രഞ്ജി ട്രോഫിയിൽ കേരളത്തിന് സമനില, വിജയം വഴുതിയകന്നത് നേരിയ വ്യത്യാസത്തിൽ

ഇൻഡോർ : രഞ്ജി ട്രോഫിയിൽ കേരളവും മധ്യപ്രദേശും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ ആധിപത്യം പുലർത്തിയ കേരളത്തിനെതിരെ കഷ്ടിച്ച് തോൽവിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ മധ്യപ്രദേശ്. വിജയലക്ഷ്യമായ 404 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് എട്ട് വിക്കറ്റിന് 167 റൺസെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു.

നേരത്തെ അഞ്ച് വിക്കറ്റിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു ഒന്നാം ഇന്നിങ്സ് ലീഡിൻ്റെ മികവിൽ കേരളത്തിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിൻ്റ് ലഭിച്ചപ്പോൾ മധ്യപ്രദേശ് ഒരു പോയിൻ്റ് നേടി.

മൂന്ന് വിക്കറ്റിന് 226 റൺസെന്ന നിലയിലാണ് അവസാന ദിവസം കേരളം ബാറ്റിങ് തുടങ്ങിയത്. കളി തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ സച്ചിൻ ബേബിയും ബാബ അപരാജിത്തും സെഞ്ച്വറി പൂർത്തിയാക്കി. സെഞ്ച്വറി നേടി അധികം വൈകാതെ ബാബ അപരാജിത് റിട്ടയേഡ് ഹ‍ർട്ടായി മടങ്ങി. 149 പന്തുകളിൽ 11 ഫോറും മൂന്ന് സിക്സുമടക്കം 105 റൺസായിരുന്നു അപരാജിത് നേടിയത്. തുട‍ർന്നെത്തിയ അഹ്മദ് ഇമ്രാനും അഭിജിത് പ്രവീണും ഡിക്ലറേഷൻ മുന്നിൽക്കണ്ട് സ്കോറിങ് വേഗത്തിലാക്കി. അഹ്മദ് ഇമ്രാൻ 22 പന്തുകളിൽ നിന്ന് 24 റൺസും അഭിജിത് പ്രവീൺ ഏഴ് പന്തുകളിൽ 11 റൺസും നേടി മടങ്ങി. അഞ്ച് വിക്കറ്റിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയ‍ർ ചെയ്തു. സച്ചിൻ ബേബി 122 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു സച്ചിൻ്റെ ഇന്നിങ്സ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ആദ്യ ഓവറിൽ തന്നെ ഹ‍ർഷ് ഗാവ്ലിയുടെ വിക്കറ്റ് നഷ്ടമായി.ശ്രീഹരി എസ് നായരുടെ പന്തിൽ കൃഷ്ണപ്രസാദ് ക്യാച്ചെടുത്താണ് ഹ‍ർഷ് മടങ്ങിയത്. തുടർന്ന് യഷ് ദുബെ, ഹിമൻശു മന്ത്രി, ഹർപ്രീത് സിങ് എന്നിവരെയും പുറത്താക്കി ശ്രീഹരി മധ്യപ്രദേശിൻ്റെ മുൻനിരയെ തകർത്തെറിഞ്ഞു. യഷ് ദുബെ 19ഉം ഹിമൻശു മന്ത്രി 26ഉം ഹർപ്രീത് സിങ് 13ഉം റൺസാണ് നേടിയത്. 18 റൺസെടുത്ത ക്യാപ്റ്റൻ ശുഭം ശർമ്മ റണ്ണൗട്ടായി. ചെറുത്തുനില്പിനൊടുവിൽ 31 റൺസെടുത്ത സാരാൻഷ് ജെയിനും പുറത്തായതോടെ വിജയപ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ ആര്യൻ പാണ്ഡെയും കുമാർ കാർത്തികേയയും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തിരിച്ചടിയായി. ഇരുവരും ചേർന്നുള്ള അപരാജിതമായ 41 റൺസ് കൂട്ടുകെട്ടാണ് മധ്യപ്രദേശിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ആര്യൻ പാണ്ഡെ 23ഉം കുമാർ കാർത്തികേയ 16ഉം റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ശ്രീഹരി എസ് നായർ നാലും ഏദൻ ആപ്പിൾ ടോം രണ്ടും എം ഡി നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി.

