ജയന്ത് യാദവ് അവസാന നാല് കൗണ്ടി മത്സരങ്ങളിൽ ടീമിനൊപ്പം!!! താരവുമായി കരാറിലെത്തി മിഡിൽസെക്സ്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവുമായി കരാറിലെത്തി മിഡിൽസെക്സ്. സീസണിലെ അവസാന നാല് മത്സരങ്ങളിലേക്കാണ് ഇന്ത്യന്‍ താരത്തിന്റെ സേവനം ടീം കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ വാര്‍വിക്ക്ഷയറിന് വേണ്ടി രണ്ട് മത്സരങ്ങളിൽ കളിച്ച താരത്തിന്റെ രണ്ടാമത്തെ കൗണ്ടി സീസൺ ആണ് ഇത്.

ദക്ഷിണാഫ്രിക്കന്‍ താരം പീറ്റര്‍ മലന്‍ നാട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് ഇന്ത്യന്‍ താരത്തിനെ കൗണ്ടി ക്ലബ് ടീമിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കൗണ്ടി ക്രിക്കറ്റ് തനിക്ക് മികച്ച അനുഭവമായിരുന്നുവെന്നും അതിനാൽ തന്നെ ഈ സീസണും ആകാംക്ഷയോടെയാണ് താന്‍ ഉറ്റുനോക്കുന്നതെന്നും മിഡിൽസെക്സുമായി കരാറിലെത്തിയതിനെക്കുറിച്ച് ജയന്ത് യാദവ് പ്രതികരണമായി പറഞ്ഞു.

കേശവ് മഹാരാജ് മിഡിൽസെക്സിനായി കൗണ്ടി കളിക്കും

2023 സീസണിൽ കേശവ് മഹാരാജിന്റെ സേവനം ഉറപ്പാക്കി കൗണ്ടി ക്ലബായ മിഡിൽസെക്സ്. ഇത് ക്ലബിന്റെ രണ്ടാമത്തെ വിദേശ സൈനിംഗ് ആണ്. ദക്ഷിണാഫ്രിക്കന്‍ താരം പീറ്റര്‍ മലന്‍ ആണ് മിഡിൽസെക്സ് നേരത്തെ സ്വന്തമാക്കിയ മറ്റൊരു വിദേശ താരം.

കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും ടി ബ്ലാസ്റ്റിലും കേശവ് മഹാരാജ് കളിക്കാനുണ്ടാവും. കൗണ്ടിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെങ്കിലും എട്ട് മത്സരങ്ങളിൽ താരം കളിക്കുമെന്നാണ് അറിയുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് ഫോര്‍മാറ്റിലായി നൂറിലധികം മത്സരങ്ങള്‍ കളിച്ച താരമാണ് കേശവ് മഹാരാജ്.

താരത്തിന്റെ സാന്നിദ്ധ്യം ടീമിലെ യുവ സ്പിന്നര്‍മാര്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നതെന്ന് മിഡിൽസെക്സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് അലന്‍ കോളെമാന്‍ വ്യക്തമാക്കി.

ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്

2022 കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വൺ-ഡേ കപ്പിനുമുള്ള ടീമിലേക്ക് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനെ ടീമിലെത്തിച്ച് മിഡിൽസെക്സ്. ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ആണ് താരത്തെ വിദേശ താരമായി കൗണ്ടി ടീമിലെത്തിച്ചിരിക്കുന്നത്.

പരിചയസമ്പത്തുള്ള ലോക നിലവാരമുള്ള താരമാണ് ഉമേഷ് യാദവ് എന്നാണ് ക്ലബ് പ്രതികരിച്ചത്. മികച്ച വേഗത്തിൽ പന്തെറിയുന്ന ഉമേഷിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുവാന്‍ സാധിക്കുമെന്നും മിഡിൽസെക്സ് ഹെഡ് ഓഫ് മെന്‍സ് പെര്‍‍ഫോമന്‍സ് ക്രിക്കറ്റ് ആയ അലന്‍ കോള്‍മാന്‍ വ്യക്തമാക്കി.

