ജഡേജ സെലക്ഷന്‍ സമയത്ത് ഫിറ്റായിരുന്നു: എംഎസ്കെ പ്രസാദ്

ടൂര്‍ ആരംഭിച്ച സമയത്ത് ജഡേജയ്ക്ക് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും താരത്തിന്റെ ഫിറ്റ്നെസ്സില്‍ പരിപൂര്‍ണ്ണ തൃപ്തിയുള്ളതിനാല്‍ മാത്രമാണ് തങ്ങള്‍ ടൂറിലേക്ക് താരത്തെ പരിഗണിച്ചതെന്നും പറഞ്ഞ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. രണ്ടാം ടെസ്റ്റില്‍ അശ്വിനു പരിക്കേറ്റപ്പോള്‍ ജഡേജയെ കളിപ്പിക്കാതെ പകരം സ്പിന്നറില്ലാതെയാണ് ഇന്ത്യ മത്സരത്തിലിറങ്ങിയത്. മത്സരത്തില്‍ നഥാന്‍ ലയണ്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം നേടിയപ്പോള്‍ ഇന്ത്യയ്ക്ക് മുഖ്യധാര സ്പിന്നറില്ലാതിരുന്നത് തിരിച്ചടിയാകുകയായിരുന്നു. ഹനുമ വിഹാരിയാണ് പാര്‍ട്ട് ടൈം സ്പിന്നറുടെ റോള്‍ അന്ന് ഏറ്റെടുത്തത്.

ഇന്ത്യയുടെ ആ തീരുമാനം ഏറെ പഴികേള്‍ക്കാനിടയാക്കിയപ്പോള്‍ മുഖ്യ കോച്ച് പിന്നീട് വിശദീകരണവുമായി എത്തിയിരുന്നു. മാച്ച് ഫിറ്റ് അല്ലാത്തതിനാലാണ് ജഡേജയെ മത്സരിപ്പിക്കാഞ്ഞതെന്ന് രവി ശാസ്ത്രി പറയുമ്പോളും താരം പകരക്കാരനായി 20ലധികം ഓവറുകള്‍ ഫീല്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ മൂന്നാം ടെസ്റ്റിന്റെ ഇലവനിലും ജഡേജ ഇടം പിടിച്ചു.

ടൂര്‍ ആരംഭിക്കുന്നതിനു മുമ്പ് എല്ലാ താരങ്ങളുടെയും ഫിറ്റ്നെസ് പരിശോധിച്ച ശേഷം മാത്രമാണ് സെലക്ടര്‍മാര്‍ താരങ്ങളെ തിരഞ്ഞഞെടുക്കുന്നത്. അതിനാല്‍ തന്നെ താരം അന്ന് സെലക്ഷന്‍ സമയത്ത് താരം ഫിറ്റായിരുന്നുവെന്നും പ്രസാദ് പറഞ്ഞു.

ജഡേജ മാച്ച് ഫിറ്റ് അല്ലായിരുന്നു: രവി ശാസ്ത്രി

ഒരു മുന്‍ നിര സ്പിന്നറില്ലാതെ പെര്‍ത്തില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങിയ ഇന്ത്യയുടെ തീരുമാനം ഏറെ പഴി കേള്‍ക്കുവാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ -രൂമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ കോച്ച് രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിനു 70-80 ശതമാനം മാത്രമായിരുന്നു രവീന്ദ്ര ജഡേജ ഫിറ്റെന്നും അതാണ് താരത്തെ ടീമിലുള്‍പ്പെടുത്താതിരുന്നതെന്നുമാണ് രവി ശാസ്ത്രി പറഞ്ഞത്.

രവിചന്ദ്രന്‍ അശ്വിന് പരിക്കേറ്റതോടെ ഇന്ത്യ സ്പിന്നറെ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ താരം മാച്ച് ഫിറ്റ് അല്ലെങ്കില്‍ 12ാമനായി ഫീല്‍ഡ് ചെയ്യുവാനായി ഇറങ്ങിയത് എന്തിനായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ ശാസ്ത്രിയുടെ മറുപടിയ്ക്കെതിരെ ഉയരുന്നത്. പാര്‍ട്ട് ടൈം സ്പിന്നറായി ഹനുമ വിഹാരിയെയാണ് മത്സരത്തില്‍ ഇന്ത്യ ഉപയോഗിച്ചത്.

