ചരിത്രം കുറിയ്ക്കാനാകുമോ അയര്‍ലണ്ടിന്, ഇംഗ്ലണ്ട് ഓള്‍ഔട്ടിന്റെ വക്കിലെത്തിയപ്പോള്‍ രണ്ടാം ദിവസത്തെ കളിമുടക്കി മഴ

അയര്‍ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സിനെ അപേക്ഷിച്ച് ഇംഗ്ലണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 171/1 എന്ന അതിശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ ജാക്ക് ലീഷും- ജേസണ്‍ റോയിയും എത്തിച്ചുവെങ്കിലും അവിടെ നിന്ന് തകര്‍ന്ന ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ മഴ രണ്ടാം ദിവസത്തെ കളി നിര്‍ത്തുകയായിരുന്നു. 21 റണ്‍സുമായി സ്റ്റുവര്‍ട് ബ്രോഡും റണ്ണൊന്നുമെടുക്കാതെ ഒല്ലി സ്റ്റോണുമാണ് ഇംഗ്ലണ്ടിന്റെ ലീഡ് ഇനിയും ഉയര്‍ത്തുവാനുള്ള ശ്രമവുമായി ക്രീസില്‍ നില്‍ക്കുന്നത്. 181 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമിപ്പോളുള്ളത്. ഏത്രയും വേഗം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി ചരിത്ര വിജയം കുറിക്കാനാകുമോ എന്നാവും അയര്‍ലണ്ട് ശ്രമിക്കുക.

171/1 എന്ന ശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത് ജേസണ്‍ റോയ്-ജാക്ക് ലീഷ് കൂട്ടുകെട്ടാണ്. 72 റണ്‍സ് നേടിയ ജേസണ്‍ റോയി പുറത്തായ ശേഷം പിന്നീട് ഇംഗ്ലണ്ട് തകരുന്ന കാഴ്ചയാണ് കണ്ടത്. ജാക്ക് ലീഷ് 92 റണ്‍സ് നേടി അര്‍ഹമായ ശതകത്തിന് അകലെ പുറത്തായപ്പോള്‍ ജോ റൂട്ട് 31 റണ്‍സ് നേടി. സാം കറന്‍ നേടിയ 37 റണ്‍സാണ് ഇംഗ്ലണ്ടിന്റെ കാര്യങ്ങള്‍ വലിയ പരിതാപകരമല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചത്. 219/6 എന്ന നിലിയിലും പിന്നീട് 248/8 എന്ന നിലയിലേക്കും വീണ ഇംഗ്ലണ്ടിനെ ഒമ്പതാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടുകെട്ട് നേടി സാം കറന്‍-സ്റ്റുവര്‍ട് ബ്രോഡ് കൂട്ടുകെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

അയര്‍ലണ്ടിനായി മാര്‍ക്ക് അഡൈര്‍ മൂന്നും ബോയഡ് റാങ്കിന്‍, സ്റ്റുവര്‍ട് തോംപ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ടിം മുര്‍ടാഗ്, നൂറ് കടക്കുമോ ആതിഥേയര്‍?

ലോര്‍ഡ്സിലെ അയര്‍ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റില്‍ നാണക്കേടിന്റെ പടുകുഴുയില്‍ വീണ് ഇംഗ്ലണ്ട്. ആദ്യ സെഷനിനുള്ളില്‍ തന്നെ ടീമിന് ആറ് മുന്‍ നിര വിക്കറ്റുകളാണ് നഷ്ടമായിട്ടുള്ളത്. ടിം മുര്‍ടാഗും മാര്‍ക്ക് അഡൈറും ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെ നാണംകെടുത്തുകയായിരുന്നു ലോര്‍ഡ്സില്‍. 42/3 എന്ന നിലയില്‍ നിന്ന് ഒരു റണ്‍സ് പോലും അധികം നേടാനാകാതെ മൂന്ന് വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടിന് നഷ്ടമാകുകയായിരുന്നു. 23 റണ്‍സ് നേടിയ ജോ ഡെന്‍ലിയുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ടിം മുര്‍ടാഗ് നാല് വിക്കറ്റും മാര്‍ക്ക് അഡൈര്‍ രണ്ട് വിക്കറ്റും നേടിയാണ് തീപാറും സ്പെല്‍ പുറത്തെടുത്തിരിക്കുന്നത്.

