ആവേശ ജയവുമായി അയര്‍ലണ്ട്, ഇംഗ്ലണ്ടിനെതിരെ ഒരു പന്ത് ശേഷിക്കെ 7 വിക്കറ്റ് വിജയം

ഇംഗ്ലണ്ടിനെതിരെ ആവേശകരമായ 7 വിക്കറ്റ് വിജയം സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓയിന്‍ മോര്‍ഗന്‍(106), ടോം ബാന്റണ്‍(58), ഡേവിഡ് വില്ലി(51), ടോം കറന്‍(38*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 328 റണ്‍സെന്ന വലിയ സ്കോര്‍ നേടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 400ന് മേലുള്ള സ്കോറിലേക്ക് ഇംഗ്ലണ്ട് കുതിയ്ക്കുമെന്ന് കരുതിയെങ്കില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അയര്‍ലണ്ടിന് റണ്ണൊഴുക്കിന് തടയിടുവാന്‍ കഴിഞ്ഞിരുന്നു.

പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ എന്നിവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരം അയര്‍ലണ്ട് പക്ഷത്തേക്ക് നീക്കിയത്. ഓപ്പണര്‍ സ്റ്റിര്‍ലിംഗ് 128 പന്തില്‍ നിന്ന് 9 ഫോറും 6 സിക്സും സഹിതം 142 റണ്‍സ് നേടിയപ്പോള്‍ ബാല്‍ബിര്‍ണേ 113 റണ്‍സാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 214 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

ഇരുവരും പുറത്തായ ശേഷം ഹാരി ടെക്ടര്‍(29*), കെവിന്‍ ഒ ബ്രൈന്‍(21*) എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയ തീരത്തേക്ക് നയിക്കുകയായിരുന്നു. അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ജയിക്കുവാനായി അയര്‍ലണ്ടിന് വേണ്ടിയിരുന്നത്. സാഖിബ് മഹമ്മൂദ് എറിഞ്ഞ ഓവറില്‍ ഒരു പന്ത് അവശേഷിക്കെ ആയിരുന്നു ടീമിന്റെ വിജയം.

നജീബുള്‍ സദ്രാന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 11 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യില്‍ 11 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് നോയിഡയില്‍ നടന്ന മത്സരത്തില്‍ അയര്‍ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 172 റണ്‍സ് നേടിയപ്പോള്‍ ചേസിംഗില്‍ അഫ്ഗാനിസ്ഥാന്‍ 15 ഓവറില്‍ 133/5 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ കളിയില്‍ തടസ്സം സൃഷ്ടിച്ചത്. ഇതോടെ 11 റണ്‍സിന്റെ ഡക്ക്വര്‍ത്ത് ലൂയിസ് വിജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ 70/4 ന്ന നിലയില്‍ പരുങ്ങലിലായ അഫ്ഗാനിസ്ഥാനെ സമീയുള്ള ഷിന്‍വാരിയും 21 പന്തില്‍ 42 റണ്‍സ് നേടിയ നജീബുള്ള സദ്രാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കളി തടസ്സപ്പെടുന്നതിന് തൊട്ടുമുമ്പ് 28 റണ്‍സ് നേടിയ ഷിന്‍വാരി പുറത്തായെങ്കിലും അത് ടീമിന് തിരിച്ചടിയായില്ല. 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഓപ്പണര്‍മാര്‍ അഫ്ഗാനിസ്ഥാന് മിന്നല്‍ തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 54 റണ്‍സാണ് റഹ്മാനുള്ള ഗുര്‍ബാസ്(13 പന്തില്‍ 28), ഹസ്രത്തുള്ള സാസായി കൂട്ടുകെട്ട് നേടിയത്. സാസായി 15 പന്തില്‍ 23 റണ്‍സ് നേടി. 54/0 എന്ന നിലയില്‍ നിന്ന് 55/3 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീഴുകയായിരുന്നു. അയര്‍ലണ്ടിന് വേണ്ടി സിമി സിംഗ് 2 വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിന് വേണ്ടി 41 പന്തില്‍ 60 റണ്‍സുമായി ടോം സ്റ്റിര്‍ലിംഗ് ടോപ് സ്കോറര്‍ ആയി. കെവിന്‍ ഒബ്രൈന്‍(35), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(29), ഹാരി ടെക്ടര്‍(29*) എന്നിവരാണ് അയര്‍ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. അഫ്ഗാനിസ്ഥാനായി റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മിഡില്‍സെക്സുമായുള്ള പത്ത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഇനി അയര്‍ലണ്ടില്‍ മാത്രം തുടരുവാന്‍ തീരമാനിച്ച് പോള്‍ സ്റ്റിര്‍ലിംഗ്

