വെടിക്കെട്ട് തുടക്കവുമായി ധവാന്‍, ഒപ്പം കൂടി കോഹ്‍ലി, ഇന്ത്യയ്ക്ക് സിഡ്നിയില്‍ ജയം

ഓസ്ട്രേലിയയുടെ 164 റണ്‍സ് സ്കോറിനെ അവസാന ഓവറില്‍ മറികടന്ന് ഇന്ത്യ. ശിഖര്‍ ധവാന്‍ നല്‍കിയ വെടിക്കെട്ട് തുടക്കത്തിനു ശേഷം വിരാട് കോഹ്‍ലി അര്‍ദ്ധ ശതകവും ദിനേശ് കാര്‍ത്തിക്ക് 22 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യ 165 റണ്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 2 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്കൊപ്പമെത്തി. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

60 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ കൂട്ടുകെട്ടില്‍ കോഹ്‍ലിയും കാര്‍ത്തിക്കും ചേര്‍ന്ന് നേടിയത്. 39 പന്തില്‍ നിന്ന് നേടിയ ഈ റണ്ണുകള്‍ ഏറ്റവും നിര്‍ണ്ണായകമായി മാറുകയായിരുന്നു. 2 പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ വിജയം. വിരാട് കോഹ്‍ലി 61 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 22 പന്തില്‍ നിന്ന് 41 റണ്‍സ് നേടി.

പൊരുതി നോക്കി ദിനേശ് കാര്‍ത്തിക്ക്, ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് സ്റ്റോയിനിസ്

ആദ്യ ടി20യില്‍ വിജയം നേടുവാന്‍ കഴിയാതെ ഇന്ത്യ. ഒരു വശത്ത് ശിഖര്‍ ധവാന്‍ അടിച്ച് തകര്‍ത്ത ശേഷം അപ്രാപ്യമായ ലക്ഷ്യം മുന്നില്‍ നില്‍ക്കെ ഋഷഭ്  പന്തും ദിനേശ് കാര്‍ത്തിക്കും പൊരുതി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും 17 ഓവറില്‍ നിന്ന് വിജയത്തിനായി 174 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. ഓസ്ട്രേലിയ 4 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കി.

രോഹിത് ശര്‍മ്മയെ(7) ജേസണ്‍ ബെഹെന്‍ഡ്രോഫ് പുറത്താക്കിയപ്പോള്‍ ആഡം സംപ ലോകേഷ് രാഹുലിനെയും(13) വിരാട് കോഹ്‍ലിയെയും(4) പുറത്താക്കി. 14ാം ഓവറില്‍ 25 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക്ക് മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കി. 2 സിക്സും 2 ബൗണ്ടറിയുമാണ് ആന്‍ഡ്രൂ ടൈ എറിഞ്ഞ ഓവറില്‍ നിന്ന് കാര്‍ത്തിക്ക് നേടിയത്. ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 18 പന്തില്‍ 35 റണ്‍സായി മാറിയിരുന്നു.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ 15ാം ഓവറില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും 11 റണ്‍സ് നേടി മത്സരത്തില്‍ ഇന്ത്യയ്ക്കും സാധ്യത സൃഷ്ടിച്ചു. അവസാന രണ്ടോവറില്‍ 24 റണ്‍സെന്ന ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് 20 റണ്‍സ് നേടിയ ഋഷഭ് പന്തിനെ ഓവറിന്റെ മൂന്നാം പന്തില്‍ നഷ്ടമായി. ആന്‍ഡ്രൂ ടൈയ്ക്കാണ് വിക്കറ്റ്.

ഓവറില്‍ നിന്ന് 11 റണ്‍സ് വന്നപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം അവസാന ഓവറില്‍ 13 റണ്‍സായി മാറി. ഓവറിന്റെ മൂന്നാം പന്തില്‍ ക്രുണാല്‍ പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തി സ്റ്റോയിനിസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. തൊട്ടടുത്ത പന്തില്‍ കാര്‍ത്തിക്കിനെയും പുറത്താക്കി ഓസ്ട്രേലിയയെ വിജയത്തിലേക്ക് സ്റ്റോയിനിസ് നയിച്ചു. 13 പന്തില്‍ നിന്ന് 30 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്.

മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസും ആഡം സംപയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രൂ ടൈ വളരെയധികം റണ്‍സ് വഴങ്ങി. ഓസ്ട്രേലിയ വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കിയ മത്സര സ്ഥിതിയില്‍ നിന്ന് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് ടൈയുടെ ഓവറില്‍ പിറന്ന 25 റണ്‍സാണ്.

ഇന്ത്യയ്ക്ക് ജയമൊരുക്കി ഡല്‍ഹിയുടെ ഇടംകൈയ്യന്മാര്‍, ഇന്ത്യ കടന്ന് കൂടിയത് അവസാന പന്തില്‍

ശിഖര്‍ ധവാനും ഋഷഭ് പന്തും നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ മൂന്നാം ടി20യിലും വിജയം ഉറപ്പാക്കി ഇന്ത്യന്‍. വിന്‍ഡീസ് നേടിയ 181 റണ്‍സ് എന്ന മികച്ച സ്കോറിനെ അവസാന പന്തിലാണ് ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. രോഹിത് ശര്‍മ്മയും(4) ലോകേഷ് രാഹുലും(17) നേരത്തെ പുറത്തായെങ്കിലും ധവാനും പന്തും ചേര്‍ന്ന് ഇന്ത്യയെ യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് നയിച്ചു.

130 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. ധവാന്‍ 62 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയപ്പോള്‍ ഋഷഭ് പന്ത് 38 പന്തില്‍ നിന്ന് 58 റണ്‍സ് നേടി പുറത്തായി.

കീമോ പോള്‍ 19ാം ഓവര്‍ എറിയാന്‍ വരുമ്പോള്‍ 12 പന്തില്‍ നിന്ന് 8 റണ്‍സായിരുന്നു ജയത്തിനായി ഇന്ത്യ നേടേണ്ടിയിരുന്നത്. ഓവറില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം നല്‍കി ഋഷഭ് പന്തിനെ പുറത്താക്കി താരം മത്സരം അവസാന ഓവര്‍ വരെ നീട്ടി. അവസാന ഓവറില്‍ അഞ്ചാം പന്തില്‍ സ്കോറുകള്‍ ഒപ്പമെത്തി നില്‍ക്കുമ്പോള്‍ ശിഖര്‍ ധവാനും(92) പുറത്തായത് ഇന്ത്യയുടെ ജയം സാധ്യതകളെ ബാധിച്ചുവെങ്കിലും മനീഷ് പാണ്ടേ സിംഗിള്‍ നേടി ഇന്ത്യയുടെ ജയം ഉറപ്പാക്കി.

വിന്‍ഡീസിനായി കീമോ പോള്‍ രണ്ടും ഫാബിയന്‍ അലന്‍ ഒഷെയ്‍ന്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ദീപാവലി വെടിക്കെട്ടുമായി ഹിറ്റ് മാന്‍, രോഹിത്തിനു നാലാം ടി20 ശതകം

ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ ലക്നൗ ടി20 മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. ടോസ് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 123 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഇന്ത്യ 195 റണ്‍സാണ് 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. ധവാനെ നഷ്ടമായെങ്കിലും രോഹിത്ത് തകര്‍പ്പന്‍ വെടിക്കെട്ടിലൂടെ തന്റെ നാലാം ടി20 ശതകം സ്വന്തമാക്കുകയായിരുന്നു.

38 പന്തില്‍ നിന്ന് രോഹിത് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ശിഖര്‍ ധവാന്‍ 41 പന്തില്‍ നിന്ന് 43റണ്‍സ് നേടി പുറത്തായി. തന്റെ അര്‍ദ്ധ ശതകത്തിനു ശേഷം ടോപ് ഗിയറിലേക്ക് മാറിയ രോഹിത് അക്ഷരാര്‍ത്ഥത്തില്‍ വിന്‍ഡീസ് ബൗളിംഗിനെ തച്ച് തകര്‍ക്കുകയായിരുന്നു. ധവാനു പകരം എത്തിയ ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായതോടും രോഹിത്തും തന്റെ ബാറ്റിംഗ് വേഗത കുറയ്ക്കുന്നതാണ് കണ്ടത്.

