രാജ്യത്തിനായി കളിക്കാൻ അവസരം ലഭിക്കുമ്പോൾ താൻ എന്റെ എല്ലാം നൽകും – സായ് സുദർശൻ


ഗുജറാത്ത് ടൈറ്റൻസിനായി ഐപിഎൽ 2025 സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 759 റൺസ് നേടിയ സായ് സുദർശന് ഈ സീസൺ മികച്ചതായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ എലിമിനേറ്ററിൽ 49 പന്തിൽ 80 റൺസ് നേടിയ അദ്ദേഹത്തിൻ്റെ മികച്ച പ്രകടനം ഉണ്ടായെങ്കിലും ഗുജറാത്ത് ടൈറ്റൻസിന് ക്വാളിഫയറിലേക്ക് എത്താൻ ആയില്ല.


54.21 ശരാശരിയിലും 156.17 സ്ട്രൈക്ക് റേറ്റിലും കളിച്ച സുദർശൻ ഒരു ഐപിഎൽ സീസണിൽ 700 റൺസ് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, ജോസ് ബട്‌ലർ, ഡേവിഡ് വാർണർ എന്നിവർ മാത്രമാണ് ഒരു ഐപിഎൽ സീസണിൽ ഇതിൽ കൂടുതൽ റൺസ് നേടിയിട്ടുള്ളത്.



“രാജ്യത്തിനായി കളിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്, എനിക്കും അത് ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ അങ്ങനെയൊന്നും ചിന്തിക്കുന്നില്ല. ഈ സീസൺ നോക്കുമ്പോൾ, ഒരു ടി20 ബാറ്റർ എന്ന നിലയിൽ എനിക്ക് മെച്ചപ്പെടുത്താൻ നിരവധി മേഖലകളുണ്ട്.” സായ് പറഞ്ഞു.



“ഞാൻ ടി20 കളിക്കാൻ മടങ്ങുന്നതിന് മുമ്പ് കളിയുടെ പല വശങ്ങളിലും പ്രവർത്തിക്കേണ്ടതുണ്ട്, അതിനാൽ എൻ്റെ ശ്രദ്ധ ഇപ്പോൾ അതിലാണ്. തീർച്ചയായും, അവസരം വരുമ്പോൾ ഞാൻ രാജ്യത്തിനായി എൻ്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കും.” അദ്ദേഹം പറഞ്ഞു.


ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സായ് സുദർശനെ ഉൾപ്പെടുത്തണം എന്ന് രവി ശാസ്ത്രി


മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, മികച്ച ഫോമിലുള്ള ഐപിഎൽ താരം സായ് സുദർശനെ ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ബിസിസിഐ സെലക്ടർമാരോട് അഭ്യർത്ഥിച്ചു. ഗുജറാത്ത് ടൈറ്റൻസിനായി ഐപിഎൽ 2025ൽ 456 റൺസ് നേടിയ സുദർശൻ എല്ലാ ഫോർമാറ്റുകൾക്കും അനുയോജ്യനാണെന്നും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ശക്തമായ ടെക്നിക്കും ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് അനുഭവവും പരിഗണിച്ച് ടീമിൽ എടുക്കണമെന്നും ശാസ്ത്രി വിശ്വസിക്കുന്നു.


“സുദർശൻ ഒരു മികച്ച കളിക്കാരനായി തോന്നുന്നു. നല്ല ടെക്നിക്കുള്ള ഇടംകയ്യൻ ബാറ്റ്സ്മാൻ എന്ന നിലയിൽ, ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള എന്റെ പരിഗണനയിലുള്ള കളിക്കാരനാണ് അവൻ,” ഐസിസി റിവ്യൂവിൽ സംസാരിക്കവെ ശാസ്ത്രി പറഞ്ഞു.


ശ്രേയസ് അയ്യരും ഒരു സാധ്യതയാണെന്ന് അദ്ദേഹം സൂചിപ്പിച്ചെങ്കിലും, ടെസ്റ്റ് ടീമിലെ സ്ഥാനങ്ങൾക്കുള്ള മത്സരം കടുത്തതാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, അർഷദീപ് സിംഗ്, ഖലീൽ അഹമ്മദ് എന്നിവരെ സാധ്യതയുള്ള ഓപ്ഷനുകളായി ചൂണ്ടിക്കാട്ടി, ഒരു ഇടംകയ്യൻ പേസറെ ടീമിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.


ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ജൂൺ 20ന് ഹെഡിംഗ്‌ലിയിൽ ആരംഭിക്കും. ഇത് പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെയും (2025-27) തുടക്കമാണ്.

