ബറോഡയെ വീഴ്ത്തി തമിഴ്നാടിന് സയ്യദ് മുഷ്താഖ് അലി ട്രോഫി കിരീടം

ബറോഡ നല്‍കിയ 121 റണ്‍സ് വിജയ ലക്ഷ്യം 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് തമിഴ്നാട്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ മണിമാരന്‍ സിദ്ധാര്‍ത്ഥിന്റെ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം വിഷ്ണു സോളങ്കിയും(49), അതിത് സേത്തും(29) ചേര്‍ന്ന് ബറോഡയെ 120/9 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ഹരി നിശാന്ത്(35), ബാബ അപരാജിത്(29*), ദിനേശ് കാര്‍ത്തിക്(22), ഷാരൂഖ് ഖാന്‍(18*), എന്‍ ജഗദീഷന്‍(14) എന്നിവരുടെ ബാറ്റിംഗ് മികവാണ് തമിഴ്നാടിനെ കിരീടം ജേതാക്കളാക്കി മാറ്റിയത്.

ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍, ആശ്വാസമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ട്

സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍ സിദ്ധാര്‍ത്ഥ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടുവാനായത്. 36/6 എന്ന നിലയില്‍ നിന്നാണ് ബറോഡ ഈ സ്കോറിലേക്ക് എത്തിയത്.

വിഷ്ണു സോളങ്കി 49 റണ്‍സ് നേടിയാണ് മത്സരത്തിലേക്ക് വീണ്ടും ബറോഡയെ തിരികെ കൊണ്ടുവന്നത്. 4 വിക്കറ്റ് പ്രകടനം നടത്തിയ മണിമാരന്റെ സ്പെല്‍ ബറോഡയെ തകര്‍ത്തെറിയുകയായിരുന്നു.

4 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മണിമാരന്‍ സിദ്ധാര്‍ത്ഥ് തന്റെ മൂന്ന് വിക്കറ്റും നേടിയത്. ഏഴാം വിക്കറ്റില്‍ 58 റണ്‍സുമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ടാണ് ബറോഡയെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 29 റണ്‍സ് നേടിയ സേത്തിനെ പുറത്താക്കി സോനു യാദവ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

സോളങ്കി അവസാന ഓവറില്‍ ഒരു പന്ത് അവശേഷിക്കെ റണ്ണൗട്ടാകുമ്പോള്‍ അര്‍ഹമായ അര്‍ദ്ധ ശതകം താരത്തിന് നഷ്ടമായി.

 

ബറോഡയും തമിഴ്നാടും സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കയറി ബറോഡയും തമിഴ്നാടും. തമിഴ്നാട് രാജസ്ഥാനെയും ബറോഡ പഞ്ചാബിനെയും മറികടന്നാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് കടന്നത്. ഫൈനല്‍ മത്സരം ജനുവരി 31 ഞായറാഴ്ച അഹമ്മദാബാദിലെ സര്‍ദ്ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കും.

രാജസ്ഥാനെതിരെ ഏഴ് വിക്കറ്റ് വിജയം ആണ് തമിഴ്നാട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയപ്പോള്‍ തമിഴ്നാട് 3 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ 158 റണ്‍സ് നേടി വിജയം ഉറപ്പാക്കി. 54 പന്തില്‍ 89 റണ്‍സ് നേടിയ തമിഴ്നാടിന്റെ അരു‍ണ്‍ കാര്‍ത്തിക് ആണ് കളിയിലെ താരം.

പഞ്ചാബിനെതിരെ 25 റണ്‍സ് വിജയം നേടിയാണ് ബറോഡ ഫൈനലിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സേ നേടിയുള്ളു.

ബറോഡയ്ക്കായി കേധാര്‍ ദേവ്ദര്‍ 64 റണ്‍സും കാര്‍ത്തിക് കാക്ഡേ 53 റണ്‍സും നേടി തിളങ്ങി. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ മന്‍ദീപ് സിംഗ് 24 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ഇല്ലാതിരുന്നപ്പോള്‍ ചേസിംഗ് ദുഷ്കരമായി.

 

പഞ്ചാബും തമിഴ്നാടും സെമിയില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് പഞ്ചാബും തമിഴ്നാടും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പഞ്ചാബ് കര്‍ണ്ണാടകയെയും തമിഴ്നാട് ഹിമാച്ചല്‍ പ്രദേശിനെയും പരാജയപ്പെടുത്തുകയായിരുന്നു.