ഇനിയുള്ള കാലം അയര്‍ലണ്ടില്‍ മാത്രം ക്രിക്കറ്റ് കളിച്ച് തുടരുവാന്‍ തീരുമാനിച്ച് പോള്‍ സ്റ്റിര്‍ലിംഗ്. ഈ സീസണോട് കൂടി തന്റെ മിഡിസെക്സുമായുള്ള കരാര്‍ അവസാനിക്കുന്നതിന് ശേഷം ഇനി അയര്‍ലണ്ടില്‍ തുടരുവാനാ‍ണ് താരം തീരുമാനിച്ചിരിക്കുന്നത് അയര്‍ലണ്ട് ക്രിക്കറ്റ് മീഡിയ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഡിസംബര്‍ 2009ല്‍ കൗണ്ടിയുമായി കരാറിലേര്‍പ്പെട്ട താരം പത്ത് വര്‍ഷത്തെ ബന്ധമാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.

മിഡില്‍സെക്സിന് വേണ്ടി കഴിഞ്ഞൊരു ദശാബ്ദമായി കളിക്കാനായത് വലിയ നേട്ടമായി കാണുന്നു, ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഈ കാലയളവില്‍ താന്‍ അനുഭവിച്ചിട്ടുണ്ട്. 2016 ചാമ്പ്യന്‍ഷിപ്പ് വിജയിച്ചത് ഇതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു, അതേ സമയം തന്റെ കൗണ്ടി ക്യാപ് ലഭിച്ച നിമിഷവും ഏറെ ഓര്‍മ്മകളില്‍ നില്‍ക്കുന്ന നിമിഷമാണെന്ന് പോള്‍ സ്റ്റിര്‍ലിംഗ് പറഞ്ഞു. താന്‍ ടീമിലെ താരങ്ങളും കോച്ചുമാരും സ്റ്റാഫുകളോടും പടുത്തുയര്‍ത്തിയ ബന്ധമാവും തനിക്ക് ഈ കൗണ്ടി വിടുമ്പോള്‍ ഏറ്റവും അധികം നഷ്ടബോധം തോന്നിപ്പിക്കുന്നതെന്നും സ്റ്റിര്‍ലിംഗ് പറഞ്ഞു.

അയര്‍ലണ്ടിന്റെ 2020ലെ തിരക്കേറിയ കലണ്ടറിനും ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളെയും താന്‍ ഉറ്റുനോക്കുകയാണെന്ന് പോള്‍ സ്റ്റിര്‍ലിംഗ് വ്യക്തമാക്കി.

അയര്‍ലണ്ടും പുറത്ത് പക്ഷേ 122 റണ്‍സിന്റ ലീഡ് നേടി ടീം

ഇംഗ്ലണ്ടിനെ വെറും 85 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് അയര്‍ലണ്ട് ഇറങ്ങിയപ്പോള്‍ കൂറ്റന്‍ ലീഡൊന്നും ടീമിന് നേടാനായില്ല. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ 122 റണ്‍സിന്റെ ലീഡ് ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ നേടുവാന്‍ ടീമിന് സാധിച്ചിരുന്നു. 58.2 ഓവറില്‍ 207 റണ്‍സിന് അയര്‍ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. ഒല്ലി സ്റ്റോണും സ്റ്റുവര്‍ട് ബ്രോഡും സാം കറനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയാണ് അയര്‍ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്. മോയിന്‍ അലിയ്ക്കാണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റ്.

55 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. പോള്‍ സ്റ്റിര്‍ലിംഗ് 36 റണ്‍സ് നേടിയപ്പോള്‍ കെവിന്‍ ഒബ്രൈന്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. വാലറ്റത്തില്‍ ആന്‍ഡി മക്ബ്രൈന്‍(11), ടിം മുര്‍ടാഗ്(16) എന്നിവരും നിര്‍ണ്ണായക സംഭാവനകളാണ് നല്‍കിയത്.