മഴ മൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വിജയം കുറിച്ച് അയര്‍ലണ്ട്, പോള്‍ സ്റ്റിര്‍ലിംഗിന്റെ തീപാറും ഇന്നിംഗ്സ്

ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ട ആദ്യ ടി20യ്ക്ക് ശേഷം രണ്ടാം ടി20യിലും മഴ കളി തടസപ്പെടുത്തിയപ്പോള്‍ 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ 9 വിക്കറ്റ് വിജയം കുറിച്ച് അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 13 ഓവറില്‍ 132/8 എന്ന മികച്ച സ്കോറാണ് നേടിയത്. 32 പന്തില്‍ 55 റണ്‍സ് നേടിയ ക്രെയിഗ് ഇര്‍വിനെയും 12 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ ഷോണ്‍ വില്യംസിന്റെയും പ്രകടനങ്ങളാണ് സിംബാബ്‍വേയെ 132 റണ്‍സിലേക്ക് നയിച്ചത്. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡൈര്‍ 4 വിക്കറ്റ് നേടിയെങ്കിലും 40 റണ്‍സാണ് മൂന്നോവറില്‍ നിന്ന് വഴങ്ങിയത്. ക്രെയിഗ് യംഗ് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിനെ പോള്‍ സ്റ്റിര്‍ലിംഗിന്റെ വെടിക്കെട്ട് പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്. 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലണ്ടിന്റെ വിജയം. 36 പന്തില്‍ നിന്ന് 83 റണ്‍സാണ് പോള്‍ സ്റ്റിര്‍ലിംഗ് നേടിയത്. 6 ഫോറും 7 സിക്സും നേടിയാണ് താരം പുറത്താകാതെ നിന്നത്. അതേ സമയം കെവിന്‍ ഒബ്രൈന്‍ 19 റണ്‍സ് നേടി പുറത്തായപ്പോള്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടെണ്ടായി ചതാരയ്ക്കാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ് ലഭിച്ചത്.

സിംബാബ്‍വേയ്ക്കെതിരെ 4 വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്

സിംബാബ്‍വേയുടെ അയര്‍ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തോല്‍വിയോടെ തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ സിംബാ‍ബ്‍വേ ആദ്യം ബാറ്റ് ചെയ്ത് 254 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ട് 4 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ 48.3 ഓവറിലാണ് അയര്‍ലണ്ട് വിജയം കൈപ്പിടിയലൊതുക്കിയത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ക്രെയിഗ് എര്‍വിന്‍ 105 റണ്‍സ് നേടി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാത്തതാണ് ടീമിന് തിരിച്ചടിയായത്. ടീമിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ 49 റണ്‍സ് നേടി പുറത്താകാതെ നിന്ന റയാന്‍ ബര്‍ള്‍ ആയിരുന്നു. മറ്റു താരങ്ങളില്‍ ഷോണ്‍ വില്യംസ് 28 റണ്‍സ് നേടി പുറത്തായി. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡൈര്‍ നാല് വിക്കറ്റ് നേടി. 9 വിക്കറ്റുകളാണ് സിംബാബ്‍വേയ്ക്ക് നഷ്ടമായത്.

101 റണ്‍സ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയ്ക്കൊപ്പം 57 റണ്‍സുമായി പോള്‍ സ്റ്റിര്‍ലിംഗും ജെയിംസും തിളങ്ങിയാണ് അയര്‍ലണ്ട് 48.3 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നത്. കൈല്‍ ജാര്‍വിസ് 2 വിക്കറ്റും ടെണ്ടായി ചതാര 3 വിക്കറ്റും സിംബാബ്‍വേയ്ക്ക് വേണ്ടി നേടി.

കൂറ്റന്‍ വിജയവുമായി ആദ്യ തോല്‍വിയുടെ പകരം വീട്ടി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ 126 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 305/7 എന്ന സ്കോര്‍ 50 ഓവറില്‍ നേടിയ ശേഷം അയര്‍ലണ്ടിനെ 179 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പര ഇരു ടീമുകളും പങ്കുവയ്ക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് ഷെഹ്സാദ് നേടിയ ശതകമാണ് ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചത്. 88 പന്തില്‍ 101 റണ്‍സ് നേടിയ താരത്തിനൊപ്പം റഹ്മത് ഷാ(62), ഹസ്മത്തുള്ള ഷഹീദി(47) എന്നിവര്‍ക്കൊപ്പം നജീബുള്ള സദ്രാന്‍ പുറത്താകാതെ 33 പന്തില്‍ നിന്ന് നേടിയ 60 റണ്‍സ് കൂടിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 305 എന്ന സ്കോറിലേക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നീങ്ങി. അയര്‍ലണ്ടിനു വേണ്ടി മാര്‍ക്ക് അഡൈര്‍ മൂന്നും ആന്‍ഡി മക്ബ്രൈന്‍ രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിനു വേണ്ടി 50 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയി. 41.2 ഓവറിലാണ് ടീം 179 റണ്‍സിനു ഓള്‍ഔട്ട് ആയത്. 34 റണ്‍സ് നേടിയ ഗാരി വില്‍സണ്‍ ആണ് ടീമിലെ മറ്റൊരു പ്രധാന സ്കോറര്‍. 6 വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബ് ആണ് അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

Exit mobile version