പെര്‍ത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് നഥാന്‍ ലയണ്‍ ആണെന്നിരിക്കെ ജഡേജയെ മത്സരിപ്പിച്ചിരിന്നുവെങ്കില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്.

യാദവിനൊപ്പം ജഡേജയും, വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിനു തിരശ്ശീല

ഉമേഷ് യാദവിനൊപ്പം രവീന്ദ്ര ജഡേജയും വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ വട്ടം കറക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 127 റണ്‍സിനു പുറത്തായി സന്ദര്‍ശകര്‍. 38 റണ്‍സ് നേടിയ സുനില്‍ അംബ്രിസും 19 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ചായയ്ക്ക് ശേഷം വിന്‍ഡീസ് ചെറുത്ത് നില്പിന്റെ പ്രതീകമായി മാറുമെന്ന് തോന്നിയ നിമിഷത്തിലാണ് രവീന്ദ്ര ജഡേജ ഇരുവരുടെയും അന്തകനായി അവതരിച്ചത്.

ഏറെ വൈകാതെ 46.1 ഓവറില്‍ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സിനു 127 റണ്‍സില്‍ തിരശീല വീഴുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് സ്വന്തമാക്കുവാനായി നേടേണ്ടത് 72 റണ്‍സ് മാത്രമാണ്. രണ്ടാം ഇന്നിംഗ്സിലെ നാല് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 10 വിക്കറ്റാണ് മത്സരത്തില്‍ നിന്ന് ഉമേഷ് യാദവ് നേടിയത്. രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ കുല്‍ദീപ് യാദവിനു ഒരു വിക്കറ്റ് ലഭിച്ചു.

വിന്‍ഡീസിന്റെ കഷ്ടകാലത്തിനു മൂന്നാം ദിവസം അവസാനം, ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം

രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം തന്നെ ഇന്നിംഗ്സ് ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 181 റണ്‍സിനു സന്ദര്‍ശകരെ പുറത്താക്കിയ ശേഷം ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനെ 196 റണ്‍സിനു പുറത്താക്കി ഇന്നിംഗ്സിനും 272 റണ്‍സിനും വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ രവിചന്ദ്രന്‍ അശ്വിനാണ് വിക്കറ്റുകള്‍ നേടി വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിപ്പിച്ചതെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവ് കരീബിയന്‍ സംഘത്തിനെ വെള്ളം കുടിപ്പിച്ചു.

ഇന്ത്യയ്ക്കായി കുല്‍ദീപ് അഞ്ചും രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.  കീറണ്‍ പവല്‍(83) മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ റോഷ്ടണ്‍ ചേസ്(53), കീമോ പോള്‍(47) എന്നിവരാണ് ടീമിനായി പൊരുതിയത്.

ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 649/9 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്തിരുന്നു. വിരാട് കോഹ്‍ലി, പൃഥ്വി ഷാ, രവീന്ദ്ര ജഡേജ എന്നിവര്‍ ശതകങ്ങള്‍ നേടിയപ്പോള്‍ ഋഷഭ് പന്ത്, ചേതേശ്വര്‍ പുജാര എന്നിവരും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു.

ഗതി പിടിക്കാതെ വിന്‍ഡീസ്, 6 വിക്കറ്റ് നഷ്ടം

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ യഥേഷ്ടം ശതകം അടിച്ചൂകുട്ടിയ പിച്ചില്‍ ഗതി പിടിക്കാതെ വിന്‍ഡീസ് ബാറ്റിംഗ് നിര. രണ്ടാം ദിവസം സ്റ്റംപ്‍സ് ആവുമ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 649/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 94/6 എന്ന നിലയിലാണ്. റോഷ്ടണ്‍ ചേസ് 27 റണ്‍സും കീമോ പോള്‍ 13 റണ്‍സുമായി പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഓപ്പണര്‍മാരെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ ജഡേജയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് നേടി അശ്വിനു ഒരു വിക്കറ്റ് ലഭിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ റണ്ണൗട്ടായി പുറത്തായി.

