ധോണിയെ പുറത്താക്കുവാനുള്ള അവസരം കൈവിട്ടത് നിര്‍ണ്ണായക മുഹുര്‍ത്തം

മത്സരത്തില്‍ ഏറെ നിര്‍ണ്ണായകമായി ധോണി നല്‍കിയ അവസരം കൈവിട്ടതാണ് ടീമിനു തിരിച്ചടിയായതെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. ഫാബിയന്‍ അല്ലെന്റെ ഓവറില്‍ ധോണിയെ സ്റ്റംപ് ചെയ്ത് പുറത്താക്കുവാനുള്ള അവസരമാണ് ഷായി ഹോപ് കൈവിട്ടത്. 9 റണ്‍സ് മാത്രമായിരുന്നു ധോണിയുടെ അപ്പോളത്തെ സ്കോര്‍. പിന്നീട് ധോണിയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികവില്‍ ഇന്ത്യ 268 റണ്‍സിലേക്ക് എത്തുകയായിരുന്നു.

ധോണിയുടേതിനു പുറമെ ഫീല്‍ഡിലും വിന്‍ഡീസ് മോശമായിരുന്നുവെന്ന് ഹോള്‍ഡര്‍ പറഞ്ഞു. ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ബാറ്റിംഗ് പൂര്‍ണ്ണമായ പരാജയമായി മാറിയെന്നും ഹോള്‍ഡര്‍ പറഞ്ഞു. ടൂര്‍ണ്ണമെന്റില്‍ ഉടനീളം ബാറ്റിംഗ് അസ്ഥിരമായിരുന്നുവെന്നും ഹോള്‍ഡര്‍ പറഞ്ഞു. കെമര്‍ റോച്ച് മത്സരത്തില്‍ അവിശ്വസനീയമായിരുന്നുവെന്നും ഫീല്‍ഡിംഗും ബാറ്റിംഗും ഏറെ മെച്ചപ്പെടാനുണ്ടെന്നും വിന്‍ഡീസ് നായകന്‍ തോല്‍വിയ്ക്ക് ശേഷം സംസാരിക്കവേ പറഞ്ഞു.

നങ്കൂരമിട്ട് ഹോപ്, വെടിക്കെട്ട് പ്രകടനവുമായി ഹെറ്റ്മ്യര്‍

ഒരു ഘട്ടത്തില്‍ ഹെറ്റ്മ്യര്‍ ക്രീസില്‍ നിന്നപ്പോള്‍ 350 റണ്‍സിനടുത്ത സ്കോറിലേക്ക് എത്തുമെന്ന പ്രതീക്ഷ വിന്‍ഡീസ് പുലര്‍ത്തിയെങ്കിലും മുസ്തഫിസുറിന്റെ രണ്ടാം സ്പെല്ലില്‍ ഹെറ്റ്മ്യറിനെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കി താരം തിരിച്ചടിച്ച ശേഷം റണ്ണൊഴുക്ക് നിലച്ച് വിന്‍ഡീസ്.  ഷായി ഹോപിന്റെ 96 റണ്‍സിന്റെ ബലത്തില്‍ ടീം 50 ഓവര്‍ പിന്നിട്ടപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടുകയായിരുന്നു. ഹോപ് തന്റെ ശതകത്തിന് 4 റണ്‍സ് അകലെ വെച്ചാണ് പുറത്തായത്. മുസ്തഫിസുറിനു തന്നെയാണ് ഹോപിന്റെ വിക്കറ്റും.

ക്രിസ് ഗെയിലിനെ പൂജ്യത്തിനു നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 116 റണ്‍സുമായി എവിന്‍ ലൂയിസ്-ഷായി ഹോപ് കൂട്ടുകെട്ടാണ് വിന്‍ഡീസ് സ്കോറിനു അടിത്തറ പാകിയത്. 67 പന്തില്‍ നിന്ന് 70 റണ്‍സ് നേടി ലൂയിസിനെ ഷാക്കിബ് പുറത്താക്കിയപ്പോള്‍ അടുത്തതായി എത്തിയ നിക്കോളസ് പൂരനും(25) ഷാക്കിബിനു വിക്കറ്റ് നല്‍കി മടങ്ങി.

