ചെന്നൈ നീ ഒന്നാം നമ്പര്‍, ചെന്നൈയെ വിജയത്തിലേക്ക് പിടിച്ച് കയറ്റി റെയ്‍നയും ജഡേജയും

കൊല്‍ക്കത്ത നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങി ഒരു ഘട്ടത്തില്‍ ബുദ്ധിമുട്ടിയെങ്കിലും സുരേഷ് റെയ്‍നയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ അവസാന ഓവറില്‍ ചെന്നൈ ജയം പിടിച്ചെടുക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 41 റണ്‍സ് നേടി ജഡേജയും റെയ്‍നയുമാണ് ചെന്നൈയുടെ വിജയ ശില്പികള്‍. . ചെന്നൈയ്ക്കെതിരെ സ്പിന്‍ കരുത്തിലാണ് കൊല്‍ക്കത്തത്ത വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഹാരി ഗുര്‍ണേ എറിഞ്ഞ 19ാം ഓവര്‍ കളി മാറ്റി മറിയ്ക്കുകയായിരുന്നു. ചെന്നൈ 5 വിക്കറ്റ് ജയം സ്വന്തമാക്കി 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലെത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 3.1 ഓവറില്‍ 29 റണ്‍സാണ് ചെന്നൈ നേടിയത്. ഫാഫ് ഡു പ്ലെസി വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ ഹാരി ഗുര്‍‍ണേ ഷെയിന്‍ വാട്സണെ പുറത്താക്കി ചെന്നൈയ്ക്ക് ആദ്യ പ്രഹരം നല്‍കി. തന്റെ ആദ്യ ഓവറില്‍ തന്നെ ഫാഫിനെ പുറത്താക്കി സുനില്‍ നരൈന്‍ ടീമിനു രണ്ടാമത്തെ പ്രഹരം നല്‍കി. സുരേഷ് റെയ്‍നയെ ഹാരി ഗുര്‍ണേ വിക്കറ്റിനു മുന്നില്‍ കുടുക്കിയെങ്കിലും താരം റിവ്യൂ ചെയ്ത് തെറ്റായ തീരുമാനത്തെ അതിജീവിച്ചു.

എന്നാല്‍ പിയൂഷ് ചൗള മറുവശത്ത് അമ്പാട്ടി റായിഡുവിനെയും(5) കേധാര്‍ ജാഥവിനെയും പുറത്താക്കിയതോടെ ചെന്നൈയ്ക്ക് കാര്യങ്ങള്‍ പ്രയാസകരമായി. ധോണിയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിചേര്‍ത്ത് റെയ്‍ന ചെന്നൈയുടെ രക്ഷനാകുമെന്ന് കരുതിയെങ്കിലും നരൈന്‍ എത്തി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

മത്സരം അവസാന നാലോവറിലേക്ക് എത്തിയപ്പോള്‍ 41 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. പ്രസിദ്ധ കൃഷ്ണയും സുനില്‍ നരൈനും അടുത്ത രണ്ടോവര്‍ അധികം റണ്‍സ് വിട്ട് നല്‍കാതിരുന്നപ്പോള്‍ ചെന്നൈയുടെ ലക്ഷ്യം അവസാന രണ്ടോവറില്‍ 24 ആയി. ഹാരി ഗുര്‍ണേ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് ജഡേജ തുടരെ അടിച്ച മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സ് ചെന്നൈ നേടിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 8 റണ്‍സായി മാറി.

രണ്ട് പന്ത് അവശേഷിക്കെയാണ് ചെന്നൈ തങ്ങളുടെ ജയം സ്വന്തമാക്കിയത്. സുരേഷ് റെയ്‍ന 58 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 17 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് ഏറെ പ്രശംസനീയമാണ്. കൊല്‍ക്കത്ത നിരയില്‍ സുനില്‍ നരൈന്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മറ്റു ബൗളര്‍മാരില്‍ നിന്ന് അത്തരത്തിലൊു പ്രകടനം വരാത്തത് ടീമിനു തിരിച്ചടിയായി.