നേരത്തെ വിരാട് കോഹ്‍ലി(139), രവീന്ദ്ര ജഡേജ(100*) എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടാം ദിവസം ശതകം നേടിയിരുന്നു. ഋഷഭ് പന്ത് 92 റണ്‍സില്‍ പുറത്തായപ്പോള്‍ ആദ്യ ദിവസം പൃഥ്വി ഷാ 134 റണ്‍സ് നേടി. ആദ്യ ദിവസം ചേതേശ്വര്‍ പുജാര 86 റണ്‍സും അജിങ്ക്യ രഹാനെ 41 റണ്‍സും നേടി പുറത്തായിരുന്നു. 149.5 ഓവറില്‍ നിന്നാണ് ഇന്ത്യ 649 റണ്‍സ് നേടിയത്. ജഡേജ ശതകം തികച്ച ഉടനെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

വാലറ്റത്തോടൊപ്പം പൊരുതിയാണ് തന്റെ കന്നി ടെസ്റ്റ് ശതകം ജഡേജ പൂര്‍ത്തിയാക്കിയത്. 22 റണ്‍സ് നേടിയ ഉമേഷ് യാദവ് ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ 4 വിക്കറ്റും അരങ്ങേറ്റക്കാരന്‍ ഷെര്‍മന്‍ ലൂയിസ് രണ്ട് വിക്കറ്റും നേടി. ഷാനണ്‍ ഗബ്രിയേല്‍, റോഷ്ടണ്‍ ചേസ്, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഇന്ത്യ അഫ്ഗാന്‍ മത്സരം ടൈയില്‍ അവസാനിച്ചു

ഏഷ്യ കപ്പില്‍ ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ടൈയില്‍ അവസാനിച്ച് ഇന്ത്യ. അത്യന്തം ആവേശകമായ മത്സരത്തില്‍ ഒരു വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് ഏഴ് റണ്‍സായിരുന്നു വിജയത്തിനു വേണ്ടിയിരുന്നതെങ്കിലും ഒരു പന്ത് ബാക്കി നില്‍ക്കെ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. സ്കോറുകള്‍ സമനിലയിലായപ്പോള്‍ ഓവറിലെ അഞ്ചാം പന്തില്‍ വിജയ റണ്‍സിനു ശ്രമിച്ച ജഡേജ പുറത്തായതോടെ ടീമുകള്‍ സമനിലിയല്‍ പിരിയുകയായിരുന്നു. അഫ്ഗാന്‍ സമ്മര്‍ദ്ദം അതിജീവിച്ച് ഇന്ത്യയെ വിജയത്തിനരികില്‍ വരെയെത്തിച്ചത് 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയായിരുന്നുവെങ്കിലും ടീമിനെ വിജയക്കൊടുമുടിയിലെത്തിക്കുവാന്‍ താരത്തിനായില്ല.

ഒരു ഘട്ടത്തില്‍ ജയം ഇന്ത്യ അനായാസം സ്വന്തമാക്കുമെന്ന നിലയില്‍ നിന്ന് പൊരുതിക്കയറിയ അഫ്ഗാനിസ്ഥാനു അര്‍ഹമായ വിജയം നേടിയെടുക്കുവാന്‍ സാധിക്കാതെ പോയത് അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയക്കുറവായി മാത്രം കണക്കാക്കാം. സൂപ്പര്‍ ഫോറിലെ മൂന്ന് മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടതിനു ശേഷം മാത്രമാണ് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയതെന്നുള്ളതും ടീമനും അഫ്ഗാന്‍ ആരാധകര്‍ക്കും അഭിമാനിക്കുവാനുള്ള വകയാണ്.

