ഡീസിന് 47 റണ്‍സിന്റെ വിജയം രണ്ടാം ഏകദിനത്തില്‍ നേടാനായി.

177/5 എന്ന നിലയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ൗട്ട് ആയത്. 56 റണ്‍സ് നേടിയ നജീബുള്ള സദ്രാനെ 39ാം ഓവറിന്റെ അവസാന പന്തില്‍ ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുഹമ്മദ് നബിയെ ഹെയ്ഡാന്‍ വാല്‍ഷ് പുറത്താക്കി. റഹ്മത് ഷാ(33) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി റോഷ്ടണ്‍ ചേസ്, ഹെയ്ഡന്‍ വാല്‍ഷ്, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 45.4 ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടിയത്. നിക്കോളസ് പൂരന്‍ 67 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ എവിന്‍ ലൂയിസ്(54), ഷായി ഹോപ്(43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(34) എന്നിവര്‍ റണ്‍സ് കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരില്‍ നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.

ലക്നൗവിലെ ഭാരത് രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരവും വിന്‍ഡീസ് 7 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ പരമ്പര 2-0ന് വിന്‍ഡീസ് സ്വന്തമാക്കി. ടി20 പരമ്പരയും ഏക ടെസ്റ്റും ഇതേ സ്റ്റേഡിയത്തിലാണ് നടക്കുക.

പ്രതീക്ഷിച്ച പ്രകടനമല്ല എന്നാല്‍ വലിയ അനുഭവമാണ് ലോകകപ്പ്

ലോകകപ്പിന് മുമ്പ് വിന്‍ഡീസ് ഏറെ പ്രതീക്ഷയര്‍പ്പിച്ച താരമായിരുന്നു ഷായി ഹോപ്. എന്നാല്‍ താരത്തില്‍ നിന്ന് വേണ്ടത്ര പ്രകടനം പുറത്ത് വരാതിരുന്നപ്പോള്‍ വിന്‍ഡീസിന്റെ സെമി സ്വപ്നങ്ങള്‍ തകരുകയായിരുന്നു. പാക്കിസ്ഥാനെതിരെ മികച്ച തുടക്കത്തിന് ശേഷം ചില മത്സരങ്ങളില്‍ വിന്‍ഡീസ് പൊരുതി തോറ്റപ്പോള്‍ ചിലതില്‍ തങ്ങളുടെ പ്രതാപകാലത്തെ നിഴല്‍ മാത്രമായി മാറി കരീബിയന്‍ കരുത്തന്മാര്‍. ഇതില്‍ ക്രിസ് ഗെയിലിന്റെ പരാജയം പ്രധാന ഘടകമായിരുന്നുവെങ്കില്‍ ഷായി ഹോപിന്റെ പ്രകടനം ആണ് ഏറ്റവും നിരാശജനകമായത്.

ഹോപ് ലോകകപ്പിന് മുമ്പുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ ശതകങ്ങള്‍ അടിച്ച് കൂട്ടിയപ്പോള്‍ ലോകകപ്പില്‍ തന്റെ പ്രതിഭയോട് നീതി പുലര്‍ത്തിയില്ല ഹോപ്. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ 77 റണ്‍സ് നേടി താരം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയെങ്കിലും ഏറെ വൈകിയിരുന്നു താരത്തിന് കാര്യങ്ങള്‍.

സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് കണ്ടെത്തുവാന്‍ ടീമിനായി എന്നതാണ് പ്രധാനമെന്ന് ഹോപ് മത്സര ശേഷം പറഞ്ഞു. ഞങ്ങള്‍ വിചാരിച്ച പ്രകടനം ലോകകപ്പില്‍ ടീം നേടിയില്ല, എന്നാല്‍ ഇത് വലിയൊരു അനുഭവമായിരുന്നു. താനും ടീമംഗങ്ങളും ഏറെ കാര്യങ്ങള്‍ ഇതില്‍ നിന്ന് പഠിച്ചുവെന്ന് ഹോപ് വ്യക്തമാക്കി. വിജയത്തോടെ ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കാനായത് വലിയ കാര്യമാണെന്നും താന്‍ ഈ ഫോം തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോയി അടുത്ത പരമ്പരയിലും കഴിവ് തെളിയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ 311 റണ്‍സ് നേടി വിന്‍ഡീസ്, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം

എവിന്‍ ലൂയിസിന്റെയും ഷായി ഹോപിന്റെയും നിക്കോളസ് പൂരന്റെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 311 റണ്‍സ് നേടി വിന്‍ഡീസ്. ജേസണ്‍ ഹോള്‍ഡര്‍ക്ക് തലനാരിഴയ്ക്കാണ് അര്‍ദ്ധ ശതകം നഷ്ടമായത്. ക്രിസ് ഗെയിലിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം എവിന്‍ ലൂയിസ്-ഷായി ഹോപ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് നേടിയാണ് വിന്‍ഡീസ് ഇന്നിംഗ്സിന്റെ അടിത്തറ ഇരുവരും ചേര്‍ന്ന് പാകിയത്.

58 റണ്‍സ് നേടിയ ലൂയിസിനെ പുറത്താക്കി റഷീദ് ഖാനാണ് അഫ്ഗാനിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഹോപ്പിനൊപ്പം ക്രീസിലേക്കെത്തി ബാറ്റിംഗ് തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 10 ഓവറില്‍ 65 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ദവലത് സദ്രാന്‍ 39 റണ്‍സ് നേടിയ ഹെറ്റ്മ്യറെ പുറത്താക്കി. അധികം വൈകാതെ മുഹമ്മദ് നബി ഷായി ഹോപിന്റെ വിക്കറ്റും നേടിയപ്പോള്‍ 37.4 ഓവറില്‍ 192/4 എന്ന നിലയില്‍ നിലകൊണ്ടു. 77 റണ്‍സാണ് ഷായി ഹോപ് നേടിയത്.

അഞ്ചാം വിക്കറ്റില്‍ നിക്കോളസ് പൂരന്‍-ജേസണ്‍ ഹോള്‍ഡര്‍ കൂട്ടുകെട്ട് അടിച്ച് തകര്‍ത്തപ്പോള്‍ അവസാന ഓവറുകളില്‍ വിന്‍ഡീസ് സ്കോറിഗിന് വേഗത കൂടി. 105 റണ്‍സ് കൂട്ടുകെട്ട് നേടിയ ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു. 68 പന്തില്‍ നിന്നാണ് കൂട്ടുകെട്ട് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ നിക്കോളസ് പൂരന്‍ റണ്ണൗട്ട് ആവുകയായിരുന്നു. അതേ ഓവറില്‍ തന്നെ ജേസണ്‍ ഹോള്‍ഡറിനെ ഷിര്‍സാദ് പുറത്തായി.

നിക്കോളസ് പൂരന്‍ 58 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 45 റണ്‍സുമാണ് നേടിയത്. ഇരു താരങ്ങള്‍ക്കും 130 റണ്‍സിന് മേലെയുള്ള സ്ട്രൈക്ക് റേറ്റാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ 311 റണ്‍സാണ് നിശ്ചിത 50 ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. കാര്‍ലോസ് ബ്രാത്‍വൈറ്റ് നാല് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.

Exit mobile version