വർക്ക് ലോഡ് എന്ന് പറഞ്ഞിരിക്കാതെ താരങ്ങൾ സിറാജിനെ മാതൃകയാക്കണം – ഗവാസ്കർ


‘വർക്ക് ലോഡ്’ എന്ന വാദത്തെ മുൻനിർത്തി ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ രക്ഷപ്പെടുന്നത് മതിയാക്കണമെന്ന് സുനിൽ ഗവാസ്കർ. ഓവലിൽ മുഹമ്മദ് സിറാജ് തൻ്റെ കഠിനാധ്വാനം കൊണ്ട് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വർക്ക് ലോഡ് എന്നത് മാനസികമായ ഒരു ഒഴിവുകഴിവ് മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു.


“മുഹമ്മദ് സിറാജ് വർക്ക് ലോഡിൻ്റെ കാര്യം പൂർണ്ണമായും തെറ്റാണെന്ന് തെളിയിച്ചു,” ഇന്ത്യ ടുഡേയോട് ഗവാസ്കർ പറഞ്ഞു. “അഞ്ച് ടെസ്റ്റുകളിലും അവൻ തുടർച്ചയായി 7-8 ഓവറുകൾ വീതം എറിഞ്ഞു. കാരണം ക്യാപ്റ്റൻ അത് ആവശ്യപ്പെട്ടു, രാജ്യവും അത് പ്രതീക്ഷിച്ചു. വർക്ക് ലോഡ് എന്നത് ശാരീരികമല്ല, മാനസികമാണ്. കളിക്കാർ ഇത്തരം അസംബന്ധങ്ങൾക്ക് വഴങ്ങിയാൽ, ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്നവരെ കാണാൻ കഴിയില്ല.”


ഈ അഭിപ്രായം ജസ്പ്രീത് ബുംറയുടെ അഞ്ചാം ടെസ്റ്റിലെ അഭാവത്തിനെ ചൂണ്ടിക്കാട്ടിയാണ് വരുന്നത്. നടുവേദന കാരണം ഈ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ കൂടുതൽ കളിക്കാൻ കഴിയില്ലെന്ന് ബുംറ നേരത്തെ അറിയിച്ചിരുന്നു. ബുംറയുടെ കാര്യം പരിക്ക് മൂലമാണ്, വർക്ക് ലോഡ് കാരണമല്ലെന്ന് ഗവാസ്കർ വ്യക്തമാക്കിയെങ്കിലും, അദ്ദേഹത്തിൻ്റെ വാക്കുകളിലെ വിമർശനം വ്യക്തമായിരുന്നു.


“നിങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ, വേദനകളെക്കുറിച്ച് മറക്കുക. അതിർത്തിയിൽ, ജവാന്മാർ തണുപ്പിനെക്കുറിച്ച് പരാതിപ്പെടാറില്ല. 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണ്. നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക. അതാണ് സിറാജ് കാണിച്ചുതന്നത്.” ഗവാസ്കർ പറഞ്ഞു.

ഇത്തവണ ആർ സി ബി ആണ് ഐ പി എൽ കിരീടം നേടാൻ ഫേവറിറ്റ്സ് എന്ന് ഗവാസ്കർ


ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ 2025 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടാൻ സാധ്യതയുള്ള ടീമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തിരഞ്ഞെടുത്തു. അവരുടെ മികച്ച എവേ ഫോമും മികച്ച ബാലൻസുള്ള ടീമുമാണ് ഗവാസ്‌കറെ ഈ അഭിപ്രായത്തിലേക്ക് എത്തിച്ചത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഗവാസ്‌കർ ആർസിബിയുടെ കൂട്ടായ ശക്തിയെ പ്രശംസിച്ചു. ടീം വ്യക്തിഗത മികവിനെ മാത്രം ആശ്രയിക്കുന്നില്ലെന്നും എല്ലാ വിഭാഗങ്ങളിലും സ്ഥിരത പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ആർസിബി, ഇതുവരെ കളിച്ച എല്ലാ എവേ മത്സരങ്ങളിലും വിജയിക്കുകയും 10 മത്സരങ്ങളിൽ നിന്ന് 7 എണ്ണം നേടുകയും ചെയ്തു. ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ദേവ്ദത്ത് പഠിക്കൽ, ജോഷ് ഹേസൽവുഡ് തുടങ്ങിയ മാച്ച് വിന്നർമാർ ടീമിന്റെ വിജയത്തിന് നിർണായക സംഭാവന നൽകി.