കര്‍ണ്ണാടകയ്ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത പഞ്ചാബ് എതിരാളികളഎ 87 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 12.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ മൂന്നും സന്ദീപ് ശര്‍മ്മ, അര്‍ഷ്ദീപ് സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

സിമ്രാന്‍ സിംഗ് 49 റണ്‍സും മന്‍ദീപ് സിംഗ് 35 റണ്‍സും നേടി പുറത്താകാതെ നിന്നാണ് പഞ്ചാബിന്റെ അനായാസ വിജയം ഉറപ്പാക്കിയത്.

Tamilnadu

രണ്ടാം ക്വാര്‍ട്ടറില്‍ ഹിമാച്ചലിനെതിരെ 5 വിക്കറ്റ് വിജയമാണ് തമിഴ്നാട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹിമാച്ചല്‍ 135/9 എന്ന സ്കോര്‍ നേടിയപ്പോള്‍ തമിഴ്നാട് 17.5 ഓവറില്‍ വിജയം ഉറപ്പാക്കി. 52 റണ്‍സ് നേടിയ ബാബ അപരാജിതും 19 പന്തില്‍ 40 റണ്‍സ് നേടിയ ഷാരൂഖ് ഖാനും ആണ് തമിഴ്നാടിന്റെ വിജയം എളുപ്പത്തിലാക്കിയത്.

തമിഴ്നാടിലേക്ക് മാറുവാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് ദിനേശ് കാര്‍ത്തിക്

കേരള താരം സന്ദീപ് വാര്യര്‍ അടുത്തിടെയാണ് തമിഴ്നാട്ടിലേക്ക് മാറുവാന്‍ തീരുമാനിച്ചത്. ഇന്ത്യ സിമന്റ്സിന് വേണ്ടി ജോലി ചെയ്യുന്ന താരം എംആര്‍എഫ് പേസ് ഫൗണ്ടേഷനിലാണ് പരിശീലനം നടത്തുന്നത്. ദിനേശ് കാര്‍ത്തിക് ആണ് തമിഴ്നാടിലേക്ക് മാറുവാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് സന്ദീപ് വ്യക്തമാക്കി.

തമിഴ്നാട്ടില്‍ ജോലി ചെയ്യുന്നതിനാലാണ് തന്നോട് തമിഴ്നാടിന് വേണ്ടി കളിക്കുന്നത് ആലോചിക്കുവാന്‍ ദിനേശ് കാര്‍ത്തിക് ആവശ്യപ്പെട്ടതെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ഇരുവരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ളതുമാണ്.

കേരളത്തിലെ സുഹൃത്തുക്കളെ നഷ്ടമാകുമെന്നതിനാല്‍ തന്നെ അത് വളരെയേറെ പ്രയാസമേറിയ തീരുമാനം ആയിരുന്നുവെന്നും താന്‍ ഈ വിഷയം ടിനു യോഹന്നാനിനോടും കേരള അസോസ്സിയേഷനും ചര്‍ച്ച ചെയ്തപ്പോള്‍ അവിടെ നിന്നുള്ള പ്രതികരണം തന്റെ തീരുമാനത്തിന് എല്ലാം വിടുന്നു എന്നായിരുന്നു.

താന്‍ തമിഴ്നാട് സഹ പരിശീലകന്‍ ആര്‍ പ്രസന്നയോട് കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശം അവതരിപ്പിച്ചപ്പോള്‍ ഇന്ത്യ സിമന്റ്സിന്റെയും കോച്ചായ അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയായിരുന്നുവെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാരണം സന്ദീപ് വാര്യറിന് ഇതുവരെ കേരളത്തില്‍ നിന്നുള്ള അനുമതി പത്രം ലഭിച്ചിട്ടില്ല.

തമിഴ്നാട് സെലക്ടര്‍മാര്‍ പാലിക്കേണ്ടത് ധോണി ടാക്ടിക്സ് – ഡബ്ല്യു വി രാമന്‍

എംഎസ് ധോണിയുടെ ടാക്ടിക്സ് ആവും തമിഴ്നാട് ടീം സെലക്ഷന്റെ കാര്യത്തില്‍ പാലിക്കുക എന്ന് പറഞ്ഞ് ഡബ്ല്യു വി രാമന്‍. കഴിഞ്ഞ കുറച്ച് നാളായി രഞ്ജി ട്രോഫിയില്‍ മികവ് പുലര്‍ത്താനാകാതെ പോകുന്ന തമിഴ്നാടിന് ടീം സെലക്ഷനില്‍ ധോണിയുടെ നയം സ്വീകരിക്കുവാനാകുന്നതെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ വനിത ടീം കോച്ചുമായ ഡബ്ല്യു വി രാമന്‍ അഭിപ്രായപ്പെട്ടത്.

