സൗരാഷ്ട്രയെ തോൽപ്പിച്ച് തമിഴ്‌നാട് രഞ്ജി ട്രോഫി സെമി ഫൈനലിൽ

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ശക്തരായ സൗരാഷ്ട്രയെ തോൽപ്പിച്ച് തമിഴ്‌നാട്. ഇന്നിംഗ്സിനും 33 റൺസിനും ആയിരുന്നു തമിഴ്നാടിന്റെ വിജയം. സൗരാഷ്ട്ര ഇന്ന് രണ്ടാം ഇന്നിംഗ്സിൽ വെറും 122ന് ഓളൗട്ട് ആയി. ആദ്യ ഇന്നിംഗ്സിൽ സൗരാഷ്ട്ര 183 റണ്ണിനും ഓളൗട്ട് ആയിരുന്നു. രണ്ട് ഇന്നിംഗ്സും കൂടെ തമിഴ്നാടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 338ന് ഒപ്പം എത്താൻ സൗരാഷ്ട്രക്ക് ആയില്ല.

ക്യാപ്റ്റൻ സായ് കിഷോർ ആണ് തമിഴ്നാടിന്റെ കളിയിലെ താരമായാത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ സായ് കിഷോർ രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റുകളും വീഴ്ത്തി. കൂടാതെ ബാറ്റു ചെയ്ത് 40 റൺസും സായ് കിഷോർ നേടിയിരുന്നു.

46 റൺസ് എടുത്ത പൂജാര മാത്രമാണ് സൗരാഷ്ട്രക്ക് ആയി രണ്ടാം ഇന്നിംഗ്സിൽ തിളങ്ങിയത്. സന്ദീപ് വാര്യർ മൂന്ന് വിക്കറ്റും അജിത് റാം രണ്ടു വിക്കറ്റും തമിഴ്നാടിനായി നേടി.

തമിഴ്നാടുമായുള്ള മത്സരം ഉപേക്ഷിച്ചു, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കേരളം

എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി കേരളം. ഇന്ന് തമിഴ്നാടുമായുള്ള അവസാന മത്സരത്തിൽ കേരളം ആദ്യം ബാറ്റ് ചെയ്ത് 287/8 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് 7 ഓവറിൽ 43/1 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

23 റൺസ് എന്‍ ജഗദീഷന്‍ ക്രീസില്‍ നിന്നപ്പോള്‍ വൈശാഖ് ചന്ദ്രന്‍ സായി സുദര്‍ശനെ പുറത്താക്കിയാണ് കേരളത്തിനായി വിക്കറ്റ് നേടിയത്. ഇതോടെ ഇരു ടീമുകളും രണ്ട് പോയിന്റ് വീതം പങ്കുവെച്ചു.

കേരളത്തിന് 20 പോയിന്റും തമിഴ്നാടിന് 24 പോയിന്റും ലഭിച്ചപ്പോള്‍ തങ്ങളുടെ അവസാന മത്സരത്തിൽ ചത്തീസ്ഗഢുമായി എട്ട് വിക്കറ്റ് തോൽവിയേറ്റ് വാങ്ങിയത് ആന്ധ്രയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

തമിഴ്നാടിനെതിരെ 287 റൺസ് നേടി കേരളം, നിര്‍ണ്ണായക ഇന്നിംഗ്സുമായി വത്സൽ ഗോവിന്ദ്

മികച്ച ഫോമിലുള്ള തമിഴ്നാടിനെതിരെ 287 റൺസ് നേടി കേരളം. വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. വത്സൽ ഗോവിന്ദ്  പുറത്താകാതെ 95 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷ്ണു വിനോദ് 45 റൺസും രോഹന്‍ എസ് കുന്നുമ്മൽ 39 റൺസും നേടി.

അവസാന ഓവറുകളിൽ അബ്ദുള്‍ ബാസിത്ത് 41 റൺസുമായി വത്സലിന് മികച്ച പിന്തുണ നൽകിയാണ് കേരളത്തിന്റെ സ്കോര്‍ 287 റൺസിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്.