മുജീബുമായി വീണ്ടും കരാറിലെത്തി മിഡിൽസെക്സ്

അഫ്ഗാന്‍ യുവ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനുമായി വീണ്ടും കരാറിലെത്തി മിഡിൽസെക്സ്. 2022 ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തെ ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരിക്കുന്നത്. 2019ൽ ക്ലബ്ബുമായി താരം സഹകരിച്ചിട്ടുണ്ട്. നിലവിൽ ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള അഫ്ഗാന്‍ ബൗളര്‍ സീസണിലെ മുഴുവന്‍ മത്സരങ്ങളിലും ഫ്രാഞ്ചൈസിയ്ക്കൊപ്പമുണ്ടാകും.

ഐപിഎൽ ലേലത്തിലും താരം പേര് നല്‍കിയിട്ടുണ്ട്. മുമ്പ് പഞ്ചാബ്, സൺറൈസേഴ്സ് എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരത്തിന് ടീമിൽ സ്ഥിരം സാന്നിദ്ധ്യം ആകുവാന്‍ സാധിച്ചിട്ടില്ല.

കോച്ച് സ്റ്റുവര്‍ട് ലോ മിഡിൽസെക്സിനോട് വിട പറയുന്നു

മിഡിൽസെക്സ് മുഖ്യ കോച്ച് സ്റ്റുവര്‍ട് ലോ ടീമിൽ നിന്ന് വിടവാങ്ങുന്നുവെന്ന് അറിയിച്ച് ക്ലബ്. ഒരു വര്‍ഷം കരാര്‍ ബാക്കി നില്‍ക്കവെയാണ് ലോ ഈ തീരുമാനത്തിലേക്ക് എത്തുന്നത്. 2019ൽ ക്ലബുമായി മൂന്ന് വര്‍ഷത്തെ കരാര്‍ സ്റ്റുവര്‍ട് ലോ ഒപ്പുവെച്ചിരുന്നു.

താത്കാലിക കോച്ചിന്റെ റോളിൽ അലന്‍ കോള്‍മാന്‍ ആണ് എത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ക്ലബിന്റെ പ്രകടനത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്.

2019ൽ 14 കൗണ്ടി മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് മിഡിൽസെക്സ് വിജയിച്ചത്. 2021ൽ കൗണ്ടി ചാമ്പ്യന്‍ഷിപ്പിൽ ഡിവിഷന്‍ മൂന്നിലാണ് ക്ലബ് മാറ്റുരയ്ക്കേണ്ടി വന്നത്.

2019 ടി20 ബ്ലാസ്റ്റിൽ ക്വാര്‍ട്ടര്‍ വരെ എത്തിയ ടീമിന് കഴിഞ്ഞ വര്‍ഷം അവസാന സ്ഥാനത്തിൽ നിന്ന് രണ്ടാമത് എത്തുവാന്‍ മാത്രമേ സാധിച്ചുള്ളു. 50 ഓവര്‍ ഫോര്‍മാറ്റിൽ 2019ൽ ക്വാര്‍ട്ടറിലെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം എട്ട് മത്സരങ്ങളിൽ വെറും രണ്ടെണ്ണമാണ് ടീം വിജയിച്ചത്.

കൗണ്ടി കളിക്കാനെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് കോവിഡ് പോസിറ്റീവായി

കൗണ്ടി കളിക്കാനെത്തിയ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന് കോവിഡ് ബാധ. 2019ൽ ഓസ്ട്രേലിയയ്ക്കായി അവസാനമായി കളിച്ച താരം മിഡിൽസെക്സിന് വേണ്ടിയാണ് കൗണ്ടി കളിക്കുന്നത്. താരം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. പകരം താരമായി അയര്‍ലണ്ടിന്റെ ടിം മുര്‍ട്ഗയെ ടീമിലേക്ക് എത്തിക്കുവാന്‍ കൗണ്ടി ക്ലബിന് സാധിച്ചിട്ടുണ്ട്.

ലെസ്റ്ററര്‍ഷയറിനെതിരെയുള്ള മത്സരത്തിൽ ഹാന്‍ഡ്സ്കോമ്പ് ആദ്യ ദിവസം കളിച്ചിരുന്നു. പിന്നീടാണ് പരിശോധനയിൽ താരം കോവിഡ് ബാധിതനാണെന്ന് അറിഞ്ഞത്. കൗണ്ടിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് താരത്തിന് 227 റൺസ് മാത്രമേ നേടാനായിരുന്നു. ഓസ്ട്രേലിയന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയെന്ന ആഗ്രഹത്തിന് വിനയാണ് താരത്തിന്റെ മോശം ഫോം.