പിന്നീട് ഷായി ഹോപ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത് നാലാം വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച അടുത്ത പന്തില്‍ തന്നെ ഹെറ്റ്മ്യര്‍ പുറത്തായപ്പോള്‍ അതേ ഓവറില്‍ തന്നെ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി.

ഷായി ഹോപിനൊപ്പം എത്തിയ ജേസണ്‍ ഹോള്‍ഡര്‍ ആയിരുന്നു പിന്നീട് അടിച്ച് തകര്‍ക്കുന്ന കാഴ്ച ടോണ്ടണില്‍ കണ്ടത്. വെറും 15 പന്തില്‍ നിന്ന് 33 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ഡാരെന്‍ ബ്രാവോ 19 റണ്‍സുമായി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

മൂന്ന് വീതം വിക്കറ്റുമായി മുസ്തഫിസുറും മുഹമ്മദ് സൈഫുദ്ദീനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റ് നേടി.

ആ സ്കോര്‍ മറികടക്കുക എന്നത് ടീമിന്റെ ലക്ഷ്യം, 500 കടക്കുന്ന ആദ്യ ടീമായാല്‍ അതി മനോഹരം

ലോകകപ്പിനിടെ എപ്പോളെങ്കിലും 500 റണ്‍സെന്ന ലക്ഷ്യം മറികടക്കുക എന്നതാവും വിന്‍ഡീസിന്റെ ആഗ്രഹമെന്ന് പറഞ്ഞ് ഷായി ഹോപ്. ഇന്നലെ ന്യൂസിലാണ്ടിനെതിരെ നടന്ന മത്സരത്തില്‍ ശതകം നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയ ഷായി ഹോപ് 86 പന്തില്‍ നിന്ന് 101 റണ്‍സാണ് നേടിയത്. ലോകത്തില്‍ ആദ്യമായി 500 കടക്കുന്ന ടീമെന്ന ബഹുമതി നേടാനായാല്‍ അത് വലിയൊരു നേട്ടമാകുമെന്നും ഷായി ഹോപ് പറഞ്ഞു. ന്യൂസിലാണ്ടിനെതിരെ സന്നാഹ മത്സരത്തില്‍ 421 റണ്‍സാണ് നേടിയതെങ്കിലും വിന്‍ഡീസ് ബാറ്റിംഗിന്റെ 500 കടക്കുവാനുള്ള ശക്തിയുണ്ടെന്നും ഹോപ് പറഞ്ഞു.

ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവരുടെ തകര്‍പ്പനടികളാണ് ടീമിനെ 421 റണ്‍സിലേക്ക് നയിച്ചത്. അതേ സമയം ഗെയിലിനു തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് നീങ്ങാനാകാതെ പോയപ്പോള്‍ എവിന്‍ ലൂയിസും കരുതലോടെയാണ് ബാറ്റ് വീശിയത്. ഇത് കൂടാതെ വെടിക്കെട്ട് ബാറ്റിംഗിനു പേര് കേട്ട നിക്കോളസ് പൂരനും ഷിമ്രണ്‍ ഹെറ്റ്മ്യറിനും അധികം മികവ് പുലര്‍ത്താനായില്ല. ഇവരില്‍ ഒന്ന് രണ്ട് താരങ്ങള്‍ ഒരുമിച്ച് ഫോമായാല്‍ തന്നെ വിന്‍ഡീസ് വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് ഇന്നലെ തെളിയിച്ച്, അപ്പോള്‍ ബാക്കി താരങ്ങളില്‍ നിന്നും ശ്രദ്ധേയമായ പ്രകടനം വന്നാല്‍ അഞ്ഞൂറ് കടക്കുന്ന ആദ്യ ടീമായി വിന്‍ഡീസ് മാറുമെന്നതില്‍ യാതൊരു സംശയവുമില്ല.

