പരിക്ക് മൂലം ദേവ്ദത്ത് പടിക്കൽ ഐപിഎല്ലിൽ നിന്ന് പുറത്ത്; ആർസിബി പകരക്കാരനെ സ്വന്തമാക്കി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ഓപ്പണർ ദേവ്ദത്ത് പടിക്കലിന് വലത് കാൽക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഐപിഎൽ 2025 ന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ കഴിയില്ലെന്ന് സ്ഥിരീകരിച്ചു. 24 കാരനായ താരം ഈ സീസണിൽ ആർസിബിക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുകയും 10 മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ 247 റൺസ് നേടുകയും ചെയ്തിരുന്നു.


ഈ ഒഴിവിലേക്ക്, പരിചയസമ്പന്നനായ ബാറ്റർ മായങ്ക് അഗർവാളിനെ പകരക്കാരനായി ആർസിബി ടീമിലെത്തിച്ചു. 127 ഐപിഎൽ മത്സരങ്ങളിൽ കളിച്ചിട്ടുള്ള മായങ്ക്, ഒരു സെഞ്ചുറിയും 13 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 2661 റൺസ് നേടിയിട്ടുണ്ട്. 1 കോടി രൂപയ്ക്കാണ് അദ്ദേഹം ആർസിബി ടീമിൽ ചേരുന്നത്.
ടൂർണമെന്റ് നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ പടിക്കലിന്റെ പരിക്ക് ആർസിബിക്ക് തിരിച്ചടിയാണ്.

ഇറാനി കപ്പിൽ മായങ്ക് അഗർവാൾ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കും, സർഫറാസ് ഇല്ല

മധ്യപ്രദേശിനെതിരായ 2022-23 ഇറാനി കപ്പ് മത്സരത്തിൽ കർണാടക ഓപ്പണറായ മായങ്ക് അഗർവാൾ റെസ്റ്റ് ഓഫ് ഇന്ത്യ (RoI) ടീമിനെ നയിക്കും. മാർച്ച് 1നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതുവരെ ROI ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിനെ അഗർവാൾ നയിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയെ രഞ്ജി ട്രോഫി സെമിഫൈനലിലേക്ക് നയിക്കാൻ മായങ്കിനായിരുന്നു.

13 ഇന്നിംഗ്‌സുകളിൽ നിന്ന് 82.50 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും നേടിയ അഗർവാൾ 990 റൺസുമായി രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്ത താരമായി മാറിയിരുന്നു.

ബംഗാൾ ബാറ്റർമാരായ അബിമന്യു ഈശ്വരൻ, സുദീപ് ഘരാമി, മുംബൈ ഓപ്പണർ യശസ്വി ജയ്‌സ്വാൾ, വിക്കറ്റ് കീപ്പർ-ഓപ്പണർ ഹാർവിക് ദേശായി, രഞ്ജി ട്രോഫി കിരീടം നേടിയ സൗരാഷ്ട്ര ടീമിൽ നിന്നുള്ള ഇടങ്കയ്യൻ സീമർ ചേതൻ സക്കറിയ എന്നിവരടങ്ങുന്നതായിരുന്നു റെസ്റ്റ് ഓഫ് ഇന്ത്യ ടീം.

വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവ്, ബാബാ ഇന്ദ്രജിത്ത്, ഡൽഹി ക്യാപ്റ്റൻ യാഷ് ദുൽ എന്നിവരും ടീമിൽ ഉണ്ടാകും. മുംബൈ ബാറ്റർ സർഫറാസ് ഖാനെ പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കും.

മയാംഗിന് ഇരട്ട ശതകം, കര്‍ണ്ണാടകയ്ക്ക് 407 റൺസ്

സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി ട്രോഫി സെമി ഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ 407 റൺസ് നേടി കര്‍ണ്ണാടക. മയാംഗ് അഗര്‍വാള്‍ നേടിയ 249 റൺസിന്റെ ബലത്തിലാണ് കര്‍ണ്ണാടകയുടെ കൂറ്റന്‍ സ്കോര്‍. താരം ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് പുറത്തായത്. റണ്ണൗട്ടായാണ് താരം പുറത്തായത്.

