അവസാന പന്തിൽ സിക്സര്‍ നേടി ഷാരൂഖ് ഖാന്‍, സയ്യദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി തമിഴ്നാട്

കര്‍ണ്ണാടകത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടി തമിഴ്നാട്. അവസാന പന്തിൽ വിജയത്തിനായി 5 റൺസ് നേടേണ്ട ഘട്ടത്തിൽ പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിന്റെയും ഇന്നിംഗ്സിലെയും അവസാന പന്തിൽ സിക്സര്‍ പായിച്ച് ഷാരൂഖ് ഖാന്‍ ആണ് തമിഴ്നാടിന് കിരീടം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 151 റൺസാണ് നേടിയത്. അഭിനവ് മനോഹര്‍(46), പ്രവീൺ ഡുബേ(33) എന്നിവരാണ് കര്‍ണ്ണാടക ബാറ്റിംഗിൽ തിളങ്ങിയത്. തമിഴ്നാടിനായി സായി കിഷോര്‍ മൂന്ന് വിക്കറ്റ് നേടി.

15 പന്തിൽ പുറത്താകാതെ 33 റൺസ് നേടിയ ഷാരൂഖ് ഖാന്‍ ആണ് ടീമിന്റെ വിജയ ശില്പി. എന്‍ ജഗദീഷന്‍(41), ഹരി നിശാന്ത്(12 പന്തിൽ 23) എന്നിവരാണ് മറ്റു നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തിയത്.

16 ഓവര്‍ പിന്നിടുമ്പോള്‍ 97/4 എന്ന നിലയിലായിരുന്ന തമിഴ്നാടിനായി ഷാരൂഖ് ഖാന്‍ കളി മാറ്റിയത് 17ാം ഓവര്‍ മുതലാണ്. താരം ഒരു വശത്ത് കൂറ്റന്‍ ഷോട്ടുകളുതിര്‍ത്തപ്പോളും മറുവശത്ത് കര്‍ണ്ണാടക ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടുന്നുണ്ടായിരുന്നു.

മൂന്നോവറിൽ 36 എന്ന നിലയിൽ നിന്ന് അവസാന ഓവറിൽ 16 എന്ന നിലയിലേക്കും പിന്നീട് അവസാന പന്തിൽ 5 റൺസെന്ന നിലയിലേക്കും മത്സരം മാറിയപ്പോള്‍ ഷാരൂഖാന്റെ ആ ഷോട്ടിൽ 2019ലെ കര്‍ണ്ണാടകയോടേറ്റ 1 റൺസ് തോല്‍വിയ്ക്ക് മധുര പ്രതികാരം നടത്തുവാന്‍ തമിഴ്നാടിനായി.

യുഎഇയിൽ ടി20 ലീഗ്, മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെ വമ്പന്മാര്‍ രംഗത്ത്

മുംബൈ ഇന്ത്യന്‍സ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ഫാമിലി എന്നിവരുള്‍പ്പെടെ വമ്പന്‍ നിക്ഷേപകരുടെ പങ്കാളിത്തം ഉറപ്പാക്കി യുഎഇയിൽ പുതിയ ടി20 ലീഗ് എത്തുന്നുവെന്ന് സൂചന.

ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കുവാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍ക്കും മുംബൈ ഇന്ത്യന്‍സിനും പുറമ , ഷാരൂഖ് ഖാന്‍, സിഡ്നി സിക്സേഴ്സ്, ഡല്‍ഹി ക്യാപിറ്റൽസ് എന്നിവരും ഈ ലീഗിൽ സജീവമാകുവാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

മുന്‍ ഐപിഎൽ ചീഫ് സുന്ദര്‍ രാമന്റെ ആണ് ഈ ആശയം. അദ്ദേഹം ഇപ്പോള്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടത്തിപ്പ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. 2022ൽ ഈ ലീഗ് ആരംഭിയ്ക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

പതിവ് മതിയാക്കി പഞ്ചാബ്, അവസാനം കലമുടയ്ക്കാതെ വിജയം

കെഎൽ രാഹുല്‍ അവസാന ഓവറിൽ പുറത്തായെങ്കിലും ത്രില്ലര്‍ മത്സരത്തിൽ 5 വിക്കറ്റ് വിജയം നേടി പഞ്ചാബ് കിംഗ്സ്. മത്സരത്തിൽ പതിവ് പോലെ പഞ്ചാബ് അവസാന കലം ഉടയ്ക്കുമെന്ന് ഏവരും വിചാരിച്ചുവെങ്കിലും ഷാരൂഖ് ഖാന്റെ പവര്‍ ഹിറ്റിംഗ് ടീമിനെ വിജയത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു.