രോഹിത് ശര്‍മ്മ 61 പന്തില്‍ 111 റണ്‍സ് നേടിയപ്പോള്‍ ലോകേഷ് രാഹുല്‍ 14 പന്തില്‍ 26 റണ്‍സ് നേടി. വിന്‍ഡീസിനായി ഫാബിയന്‍ അലനും ഖാരി പിയറിയും ഓരോ വിക്കറ്റ് നേടി.

ധവാനെ ഡല്‍ഹിയ്ക്ക് നല്‍കി സണ്‍റൈസേഴ്സ്, പകരം ലഭിച്ചത് മൂന്ന് താരങ്ങളെ

ശിഖര്‍ ധവാനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു കൈമാറ്റം നടത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. പകരം വിജയ് ശങ്കര്‍, ഷഹ്ബാസ് നദീം, അഭിഷേക് ശര്‍മ്മ എന്നിങ്ങനെ മൂന്ന് താരങ്ങളെയാണ് ഡല്‍ഹിയില്‍ നിന്ന് സണ്‍റൈസേഴ്സ് സ്വീകരിച്ചത്. ആദ്യ സീസണില്‍ ഡല്‍ഹിയ്ക്കൊപ്പമുണ്ടായിരുന്ന ശിഖറിന്റെ സ്വന്തം നാട് കൂടിയാണ് ഡല്‍ഹി എന്നത് താരത്തിനു നാട്ടിലേക്കുള്ള മടക്കമായി വേണം കരുതുവാന്‍.

2013 മുതല്‍ ഹൈദ്രാബാദിനൊപ്പമുള്ള ശിഖര്‍ ധവാന്‍ 91 ഇന്നിംഗ്സുകളില്‍ നിന്ന് 2768 റണ്‍സാണ് ദക്ഷിണേന്ത്യന്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയ്ക്കായി നേടിയിട്ടുള്ളത്. ടീമിന്റെ ടോപ് സ്കോറര്‍ കൂടിയാണ് ശിഖര്‍ ധവാന്‍.

അനന്തപുരിയില്‍ ഇന്ത്യയുടെ ഭാഗ്യം, നഷ്ടം ഒഷെയ്ന്‍ തോമസിനു

അനന്തപുരിയില്‍ ഇന്ത്യ ആധികാരിക വിജയം കുറിച്ചപ്പോളും ഇന്ത്യയ്ക്ക് തുണയായി ഭാഗ്യം ബാറ്റിംഗ് സമയത്ത് വേണ്ടുവോളം ഉണ്ടായിരുന്നു. ഗ്രൗണ്ടിലെ ക്ലോക്കില്‍ മണി അഞ്ച് അടിച്ചപ്പോള്‍ കളി അവസാനിച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് ജയം കുറിയ്ക്കുകയായിരുന്നു. വിന്‍ഡീസിനെ 104 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ലായിരുന്നു.

ഒഷെയ്‍ന്‍ തോമസ് ശിഖര്‍ ധവാനെ രണ്ടാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ആറ് റണ്‍സ്. തൊട്ടടുത്ത തന്റെ ഓവറില്‍ ഒഷെയ്‍ന്‍ തോമസ് ആദ്യ പന്തില്‍ തന്നെ കോഹ്‍ലിയെ ആദ്യ സ്ലിപ്പില്‍ ജേസണ്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചുവെങ്കിലും വിന്‍ഡീസ് നായകന് ഇന്ത്യന്‍ നായകനെ കൈപ്പിടിയിലൊതുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ പന്ത് ബൗണ്ടറി കടന്നു.

മത്സരത്തിലെ എട്ടാം ഓവറിന്റെ അവസാന പന്തില്‍ കീപ്പര്‍ ഷായി ഹോപിന്റെ കൈയില്‍ രോഹിത് ശര്‍മ്മയെ എത്തിച്ച് ഒഷെയ്‍ന്‍ തോമസ് തന്റെ ആഘോഷം തുടങ്ങിയെങ്കിലും അമ്പയറുടെ സിഗ്നല്‍ കണ്ട് തിരുവനന്തപുരത്തെ കാണികള്‍ ആഘോഷഭരിതരാകുകയായിരുന്നു. ഓവര്‍ സ്റ്റെപ്പിംഗിനു നോ ബോള്‍ വിളിച്ചപ്പോള്‍ വീണ്ടും ഒരു പ്രാവശ്യം കൂടി ഇന്ത്യയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. 8 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 40 ആയിരുന്നു. ഇതിനു ശേഷമാണ് രോഹിത് ശര്‍മ്മ കൂടുതല്‍ ആക്രമിച്ചു കളിക്കുവാന്‍ ആരംഭിച്ചത്.