ധോണി തന്റെ ടീമിലെ താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ടീമില്‍ നിന്ന് മോശം പ്രകടനത്തിന്റെ പേരില്‍ പുറത്താക്കുന്നതിന് മുമ്പ് നിരവധി അവസരം കൊടുക്കുന്നത് പതിവാണെന്നും രവിചന്ദ്രന്‍ അശ്വിനോട് സംസാരിക്കവേ രാമന്‍ വ്യക്തമാക്കി.

അല്ലാതെ ടീമിന്റെ പ്രകടനം മോശമാകുമ്പോള്‍ ഉടനടി മാറ്റങ്ങള്‍ക്കായി മുറവിളി കൂട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നും താരങ്ങളെ പിന്തുണയ്ക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്നാട് സെലക്ടര്‍മാര്‍ സമാനമായ ഒരു നയം ആണ് താരങ്ങളുടെ സെലക്ഷനില്‍ പാലിക്കേണ്ടതെന്നും ഡബ്ല്യു വി രാമന്‍ വ്യക്തമാക്കി.

കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് നടരാജന്‍, അവസാന പ്രതീക്ഷ സഞ്ജുവില്‍

തമിഴ്നാടിനെതിരെയുള്ള രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രതിരോധം ഭേദിച്ച് ടി നടരാജന്‍. ആദ്യ സെഷനില്‍ സിജോമോന്‍ ജോസഫുമായി സഞ്ജു കേരളത്തിനെ കരകയറ്റുമെന്ന് തോന്നിച്ചുവെങ്കിലും രണ്ടാം സെഷനില്‍ 55 റണ്‍സ് നേടിയ സിജോയെ പുറത്താക്കി നടരാജന്‍ തമിഴ്നാടിനെ തിരികെ കൊണ്ടുവന്നു. അടുത്ത ഓവറില്‍ രാഹുല്‍ റണ്ണൗട്ടാവുകയും സച്ചിന്‍ ബേബി പൂജ്യത്തിനു പുറത്താകുകയും ചെയ്തതോടെ കേരളം കൂടുതല്‍ പ്രതിരോധത്തിലായി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിഎ ജഗദീഷും റണ്‍സ് സ്കോര്‍ ചെയ്യാതെ മടങ്ങി.

സഞ്ജു സാംസണ്‍ 77 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ 74 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ കേരളം 195 റണ്‍സ് നേടിയിട്ടുണ്ട്. സഞ്ജുവിനു കൂട്ടായി 14 റണ്‍സുമായി വിഷ്ണു വിനോദാണ് ക്രീസില്‍ നില്‍ക്കുന്നത്. മധ്യ നിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായത് കേരളത്തിനു തിരിച്ചടിയായി മാറിയപ്പോള്‍ മത്സരത്തില്‍ പരാജയം ഒഴിവാക്കുവാന്‍ കേരളം ഒരു സെഷന്‍ അതിജീവിക്കേണ്ടതുണ്ട്. നാല് വിക്കറ്റുകളാണ് ടീമിന്റെ കൈവശമുള്ളത്.

കരുതലോടെ കേരളം, ഒന്നാം സെഷനില്‍ നഷ്ടമായത് ഒരു വിക്കറ്റ് മാത്രം, സഞ്ജു സാംസണ് അര്‍ദ്ധ ശതകം

രഞ്ജി ട്രോഫി അവസാന ദിവസം തമിഴ്നാടിനെതിരെ കരുതലോടെ ബാറ്റ് വീശി കേരളം. 27/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളം നാലാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ കേരളം 143/2 എന്ന നിലയിലാണ്. രണ്ട് സെഷനുകള്‍ അവശേഷിക്കെ കേരളത്തിന്റെ കൈവശം 8 വിക്കറ്റുള്ളപ്പോള്‍ നേടേണ്ടത് 226 റണ്‍സ് കൂടിയാണ്. മത്സരം സമനിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാവും കേരളം അടുത്ത രണ്ട് സെഷനുകളെ സമീപിക്കുക.

കേരളത്തിനായി സഞ്ജു സാംസണ്‍ 52 റണ്‍സും സിജോമോന്‍ ജോസഫ് 44 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. 33 റണ്‍സ് നേടി അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. സായി കിഷോറിനാണ് വിക്കറ്റ്.

കേരളം കഷ്ടപ്പെടും, ജയിക്കുവാന്‍ 369 റണ്‍സ്

തമിഴ്നാടിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു കടുപ്പമേറിയ വിജയലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഒഴിവാക്കുവാന്‍ ടീം 369 റണ്‍സാണ് നേടേണ്ടത്. 252/7 എന്ന നിലയില്‍ തമിഴ്നാട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സിലെ മോശം പ്രകടനം തമിഴ്നാടിനു 116 റണ്‍സിന്റെ ലീഡ് നല്‍കിയിരുന്നു. ഇതോടെ മത്സരത്തില്‍ തമിഴ്നാടിനു 368 റണ്‍സിന്റെ ലീഡ് ലഭിച്ചു.