66 റൺസ് നേടിയ ശ്രീനിവാസ് ശരത് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. 3 വീതം വിക്കറ്റാണ് ചേതന്‍ സക്കറിയയും കുശാംഗ് പട്ടേലും സൗരാഷ്ട്രയ്ക്കായി നേടിയത്.

തകര്‍ന്നടിഞ്ഞ കര്‍ണ്ണാടകയെ രക്ഷിച്ച് ആറാം വിക്കറ്റ് കൂട്ടുകെട്ട്

ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാളിന്റെ ശതകത്തിന്റെ ബലത്തിൽ സൗരാഷ്ട്രയ്ക്കെതിരെ കര്‍ണ്ണാടക പൊരുതുന്നു. ഇന്ന് രഞ്ജി സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കര്‍ണ്ണാടക 5 വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് നേടിയത്.

112/5 എന്ന നിലയിലേക്ക് വീണ കര്‍ണ്ണാടകയെ മയാംഗ് അഗര്‍വാള്‍ – ശ്രീനിവാസ് ശരത് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 117 റൺസുമായി തിളങ്ങിയാണ് ഒന്നാം ദിവസം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നയിച്ചത്.

110 റൺസുമായി മയാംഗും 58 റൺസുമായി ശ്രീനിവാസും ക്രീസിൽ നിൽക്കുകയാണ്. സൗരാഷ്ട്രയ്ക്കായി കുശാംഗ് പട്ടേൽ രണ്ട് വിക്കറ്റ് നേടി.

ഇരട്ട ശതകത്തിന് ശേഷം മയാംഗ് വീണു, ലീഡ് കര്‍ണ്ണാടകയ്ക്ക്

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മികച്ച സ്കോറിലേക്ക് കര്‍ണ്ണാടക നീങ്ങുന്നു. മയാംഗ് അഗര്‍വാള്‍ 208 റൺസ് നേടി പുറത്തായപ്പോള്‍ കര്‍ണ്ണാടക 361/5 എന്ന നിലയിലാണ്. 54 റൺസ് നേടിയ നികിന്‍ ജോസും പുറത്താകാതെ 39 റൺസ് നേടി ശ്രേയസ്സ് ഗോപാലുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

19 റൺസിന്റെ ലീഡാണ് കര്‍ണ്ണാടകയുടെ കൈവശമുള്ളത്. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റ് നേടി. മയാംഗിന്റെ വിക്കറ്റ് വൈശാഖിനായിരുന്നു.

 

മായങ്ക് 150ഉം കടന്ന് മുന്നോട്ട്, കർണാടക ശക്തമായ നിലയിൽ

കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി മത്സരം ഇന്ന് ലഞ്ചിന് പിരിയുമ്പോൾ കർണാടക 246-4 എന്ന നിലയിൽ നിൽക്കുകയാണ്. ലീഡ് നേടാൻ അവർക്ക് ഇനി 96 റൺസ് കൂടിയേ വേണ്ടു. 150ഉം കടന്ന് മുന്നേറിയ മായങ്ക് അഗർവാൾ ആണ് കർണാടകയെ മികച്ച നിലയിൽ എത്തിച്ചത്. 152 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് മായങ്ക്. 289 പന്തിൽ നിന്ന് ആണ് 152 റൺസ് താരം നേടിയത്. 10 ഫോറും 4 സിക്സും മായങ്കിന്റെ ഇന്നിങ്സിൽ ഉണ്ട്.

54 റൺസ് എടുത്ത നികിൻ ജോസ്, 29 റൺസ് എടുത്ത ദേവ്ദത്ത് പഠിക്കൽ, റൺസ് ഒന്നുൻ എടുക്കാതെ മനീഷ് പാണ്ടെ, സമാരത് എന്നിവരാണ് ഇതുവരെ പുറത്തായത്. വൈശാഖ്, നിധീഷ്, ജലജ്, അക്ഷയ് ചന്ദ്രൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

മയാംഗിന്റെ മികവിൽ കര്‍ണ്ണാടകം

കേരളത്തിന്റെ 342 റൺസെന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ കര്‍ണ്ണാടകയ്ക്ക് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 137/2 എന്ന മികച്ച സ്കോര്‍. വൈശാഖ് ചന്ദ്രന്‍ ആദ്യ ഓവറിൽ സമര്‍ത്ഥിനെ പുറത്താക്കിയ ശേഷം മയാംഗും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 89 റൺസാണ് നേടിയത്.