മുഹമ്മദ് ഷെഹ്സാദ്(124), മുഹമ്മദ് നബി(64) എന്നിവരുടെ പോരാട്ടമാണ് അഫ്ഗാനിസ്ഥാനെ 252 റണ്‍സിലേക്ക് എത്തിച്ചത്. എന്നാല്‍ മികച്ച തുടക്കം സ്വന്തമാക്കിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും ടീമിന്റെ വിജയത്തിനാവശ്യമായ അടിത്തറ നല്‍കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 110 റണ്‍സ് നേടിയ ശേഷം അമ്പാട്ടി റായിഡുവിനെ(57) മുഹമ്മദ് നബി മടക്കിയയ്ക്കുകയായിരുന്നു. ഏറെ വൈകാതെ ലോകേഷ് രാഹുലും(60) മടങ്ങി.

110/0 എന്ന നിലയില്‍ നിന്ന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 30.3 ഓവറില്‍ ഇന്ത്യ 166/4 എന്ന നിലയിലായെങ്കിലും ദിനേശ് കാര്‍ത്തിക്കും കേധാര്‍ ജാഥവും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 38 റണ്‍സ് നേടി ടീമിന്റെ വിജയ ലക്ഷ്യം 50ല്‍ താഴെയെത്തിച്ചു. 19 റണ്‍സ് നേടിയ കേധാര്‍ ജാഥവിനെ മുജീബ് സദ്രാന്‍ റണ്ണൗട്ട് ആക്കി അഫ്ഗാനിസ്ഥാന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി.

തൊട്ടടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ മടക്കി നബി മത്സരത്തില്‍ ഇന്ത്യയെ ആദ്യമായി സമ്മര്‍ദ്ദത്തിലാക്കി. ഇതോടെ വിജയം മണത്ത് അഫ്ഗാനിസ്ഥാന്‍ റണ്‍സ് വഴങ്ങാതെയും ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദീപക് ചഹാര്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ട് മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് തിരിക്കുമെന്ന പ്രതീതിയുണര്‍ത്തിയെങ്കിലും 12 റണ്‍സ് നേടിയ ചഹാറിനെ പുറത്താക്കി അഫ്താബ് അലം മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ് കൊണ്ടു വന്നു.

21 റണ്‍സാണ് ചഹാര്‍-ജഡേജ കൂട്ടുകെട്ട് നേടിയത്. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 23 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് പക്ഷേ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ 6 വിക്കറ്റ കൈവശമുണ്ടായിരുന്ന ഇന്ത്യയ്ക്ക് 70ല്‍ പരം പന്തുകളില്‍ നിന്ന് 50ല്‍ താഴെ റണ്‍സ് മാത്രം മതിയായിരുന്നു. ആ സ്ഥിതിയില്‍ നിന്ന് ഇന്ത്യയെ വെള്ളം കുടിപ്പിച്ച അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് ഏറെ പ്രശംസ അര്‍ഹിക്കുന്നു.

അവസാന മൂന്നോവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് റഷീദ് ഖാന്‍ എറിഞ്ഞ 48ാം ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 4 റണ്‍സ് നേടാനായി. 12 പന്തില്‍ 13 റണ്‍സെന്ന കൈപിടിയിലൊതുങ്ങാവുന്ന ലക്ഷ്യത്തിനു അടുത്തെത്തിയ ഇന്ത്യയ്ക്ക് എന്നാല്‍ 49ാം ഓവറിലെ ആദ്യ പന്തില്‍ കുല്‍ദീപ് യാദവിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായി. രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം റണ്ണിനു ശ്രമിക്കുന്നതിനിടയിലാണ് താരം പുറത്തായത്. 9 റണ്‍സാണ് കുല്‍ദീപിന്റെ സംഭാവന.

