രക്ഷകനായി മുഷ്ഫിക്കുര്‍, ശതകം നേടിയ താരത്തിന്റെ ബലത്തില്‍ 246 റണ്‍സ് നേടി ബംഗ്ലാദേശ്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ 74/4 എന്ന നിലയിലേക്കും പിന്നീട് 184/7 എന്ന നിലയിലേക്കും വീണ ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറായ 246 റണ്‍സിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം. റഷീം നേടിയ 125 റണ്‍സും മഹമ്മുദുള്ള നേടിയ 41 റണ്‍സും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ എടുത്തു പറയാവുന്ന സ്കോര്‍. റഹീം ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ 48.1 ഓവറില്‍ ബംഗ്ലാദേശ് ഓള്‍ഔട്ട് ആകുകയായിരുന്നു.

74/4 എന്ന നിലയില്‍ മുഷ്ഫിക്കുര്‍-മഹമ്മുദുള്ള കൂട്ടുകെട്ട് 87 റണ്‍സ് നേടിയാണ് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിന് ആശ്വാസമേകിയത്. 41 റണ്‍സ് നേടി മഹമ്മുദുള്ളയെ ലക്ഷന്‍ സണ്ടകന്‍ ആണ് വീഴ്ത്തിയത്. താരത്തിന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. തുടര്‍ന്ന് ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ പൊരുതി നിന്ന് മുഷ്ഫിക്കുര്‍ തന്റെ ശതകം നേടിയെങ്കിലും ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീണപ്പോള്‍ ബംഗ്ലാദേശ് 48.1 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ട് ആയി.

ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ടകന്‍, ദുഷ്മന്ത ചമീര എന്നിവര്‍ മൂന്ന് വിക്കറ്റും ഇസ്രു ഉഡാന രണ്ട് വിക്കറ്റും നേടി.

നാലാം സ്ഥാനത്തേക്കുയര്‍ന്ന് ആഷ്ടണ്‍ അഗര്‍, ഇഷ് സോദിയും ലക്ഷന്‍ സണ്ടകനും ആദ്യ പത്തില്‍

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ആഷ്ടണ്‍ അഗറിന് വലിയ നേട്ടം. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം റഷീദ് ഖാന്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 702 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. 736 റേറ്റിംഗ് പോയിന്റുമായി റഷീദ് ഖാന്‍, തബ്രൈസ് ഷംസി(733), മുജീബ് ഉര്‍ റഹ്മാന്‍(730) എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍.

ന്യൂസിലാണ്ടിനെതിരെയുള്ള മികവാണ് അഗറിന് തുണയായത്. പരമ്പരയില്‍ മികവ് പുലര്‍ത്തിയ ഇഷ് സോധി മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 642 പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്. ശ്രീലങ്കയുടെ ലക്ഷന്‍ സണ്ടകനും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

നാണംകെട്ട് വിന്‍ഡീസ്, ശ്രീലങ്കയുടെ വിജയം 161 റണ്‍സിന്

345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി അവിഷ്ക ഫെര്‍ണാണ്ടോയും കുശല്‍ മെന്‍ഡിസും ശതകങ്ങള്‍ നേടിയപ്പോളാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെന്ന വലിയ സ്കോര്‍ ശ്രീലങ്ക നേടിയത്.

അവിഷ്ക 127 റണ്‍സും കുശല്‍ മെന്‍ഡിസ് 119 റണ്‍സുമാണ് നേടിയത്. 9/2 എന്ന നിലയിലേക്ക് വീണ ലങ്കയ്ക്കായി 239 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് ഇവര്‍ മൂന്നാം വിക്കറ്റില്‍ നേടിയത്. തിസാര പെരേര 36 റണ്‍സ് നേടിയപ്പോള്‍ ചുരുങ്ങിയ പന്തുകളില്‍ വേഗത്തില്‍ സ്കോറിംഗ് നടത്തി ധനന്‍ജയ ഡിസില്‍വ(12), വനിഡു ഹസരംഗ(17), ഇസ്രു ഉഡാന(17*) എന്നിവരും തിളങ്ങി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ നാലും അല്‍സാരി ജോസഫ് മൂന്നും വിക്കറ്റ് നേടി.

51 റണ്‍സ് നേടിയ ഷായി ഹോപും 31 റണ്‍സ് നേടിയ നിക്കോളസ് പൂരനും മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മൂന്ന് വീതം വിക്കറ്റുമായി ലക്ഷന്‍ സണ്ടകനും വനിഡു ഹസരംഗയ്ക്കും രണ്ട് വിക്കറ്റ് നേടി നുവാന്‍ പ്രദീപുമാണ് ലങ്കന്‍ ബൗളര്‍മാരിലെ താരങ്ങള്‍.

ശ്രീകര്‍ ഭരതിനു ശതകം, 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ

തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം അന്‍മോല്‍പ്രീത് സിംഗും ശ്രീകര്‍ ഭരതും ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും നാല് വീതം വിക്കറ്റ് വീഴ്ത്തി ലഹിരു കുമരയും ലക്ഷന്‍ സണ്ടകനും തിളങ്ങിയപ്പോള്‍ ശ്രീലങ്ക എ യ്ക്കെതിരെ 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ എ ടീം. ശ്രീകര്‍ ഭരത് 117 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ അന്‍മോല്‍പ്രീത് സിംഗ് 65 റണ്‍സ് നേടി പുറത്തായി.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 91 റണ്‍സാണ് ഇന്ത്യ എ ബാറ്റിംഗിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഒരു വശത്ത് വിക്കറ്റ് വീഴുന്നത് തുടര്‍ക്കഥയായപ്പോള്‍ അതിവേഗം സ്കോറിംഗ് നടത്തുവാന്‍ ശ്രീകര്‍ ശ്രമിയ്ക്കുകയായിരുന്നു. രാഹുല്‍ ചഹാര്‍ 21 റണ്‍സ് നേടി.