ആദ്യ 30 IPL ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ റൺസ്!! ഇതിഹാസങ്ങളെ മറികടന്ന് സായ് സുദർശൻ

ഐപിഎൽ 2025: ഗെയ്‌ലിനെയും വില്യംസനെയും ഒരു റെക്കോർഡിൽ മറികടന്ന് സുദർശൻ. ആദ്യ 30 ഐ പി എൽ ഇന്നിംഗ്‌സുകൾക്ക് ശേഷം എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തി
ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ ഐപിഎൽ ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ചു.

ലീഗിൽ 30 ഇന്നിംഗ്‌സുകൾക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്ററായി അദ്ദേഹം മാറി. ഏപ്രിൽ 9 ന് രാജസ്ഥാൻ റോയൽസിനെതിരെ നേടിയ 82 റൺസിന്റെ മികച്ച പ്രകടനത്തോടെ സുദർശന്റെ റൺ സമ്പാദ്യം 1,307 ആയി ഉയർന്നു. ഇതോടെ ക്രിസ് ഗെയ്ൽ (1,141), കെയ്ൻ വില്യംസൺ (1,096), മാത്യു ഹെയ്ഡൻ (1,082) തുടങ്ങിയ ഇതിഹാസങ്ങളെ അദ്ദേഹം മറികടന്നു.


ഷോൺ മാർഷ് മാത്രമാണ് ഐപിഎല്ലിൽ ആദ്യ 30 ഇന്നിംഗ്‌സുകളിൽ സുദർശനെക്കാൾ കൂടുതൽ റൺസ് (1,328) നേടിയത്.

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിനുള്ള തമിഴ്‌നാട് ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരി 8 ന് നാഗ്പൂരിൽ ആരംഭിക്കാനിരിക്കുന്ന വിദർഭയ്‌ക്കെതിരായ 2024-25 രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിനുള്ള 16 അംഗ ടീമിനെ തമിഴ്‌നാട് പ്രഖ്യാപിച്ചു. പരിക്കുമൂലം അവസാന രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന സായ് സുദർശൻ ടീമിലേക്ക് തിരിച്ചെത്തി. ഈ സീസണിൽ രണ്ട് ഇന്നിംഗ്‌സുകൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, ഡൽഹിക്കെതിരെ കന്നി ഇരട്ട സെഞ്ച്വറി ഉൾപ്പെടെ 295 റൺസ് അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്.

ആർ. സായ് കിഷോർ ക്യാപ്റ്റനായി തുടരുന്നു, എൻ. ജഗദീശൻ ആണ് വൈസ് ക്യാപ്റ്റൻ.

തമിഴ്നാട് സ്ക്വാഡ്:

ആർ.സായി കിഷോർ (സി), എൻ. ജഗദീശൻ (വി.സി), എസ്. മുഹമ്മദ് അലി, ബി. സായ് സുദർശൻ, ബൂപതി വൈഷ്ണ കുമാർ, വിജയ് ശങ്കർ, സി. ആന്ദ്രേ സിദ്ധാർഥ്, പ്രദോഷ് രഞ്ജൻ പോൾ, എം. മുഹമ്മദ്, എസ്. അജിത് റാം, ആർ. സോനു യാദവ്, എച്ച്. ത്രിലോക് നാഗ്, സി.വി. അച്യുത്, എസ്.ലോകേശ്വർ, എം.സിദ്ധാർത്ഥ്, ജി.ഗോവിന്ദ്.

സച്ചിന്റെ റെക്കോർഡ് തകർത്ത് സായ് സുദർശൻ

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ തകർപ്പൻ ഇന്നിംഗ്സോടെ സായ് സുദർശൻ ഐ പി എല്ലിൽ പുതിയ റെക്കോർഡ് കുറിച്ചു. ഏറ്റവും വേഗത്തിൽ ഐ പി എല്ലിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായ് സായ് സുദർശൻ മാറി. സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് ആണ് സായ് സുദർശൻ ഇന്ന് തകർത്തത്.

25 ഇന്നിങ്സിൽ നിന്നാണ് സായ് സുദർശൻ 1000 റണ്ണിൽ എത്തിയത്. സച്ചിനും റുതുരാജും 31 ഇന്നിംഗ്സിൽ നിന്ന് 1000-ൽ എത്തിയത് ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഏറ്റവും വേഗത്തിൽ ഐ പി എല്ലിൽ 1000 റൺസ് എടുത്ത റെക്കോർഡ് ഷോൺ മാർഷിന്റെ പേരിലാണ്. അദ്ദേഹം തന്റെ ആദ്യ 21 ഇന്നിംഗ്സിൽ തന്നെ 1000 റണ്ണിൽ എത്തിയിരുന്നു.

