ഐപിഎലിലെ തന്റെ ഉയര്‍ന്ന സ്കോര്‍ നേടി ശിഖര്‍ ധവാന്‍, എന്നാല്‍ ശതകത്തിനായി കാത്തിരിക്കണം

ടി20യില്‍ തന്റെ കന്നി ശതകത്തിനായി ശിഖര്‍ ധവാന്‍ ഇനിയും കാത്തിരിക്കണം. ഇന്ന് ശതകത്തിനു 3 റണ്‍സ് അകലെ വരെ എത്തിയെങ്കിലും പിയൂഷ് ചൗള എറിഞ്ഞ 19ാം ഓവറിലെ അഞ്ചാം പന്തില്‍ സിക്സ് നേടി കോളിന്‍ ഇന്‍ഗ്രാം മത്സരം ഡല്‍ഹിയ്ക്കനുകൂലമാക്കി മാറ്റിയപ്പോള്‍ ശിഖര്‍ 97 റണ്‍സുമായി പുറത്താകാതെ മറുവശത്ത് നില്‍ക്കുകയായിരുന്നു. തന്റെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ശിഖര്‍ നേടിയത്. 95 റണ്‍സായിരുന്നു ഇതിനു മുമ്പുള്ള മികച്ച സ്കോര്‍.

സിക്സ് അടിച്ച ശേഷം ശിഖറിനോട് ഇന്‍ഗ്രാം മാപ്പ് പറയുന്നതായാണ് ടിവിയിലെ ദൃശ്യങ്ങളിലെ “ലിപ് മൂവ്മെന്റില്‍” നിന്ന് മനസ്സിലാക്കാവുന്നത്. എന്നാല്‍ പ്രൊഫഷണല്‍ താരമെന്ന നിലയില്‍ ധവാനും ടീമിന്റെ വിജയത്തിനു തന്നെയാവും പ്രാധാന്യം നല്‍കുക. ഇതിനു മുമ്പ് ചില മത്സരങ്ങളില്‍ ജയിക്കേണ്ട സ്ഥിതിയില്‍ നിന്ന് ഡല്‍ഹി ബാറ്റിംഗ് നിര തകരുന്ന കാഴ്ച മുമ്പ് കണ്ടിട്ടുള്ളതിനാല്‍ ജയം തന്നെയാവും ശിഖറും ഏറെ വിലമതിക്കുക.

ഗബ്ബര്‍ ഈസ് ബാക്ക്, 97 റണ്‍സ് നേടി പുറത്താകാതെ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് ശിഖര്‍ ധവാന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 178/7 എന്ന സ്കോര്‍ അനായാസം മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. തന്റെ ഐപിഎല്‍ വ്യക്തിഗത സ്കോറില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ശിഖര്‍ ധവനും ഒപ്പം പിന്തുണയുമായി ഋഷഭ് പന്തും ഒപ്പം കൂടിയപ്പോള്‍ ഡല്‍ഹി 18.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഋഷഭ് 46 റണ്‍സാണ് നേടിയത്.

പൃഥ്വി ഷായെയും(14) ശ്രേയസ്സ് അയ്യരെയും(6) വേഗത്തില്‍ നഷ്ടമായെങ്കിലും ശിഖര്‍ ധവാന്‍ അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ തടസ്സമില്ലാതെ റണ്‍സ് നേടുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി. ശിഖര്‍ ധവാന്‍ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ പത്തോവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 88 റണ്‍സാണ് നേടിയത്. തുടര്‍ന്നും വേഗത്തില്‍ തന്നെ ബാറ്റിംഗ് തുടര്‍ന്ന ശിഖര്‍-പന്ത് കൂട്ടുകെട്ട് 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്.

31 പന്തില്‍ 46 റണ്‍സ് നേടി നാല് ബൗണ്ടറിയും രണ്ട് സിക്സും നേടി പന്ത് പുറത്താകുമ്പോള്‍ 17 പന്തില്‍ 17 റണ്‍സാണ് ഡല്‍ഹി നേടേണ്ടിയിരുന്നുത്. നിതീഷ് റാണയ്ക്കായിരുന്നു വിക്കറ്റ്. പതിവായി സമാനമായ സാഹചര്യത്തില്‍ നിന്ന് മത്സരം കൈവിടുന്ന പതിവ് എന്നാല്‍ ഈ മത്സരത്തില്‍ ഡല്‍ഹിയ്ക്ക് സംഭവിച്ചില്ല.

