ശതകവുമായി ഒറ്റയ്ക്ക് പൊരുതി ഷായി ഹോപ്, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് കീമോ പോള്‍ ഹെയ്ഡന്‍ വാല്‍ഷ് കൂട്ടുകെട്ട്

ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലെ ആദ്യ ഏകദിനത്തില്‍ 289/7 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപ് ഒഴികെ മറ്റു താരങ്ങള്‍ ക്രീസില്‍ അധിക നേരം നിലയുറപ്പിക്കുവാനാകാതെ മടങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ വിന്‍ഡീസിന് 50 ഓവറില്‍ നിന്ന് 289 റണ്‍സ് നേടി. അവസാന ഓവറുകളില്‍ കീമോ പോള്‍-ഹെയ്ഡന്‍ വാല്‍ഷ് കൂട്ടുകെട്ട് നേടിയ റണ്ണുകള്‍ വിന്‍ഡീസിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് 49 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഷായി ഹോപ് തന്റെ ശതകവുമായി പൊരുതി നിന്നപ്പോള്‍ റോഷ്ടണ്‍ ചേസാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. സുനില്‍ ആംബ്രിസിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഡാരെന്‍ ബ്രാവോയുമായി(39) ചേര്‍ന്ന് 77 റണ്‍സ് നേടിയ ഷായി ഹോപ് മൂന്നാം വിക്കറ്റില്‍ റോഷ്ടണ്‍ ചേസുമായി മികവാര്‍ന്ന കൂട്ടുകെട്ടാണ് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 95 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് 41 റണ്‍സ് നേടിയ ചേസിനെ വിന്‍ഡീസിന് നഷ്ടമായത്.

172/2 എന്ന നിലയില്‍ നിന്ന് പിന്നീട് തുടരെ വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമാകുന്നതാണ് കണ്ടത്. ഇതിനിടെ തന്റെ 9ാം ഏകദിന ശതകം നേടുകയായിരുന്നു.115 റണ്‍സ് നേടിയ ഹോപ് 45.1 ഓവറില്‍ ഇസ്രു ഉഡാനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

അവസാന ഓവറുകളില്‍ കീമോ പോളിന്റെയും ഹെയ്ഡന്‍ വാല്‍ഷിന്റെയും പ്രകടനമാണ് വിന്‍ഡീസിനെ 289 റണ്‍സിലേക്ക് എത്തിച്ചത്. കീമോ പോള്‍ 17 പന്തില്‍ നിന്ന് 32 റണ്‍സും ഹെയ്‍ഡന്‍ വാല്‍ഷ് 8 പന്തില്‍ നിന്ന് 20 റണ്‍സും നേടിയപ്പോള്‍ അവസാന ആറോവറില്‍ വിന്‍ഡീസ് 66 റണ്‍സാണ് അടിച്ചെടുത്തത്.

ശ്രീലങ്കയ്ക്ക് വേണ്ടി ഇസ്രു ഉഡാനയാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. 9 ഓവറില്‍ നിന്ന് 67 റണ്‍സ് വഴങ്ങിയെങ്കിലും വിന്‍ഡീസ് നിരയിലെ വമ്പനടിക്കാരെ ഉള്‍പ്പെടെ മൂന്ന് നിര്‍ണ്ണായക വിക്കറ്റ് താരം നേടി.

Exit mobile version