39ാം ശതകവുമായി അടിത്തറ നല്‍കി കോഹ്‍ലി, ഫിനിഷ് ചെയ്ത ധോണിയും കാര്‍ത്തിക്കും, ഇന്ത്യയ്ക്ക് അഡിലെയ്ഡില്‍ ജയം

ഓസ്ട്രേലിയയുടെ 299 റണ്‍സ് എന്ന ലക്ഷ്യം 4 പന്ത് ബാക്കി നില്‍ക്കെ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ. വിരാട് കോഹ്‍ലിയുടെ 39ാം ശതകമാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയായത്. നിര്‍ണ്ണായകമായ ഇന്നിംഗ്സുമയായി എംഎസ് ധോണിയും അവസാന ഓവറുകളില്‍ ശ്രദ്ധേയമായ പ്രകടനവുമായി ദിനേശ് കാര്‍ത്തിക്കും തിളങ്ങിയപ്പോള്‍ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.

112 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ കോഹ്‍ലിയുടെ പ്രകടനമാണ് മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് തിരിച്ചത്. ധോണി പതിവു പോലെ മെല്ലെയാണ് തുടങ്ങിയതെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുവാന്‍ താരത്തിനായി. രോഹിത് ശര്‍മ്മ 43 റണ്‍സും ശിഖര്‍ ധവാന്‍ 32 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് നേടിയിരുന്നു.

രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് കോഹ്‍ലിയുമായി കൂട്ടിചേര്‍ത്ത് രോഹിത് മടങ്ങിയപ്പോള്‍ പകരമെത്തിയ റായിഡു 24 റണ്‍സ് നേടി പുറത്തായി. മത്സരത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ധോണിയുമായി ചേര്‍ന്ന് കോഹ്‍ലി നേടിയത്. 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

അഞ്ചാം വിക്കറ്റില്‍ എംഎസ് ധോണിയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് നിര്‍ണ്ണായകമായ കൂട്ടുകെട്ട് നേടിയാണ് ഇന്ത്യയെ പരമ്പരയില്‍ ഒപ്പമെത്തിച്ചത്. 34 പന്തില്‍ നിന്ന് 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ധോണി 55 റണ്‍സും കാര്‍ത്തിക്ക് 25 റണ്‍സും നേടി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കുവാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ ആദ്യ പന്തില്‍ തന്നെ സിക്സടിച്ച് ധോണി സ്കോറുകള്‍ ഒപ്പമെത്തിച്ചു. അടുത്ത പന്തില്‍ സിംഗിള്‍ നേടി വിജയവും ധോണി ഉറപ്പാക്കുകയായിരുന്നു.

Exit mobile version