ഒന്നാം ദിവസം അവസാനിക്കുന്നതിന് മുമ്പ് ഒരോവര്‍ കൂടി ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ആ ഓവര്‍ ഒരു റണ്‍സും എടുക്കാതെ അവസാനിപ്പിക്കുകയായിരുന്നു.

20 വിക്കറ്റുകള്‍ വീണ ആദ്യ ദിവസത്തിന് ശേഷം മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാനായി ഇംഗ്ലണ്ട് ഗംഭീര രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുറത്തെടുക്കേണ്ടതായിട്ടുണ്ടെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

മഴ മൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വിജയം കുറിച്ച് അയര്‍ലണ്ട്, പോള്‍ സ്റ്റിര്‍ലിംഗിന്റെ തീപാറും ഇന്നിംഗ്സ്

ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ട ആദ്യ ടി20യ്ക്ക് ശേഷം രണ്ടാം ടി20യിലും മഴ കളി തടസപ്പെടുത്തിയപ്പോള്‍ 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ 9 വിക്കറ്റ് വിജയം കുറിച്ച് അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 13 ഓവറില്‍ 132/8 എന്ന മികച്ച സ്കോറാണ് നേടിയത്. 32 പന്തില്‍ 55 റണ്‍സ് നേടിയ ക്രെയിഗ് ഇര്‍വിനെയും 12 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ ഷോണ്‍ വില്യംസിന്റെയും പ്രകടനങ്ങളാണ് സിംബാബ്‍വേയെ 132 റണ്‍സിലേക്ക് നയിച്ചത്. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡൈര്‍ 4 വിക്കറ്റ് നേടിയെങ്കിലും 40 റണ്‍സാണ് മൂന്നോവറില്‍ നിന്ന് വഴങ്ങിയത്. ക്രെയിഗ് യംഗ് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിനെ പോള്‍ സ്റ്റിര്‍ലിംഗിന്റെ വെടിക്കെട്ട് പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്. 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലണ്ടിന്റെ വിജയം. 36 പന്തില്‍ നിന്ന് 83 റണ്‍സാണ് പോള്‍ സ്റ്റിര്‍ലിംഗ് നേടിയത്. 6 ഫോറും 7 സിക്സും നേടിയാണ് താരം പുറത്താകാതെ നിന്നത്. അതേ സമയം കെവിന്‍ ഒബ്രൈന്‍ 19 റണ്‍സ് നേടി പുറത്തായപ്പോള്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടെണ്ടായി ചതാരയ്ക്കാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ് ലഭിച്ചത്.

അയര്‍ലണ്ടിനു 72 റണ്‍സിന്റെ വിജയം

ലോകകപ്പിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് വലിയ തിരിച്ചടിയായി അയര്‍ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനം. ഇന്ന് നടന്ന മത്സരത്തില്‍ 72 റണ്‍സിന്റെ തോല്‍വിയാണ് അഫ്ഗാനിസ്ഥാന്‍ നേരിടേണ്ടി വന്നത്. അയര്‍ലണ്ടിനെ 210 റണ്‍സിനു ഓള്‍ഔട്ട് ആക്കിയെങ്കിലും ടീം 138 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 210 റണ്‍സാണ് 48.5 ഓവറില്‍ നേടിയത്. പോള്‍ സ്റ്റിര്‍ലിംഗും വില്യം പോര്‍ട്ടര്‍ഫീല്‍ഡും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 200 കടത്തിയത്. സ്റ്റിര്‍ലിംഗ് 71 റണ്‍സ് നേടിയപ്പോള്‍ 53 റണ്‍സാണ് പോര്‍ട്ടര്‍ഫീല്‍ഡ് നേടിയത്. 32 റണ്‍സ് നേടിയ കെവിന്‍ ഒബ്രൈന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. അയര്‍ലണ്ടിനു വേണ്ടി ദവലത് സദ്രാനും അഫ്താബ് അലമും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റഷീദ് ഖാന്‍ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 138 റണ്‍സിനു 35.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. മാര്‍ക്ക് അഡൈര്‍ നാല് വിക്കറ്റും ബോയഡ് റാങ്കിന്‍ 3 വിക്കറ്റും ടിം മുര്‍ട്ഗ 2 വിക്കറ്റും നേടിയാണ് അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ചത്. 29 റണ്‍സ് നേടിയ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് നബി 27 റണ്‍സ് നേടിയപ്പോള്‍ പുതിയ നായകന്‍ ഗുല്‍ബാദിന്‍ നൈബ് 20 റണ്‍സ് നേടി.