റിങ്കു സിംഗിന്റെ തകർപ്പൻ 176 റൺസ്: രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിന് നിർണായക ലീഡ്


കോയമ്പത്തൂരിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ തമിഴ്‌നാടിനെതിരെ റിങ്കു സിംഗ് 248 പന്തിൽ 176 റൺസെന്ന ഉജ്ജ്വല പ്രകടനത്തിലൂടെ ഉത്തർപ്രദേശിന് നിർണായകമായ അഞ്ച് റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിക്കൊടുത്തു. 17 ഫോറുകളും 6 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഈ ഇന്നിംഗ്‌സ്.

അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ റിങ്കു രണ്ടാം ദിനം കളി നിർത്തുമ്പോൾ 98 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം ദിനം താരം തന്റെ ഒൻപതാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി പൂർത്തിയാക്കി. ശിവം ശർമ്മ, കാർത്തിക് യാദവ്, ആഖിബ് ഖാൻ എന്നിവരുമായുള്ള കൂട്ടുകെട്ടുകൾ ഉത്തർപ്രദേശിനെ 460 റൺസിലെത്തിക്കുന്നതിൽ നിർണായകമായി.

തമിഴ്‌നാടിന്റെ 455 റൺസ് എന്ന ഒന്നാം ഇന്നിംഗ്‌സ് ടോട്ടലിനേക്കാൾ 5 റൺസ് കൂടുതലാണിത്. ഏഴ്, എട്ട്, ഒൻപത് വിക്കറ്റുകളിൽ യഥാക്രമം 53, 59, 33 റൺസുകളുടെ പ്രധാനപ്പെട്ട കൂട്ടുകെട്ടുകൾ ഈ ഇന്നിംഗ്‌സിൽ ഉൾപ്പെടുന്നു. ഒരു വലിയ ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് റിങ്കു പുറത്തായതെങ്കിലും, അദ്ദേഹത്തിന്റെ ഈ തകർപ്പൻ പ്രകടനം ഉത്തർപ്രദേശിന് നിർണ്ണായകമായ മൂന്ന് പോയിന്റുകൾ ഉറപ്പാക്കി.

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി കേരളം


ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്‌സിൽ 89 റൺസിന്റെ ലീഡ് നേടിയ കേരളം, മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് നേടി നിൽക്കുകയാണ് ഇപ്പോൾ.


ഒന്നാം ഇന്നിംഗ്‌സിൽ 281 റൺസ് നേടിയ ശേഷം, കേരള ബൗളർമാർ തകർപ്പൻ പ്രകടനത്തിലൂടെ മധ്യപ്രദേശിനെ 77.1 ഓവറിൽ 192 റൺസിന് പുറത്താക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പേസർമാരും സ്പിന്നർമാരും ആക്രമണത്തിന്റെ നിയന്ത്രണം നിലനിർത്തി.


എദെൻ ആപ്പിൾ ടോം 16 ഓവറിൽ 55 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. നിധീഷ് എം.ഡി. 23.1 ഓവറിൽ 55 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി മികച്ച പിന്തുണ നൽകി. ശ്രീഹരി എസ് നായർ, ഓൾറൗണ്ടർ ബി അപരാജിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി കേരളത്തിന്റെ ബൗളിംഗ് നിരയുടെ വൈവിധ്യം പ്രകടമാക്കി.