“ആർസിബി നന്നായി ബാറ്റ് ചെയ്യുകയും മികച്ച ഫീൽഡിംഗ് കാഴ്ചവെക്കുകയും ചെയ്തു. മുംബൈ ഇന്ത്യൻസ് തൊട്ടടുത്തെത്തിയിട്ടുണ്ട്, പക്ഷേ അവർ ഇപ്പോൾ മാത്രമാണ് ഫോമിലേക്ക് വരുന്നത്. കിരീട പോരാട്ടത്തിൽ ആർസിബിക്ക് നേരിയ മുൻതൂക്കമുണ്ട്,” ഗവാസ്‌കർ പറഞ്ഞു.


എന്നിരുന്നാലും, ആർസിബിയുടെ ശേഷിക്കുന്ന നാല് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മൂന്നെണ്ണം സ്വന്തം തട്ടകത്തിലാണ് – ഈ സീസണിൽ അവർക്ക് എല്ലാ തോൽവികളും ഏറ്റുവാങ്ങേണ്ടി വന്നത് ഇവിടെയാണ്. അവരുടെ അടുത്ത മത്സരം ഇന്ന് (മെയ് 3) ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയാണ്. സിഎസ്‌കെ ഇതിനോടകം തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായി കഴിഞ്ഞു,

വൈഭവിനെ ഇപ്പോൾ തന്നെ വാനോളം പുകഴ്ത്തി സമ്മർദ്ദത്തിൽ ആക്കരുത് – ഗവാസ്കർ


14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം എന്ന് സുനിൽ ഗവാസ്കർ. രാജസ്ഥാൻ റോയൽസിനായി ഗുജറാത്ത് ടൈറ്റൻസിനെതിരെ ഏപ്രിൽ അവസാനത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ യുവ ഇടങ്കയ്യൻ ബാറ്റർ ഇന്നലെ മുംബൈക്ക് എതിരെ ഡക്കിൽ പോയിരുന്നു.

അവനെ ഇപ്പോൾത്തന്നെ വാനോളം പുകഴ്ത്തരുത് എന്ന് ഗവാസ്കർ പറഞ്ഞു. സൂര്യവംശിയെപ്പോലുള്ള യുവ പ്രതിഭകൾക്ക് വളരാൻ സമയവും സാഹചര്യവും ആവശ്യമാണെന്ന് ഗവാസ്‌കർ ആരാധകരെയും വിദഗ്ധരെയും ഓർമ്മിപ്പിച്ചു.

“അവൻ കൂടുതൽ മികച്ചവനായി വരും. പക്ഷേ നമ്മൾ അവനുമേൽ അമിത പ്രതീക്ഷകളുടെ ഭാരം ഏൽപ്പിക്കരുത്. അരങ്ങേറ്റ മത്സരത്തിൽ പോലും അവൻ ആദ്യ പന്തിൽ സിക്സർ നേടി – അത്തരം സമ്മർദ്ദം ഒരു കെണിയായി മാറിയേക്കാം,” ഗവാസ്കർ പറഞ്ഞു.



വിനോദ് കാംബ്ലിക്ക് സഹായഹസ്തവുമായി സുനിൽ ഗവാസ്കറുടെ ഫൗണ്ടേഷൻ


ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് സാമ്പത്തിക, ചികിത്സാ സഹായം നൽകാൻ സുനിൽ ഗവാസ്കറുടെ ദി ചാംപ്സ് ഫൗണ്ടേഷൻ മുന്നോട്ട് വന്നു. റിപ്പോർട്ടുകൾ പ്രകാരം, 2025 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന സഹായത്തിൽ പ്രതിമാസം 30,000 രൂപ കാംബ്ലിക്ക് ജീവിതകാലം മുഴുവൻ നൽകും. കൂടാതെ പ്രതിവർഷം 30,000 രൂപയുടെ ചികിത്സാ സഹായവും ഫൗണ്ടേഷൻ നൽകും.


