അവസാന മത്സരം നന്നായി അവസാനിപ്പിച്ച് അസ്ഗര്‍ അഫ്ഗാന്‍, 160 റൺസ് നേടി ഏഷ്യന്‍ രാജ്യം

നമീബിയയ്ക്കെതിരെ 160/5 എന്ന മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. ടോപ് ഓര്‍ഡറിൽ മികച്ച തുടക്കം ഹസ്രത്തുള്ള സാസായിയും(33) മുഹമ്മദ് ഷഹ്സാദും(45) നടത്തിയപ്പോള്‍ ടീം 6.4 ഓവറിൽ 53 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

റഹ്മാനുള്ള ഗുര്‍ബാസിനെയും ഷഹ്സാദിനെയും നഷ്ടമായി 89/3 എന്ന നിലയിലായിരുന്ന അഫ്ഗാനിസ്ഥാനെ അസ്ഗര്‍ അഫ്ഗാന്‍(31), മുഹമ്മദ് നബി(32*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് 160/5 എന്ന സ്കോറിലേക്ക് നയിച്ചത്.

റൂബന്‍ ട്രംപെൽമാനും ലോഫ്ടി-ഈറ്റണും രണ്ട് വീതം വിക്കറ്റാണ് നമീബിയയ്ക്ക് വേണ്ടി നേടിയത്.

ഷെഹ്സാദിന്റെ സസ്പെന്‍ഷന്‍ 12 മാസത്തേക്ക്

അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് ഷെഹ്സാദിനെ വിലക്കിയ തീരുമാനം 12 മാസത്തേക്കായിരിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. താരത്തെ വിലക്കുവാനുള്ള കാരണമായി ബോര്‍ഡ് പറയുന്നത് താരം അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് പല തവണ പോയി എന്നതാണ്. പരിശീലനത്തിനായാണ് താരം രാജ്യത്തിന് പുറത്ത് പോയതെന്നാണ് ഷെഹ്സാദ് പറയുന്നതെങ്കിലും രാജ്യത്തിനകത്ത് തന്നെ പരിശീലനത്തിന് വേണ്ട മികച്ച സൗകര്യമുണ്ടെന്നും പുറം രാജ്യത്തേക്ക് ഇതിനായി പോകേണ്ടതില്ലെന്നുമാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്.

നേരത്തെ അനിശ്ചിത കാലത്തേക്കാണ് താരത്തെ വിലക്കുന്നതായി ബോര്‍ഡ് അറിയിച്ചത്. ലോകകപ്പിനിടെ താരത്തിനെ ബോര്‍ഡ് ടീമില്‍ നിന്ന് ഫിറ്റ്നെസ്സിന്റെ പേരില്‍ മടക്കിയയച്ചിരുന്നു. അതിന് ശേഷം ഷെഹ്സാദ് സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് പരിക്കില്ലെന്നും അഫ്ഗാന്‍ ബോര്‍ഡ് സിഇഒ തന്നോട് പകപോക്കുകയാണെന്നും ആരോപിച്ചിരുന്നു.

അഫ്ഗാന്‍ താരത്തെ വിലക്കി ബോര്‍ഡ്

അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണിംഗ് താരത്തെ വിലക്കി ബോര്‍ഡ്. ബോര്‍ഡിന്റെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തതിനുള്ള അച്ചടക്ക നടപടിയായാണ് മുഹമ്മദ് ഷെഹ്സാദിനെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധിയെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ ലോകകപ്പ് പെരുമാറ്റത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 20, 25 തീയ്യതികളില്‍ പെരുമാറ്റചട്ട കമ്മിറ്റിയുമായി ചര്‍ച്ചയുണ്ടായിരുന്നുവെങ്കിലും താരം അതില്‍ പങ്ക് ചേര്‍ന്നില്ല.

ഫിറ്റ്നെസ്സ് കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാന്‍ താരത്തെ ലോകകപ്പിനിടയില്‍ നിന്ന് മടക്കിയയച്ചുവെങ്കിലും തനിക്ക് പരിക്കില്ലെന്നും ബോര്‍ഡ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്നും അഫ്ഗാന്‍ താരം പറഞ്ഞിരുന്നു. മാനേജര്‍, ക്യാപ്റ്റന്‍, ഡോക്ടര്‍ എന്നിവര്‍ മാത്രമാണ് തീരുമാനം അറിഞ്ഞതെന്നും കോച്ച് ഫില്‍ സിമ്മണ്‍സ് പോലും വളരെ വൈകിയാണ് ഈ വിവരം അറിഞ്ഞതെന്ന് അന്ന് ഷെഹ്സാദ് ആരോപിച്ചിരുന്നു.

