തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കേരളത്തിന്റെ തിരിച്ചുവരവൊരുക്കി സച്ചിനും വത്സലും

രഞ്ജി ട്രോഫിയിൽ കര്‍ണ്ണാടകയ്ക്കെതിരെ തകര്‍ച്ച നേരിട്ട കേരളത്തിന്റെ രക്ഷകരായി സച്ചിന്‍ ബേബിയും വത്സൽ ഗോവിന്ദും. ആദ്യ ഓവറിൽ രാഹുല്‍ പൊന്നനെ നഷ്ടമായ കേരളത്തിന് 6 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ആണ് നഷ്ടമായത്.

പിന്നീട് നാലാം വിക്കറ്റിൽ സച്ചിന്‍ ബേബിയും വത്സൽ ഗോവിന്ദും ചേര്‍ന്ന് 95 റൺസിന്റെ കൂട്ടുകെട്ടുമായി ലഞ്ചിന് പിരിയുമ്പോള്‍ കേരളത്തിനെ 98/3 എന്ന നിലയിലെത്തിച്ചിട്ടുണ്ട്. സച്ചിന്‍ ബേബി 55 റൺസ് നേടിയപ്പോള്‍ വത്സൽ 33 റൺസ് നേടി സച്ചിന് മികച്ച പിന്തുണ നൽകുകയാണ്.

കര്‍ണ്ണാടകയ്ക്കായി കൗശിക് 2 വിക്കറ്റ് നേടി.

തമിഴ്നാടിനെതിരെ 287 റൺസ് നേടി കേരളം, നിര്‍ണ്ണായക ഇന്നിംഗ്സുമായി വത്സൽ ഗോവിന്ദ്

മികച്ച ഫോമിലുള്ള തമിഴ്നാടിനെതിരെ 287 റൺസ് നേടി കേരളം. വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. വത്സൽ ഗോവിന്ദ്  പുറത്താകാതെ 95 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷ്ണു വിനോദ് 45 റൺസും രോഹന്‍ എസ് കുന്നുമ്മൽ 39 റൺസും നേടി.

അവസാന ഓവറുകളിൽ അബ്ദുള്‍ ബാസിത്ത് 41 റൺസുമായി വത്സലിന് മികച്ച പിന്തുണ നൽകിയാണ് കേരളത്തിന്റെ സ്കോര്‍ 287 റൺസിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്.

കേരളത്തിനായി ബേസിൽ എന്‍പി 4 പന്തിൽ 15 റൺസ് നേടി അവസാന ഓവറിൽ മികച്ച രീതിയിൽ ബാറ്റ് വീശി. വൈശാഖ് ചന്ദ്രനും വാലറ്റത്തിൽ 12 റൺസിന്റെ നിര്‍ണ്ണായക സംഭാവന നൽകി. തമിഴ്നാടിന് വേണ്ടി സന്ദീപ് വാര്യര്‍, എം മൊഹമ്മദ്, സോനു യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

505/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് കേരളം, വത്സൽ ഗോവിന്ദിന് ശതകം

മേഘാലയയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 505/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് കേരളം. 357 റൺസിന്റെ ലിഡാണ് കേരളത്തിന്റെ കൈവശമുള്ളത്.

106 റൺസ് നേടിയ വത്സൽ ഗോവിന്ദ് തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കേരളത്തിന്റെ ഡിക്ലറേഷന്‍. ശ്രീശാന്തും 19 റൺസുമായി പുറത്താകാതെ നിന്ന് വത്സലിന് ശതകം പൂര്‍ത്തിയാക്കുവാനുള്ള അവസരം നൽകി.

കേരളത്തിന്റെ സെമി സ്വപ്നങ്ങള്‍ തകര്‍ത്ത് രോനിത് മോറെ, കര്‍ണ്ണാടകയ്ക്ക് 80 റണ്‍സ് വിജയം

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കടന്ന് കര്‍ണ്ണാടക. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ 80 റണ്‍സ് വിജയം കരസ്ഥമാക്കിയാണ് കര്‍ണ്ണാടക മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 338 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

കേരളത്തിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അഞ്ചാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദ് – മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് മാത്രമാണ് പൊരുതി നോക്കിയത്. അസ്ഹറുദ്ദീന്‍ 34 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയെങ്കിലും ശ്രേയസ്സ് ഗോപാലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 92 റണ്‍സാണ് നേടിയത്.