വൈറ്റാലിറ്റി ബ്ലാസ്റ്റിൽ ഹാട്രിക്കുമായി ക്രിസ് ഗ്രീന്‍, പക്ഷേ ടീമിന് വിജയമില്ല

ക്രിസ് ഗ്രീന്‍ അവസാന ഓവറിൽ ഹാട്രിക്ക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയെങ്കിലും കെന്റിനെ കീഴടക്കാനാകാതെ മിഡിൽസെക്സ്. അവസാന ഓവറിലെ ആദ്യ പന്തിലും അവസാന മൂന്ന് പന്തിലും വിക്കറ്റ് നേടിയ ഗ്രീന്‍ മത്സരത്തിൽ അഞ്ച് വിക്കറ്റാണ് നേടിയത്. കെന്റ് 8 ഓവറിൽ 178 റൺസ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ മിഡിൽസെക്സിന് 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസേ നേടാനായുള്ളു.

ക്രിസ് ഗ്രീനുമായി കരാറിലെത്തി മിഡിൽസെക്സ്

ടി20 ബ്ലാസ്റ്റിന്റെ ആദ്യ പകുതിയിൽ ഓസ്ട്രേലിയൻ താരം ക്രിസ് ഗ്രീനിന്റെ സേവനം ഉറപ്പാക്കി മിഡൽസെക്സ്. അഫ്ഗാനിസ്ഥാന്‍ താരം മുജീബ് ഉര്‍ റഹ്മാൻ വിസ പ്രശ്നങ്ങള്‍ കാരണം ഇംഗ്ലണ്ടിലേക്ക് എത്തുന്നത് വൈകുമെന്നതിനാലാണ് പകരം ടി20 ബ്ലാസ്റ്റിന്റെ ആദ്യ മത്സരങ്ങളിലേക്ക് ക്രിസ് ഗ്രീനിനെ ഫ്രാ‍ഞ്ചൈസി സ്വന്തമാക്കിയത്. മുജീബ് അവസാന ഏഴ് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം എത്തും.

2019ൽ വാര്‍വിക്ക്ഷയറിന് വേണ്ടി കളിച്ചിട്ടുള്ളയാളാണ് ക്രിസ് ഗ്രീന്‍. അത് കൂടാതെ ബിഗ് ബാഷ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, കരീബിയൻ പ്രീമിയര്‍ ലീഗ് തുടങ്ങി നിരവധി ലീഗുകളിലും ഗ്രീൻ കളിച്ചിട്ടുണ്ട്. 108 ടി20 മത്സരങ്ങളിൽ നിന്ന് 87 വിക്കറ്റാണ് ഗ്രീന്‍ നേടിയിട്ടുള്ളത്. ബിഗ് ബാഷിൽ സിഡ്നി തണ്ടറിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളയാളാണ് താരം.

ഡാരില്‍ മിച്ചലിനെ സ്വന്തമാക്കി മിഡില്‍സെക്സ്

ടി20 ബ്ലാസ്റ്റിനായി ന്യൂസിലാണ്ട് താരം ഡാരില്‍ മിച്ചലിന്റെ സേവനം സ്വന്തമാക്കി മിഡില്‍സെക്സ്. 9 ടി20 ബ്ലാസ്റ്റ് മത്സരങ്ങള്‍ക്കായാണ് താരവുമായി കരാറിലെത്തിയിരിക്കുന്നത്. ആദ്യ അഞ്ച് മത്സരങ്ങള്‍ക്ക് പോള്‍ സ്റ്റിര്‍ലിംഗിനെയും ടീം സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന് പകരമായാണ് ഈ രണ്ട് താരങ്ങളുടെ സേവനം ടീം ഉറപ്പാക്കിയത്. മാര്‍ഷിനെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിച്ചതിനാലാണ് ഇത്.