4 പന്തിൽ 4 റൺസെന്ന നിലയില്‍ രാഹുലിനെ നഷ്ടമായി നില്‍ക്കുകയായിരുന്ന പഞ്ചാബിന് ഷാരൂഖിന്റെ സിക്സര്‍ രാഹുല്‍ ത്രിപാഠിയുടെ കൈകളിൽ നിന്ന് വഴുതിയ പന്ത് സിക്സിലേക്ക് പോയപ്പോള്‍ ഐപിഎലിലെ ഒരു ത്രില്ലറിന് കൂടി അന്ത്യമാകുകയായിരുന്നു. 19.3 ഓവറിലായിരുന്നു പഞ്ചാബിന്റെ 5 വിക്കറ്റ് വിജയം.

കുതിച്ച് കയറിയ പഞ്ചാബ് കിംഗ്സ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകര്‍ത്തത് വരുൺ ചക്രവര്‍ത്തിയായിരുന്നു. രാഹുല്‍ മെല്ലെ തുടങ്ങിയപ്പോള്‍ മയാംഗ് അടിച്ച് തകര്‍ക്കുകയായിരുന്നു മറുവശത്ത്. 27 പന്തിൽ 40 റൺസാണ് മയാംഗ് അഗര്‍വാള്‍ നേടിയത്. തന്റെ തൊട്ടടുത്ത ഓവറിൽ വരുൺ നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ പഞ്ചാബ് 70/0 എന്ന നിലയിൽ നിന്ന് 84/2 എന്ന നിലയിലേക്ക് വീണു.

Mayankrahul

രാഹുലും മാക്രവും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 29 പന്തിൽ 45 റൺസ് നേടി മത്സരം പ‍ഞ്ചാബ് പക്ഷത്തേക്ക് തിരിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് 18 റൺസ് നേടിയ മാക്രത്തെ വീഴ്ത്തി സുനിൽ നരൈന്‍ കൂട്ടുകെട്ട് തകര്‍ക്കുന്നത്.

മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 7 വിക്കറ്റ് കൈവശമുള്ള പഞ്ചാബിന് ജയത്തിനായി 35 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ശിവം മാവി എറിഞ്ഞ 17ാം ഓവറിൽ ദീപക് ഹൂഡയുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായപ്പോള്‍ കാര്യങ്ങള്‍ ക്യാപ്റ്റന്‍ രാഹുലിന്റെ ചുമലിലേക്ക് ഒതുങ്ങി.

രാഹുലിന് കൂട്ടായി എത്തിയ ഷാരൂഖ് ഖാന്‍ ചില നിര്‍ണ്ണായക ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ലക്ഷ്യം 12 പന്തിൽ 15 ആയി മാറി.

ലക്ഷ്യം 11 റൺസിൽ എത്തിനില്‍ക്കുമ്പോള്‍ പഞ്ചാബിന്റെ രാഹുലിനെ കൊല്‍ക്കത്തയുടെ രാഹുല്‍ പിടിച്ച് പുറത്താക്കിയെങ്കിലും റീപ്ലേകളിലൂടെ കെഎൽ രാഹുലിന് അനുകൂലമായ വിധിയെഴുതുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ രാഹുല്‍ ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ നിന്ന് 10 റൺസ് പിറന്നു. ശിവം മാവിയുടെ ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും ബൗണ്ടറി പിറക്കുകായയിരുന്നു.