അപരാജിതരായി ബംഗ്ലാദേശ്, അവസാന മത്സരത്തില്‍ 6 വിക്കറ്റ് വിജയം

ത്രിരാഷ്ട്ര പരമ്പരയിലെ അവസാന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ആറ് വിക്കറ്റ് ജയം നേടി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ പരമ്പരയില്‍ അപരാജിതമായ കുതിപ്പാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ലക്ഷ്യം 43 ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു.

പോള്‍ സ്റ്റിര്‍ലിംഗ് നേടിയ 130 റണ്‍സിന്റെയും വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെ 94 റണ്‍സിന്റെയും ബലത്തിലാണ് അയര്‍ലണ്ട് 292 റണ്‍സിലേക്ക് നീങ്ങിയത്. അതേ സമയം ബംഗ്ലാദേശിനു വേണ്ടി അബു ജയേദ് 5 വിക്കറ്റ് നേടി. മുഹമ്മദ് സൈഫുദ്ദീന്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ടോപ് ഓര്‍ഡര്‍ താരങ്ങളുടെ അര്‍ദ്ധ ശതകങ്ങളാണ് വിജയം ഒരുക്കിയത്. ലിറ്റണ്‍ ദാസ് 76 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 57 റണ്‍സും ഷാക്കിബ് അല്‍ ഹസന്‍ 50 റണ്‍സും നേടി. മുഷ്ഫിക്കുര്‍ റഹിം 35 റണ്‍സ് നേടിയപ്പോള്‍ മഹമ്മദുള്ള 35 റണ്‍സ് നേടി പുറത്താകാതെ നിന്നു.

വെള്ളിയാഴ്ച വിന്‍ഡീസുമായാണ് ബംഗ്ലാദേശിന്റെ ഫൈനല്‍ മത്സരം. നേരത്തെ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും ബംഗ്ലാദേശിനായിരുന്നു വിജയം.

അയര്‍ലണ്ടിന്റെ വലിയ ലക്ഷ്യം മറികടന്ന് വിന്‍ഡീസ്, സുനില്‍ ആംബ്രിസിനു ശതകം

ത്രിരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം കരസ്ഥമാക്കി വിന്‍ഡീസ്. ആതിഥേയരായ അയര്‍ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 327/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സുനില്‍ ആംബ്രിസിന്റെ ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് 47.5 ഓവറില്‍ ലക്ഷ്യം മറികടന്ന് അഞ്ച് വിക്കറ്റ് വിജയം നേടുകയായിരുന്നു.

ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ തകര്‍പ്പന്‍ ശതകത്തിനൊപ്പം(135) പോള്‍ സ്റ്റിര്‍ലിംഗ്(77), കെവിന്‍ ഒബ്രൈന്‍(63) എന്നിവര്‍ തിളങ്ങിയപ്പോള്‍ 327 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലണ്ട് നേടിയത്. ഷാനണ്‍ ഗബ്രിയേല്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു തുണയായത് സുനില്‍ ആംബ്രിസിന്റെ ശതകമാണ്. താരം 148 റണ്‍സ് നേടി പുറത്തായപ്പോള്‍ റോഷ്ടണ്‍ ചേസ്(46), ജോനാഥന്‍ കാര്‍ട്ടര്‍(43*), ജേസണ്‍ ഹോള്‍ഡര്‍(36), ഷായി ഹോപ്(30) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 40 ഓവറില്‍ സുനില്‍ ആംബ്രിസ് പുറത്താകുമ്പോള്‍ വിന്‍ഡീസ് 252 റണ്‍സാണ് നേടിയിരുന്നത്.