റസ്സലിനെയും ഷായി ഹോപ് പ്രശംസിക്കുവാന്‍ മറന്നില്ല. 25 പന്ത് നേരിട്ട താരം 54 റണ്‍സ് നേടുകയായിരുന്നു. റസ്സലിനെക്കുറിച്ച് തനിക്ക് അധികമൊന്നും പറയാനില്ലെന്ന് പറഞ്ഞ ഹോപ് താരം അടിച്ച് തുടങ്ങിയാല്‍ അത് എല്ലാം സിക്സുകളായി മാറുമെന്നും പറ‍ഞ്ഞു. റസ്സല്‍ ഫോമിലായാല്‍ അതേ ടീമില്‍ കളിക്കുന്നവര്‍ക്ക് അത് വളരെ ആഹ്ലാദം നല്‍കുന്ന നിമിഷങ്ങളാണ്, എന്നാല്‍ ഫീല്‍ഡിലുള്ള താരങ്ങളാണെങ്കില്‍ എവിടെ പന്ത് എറിയണമെന്ന് ആര്‍ക്കും തന്നെ ബോധ്യമുണ്ടാകില്ലെന്നും ഹോപ് പറഞ്ഞു.

ഇംഗ്ലണ്ടോ വിന്‍ഡീസോ ആര് കടക്കും 500 റണ്‍സ്?

ഈ ലോകകപ്പില്‍ 500 റണ്‍സ് പിറക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും അതാരാകും നേടുകയെന്നത് ഇപ്പോളും ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാര്യമാണ്. ജോണി ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും ജോസ് ബട്‍ലറും അടങ്ങിയ ഇംഗ്ലണ്ടാവും ഈ നേട്ടം ആദ്യം കൊയ്യുക എന്നാണ് വിരാട് കോഹ്‍ലി തന്റെ അഭിപ്രായമായി പറഞ്ഞത്. ഇംഗ്ലണ്ട് തന്നെയാണ് ഇത്തരത്തില്‍ 500 കടക്കുവാന്‍ ഏറെ സാധ്യതയുള്ള ടീമെങ്കിലും ഇന്നലത്തെ പ്രകടനത്തോടെ വിന്‍ഡീസും ആ ഗണത്തിലേക്ക് പരിഗണിക്കപ്പെടേണ്ട ടീമാണെന്ന് തെളിയിക്കുകയായിരുന്നു.

ഇന്ത്യയെ തകര്‍ത്ത് തരിപ്പണമാക്കിയ ന്യൂസിലാണ്ട് ബൗളിംഗ് നിരയ്ക്കെതിരെ 421 റണ്‍സാണ് ഇന്നലെ വിന്‍ഡീസ് നേടിയത്. ക്രിസ് ഗെയില്‍ തന്റെ പതിവു ശൈലിയിലേക്ക് എത്തിയില്ലെങ്കിലും ഷായി ഹോപിന്റെ ശതകവും ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് പ്രകടനവും ടീമിനെ 421 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തിന്റെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് വിന്‍ഡീസ് താരങ്ങള്‍ പറയുന്നത്. സന്നാഹ മത്സരമായതിനാല്‍ 10ാം നമ്പറിലും 11ാം നമ്പറിലും ബാറ്റ്സ്മാന്മാരെ പരീക്ഷിക്കുവാന്‍ ടീമിനായെന്നും അതിനാല്‍ തന്നെ റണ്‍സ് അധികം വന്നതെന്നും വിന്‍ഡീസ് നിരയിലെ കാര്‍ലോസ് ബ്രാത്‍വൈറ്റ് പറഞ്ഞു.