ജനുവരിയിൽ വാംഖഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷിക ആഘോഷത്തിനിടെ ഗവാസ്കർ കാംബ്ലിയെ കണ്ടുമുട്ടിയതിനെ തുടർന്നാണ് ഈ തീരുമാനം. കാംബ്ലിയുടെ അവസ്ഥയിൽ ദുഃഖിതനായ ഗവാസ്കർ അദ്ദേഹത്തിന്റെ ഡോക്ടർമാരുമായി ആലോചിച്ച ശേഷം ഉടൻ തന്നെ സഹായം നൽകാൻ ഫൗണ്ടേഷന് നിർദ്ദേശം നൽകുകയായിരുന്നു.


ഒരുകാലത്ത് വെടിക്കെട്ട് ബാറ്റിംഗിലൂടെ ശ്രദ്ധേയനായ ഇടങ്കയ്യൻ ബാറ്റ്സ്മാനായിരുന്നു കാംബ്ലി. 2024 ഡിസംബറിൽ മൂത്രാശയ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ അദ്ദേഹം ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു.


ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ നൽകിയ ഒരു അഭിമുഖത്തിൽ, 1983 ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങളും കാംബ്ലിയെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഗവാസ്കർ വെളിപ്പെടുത്തി. “ഞങ്ങളെല്ലാവരും വളരെ ആശങ്കാകുലരാണ്. ഞങ്ങൾ ‘സഹായിക്കുന്നു’ എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല – ഞങ്ങൾ അവനെ പരിപാലിക്കാൻ ആഗ്രഹിക്കുന്നു,” എന്ന് ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.

സെമിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ആണ് ഫേവറിറ്റുകൾ: സുനിൽ ഗവാസ്‌കർ

ചാമ്പ്യൻസ് ട്രോഫിയുടെ സെമിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദുബായിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഇന്ത്യ ആണ് ഫേവറിറ്റുകൾ എന്ന് സുനിൽ ഗവാസ്‌കർ വിശ്വസിക്കുന്നു. ഇന്നലെ ന്യൂസിലൻഡിനെതിരായ 44 റൺസിൻ്റെ വിജയം ഉൾപ്പെടെ, ഇന്ത്യ അവരുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും വിജയിച്ച് ആണ് സെമിയിൽ എത്തിയത്.

പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രധാന ഫാസ്റ്റ് ബൗളർമാർ ഇല്ലാതെ ഇറങ്ങുന്നത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു. ഒപ്പം ദുബായ് ട്രാക്ക് സ്പിന്നർമാർക്ക് അനുകൂലമാണെന്നും ഗവാസ്‌കർ ചൂണ്ടിക്കാട്ടി.

“ഓസ്‌ട്രേലിയയ്ക്ക് സ്പിൻ ആക്രമണം ഇല്ലെന്ന് തോന്നുന്നു. അവർക്ക് പ്രധാന കളിക്കാരെ നഷ്ടമായി, അവരുടെ ബാറ്റിംഗ് നല്ലതാണ്, അത് ആക്രമണാത്മകമാണ്. ഓസ്‌ട്രേലിയയെ ചെയ്സിന് അയക്കുന്നതിന് പകരം ഇന്ത്യ ചെയ്സ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യമായ കാര്യം,” ഗവാസ്‌കർ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി നേടാൻ പാകിസ്ഥാൻ ആണ് ഫേവറിറ്റ്സ്: സുനിൽ ഗവാസ്കർ

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ആണ് ഫേവറിറ്റ് എന്ന് ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ പ്രഖ്യാപിച്ചു. ഫെബ്രുവരി 19 മുതൽ നടക്കുന്ന ടൂർണമെന്റിന് പാകിസ്ഥാനും യുഎഇയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. 2017 ൽ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാൻ അവരുടെ ആദ്യ ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു.

സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ, സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ഗുണങ്ങൾ അവർക്ക് ഉണ്ടെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. “സ്വന്തം നാട്ടിൽ ഒരു ടീമിനെയും തോൽപ്പിക്കുക എളുപ്പമല്ലാത്തതിനാൽ സ്വന്തം നാട്ടിൽ കളിക്കുന്ന പാകിസ്ഥാന് തന്നെ ഫേവറിറ്റ്സ് എന്ന ടാഗ് നൽകണം,” അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലെ ഭാഗമായ ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായിൽ ആകും കളിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ vs. പാകിസ്ഥാൻ പോരാട്ടം ഫെബ്രുവരി 23 ന് നടക്കും.

ഗംഭീറും കോച്ചിംഗ് സ്റ്റാഫും എന്ത് ചെയ്തു? രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്കർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശവുമായി ഗവാസ്കർ. ഗൗതം ഗംഭീറിൻ്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സ്റ്റാഫിനെതിരെ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ രോഷാകുലനായി. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 ന് തോറ്റിരുന്ന്.

ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയിൽ ആരംഭിച്ച ഇന്ത്യയുടെ ബാറ്റിംഗ് കഷ്ടതകൾ ഒരു പരിഹാരവുമില്ലാതെ ഓസ്‌ട്രേലിയൻ പര്യടനത്തിലേക്കും നീങ്ങിയതായി ഗവാസ്‌കർ പറഞ്ഞു. “കോച്ചിംഗ് സ്റ്റാഫ് എന്താണ് ചെയ്യുന്നത്? ന്യൂസിലൻഡിനെതിരെ ഞങ്ങൾ 46 റൺസിന് പുറത്തായി. ഇവിടെ ഓസ്‌ട്രേലിയയിൽ ബാറ്റിംഗ് ഓർഡറിൽ ദൃഢതയില്ല,” അദ്ദേഹം പറഞ്ഞു.

“പറയൂ, നിങ്ങൾ എന്താണ് ചെയ്തത്? അവരുടെ സാങ്കേതികതയും സ്വഭാവവും മെച്ചപ്പെടുത്താൻ നിങ്ങൾ സഹായിക്കേണ്ടതുണ്ട്. നിങ്ങൾ അത് ചെയ്തില്ല. ” അദ്ദേഹം പറഞ്ഞു.

“മോശം പ്രകടനത്തിന് ശേഷം കളിക്കാരുടെ ഭാവി ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ, എന്തുകൊണ്ട് പരിശീലകരെ ചോദ്യം ചെയ്തു കൂടാ?” ഗവാസ്കർ ചോദിച്ചു.

രോഹിത് ശർമ്മ തൻ്റെ അവസാന ടെസ്റ്റ് കളിച്ചു കഴിഞ്ഞു എന്ന് സുനിൽ ഗവാസ്‌കർ

മെൽബണിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ രോഹിത് ശർമ്മ തൻ്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. സിഡ്‌നി ടെസ്റ്റിൽ വിശ്രമിക്കാനുള്ള ശർമയുടെ തീരുമാനം തൻ്റെ ടെസ്റ്റ് കരിയറിൻ്റെ അവസാനം അടയാളപ്പെടുത്തുകയാണ് എന്ന് ഗവാസ്‌കർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിനായി തയ്യാറെടുക്കുകയാണെന്നും ആ പദ്ധതിയിൽ രോഹിത് ഇല്ല എന്നും ഗവാസ്‌കർ പറഞ്ഞു.

“ഇന്ത്യ ഡബ്ല്യുടിസി ഫൈനലിലേക്ക് യോഗ്യത നേടിയേക്കില്ല, സെലക്ടർമാർ ദീർഘകാല ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മെൽബൺ രോഹിതിൻ്റെ അവസാന ടെസ്റ്റ് ആയിരിക്കാം,” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

റിഷഭ് പന്ത് ഓസ്ട്രേലിയൻ ഡ്രസിംഗ് റൂമിലേക്കാണ് പോകേണ്ടത്, രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്‌കർ

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നാലാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് പുറത്തായതിനെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്കർ. ഗവാസ്‌കർ പന്തിൻ്റെ ഷോട്ട് സെലക്ഷനെ “മണ്ടത്തരം” എന്ന് വിളിച്ചു. കളിയുടെ നിർണായക ഘട്ടത്തിൽ ബാറ്റർ ടീമിനെ നിരാശപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു.