കോളിന്‍ ഇന്‍ഗ്രാമും ശിഖര്‍ ധവാനും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 63 പന്തില്‍ നിന്ന് 11 ബൗണ്ടറിയും 2 സിക്സും അടക്കമായിരുന്നു ശിഖര്‍ ധവാന്‍ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 97 റണ്‍സിലേക്ക് എത്തിയത്. കോളിന്‍ ഇന്‍ഗ്രാം 6 പന്തില്‍ നിന്ന് 14 റണ്‍സുമായി നിര്‍ണ്ണായക റണ്ണുകള്‍ നേടി ടീമിന്റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചു.

വീണ്ടും ഗെയിം ചേഞ്ചറായി സാം കറന്‍, ഹാട്രിക്ക്, മൊഹാലി കോട്ട കാത്ത് പഞ്ചാബ്

അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറുകളില്‍ വേണ്ടാത്ത ഷോട്ടുകള്‍ കളിച്ച് പുറത്തായി സ്വയം സമ്മര്‍ദ്ദത്തിലാക്കി ‍‍ഡല്‍ഹി ക്യാപിറ്റല്‍സ് കളഞ്ഞ് കുളിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു തങ്ങളുടെ മൂന്നാം ജയം. രാജസ്ഥാനെതിരെ ആദ്യ മത്സരത്തിലേത് പോലെ അവസാന നാലോവറില്‍ എതിരാളികള്‍ക്ക് നേടുവാനുള്ള ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് തിരികെ എത്തുകയായിരുന്നു.

സാം കറന്‍ എറിഞ്ഞ 18ാം ഓവറാണ് മത്സരം തിരികെ കൊണ്ടുവന്നത്. ഓവറില്‍ കോളിന്‍ ഇന്‍ഗ്രാമിന്റെ ഉള്‍പ്പെടെ രണ്ട് വിക്കറ്റാണ് കറന്‍ നേടിയത്. ഋഷഭ് പന്തിന്റെ വിക്കറ്റുകള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളുമായി മുഹമ്മദ് ഷമിയും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടി സാം കറന്‍ ഹാട്രിക് നേടിയപ്പോള്‍ മത്സരം 14 റണ്‍സിനു വിജയം കുറിച്ചു. 19.2 ഓവറില്‍ 152 റണ്‍സിനു ഡല്‍ഹി ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇന്ന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം പൃഥ്വി ഷായെ പൂജ്യത്തിനു നഷ്ടമായ ശേഷം ഡല്‍ഹിയെ ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. അശ്വിനായിരുന്നു ഷായുടെ വിക്കറ്റ്.

61 റണ്‍സ് നേടി കുതിയ്ക്കുകയായിരുന്നു കൂട്ടുകെട്ടില്‍ അയ്യരാണ്(28) ആദ്യം പുറത്തായത്. 21 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ടീമിനു ധവാനെയും നഷ്ടമായി. പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ കോളിന്‍ ഇന്‍ഗ്രാം ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് ഡല്‍ഹിയെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

പന്തിനെ കാഴ്ചക്കാരനാക്കി അതിവേഗത്തില്‍ സ്കോറിംഗ് നടത്തുന്ന ഇന്‍ഗ്രാമിനെയാണ് പിന്നീടുള്ള ഓവറുകളില്‍ കണ്ടതെങ്കിലും പന്തും ഇന്നിംഗ്സിന്റെ അവസാനത്തോടെ വലിയ ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തി.

അവസാന നാലോവറില്‍ ജയിക്കുവാന്‍ ഡല്‍ഹിയ്ക്ക് വേണ്ടിയിരുന്നത് 30 റണ്‍സായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ഒരു കൂറ്റന്‍ സിക്സര്‍ നേടിയ പന്തിനെ അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷമി തിരിച്ചടിച്ചത്. 26 പന്തില്‍ നിന്ന് മൂന്ന് ഫോറും 2 സിക്സും സഹിതമായിരുന്നു പന്തിന്റെ പ്രകടനം. അടുത്ത പന്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രിസ് മോറിസിനെ റണ്ണൗട്ടാക്കി അശ്വിന്‍ വീണ്ടും മത്സരം മാറ്റി മറിച്ചു.

കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ ഡല്‍ഹിയ്ക്കായി ഇറങ്ങിയ കൂട്ടുകെട്ടിന്റെ പുറത്തായി പിന്നീട് വിജയം ഉറപ്പാക്കേണ്ട ദൗത്യം. കോളിന്‍ ഇന്‍ഗ്രാമിനും ഹനുമ വിഹാരിയ്ക്കും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ 18 പന്തില്‍ 23 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

സാം കറന്‍ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തുകളില്‍ വലിയ ഷോട്ടുകള്‍ നേടുവാന്‍ പഞ്ചാബ് ബൗളര്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇന്‍ഗ്രാം വലിയ ഷോട്ടിനു മുതിരുകയും ബൗണ്ടറി ലൈനില്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് നേടി കരുണ്‍ നായര്‍ ഇന്‍ഗ്രാമിനെ പുറത്താക്കുകയായിരുന്നു.

ഇതോടെ ക്രീസില്‍ രണ്ട് പുതിയ താരങ്ങളായി പഞ്ചാബിനു വേണ്ടി ബാറ്റ് ചെയ്യാനെത്തിയത്. ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെയും പുറത്താക്കി സാം കറന്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ എറിഞ്ഞ തരത്തിലുള്ള ഗെയിം ചേഞ്ചിംഗ് ഓവര്‍ എറിഞ്ഞ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.

12 പന്തില്‍ 20 റണ്‍സ് വേണ്ട ഘട്ടത്തില്‍ മുഹമ്മദ് ഷമി വെറും 5 റണ്‍സ് നല്‍കി പഞ്ചാബിനു വേണ്ടി വിഹാരിയെ പുറത്താക്കി അവസാന ഓവറിലെ ലക്ഷ്യം 15 ആക്കി മാറ്റി. അവസാന ഓവറില്‍ സാം കറന്‍ ആദ്യ പന്തില്‍ തന്നെ കാഗിസോ റബാഡയെ പുറത്താക്കി. അടുത്ത പന്തില്‍ സന്ദീപ് ലാമിച്ചാനയെയും പുറത്താക്കി സാം കറന്‍ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. 2.2 ഓവറില്‍ 11 റണ്‍സിനാണ് കറന്‍ 4 വിക്കറ്റ് നേടിയത്.

ഡല്‍ഹി കുതിപ്പിനു തടയിട്ട് ഡ്വെയിന്‍ ബ്രാവോ, ചെന്നൈയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം

ആദ്യ മത്സരത്തിന്റെ മികവ് രണ്ടാം മത്സരത്തില്‍ പുലര്‍ത്തുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായില്ലെങ്കിലും ശിഖര്‍ ധവാനും ഋഷഭ് പന്തും ടീമിനെ 147/6 എന്ന സ്കോറിലേക്ക് നയിച്ചു. ഡ്വെയിന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് വലിയ സ്കോര്‍ നേടാമെന്ന ഡല്‍ഹി പ്രതീക്ഷയ്ക്ക് തിരിച്ചടിയായത്. ഏഴാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 20 റണ്‍സ് നേടിയാണ് രാഹുല്‍ തെവാത്തിയ(11*)-അക്സര്‍ പട്ടേല്‍(9*) ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹിയ്ക്ക് പൃഥ്വി ഷായും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 36 റണ്‍സ് നേടി മുന്നേറുകയായിരുന്നു ഡല്‍ഹിയ്ക്ക് പൃഥ്വി ഷായെ നഷ്ടമായി. 16 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ പൃഥ്വി ഷായെ ദീപക് ചഹാര്‍ ആണ് പുറത്താക്കിയത്.

രണ്ടാം വിക്കറ്റില്‍ ധവാനും ശ്രേയസ്സ് അയ്യരും കൂടി മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടി ഡല്‍ഹിയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ കൂട്ടുകെട്ടിനു വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് മുന്നോട്ട് നയിക്കുവാനായിരുന്നില്ല. 7.1 ഓവറില്‍ 43 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ധവാന്‍-അയ്യര്‍ കൂട്ടുകെട്ട് തകര്‍ത്തത് ഇമ്രാന്‍ താഹിറാണ്. 18 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ താഹിര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

എന്നാല്‍ ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ ഡല്‍ഹി വീണ്ടും മുന്നോട്ട് കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 41 റണ്‍സാണ് നേടിയത്. ഇതില്‍ ഋഷഭ് പന്ത് തന്നെയാണ് പതിവു പോലെ കൂടുതല്‍ അപകടകാരിയായത്. 13 പന്തില്‍ 25 റണ്‍സ് നേടിയ പന്തിനെ ശര്‍ദ്ധുല്‍ താക്കൂര്‍ മികച്ചൊരു ക്യാച്ച് നേടി പുറത്താക്കുകയായിരുന്നു. ഡ്വെയിന്‍ ബ്രാവോയ്ക്കാണ് വിക്കറ്റ്. അതെ ഓവറില്‍ കോളിന്‍ ഇന്‍ഗ്രാമിനെയും ബ്രാവോ തന്നെ പുറത്താക്കി.