അടുത്ത പന്തിലെ ഫ്രീ ഹിറ്റ് അവസരം മുതലാക്കുവാന്‍ രോഹിത് ആഞ്ഞടിച്ചുവെങ്കിലും എക്സ്ട്രാ കവറില്‍ ഹെറ്റ്മ്യര്‍ ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും താരം ഒരു റണ്‍സ് നേടി അടുത്ത ഓവറിലേക്ക് സ്ട്രൈക്ക് സ്വന്തമാക്കി. ഇതിനു ശേഷം ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുവാന്‍ ഒരവസരം പോലും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. വിന്‍ഡീസ് ബൗളര്‍മാരില്‍ വിക്കറ്റ് നേട്ടത്തിലും ക്യാച്ച് കൈവിടുമ്പോളും നോബോള്‍ എറിഞ്ഞുമെല്ലാം ഒഷെയ്ന്‍ തോമസ് തന്നെയായിരുന്നു മത്സരത്തില്‍ സജീവമായ നിന്ന താരം.

ഇവരോ ഫേവറൈറ്റ്സ്?, ഇന്ത്യയോട് വീണ്ടും പരാജയമേറ്റു വാങ്ങി പാക്കിസ്ഥാന്‍

ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് ഏവരും പറഞ്ഞത് പാക്കിസ്ഥാനാണ് ഈ ഏഷ്യ കപ്പിലെ ഫേവറൈറ്റ്സ് എന്നാണ്. അതിനു നിരത്തിയ കാരണങ്ങള്‍ സര്‍ഫ്രാസ് അഹമ്മദിനു കീഴില്‍ അടുത്തിടെ ടീം പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുറത്തെടുക്കുന്ന പ്രകടനം, ഫകര്‍ സമന്റെ ഫോം, യുഎഇ അവരുടെ ഹോം ഗ്രൗണ്ട്, ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലിയുടെ അഭാവം എന്നിവയായിരുന്നു. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും എല്ലാം പാക്കിസ്ഥാനു ആനുകൂല്യം പ്രഖ്യാപിച്ചപ്പോള്‍ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് അടിയറവ് പറയുന്നത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ശതകം നേടിയ മത്സരത്തില്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 39.3 ഓവറില്‍ നിന്ന് വിജയം കുറിയ്ക്കുകയായിരുന്നു.

ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനോട് പൊരുതി ജയം നേടിയ ആത്മവിശ്വാസത്തിലെത്തിയ പാക്കിസ്ഥാനു എന്നാല്‍ വീണ്ടും പിഴയ്ക്കുകയായിരുന്നു. ഷൊയ്ബും(78) സര്‍ഫ്രാസും(44) വീണ്ടും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 237 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റിംഗിനെ യാതൊരു തരത്തിലും തടയിടുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ടീം അനായാസം കീഴടങ്ങി.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നല്‍കിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ അടിത്തറയില്‍ ഇന്ത്യ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ നാലാം വിജയം സ്വന്തമാക്കി. പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങള്‍ മുതലാക്കി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനൊപ്പം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റില്‍ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് നേടിയത്. ഷഹീന്‍ അഫ്രീദിയെ ബൗണ്ടറി പായിച്ച് തന്റെ 15ാം ഏകദിന ശതകം സ്വന്തമാക്കിയ ശിഖര്‍ ധവാനാണ് കൂട്ടത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചതെങ്കിലും രോഹിത്തും ഒട്ടും പിന്നിലല്ലായിരുന്നു.

