രണ്ടാം ഏകദിനത്തിലും ശതകവുമായി ഗുപ്ടില്‍, പരമ്പര ന്യൂസിലാണ്ടിനു

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും അനായാസ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ജയത്തോടെ പരമ്പര 2-0നു സ്വന്തമാക്കുവാന്‍ ടീമിനായി. ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 226 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 36.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം സ്വന്തമാക്കി ന്യൂസിലാണ്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

88 പന്തില്‍ നിന്ന് 118 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് ഗുപ്ടില്‍ നടത്തിയത്. 14 ബൗണ്ടറിയും 4 സിക്സും അടക്കമായിരുന്നു ഈ പ്രകടനം. കെയിന്‍ വില്യംസണ്‍ പുറത്താകാതെ 65 റണ്‍സ് നേടിയപ്പോള്‍ റോസ് ടെയിലര്‍ 21 റണ്‍സ് നേടി പുറത്താകാതെ ക്യാപ്റ്റനൊപ്പം നിലയുറപ്പിച്ചു. 14 റണ്‍സ് നേടിയ ഹെന്‍റി നിക്കോളസ് ആണ് പുറത്തായ മറ്റൊരു താരം. ബംഗ്ലാദേശിനായി 2 വിക്കറ്റും വീഴ്ത്തിയത് മുസ്തഫിസുര്‍ റഹ്മാന്‍ ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 49.4 ഓവറിലാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആക്കിയത്. മുഹമ്മദ് മിഥുന്‍ 57 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 43 റണ്‍സ് നേടി. വാലറ്റത്തില്‍ നിന്നുള്ള സഹായം കൂടി നേടിയാണ് ബംഗ്ലാദേശ് 200 കടന്നത്. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ മൂന്നും ടോഡ് ആസ്ട‍്‍ലേ, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version