അടുത്ത ഓവറില്‍ കീമോ പോളിനെ രവീന്ദ്ര ജഡേജ പുറത്താക്കിയെങ്കിലും ശിഖര്‍ ധവാന്‍ തന്റെ അര്‍ദ്ധ ശതകം നേടി. തൊട്ടടുത്ത ഓവറില്‍ ശിഖര്‍ ധവാനെ ബ്രോവോ പുറത്താക്കി. 51 റണ്‍സായിരുന്നു താരം നേടിയത്. നാലോവറില്‍ നിന്ന് 33 റണ്‍സ് വഴങ്ങിയാണ് ബ്രാവോ തന്റെ മൂന്ന് വിക്കറ്റ് നേടിയത്.

ശ്രദ്ധേയമായ പ്രകടനവുമായി കോളിന്‍ ഇന്‍ഗ്രാമും ശിഖര്‍ ധവാനും, കത്തിക്കയറി ഋഷഭ് പന്ത്

ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗും ടി20 സ്പെഷ്യലിസ്റ്റായ കോളിന്‍ ഇന്‍ഗ്രാമിനൊപ്പം ശിഖര്‍ ധവാനും തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 213 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. തങ്ങളുടെ പേര് മാറ്റി അടിമുടി മാറിയെത്തിയ ഡല്‍ഹിയ്ക്ക തുടക്കം പാളിയെങ്കിലും ധവാന്‍-ഇന്‍ഗ്രാം കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

32 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയാണ് ഇന്‍ഗ്രാം പുറത്തായത്. വിവിധ ടി20 ലീഗുകളില്‍ തന്റെ കളി കൊണ്ട് മുദ്ര പതിപ്പിച്ച താരമാണ് ഇന്‍ഗ്രാം. ശ്രേയസ്സ് അയ്യര്‍ മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ചുവെങ്കിലും 16 റണ്‍സ് നേടി മക്ലെനാഗനു വിക്കറ്റ് നല്‍കി മടങ്ങി. നേരത്തെ പൃഥ്വി ഷായെ(7) പുറത്താക്കിയതും മക്ലെനാഗനായിരുന്നു. കോളിന്‍ ഇന്‍ഗ്രാമിന്റെ വിക്കറ്റ് ബെന്‍ കട്ടിംഗ് ആണ് സ്വന്തമാക്കിയത്.

മൂന്നാം വിക്കറ്റ് വീണ ശേഷം ശിഖര്‍ ധവാന്‍ – ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ‍ഡല്‍ഹിയെ മുന്നോട്ട് നയിക്കേണ്ടിയിരുന്നതെങ്കിലും ധവാന്‍ 36 പന്തില്‍ 43 റണ്‍സ് നേടി മടങ്ങി. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. ധവാന്‍ പുറത്താകുമ്പോള്‍ 15.1 ഓവറില്‍ 131/4 എന്ന നിലയിലായിരുന്ന ഡല്‍ഹി അടുത്ത 29 പന്തില്‍ നിന്ന് നേടിയത് 82 റണ്‍സാണ്.

27 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ പന്ത് ഏഴ് വീതം സിക്സും ഫോറുമാണ് നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തില്‍ മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് താരം സ്കോര്‍ 200 കടത്തുകയായിരുന്നു. 16 പന്തില്‍ 48 റണ്‍സാണ് താരം ഏഴാം വിക്കറ്റില്‍ രാഹുല്‍ തെവാത്തിയയെ കൂട്ടുപിടിച്ച് നേടിയത്.

 

ധവാനും രോഹിത്തിനും അര്‍ദ്ധ ശതകം, ഇന്ത്യ കുതിയ്ക്കുന്നു

മൊഹാലിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏതാനും മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്. ഇന്ത്യ നാല് മാറ്റങ്ങളാണ് കഴിഞ്ഞ മത്സരത്തിലെ ടീമില്‍ വരുത്തിയത്. ധോണിയ്ക്ക് പകരം പന്തും ഷമി, ജഡേജ, റായിഡു എന്നിവര്‍ക്ക് പകരം യഥാക്രമം ഭുവനേശ്വര്‍ കുമാര്‍, ചഹാല്‍, ലോകേഷ് രാഹുല്‍ എന്നിവരും ടീമിലെത്തി. അതേ സമയം ഓസ്ട്രേലിയ ലയണിനു പകരം ബെഹ്രെന്‍ഡോര്‍ഫും സ്റ്റോയിനിസിനു പകരം ടര്‍ണറെയും ടീമില്‍ ഉള്‍പ്പെടുത്തി.