മത്സരം അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ പഞ്ചാബിന് ജയിക്കുവാന്‍ 5 റൺസായിരുന്നു വേണ്ടത്. അവസാന ഓവറിൽ കെഎൽ രാഹുലിനെ(67) നഷ്ടമായെങ്കിലും 9 പന്തിൽ 22 റൺസ് നേടിയ ഷാരൂഖ് ഖാന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഷാരൂഖ് നല്‍കിയ ക്യാച്ച് ബൗണ്ടറി ലൈനിൽ കള‍ഞ്ഞ് രാഹുല്‍ ത്രിപാഠി സിക്സര്‍ വിട്ട് നല്‍കിയതാണ് മത്സരത്തിൽ നിര്‍ണ്ണായകമായി മാറിയത്.

വീണ്ടും ബാറ്റിംഗ് മറന്ന് പഞ്ചാബ് കിംഗ്സ്, നൂറ് കടത്തി ഷാരൂഖ് ഖാന്‍

ഐപിഎലില്‍ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ച നേരിട്ട് പഞ്ചാബ് കിംഗ്സ്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ട്. 22 റണ്‍സ് വീതം നേടിയ ഷാരൂഖ് ഖാനും മയാംഗ് അഗര്‍വാളും ആണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍മാര്‍.

സണ്‍റൈസേഴ്സിന് വേണ്ടി  ഖലീല്‍ അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ്മ രണ്ടും വിക്കറ്റാണ് നേടിയത്. തന്റെ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ട് നല്‍കിയ റഷീദ് ഖാന്‍ ആണ് സണ്‍റൈസേഴ്സ് നിരയില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറതത്തെടുത്തത്.

ഡല്‍ഹി ബൗളിംഗിനെ തച്ചുതകര്‍ത്ത് മയാംഗും രാഹുലും, ഡല്‍ഹിയ്ക്ക് ജയിക്കുവാന്‍ 196 റണ്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനായി തകര്‍ത്തടിച്ച് ഓപ്പണിംഗ് കൂട്ടുകെട്ട്. 122 റണ്‍സാണ് 12.4 ഓവറില്‍ മയാംഗ് അഗര്‍വാളും ലോകേഷ് രാഹുലും നേടിയത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാരെ നിലയുറപ്പിക്കുവാന്‍ അനുവദിച്ചില്ല. കൂടുതല്‍ അപകടകാരിയായത് മയാംഗ് അഗര്‍വാള്‍ ആയിരുന്നു.

36 പന്തില്‍ 69 റണ്‍സ് നേടിയ മയാംഗിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ഐപിഎല്‍ ആദ്യ മത്സരത്തില്‍ കളിക്കുന്ന ലുക്മാന്‍ മെരിവാലയാണ് മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് നേടിയത്. മയാംഗ് പുറത്തായ ശേഷം രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. 51 പന്തില്‍ 61 റണ്‍സ് നേടിയ താരത്തെ കാഗിസോ റബാഡയാണ് പുറത്താക്കിയത്.

അവസാന ഓവറുകളില്‍ വിക്കറ്റുകളുമായി ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റുകള്‍ നേടിയെങ്കിലും ദീപക് ഹൂഡയും ഷാരൂഖ് ഖാനും ടീമിന്റെ സ്കോര്‍ 195 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു. ഹൂഡ 13 പന്തില്‍ 22 റണ്‍സും ഷാരൂഖ് ഖാന്‍ 5 പന്തില്‍ 15 റണ്‍സുമാണ് നേടിയത്.

പഞ്ചാബിന് പണി കൊടുത്ത് ദീപക് ചഹാര്‍, ഒറ്റയാള്‍ പോരാട്ടവുമായി ഷാരൂഖ് ഖാന്‍

പഞ്ചാബ് കിംഗ്സിന്റെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് ദീപക് ചഹാര്‍. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയ്ക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ദീപക് ചഹാര്‍ നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ മയാംഗ് അഗര്‍വാളിനെ പുറത്താക്കിയ ചഹാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

26/5 എന്ന നിലയിലേക്ക് വീണ പഞ്ചാബ് കിംഗ്സിനെ ഷാരൂഖ് ഖാനും ജൈ റിച്ചാര്‍ഡ്സണും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ആറാം വിക്കറ്റില്‍ 31 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ മോയിന്‍ അലി ആണ് തകര്‍ത്തത്. 15 റണ്‍സ് നേടിയ ജൈ റിച്ചാര്‍ഡ്സണെ ആണ് അലി പുറത്താക്കിയത്.