മധ്യപ്രദേശിനുവേണ്ടി സരൺഷ് ജെയിൻ 129 പന്തിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും സഹിതം 67 റൺസ് നേടി ഒറ്റയാൾ പോരാട്ടം നടത്തി. ആര്യൻ പാണ്ഡെയുമായി (91 പന്തിൽ 36 റൺസ്) ചേർന്ന് 59 റൺസിന്റെ നിർണായക കൂട്ടുകെട്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും, ആ കൂട്ടുകെട്ട് തകർന്നതോടെ 179/8 എന്ന നിലയിൽ നിന്ന് ആതിഥേയർ 192 റൺസിന് ഓൾ ഔട്ടായി തകരുകയായിരുന്നു.


രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; ആറ് വിക്കറ്റിന് 155 റൺസെന്ന നിലയിൽ

രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് മുൻതൂക്കം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 155 റൺസെന്ന നിലയിലാണ് മധ്യപ്രദേശ്. നേരത്തെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്‌സ് 281-ന് അവസാനിച്ചിരുന്നു.

ഏഴ് വിക്കറ്റിന് 246 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് ഇന്നിങ്‌സ് അധികം മുന്നോട്ടു നീക്കാനായില്ല. 35 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ശ്രീഹരി എസ്. നായരുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഏഴ് റൺസെടുത്ത ശ്രീഹരി, മൊഹമ്മദ് അർഷദ് ഖാൻ്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. വൈകാതെ ബാബ അപരാജിതിനെ കുൽദീപ് സെന്നും പുറത്താക്കി. സെഞ്ചുറിക്ക് രണ്ട് റൺസ് അകലെ 98 റൺസിൽ നിൽക്കെയാണ് അപരാജിത് പുറത്തായത്. 186 പന്തുകൾ നേരിട്ട് എട്ട് ബൗണ്ടറികളടക്കമാണ് അപരാജിത് 98 റൺസ് നേടിയത്. ഏഴ് റൺസെടുത്ത നിധീഷ് എം.ഡി. കൂടി പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്‌സ് 281-ൽ അവസാനിച്ചു. ഏദൻ ആപ്പിൾ ടോം ഒൻപത് റൺസുമായി പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി മൊഹമ്മദ് അർഷദ് ഖാൻ നാലും സരൻഷ് ജെയിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ യഷ് ദുബെയുടെ വിക്കറ്റ് നഷ്ടമായി. അഭിജിത് പ്രവീണിൻ്റെ പന്തിൽ ദുബെ പൂജ്യത്തിന് ക്ലീൻ ബൗൾഡാവുകയായിരുന്നു. 21 റൺസെടുത്ത ഹർഷ് ഗാവ്ലിയെ നിധീഷ് എം.ഡി. എൽബിഡബ്ല്യുവിൽ കുടുക്കി. ക്യാപ്റ്റൻ ശുഭം ശർമയെയും ഹർപ്രീത് സിങ്ങിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കി ഏദൻ ആപ്പിൾ ടോം കളി കേരളത്തിന് അനുകൂലമാക്കി. ഇരുവരും എൽബിഡബ്ല്യുവിലൂടെയാണ് പുറത്തായത്. മറുവശത്ത് ഉറച്ചുനിന്ന ഹിമാൻഷു മന്ത്രിയെ നിധീഷ് പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 73 റൺസെന്ന നിലയിലായിരുന്നു മധ്യപ്രദേശ്. ഋഷഭ് ചൗഹാനും സാരാൻഷ് ജെയിനും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും ഋഷഭിനെ പുറത്താക്കി ബാബ അപരാജിത് മധ്യപ്രദേശിന് വീണ്ടും പ്രഹരമേൽപ്പിച്ചു. 21 റൺസായിരുന്നു ഋഷഭ് നേടിയത്.