“വിഡ്ഢി, മണ്ടൻ, മണ്ടൻ! അവിടെ രണ്ട് ഫീൽഡർമാരുണ്ട്, എന്നിട്ടും ആ ഷോട്ടിനായി പോകുന്നു. ആദ്യത്തെ ഷോട്ട് നിങ്ങൾക്ക് മിസ്സായി, എന്നിട്ടും ആ ഷോട്ട് ട്രൈ ചെയ്തു. നിങ്ങൾ എവിടെയാണ് ക്യാച്ച് നൽകിയത് എന്ന് നോക്കു-ഡീപ് തേർഡ് മാനിൽ. ഇത് നിങ്ങളുടെ വിക്കറ്റ് വലിച്ചെറിയുന്ന പ്രവർത്തിയാണ്,” ഗവാസ്‌കർ കമന്ററിയിൽ പറഞ്ഞു.

സ്കോട്ട് ബോളണ്ടിൻ്റെ ഫുൾ-ലെംഗ്ത്ത് ഡെലിവറിയിൽ പന്ത് ഒരു സ്കൂപ്പ് ഷോട്ടിന് ശ്രമിച്ചപ്പോൾ ആണ് പുറത്തായത്. പന്ത് 28 റൺസിന് ആണ് പുറത്തായത്.

“ഇത് നിങ്ങളുടെ സ്വാഭാവിക ഗെയിമാണെന്ന് നിങ്ങൾക്ക് പറയാനാവില്ല. ക്ഷമിക്കണം, അത് നിങ്ങളുടെ സ്വാഭാവിക ഗെയിമല്ല. നിങ്ങളുടെ ടീമിനെ മോശം നിലയിലാക്കുന്ന ഒരു മണ്ടൻ ഷോട്ടാണിത്,” ഗവാസ്‌കർ കൂട്ടിച്ചേർത്തു, പന്ത് ഇന്ത്യയുടേതിന് പകരം ഓസ്‌ട്രേലിയൻ ഡ്രസ്സിംഗ് റൂമിലേക്ക് നടക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 148 റൺസിന് പിന്നിലാണ്. നിതീഷ് റെഡ്ഡിയും വാഷിങ്ടൻ സുന്ദറുമാണ് ക്രീസിൽ.

ആർ അശ്വിൻ്റെ വിരമിക്കൽ സമയത്തെ വിമർശിച്ച് സുനിൽ ഗവാസ്കർ

ബോർഡർ-ഗവാസ്കർ ട്രോഫിയുടെ മധ്യത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിൻ്റെ തീരുമാനത്തെ വിമർശിച്ച് സുനിൽ ഗവാസ്‌കർ. ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ആയിരുന്നു അശ്വിൻ തൻ്റെ തീരുമാനം പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിൻ്റെ സമയത്തെ ഗവാസ്‌കർ ചോദ്യം ചെയ്തു, “ഈ പരമ്പര അവസാനിച്ചതിന് ശേഷം ഞാൻ ഇന്ത്യയിലേക്കുള്ള സെലക്ഷനിൽ ലഭ്യമാകില്ല എന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. 2014-15 പരമ്പരയിലെ മൂന്നാം ടെസ്റ്റിൻ്റെ അവസാനത്തിൽ എംഎസ് ധോണി വിരമിച്ചത് പോലെയാണ് ഇത്, ഇത് പരമ്പരയിൽ നിങ്ങൾക്ക് ഒരാളുടെ കുറവ് നൽകുന്നു എന്നതാണ് പ്രശ്നം.” അദ്ദേഹം പറഞ്ഞു.

സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതാണ് എന്നും. ആ ടെസ്റ്റ് അശ്വിന് കളിക്കാമായിരുന്നു എന്നും ഗവാസ്കർ പറഞ്ഞു.