ന്യൂസിലാണ്ടിന് വേണ്ടി 2019ല്‍ അരങ്ങേറ്റം കുറച്ച താരം രാജ്യത്തിനായി 15 ടി20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

പോള്‍ സ്റ്റിര്‍ലിംഗിനെ വീണ്ടും ടീമിലെത്തിച്ച് മിഡില്‍സെക്സ്

2021 ടി20 ബ്ലാസ്റ്റില്‍ പോള്‍ സ്റ്റിര്‍ലിംഗ് മിഡില്‍സെക്സിന് വേണ്ടി കളിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ക്ക് വേണ്ടിയാണ് താരത്തിന്റെ സേവനം കൗണ്ടി സ്വന്തമാക്കിയിരിക്കുന്നത്. മിച്ചല്‍ മാര്‍ഷിന് പകരമാണ് താരം ടീമിലേക്ക് എത്തുന്നത്. മാര്‍ഷിനെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനാലാണ് ഇത്.

സ്റ്റിര്‍ലിംഗ് 2010 മുതല്‍ 2019 വരെ മിഡില്‍സെക്സിനായി കളിച്ചിട്ടുള്ളയാളാണ്. 89 ടി20 ബ്ലാസ്റ്റ് മത്സരങ്ങളില്‍ നിന്ന് സ്റ്റിര്‍ലിംഗ് 2246 റണ്‍സാണ് നേടിയിട്ടുള്ളത്.

2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ മുജീബ് റഹ്മാന്‍ മിഡില്‍സെക്സുമായി കരാറിലെത്തി

2021 ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര്‍ റഹ്മാന്റെ സേവനം ഉറപ്പാക്കി മിഡില്‍സെക്സ്. 2019ല്‍ ക്ലബിനെ 19 വയസ്സുകാരന്‍ അഫ്ഗാന്‍ താരം പ്രതിനിധീകരിച്ചിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റാണ് ആ സീസണില്‍ താരം നേടിയത്. 2019ലെ നല്ല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ക്ലബിലേക്ക് എത്തുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് മുജീബ് വ്യക്തമാക്കി.

താരം മിഡില്‍സെക്സിന്റെ ഗ്രൂപ്പ് മത്സരങ്ങളില്‍ പൂര്‍ണ്ണമായും ടീം നോക്ക്ഔട്ട് ഘട്ടത്തിലെത്തിയാല്‍ അതിലും കളിക്കുമെന്നാണ് അറിയുന്നത്. ടി20 ഫോര്‍മാറ്റില്‍ റഷീദ് ഖാന് തൊട്ടുപിന്നിലായാണ് താരത്തിന്റെ റാങ്ക്. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലാവാസ് എന്നിവര്‍ക്ക് വേണ്ടി കളിക്കുന്ന മുജീബ് ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനെയാണ് പ്രതിനിധീകരിക്കുന്നത്.

സ്റ്റീഫന്‍ എസ്കിനാസി മിഡില്‍സെക്സിന്റെ ബോബ് വില്ലിസ് ട്രോഫി നായകന്‍

ഈ വര്‍ഷത്തെ കൗണ്ടി ചതുര്‍ദിന ടൂര്‍ണ്ണമെന്റായ ബോബ് വില്ലിസ് ട്രോഫിയിലേക്കുള്ള മിഡില്‍സെക്സ് ടീമിനെ സ്റ്റീഫന്‍ എസ്കിനാസി നയിക്കും. ടീം നേരത്തെ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ആയിരുന്നു ടീമിന്റെ ചതുര്‍ദിന-ഏകദിന ഫോര്‍മാറ്റ് ക്യാപ്റ്റനായി നിയമിച്ചതെങ്കിലും പിന്നീട് കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ഹാന്‍ഡ്സ്കോമ്പിന്റെ കരാര്‍ റദ്ദാക്കുകയായിരുന്നു.

2019 സീസണില്‍ ദാവീദ് മലന്റെ ഉപ നായകനായി എക്സിനാസി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ ടോബി റോളണ്ട്-ജോണ്‍സ് ആയിരിക്കും. ഓഗസ്റ്റ് 1ന് ആണ് ബോബ് വില്ലിസ് ട്രോഫി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പരമ്പരാഗതമായ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മാറ്റം വരുത്തിയാവും ഇത്തവണത്തെ പ്രത്യേക സാഹചര്യത്തില്‍ ടൂര്‍ണ്ണമെന്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

Exit mobile version