എന്നാൽ സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മധ്യപ്രദേശിന് പ്രതീക്ഷയാവുകയാണ്. ഇരുവരും ചേർന്ന് ഇതിനകം 54 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ സരൻഷ് 41ഉം, ആര്യൻ 33 റൺസുമായി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി നിധീഷ് എം.ഡി യും ഏദൻ ആപ്പിൾ ടോമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രഞ്ജി ട്രോഫിയിൽ കേരളം നാളെ മധ്യപ്രദേശിനെ നേരിടും

തിരുവനന്തപുരം – രഞ്ജി ട്രോഫിയിൽ കേരളം നാളെ മധ്യപ്രദേശിനെതിരെ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ കളിയിൽ സൗരാഷ്ട്രയ്ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിൻ്റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങുക. ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിൽ മത്സരത്തിൽ നിന്ന് കേരളം മൂന്ന് പോയിൻ്റ് സ്വന്തമാക്കിയിരുന്നു. ഇതുൾപ്പടെ കേരളത്തിന് ആകെ അഞ്ച് പോയിൻ്റാണുള്ളത്. മറുവശത്ത് നാല് കളികളിൽ നിന്ന് 15 പോയിൻ്റുമായി ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്.

മധ്യപ്രദേശിനെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിക്കിനെ തുടർന്ന് എ കെ ആകർഷിനെയും എൻ പി ബേസിലിനെയും ടീമിൽ നിന്ന് ഒഴിവാക്കി. പകരം അഭിഷേക് ജെ നായർ, അഭിജിത് പ്രവീൺ, വൈശാഖ് ചന്ദ്രൻ, ശ്രീഹരി എസ് നായർ, വി അജിത് എന്നിവരെ ഉൾപ്പെടുത്തി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറുവശത്ത് ശുഭം ശർമ്മയുടെ കീഴിലാണ് മധ്യപ്രദേശ് കളിക്കാനിറങ്ങുക. യഷ് ദുബെ, ഹർപ്രീത് സിങ് തുടങ്ങിയ മികവുറ്റ താരങ്ങളും മധ്യപ്രദേശ് ടീമിലുണ്ട്.

കേരള ടീം – മൊഹമ്മദ് അസറുദ്ദീൻ, അഭിഷേക് പി നായർ, അഭിഷേക് ജെ നായർ, കൃഷ്ണപ്രസാദ്, രോഹൻ എസ് കുന്നുമ്മൽ, അഹ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ബാബ അപരാജിത്, വരുൺ നായനാർ, നിധീഷ് എം ഡി, ഏദൻ ആപ്പിൾ ടോം, അഭിജിത് പ്രവീൺ, ഹരികൃഷ്ണൻ എം യു, വൈശാഖ് ചന്ദ്രൻ, അങ്കിത് ശർമ്മ, സിബിൻ പി ഗിരീഷ്, ശ്രീഹരി എസ് നായർ, അജിത് വി.

രഞ്ജി ട്രോഫിയിൽ കേരള – സൗരാഷ്ട്ര മത്സരം സമനിലയിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. 330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 154 റൺസെടുത്ത് നില്‍ക്കെയാണ് കളി സമനിലയിൽ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റൺസെന്ന നിലയിൽ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്സ് ലീഡിൻ്റെ മികവിൽ കേരളത്തിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിൻ്റ് ലഭിച്ചു. സൗരാഷ്ട്ര ഒരു പോയിൻ്റ് നേടി.

അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ് സൗരാഷ്ട്ര അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ഡിക്ലറേഷൻ മുന്നിൽക്കണ്ട് അതിവേഗം സ്കോർ ചെയ്ത സൗരാഷ്ട്ര ബാറ്റർമാർ എട്ട് ഓവറിൽ 51 റൺസ് കൂട്ടിച്ചേർത്തു.ഒടുവിൽ എട്ട് വിക്കറ്റിന് 402 റൺസെന്ന നിലയിൽ സൗരാഷ്ട്ര ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇതിനിടയിൽ പ്രേരക് മങ്കാദ് 62ഉം അൻഷ് ഗോസായി പത്തും ധർമ്മേന്ദ്ര സിങ് ജഡേജ അഞ്ചും റൺസ് നേടി പുറത്തായി. പ്രേരകിനെയും അൻഷ് ഗോസായിയെയും എം ഡി നിധീഷ് പുറത്താക്കിയപ്പോൾ എൻ പി ബേസിലാണ് ധർമ്മേന്ദ്ര സിങ് ജഡേജയെ പുറത്താക്കിയത്. യുവരാജ് സിങ് 12ഉം ജയ്ദേവ് ഉനദ്ഘട്ട് 11ഉം റൺസ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. ധർമ്മേന്ദ്ര സിങ് ജഡേജയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് രോഹൻ പുറത്തായത്. തുടർന്നെത്തിയ സച്ചിൻ ബേബിയും 16 റൺസെടുത്ത് പുറത്തായി. ഇതിനിടയിൽ ഓപ്പണർ എ കെ ആകർഷ് പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങി. അഞ്ച് റൺസായിരുന്നു ആകർഷ് നേടിയത്.

തുടർന്നെത്തിയ വരുൺ നായനാരും അഭിഷേക് പി നായരും മികച്ച പ്രതിരോധവുമായി ഉറച്ചു നിന്നു. ഇടയ്ക്ക് മഴയെ തുടർന്ന് കളി തടസ്സപ്പെട്ടു. കളി പുനരാരംഭിച്ചപ്പോഴും മികച്ച ബാറ്റിങ് തുടർന്ന ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു. 19 റൺസെടുത്ത അഭിഷേകിനെ ജഡേജയാണ് പുറത്താക്കിയത്. അഭിഷേകിന് പകരമെത്തിയ അഹ്മദ് ഇമ്രാൻ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഒടുവിൽ കേരളം മൂന്ന് വിക്കറ്റിന് 154 റൺസെടുത്ത് നില്‍ക്കെ കളി സമനിലയിൽ പിരിയുകയായിരുന്നു. വരുൺ നായനാർ 66ഉം അഹ്മദ് ഇമ്രാൻ 42ഉം റൺസുമായി പുറത്താകാതെ നിന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ധർമ്മേന്ദ്ര സിങ് ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്കോർ – സൌരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 402, ഡിക്ലയേഡ്

കേരളം ആദ്യ ഇന്നിങ്സ് 233, രണ്ടാം ഇന്നിങ്സ് മൂന്ന് വിക്കറ്റിന് 154

ചരിത്ര വിജയം; രഞ്ജി ട്രോഫിയിൽ ആദ്യമായി ഡൽഹിയെ തോൽപ്പിച്ച് ജമ്മു കശ്മീർ


ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ജമ്മു കശ്മീർ. 65 വർഷങ്ങൾക്കിടെ ആദ്യമായി രഞ്ജി ട്രോഫിയിൽ ഡൽഹിയെ ജമ്മു കശ്മീർ തോൽപ്പിച്ചു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 179 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റിന് അനായാസം മറികടന്നാണ് ജെ&കെ ഈ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത്.

1960-ന് ശേഷം ഡൽഹിക്കെതിരെ കളിച്ച 43 മത്സരങ്ങളിൽ 37ലും തോറ്റ ശേഷമുള്ള ജമ്മു കശ്മീരിന്റെ ഈ വിജയം ഡൽഹിയുടെ ദീർഘകാലാധിപത്യത്തിനാണ് വിരാമമിട്ടത്. ഈ സീസണിലെ ജെ&കെയുടെ രണ്ടാമത്തെ വിജയം കൂടിയാണിത്. ഇതോടെ എലൈറ്റ് ഗ്രൂപ്പ് ഡി പോയിന്റ് പട്ടികയിൽ മുംബൈക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് അവർ മുന്നേറി.