ബാറ്റിംഗ് ആരംഭിച്ച് ഇന്ത്യന്‍ ഓപ്പണര്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന കാഴ്ചയാണ് പിന്നീട് മൊഹാലിയില്‍ കണ്ടത്. ആദ്യ ഓവറുകളില്‍ ഓസീസ് സമ്മര്‍ദ്ദം അതിജീവിച്ച ഓപ്പണര്‍മാര്‍ പിന്നെ മികച്ച ഫോമില്‍ ബാറ്റ് വീശുന്നതാണ് കണ്ടത്. ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകം തികച്ച് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ 22 ഓവര്‍ പിന്നിടുമ്പോള്‍ 130 റണ്‍സാണ് നേടിയിട്ടുള്ളത്. ശിഖര്‍ ധവാന്‍ 78 റണ്‍സും രോഹിത് ശര്‍മ്മ 50 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

പന്തിന് ഗ്രേഡ് എ കരാര്‍, ധവാനും ഭുവനേശ്വറും തരം താഴ്തപ്പെട്ടു

ഇന്ത്യയുടെ പുത്തന്‍ താരം ഋഷഭ് പന്തിനു ഗ്രേഡ് എ കരാര്‍ നല്‍കി ബിസിസിഐ. അതേ സമയം ഭുവനേശ്വര്‍ കുമാരിനും ശിഖര്‍ ധവാനും കരാര്‍ തരം താഴ്ത്തപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗ്രേഡ് എ+ കരാര്‍ ലഭിച്ച താരങ്ങളെ ഇപ്പോള്‍ എ കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എ കരാര്‍ ലഭിച്ച മുരളി വിജയയ്ക്ക് ഇത്തവണ കരാര്‍ ഒന്നും തന്നെ ലഭിച്ചില്ല.

2018-19 സീസണിലേക്കുള്ള തീരുമാനങ്ങളാണ് ബിസിസിഐ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ കൈകൊണ്ടിട്ടുള്ളത്. ഗ്രേഡ് ബി യില്‍ നിന്ന് ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ഗ്രേഡ് എ യിലേക്ക് ഉയര്‍ന്നിരിക്കുന്നത്. അതേ സമയം പരിക്ക് മൂലം സീസണ്‍ ഏറെക്കുറെ പൂര്‍ണ്ണമായും നഷ്ടപ്പെട്ട വൃദ്ധിമന്‍ സാഹയ്ക്ക് സി ഗ്രേഡ് കരാര്‍ ആണ് നല്‍കിയിരിക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനും സി ഗ്രേഡ് കരാര്‍ മാത്രമാണ ലഭിച്ചത്.

അതേ സമയം ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിച്ച അമ്പാട്ടി റായിഡുവിനു സി ഗ്രേഡ് കരാര്‍ ലഭിച്ചു. കഴിഞ്ഞ തവണ താരത്തിനു കരാറൊന്നും ലഭിച്ചിരുന്നില്ല.

ഗ്രേഡ് എ+(7 കോടി രൂപ) – വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ

ഗ്രേഡ് എ(5 കോടി രൂപ) – രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, എംഎസ് ധോണി, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്

ഗ്രേഡ് ബി(മൂന്ന് കോടി): കെഎല്‍ രാഹുല്‍, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ

ഗ്രേഡ് സി(ഒരു കോടി): കേധാര്‍ ജാഥവ്, ദിനേശ് കാര്‍ത്തിക്, അമ്പാട്ടി റായിഡു, മനീഷ് പാണ്ടേ, ഹനുമ വിഹാരി, ഖലീല്‍ അഹമ്മദ്, വൃദ്ധിമന്‍ സാഹ

ഇന്ത്യ ഓസ്ട്രേലിയയെ വിലകുറച്ച് കണ്ടു, അതിനു വലിയ വില കൊടുക്കേണ്ടി വന്നു, ഉമേഷിനെ കളിപ്പിച്ചത് മണ്ടത്തരം