ഓവറിലെ അഞ്ചാം പന്തില്‍ സിദ്ധാര്‍ത്ഥ് കൗള്‍ റണ്ണൗട്ട് ആവുകയും അവസാന പന്തില്‍ ജഡേജ സിംഗിള്‍ നേടുകയും ചെയ്തതോടെ അവസാന ഓവറില്‍ നിന്ന് ഒരു വിക്കറ്റ് അവശേഷിക്കെ ഇന്ത്യ വിജയത്തിനായി നേടേണ്ടിയിരുന്നത് 7 റണ്‍സായിരുന്നു. റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ റണ്‍ നേടാനായില്ലെങ്കിലും രണ്ടാം പന്തില്‍ ബൗണ്ടറി നേടി ജഡേജ ഇന്ത്യയെ ജയത്തിനരികിലേക്ക് എത്തിച്ചു. അടുത്ത പന്തില്‍ നിന്ന് സിംഗിള്‍ നേടിയതോടെ സ്ട്രൈക്ക് ഖലീല്‍ അഹമ്മദിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ വിജയ റണ്‍സ് നേടുവാന്‍ ജഡേജയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ ടീമുകള്‍ ടൈയില്‍ പിരിയുകയായിരുന്നു.

അഫ്ഗാനിസ്ഥാനായി അഫ്താബ് അലം, മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും ജാവേദ് അഹമ്മദി ഒരു വിക്കറ്റും നേടി.

അടിച്ച് തകര്‍ത്ത് മുഹമ്മദ് ഷെഹ്സാദ്, ഒപ്പം കൂടി മുഹമ്മദ് നബി, മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍

ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. മുഹമ്മദ് ഷെഹ്സാദിന്റെ ശതകത്തിന്റെയും മുഹമ്മദ് നബിയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടുകയായിരുന്നു. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോയത് അഫ്ഗാനിസ്ഥാന്‍ സ്കോറിംഗിനു തിരിച്ചടിയായി.

116 പന്തില്‍ 11 ബൗണ്ടറിയും 7 സിക്സും സഹിതമാണ് മുഹമ്മദ് ഷെഹ്സാദ് തന്റെ 124 റണ്‍സ് നേടിയത്. ഷെഹ്സാദ് പുറത്തായ ശേഷം മുഹമ്മദ് നബിയുടെ ഇന്നിംഗ്സാണ് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ 250 റണ്‍സിനടുത്തെത്തിച്ചത്. 47.3 ഓവറില്‍ പുറത്താകുമ്പോള്‍ നബി 56 പന്തില്‍ നിന്ന് 64 റണ്‍സ് നേടി. 4 ബൗണ്ടറിയും 3 സിക്സുമാണ് താരം നേടിയത്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ കേധാര്‍ ജാഥവ്, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ദീപക് ചഹാറിനു മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഇന്നത്തേത്. ആദ്യ രണ്ടോവറില്‍ നിന്ന് 24 റണ്‍സ് വഴങ്ങിയ ചഹാര്‍ തന്റെ നാലോവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ഈ തിരിച്ചുവരവ് അവിശ്വസനീയം: ജഡേജ

തന്റെ മടങ്ങിവരവ് തനിക്ക് തന്നെ വിശ്വാസം വരുന്നില്ലെന്ന് അഭിപ്രായപ്പെട്ട് രവീന്ദ്ര ജഡേജ. താന്‍ വീണ്ടും ഇന്ത്യയുടെ നീല ജഴ്സി അണിയാനാവുമെന്ന് തനിക്ക് ഇപ്പോളും വിശ്വാസം വരുന്നില്ലെന്നും താരം പറഞ്ഞു. എന്നാലും ഈ കാലഘട്ടത്തിലും താന്‍ തിരികെ ടീമിലേക്ക് വരുമെന്നും ഇന്ത്യയ്ക്കായി മികവ് പുലര്‍ത്താനാകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും തന്റെ ബൗളിംഗ് മാറ്റം വരുത്തുവാന്‍ ഏറെ കാലമായി ശ്രമിക്കുകയായിരുന്നുവെന്നും രവീന്ദ്ര ജഡേജ പറഞ്ഞു.