സ്മിത്തിനെ പുറത്താക്കി ഐപിഎലില്‍ തന്റെ നൂറാം വിക്കറ്റ് നേടി രവീന്ദ്ര ജഡേജ

ഐപിഎലില്‍ തന്റെ നൂറ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി രവീന്ദ്ര ജഡേജ. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ രാഹുല്‍ ത്രിപാഠിയെയും സ്റ്റീവന്‍ സ്മിത്തിനെയും പുറത്താക്കിയാണ് രവീന്ദ്ര ജഡേജ തന്റെ നൂറ് വിക്കറ്റ് നേട്ടം കൊയ്തത്. ഇന്നത്തെ മത്സരത്തില്‍ വെറും 20 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജയുടെ രണ്ട് വിക്കറ്റുകള്‍.

ചെന്നൈ നിരയില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്താണ് ജഡേജ ഈ നേട്ടത്തിലേക്ക് നീങ്ങുന്നത്.

പതിവു പോലെ മികച്ച തുടക്കം കളഞ്ഞ് കുളിച്ച് രാജസ്ഥാന്‍ റോയല്‍സ്, ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ശ്രേയസ്സ് ഗോപാലും ജോഫ്ര ആര്‍ച്ചറും

അജിങ്ക്യ രഹാനെയും ജോസ് ബട്‍ലറും നല്‍കിയ മികച്ച തുടക്കം പിന്നീട് നിരുത്തരവാദിത്വപരമായ ബാറ്റിംഗ് പ്രകടനം മൂലം കളഞ്ഞ് കുളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനു ആദ്യം ബാറ്റ് ചെയ്ത് നേടാനായത് 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് മാത്രം. അവസാന ഓവറില്‍ നിന്ന് നേടിയ 18 റണ്‍സിന്റെ സഹായത്തോടെയാണ് ഈ സ്കോറിലേക്ക് ടീമിനു എത്താനായത്. എട്ടാം വിക്കറ്റില്‍ പുറത്താകാതെ 25 റണ്‍സ് നേടിയ ശ്രേയസ്സ് ഗോപാല്‍ ജോഫ്ര ആര്‍ച്ചര്‍ കൂട്ടുകെട്ടാണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്.

രണ്ടാം ഓവര്‍ അവസാനിച്ചപ്പോള്‍ രഹാനെയും ബട്‍ലറും ചേര്‍ന്ന് ടീമിനെ 25 റണ്‍സിലേക്ക് എത്തിച്ചിരുന്നു. അവിടെ നിന്ന് തുടരെ വിക്കറ്റുകള്‍ വീണതോടെ ടീം 10.5 ഓവറില്‍ 78/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

രഹാനെയെ(14) ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ പത്ത് പന്തില്‍ 23 റണ്‍സ് നേടി ചെന്നൈ ബൗളര്‍മാരെ തല്ലിയോടിക്കുകയായിരുന്ന ജോസ് ബട്‍ലറെ ശര്‍ദ്ധുല്‍ താക്കൂര്‍ വീഴ്ത്തി. തുടര്‍ന്ന് സ്പിന്നര്‍മാര്‍ മധ്യ ഓവറുകളില്‍ പിടിമുറുക്കിയപ്പോള്‍ ടീം തകരുകയായിരുന്നു. സഞ്ജുവിനെ(6) സാന്റനര്‍ പുറത്താക്കിയപ്പോള്‍ സ്റ്റീവന്‍ സ്മിത്തിനെയും(15) രാഹുല്‍ ത്രിപാഠിയെയും(10) രവീന്ദ്ര ജഡേജ മടക്കിയയച്ചു.

പിന്നീട് ബെന്‍ സ്റ്റോക്സും അരങ്ങേറ്റക്കാരന്‍ റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ 100 കടത്തുകയായിരുന്നു. 25 റണ്‍സ് കൂട്ടുകെട്ടിനു ശേഷം 16 റണ്‍സ് നേടിയ റിയാന്‍ പരാഗിനെ ശര്‍ദ്ധുല്‍ താക്കൂര്‍ പുറത്താക്കി. ഏറെ വൈകാതെ ടീമിന്റെ അവസാന പ്രതീക്ഷയായ ബെന്‍ സ്റ്റോക്സിനെ(28) ദീപക് ചഹാര്‍ പവലിയനിലേക്ക് മടക്കി.