നിധീഷ് എംഡി 29 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കിയ ശേഷം നികിന്‍ ജോസ് ആണ് മയാംഗിന് കൂട്ടായി ക്രീസിലെത്തിയത്. മയാംഗ് 87 റൺസും നികിന്‍ 16 റൺസുമായി ക്രീസിൽ നിൽക്കുകയാണ്.

മയാംഗിന് 8.25 കോടി, പണം വാരിയെറിഞ്ഞ് സൺറൈസേഴ്സ്

മുന്‍ പഞ്ചാബ് നായകന്‍ മയാംഗ് അഗര്‍വാളിനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവരുടെ വെല്ലുവിളിയെ മറികടന്നാണ് മയാംഗിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. 1 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8.25 കോടി രൂപയ്ക്കാണ് താരത്തെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.

റിലീസ് ചെയ്ത താരത്തിനായി ആദ്യം എത്തിയത് പഞ്ചാബ് കിംഗ്സ് ആയിരുന്നു. റോയൽ ചലഞ്ചേഴ്സാണ് രണ്ടാമതായി ലേലത്തിൽ താരത്തിനായി എത്തിയത്. പിന്നീട് ആര്‍സിബിയ്ക്ക് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് എത്തിയപ്പോള്‍ പഞ്ചാബ് മാറിയ അവസരത്തിൽ സൺറൈസേഴ്സ് രംഗത്തെത്തി.

മയാംഗിനും ഒഡിയന്‍ സ്മിത്തിനും വിടുതൽ നൽകി പഞ്ചാബ് കിംഗ്സ്

ഐപിഎൽ 2023ന് മുമ്പുള്ള മെഗാ ലേലത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ ആദ്യ പടിയായി റിലീസ് ചെയ്ത താരങ്ങളുടെ പട്ടിക ഇന്നായിരുന്നു ടീമുകള്‍ പുറത്ത് വിടേണ്ടിയിരുന്നത്. പഞ്ചാബ് കിംഗ്സ് തങ്ങളുടെ കഴിഞ്ഞ തവണത്തെ ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാളിനെയും വിദേശ താരം ഒഡിയതന്‍ സ്മിത്തിനെയും ഉള്‍പ്പെടെ 9 താരങ്ങളെയാണ് റിലീസ് ചെയ്തത്.

ഇതിൽ ഇംഗ്ലണ്ടിന്റെ ബെന്നി ഹോവലാണ് മറ്റൊരു വിദേശ താരം. ഇന്ത്യന്‍ താരങ്ങളിൽ രാജ് അംഗദ് ബാവ, വൈഭവ് അറോറ, ഇഷാന്‍ പോറൽ, അന്‍ഷ് പട്ടേൽ, പ്രേരക് മങ്കഡ്, സന്ദീപ് ശര്‍മ്മ, വൃത്തിക് ചാറ്റര്‍ജ്ജി എന്നിവരെയും റിലീസ് ചെയ്തു.

മയാംഗ് ഉള്‍പ്പെടെ മൂന്ന് താരങ്ങളെ പഞ്ചാബ് റിലീസ് ചെയ്യുമെന്ന് സൂചന, ലക്ഷ്യം ബെന്‍ സ്റ്റോക്സിനെ

മയാംഗ് അഗര്‍വാള്‍, ഷാരൂഖ് ഖാന്‍, ഒഡീന്‍ സ്മിത്ത് എന്നിവരെ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്യുമെന്ന് സൂചന. കഴിഞ്ഞ സീസണിൽ പ‍ഞ്ചാബിന്റെ ക്യാപ്റ്റനായ മയാംഗിനെ മാറ്റി ശിഖര്‍ ധവാനെ ഫ്രാഞ്ചൈസി ക്യാപ്റ്റനാക്കിയിരുന്നു.

