ടി20യില്‍ ഒരു റണ്‍സും രണ്ട് റണ്‍സും എത്ര വലുതാണെന്നത് ഈ മത്സരം കാണിക്കുന്നു – കൈറണ്‍ പൊള്ളാര്‍ഡ്

ടി20യില്‍ ഒരു റണ്‍സും രണ്ട് റണ്‍സുമെല്ലാം എത്ര വലുതാണെന്നതാണ് മുംബൈ ഇന്ത്യന്‍സും കിംഗ്സ് ഇലവനും തമ്മിലുള്ള മത്സരം കാണിക്കുന്നതെന്ന് പറഞ്ഞ് മുംബൈയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ കൈറണ്‍ പൊള്ളാര്‍ഡ്. കാണികള്‍ക്ക് ഇത് മികച്ച ആസ്വാദന നിലവാരമുള്ള മത്സരമായിരുന്നുവെന്ന് പൊള്ളാര്‍ഡ് പറഞ്ഞു.

മുംബൈയുടെ ബാറ്റിംഗ് സമയത്ത് 11-12 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം പുറകിലായിരുന്നുവെന്ന് പറഞ്ഞ പൊള്ളാര്‍ഡ് 176 എന്ന സ്കോറിലേക്ക് ടീമിന് എത്താനായത് മികച്ച കാര്യമായിരുന്നുവെന്നും വിക്കറ്റ് മെല്ലെയാകുന്നതിനാല്‍ തന്നെ അത് മികച്ചൊരു സ്കോറായാണ് താന്‍ കരുതിയതെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

എന്നാല്‍ ലോകേഷ് രാഹുല്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയെന്നും ടീമിനെ സൂപ്പര്‍ ഓവറിലേക്ക് എത്തിക്കുവാന്‍ താരത്തിന് സാധിച്ചുവെന്നും അവിടെ നിന്ന് മത്സരം മാറി മറിഞ്ഞ് ഒടുവില്‍ തങ്ങളെ പിന്തള്ളി പഞ്ചാബ് രണ്ട് പോയിന്റ് സ്വന്തമാക്കിയെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് ഒരു നിശ്ചയവുമില്ല – കെഎല്‍ രാഹുല്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ചേസിംഗിന് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് യാതൊരു തരത്തിലുമുള്ള ഐഡിയ ഇല്ലെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ഇന്നലെ അവസാന ഓവറില്‍ 2 റണ്‍സ് നേടേണ്ട ടീം അവസാന പന്തില്‍ മാത്രമാണ് വിജയം നേടിയത്. ഇതിന് മുമ്പും മൂന്നോളം മത്സരങ്ങളില്‍ വിജയത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് തോല്‍വിയിലേക്ക് വീഴുകയും ചെയ്തിരുന്നു.

ഇന്നലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ലോകേഷ് രാഹുല്‍. തന്റെ ഹൃദയമിടിപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും തനിക്ക് ഇതിനെക്കുറിച്ച് പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നുമാണ് ലോകേഷ് രാഹുല്‍ അഭിപ്രായപ്പെട്ടത്.

സമ്മര്‍ദ്ദത്തിലായെങ്കിലും അവസാനം കടമ്പ കടക്കാനായതില്‍ തനിക്ക് ഏറെ സന്തേഷമുണ്ടെന്നും ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തിന് കരുത്ത് പകരുമെന്നും ലോകേഷ് രാഹുല്‍ വ്യക്തമാക്കി.

ഇത്രയധികം മത്സരങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങുന്നത് വിഷമകരം – ലോകേഷ് രാഹുല്‍

ഇത്രയധികം മത്സരങ്ങളില്‍ തോല്‍വിയുടെ പക്ഷത്ത് നില്‍ക്കേണ്ടി വരുന്നത് വളരെ അധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ലോകേഷ് രാഹുല്‍. ചെന്നൈയോടേറ്റ കനത്ത പ്രഹരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍. ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും ടീമിന് മുന്നിലില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലാണ് ടീമിന് പിഴയ്ക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ഫാഫ് ഡു പ്ലെസി – ഷെയിന്‍ വാട്സണ്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ ഒരു ടീമിന് സാധിക്കുന്നില്ലെങ്കില്‍ പിന്നെ ആ മത്സരത്തില്‍ ഒരു സാധ്യതയുമില്ലെന്ന് തന്നെ പറയാമെന്നും ലോകേഷ് രാഹുല്‍ സൂചിപ്പിച്ചു.