210 റണ്‍സില്‍ ശിഖര്‍ ധവാന്‍ റണ്ണൗട്ടാവുമ്പോള്‍ 100 പന്തില്‍ നിന്ന് 16 ബൗണ്ടറിയും 2 സിക്സും സഹിതമാണ് ശിഖര്‍ തന്റെ 114 റണ്‍സ് നേടിയത്. ഇന്ത്യ വിജയത്തിനു 28 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഷൊയ്ബ് മാലിക്കിന്റെ ഓവറില്‍ ഡബിള്‍ ഓടി രോഹിത് ശര്‍മ്മ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.രോഹിത്തിന്റെ 19ാം ഏകദിന ശതകമാണ് ഇന്ന് പാക്കിസ്ഥാനെതിരെ നേടിയത്. വിജയ സമയത്ത് 111 റണ്‍സ് നേടിയ രോഹിത്ത് ശര്‍മ്മയ്ക്കൊപ്പം 12 റണ്‍സുമായി അമ്പാട്ടി റായിഡും ക്രീസിലുണ്ടായിരുന്നു.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് രോഹിത്, ടൂര്‍ണ്ണമെന്റില്‍ ഹിറ്റ്മാന്റെ രണ്ടാം അര്‍ദ്ധ ശതകം

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം അര്‍ദ്ധ ശതകം നേടി രോഹിത് ശര്‍മ്മ. ഷാക്കിബ് അല്‍ ഹസനെ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ രോഹിത്തിനു പിന്തുണയായി ശിഖര്‍ ധവാന്‍(40) ആണ് മികവ് പുലര്‍ത്തിയ പ്രധാന താരം. അമ്പാട്ടി റായിഡു 14 റണ്‍സ് നേടി പുറത്തായി. ഇന്ത്യ 36.2 ഓവറില്‍ നിന്ന് ബംഗ്ലാദേശിന്റെ 174 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യയുടെ ഈ വിജയം.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനാണ് മികച്ച രീതിയില്‍ തുടങ്ങിയതെങ്കിലും രോഹിത് സ്കോറിംഗ് മെല്ലെയാണ് ആരംഭിച്ചത്. ശിഖര്‍ പുറത്തായ ശേഷമാണ് അല്പം കൂടി വേഗത്തില്‍ രോഹിത് ശര്‍മ്മ ബാറ്റ് വീശിയത്. രോഹിത്തിനു പിന്തുണയായി നാലാം നമ്പറില്‍ എത്തിയ എംഎസ് ധോണി 33 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 83 റണ്‍സുമായി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മഷ്റഫേ മൊര്‍തസ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ രവീന്ദ്ര ജഡേജ(4)യോടൊപ്പം പേസര്‍മാരായ ഭുവിയും ബുംറയും(മൂന്ന് വിക്കറ്റ് വീതം) ഒത്തുകൂടിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി 42 റണ്‍സ് നേടി മെഹ്ദി ഹസന്‍ ആണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്.

8 വിക്കറ്റ് ജയവുമായി ഇന്ത്യ

ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെയും വീഴ്ത്തി ഇന്ത്യ. ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ മത്സരത്തില്‍ സ്വന്തമാക്കിയത്. 43.1 ഓവറില്‍ പാക്കിസ്ഥാനെ 162 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 29 ഓവറുകളില്‍ നിന്നാണ് ഇന്ത്യ ഈ വിജയം നേടിയത്. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറും കേധാര്‍ ജാഥവും തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് തിളങ്ങിയത്.

അര്‍ദ്ധ ശതകം നേടിയ രോഹിത് ശര്‍മ്മ പുറത്താകുമ്പോള്‍ ഒന്നാം വിക്കറ്റില്‍ ഇന്ത്യ 86 റണ്‍സാണ് നേടിയത്. 39 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 3 സിക്സും സഹിതം 52 റണ്‍സാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്. ഷദബ് ഖാനാണ് വിക്കറ്റ്. 46 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് രണ്ടാമതായി പുറത്തായത്. ഫഹീം അഷ്റഫിനാണ് വിക്കറ്റ്.

തുടര്‍ന്ന് അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 60 റണ്‍സ് കൂട്ടുകെട്ട് നേടിയ താരങ്ങള്‍ ഇരുവരും 31 റണ്‍സുമായി പുറത്താകാതെ നിന്നു.