20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 151 റണ്‍സാണ് രാജസ്ഥാന് നേടാനായത്. 7 പന്തില്‍ 19 റണ്‍സ് നേടി ശ്രേയസ്സ് ഗോപാലും 12 പന്തില്‍ 13 റണ്‍സ് നേടി ജോഫ്ര ആര്‍ച്ചറുമാണ് ടീമിനെ 15 കടക്കുവാന്‍ സഹായിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ശര്‍ദ്ധുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. മിച്ചല്‍ സാന്റനറിനു ഒരു വിക്കറ്റും നേടാനായി. ജഡേജ തന്റെ നാലോവറില്‍ 20 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.

ജയിച്ച് തന്നെ തുടങ്ങി ചെന്നൈ, ചാമ്പ്യന്മാരെന്നാല്‍ സുമ്മാവാ

ചെപ്പോക്കിലെ കോട്ട കാത്ത് പന്ത്രണ്ടാം സീസണിന്റെ തുടക്കം സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചിദംബരം സ്റ്റേഡിയത്തിലെത്തിയ ആരാധകരെ ആവേശം കൊള്ളിക്കുന്ന ബാറ്റിംഗ് വിരുന്ന് ഒരുക്കുവാന്‍ ടീമിനു അത്ര വലിയ സ്കോറല്ല ചേസ് ചെയ്യാനിരുന്നതെങ്കിലും 71 റണ്‍സിന്റെ വിജയം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 17.4 ഓവറില്‍ മറികടന്നു.

10 പന്ത് നേരിട്ട ശേഷം പൂജ്യം റണ്‍സിനു പുറത്തായ ഷെയിന്‍ വാട്സണ്‍ മടങ്ങിയ ശേഷം സുരേഷ് റെയ്നയും അമ്പാട്ടി റായിഡുവും ചെന്നെയെ മുന്നോട്ട് നയിച്ചു. 19 റണ്‍സ് നേടിയ റെയ്‍നയെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ മുഹമ്മദ് സിറാജിനായിരുന്നു റായിഡുവിന്റെ വിക്കറ്റ്(28). കേധാര്‍ ജാഥവും(13*) രവീന്ദ്ര ജഡേജയും(6*) കൂടുതല്‍ നഷ്ടമില്ലാതെ സീസണിലെ ആദ്യ ജയത്തിലേക്ക് ചെന്നെയെ നയിച്ചു.

ഖവാജയുടെ ശതകത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ, ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ 272 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി ഇന്ത്യ. ഉസ്മാന്‍ ഖവാജയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. 175/1 എന്ന നിലയില്‍ കുതിയ്ക്കുകയായിരുന്ന ഓസ്ട്രേലിയ നാല് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടമായി 210/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.  പിന്നീട് 229/7 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ എട്ടാം വിക്കറ്റില്‍ 34 റണ്‍സ് നേടിയ ജൈ റിച്ചാര്‍ഡ്സണ്‍-പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 272 റണ്‍സിലേക്ക് നയിച്ചത്. ജൈ റിച്ചാര്‍ഡ്സണ്‍ 29 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടായപ്പോള്‍ പാറ്റ് കമ്മിന്‍സ് 15 റണ്‍സ് നേടി.

ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖവാജയും ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് നേടിയ ശേഷം രവീന്ദ്ര ജഡേജയാണ് ഫിഞ്ചിനെ(27) പുറത്താക്കിയത്. പിന്നീട് 99 റണ്‍സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടി മുന്നേറുന്നതിനിടയിലാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഖവാജയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ രവീന്ദ്ര ജഡേജ ഗ്ലെന്‍ മാക്സ്വെലിനെ പുറത്താക്കി. ഏതാനും ഓവറുകള്‍ക്ക് ശേഷം മുഹമ്മദ് ഷമി അര്‍ദ്ധ ശതകം നേടിയ ഹാന്‍ഡ്സ്കോമ്പിനെ വീഴ്ത്തി. 52 റണ്‍സാണ് താരം നേടിയത്.