കേരളത്തിനായി ബേസിൽ എന്‍പി 4 പന്തിൽ 15 റൺസ് നേടി അവസാന ഓവറിൽ മികച്ച രീതിയിൽ ബാറ്റ് വീശി. വൈശാഖ് ചന്ദ്രനും വാലറ്റത്തിൽ 12 റൺസിന്റെ നിര്‍ണ്ണായക സംഭാവന നൽകി. തമിഴ്നാടിന് വേണ്ടി സന്ദീപ് വാര്യര്‍, എം മൊഹമ്മദ്, സോനു യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കേരളത്തിനെതിരെ ടോസ് നേടി തമിഴ്നാട്, ഫീൽഡിംഗ് തിരഞ്ഞെടുത്തു

വിജയ് ഹസാരെ ട്രോഫിയിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്ന കേരളത്തിന് ഇന്ന് എതിരാളികള്‍ തമിഴ്നാട്. കഴിഞ്ഞ മത്സരത്തിൽ അരുണാചലിനെതിരെ റൺ മല തീര്‍ത്താണ് ഇന്നത്തെ മത്സരത്തിലേക്ക് തമിഴ്നാട് എത്തുന്നത്. ജഗദീഷനും സായി സുദര്‍ശനും റെക്കോര്‍ഡുകളുടെ പെരുമഴയാണ് മത്സരത്തിൽ തീര്‍ത്തത്.

തമിഴ്നാട് ഗ്രൂപ്പ് സിയിൽ 22 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ കേരളത്തിനും ആന്ധ്രയ്ക്കും 18 പോയിന്റാണുള്ളത്. ആന്ധ്രയുടെ അവസാന മത്സരത്തിലെ എതിരാളികള്‍ ചത്തീസ്ഗഢ് ആണ്.

435 റൺസ് വിജയവുമായി തമിഴ്നാട്, അരുണാചലിനെ പുറത്താക്കിയത് 71 റൺസിന്

ആദ്യം ബാറ്റ് ചെയ്ത് എന്‍ ജഗദീഷന്റെയും സായി സുദര്‍ശന്റെയും ബാറ്റിംഗ് മികവിൽ 506/2 എന്ന സ്കോര്‍ നേടിയ തമിഴ്നാട് വിജയ് ഹസാരെ ട്രോഫിയിൽ തകര്‍പ്പന്‍ വിജയം നേടി. അരുണാച്ചൽ പ്രദേശിനെ 71 റൺസിന് ഓള്‍ഔട്ട് ആക്കി 435 റൺസിന്റെ പടുകൂറ്റന്‍ വിജയം ആണ് തമിഴ്നാട് ഇന്ന് നേടിയത്.

സിദ്ദാര്‍ത്ഥ് 5 വിക്കറ്റും രഘുപതി സിലംബരസനും മൊഹമ്മദും രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ 28.4 ഓവറിൽ അരുണാച്ചല്‍ ഇന്നിംഗ്സ് അവസാനിച്ചു.

അടിയോടടി!!!! ഓപ്പണര്‍മാര്‍ നേടിയത് 416 റൺസ്, 500 റൺസും കടന്ന് തമിഴ്നാട്

വിജയ് ഹസാരെ ട്രോഫിയിൽ അരുണാച്ചൽ പ്രദേശിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി തമിഴ്നാട്. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 506 റൺസാണ് നേടിയത്. ലിസ്റ്റ് എ മത്സരത്തിൽ ആദ്യമായി 500 കടക്കുന്ന ടീമായി ഇതോടെ തമിഴ്നാട് മാറി.

വെറും 2 വിക്കറ്റ് നഷ്ടമായ തമിഴ്നാടിന് വേണ്ടി 141 പന്തിൽ 277 റൺസ് നേടിയ എന്‍ ജഗദീഷനും 102 പന്തിൽ 154 റൺസ് നേടിയ സായി സുദര്‍ശനും ആണ് റൺ മല തീര്‍ക്കുവാന്‍ സഹായിച്ചത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 416 റൺസാണ് നേടിയത്. സുദര്‍ശന്റെ വിക്കറ്റാണ് ആദ്യം ടീമിന് നഷ്ടമായത്. താരം 19 ഫോറും 2 സിക്സും നേടിയപ്പോള്‍ ജഗദീഷന്‍ 25 ഫോറും 15 സിക്സുമാണ് നേടിയത്.

ബാബ അപരാജിത്(31*), ബാബ ഇന്ദ്രജിത്ത് (31*) എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാടിന്റെ സ്കോര്‍ 500 കടത്തിയത്.

പരിക്ക് മാറി എത്തുന്ന സുന്ദറും നടരാജനും തമിഴ്നാട് ടീമിൽ

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള തമിഴ്നാടിന്റെ ടീം പ്രഖ്യാപിച്ചു. കരുത്തരായ 16 അംഗ സംഘത്തെയാണ് തമിഴ്നാട് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരം ബാബ അപരാജിത് ആണ് ടീമിനെ നയിക്കുന്നത്.