ലോകകപ്പില്‍ നിന്ന് പുറത്തായ താരത്തിനു ഒരു സന്തോഷ വാര്‍ത്ത

ലോകകപ്പില്‍ നിന്ന് പുറത്തായ അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് ഷെഹ്സാദിനു ആണ് കുഞ്ഞ് ജനിച്ചു. അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരങ്ങള്‍ക്ക് ശേഷം താരം പരിക്കിന്റെ പിടിയിലായി ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് പരിക്കില്ലെന്നും തന്നെ എന്തിനാണ് ഒഴിവാക്കിയതെന്ന് അറിയില്ലെന്നും പിന്നീട് താരം തന്നെ വെളിപ്പെടുത്തുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും താരം പരാജയമായിരുന്നുവെങ്കിലും ടീം കോച്ച് ഫില്‍ സിമ്മണ്‍സിനു പോലും ഷെഹ്സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്ന വിവരം അറിയില്ലെന്നാണ് താരം അന്ന് വെളിപ്പെടുത്തിയത്.

എന്നാല്‍ ഇപ്പോള്‍ താരത്തിനു സന്തോഷ വാര്‍ത്തയാണ് ലഭിച്ചിരിക്കുന്നത്. ലോകകപ്പില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നുവെങ്കിലും താരത്തിനു കുഞ്ഞ് പിറന്നതിന്റെ ആഹ്ലാദ നിമിഷങ്ങള്‍ അല്പം ആശ്വാസമാകുമെന്ന് കരുതാം. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണെന്നും പരിക്കല്ലെന്നും കരച്ചില്‍ അടക്കാനാകാതെയാണ് ഷെഹ്സാദ് ലോകത്തോട് പങ്കുവെച്ചത്.

എന്നാല്‍ താരത്തിന്റെ വാദങ്ങളെ അഫ്ഗാന്‍ ബോര്‍ഡ് തള്ളിക്കളഞ്ഞിട്ടുണ്ട്. താരത്തിന്റെ പൂര്‍ണ്ണ ഫിറ്റ്നെസ്സ് റിപ്പോര്‍ട്ട് ബോര്‍ഡ് ഐസിസിയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ഫിറ്റെന്സില്‍ ഒരു വിട്ട് വീഴ്ചയുമില്ലെന്ന് ബോര്‍ഡ് അറിയിക്കുകയായിരുന്നു.

 

അഫ്ഗാനിസ്ഥാന് തിരിച്ചടി, മുഹമ്മദ് ഷെഹ്സാദ് ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്ത്

ലോകകപ്പിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അഫ്ഗാനിസ്ഥാന് തിരിച്ചടിയായി പുതിയ വാര്‍ത്ത. ടീമിന്റെ ഓപ്പണിംഗ് താരം വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ് ആണ് പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത് പോകുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം താരത്തില്‍ നിന്നുണ്ടായില്ലെങ്കിലും ടീമില്‍ വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ടവരില്‍ പ്രധാനിയായിരുന്നു താരം.

പകരം താരമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഇക്രം അലി ഖിലിനെ അഫ്ഗാനിസ്ഥാന്‍ നിയമിച്ചു. പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തിലാണ് താരത്തിനു പരിക്കേറ്റതെങ്കിലും അഫ്ഗാനിസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ താരം പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിക്ക് കൂടുതല്‍ വഷളായതിനാല്‍ താരത്തെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്.