ഓവലിലെ തന്റെ പ്രകടനം തനിക്ക് ടീമിലേക്ക് തിരികെ എത്തുവാന്‍ സാധിച്ചിട്ടുണ്ടെന്നാണ് രവീന്ദ്ര ജഡേജ പറഞ്ഞത്. ഒരു വര്‍ഷത്തിനു ശേഷം തിരികെ എത്തിയപ്പോള്‍ തനിക്ക് അല്പം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും രവീന്ദ്ര ജഡേജ പറഞ്ഞു. ബംഗ്ലാദേശിനെതിരെ 4 വിക്കറ്റാണ് ജഡേജ നേടിയത്.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് രോഹിത്, ടൂര്‍ണ്ണമെന്റില്‍ ഹിറ്റ്മാന്റെ രണ്ടാം അര്‍ദ്ധ ശതകം

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം അര്‍ദ്ധ ശതകം നേടി രോഹിത് ശര്‍മ്മ. ഷാക്കിബ് അല്‍ ഹസനെ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ രോഹിത്തിനു പിന്തുണയായി ശിഖര്‍ ധവാന്‍(40) ആണ് മികവ് പുലര്‍ത്തിയ പ്രധാന താരം. അമ്പാട്ടി റായിഡു 14 റണ്‍സ് നേടി പുറത്തായി. ഇന്ത്യ 36.2 ഓവറില്‍ നിന്ന് ബംഗ്ലാദേശിന്റെ 174 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യയുടെ ഈ വിജയം.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനാണ് മികച്ച രീതിയില്‍ തുടങ്ങിയതെങ്കിലും രോഹിത് സ്കോറിംഗ് മെല്ലെയാണ് ആരംഭിച്ചത്. ശിഖര്‍ പുറത്തായ ശേഷമാണ് അല്പം കൂടി വേഗത്തില്‍ രോഹിത് ശര്‍മ്മ ബാറ്റ് വീശിയത്. രോഹിത്തിനു പിന്തുണയായി നാലാം നമ്പറില്‍ എത്തിയ എംഎസ് ധോണി 33 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 83 റണ്‍സുമായി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മഷ്റഫേ മൊര്‍തസ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ രവീന്ദ്ര ജഡേജ(4)യോടൊപ്പം പേസര്‍മാരായ ഭുവിയും ബുംറയും(മൂന്ന് വിക്കറ്റ് വീതം) ഒത്തുകൂടിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി 42 റണ്‍സ് നേടി മെഹ്ദി ഹസന്‍ ആണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്.

മടങ്ങിവരവ് ഗംഭീരമാക്കി ജഡേജ, ബംഗ്ലാദേശിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് മെഹ്ദി ഹസന്‍

ഏകദിന ടീമിലേക്കുള്ള തന്റെ മടങ്ങി വരവ് ഗംഭീരമാക്കി രവീന്ദ്ര ജഡേജ. ബംഗ്ലാദേശ് മധ്യനിരയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സ്പിന്നറുടെ ബൗളിംഗ് പ്രകടനത്തിന്റെയും മറ്റു ബൗളര്‍മാരുടെയും സഹായത്തോടെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 173 റണ്‍സിനു പുറത്താക്കി ഇന്ത്യ ശക്തമായ ബൗളിംഗ് പ്രകടനം മത്സരത്തില്‍ പുറത്തെടുക്കുകയായിരുന്നു.

ഓപ്പണര്‍മാരെ പേസര്‍മാര്‍ പുറത്താക്കിയ ശേഷം ചെറുത്ത്നില്പിനു ശ്രമിച്ച ഷാക്കിബ് അല്‍ ഹസന്‍(17), മുഷ്ഫിക്കുര്‍ റഹിം(21) തുടങ്ങിയ ബംഗ്ലാദേശ് മധ്യനിരയിലെ സീനിയര്‍ താരങ്ങളെ പുറത്താക്കി രവീന്ദ്ര ജഡേജ മത്സരത്തിലെ ആദ്യ ഇന്നിംഗ്സ് ഇന്ത്യയുടെ പക്ഷത്തേക്ക് ആക്കുകയായിരുന്നു. മുഹമ്മദ് മിഥുന്റെ(9) വിക്കറ്റും ജഡേജ നേടി.