ശരിയായ മത്സരത്തില്‍ ബാറ്റിംഗിന് ഇത്ര ആഴമില്ലെങ്കിലും വിന്‍ഡീസ് നിരയിലെ താരങ്ങളെ പരിഗണിച്ചാല്‍ ഈ നേട്ടം കൊയ്യുവാന്‍ ഏറെ സാധ്യതയുള്ള ടീമാണ് ഇതെന്ന് ഉറപ്പിക്കാം. ക്രിസ് ഗെയിലും എവിന്‍ ലൂയിസും ടോപ് ഓര്‍ഡറിലും ആന്‍ഡ്രേ റസ്സല്‍ നിക്കോളസ് പൂരന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് പോലുള്ള താരങ്ങള്‍ മധ്യനിരയിലും ഇറങ്ങുമ്പോള്‍ അതിവേഗത്തില്‍ സ്കോറിംഗ് നടത്തുവാന്‍ ടീമിനാകുമെന്ന് ഉറപ്പാണ്. ഇവര്‍ ക്രീസില്‍ അധിക നേരം ചെലവഴിച്ചാല്‍ ഈ ലോകകപ്പില്‍ ആദ്യം 500 കടക്കുന്ന ടീമായി വിന്‍ഡീസ് മാറുമെന്നും ഉറപ്പാണ്.

നാനൂറും കടന്ന് വിന്‍ഡീസ്, ഷായി ഹോപ്പിന്റെ ശതകത്തിനു ശേഷം റസ്സല്‍ താണ്ഡവം

ന്യൂസിലാണ്ടിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. 49.2 ഓവറില്‍ 421 റണ്‍സ് നേടി വിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു.  ഇന്ന് നടന്ന മത്സരത്തില്‍ വിന്‍ഡീസിനായി ഷായി ഹോപ് ശതകവും ആന്‍ഡ്രേ റസ്സല്‍ 25 പന്തില്‍ നിന്ന് 54 റണ്‍സും നേടിയപ്പോള്‍ എവിന്‍ ലൂയിസ്(50), ജേസണ്‍ ഹോള്‍ഡര്‍(47) എന്നിവരുടെ പ്രകടനവും 400 കടക്കുവാന്‍ ടീമിനെ സഹായിച്ചു. ക്രിസ് ഗെയിലും(36) ഷായി ഹോപും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ എവിന്‍ ലൂയിസുമായി ചേര്‍ന്ന് 84 റണ്‍സാണ് ഷായി ഹോപ് നേടിയത്.

ലൂയിസ് പുറത്തായ ശേഷം ഡാരെന്‍ ബ്രാവോ(25), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(27) എന്നിവരെ വേഗത്തില്‍ നഷ്ടമായെങ്കിലും 86 പന്തില്‍ നിന്ന് 101 റണ്‍സാണ് ഷായി ഹോപ് നേടിയത്. ഷായി ഹോപ് പുറത്തായ ശേഷം ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് പിന്നീട് കണ്ടത്. 25 പന്തില്‍ നിന്ന് 7 ഫോറും 3 സിക്സും സഹിതം 54 റണ്‍സാണ് റസ്സല്‍ നേടിയത്. ജേസണ്‍ ഹോള്‍ഡറും റസ്സലും അടുത്തടുത്ത് പുറത്തായെങ്കിലും കാര്‍ലോസ് ബ്രാത്‍വൈറ്റും ആഷ്‍ലി നഴ്സും വിന്‍ഡീസ് സ്കോര്‍ 400 കടത്തി.

വിന്‍ഡീസിനു വേണ്ടി 9ാം വിക്കറ്റില്‍ ബ്രാത്‍വൈറ്റ്-നഴ്സ് കൂട്ടുകെട്ട് 34 റണ്‍സാണ് നേടിയത്. 24 റണ്‍സ് നേടിയ കാര്‍ലോസ് ബ്രാത‍്വൈറ്റിനെ പുറത്താക്കി മാറ്റ് ഹെന്‍റിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ആഷ്‍ലി നഴ്സ് 21 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനു വേണ്ടി ട്രെന്റ് ബോള്‍ട്ട് നാലും മാറ്റ് ഹെന്‍റി രണ്ടും വിക്കറ്റ് വീഴ്ത്തി.

റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഷായി ഹോപ്, ആദ്യ രണ്ട് സ്ഥാനങ്ങളില്‍ കോഹ്‍ലിയും രോഹിത് ശര്‍മ്മയും

ലോകകപ്പിനു മുമ്പായി ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ നാലാം നമ്പറിലേക്ക് ഉയര്‍ന്ന് വിന്‍ഡീസ് താരം ഷായി ഹോപ്. ബംഗ്ലാദേശ്, അയര്‍ലണ്ട് എന്നിവര്‍ പങ്കെടുത്ത ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ നാലാം നമ്പറിലേക്ക് എത്തിച്ചത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വിരാട് കോഹ്‍ലി തന്നെയാണ്. രണ്ടാം സ്ഥാനം ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മ്മയും.

മൂന്നാം സ്ഥാനത്ത് ന്യൂസിലാണ്ടിന്റെ റോസ് ടെയിലറും അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കുമാണ് നിലകൊള്ളുന്നത്.

5 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്, മുസ്തഫിസുര്‍ റഹ്മാന്‍ കളിയിലെ താരം

ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസിനെ കീഴടക്കി ബംഗ്ലാദേശ്. ഷായി ഹോപ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പ്രകടനത്തിലൂടെ 50 ഓവറില്‍ 247/9 എന്ന സ്കോര്‍ മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. മുസ്തഫിസുര്‍ റഹ്മാന്റെ നാല് വിക്കറ്റ് പ്രകടനവും മഷ്റഫെ മൊര്‍തസ നേടിയ മൂന്ന് വിക്കറ്റുമാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ ഷായി ഹോപും(87) ജേസണ്‍ ഹോള്‍ഡറും(62) നേടിയ അര്‍ദ്ധ ശതകങ്ങളാണ് വിന്‍ഡീസിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം രേഖപ്പെടുത്തിയത്. മുഷ്ഫിക്കുര്‍ റഹിം 63 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 54 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാര്‍ നിര്‍ണ്ണായ പ്രകടനം നടത്തി. മുഹമ്മദ് മിഥുന്‍ 43 റണ്‍സും മഹമ്മദുള്ള പുറത്താകാതെ 30 റണ്‍സും നേടി ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തമീം ഇക്ബാല്‍(21), ഷാക്കിബ് അല്‍ ഹസന്‍(29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

വിന്‍ഡീസിനു വേണ്ടി ആഷ്‍ലി നഴ്സ് മൂന്ന് വിക്കറ്റും കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്സിനെ മറികടന്ന ഷായി ഹോപ്പിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു, താരം ലോകോത്തര കളിക്കാരനായി മാറും

ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ തുടരെ രണ്ട് ശതകങ്ങള്‍ നേടിയ ഷായി ഹോപ് ലോകോത്തര കളിക്കാരനായി മാറുമെന്ന് അഭിപ്രായപ്പെട്ട് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. അയര്‍ലണ്ടിനെതിരെ 170 റണ്‍സ് നേടിയ ഷായി ഹോപ് അടുത്ത മത്സരത്തില്‍ 109 റണ്‍സാണ് ബംഗ്ലാദേശിനെതിരെ നേടിയത്. 47 ഇന്നിംഗ്സുകളില്‍ നിന്ന് 2000 ഏകദിന റണ്‍സ് മറികടക്കുവാന്‍ സാധിച്ച ഷായി ഹോപ് സര്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്റെ നേട്ടം ഇതിലൂടെ മറകിടക്കുകാിരുന്നു.