92 റണ്‍സ് നേടി പുറത്തായ ബാബ ഇന്ദ്രജിത്ത് തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും തമിഴ്നാടിനായി തിളങ്ങിയത്. കൗശിക് 59 റണ്‍സ് നേടിയപ്പോള്‍ അഭിനവ് മുകുന്ദ് 33 റണ്‍സും ഷാരൂഖ് ഖാന്‍ 34 റണ്‍സും നേടി. കേരളത്തിനായി സിജോമോന്‍ ജോസഫ് 4 വിക്കറ്റും സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും നേടി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 27/1 എന്ന നിലയിലാണ്. ഒരു ദിവസത്തെ കളി അവശേഷിക്കെ കേരളം 342 റണ്‍സ് കൂടി നേടേണ്ടതുണ്ട്. കൈയ്യില്‍ 9 വിക്കറ്റ് അവശേഷിക്കുന്നു.

116 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫിയുടെ മൂന്നാം ദിവസം 11 പന്തുകള്‍ക്കുള്ളില്‍ കേരള ഇന്നിംഗ്സിനു അവസാനം. 116 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. 29 റണ്‍സ് നേടിയ സിജോമോന്‍ ജോസഫിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി കേരള ഇന്നിംഗ്സിനു രാഹില്‍ ഷാ പരിസമാപ്തി കുറിച്ചു. രാഹില്‍ മത്സരത്തില്‍ നിന്ന് 4 വിക്കറ്റും ടി നടരാജന്‍ 3 വിക്കറ്റും നേടി. 59 റണ്‍സ് നേടിയ രാഹുല്‍ പിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.

അവശേഷിക്കുന്നത് ഒരു വിക്കറ്റ്, 117 റണ്‍സ് പിന്നിലായി കേരളം, അര്‍ദ്ധ ശതകം നേടി രാഹുല്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം. തമിഴ്നാടിനെ 268 റണ്‍സിനു പുറത്താക്കിയ ശേഷം കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 151/9 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍. 28 റണ്‍സുമായി സിജോമോന്‍ ജോസഫും റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യറുമാണ് ക്രീസില്‍.. രോഹന്‍ പ്രേമിനു പകരം ടീമിലെത്തിയ രാഹുല്‍ പി നേടിയ അര്‍ദ്ധ ശതകം മാത്രമാണ് എടുത്ത് പറയാവുന്ന ബാറ്റിംഗ് പ്രകടനം. കഴിഞ്ഞ മത്സരത്തിലെ താരങ്ങളായ സച്ചിന്‍ ബേബിയും(1) വിഷ്ണു വിനോദും(0) എളുപ്പത്തില്‍ പുറത്താകുകയായിരുന്നു.

ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക്(22), അക്ഷയ് ചന്ദ്രന്‍ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. തമിഴ്നാടിനു വേണ്ടി നടരാജനും രാഹില്‍ ഷായും മൂന്ന് വീതം വിക്കറ്റും സായി കിഷോര്‍ രണ്ട് വിക്കറ്റും നേടി.

സക്സേന ആദ്യമേ പുറത്ത്, കേരളം 58/2 എന്ന നിലയില്‍

തമിഴ്നാടിനെ 268 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം കേരളത്തിനു തുടക്കത്തില്‍ തിരിച്ചടി. ജലജ് സക്സേനയെ പുറത്താക്കി ടി നടരാജന്‍ തമിഴ്നാടിനു ആദ്യ വിക്കറ്റ് നല്‍കിയപ്പോള്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ വിടവാങ്ങുമ്പോള്‍ കേരളം 58/2 എന്ന നിലയിലാണ്. അരുണ്‍ കാര്‍ത്തിക്ക്, രാഹുല്‍ പി എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിലാണ് കേരളം 22 ഓവറുകളില്‍ നിന്ന് 58 റണ്‍സ് നേടി നില്‍ക്കുന്നത്. എന്നാല്‍ ലഞ്ചിനു തൊട്ടു മുമ്പ് 22 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്കിനെ രാഹില്‍ ഷാ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ ആദ്യ സെഷന്‍ അവസാനിപ്പിക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകളാണ് രാഹില്‍ ഷാ തകര്‍ത്തത്.

35 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. കേരളം നിലവില്‍ 210 റണ്‍സ് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്.  രാഹുല്‍ പി 30 റണ്‍സുമായും സഞ്ജു സാംസണ്‍ ഒരു റണ്‍സ് നേടിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version