പിന്നീട് കഴിഞ്ഞ മത്സരത്തിലെ ഹീറോ ആഷ്ടണ്‍ ടര്‍ണര്‍ 20 പന്തില്‍ 20 റണ്‍സ് നേടി വീണ്ടും മത്സരം മാറ്റി മറിയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ താരത്തിന്റെ അന്തകനായി കുല്‍ദീപ് യാദവ് അവതരിക്കുകയായിരുന്നു. ഏറെ വൈകാതെ മാര്‍ക്കസ് സ്റ്റോയിനിസ്(20) ഭുവനേശ്വര്‍ കുമാറിനു ഇരയായി പവലിയനിലേക്ക് മടങ്ങി.

50 ഓവറില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് 272/9  എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ബുംറയുടെ ഓവറില്‍ നിന്ന് 19 റണ്‍സ് നേടി ജൈ റിച്ചാര്‍ഡ്സണ്‍ – പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ശതകം നേടിയുടനെ പുറത്തായി ഖവാജ, ഓസ്ട്രേലിയയ്ക്ക് മാക്സ്വെല്ലിനെയും നഷ്ടം

ഇന്ത്യയ്ക്കെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ഉസ്മാന്‍ ഖവാജയുടെ ശതകത്തിന്റെ ബലത്തില്‍ 34 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയിട്ടുള്ളത്. ഖവാജ തന്റെ രണ്ടാം ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മാറുമോ എന്നതാണ് ഇനി നോക്കേണ്ടത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചാണ്(27) പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. 106 പന്തില്‍ നിന്ന് 100 റണ്‍സ് നേടി ഖവാജ പത്ത് ഫോറും 2 സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി. ഖവാജ പുറത്തായി അടുത്ത ഓവറില്‍ മാക്സ്വെല്ലിനെയും ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുകയായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

രഹാനെയെ ഉള്‍പ്പെടുത്തണം, ജഡേജയ്ക്ക് പകരം വിജയ് ശങ്കര്‍ അഭിപ്രായം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമിലേക്ക് ഇന്ത്യ അജിങ്ക്യ രഹാനെയെയും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയും ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുന്‍ നായകന്‍ ദിലീപ് വെംഗ്സര്‍ക്കാര്‍. ഇന്ത്യന്‍ മധ്യ നിരയില്‍ റായിഡു മികച്ച പ്രകടനം നടത്തി തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കേധാര്‍ ജാഥവ്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് മധ്യ നിരയിലെ മറ്റു സ്ഥാനമോഹികള്‍.

രഹാനെയെ ഇംഗ്ലണ്ടില്‍ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണമെന്ന് താന്‍ പറയുന്നില്ലെങ്കിലും അവിടുത്തെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ താരമാണ് ഇന്ത്യന്‍ ടെസ്റ്റ് ഉപ നായകനെന്നാണ് ദിലീപിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ഏകദിനം കളിച്ച താരം പിന്നീട് ടീമിലേക്ക് തിരികെ എത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യ എയ്ക്കായി ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു.

ആര്‍ക്ക് പകരമാണ് രഹാനെ ടീമില്‍ എത്തേണ്ടതെന്ന് വെംഗ്സര്‍ക്കാര്‍ പറയുന്നില്ലെങ്കിലും ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ജഡേജയല്ല രണ്ടാം ഓള്‍റൗണ്ടര്‍ അത് വിജയ് ശങ്കര്‍ ആയിരിക്കണമെന്നാണ് ദിലീപ് വെംഗ്സര്‍ക്കാര്‍ പറയുന്നത്. കേധാര്‍ ജാഥവിനു പാര്‍ട്ട് ടൈം സ്പിന്നറുടെ റോള്‍ ഏറ്റെടുക്കാമെന്നതിനാല്‍ ഇംഗ്ലണ്ടില്‍ ജഡേജയെക്കാള്‍ കൂടുതല്‍ ഫലപ്രദമാകുക വിജയ് ശങ്കര്‍ ആയിരിക്കുമെന്നും ദിലീപ് വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