തോല്‍വിയിലും തലയയുര്‍ത്തി ഹോങ്കോംഗ്, അരങ്ങേറ്റം ഗംഭീരമാക്കി ഖലീല്‍ അഹമ്മദ്

ഇന്ത്യയ്ക്കെതിരെ 26 റണ്‍സ് തോല്‍വി വഴങ്ങി ഏഷ്യ കപ്പില്‍ നിന്ന് പുറത്തായെങ്കിലും തലയയുര്‍ത്തിയാണ് ഏഷ്യയിലെ കുഞ്ഞന്മാരുടെ മടക്കം. പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിലും ഏറെ മികച്ച നിന്ന ശേഷമാണ് ഇന്ത്യയ്ക്കെതിരെ ഹോങ്കോംഗ് തോല്‍വിയേറ്റു വാങ്ങിയത്. മികച്ച തുടക്കം നേടിയ ശേഷം ഇന്ത്യയെ 285 റണ്‍സിലേക്ക് ഒതുക്കുകയും ആദ്യ വിക്കറ്റില്‍ 174 റണ്‍സ് നേടി ഇന്ത്യന്‍ ക്യാമ്പിലും ആരാധകരുടെ ഇടയിലും പരിഭ്രാന്തി പരത്തിയ ശേഷമാണ് സമ്മര്‍ദ്ദത്തിനു അടിപ്പെട്ട് ഹോങ്കോംഗ് കീഴടങ്ങിയത്. അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹമ്മദിന്റെ പ്രകടനം ഇന്ത്യന്‍ നിരയിലെ ശ്രദ്ധേയമായ പ്രകടനമായി വിലയിരുത്താം.

അന്‍ഷുമന്‍ രഥ്-നിസാകത് ഖാന്‍ കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 34.1 ഓവറില്‍ നിന്ന് 174 റണ്‍സാണ് നേടിയത്. 35ാം ഓവറിന്റെ ആദ്യ പന്തില്‍ കുല്‍ദീപ് യാദവിനു വിക്കറ്റ് നല്‍കി അന്‍ഷുമന്‍ രഥ് പുറത്താകുമ്പോള്‍ ഹോങ്കോംഗ് നായകന്‍ 73 റണ്‍സാണ് 97 പന്തില്‍ നിന്ന് നേടിയത്. തൊട്ടടുത്ത ഓവറില്‍ 92 റണ്‍സ് നേടിയ നിസാകത് ഖാനെ പുറത്താക്കി ഖലീല്‍ അഹമ്മദ് തന്റെ ആദ്യ ഏകദിന വിക്കറ്റ് നേടി. വിക്കറ്റ് വീണ രണ്ട് ഓവറുകളും മെയിഡന്‍ ഓവറുകളായിരുന്നു എന്നത് ഹോങ്കോംഗിനു കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാക്കി.

തുടര്‍ന്നങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് നേടിയപ്പോള്‍ ഹോങ്കോംഗിന്റെ ആവശ്യമായ റണ്‍റേറ്റ് ഏറെ ഉയര്‍ന്നു. ഒടുവില്‍ 50 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ടീം 259 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. എഹ്സാന്‍ ഖാന്‍(22), ബാബര്‍ ഹയത്(18), കിഞ്ചിത്ത് ഷാ(17) എന്നിവര്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ സ്കോറിനു അടുത്തെത്തുവാന്‍ ഹോങ്കോംഗിനു സാധിച്ചില്ല. ഇന്ത്യയ്ക്കായി  അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹമ്മദ്, ചഹാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

ജയിക്കുവാനായെങ്കിലും നാളെത്തന്നെ രണ്ടാം മത്സരത്തില്‍ ശക്തരായ പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യയ്ക്ക് ഈ ജയം കാര്യങ്ങള്‍ അത്ര എളുപ്പമാക്കുന്നില്ല. ഇന്ത്യയെക്കൊണ്ട് 50 ഓവറുകളും എറിയിപ്പിച്ച ഹോങ്കോംഗ് ഏഷ്യയിലെ വമ്പന്മാരെ ക്ഷീണിതരാക്കിയാണ് അടുത്ത മത്സരത്തെ നേരിടുവാന്‍ വിടുന്നത്.

ധവാന്റെ ശതകത്തിനു ശേഷം ഹോങ്കോംഗിന്റെ തിരിച്ചുവരവ്

ഏഷ്യ കപ്പില്‍ കുഞ്ഞന്മാരായ ഹോങ്കംഗിനെതിരെ മികച്ച സ്കോര്‍ നേടി ഇന്ത്യ. ശിഖര്‍ ധവാന്റെ ശതകത്തിന്റെയും റായിഡു എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്യാനയയ്ക്കപ്പെട്ട ഇന്ത്യ 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 285 റണ്‍സ് നേടുകയായിരുന്നു. ധവാന്‍ പുറത്തായ ശേഷം  തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ ബാറ്റിംഗിനു കടിഞ്ഞാണിടുവാന്‍ ഹോങ്കോംഗ് ബൗളര്‍മാര്‍ക്ക് സാധിച്ചു.