മുരുഗന്‍ അശ്വിനെ കൂട്ടുപിടിച്ച് ഷാരൂഖ് ഖാന്‍ മെല്ലെ പഞ്ചാബ് കിംഗ്സ് ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 30 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ 17ാം ഓവറില്‍ ഡ്വെയിന്‍ ബ്രാവോ ആണ് തകര്‍ത്തത്. 6 റണ്‍സ് നേടിയ മുരുഗന്‍ അശ്വിനെ വീഴ്ത്തിയാണ് ബ്രാവോ ഇന്നിംഗ്സില്‍ ആദ്യമായി പന്തെറിയാനെത്തിയ ഓവറില്‍ വിക്കറ്റ് നേടിയത്.

36 പന്തില്‍ 47 റണ്‍സ് നേടിയ ഷാരൂഖ് ഖാന്റെ ഒറ്റയാള്‍ പോരാട്ടം ആണ് പഞ്ചാബ് കിംഗ്സിനെ നൂറ് കടക്കുവാന്‍ സഹായിച്ചത്. അവസാന ഓവറില്‍ സാം കറന്‍ ആണ് താരത്തെ പുറത്താക്കിയത്. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് പഞ്ചാബ് കിംഗ്സ് നേടിയത്.

ദീപക് ചഹാര്‍ തന്റെ ഓപ്പണിംഗ് സ്പെല്ലില്‍ 13 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് നാല് വിക്കറ്റ് നേടിയത്.

ഷാരൂഖ് ഖാനില്‍ താനൊരു കീറണ്‍ പൊള്ളാര്‍ഡിനെ കാണുന്നു – അനില്‍ കുംബ്ലെ

തമിഴ്നാട് താരം ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 5 കോടി രൂപയ്ക്കാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് തമിഴ്നാട് കിരീടം സ്വന്തമാക്കിയത്. അതിന്റെ ഗുണം ഐപിഎല്‍ ലേലത്തില്‍ താരത്തിന് സ്വന്തമാക്കുവാന്‍ സാധിച്ചു.

താരത്തിനെ ഐപിഎല്‍ 2020 ലേലത്തില്‍ ആരും സ്വന്തമാക്കിയില്ലെങ്കിലും ഇത്തവണ അഞ്ച് കോടി രൂപയാണ് താരത്തിന് കരാര്‍ ലഭിച്ചത്. കീറണ്‍ പൊള്ളാര്‍ഡിന്റെ ചില സാമ്യം തനിക്ക് ഷാരൂഖില്‍ തോന്നിയെന്നാണ് പഞ്ചാബ് കിംഗ്സ് മെന്റര്‍ അനില്‍ കുംബ്ലെ പറഞ്ഞത്.

താരത്തിനെ ഫ്രാഞ്ചൈസി ഈ സീസണില്‍ പിന്തുണയ്ക്കുമെന്നും ആ അവസരങ്ങള്‍ ഉപയോഗിച്ച് ടീമിനെ താരം മുന്നോട്ട് നയിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്ന് കുംബ്ലെ വ്യക്തമാക്കി. മുംബൈയില്‍ നെറ്റ്സില്‍ താന്‍ പൊള്ളാര്‍ഡിനെതിരെ പന്തെറിയുവാന്‍ ഭയപ്പെട്ടത് പോലെ തന്നെയാണ് ഷാരൂഖിന്റെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും പഞ്ചാബ് കിംഗ്സ് മെന്റര്‍ പറഞ്ഞു.

 

ഷാരൂഖ് ഖാന് മോഹ വില, പഞ്ചാബ് കിംഗ്സിന് സ്വന്തം

ഐപിഎലില്‍ ഇന്ത്യന്‍ അണ്‍ ക്യാപ്ഡ് താരം ഷാരൂഖ് ഖാന് 5.25 കോടി രൂപ. 20 ലക്ഷത്തിന്റെ അടിസ്ഥാനവിലയുള്ള താരത്തെ സ്വന്തമാക്കുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ആദ്യം രംഗത്തെത്തിയതെങ്കിലും പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്തെത്തി.