Sai Sudharsan becomes the FASTEST Indian to 1000 IPL runs.

Fastest by innings
25 – SAI SUDHARSAN
31 – Sachin Tendulkar
31 – Ruturaj Gaikwad
34 – Tilak Varma

പാകിസ്താനെയും അനായാസം തീർത്ത് ഇന്ത്യ എ!! എമേർജിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യൻ ആധിപത്യം

എമേർജിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വലിയ വിജയം. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പാകിസ്താൻ എയെ നേരിട്ട ഇന്ത്യ 8 വിക്കറ്റ് വിജയം ആണ് നേടിയത്. സായ് സുദർശന്റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യക്ക് വിജയം എളുപ്പമാക്കിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ ഇന്ത്യ 205 റൺസിൽ ഓളൗട്ട് ആക്കിയിരുന്നു. പാകിസ്താൻ നിരയിൽ 48 റൺസ് എടുത്ത ക്വാസിൽ അക്രം മാത്രമാണ് തിളങ്ങിയത്.

ഇന്ത്യക്ക് വേണ്ടി ഹംഗരെക്കർ 5 വിക്കറ്റ് വീഴ്ത്തി. മാനവ് സുതാർ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 36.4 ഓവറിൽ ഫിനിഷ് ചെയ്തും 104 റൺസ് എടുത്ത് സായ് സുദർശൻ പുറത്താകാതെ നിന്നു. അവസാനം തുടർച്ചയായ രണ്ട് സിക്സ് പറത്തിയാണ് സായ് സുദർശൻ ഇന്ത്യയെ വിജയ റണ്ണിലേക്കും തന്റെ ഇന്നിംഗ്സ് സെഞ്ച്വറിയിലേക്കും എത്തിച്ചത്.

21 റൺസ് എടുത്ത ക്യാപ്റ്റൻ യാഷ് ദുൽ പുറത്താകാതെ നിന്നു. 53 റൺസ് എടുത്ത നികിൻ ജോസിനെയും 20 റൺസ് എടുത്ത അഭിഷേക് ശർമ്മയെയും ആണ് ഇന്ത്യക്ക് നഷ്ടമായത്. 3ൽ 3 മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി‌.

ഗില്ലുമല്ല സാഹയുമല്ല, ഫൈനലില്‍ ചെന്നൈയെ ഞെട്ടിച്ച് സായി സുദര്‍ശന്‍, ഗുജറാത്തിന് 214 റൺസ്

ചെന്നൈയ്ക്കെതിരെ ഫൈനലില്‍ 214 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. സായി സുദര്‍ശന്‍ 47 പന്തിൽ 96 റൺസുമായി ഗുജറാത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നാല് വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്.

ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കം നൽകിയപ്പോള്‍ ഗുജറാത്ത് തുടക്കം മുതൽ കുതിയ്ക്കുകയായിരുന്നു. ഗില്ലിനെ ചഹാര്‍ കൈവിട്ടപ്പോള്‍ താരം 2 റൺസായിരുന്നു നേടിയത്. ചഹാര്‍ തന്നെ സാഹയുടെ ക്യാച്ചും കൈവിട്ടപ്പോള്‍ താരം 21 റൺസായിരുന്നു നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 62 റൺസാണ് ഗുജറാത്ത് നേടിയത്.

20 പന്തിൽ 39 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ മഹേന്ദ്ര സിംഗ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 67 റൺസാണ് ഗിൽ – സാഹ കൂട്ടുകെട്ട് നേടിയത്.

ഗില്ലിന് പകരമെത്തിയ സായി കിഷോറിന് വേഗത്തിൽ റൺ സ്കോര്‍ ചെയ്യുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഗുജറാത്ത് പത്തോവറിൽ 86 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പത്തോവറിന് ശേഷം സാഹയ്ക്കൊപ്പം സായി സുദര്‍ശനും ഇന്നിംഗ്സിന് വേഗത നൽകിയപ്പോള്‍ സാഹ തന്റെ അര്‍ദ്ധ ശതകം 36 പന്തിൽ പൂര്‍ത്തിയാക്കി.

സ്കോര്‍ ബോര്‍ഡിൽ 131 റൺസുള്ളപ്പോള്‍ വൃദ്ധിമന്‍ സാഹയെ ഗുജറാത്തിന് നഷ്ടമായി. 39 പന്തിൽ 54 റൺസ് നേടിയ താരത്തെ ചഹാര്‍ ആണ് പുറത്താക്കിയത്. 64 റൺസാണ് സാഹ – സായി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. സായി സുദര്‍ശനും ഹാര്‍ദ്ദിക്കും ചേര്‍ന്ന് 23 പന്തിൽ തങ്ങളുടെ ഫിഫ്റ്റി കൂട്ടുകെട്ട് നേടിയപ്പോള്‍ അതിൽ ഹാര്‍ദ്ദിക് നേടിയത് 7 റൺസായിരുന്നു.