അധികം വൈകാതെ 92 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദും പുറത്താകുകയായിരുന്നു. റോബിന്‍ ഉത്തപ്പ, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് എന്നിവരുടെ വിക്കറ്റ് രോനിത് മോറെയാണ് നേടിയത്. അസ്ഹറുദ്ദീന്റേതുള്‍പ്പെടെ രണ്ട് വിക്കറ്റ് ശ്രേയസ്സ് ഗോപാല്‍ നേടി.

രോണിത് മോറെ ബേസില്‍ തമ്പിയെയും ശ്രീശാന്തിനെയും പുറത്താക്കി തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കേരളം 43.4 ഓവറില്‍ 258 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 24 റണ്‍സ് നേടിയ ജലജ് സക്സേനയെ പുറത്താക്കി കൃഷ്ണപ്പ ഗൗതം ആണ് കേരള ഇന്നിംഗ്സിന് അവസാനം കുറിച്ചത്. ഗൗതമിന്റെ മത്സരത്തിലെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

വത്സല്‍ ഗോവിന് ശതകം നഷ്ടം, അഞ്ച് വിക്കറ്റ് നേട്ടവുമായി അഭിമന്യു മിഥുന്‍, 33 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് അസ്ഹറുദ്ദീന്‍

കര്‍ണ്ണാടകയ്ക്കെതിരെ ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റ 8 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ്. ഇന്നിംഗ്സിലെ ആദ്യ ഓവറുകളില്‍ തന്നെ റോബിന്‍ ഉത്തപ്പയെയും സഞ്ജുവിനെയും നഷ്ടമായ കേരളം 4/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് വത്സല്‍ ഗോവിന്ദും വിഷ്ണു വിനോദും ചേര്‍ന്ന് 56 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും 29 റണ്‍സ് നേടിയ വിഷ്ണു വിനോദിനെയും കേരളത്തിന് നഷ്ടമായി. അതിന് ശേഷം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയ്ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് നേടിയാണ് വത്സല്‍ ഗോവിന്ദ് കേരളത്തെ മുന്നോട്ട് നയിച്ചത്.

114 റണ്‍സ് കൂട്ടുകെട്ടിനെ അഭിമന്യു മിഥുന്‍ ആണ് തകര്‍ത്തത്. 63 റണ്‍സില്‍ നിന്ന് 54 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് മിഥുന്‍ നേടിയത്. നേരത്തെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പയെയും മിഥുന്‍ പുറത്താക്കിയിരുന്നു.

അഞ്ചാം വിക്കറ്റില്‍ 50 റണ്‍സ് നേടി വത്സല്‍ ഗോവിന്ദും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് കേരളത്തെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 95 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദിനെ കേരളത്തിന് നഷ്ടമായത്. അഭിമന്യു മിഥുനിനായിരുന്നു വത്സലിന്റെ വിക്കറ്റ്. 46ാം ഓവറില്‍ ജലജ് സക്സേനയെയും നിധീഷിനെയും പുറത്താക്കി അഭിമന്യു മിഥുന്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയായിരുന്നു.

33 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിന്റെ സ്കോര്‍ ഉയര്‍ത്തുവാന്‍ സഹായിച്ചു. 38 പന്തില്‍ നിന്ന് 2 ഫോറും 3 സിക്സും സഹിതം 59 റണ്‍സ് നേടി അസ്ഹര്‍ ആണ് കേരളത്തെ 277 റണ്‍സിലേക്ക് എത്തിച്ചത്.