വൈസാഗിലെ ആദ്യ ടി20യില്‍ ബാറ്റിംഗ് പരാജയത്തിനു ശേഷം ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വിജയ സാധ്യത തിരിച്ചുകൊണ്ടുവരുന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറില്‍ 14 റണ്‍സ് ഉമേഷ് യാദവ് വിട്ടു നല്‍കിയപ്പോള്‍ ഓസ്ട്രേലിയ ആദ്യ മത്സരം വിജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയതിന്റെ കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്കര്‍.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20യില്‍ പരാജയപ്പെടുന്നത്. നേരത്തെ ന്യൂസിലാണ്ടില്‍ മൂന്നാം ടി20യില്‍ പരാജയപ്പെട്ട ടീം ഇവിടെ വീണ്ടും ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. നാട്ടില്‍ എട്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ ടി20 പരാജയമായിരുന്നു ഇത്. ഓസ്ട്രേലിയയെ നാട്ടില്‍ ടെസ്റ്റിലും ഏകദിനത്തിലും പരാജയപ്പെടുത്തിയ ഇന്ത്യ ഓസ്ട്രേലിയയെ വില കുറച്ച് കണ്ടതാണ് തോല്‍വിയ്ക്ക് കാരണമെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെടുന്നത്.

ടി20 പോലുള്ള ഫോര്‍മാറ്റില്‍ പ്രത്യേകിച്ചും ക്രിക്കറ്റില്‍ പൊതുവേയും എതിരാളികളെ വിലകുറച്ച് കാണരുതെന്ന ബോധ്യം കൂടി ഈ മത്സരത്തോടെ ഇന്ത്യയ്ക്ക് വന്ന് കാണുമെന്ന് സുനില്‍ അഭിപ്രായപ്പെട്ടു. ശിഖര്‍ ധവാനെ പോലെ സീനിയര്‍ താരത്തെ പുറത്തിരുത്തി കെഎല്‍ രാഹുലിനെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാനുള്ള ഇന്ത്യയുടെ തീരമാനവും മധ്യ നിരയില്‍ മൂന്ന് കീപ്പര്‍മാരുമായി പോകുവാന്‍ തീരുമാനിച്ചതും ഇതിനുദാഹരണമാണെന്ന് ഗവാസ്കര്‍ പറഞ്ഞു.

രാഹുല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു അര്‍ദ്ധ ശതകം നേടിയെങ്കിലും അധിക നേരം ക്രീസില്‍ ചെലവഴിക്കുവാന്‍ താരത്തിനായില്ല അത് പന്തും മറ്റു കീപ്പര്‍ ബാറ്റ്സ്മാന്മാരുടെ ചുമലില്‍ അധിക ചുമതല വരുത്തുകയും അവര്‍ പരാജയപ്പെടുകയും ചെയ്തു. താരതമ്യേന പുതുമുഖമായ ക്രുണാല്‍ പാണ്ഡ്യയായിരുന്നു മധ്യ നിരയിലെ മറ്റൊരു ബാറ്റ്സ്മാനെന്നും സുനില്‍ ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.

വൈറ്റ് ബോള്‍ ക്രിക്കറ്റിനു അനുയോജ്യമല്ലാത്ത താരമാണ് ഉമേഷ് യാദവെന്നും താരത്തെ കളിപ്പിച്ചത് മണ്ടത്തരമെന്നുമാണ് ഗവാസ്കര്‍ പറഞ്ഞത്. ഓസ്ട്രേലിയ ജയത്തിലേക്ക് അനായാസം നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 19ാം ഓവറില്‍ ജസ്പ്രീത് ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയെങ്കിലും അടുത്ത ഓവറില്‍ ഉമേഷ് യാദവിനെ 14 റണ്‍സ് നേടി ഓസ്ട്രേലിയ വിജയം കുറിയ്ക്കുകയായിരുന്നു.

തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് ശിഖര്‍ ധവാന്‍

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിനു സഹായം നല്‍കി ശിഖര്‍ ധവാന്‍. ട്വിറ്ററിലൂടെ തന്റെ ആരാധകരോട് അവരാല്‍ കഴിയുന്ന സഹായം ചെയ്യണമെന്നും ശിഖര്‍ ആവശ്യപ്പെടുന്നുണ്ട്. മരിച്ചവരെ തിരിച്ചുകൊണ്ടുവരാനാകില്ല, ഈ ചെയ്യുന്നത് അവര്‍ക്കൊരു ആശ്വാസമാകുമെന്നും കരുതുന്നില്ല, ചെയ്യാവുന്നതില്‍ ചെറിയ കാര്യമാണ് ഇതെന്ന് പറയുന്ന ശിഖര്‍ സംഭവത്തില്‍ താന്‍ ഏറെ ദുഖിതനാണെന്ന് പറയുന്നുണ്ട്.

