ഹോപും ബൗളര്‍മാരും മൂന്നാം ടെസ്റ്റില്‍ ഫോമിലാവുമെന്ന് വിശ്വസിക്കുന്നു – ജേസണ്‍ ഹോള്‍ഡര്‍

ഷായി ഹോപും ബൗളര്‍മാരും മാഞ്ചെസ്റ്ററിലെ മൂന്നാം ടെസ്റ്റില്‍ അവസരത്തിനൊത്തുയരുമെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. ഇവരുടെ ബലത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി തങ്ങള്‍ക്ക് പരമ്പര സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിന്‍ഡീസ് നായകന്‍ അഭിപ്രായപ്പെട്ടു. മോശം ഫോമിലാണെങ്കില്‍ ഷായി ഹോപിന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ 14 അംഗ ടീമിനെ പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു ജേസണ്‍ ഹോള്‍ഡര്‍. എന്നാല്‍ തന്റെ അന്തിമ ഇലവന്റെ സൂചനയൊന്നും താരം നല്‍കിയില്ല. മോശം ഫോമിലുള്ള ഷായി ഹോപും തന്റെ പേസര്‍മാരുടെ ഫിറ്റ്നെസ്സ് പ്രശ്നങ്ങളുമാണ് ടീമിനെ അലട്ടുന്ന ഘടകങ്ങളെന്ന് ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

ഷായി ഹോപിന് എന്തെല്ലാം അത്ഭുതങ്ങള്‍ കാണിക്കാനാകുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അന്താരാഷ്ട്ര തലത്തില്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തിയ താരമാണ് അദ്ദേഹം. ലോകത്തിലെ ഏകദിനത്തിലെ ഏറ്റവും മികച്ച താരമാണ് ഷായി ഹോപ്. അദ്ദേഹത്തിന് ടെസ്റ്റിലും റണ്‍സ് കൊണ്ടു വരാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസം തനിക്കുണ്ടെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

Exit mobile version