ഈ മത്സരത്തിൽ നിരവധി മികച്ച പ്രകടനങ്ങൾ ഉണ്ടായി. ഡൽഹിയുടെ ആദ്യ ഇന്നിംഗ്‌സിൽ ജെ&കെയുടെ പേസർ ഔഖിബ് നബി 35 റൺസിന് 5 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ ക്യാപ്റ്റൻ പരസ് ഡോഗ്ര നേടിയ സെഞ്ച്വറി (106), അബ്ദുൾ സമദിന്റെ 85 റൺസ് സംഭാവനയും ജെ&കെയ്ക്ക് നിർണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിക്കൊടുത്തു. ഡൽഹിയുടെ രണ്ടാം ഇന്നിംഗ്‌സിൽ ആയുഷ് ബദോണി 72 റൺസും ആയുഷ് ഡോസെജ 62 റൺസും നേടി പൊരുതി നോക്കിയെങ്കിലും, നാടകീയമായി 277 റൺസിന് അവർ ഓൾ ഔട്ടായി. ഇടംകൈയ്യൻ സ്പിന്നർ വൻഷജ് ശർമ്മ 68 റൺസിന് 6 വിക്കറ്റ് വീഴ്ത്തിയാണ് ഡൽഹിയുടെ തകർച്ച പൂർത്തിയാക്കിയത്.

അവസാന ഇന്നിംഗ്‌സിൽ ഓപ്പണർ ഖംറാൻ ഇഖ്ബാൽ പുറത്താകാതെ നേടിയ കരിയറിലെ മികച്ച 133 റൺസ്, ജെ&കെയെ വിജയത്തിലേക്ക് നയിച്ചു.

ഷംസ് മുലാനിയുടെ അഞ്ച് വിക്കറ്റ് പ്രകടനം, മുംബൈക്ക് തകർപ്പൻ ജയം


മുംബൈ: രഞ്ജി ട്രോഫി 2025-26 സീസണിലെ എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ മുംബൈയ്ക്ക് മികച്ച വിജയം. ബാന്ദ്ര കുർള കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ ഇന്നിങ്സിനും 120 റൺസിനുമാണ് മുംബൈ ഹിമാചൽ പ്രദേശിനെ തകർത്തത്. രണ്ട് ദിവസത്തിനുള്ളിൽ ഹിമാചലിന്റെ ബാറ്റിംഗ് നിരയെ രണ്ടുതവണയും തകർത്തുകൊണ്ട് നിർണായകമായ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഷംസ് മുലാനിയാണ് മുംബൈയുടെ വിജയശില്പി.

ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ 446 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിനെ ഒന്നാം ഇന്നിങ്സിൽ 187 റൺസിനും രണ്ടാം ഇന്നിങ്സിൽ 139 റൺസിനും പുറത്താക്കിയാണ് മുംബൈ ആധികാരിക വിജയം സ്വന്തമാക്കിയത്.
തുടക്കം മുതൽ തന്നെ ഹിമാചൽ പ്രദേശ് ബാറ്റിംഗിൽ പതറി. പുഖ്രാജ് മാൻ (65), നിഖിൽ ഗാംഗ്ത (64 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ഹിമാചലിനു വേണ്ടി ചെറുത്തുനിൽപ്പ് നടത്തിയത്. മുലാനിയുടെ സ്പിൻ മാന്ത്രികതയിൽ അധിഷ്ഠിതമായ മുംബൈയുടെ ബൗളിംഗ് ആക്രമണത്തിന് ആയുഷ് മ്ഹാത്തറെ, ശാർദുൽ താക്കൂർ എന്നിവർ മികച്ച പിന്തുണ നൽകി.

ഹിമാചലിന് ഒരു തിരിച്ചുവരവിന് പോലും അവസരം നൽകാതെ മുംബൈ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിങ്സിൽ 69 റൺസ് നേടിയ മുലാനി, ഇപ്പോൾ തന്റെ 19-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ സൌരാഷ്ട്ര മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൌരാഷ്ട്ര. ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൌരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൌരാഷ്ട്രയ്ക്ക് ഇപ്പോൾ 278 റൺസിൻ്റെ ലീഡൂണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൌരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്.

ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൌരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിൻ്റെയും വൈകാതെ ഗജ്ജർ സമ്മറിൻ്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൌരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിൻ്റെ പന്തിൽ എൽബി ഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻ പി ക്ലീൻ ബൌൾഡാക്കുകയായിരുന്നു.

എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൌരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിൻ്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൌരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്തത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.

തുടർന്ന് ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൌരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനിയെ ബേസിൽ പന്തിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. 14 ബൌണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ 52 റൺസോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അൻഷ് ഗോസായിയുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.

സ്കോർ – സൌരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 351

കേരളം ആദ്യ ഇന്നിങ്സ് 233

രഞ്ജി ട്രോഫി, കേരളം 233ന് പുറത്ത്, 73 റൺസിന്റെ ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൌരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 73 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 233ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ സൌരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ സൌരാഷ്ട്ര 160 റൺസിന് പുറത്തായിരുന്നു.

രണ്ട് വിക്കറ്റിന് 82 റൺസെന്ന നിലയിൽ കളി ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന കേരളത്തിന് തുടക്കത്തിൽ തന്നെ അഹ്മദ് ഇമ്രാൻ്റെ വിക്കറ്റ് നഷ്ടമായി.10 റൺസെടുത്ത അഹ്മദ് ഇമ്രാനെ ജയ്ദേവ് ഉനദ്ഘട്ട് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സ്കോർ 128ൽ നില്ക്കെ രോഹൻ കുന്നുമ്മലും മടങ്ങി. 80 റൺസെടുത്ത രോഹൻ ചിരാഗ് ജാനിയുടെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീൻ റൺസെടുക്കാതെ മടങ്ങി.എന്നാൽ അങ്കിത് ശർമ്മയും ബാബ അപരാജിത്തും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്നുള്ള 78 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.

38 റൺസെടുത്ത അങ്കിത് ശർമ്മയെ പുറത്താക്കി ധർമ്മേന്ദ്ര സിങ് ജഡേജയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്നെത്തിയവരിൽ ആർക്കും പിടിച്ചു നില്ക്കാനായില്ല. വരുൺ നായനാരും ബേസിൽ എൻ പിയും റണ്ണെടുക്കാതെ മടങ്ങിയപ്പോൾ ഏദൻ ആപ്പിൾ ടോം നാല് റൺസെടുത്ത് പുറത്തായി. ഒടുവിൽ ഒരറ്റത്ത് ഉറച്ച് നിന്ന ബാബ അപരാജിത്തും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 233ൽ അവസാനിച്ചു. 69 റൺസാണ് അപരാജിത് നേടിയത്. സൌരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനദ്ഘട്ട് നാലും ഹിതെൻ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ സൌരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ ഹാർവിക് ദേശായിയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത ഹാർവിക്, നിധീഷിൻ്റെ പന്തിൽ രോഹൻ കുന്നുമ്മൽ ക്യാച്ചെടുത്താണ് പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഗജ്ജർ സമ്മാറും ജയ് ഗോഹിലും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസം പൂർത്തിയാക്കി. കളി അവസാനിക്കുമ്പോൾ ഗജ്ജർ 20ഉം ജയ് ഗോഹിൽ 22ഉം റൺസും നേടി ക്രീസിലുണ്ട്.

തുടർച്ചയായി 8 സിക്സ്, 11 പന്തിൽ ഫിഫ്റ്റി, മേഘാലയയുടെ ആകാശ് ചൗധരിക്ക് ലോക റെക്കോർഡ്


മേഘാലയയുടെ ആകാശ് ചൗധരി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി നേടി ശ്രദ്ധേയനായി. സൂറത്തിലെ സി.കെ. പിത്താവാല ഗ്രൗണ്ടിൽ അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിലാണ് ആകാശ് ഈ ചരിത്രനേട്ടം കൈവരിച്ചത്. വെറും 11 പന്തിൽ 50 റൺസാണ് താരം അടിച്ചെടുത്തത്.