പിന്നീട് ഹോള്‍ഡറും ജോനാഥന്‍ കാര്‍ട്ടറും ചേര്‍ന്ന് അതിവേഗത്തില്‍ നേടിയ 75 റണ്‍സാണ് ലക്ഷ്യത്തിനു തൊട്ടരികെ വിന്‍ഡീസിനെ എത്തിച്ചത്. വെറും 27 പന്തില്‍ നിന്നാണ് കാര്‍ട്ടര്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നത്. ജേസണ്‍ ഹോള്‍ഡര്‍ 24 പന്തില്‍ നിന്ന് 36 റണ്‍സ് നേടി പുറത്തായി. ബോയഡ് റാങ്കിന്‍ അയര്‍ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി.

ഏകദിന പരമ്പരയില്‍ ഒപ്പം പിടിച്ച് അയര്‍ലണ്ട്, വിജയശില്പികളായത് ആന്‍ഡ്രൂ ബാല്‍ബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും

അഫ്ഗാനിസ്ഥാന്‍ നല്‍കിയ 217 റണ്‍സ് വിജയ ലക്ഷ്യം 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി അയര്‍ലണ്ട്. ജയത്തോടെ ഏകദിന പരമ്പരയില്‍ 2-2നു ഒപ്പം പിടിക്കുവാന്‍ അയര്‍ലണ്ടിനായി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അയര്‍ലണ്ട് അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 216/6 എന്ന നിലയില്‍ വരിഞ്ഞുകെട്ടുകയായിരുന്നു.

82 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാന്‍ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. മുഹമ്മദ് നബി 40 റണ്‍സും റഷീദ് ഖാന്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നുമാണ് ടീമിനെ 216 റണ്‍സിലേക്ക് നയിച്ചത്. അയര്‍ലണ്ടിനു വേണ്ടി ജോര്‍ജ്ജ് ഡോക്രെല്‍ 2 വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(17) പുറത്തായെങ്കിലും അയര്‍ലണ്ടിന്റെ വിജയത്തിനു അടിത്തറ പാകിയ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പോള്‍ സ്റ്റിര്‍ലിംഗ്-ആന്‍ഡ്രൂ ബാല്‍ബിര്‍ണേ കൂട്ടുകെട്ട് നേടിയത്. 70 റണ്‍സ് നേടിയ സ്റ്റിര്‍ലിംഗ് പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ 81 റണ്‍സ് സഖ്യം നേടിയിരുന്നു.

സിമി സിംഗ് വേഗത്തില്‍ പുറത്തായെങ്കിലും കെവിന്‍ ഒബ്രൈന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയ്ക്ക് മികച്ച പിന്തുണ നല്‍കി. 68 റണ്‍സ് നേടിയ ആന്‍ഡ്രുവിനെ മുജീബ് പുറത്താക്കിയപ്പോള്‍ കെവിന്‍ 33 റണ്‍സുമായി പുറത്താകാതെ വിജയത്തിലേക്ക് അയര്‍ലണ്ടിനെ നയിച്ചു. സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റ് നേടി അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങിയെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ വിജയത്തിലേക്ക് അയര്‍ലണ്ടിന്റെ യാത്രയെ തടയാന്‍ അഫ്ഗാനിസ്ഥാനായില്ല.

ഏകദിനത്തിലും ജയിച്ച് തന്നെ തുടങ്ങി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെ ടി20 പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്തതിനു ശേഷം ഏകദിനത്തിലും വിജയത്തുടക്കവുമായി അഫ്ഗാനിസ്ഥാന്‍. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 161 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് മാത്രം 89 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോകുകയായിരുന്നു. 37 റണ്‍സ് നേടിയ ജോര്‍ജ്ജ് ഡോക്രെല്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

രണ്ടാം ഓവറില്‍ തുടങ്ങിയ വിക്കറ്റ് വീഴ്ച 49.2 ഓവറില്‍ ഓള്‍ഔട്ട് രൂപത്തില്‍ അവസാനിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനു വേണ്ടി ദവലത് സദ്രാനും മുജീബ് ഉര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടി. മുജീബ് 10 ഓവറില്‍ വെറും 14 റണ്‍സാണ് വിട്ട് നല്‍കിയത്. ഗുല്‍ബാദിന്‍ നൈബും രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനും ജയം 41.5 ഓവറില്‍ മാത്രമാണ് സ്വന്തമാക്കാനായത്. ലക്ഷ്യം തീരെ ചെറുതായിരുന്നുവെങ്കിലും 5 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. മുഹമ്മദ് ഷെഹ്സാദ് 43 റണ്‍സ് നേടിയപ്പോള്‍ ഗുല്‍ബാദിന്‍ നൈബ് 46 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. താരം തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഹസ്രത്തുള്ള സാസായി 25 റണ്‍സും റഹ്മത് ഷാ 22 റണ്‍സും മത്സരത്തില്‍ നേടി.