ഇതോടെ ഫ്രാഞ്ചൈസിയ്ക്ക് 27 കോടി രൂപയാണ് ഐപിഎൽ മിനി ലേലത്തിനായി കൈവശമുണ്ടാകുക. മയാംഗിന് 12 കോടിയും ഷാരൂഖിന് 9 കോടിയും ഒഡീന്‍ സ്മിത്തിന് 6 കോടിയും നൽകിയാണ് ഫ്രാ‍ഞ്ചൈസി സ്വന്തമാക്കിയത്.

ബെന്‍ സ്റ്റോക്സ്, കാമറൺ ഗ്രീന്‍, സാം കറന്‍ എന്നിവരിൽ രണ്ട് താരങ്ങളെ സ്വന്തമാക്കകു എന്നാണ് പുതിയ കോച്ച് ട്രെവര്‍ ബെയിലിസ്സ് ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.

നവംബര്‍ 15ന് ആണ് ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്യുവാനുള്ള താരങ്ങളുടെ പട്ടിക നൽകേണ്ട അവസാന തീയ്യതി.

പഞ്ചാബിനെ ഇനി ധവാന്‍ നയിക്കും

പ‍‍ഞ്ചാബ് കിംഗ്സ് വരുന്ന ഐപിഎൽ സീസണിൽ മയാംഗിന് പകരം ശിഖര്‍ ധവാനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഫ്രാഞ്ചൈസിയുടെ ഇന്നത്തെ ബോര്‍ഡ് മീറ്റിംഗിലാണ് ഇതിന് അംഗീകാരം ലഭിച്ചത്.

മോശം സീസണിനെ തുടര്‍ന്ന് മുഖ്യ കോച്ച് അനിൽ കുംബ്ലെയേ മാറ്റി പകരം ട്രെവർ ബെയിലിസ്സിനെ കോച്ചായി പഞ്ചാബ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മയാംഗ് അഗര്‍വാളിനെ റീടെയ്ന്‍ ചെയ്യണോ റിലീസ് ചെയ്യണോ ട്രേഡ് ചെയ്യണോ എന്ന കാര്യത്തില്‍ ഫ്രാഞ്ചൈസി ഉടന്‍ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്.

നവംബര്‍ 15ന് ആണ് റീലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക നൽകുവാനുള്ള അവസാന തീയ്യതി. ഐപിഎൽ ലേലം ഡിസംബര്‍ മൂന്നാമത്തെ ആഴ്ച നടക്കും.

മയാംഗ് അഗര്‍വാളിനെ ക്യാപ്റ്റന്‍സിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പഞ്ചാബ് കിംഗ്സ്

മയാംഗ് അഗര്‍വാളിനെ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റന്‍സിയിൽ നിന്ന് പുറത്താക്കിയെന്ന തരത്തിൽ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി ഫ്രാഞ്ചൈസി. കെഎൽ രാഹുല്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് മാറിയ സമയത്താണ് മയാംഗിനെ പഞ്ചാബ് ക്യാപ്റ്റനാക്കി നിയമിച്ചത്.

പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം താരത്തിനോട് ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ബാറ്റിംഗിൽ മാത്രം ശ്രദ്ധിക്കുവാന്‍ ഫ്രാഞ്ചൈസി ആവശ്യപ്പെട്ടുവെന്നായിരുന്നു. ഇന്‍സൈഡ് സ്പോര്‍ട്സ് എന്ന വെബ്സൈറ്റിനോട് പഞ്ചാബ് കിംഗ്സ് ഒഫീഷ്യൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വാര്‍ത്ത വന്നത്. അനിൽ കുംബ്ലെയേ കോച്ചിംഗ് സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്ന് ഈ വ്യക്തി പറഞ്ഞതായി റിപ്പോര്‍ട്ടിൽ പറയുന്നു.

Exit mobile version