ശിഖര്‍ ധവാന്‍ കൊടുത്ത സഹായധനം എത്രയാണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. നേരത്തെ വിരേന്ദര്‍ സെഹ്‍വാഗ് വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമായി തന്റെ സ്കൂളില്‍ പൂര്‍ത്തിയാക്കാമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു.

രോഹിത്തും ശിഖറും തിളങ്ങി, അവസാന ഓവറില്‍ 21 റണ്‍സ് നേടി കേധാറും ധോണിയും

ന്യൂസിലാണ്ടിനെതിരെ ബേ ഓവലില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 324 റണ്‍സ് നേടുകയായിരുന്നു.  ഇന്ന് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 154 റണ്‍സാണ് നേടിയത്. 66 റണ്‍സ് നേടിയ ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ട്രെന്റ ബോള്‍ട്ടിനായിരുന്നു വിക്കറ്റ്.

ഏറെ വൈകാതെ രോഹിത് ശര്‍മ്മയെയും ഇന്ത്യയ്ക്ക് നഷ്ടമായി. പുറത്താകുമ്പോള്‍ 87 റണ്‍സായിരുന്നു രോഹിത് നേടിയത്. ലോക്കി ഫെര്‍ഗൂസണായിരുന്നു വിക്കറ്റ്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് 64 റണ്‍സ് കൂട്ടി ചേര്‍ത്തുവെങ്കിലും ബോള്‍ട്ട് വിരാടിനെ(43) പവലിയനിലേക്ക് മടക്കി.

ധോണിയ്ക്കൊപ്പം നാലാം വിക്കറ്റില്‍ 35 റണ്‍സ് നേടി തന്റെ വ്യക്തിഗത സ്കോര്‍ 47ല്‍ നില്‍ക്കെ ലോക്കി ഫെര്‍ഗൂസണ്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി അമ്പാട്ടി റായിഡുവും മടങ്ങിയപ്പോള്‍ ഇന്ത്യയെ 300 കടത്തുക എന്ന ലക്ഷ്യം ധോണിയിലേക്ക് വന്ന് ചേരുകയായിരുന്നു. കേധാര്‍ ജാഥവിനൊപ്പം ഇന്ത്യയുടെ സ്കോര്‍ 300 കടത്തുവാന്‍ ധോണിയ്ക്ക് സാധിച്ചു.

ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ ലോക്കി ഫെര്‍ഗൂസണെ മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം 21 റണ്‍സ് നേടി കേധാര്‍ ജാഥവും എംഎസ് ധോണിയും ചേര്‍ന്ന് ഇന്ത്യയെ 324 എന്ന മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 26 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയാണ് അഞ്ചാം വിക്കറ്റില്‍ ധോണി കേധാര്‍ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ധോണി 33 പന്തില്‍ നിന്ന് 48 റണ്‍സും കേധാര്‍ ജാഥവ് 10 പന്തില്‍ നിന്ന് 22 റണ്‍സും നേടിയാണ് അപരാജിത കൂട്ടുകെട്ടിനെ മുന്നോട്ട് കൊണ്ടുപോയത്. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണും ട്രെന്റ് ബോള്‍ട്ടും രണ്ട് വീതം വിക്കറ്റ് നേടി.

 

39ാം ശതകവുമായി അടിത്തറ നല്‍കി കോഹ്‍ലി, ഫിനിഷ് ചെയ്ത ധോണിയും കാര്‍ത്തിക്കും, ഇന്ത്യയ്ക്ക് അഡിലെയ്ഡില്‍ ജയം

ഓസ്ട്രേലിയയുടെ 299 റണ്‍സ് എന്ന ലക്ഷ്യം 4 പന്ത് ബാക്കി നില്‍ക്കെ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ. വിരാട് കോഹ്‍ലിയുടെ 39ാം ശതകമാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയായത്. നിര്‍ണ്ണായകമായ ഇന്നിംഗ്സുമയായി എംഎസ് ധോണിയും അവസാന ഓവറുകളില്‍ ശ്രദ്ധേയമായ പ്രകടനവുമായി ദിനേശ് കാര്‍ത്തിക്കും തിളങ്ങിയപ്പോള്‍ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.