4 ഓവറില്‍ വിജയം കുറിച്ച് രാജ്പുത്‍സ്, 16 പന്തില്‍ 74 റണ്‍സുമായി മുഹമ്മദ് ഷെഹ്സാദ്

ടി10 ലീഗിന്റെ രണ്ടാം സീസണിനു ആവേശകരമായ തുടക്കം. ഷെയിന്‍ വാട്സന്റെ ബാറ്റിംഗ് മികവില്‍ 10 ഓവറില്‍ നിന്ന് 94 റണ്‍സ് നേടിയ സിന്ധീസിന്റെ സ്കോര്‍ വെറും നാലോവറില്‍ മറികടന്ന് രാജ്പുത്‍സ് തങ്ങളുടെ ടൂര്‍ണ്ണമെന്റിന്റെ തുടക്കം ആവേശകരമാക്കി മാറ്റുകയായിരുന്നു. 16 പന്തില്‍ നിന്ന് 74 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഷെഹ്സാദും 8 പന്തില്‍ 21 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലവുമാണ് ടീമിനെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

12 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഷെഹ്സാദ് തന്റെ അടുത്ത നാല് പന്തില്‍ നിന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സിലേക്കും ടീമിനെ വിജയത്തിലേക്കും നയിച്ചത്. 6 ഫോറും 8 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ ഷെഹ്സാദ് നേടിയത്. 462.50 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാതെ പോയത് ടീമിനു തിരിച്ചടിയായി. 20 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും സഹിതം 42 റണ്‍സാണ് വാട്സണ്‍ നേടിയത്. ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് രണ്ട് വിക്കറ്റ് നേടി രാജ്പുത്‍സിനായി തിളങ്ങി.

അടിച്ച് തകര്‍ത്ത് മുഹമ്മദ് ഷെഹ്സാദ്, ഒപ്പം കൂടി മുഹമ്മദ് നബി, മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍

ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. മുഹമ്മദ് ഷെഹ്സാദിന്റെ ശതകത്തിന്റെയും മുഹമ്മദ് നബിയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടുകയായിരുന്നു. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോയത് അഫ്ഗാനിസ്ഥാന്‍ സ്കോറിംഗിനു തിരിച്ചടിയായി.

116 പന്തില്‍ 11 ബൗണ്ടറിയും 7 സിക്സും സഹിതമാണ് മുഹമ്മദ് ഷെഹ്സാദ് തന്റെ 124 റണ്‍സ് നേടിയത്. ഷെഹ്സാദ് പുറത്തായ ശേഷം മുഹമ്മദ് നബിയുടെ ഇന്നിംഗ്സാണ് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ 250 റണ്‍സിനടുത്തെത്തിച്ചത്. 47.3 ഓവറില്‍ പുറത്താകുമ്പോള്‍ നബി 56 പന്തില്‍ നിന്ന് 64 റണ്‍സ് നേടി. 4 ബൗണ്ടറിയും 3 സിക്സുമാണ് താരം നേടിയത്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ കേധാര്‍ ജാഥവ്, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ദീപക് ചഹാറിനു മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഇന്നത്തേത്. ആദ്യ രണ്ടോവറില്‍ നിന്ന് 24 റണ്‍സ് വഴങ്ങിയ ചഹാര്‍ തന്റെ നാലോവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി മത്സരം അവസാനിപ്പിക്കുകയായിരുന്നു.

3 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനോട് 3 റണ്‍സ് തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്‍. 250 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനു 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ അവസാന ഓവറില്‍ 8 റണ്‍സാണ് നേടേണ്ടിയിരുന്നതെങ്കില്‍ 4 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. അവസാന ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന്‍ റഷീദ് ഖാനെ പുറത്താക്കി മത്സരം ബംഗ്ലാദേശിന്റെ പക്ഷത്തേക്ക് മാറ്റുകയായിരുന്നു. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും വിജയത്തിനടുത്തെത്തി പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി.

മുഹമ്മദ് ഷെഹ്സാദും ഹസ്മത്തുള്ള ഷഹീദിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അസ്ഗര്‍ അഫ്ഗാനും(39) മുഹമ്മദ് നബിയും(38) ടീമിനെ വിജയത്തിലരികിലേക്ക് നയിച്ചുവെങ്കിലും അവസാന നിമിഷം ടീമിനു കാലിടറുകയായിരുന്നു. 71 റണ്‍സാണ് ഹസ്മത്തുള്ള ഷഹീദി നേടിയത്. 53 റണ്‍സ് നേടി മുഹമ്മദ് ഷെഹ്സാദും പുറത്തായ ശേഷം ഒരു ഘട്ടത്തില്‍ റണ്‍ റേറ്റുയര്‍ന്നുവെങ്കിലും അഫ്ഗാനിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പൊരുതി ബംഗ്ലാദേശ് സ്കോറിനു അടുത്തെത്തുകയായിരുന്നു. സമിയുള്ള ഷെന്‍വാരി പുറത്താകാതെ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ , മഷ്റഫേ മൊര്‍തസ എന്നിവര്‍ രണ്ട് വിക്കറ്റും മഹമ്മദുള്ള, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാന്റെ രക്ഷയ്ക്കെത്തി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