“സാധാരണയായി, നിങ്ങൾ പരമ്പരയുടെ അവസാനം ആണ് വിരമിക്കുക. പരമ്പരയുടെ മധ്യത്തിൽ വിരമിക്കുന്നത്, സാധാരണമല്ല.” അദ്ദേഹം പറഞ്ഞു.

കോഹ്ലി ഈ ടെസ്റ്റ് പരമ്പരയിൽ 4 സെഞ്ച്വറി അടിക്കും എന്ന് ഗവാസ്കർ

ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര അവസാനിക്കും മുമ്പ് വിരാട് കോഹ്ലി 4 സെഞ്ച്വറി അടിക്കും എന്ന് സുനിൽ ഗവാസ്കർ. ബ്രിസ്‌ബേനിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ വരാനിരിക്കുന്ന മൂന്നാം ടെസ്റ്റിൽ കോഹ്ലി സെഞ്ച്വറി നേടുമെന്നും ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ പറഞ്ഞു.

പെർത്ത്, അഡ്‌ലെയ്ഡ്, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിൽ കോലി ഇതിനകം സെഞ്ച്വറി നേടിയിട്ടുണ്ട്. ബ്രിസ്‌ബേനിലെ ഒരു സെഞ്ച്വറി ഓസ്ട്രേലിയയിലെ മുഴുവൻ ഗ്രൗണ്ടിലും സെഞ്ച്വറി നേടിയ താരമായി കോഹ്ലിയെ മാറ്റും എന്ന് ഗവാസ്കർ പറഞ്ഞു.

“അതിനുശേഷം, മുന്നോട്ട് പോകുമ്പോൾ, അദ്ദേഹം സെഞ്ച്വറി നേടിയ മെൽബണിലും സിഡ്‌നിയിലും ആണ് കളിക്കുന്നത്. അതുകൊണ്ട് അവിടെയും അദ്ദേഹത്തിന് സെഞ്ചുറി നേടാനാകും. അതിനർത്ഥം അദ്ദേഹത്തിന് പരമ്പരയിൽ നാല് സെഞ്ചുറികൾ നേടാനാകുമെന്നാണ്.” ഗവാസ്‌കർ പറഞ്ഞു.

ഹാർദിക് പാണ്ഡ്യ ടെസ്റ്റിൽ കളിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിക്കാം – ഗവാസ്കർ

ഹാർദിക് പാണ്ഡ്യ ടെസ്റ്റ് കളിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പും സുഖമായി നേടാം എന്ന് സുനിൽ ഗവാസ്കർ. ഹാർദിക് പാണ്ഡ്യ കളിക്കുക ആണെങ്കിൽ ഈ വർഷാവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും (ഡബ്ല്യുടിസി) ഇന്ത്യൻ ടീമിന് അപരാജിതരായി നേടാൻ കഴിയും എന്നാണ് ഗവാസ്കർ പറയുന്നത്.

“അടുത്ത രണ്ട് മാസത്തിനുള്ളിൽ ഹാർദിക് പാണ്ഡ്യയെ ടെസ്റ്റ് ക്രിക്കറ്റിൽ മടങ്ങി വരും. ഹാർദികിനെ ടെസ്റ്റ് കളിപ്പിക്കാൻ സമ്മതിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്ന് ഞാൻ കരുതുന്നു. ഒരു ദിവസം അദ്ദേഹം പത്ത് ഓവർ പന്തെറിയുകയും ഒപ്പം ബാറ്റു കൊണ്ട് സംഭാവന ചെയ്യുകയും ചെയ്താൽ, ഈ ഇന്ത്യൻ ടീമിന് അപരാജിതരായി മുന്നേറാം. അവരെ തോൽപ്പിക്കാൻ ആർക്കും ആകില്ല.” ഗവാസ്കർ പറഞ്ഞു.

“തീർച്ചയായും ഇന്ത്യക്ക് ലോക ചാമ്പ്യൻഷിപ്പ് ജയിക്കാനും ഓസ്‌ട്രേലിയയിൽ ഓസ്‌ട്രേലിയയെ തോൽപ്പിക്കാനും കഴിയും, ”ഗവാസ്‌കർ പറഞ്ഞു.

Exit mobile version