സമാനമായ രീതിയില്‍ പ്രകടനങ്ങള്‍ പുറത്തെടുക്കുകയാണെങ്കില്‍ വിന്‍ഡീസ് സൃഷ്ടിച്ച ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി താമസിക്കാതെ ഷായി ഹോപ് മാറുമെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഷായി ഹോപ്പാണ് ഞങ്ങളുടെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നയാളെന്ന് പറഞ്ഞ ഹോള്‍ഡര്‍ താരം വിന്‍ഡീസ് താരങ്ങളില്‍ വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്നയാളായതിനെയും പ്രകീര്‍ത്തിച്ചു.

തുടര്‍ച്ചയായ രണ്ടാം ശതകം നേടി ഷായി ഹോപ്, ബംഗ്ലാദേശിനെതിരെ 261 റണ്‍സ് നേടി വിന്‍ഡീസ്

ബംഗ്ലാദേശിനെതിരെ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ആദ്യം ബാറ്റ് ചെയ്ത് 261 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപിന്റെ ശകത്തിന്റെ ബലത്തിലാണ് വിന്‍ഡീസ് ഈ സ്കോര്‍ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹോപ് അയര്‍ലണ്ടിനെതിരെ ശതകം നേടിയിരുന്നു. ഷായി ഹോപ് 132 പന്തില്‍ നിന്ന് 109 റണ്‍സാണ് നേടിയത്.

ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മികച്ച രീതിയില്‍ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു. 205/2 എന്ന നിലയില്‍ നിന്ന് 219/6 എന്ന നിലയിലേക്ക് വീണ വിന്‍ഡീസ് 50 ഓവറില്‍ നിന്ന് 261 റണ്‍സാണ് 9 വിക്കറ്റ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി മഷ്റഫെ മൊര്‍തസ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും ഷാക്കിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വിന്‍‍ഡീസ് ബാറ്റിംഗിന്റെ നെടുംതൂണായത് 115 റണ്‍സ്  നേടിയ റോഷ്ടണ്‍ ചേസ്-ഷായി ഹോപ് എന്നിവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. റോഷ്ടണ്‍ ചേസ് 51 റണ്‍സ് നേടിയപ്പോള്‍ സുനില്‍ ആംബ്രിസ് 38 റണ്‍സ് നേടി. അവസാന ഓവറുകളില്‍ 19 റണ്‍സുമായി ആഷ്‍ലി നഴ്സാണ് ടീമിന്റെ സ്കോര്‍ 261 റണ്‍സിലേക്ക് എത്തിച്ചത്.

ത്രിരാഷ്ട്ര പരമ്പര, വിന്‍ഡീസിനു 196 റണ്‍സ് വിജയം

അയര്‍ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ആതിഥേയരെ 196 റണ്‍സിനു പരാജയപ്പെടുത്തി വിന്‍ഡീസ്. ജോണ്‍ കാംപെലും ഷായി ഹോപും ശതകങ്ങള്‍ നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 381/3 എന്ന പടുകൂറ്റന്‍ സ്കോറാണ് 50 ഓവറില്‍ നേടിയത്. 137 പന്തില്‍ നിന്ന് 15 ഫോറും 6 സിക്സും സഹിതമാണ് തന്റെ 179 റണ്‍സിലേക്ക് കാംപെല്‍ കുതിച്ചത്. അതേ സമയം 152 പന്തില്‍ നിന്ന് 22 ഫോറും 2 സിക്സുമായാണ് ഷായി ഹോപ് തന്റെ 170 റണ്‍സ് നേടിയത്. അയര്‍ലണ്ടിനു വേണ്ടി ബാരി മക്കാര്‍ത്തി 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 34.4 ഓവറില്‍ 185 റണ്‍സിനു ഓള്‍ഔട്ട് ആയി. 68 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഗാരി വില്‍സണ്‍(30), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(29) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. വിന്‍ഡീസ് ബൗളര്‍മാരില്‍ നാല് വിക്കറ്റുമായി ആഷ്‍ലി നഴ്സ് തിളങ്ങിയപ്പോള്‍ ഷാനണ‍് ഗബ്രിയേല്‍ മൂന്നും കെമര്‍ റോച്ച് രണ്ടും വിക്കറ്റ് നേടി.

