കൂറ്റന്‍ വിജയവുമായി ആദ്യ തോല്‍വിയുടെ പകരം വീട്ടി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ 126 റണ്‍സിന്റെ വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 305/7 എന്ന സ്കോര്‍ 50 ഓവറില്‍ നേടിയ ശേഷം അയര്‍ലണ്ടിനെ 179 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പര ഇരു ടീമുകളും പങ്കുവയ്ക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് ഷെഹ്സാദ് നേടിയ ശതകമാണ് ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചത്. 88 പന്തില്‍ 101 റണ്‍സ് നേടിയ താരത്തിനൊപ്പം റഹ്മത് ഷാ(62), ഹസ്മത്തുള്ള ഷഹീദി(47) എന്നിവര്‍ക്കൊപ്പം നജീബുള്ള സദ്രാന്‍ പുറത്താകാതെ 33 പന്തില്‍ നിന്ന് നേടിയ 60 റണ്‍സ് കൂടിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 305 എന്ന സ്കോറിലേക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നീങ്ങി. അയര്‍ലണ്ടിനു വേണ്ടി മാര്‍ക്ക് അഡൈര്‍ മൂന്നും ആന്‍ഡി മക്ബ്രൈന്‍ രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിനു വേണ്ടി 50 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയി. 41.2 ഓവറിലാണ് ടീം 179 റണ്‍സിനു ഓള്‍ഔട്ട് ആയത്. 34 റണ്‍സ് നേടിയ ഗാരി വില്‍സണ്‍ ആണ് ടീമിലെ മറ്റൊരു പ്രധാന സ്കോറര്‍. 6 വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബ് ആണ് അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ഏകദിനത്തിലും ജയിച്ച് തന്നെ തുടങ്ങി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെ ടി20 പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്തതിനു ശേഷം ഏകദിനത്തിലും വിജയത്തുടക്കവുമായി അഫ്ഗാനിസ്ഥാന്‍. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 161 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് മാത്രം 89 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോകുകയായിരുന്നു. 37 റണ്‍സ് നേടിയ ജോര്‍ജ്ജ് ഡോക്രെല്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

രണ്ടാം ഓവറില്‍ തുടങ്ങിയ വിക്കറ്റ് വീഴ്ച 49.2 ഓവറില്‍ ഓള്‍ഔട്ട് രൂപത്തില്‍ അവസാനിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനു വേണ്ടി ദവലത് സദ്രാനും മുജീബ് ഉര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടി. മുജീബ് 10 ഓവറില്‍ വെറും 14 റണ്‍സാണ് വിട്ട് നല്‍കിയത്. ഗുല്‍ബാദിന്‍ നൈബും രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനും ജയം 41.5 ഓവറില്‍ മാത്രമാണ് സ്വന്തമാക്കാനായത്. ലക്ഷ്യം തീരെ ചെറുതായിരുന്നുവെങ്കിലും 5 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. മുഹമ്മദ് ഷെഹ്സാദ് 43 റണ്‍സ് നേടിയപ്പോള്‍ ഗുല്‍ബാദിന്‍ നൈബ് 46 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. താരം തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഹസ്രത്തുള്ള സാസായി 25 റണ്‍സും റഹ്മത് ഷാ 22 റണ്‍സും മത്സരത്തില്‍ നേടി.

ഏഷ്യ കപ്പിനിടെ തന്നെ ബുക്കികള്‍ സമീപിച്ചുവെന്ന് അഫ്ഗാന്‍ താരം

ഏഷ്യ കപ്പിനിടെ യുഎഇയിലെ ഹോട്ടലില്‍ തന്നെ ബുക്കികള്‍ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി അഫ്ഗാന്‍ വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ മുഹമ്മദ് ഷെഹ്സാദ്. ഏഷ്യ കപ്പില്‍ മോശം പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു ബുക്കികളുടെ ആവശ്യമെന്നാണ് താരം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഷെഹ്സാദ് ഇത് ഉടന്‍ തന്നെ ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റിനെ അറിയിച്ചുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യ കപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഷെഹ്സാദ് 34, 37, 20 എന്നീ സ്കോറുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇന്ന് ബംഗ്ലാദേശിനെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടുന്നുണ്ട്.

Exit mobile version