അവിശ്വസനീയമായ പ്രകടനത്തിൽ ചൗധരി തുടർച്ചയായ എട്ട് സിക്സറുകൾ നേടി, അതിൽ ലെഫ്റ്റ് ആം സ്പിന്നർ ലിമർ ദാബിയുടെ ഒരോവറിൽ അടിച്ച ആറ് സിക്സറുകളും ഉൾപ്പെടുന്നു. ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡും ഇതോടെ ചൗധരിക്ക് സ്വന്തമായി. 2012-ൽ 12 പന്തുകളിൽ അർധസെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ൻ വൈറ്റിന്റെ മുൻ റെക്കോർഡിനേക്കാൾ ഒരു പന്ത് വേഗത്തിലാണ് ചൗധരി ഈ നേട്ടം കുറിച്ചത്.

മേഘാലയ 576/6 എന്ന നിലയിൽ ആധിപത്യം പുലർത്തുന്ന സമയത്ത് എട്ടാം നമ്പറിലായാണ് ആകാശ് ചൗധരി ക്രീസിലെത്തിയത്. ചൗധരിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനം കളിക്ക് ഒരു പുതിയ മാനം നൽകി. ഇത് മേഘാലയയുടെ ടോട്ടൽ ഡിക്ലയർ ചെയ്യുന്നതിന് മുൻപ് 628-ൽ എത്തിച്ചു. 14 പന്തിൽ 50 റൺസ് നേടി അദ്ദേഹം പുറത്താകാതെ നിന്നു. ബൗണ്ടറികളൊന്നും ഇല്ലാതെ, സിക്സറുകൾ മാത്രം അടിച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇത് അദ്ദേഹത്തിന്റെ അസാമാന്യമായ നിയന്ത്രണവും ആധിപത്യവും വ്യക്തമാക്കുന്നു. ഈ റെക്കോർഡ് പ്രകടനം ആകാശ് ചൗധരിയെ സർ ഗാരി സോബേഴ്സ്, രവി ശാസ്ത്രി തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ നിരയിലേക്ക് ഉയർത്തി. ഈ നേട്ടം രഞ്ജി ട്രോഫിയുടെ പ്രശസ്തി വർദ്ധിപ്പിക്കുക മാത്രമല്ല, ആഗോള ക്രിക്കറ്റ് ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കുകയും ചെയ്തു.


രഞ്ജി ട്രോഫി: സൗരാഷ്ട്രക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്


മംഗലപുരത്തെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഫസ്റ്റ് ക്ലാസ് മത്സരത്തിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ, സൗരാഷ്ട്രക്കെതിരെ 9 റൺസിന്റെ നേരിയ ലീഡ് നേടി കേരളം. 51.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എന്ന നിലയിലാണ് കേരളം ഇപ്പോൾ ഉള്ളത്.


രോഹൻ എസ്. കുന്നുമ്മലിന്റെ മികച്ച ബാറ്റിംഗാണ് കേരളത്തിന് നിർണ്ണായകമായത്. അദ്ദേഹം 96 പന്തിൽ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 80 റൺസ് നേടി. കൂടാതെ, 75 പന്തിൽ മൂന്ന് ബൗണ്ടറികളോടെ 34 റൺസെടുത്ത് ബി. അപരാജിത് പുറത്താകാതെ നിൽക്കുന്നു.


സൗരാഷ്ട്ര ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. 15 ഓവറിൽ 39 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജെ. ഉനദ്കട്ടാണ് ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയത്. 11 ഓവറിൽ 40 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത ഹിതൻ കാൻബിയും അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. ചിരാഗ് ജാനിയും ഒരു നിർണ്ണായക വിക്കറ്റ് സ്വന്തമാക്കി.



Exit mobile version