വില മൂന്ന് കോടിയ്ക്ക് മേലെത്തിയപ്പോള്‍ ഡല്‍ഹി പിന്മാറിയെങ്കിലും പകരം പഞ്ചാബ് കിംഗ്സ് രംഗത്തെത്തി. ഒടുവില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ കടുത്തവെല്ലുവിളിയെ മറികടന്ന് താരത്തെ പ‍ഞ്ചാബ് സ്വന്തമാക്കി.

ഷാരൂഖ് ഖാന്റെ മുന്നില്‍ ഇത്തരം പ്രകടനം നടത്തുവാനായതില്‍ ഏറെ സന്തോഷം

ഷാരൂഖ് ഖാന്റെ മുന്നില്‍ ഇത്തരത്തില്‍ ഒരു പ്രകടനം പുറത്തെടുക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം രാഹുല്‍ ത്രിപാഠി. തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് ശേഷം സംസാരിക്കവേയാണ് താരം ഇത് പറഞ്ഞത്. ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ് തനിക്ക് ഇത് സാധിച്ചപ്പോള്‍ തോന്നുന്നതെന്നും താരം വ്യക്തമാക്കി.

ഓപ്പണിംഗ് ആയാലും ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിലായാലും താന്‍ ബാറ്റ് ചെയ്യുവാന്‍ തയ്യാറെടുത്തിരുന്നുവെന്നും ഇത്തരം പ്രകടനം പുറത്തെടുക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ത്രിപാഠി വ്യക്തമാക്കി. ബോള്‍ ബാറ്റിലേക്ക് മികച്ച രീതിയില്‍ വരുന്നുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ ഷോട്ടുകള്‍ താന്‍ കളിച്ചതെന്നും ത്രിപാഠി വ്യക്തമാക്കി.

51 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം ആണ് മത്സരത്തില്‍ കൊല്‍ക്കത്തയെ 167 റണ്‍സിലേക്ക് എത്തിച്ചത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20ന് മേലെയുള്ള സ്കോര്‍ നേടുവാന്‍ സാധിച്ചിരുന്നില്ല.

ലഞ്ചിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി തമിഴ്നാട്

ലഞ്ചിനു ലഞ്ചിനു മുമ്പ് 81/5 എന്ന നിലയിലേക്ക് വീണ തമിഴ്നാടിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ സന്ദീപ് വാര്യറും ബേസില്‍ തമ്പിയും തമിഴ്നാടിനെ 31/4 എന്ന നിലയിലേക്ക് തള്ളിയിട്ടിരുന്നു. അവിടെ നിന്ന് എന്‍ ജഗദീഷനുമൊത്ത് നായകന്‍ ബാബ ഇന്ദ്രജിത്ത് തിരിച്ചുവരവ് നടത്തുമ്പോളാണ് ജലജ് സക്സേന ജഗദീഷനെ(21) പുറത്താക്കിയത്.

എന്നാല്‍ ലഞ്ചിനു ശേഷം ഇന്ദ്രജിത്തും ഷാരൂഖ് ഖാനും മത്സരം കീഴ്മേല്‍ മറിക്കുന്ന കാഴ്ചയാണ് കണ്ടത്. ആറാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം 87 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്തിനെ സന്ദീപ് വാര്യര്‍ പുറത്താക്കിയെങ്കിലും ഷാരൂഖ് ഖാന്‍ തമിഴ്നാടിനെ മുന്നോട്ട് നയിച്ചു. 82 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഷാരൂഖ് ഖാനൊപ്പം 25 റണ്‍സുമായി എം മുഹമ്മദ് ആണ് ക്രീസില്‍.

ആദ്യ സെഷനിലെ ആധിപത്യം കേരളം കൈവിട്ടതോടെ മത്സരം വിജയിക്കുക കേരളത്തിനു ശ്രമകരമായിത്തീരുമെന്ന് വേണം വിലയിരുത്തുവാന്‍.