23 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ഇന്ത്യയെ ധവാനും അമ്പാട്ടി റായിഡുവും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 45 റണ്‍സും രണ്ടാം വിക്കറ്റില്‍ 116 റണ്‍സും നേടിയ ഇന്ത്യയ്ക്ക് അമ്പാട്ടി റായിഡുവിനെ(60) രണ്ടാം വിക്കറ്റായി നഷ്ടമായി. അതിനു ശേഷം ധവാനോടൊപ്പം ദിനേശ് കാര്‍ത്തിക്കാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. 120 പന്തില്‍ നിന്ന് 127 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ 15 ബൗണ്ടറിയും 2 സിക്സും നേടി പുറത്താകുമ്പോള്‍ ദിനേശ് കാര്‍ത്തിക്കുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 79 റണ്‍സ് കൂടി നേടുകയായിരുന്നു.

ധവാന്‍ പുറത്തായ ശേഷം തുടരെ വിക്കറ്റുകളുമായി ഹോങ്കോംഗ് ഇന്ത്യയുടെ റണ്ണൊഴുക്കിനെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ധോണിയയും(0), ദിനേശ് കാര്‍ത്തിക്കിനെയും(33) അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഹോങ്കോംഗ് മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. കേധാര്‍ ജാഥവ് 28 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും ഇന്ത്യയ്ക്ക് അവസാന 10 ഓവറില്‍ നിന്ന് 48 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഹോങ്കോംഗിനായി കിഞ്ചിത്ത് ഷാ മൂന്നും എഹ്സാന്‍ ഖാനും രണ്ട് വീതം വിക്കറ്റും എഹ്സാന്‍ നവാസും ഐസാസ് ഖാനും ഓരോ വിക്കറ്റും നേടി. വിക്കറ്റും നേടി.

ശിഖര്‍ ധവാന്റെ പ്രകടനം ആശങ്കയുയര്‍ത്തുന്നു: അജിത് അഗാര്‍ക്കര്‍

ഓപ്പണിംഗ് സ്ഥാനത്തുള്ള ശിഖര്‍ ധവാന്റെ പ്രകടനം നിരാശാജനകമെന്ന് അഭിപ്രായപ്പെട്ട് അജിത് അഗാര്‍ക്കര്‍. വിദേശ പിച്ചുകളില്‍ താരം സ്ഥിരം പരാജയമാണെന്നും ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞു. നാല് മത്സരങ്ങളില്‍ നിന്ന് 162 റണ്‍സ് മാത്രമാണ് ശിഖര്‍ ധവാന്‍ നേടിയത്. രണ്ടാം ടെസ്റ്റില്‍ നിന്ന് താരത്തിനെ ഒഴിവാക്കിയെങ്കിലും മറ്റൊരു ഓപ്പണര്‍ മുരളി വിജയ്‍യുടെ ഫോമും പരിതാപകരമായതിനാല്‍ ടീമിലേക്ക് ധവാന്‍ മടങ്ങിയെത്തുാന്‍ ഇടയാക്കി.

മികച്ച ബാറ്റിംഗ് ലൈനപ്പുള്ള ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമല്ല ഉണ്ടായിരിക്കുന്നതെന്നും അജിത് അഗാര്‍ക്കര്‍ പറഞ്ഞു. അവസാന മത്സരത്തില്‍ ശതകം നേടിയ കെഎല്‍ രാഹുല്‍ ഇന്ത്യയുടെ ഓപ്പണിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെങ്കിലും തനിക്ക് ധവാനില്‍ വിശ്വാസമില്ലെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

കോഹ്‍ലി, പുജാര, രഹാനെ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന മധ്യനിര സുശക്തമാണെങ്കിലും ടോപ് ഓര്‍ഡര്‍ ആണ് ഇന്ത്യയുടെ ഇപ്പോളത്തെ ബാറ്റിംഗ് ദൗര്‍ബല്യമെന്ന് അജിത് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

Exit mobile version