ഓപ്പണര്‍മാരുടെ ശതകത്തിന് ശേഷം 25 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്

റെയില്‍വേസിനെതിരെ കേരളത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ഇന്ന് വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ 351 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും(100) വിഷ്ണു വിനോദും(107) ശതകം നേടിയപ്പോള്‍ സഞ്ജു സാംസണ്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ കേരളം റെയില്‍വേസിനെതിരെ റണ്‍ മല സൃഷ്ടിക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 193 റണ്‍സാണ് ഉത്തപ്പയും വിഷ്ണു വിനോദും നേടിയതെങ്കില്‍ ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു അതിവേഗം സ്കോറിംഗ് ആരംഭിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ 70 റണ്‍സാണ് വിഷ്ണു വിനോദും സഞ്ജുവും നേടിയത്. ഭൂരിഭാഗം സ്കോറിംഗും സഞ്ജു സാംസണ്‍ ആണ് നടത്തിയത്.

25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ സഞ്ജു പുറത്താകുമ്പോള്‍ 29 പന്തില്‍ നിന്ന് 61 റണ്‍സാണ്. സച്ചിന്‍ ബേബിയെയും സഞ്ജു സാംസണെയും ഒരേ ഓവറില്‍ പുറത്താക്കി പ്രദീപ് പൂജാര്‍ ആണ് കേരളത്തിന്റെ കുതിപ്പിന് തടയിട്ടത്. അടുത്തടുത്ത പന്തുകളില്‍ ആണ് ഇരുവരെയും കേരളത്തിന് നഷ്ടമായത്.

അവസാന പത്തോവറില്‍ തുടരെ വിക്കറ്റുകള്‍ വീണതോടെ കേരളത്തിന്റെ സ്കോറിംഗിന് തടയിടുവാന്‍ റെയില്‍വേസിന് സാധിച്ചു. വത്സല്‍ ഗോവിന്ദ് 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടി കേരളത്തെ 6 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.അവസാന നാലോവറില്‍ വത്സല്‍ ഗോവിന്ദും ജലജ് സക്സേനയും ചേര്‍ന്ന് 53 റണ്‍സാണ് നേടിയത്.

ജലജ് സക്സേന പുറത്താകാതെ 13 റണ്‍സ് നേടി ക്രീസില്‍ നിന്നു.

 

തിളങ്ങാനാകാതെ വരുണ്‍ നായനാരുടെ മടക്കം, ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്ക U-19 ടീമിന്റെ സ്കോറായ 197 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മലയാളി താരങ്ങളായ വരുണ്‍ നായനാരുടെയും വത്സല്‍ ഗോവിന്ദിന്റെയും ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 95/3 എന്ന നിലയിലാണ്. 44 റണ്‍സ് നേടിയ ദിവ്യാന്‍ഷാണ് ക്രീസില്‍ നില്‍ക്കുന്നത്. വത്സല്‍ ഗോവിന്ദ്(23), വരുണ്‍ നായനാര്‍(0), യശസ്വി ഭൂപേന്ദ്ര ജൈസ്വാല്‍(24) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഇന്ത്യ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ ആദ്യ ഓവറില്‍ വരുണ്‍ പുറത്താകുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഇന്ത്യയ്ക്ക് വത്സല്‍ ഗോവിന്ദിനേയും നഷ്ടമായി. കൂടുതല്‍ നഷ്ടമില്ലാതെ ദിവ്യാന്‍ഷും യശസ്വിയും ഇന്ത്യയെ ഒന്നാം ദിവസം അനവസാനിപ്പിക്കുമെന്ന് തോന്നിയപ്പോളാണ് ബ്രൈസ് പാര്‍സണ്‍സ് റിട്ടേണ്‍ ക്യാച്ചിലൂടെ യശസ്വിയെ പുറത്താക്കിയത്. അതോടെ ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ 102 റണ്‍സ് കൂടി ഇന്ത്യ നേടേണ്ടതുണ്ട്.

രണ്ട് മലയാളി താരങ്ങള്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ചതുര്‍ദിന മത്സരത്തില്‍ മലയാളി താരങ്ങള്‍ ടീമില്‍. വത്സല്‍ ഗോവിന്ദും വരുണ്‍ നായനാരുമാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ഫെബ്രുവരി 20നു തിരുവനന്തപുരത്താണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഫെബ്രുവരി 26നു നടക്കും. ഇത് കൂടാതെ ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യ അണ്ടര്‍ 19 എ, ബി ടീമുകളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും അണ്ടര്‍ 19 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ താരം സൂരജ് അഹൂജയാണ് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ നയിക്കുന്നത്.

Exit mobile version