ഒക്ടോബര്‍ 11ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ടീമിനായി വാഷിംഗ്ടൺ സുന്ദറും വിജയ് ശങ്കറും ടീമിലിടം പിടിച്ചിട്ടുണ്ട്.

തമിഴ്നാട്: B Aparajith (capt), Washington Sundar (vice-capt), B Sai Sudharsan, T Natarajan, M Shahrukh Khan, R Sai Kishore, R Sanjay Yadav, Sandeep Warrier, M Siddharth, Varun Chakravarthy, J Suresh Kumar, C Hari Nishaanth, N Jagadeesan, R Silambarasan, M Ashwin, G Ajitesh

അവസാന പന്തിൽ സിക്സര്‍ നേടി ഷാരൂഖ് ഖാന്‍, സയ്യദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി തമിഴ്നാട്

കര്‍ണ്ണാടകത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടി തമിഴ്നാട്. അവസാന പന്തിൽ വിജയത്തിനായി 5 റൺസ് നേടേണ്ട ഘട്ടത്തിൽ പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിന്റെയും ഇന്നിംഗ്സിലെയും അവസാന പന്തിൽ സിക്സര്‍ പായിച്ച് ഷാരൂഖ് ഖാന്‍ ആണ് തമിഴ്നാടിന് കിരീടം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 151 റൺസാണ് നേടിയത്. അഭിനവ് മനോഹര്‍(46), പ്രവീൺ ഡുബേ(33) എന്നിവരാണ് കര്‍ണ്ണാടക ബാറ്റിംഗിൽ തിളങ്ങിയത്. തമിഴ്നാടിനായി സായി കിഷോര്‍ മൂന്ന് വിക്കറ്റ് നേടി.

15 പന്തിൽ പുറത്താകാതെ 33 റൺസ് നേടിയ ഷാരൂഖ് ഖാന്‍ ആണ് ടീമിന്റെ വിജയ ശില്പി. എന്‍ ജഗദീഷന്‍(41), ഹരി നിശാന്ത്(12 പന്തിൽ 23) എന്നിവരാണ് മറ്റു നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തിയത്.

16 ഓവര്‍ പിന്നിടുമ്പോള്‍ 97/4 എന്ന നിലയിലായിരുന്ന തമിഴ്നാടിനായി ഷാരൂഖ് ഖാന്‍ കളി മാറ്റിയത് 17ാം ഓവര്‍ മുതലാണ്. താരം ഒരു വശത്ത് കൂറ്റന്‍ ഷോട്ടുകളുതിര്‍ത്തപ്പോളും മറുവശത്ത് കര്‍ണ്ണാടക ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടുന്നുണ്ടായിരുന്നു.

മൂന്നോവറിൽ 36 എന്ന നിലയിൽ നിന്ന് അവസാന ഓവറിൽ 16 എന്ന നിലയിലേക്കും പിന്നീട് അവസാന പന്തിൽ 5 റൺസെന്ന നിലയിലേക്കും മത്സരം മാറിയപ്പോള്‍ ഷാരൂഖാന്റെ ആ ഷോട്ടിൽ 2019ലെ കര്‍ണ്ണാടകയോടേറ്റ 1 റൺസ് തോല്‍വിയ്ക്ക് മധുര പ്രതികാരം നടത്തുവാന്‍ തമിഴ്നാടിനായി.

ക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികളായി എത്തുന്നത് അയല്‍ക്കാര്‍ തന്നെ

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കരുത്തരായ ഹിമാച്ചൽ പ്രദേശിനെതിരെ 8 വിക്കറ്റ് വിജയം നേടിയ കേരളത്തിന് എതിരാളികളായി ക്വാര്‍ട്ടറിൽ തമിഴ്നാട്. ഇന്ന് സ‍ഞ്ജു സാംസണിന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് കേരളം തമിഴ്നാടിനെതിരെയുള്ള ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കിയത്.

നവംബര്‍ 18ന് രാവിലെ 8.30ന് ആണ് കേരളത്തിന്റെ മത്സരം. മറ്റു ക്വാര്‍ട്ടര്‍ ഫൈനലുകളിൽ രാജസ്ഥാന്‍ വിദര്‍ഭയെയും ബംഗാള്‍ കര്‍ണ്ണാടകയെയും ഗുജറാത്ത് ഹൈദ്രാബാദിനെയും നേരിടും.