33 പന്തിൽ 81 റൺസ് നേടിയ കൂട്ടുകെട്ടിനെ ചെന്നൈയ്ക്ക് തകര്‍ക്കാനായത് അവസാന ഓവറിൽ മാത്രമാണ്. 47 പന്തിൽ 96 റൺസ് നേടിയ സായിയെ മതീഷ പതിരാന വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തിൽ 21 റൺസ് നേടി.

കിൽ ഗിൽ!!! ഗില്ലിന്റെ ശതകത്തിൽ ഗുജറാത്തിന് 233 റൺസ്

ശുഭ്മന്‍ ഗില്ലിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ രണ്ടാം ക്വാളിഫയറിൽ മുംബൈയ്ക്കെതിരെ 233 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗിൽ സിക്സടി മേളവുമായി ബാറ്റിംഗിൽ കസറിയപ്പോള്‍ താരം ഈ സീസണിലെ തന്റെ മൂന്നാമത്തെ ശതകമാണ് നേടിയത്. 10 സിക്സുകള്‍ അടക്കം 60 പന്തിൽ നിന്ന് 129 റൺസാണ് ഗിൽ നേടിയത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 50 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. ഗിൽ നൽകിയ അവസരം ടിം ഡേവിഡ് പവര്‍പ്ലേയിലെ അവസാന ഓവറിൽ നഷ്ടമാക്കുകയായിരുന്നു. ഗിൽ കൂടുതൽ അപകടകാരിയായി കളിച്ചപ്പോള്‍ സാഹ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു.

18 റൺസ് നേടിയ സാഹയെ പിയൂഷ് ചൗള പുറത്താക്കുമ്പോള്‍ 54 റൺസാണ് ഒന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. സായി സുദര്‍ശനെ കൂട്ടുപിടിച്ച് മുംബൈ ബൗളര്‍മാരെ ഗിൽ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 138 റൺസാണ് നേടിയത്.

49 പന്തിൽ നിന്ന് തന്റെ ശതകം ഗിൽ പൂര്‍ത്തിയാക്കിയപ്പോള്‍ അതേ ഓവറിൽ ഈ കൂട്ടുകെട്ട് നൂറ് റൺസ് പൂര്‍ത്തിയാക്കി.  129 റൺസ് നേടിയ ഗില്ലിനെ ആകാശ് മാദ്വൽ ആണ് പുറത്താക്കിയത്. 7  ഫോറും 10 സിക്സും അടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്.

31 പന്തിൽ 41 റൺസ് നേടിയ സായി സുദര്‍ശന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 13 പന്തിൽ 28 റൺസ് നേടി ഗുജറാത്തിനെ 233 റൺസിലേക്ക് നയിച്ചു.

അടിയോടടി!!!! ഓപ്പണര്‍മാര്‍ നേടിയത് 416 റൺസ്, 500 റൺസും കടന്ന് തമിഴ്നാട്

വിജയ് ഹസാരെ ട്രോഫിയിൽ അരുണാച്ചൽ പ്രദേശിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി തമിഴ്നാട്. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 506 റൺസാണ് നേടിയത്. ലിസ്റ്റ് എ മത്സരത്തിൽ ആദ്യമായി 500 കടക്കുന്ന ടീമായി ഇതോടെ തമിഴ്നാട് മാറി.

വെറും 2 വിക്കറ്റ് നഷ്ടമായ തമിഴ്നാടിന് വേണ്ടി 141 പന്തിൽ 277 റൺസ് നേടിയ എന്‍ ജഗദീഷനും 102 പന്തിൽ 154 റൺസ് നേടിയ സായി സുദര്‍ശനും ആണ് റൺ മല തീര്‍ക്കുവാന്‍ സഹായിച്ചത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 416 റൺസാണ് നേടിയത്. സുദര്‍ശന്റെ വിക്കറ്റാണ് ആദ്യം ടീമിന് നഷ്ടമായത്. താരം 19 ഫോറും 2 സിക്സും നേടിയപ്പോള്‍ ജഗദീഷന്‍ 25 ഫോറും 15 സിക്സുമാണ് നേടിയത്.

ബാബ അപരാജിത്(31*), ബാബ ഇന്ദ്രജിത്ത് (31*) എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാടിന്റെ സ്കോര്‍ 500 കടത്തിയത്.

Exit mobile version