ഗെയിലെത്തുന്നത് ടീമിനു ഗുണം ചെയ്യും: ഹോപ്

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ് ഗെയില്‍ തിരികെ ഏകദിന ടീമിലെത്തിയതെന്ന് വ്യക്തമാക്കി വിന്‍ഡീസ് ബാറ്റ്സ്മാന്‍ ഷായി ഹോപ്. ടീമിലെ യുവ താരങ്ങള്‍ക്ക് അത് ഏറെ ഗുണം ചെയ്യും. താരത്തില്‍ നിന്ന് ഏറെകാര്യങ്ങള്‍ ടീമിലെ മറ്റു താരങ്ങള്‍ക്ക് പഠിക്കാനുണ്ടെന്നും ലോകകപ്പിനു വേണ്ടിയുള്ള മികച്ച കോമ്പിനേഷനായി ശ്രമിക്കുന്ന വിന്‍ഡീസിനു ഇത് മികച്ച രീതിയില്‍ ഉപകാരപ്പെടുമെന്നും ഷായി ഹോപ് വ്യക്തമാക്കി.

ഗെയില്‍ ടീമിനൊപ്പം എത്തുമ്പോള്‍ തന്നെ ടീമിലെ അന്തരീക്ഷം മാറും. ഏറെ തമാശയും മികച്ച ഷോട്ടുകളുമായി ഗെയില്‍ നെറ്റ്സില്‍ കളം നിറയുമെന്നും ഷായി ഹോപ് പറഞ്ഞു. താരത്തിനുള്ള അനുഭവസമ്പത്ത് വളരെ വലുതാണെന്നും അതിനാല്‍ തന്നെ അത് മുഴുവന്‍ ടീമിനും ശക്തി പ്രധാനം ചെയ്യുന്നുവെന്നും ഹോപ് പറഞ്ഞു.

85 റണ്‍സ് ലീഡുമായി വിന്‍ഡീസ്

ടോപ് ഓര്‍ഡര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ അവ അര്‍ദ്ധ ശതകങ്ങളാക്കി മാറ്റാനായില്ലെങ്കിലും ആന്റിഗ്വ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കി വിന്‍ഡീസ്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് മൂന്ന് വിക്കറ്റ് നേടിയെങ്കിലും 85 റണ്‍സ് ലീഡോടു കൂടി രണ്ടാം ദിവസം 272/6 എന്ന നിലയില്‍ വിന്‍ഡീസ് കളിയവസാനിപ്പിക്കുകയായിരുന്നു.

ക്രെയിഗ് ബ്രാത്‍വൈറ്റ്(49)-ജോണ്‍ കാംപെല്‍(47) സഖ്യം ഒന്നാം വിക്കറ്റില്‍ 70 റണ്‍സും ബ്രാത്‍വൈറ്റ്-ഷായി ഹോപ്(44) കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 63 റണ്‍സും നേടിയ ശേഷം വിന്‍ഡീസിനു തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. 133/1 എന്ന നിലയില്‍ നിന്ന് 155/4 എന്ന നിലയിലേക്ക് വീണുവെങ്കിലും ഡാരെന്‍ ബ്രാവോ(33*), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(21), ഷെയിന്‍ ഡോവ്റിച്ച്(31) എന്നിവര്‍ നിര്‍ണ്ണായക സംഭാവനകള്‍ നേടി ടീമിനു ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

ഏഴാം വിക്കറ്റില്‍ 36 റണ്‍സ് നേടി ഡാരെന്‍ ബ്രാവോയോടൊപ്പം ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍(19*) ആണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്. 150നു പുറത്ത് ലീഡ് എത്തിക്കുക എന്നതാവും മൂന്നാം ദിവസം വിന്‍ഡീസിന്റെ ലക്ഷ്യം.

Exit mobile version