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദറും ദിനേശ് കാര്‍ത്തിക്കുമില്ല, വിജയ് ശങ്കര്‍ തമിഴ്നാടിനെ നയിക്കും

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദര്‍ കളിക്കില്ല. താരത്തിന് നാലാഴ്ച കൂടി വിശ്രമം ആവശ്യമായി വരുമെന്നാണ് നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.

ദിനേശ് കാര്‍ത്തിക്കിന്റെ അഭാവത്തിൽ തമിഴ്നാടിനെ വിജയ് ശങ്കര്‍ നയിക്കും. ക്യാപ്റ്റനായി കാര്‍ത്തിക്കിനെയാണ് നിശ്ചയിച്ചതെങ്കിലും താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ആറാഴ്ച വിശ്രമം ആവശ്യമായി വരുമെന്നാണ് അറിയുന്നത്.

വാഷിംഗ്ടണ്‍ സുന്ദറിന് തന്നെക്കാള്‍ മികവുണ്ട്, തമിഴ്നാടിന് വേണ്ടി നാലാം നമ്പറില്‍ താരം ബാറ്റ് ചെയ്യണം -രവി ശാസ്ത്രി

ഇന്ത്യുയുടെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ മുഖ്യ കോച്ച് രവി ശാസ്ത്രി. തനിക്കുള്ളതിനെക്കാള്‍ സ്വാഭാവികമായ കഴിവ് വാഷിംഗ്ടണ്‍ സുന്ദറിനുണ്ടെന്നും താരത്തിന് തമിഴ്നാടിന്റെ ടോപ് 4 സ്ഥാനത്ത് ഇറക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും രവി ശാസ്ത്രി പറഞ്ഞു. താന്‍ ഇത് തമിഴ്നാട് സെലക്ടര്‍മാരുമായിയോ അല്ലെങ്കില്‍ തമിഴ്നാട് ടീം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കുമായോ സംസാരിക്കുവാന്‍ തയ്യാറാണെന്നും രവി ശാസ്ത്രി പറഞ്ഞു.

വാഷിംഗ്ടണ്‍ സുന്ദര്‍ ടോപ് ഓര്‍ഡറില്‍ കളിക്കേണ്ട താരമാണെന്നും അവിടെ വളരെ അധികം റണ്‍സ് സ്കോര്‍ ചെയ്യുവാനുള്ള താരമാണ് സുന്ദര്‍ എന്നും രവി ശാസ്ത്രി പറഞ്ഞു. സുന്ദറിന് തന്റെ ബൗളിംഗും മെച്ചപ്പെടുത്താനായില്‍ ഇന്ത്യയുടെ നമ്പര്‍ ആറില്‍ ഇറങ്ങേണ്ട താരം സുന്ദര്‍ അയിരിക്കുമെന്നും ശാസ്ത്രി പറഞ്ഞു. തന്റെ കരിയറിന്റെ സമയത്ത് താന്‍ ചെയ്തിരുന്ന പോലെ 20 ഓവറുകള്‍ എറിയാനും 50ന് മേലുള്ള സ്കോര്‍ നേടുവാനും ഉള്ള ഒരാളുടെ റോളിലേക്ക് സുന്ദര്‍ ഏറ്റവും അനുയോജ്യമായ താരമാണെന്ന് വാഷിംഗ്ടണ്‍ സുന്ദറിനെപ്പറ്റി രവി ശാസ്ത്രി പറഞ്ഞു.

ബിസിസിഐ ആവശ്യപ്പെട്ടു, നടരാജനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കി

ഇന്ത്യന്‍ താരം ടി നടരാജന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി താരത്തെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനോട് താരത്തിനെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജനാക്കി നിര്‍ത്തുവാനായി താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ബിസിസിഐയുടെ ഈ ആവശ്യം.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കാനിരിക്കവെയാണ് ബിസിസിഐയുടെ ഈ നീക്കം. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകളുടെ ടീമില്‍ നടരാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ ടീം മാനേജ്മെന്റിന് താരത്തെ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിന് ആവശ്യമാണെന്നാണ് തങ്ങളെ അറിയിച്ചതെന്നും ഉചിതമായ തീരുമാനം തമിഴ്നാട് അസോസ്സിയേഷന്‍ ഈ വിഷയത്തില്‍ കൈക്കൊണ്ടുവെന്നും അധികാരികള്‍ അറിയിച്ചു.

Exit mobile version