സണ്ടകന് അഞ്ച് വിക്കറ്റ്, ചെറുത്ത് നില്പില്ലാതെ രണ്ടാം ദിവസം കീഴടങ്ങി ഇംഗ്ലണ്ട്

കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ഏതാനും ഓവറുകള്‍ മാത്രമാണ് രണ്ടാം ദിവസം ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ എറിയാനായത്. 312/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു 24 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. മോയിന്‍ അലി 33 റണ്‍സ് നേടി പുറത്തായപ്പോള്‍ ആദില്‍ റഷീദ് 21 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ദിവസം ദില്‍രുവന്‍ പെരേര രണ്ടും ലക്ഷന്‍ സണ്ടകന്‍ ഒരു വിക്കറ്റും നേടി.

336 റണ്‍സിനു ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷന്‍ സണ്ടകന്‍ അഞ്ചും ദില്‍രുവന്‍ പെരരേ മൂന്നും വിക്കറ്റ് നേടുകയായിരുന്നു. മലിന്‍ഡ പുഷ്പകുമാരയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ഇന്നലെ ജോണി ബൈര്‍സ്റ്റോയുടെ 110 റണ്‍സിനൊപ്പം ജോ റൂട്ട്(46), ബെന്‍ സ്റ്റോക്സ്(57) എന്നിവര്‍ ഇംഗ്ലണ്ടിനായി തിളങ്ങി.

മടങ്ങി വരവ് ശതകവുമായി ആഘോഷിച്ച് ബൈര്‍സ്റ്റോ

ശ്രീലങ്കയ്ക്കെതിരെ കൊളംബോ ടെസ്റ്റിന്റെ ഒന്നാം ദിവസം 312 റണ്‍സ് നേടി ഇംഗ്ലണ്ട്. തുടക്കം പാളിയെങ്കിലും ജോ റൂട്ട്, ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനം ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 7 വിക്കറ്റുകളാണ് ടീമിനു ആദ്യം ദിവസം നഷ്ടമായത്. 110 റണ്‍സുമായി ബൈര്‍സ്റ്റോ തന്റെ മടങ്ങി വരവ് ആഘോഷമാക്കിയപ്പോള്‍ ബെന്‍ സ്റ്റോക്സ് 57 റണ്‍സ് നേടി. അര്‍ദ്ധ ശതകത്തിനു 4 റണ്‍സ് അകലെ ജോ റൂട്ട് പുറത്താകുകയായിരുന്നു.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ മോയിന്‍ അലിയും ആദില്‍ റഷീദുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ ഇതുവരെ 18 റണ്‍സ് നേടിയിട്ടുണ്ട്. മോയിന്‍ അലി 23 റണ്‍സും ആദില്‍ റഷീദ് 13 റണ്‍സുമാണ് നേടിയിരിക്കുന്നത്. മോയിന്‍ അലിയുടെ രണ്ട് ക്യാച്ചുകള്‍ ശ്രീലങ്ക കൈവിട്ടപ്പോള്‍ താരം രണ്ട് എല്‍ബിഡബ്ല്യു റിവ്യുകളും അതിജീവിച്ച്.

4 വിക്കറ്റ് നേടിയ ലക്ഷന്‍ സണ്ടകന്‍ ആണ് ശ്രീലങ്കയ്ക്കായി തിളങ്ങിയത്. മലിന്‍ഡ പുഷ്പകുമാര രണ്ട് വിക്കറ്റും ദില്‍രുവന്‍ പെരേര ഒരു വിക്കറ്റും നേടി.

ടി20യില്‍ ജയം സ്വന്തമാക്കി ശ്രീലങ്ക, ധനന്‍ജയ ഡി സില്‍വ കളിയിലെ താരം

ദക്ഷിണാഫ്രിക്കയെ 98 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം പിന്തുടരാനിറങ്ങിയ ശ്രീലങ്കയുടെ പ്രയാണം അത്ര എളുപ്പമായിരുന്നില്ലെങ്കിലും ധനന്‍ജയ ഡിസില്‍വയും ദിനേശ് ചന്ദിമലും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെ ഏക ടി20 മത്സരം സ്വന്തമാക്കി ശ്രീലങ്ക ടി20 പരമ്പര കൈക്കലാക്കി. 16ാം ഓവറില്‍ ഏഴ് വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഒരു ഘട്ടത്തില്‍ 82/4 എന്ന നിലയില്‍ ശ്രീലങ്ക തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ സ്വയം അകപ്പെട്ടുവെങ്കിലും 36 റണ്‍സുമായി പുറത്താകാതെ നിന്ന ദിനേശ് ചന്ദിമല്‍ ടീമിന്റെ വിജയം ഉറപ്പാക്കി. 31 റണ്‍സ് നേടിയ ധനന്‍ജയ ഡി സില്‍വയാണ് കളിയിലെ താരം. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡാല, കാഗിസോ റബാഡ, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 16.4 ഓവറില്‍ 98 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 20 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്ക് ആണ് ടോപ് സ്കോറര്‍. റീസ ഹെന്‍ഡ്രിക്സ്(19), ഹെയിന്‍റിച്ച് ക്ലാസെന്‍(18), ഡേവിഡ് മില്ലര്‍(14) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. ലക്ഷന്‍ സണ്ടകന്‍ 3 വിക്കറ്റും ധനന്‍ജയ ഡി സില്‍വ, അകില ധനന്‍ജയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version