മഴ മടങ്ങി, ഓസ്ട്രേലിയയും, ഇനി ഫോളോ ഓണ്‍

നാലാം ദിവസം ഒരു സെഷന്‍ പൂര്‍ണ്ണമായും മഴ മൂലം തടസ്സപ്പെട്ട ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ പവലിയനിലേക്ക് മടങ്ങി ഓസ്ട്രേലിയ. 236/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് റണ്‍ കൂട്ടിചേര്‍ക്കുന്നിതിനു മുമ്പ് തന്നെ പാറ്റ് കമ്മിന്‍സിനെ നഷ്ടമായി. 25 റണ്‍സ് നേടിയ കമ്മിന്‍സിനെ ഷമിയാണ് പുറത്താക്കിയത്. ഏറെ വൈകാതെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ(37) ജസ്പ്രീത് ബുംറ മടക്കി.

ഇതിനിടെ ഹാസല്‍വുഡിനെ ഹനുമ വിഹാരി കൈവിട്ടത് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ ആയുസ്സ് നീട്ടി. അവസാന വിക്കറ്റില്‍ 42 റണ്‍സാണ് സ്റ്റാര്‍ക്കും ഹാസല്‍വുഡും ചേര്‍ന്ന് നേടിയത്. 21 റണ്‍സ് നേടിയ ഹാസല്‍വുഡിനെ പുറത്താക്കിയാണ് കുല്‍ദീപ് യാദവ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനു വിരാമമിട്ടത്. സ്റ്റാര്‍ക്ക് 29 റണ്‍സുമായി പുറത്താകാതെ നിന്നു.

300 റണ്‍സിനാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. 322 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയയോട് ഇന്ത്യ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ചും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഫോളോ ഓണ്‍ ഭീഷണിയില്‍ ഓസ്ട്രേലിയ, സ്പിന്നര്‍മാരുടെ സംഹാര താണ്ഡവം

ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 622/7 പിന്തുടര്‍ന്ന ഓസ്ട്രേലിയ ഫോളോ ഓണ്‍ ഭീഷണിയില്‍. മികച്ച തുടക്കം മുതലാക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയാകുകയായിരുന്നു. മാര്‍ക്കസ് ഹാരിസ് 79 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മാര്‍നസ് ലാബുഷാനെ(38), ഉസ്മാന്‍ ഖവാജ(27) എന്നിവര്‍ നിലയുറപ്പിച്ച ശേഷം കീഴടങ്ങുകയായിരുന്നു.

വീണ ആറ് വിക്കറ്റില്‍ അഞ്ചും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് സ്വന്തമാക്കി. 73 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 208/6 എന്ന നിലയിലാണ്. ലാബുഷാനെയുടെ വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. 414 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ഓസ്ട്രേലിയയ്ക്കായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(22*), പാറ്റ് കമ്മിന്‍സ്(9*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

റണ്ണടിച്ച് കൂടി പന്തും ജഡേജയും, 622 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

പുജാരയ്ക്ക് പിന്നാലെ ഋഷഭ് പന്തും ശതകം നേടിയ സിഡ്നി ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടി ഡിക്ലയര്‍ ചെയ്തു. ഏഴാം വിക്കറ്റില്‍ 204 റണ്‍സ് നേടി പന്ത്-ജഡേജ കൂട്ടുകെട്ടാണ് മത്സരം ഓസ്ട്രേലിയയുടെ കൈക്കല്‍ നിന്ന് തട്ടിയെടുത്തത്. 622 റണ്‍സ് നേടിയാണ് ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ഋഷഭ് പന്ത് 159 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 81 റണ്‍സ് നേടി പുറത്തായി.