ഷാരൂഖ് ഖാന്‍ കളിയിലെ താരം, ജയം സ്വന്തമാക്കി ലൈക്ക കോവൈ കിംഗ്സ്

റൂബി തൃച്ചി വാരിയേഴ്സിനെ 8 വിക്കറ്റിനു കീഴടക്കി ലൈക്ക കോവൈ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ റണ്‍സ് അധികം പിറക്കാതിരുന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത തൃച്ചി വാരിയേഴ്സ് 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടിയപ്പോള്‍ 13.4 ഓവറില്‍ 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ട കോവൈ കിംഗ്സ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഷാരൂഖ് ഖാന്‍ ആണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത തൃച്ചിയ്ക്കായി 35 റണ്‍സ് നേടി സുരേഷ് കുമാര്‍ ടോപ് സ്കോറര്‍ ആയി. ഭരത് ശങ്കര്‍ 24 റണ്‍സും സോനു യാദവ് 21 റണ്‍സും നേടി. കോവൈ ബൗളര്‍മാരില്‍ അജിത് റാം, മണികണ്ഠന്‍ എന്നിവര്‍ രണ്ട് വിക്കറ്റും കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, ടി നടരാജന്‍, പ്രശാന്ത് രാജേഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

67 റണ്‍സ് നേടിയ ഷാരൂജ് ഖാനും പുറത്താകാതെ 42 റണ്‍സുമായി നിന്ന കോവൈ നായകന്‍ അഭിനവ് മുകുന്ദുമാണ് ടീമിന്റെ വിജയ ശില്പികളായത്. ഡി കുമരന്‍ തൃച്ചിയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, കോവൈ കിംഗ്സിനെതിരെ 8 വിക്കറ്റ് വിജയം

ലൈക്ക കോവൈ കിംഗ്സ് നേടിയ 185/5 എന്ന സ്കോറിനെ 14 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ഡിണ്ടിഗല്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 2018 സീസണ്‍ ടിഎന്‍പിഎലിലെ 7ാം മത്സരത്തില്‍ ഓപ്പണര്‍ ഷാരൂഖ് ഖാന്റെയും അഖില്‍ ശ്രീനാഥിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയായിരുന്നു.

ഷാരൂഖ് ഖാന്‍ 54 പന്തില്‍ 7 ബൗണ്ടറിയും നാല് സിക്സും സഹിതം 86 റണ്‍സ് നേടുകയായിരുന്നു. അഖില്‍ ശ്രീനാഥ് 54 റണ്‍സുമായി പുറത്താകാതെ നിന്നു. രവികുമാര്‍ രോഹിത് 16 പന്തില്‍ 26 റണ്‍സും നേടി. ഡ്രാഗണ്‍സ് ബൗളര്‍മാരില്‍ ജഗന്നാഥന്‍ കൗശിക്, എന്‍ മുഹമ്മദ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഓപ്പണര്‍ എന്‍ ജഗദീഷന്‍, എന്‍എസ് ചതുര്‍വേദ് എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഡ്രാഗണ്‍സിനെ ആധികാരിക ജയത്തിലേക്ക് നയിച്ചത്. 36 പന്തില്‍ നിന്ന് 72 റണ്‍സാണ് ചതുര്‍വേദ് ഇന്നലെ അടിച്ച് കൂട്ടിയത്. 6 സിക്സും 5 ബൗണ്ടറിയുമടക്കമാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ജഗദീഷന്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ബാലചന്ദര്‍ അനിരുദ്ധ് 11 പന്തില്‍ 25 റണ്‍സുമായി ജഗദീഷനു മികച്ച പിന്തുണ നല്‍കി. 9 പന്തില്‍ 19 റണ്‍സ് നേടിയ ഹരി നിശാന്ത് ആണ് പുറത്തായ മറ്റൊരു താരം.

17.4 ഓവറില്‍ ആണ് 8 വിക്കറ്റ് ജയം ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, പ്രശാന്ത് രാജേഷ് എന്നിവര്‍ ഓരോ വിക്കറ്റ് കോവൈയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version