62 പന്തില്‍ 162 റണ്‍സുമായി സാസായി, 84 റണ്‍സ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

രണ്ടാം ടി20യിലും വിജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍. പരമ്പര 2-0നു സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്‍ ഇന്ന് 84 റണ്‍സിന്റെ വിജയമാണ് നേടിയത്. മത്സരത്തില്‍ നിന്ന് 40 ഓവറില്‍ നിന്നായി 472 റണ്‍സാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഹസ്രത്തുള്ള സാസായിയുടെയും ഉസ്മാന്‍ ഖനിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ടിനു ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമേ നേടാനായുള്ളു.

സാസായി 62 പന്തില്‍ നിന്ന് 162 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഉസ്മാന്‍ ഖനി 48 പന്തില്‍ നിന്ന് 73 റണ്‍സ് നേടി. സാസായി 11 ബൗണ്ടറിയും 16 സിക്സും അടക്കമാണ് തന്റെ അപരാജിതമായ 162 റണ്‍സ് തികച്ചത്.

പോള്‍ സ്റ്റിര്‍ലിംഗ് 50 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് അത്തരത്തിലൊരു പ്രകടനം പുറത്ത് വരാതിരുന്നത് അയര്‍ലണ്ടിനു തിരിച്ചടിയായി. കെവിന്‍ ഒബ്രൈന്‍ 37 റണ്‍സും ഷെയിന്‍ ഗെറ്റ്കാറ്റെ 24 റണ്‍സും നേടി പുറത്തായി. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ 4 വിക്കറ്റ് നേടി.

സ്റ്റിര്‍ലിംഗ് അയര്‍ലണ്ടിനായുള്ള ഏറ്റവും ഉയര്‍ന്ന ടി20 സ്കോര്‍ നേടിയെങ്കിലും ടീമിന്റെ തോല്‍വിയുടെ മാര്‍ജിന്‍ കുറയ്ക്കുവാന്‍ പോന്നതായിരുന്നില്ല ആ പ്രകടനം.

പോള്‍ സ്റ്റിര്‍ലിംഗ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കുവാനെത്തുന്നു

അയര്‍ലണ്ടിന്റെ ബാറ്റ്സ്മാന്‍ പോള്‍ സ്റ്റിര്‍ലിംഗ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് 2019 പതിപ്പില്‍ കളിക്കാനെത്തുന്നു. ജനുവരി 5നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഖുല്‍ന ടൈറ്റന്‍സിനു വേണ്ടിയാണ് പോള്‍ സ്റ്റിര്‍ലിംഗ് പാഡ് അണിയുക. നിയാല്‍ ഒബ്രൈനു ശേഷം സ്റ്റിര്‍ലിംഗ് ടൈറ്റന്‍സിനു വേണ്ടി കളിക്കുന്ന അയര്‍ലണ്ടിന്റെ രണ്ടാമത്തെ താരമാണ്.

കോച്ച മഹേല ജയവര്‍ദ്ധനേയുമായി സഹകരിച്ച പ്രവര്‍ത്തിക്കുവാനുള്ള തന്റെ സുവര്‍ണ്ണാവസരമായാണ് താന്‍ ഇതിനെ കാണുന്നതെന്നും സ്റ്റിര്‍ലിംഗ് പറഞ്ഞു. ലോകോത്തര താരങ്ങള്‍ പങ്കെടുക്കുന്ന ലീഗിന്റെ ഭാഗമാകുവാനായതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. നേപ്പാളിലെ എവറെസ്റ്റ് പ്രീമിയര്‍ ലീഗിലും ടി10 ടൂര്‍ണ്ണമെന്റിലുമെല്ലാം കളിച്ച പരിചയസമ്പത്തുമായാണ് സ്റ്റിര്‍ലിംഗ് കളത്തിലെത്തുന്നത്.

Exit mobile version