ജഡേജ പുറത്തായതോടെ ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് 622/7 എന്ന നിലയില്‍ ഡിക്ലയര്‍  ചെയ്തു. നഥാന്‍ ലയണിനാണ് ജഡേജയുടെ വിക്കറ്റ് ലഭിച്ചത്. ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും ചേര്‍ന്ന് ഓസ്ട്രേലിയയുടെ മനോബലത്തെ തകര്‍ക്കുകയായിരുന്നു മൂന്നാം സെഷനില്‍.

അഞ്ഞൂറിനടുത്തേക്ക് ഇന്ത്യ കുതിയ്ക്കുന്നു, ശതകം നേടുമോ പന്ത്?

സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ വലിയ സ്കോറിലേക്ക് നീങ്ങുന്നു. ഋഷഭ് പന്ത് 88 റണ്‍സിലും രവീന്ദ്ര ജഡേജ 25 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുമ്പോള്‍ 491 റണ്‍സാണ് ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ഇന്ന് ഇന്ത്യയ്ക്ക് ഹനുമ വിഹാരി(42) ചേതേശ്വര്‍ പുജാര(193) എന്നിവരെയാണ് നഷ്ടമായത്.

പന്തിന്റെ ശതകത്തിനു ശേഷമാകുമോ അതോ 550 എന്ന സ്കോര്‍ കടന്നിട്ടാവുമോ ഇന്ത്യയുടെ ഡിക്ലറേഷന്‍ എന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ലോകകപ്പ് കളിക്കുവാന്‍ ഏറ്റവും സാധ്യത കുല്‍ദീപിനു, താനും മുന്‍ നിരയില്‍: ചഹാല്‍

ലോകകപ്പ് 2019ല്‍ സ്പിന്നര്‍മാരില്‍ ടീമിലിടം പിടിയ്ക്കുവാന്‍ ഏറ്റവും അധികം സാധ്യതയുള്ള താരങ്ങള്‍ താനും കുല്‍ദീപുമാണെന്ന് തുറന്ന് പറഞ്ഞ് യൂസുവേന്ദ്ര ചഹാല്‍. താനും കുല്‍ദീപും അടുത്ത് കുറെ കാലമായി ഏകദിന ടീമിലുണ്ട്. രവീന്ദ്ര ജഡേജയെയും രവിചന്ദ്രന്‍ അശ്വിനെയും പിന്തള്ളിയാണ് തങ്ങള്‍ ഇപ്പോള്‍ ടീമിലുള്ളത്. കൂട്ടത്തില്‍ തന്നെക്കാള്‍ സാധ്യത കുല്‍ദീപിനാണെന്നും ചഹാല്‍ തുറന്ന് പറഞ്ഞു.

സ്വാഭാവികമായി കുല്‍ദീപും താനുമാണ് മുന്‍ നിരയിലുള്ളവര്‍. എന്നാല്‍ ഓസ്ട്രേലിയ, ന്യൂസിലാണ്ട്, ഐപിഎല്‍ എന്നിങ്ങനെ മത്സരങ്ങളുടെ നീണ്ട നിര ബാക്കിയുണ്ട്. അതിനാല്‍ തന്നെ ഒന്നും ഇപ്പോള്‍ നിശ്ചയിച്ചുറപ്പിക്കുവാന്‍ സാധിക്കുന്നതല്ല. കുറെ കാലമായി അശ്വിനും ജഡേജയും ഇന്ത്യയുടെ ഏകദിനത്തിലെ ആദ്യ സ്ഥാനക്കാരല്ലെങ്കിലും ഏഴ് എട്ട് കൊല്ലമായി കഴിവ് തെളിയിച്ചവര്‍ക്ക് മുന്നില്‍ തങ്ങള്‍ക്ക് ഇനിയും ഏറെ സഞ്ചരിക്കുവാനുണ്ടെന്നാണ് ചഹാല്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം മുന്‍ നിര്‍ത്തിയാല്‍ താനും കുല്‍ദീപുമാണ് മുന്‍ നിരയില്‍ എന്നും ചഹാല്‍ പറഞ്ഞു നിര്‍ത്തി.

Exit mobile version