36 റണ്‍സ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടി മഹമ്മദുള്ള(25)-മൊസ്ദൈക്ക് കൂട്ടുകെട്ട് ബംഗ്ലാദേശിന്റെ സ്കോര്‍ നൂറ് കടത്തിയ ഉടനെ മഹമ്മദുള്ളയെ ഭുവനേശ്വര്‍ കുമാറും മൊസ്ദൈക്കിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. തന്റെ പത്തോവറില്‍ നിന്ന് 29 റണ്‍സ് മാത്രം വിട്ട് നല്‍കി ജഡേജ 4 വിക്കറ്റാണ് വീഴ്ത്തിയത്.

എട്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മഷ്റഫേ മൊര്‍തസയെ ഒരു വശത്ത് നിര്‍ത്തി പൊരുതിയ മെഹ്ദി ഹസന്റെ ബാറ്റിംഗാണ് ബംഗ്ലാദേശിനു ആശ്വാസമായത്. 42 റണ്‍സ് നേടിയ മെഹ്ദി ഹസനാണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 66 റണ്‍സ് നേടിയത് ബംഗ്ലാദേശിനു ഏറെ നിര്‍ണ്ണായകമായി. തുടര്‍ന്ന് മെഹ്ദി ഹസനെയും മുസ്തഫിസുറിനെയും പുറത്താക്കി ബുംറ ബംഗ്ലാദേശ് ചെറുത്ത് നില്പിനു  49.1 ഓവറില്‍ വസാനം കുറിച്ചു.

രവീന്ദ്ര ജഡേജയുടെ നാല് വിക്കറ്റിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

രവീന്ദ്ര ജഡേജ ഏഷ്യ കപ്പ് സ്ക്വാഡിലേക്ക്, സിദ്ധാര്‍ത്ഥ് കൗളും യുഎഇയിലേക്ക്

പരിക്കേറ്റ അക്സര്‍ പട്ടേലിനു പകരം രവീന്ദ്ര ജഡേജയെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. അക്സര്‍ പട്ടേലിന്റെ തള്ള വിരലിനേറ്റ പരിക്കാണ് താരത്തിന്റെ ഏഷ്യ കപ്പ് സാധ്യതകള്‍ ഇല്ലാതാക്കിയത്. പരിക്കേറ്റ ശര്‍ദ്ധുല്‍ താക്കൂറിനു പകരം സിദ്ധാര്‍ത്ഥ് കൗളിനെയും ഇന്ത്യ ഏഷ്യ കപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം നേരത്തെ തന്നെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഇന്ത്യയ്ക്കായി ടൂര്‍ണ്ണമെന്റില്‍ കളിക്കില്ലെന്ന് അറിയിപ്പ് വന്നിരുന്നു. പകരം ദീപക് ചഹാര്‍ ടീമിലേക്ക് എത്തി.

40 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട്

രവീന്ദ്ര ജഡേജയുടെ പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനു 40 റണ്‍സ് ലീഡ് മാത്രം നല്‍കി ഇന്ത്യ. ചായയ്ക്കായി ടീം പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 20 റണ്‍സ് നേടിയിട്ടുണ്ട്. ജഡേജ പുറത്താകാതെ നേടിയ 86 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 292 റണ്‍സാണ് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. ഹനുമ വിഹാരി(56) പുറത്താക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 237/7 എന്ന നിലയിലായിരുന്നു. പിന്നീട് വാലറ്റത്തെ കാഴ്ചക്കാരാക്കി ജഡേജ ടീമിന്റെ സ്കോര്‍ 292 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍, മോയിന്‍ അലി, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്റ്റുവര്‍ട് ബ്രോഡ്, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ 20 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് 60 റണ്‍സായിട്ടുണ്ട്. അലിസ്റ്റര്‍ കുക്ക് 13 റണ്‍സും കീറ്റണ്‍ ജെന്നിംഗ്സ് 7 റണ്‍സുമാണ് നേടിയിട്ടുള്ളത്.

Exit mobile version