112 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ കോഹ്‍ലിയുടെ പ്രകടനമാണ് മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് തിരിച്ചത്. ധോണി പതിവു പോലെ മെല്ലെയാണ് തുടങ്ങിയതെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുവാന്‍ താരത്തിനായി. രോഹിത് ശര്‍മ്മ 43 റണ്‍സും ശിഖര്‍ ധവാന്‍ 32 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് നേടിയിരുന്നു.

രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കോഹ്‍ലിയുമായി കൂട്ടിചേര്‍ത്ത് രോഹിത് മടങ്ങിയപ്പോള്‍ പകരമെത്തിയ റായിഡു 24 റണ്‍സ് നേടി പുറത്തായി. മത്സരത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ധോണിയുമായി ചേര്‍ന്ന് കോഹ്‍ലി നേടിയത്. 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

അഞ്ചാം വിക്കറ്റില്‍ എംഎസ് ധോണിയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് നിര്‍ണ്ണായകമായ കൂട്ടുകെട്ട് നേടിയാണ് ഇന്ത്യയെ പരമ്പരയില്‍ ഒപ്പമെത്തിച്ചത്. 34 പന്തില്‍ നിന്ന് 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ധോണി 55 റണ്‍സും കാര്‍ത്തിക്ക് 25 റണ്‍സും നേടി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കുവാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ ആദ്യ പന്തില്‍ തന്നെ സിക്സടിച്ച് ധോണി സ്കോറുകള്‍ ഒപ്പമെത്തിച്ചു. അടുത്ത പന്തില്‍ സിംഗിള്‍ നേടി വിജയവും ധോണി ഉറപ്പാക്കുകയായിരുന്നു.

പകരക്കാരുടെ നിരയില്‍ മയാംഗ് അഗര്‍വാലും ശിഖര്‍ ധവാനും

പൃഥ്വി ഷാ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള തന്റെ 66 റണ്‍സിലൂടെ തന്നെ അഡിലെയിഡ് ടെസ്റ്റിലെ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചുവെന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ കഴിഞ്ഞ ദിവസം പറഞ്ഞുറപ്പിച്ചതായിരുന്നു. എന്നാല്‍ മത്സരത്തിന്റെ മൂന്നാം ദിവസം താരം ഫീല്‍ഡിംഗിനിടെ പരിക്കേറ്റതോടെ ഓപ്പണിംഗിലെ പ്രതിസന്ധി കൂടാതെ ബാക്കപ്പ് ഓപ്പണറെ കൂടി തേടേണ്ട സ്ഥിതിയിലാണ് ഇന്ത്യ.

ഇന്ത്യയുടെ രണ്ടാം ഓപ്പണിംഗ് സ്ലോട്ടിലേക്ക് ശ്രമം തുടരുന്ന കെഎല്‍ രാഹുലും മുരളി വിജയ്‍യും ഇനി അഡിലെയ്ഡില്‍ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഷായുടെ പരിക്ക് ഗുരുതരമാണെങ്കില്‍ താരത്തിനു പകരക്കാരനെ കണ്ടെത്തേണ്ട ചുമതല കൂടി ഇന്ത്യയ്ക്കുണ്ട്. മയാംഗ് അഗര്‍വാലും ശിഖര്‍ ധവാനും ആവും ടീമിലേക്ക് പകരക്കാരനായി എത്തുവാനുള്ള സാധ്യത.

ശിഖര്‍ ധവാനെ അടുത്തിടെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതാണെങ്കിലും പുതുമുഖ താരം അഗര്‍വാലിനെക്കാള്‍ കൂടുതല്‍ സാധ്യത താരത്തിനാകുമെന്ന് വേണം വിലയിരുത്തുവാന്‍. ഓസ്ട്രേലിയയിലെ പിച്ചുകളില്‍ മയാംഗിനെക്കാള്‍ ഒരു സീനിയര്‍ താരത്തെ കരുതലായി എത്തിക്കുവാനാകും ടീം മാനേജ്മെന്റ് ആഗ്രഹപ്പെടുക.

പൃഥ്വിയുടെ പരിക്ക് സാരമല്ലെന്നും താരം അഡിലെയ്ഡില്‍ കളിയ്ക്കാനിറങ്ങുമെന്നുമുള്ള വാര്‍ത്തയ്ക്കായാവും ടീം മാനേജ്മെന്റും കായികാരാധകരും കാത്തിരിക്കുന്നതെന്ന് തീര്‍ച്ചയാണ്.

Exit mobile version