ബംഗ്ലാദേശിനെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ 255 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍255 റണ്‍സ് നേടുകയായിരുന്നു. ബംഗ്ലാദേശിനെതിരെ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ അഫ്ഗാന്‍ ബാറ്റിംഗ് നിര 160/7 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിന്റെ സ്കോര്‍ 200 കടത്തിയത്. 95 റണ്‍സാണ് കൂട്ടുകെട്ടില്‍ റഷീദ് ഖാനും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് നേടിയത്. റഷീദ് ഖാന്‍ 32 പന്തില്‍ നിന്ന് 57 റണ്‍സും നൈബ് 42 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഹസ്മത്തുള്ള ഷഹീദിയുടെ അര്‍ദ്ധ ശതകവും(58) മുഹമ്മദ് ഷെഹ്സാദിന്റെ 37 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാന്‍ നിര പരാജയപ്പെടുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കുവാന്‍ ബംഗ്ലാദേശിനു സാധിച്ചുവെങ്കിലും അവസാന ഓവറുകളില്‍ ശക്തമായ തിരുച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്.

എട്ടാം വിക്കറ്റില്‍ 95 റണ്‍സ് നേടി ഗുല്‍ബാദിന്‍ നൈബ്-റഷീദ് ഖാന്‍ കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ബംഗ്ലാദേശിനു വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റും അബു ഹൈദര്‍ റോണി രണ്ടും വിക്കറ്റ് നേടി. റൂബല്‍ ഹൊസൈനാണ് ഒരു വിക്കറ്റ്.

അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് കീപ്പര്‍ മടങ്ങിയെത്തുന്നു

ഐസിസിയുടെ ആന്റി ഡോപിംഗ് നിയമങ്ങളെ ലംഘിച്ചതിനു ഒരു വര്‍ഷത്തെ വിലക്കിനു ശേഷം അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ് മടങ്ങിയെത്തുന്നു. അടുത്ത മാസം സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന, ടി20 സ്ക്വാഡുകളിലേക്കാണ് ഷെഹ്സാദ് തിരികെ എത്തിയിരിക്കുന്നത്. ഷാര്‍ജ്ജയിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ജനുവരി 17 2017ല്‍ താരത്തെ വിലക്കുകയായിരുന്നു. ഈ മാസം ജനുവരി 17നു വിലക്ക് അവസാനിച്ച് താരം മത്സരങ്ങള്‍ക്കായി ലഭ്യമാകും.

ഏകദിന സ്ക്വാഡ്: അസ്ഗര്‍ സ്റ്റാനിക്സായി, മുഹമ്മദ് ഷെഹ്സാദ്, ജാവേദ് അഹമ്മദി, ഇഹ്സാനുള്ള ജനത്, റഹ്മത് ഷാ, നജീബുള്ള സദ്രാന്‍, സമിയുള്ള ഷെന്‍വാരി, നസീര്‍ ജമാല്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍, മുജീബ് സദ്രാന്‍, ഷറഫുദ്ദീന്‍ അഷ്റഫ്, ദവലത് സദ്രാന്‍, ഷപൂര്‍ സദ്രാന്‍

ടി20 സ്ക്വാ‍ഡ: അസ്ഗര്‍ സ്റ്റാനിക്സായി, മുഹമ്മദ് ഷെഹ്സാദ്, ഉസ്മാന്‍ ഖനി, കരീം സാദ്ദിക്, നജീബുള്ള സദ്രാന്‍, ഷഫീകുള്ള ഷഫാക്, സമിയുള്ള ഷെന്‍വാരി, അഫ്താഭ് അലം, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍, മുജീബ് സദ്രാന്‍, ഷറഫുദ്ദീന്‍ അഷ്റഫ്, ഹമീദ് ഹസ്സന്‍, ഷപൂര്‍ സദ്രാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version