പരിശീലനം കൂടുതല്‍ ശക്തിപ്പെടുത്തിയും മത്സരങ്ങളിലെ നിര്‍ണ്ണായക നിമിഷങ്ങള്‍ വിജയിക്കുവാനുമായാല്‍ ടീമിന് ഇനിയും മത്സരങ്ങളില്‍ സാധ്യതയുണ്ടെന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ അഭിപ്രായപ്പെട്ടത്.

കോഹ്‍ലിയുടെ കൈകള്‍ ചോര്‍ന്നപ്പോള്‍ ശതകം നേടി ലോകേഷ് രാഹുല്‍, 200 കടന്ന് പഞ്ചാബ്

വിരാട് കോഹ്‍ലിയുടെ കൈകള്‍ രണ്ട് തവണ ചോര്‍ന്നപ്പോള്‍ തന്റെ ഐപിഎല്‍ ശതകം നേടി ലോകേഷ് രാഹുല്‍. 62 പന്തില്‍ നിന്ന് ശതകം നേടിയ കെഎല്‍ രാഹുല്‍ 132 റണ്‍സാണ് നേടിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്. 69 പന്തില്‍ നിന്നാണ് രാഹുല്‍ പുറത്താകാതെ ഈ സ്കോര്‍ നേടിയത്. 14 ഫോറും 7 സിക്സുമാണ് ലോകേഷ് രാഹുല്‍ ഇന്നത്തെ ഇന്നിംഗ്സില്‍ നേടിയത്.

സ്റ്റെയിനിന്റെ ഓവറില്‍ ആദ്യം കോഹ്‍ലി ക്യാച്ച് കൈവിട്ടപ്പോള്‍ ലോകേഷ് രാഹുല്‍ 83 റണ്‍സിലായിരുന്നു. അടുത്ത ഓവറില്‍ സ്കോര്‍ 89ല്‍ നില്‍ക്കെ വീണ്ടും കോഹ്‍ലി നവ്ദീപ് സൈനിയുടെ ഓവറില്‍ ലോകേഷ് രാഹുലിന്റെ ക്യാച്ച് വീണ്ടും കൈവിട്ട ശേഷം രാഹുല്‍ സംഹാര താണ്ഡവമായി ആടുന്നതാണ് കണ്ടത്.

Mayankchahal
പവര്‍പ്ലേയില്‍ 50 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ എന്നാല്‍ അടുത്ത ഓവറില്‍ യൂസുവേന്ദ്ര ചഹാല്‍ മടക്കുകായിയരുന്നു. 26 റണ്‍സ് നേടിയ മയാംഗിനെ ചഹാല്‍ പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 57 റണ്‍സാണ് രാഹുല്‍-മയാംഗ് കൂട്ടുകെട്ട് നേടിയത്. പിന്നീട് രാഹുലിന് കൂട്ടായി എത്തിയ നിക്കോളസ് പൂരനും നിലയുറപ്പിച്ചപ്പോള്‍ പത്തോവറില്‍ 90/1 എന്ന സ്കോറാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.

36 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ലോകേഷ് രാഹുല്‍ നവ്ദീപ് സൈനിയുടെ ഓവറില്‍ 14 റണ്‍സ് നേടി ആക്രമണത്തിന് തുടക്കം കുറിക്കുയാണെന്ന് തോന്നിയെങ്കിലും മറുവശത്ത് തന്റെ സ്പെല്ലിലെ ആദ്യ പന്തില്‍ തന്നെ നിക്കോളസ് പൂരനെ(17) പുറത്താക്കി ശിവം ഡുബേ റോയല്‍സിന് ബ്രേക്ക്ത്രൂ നല്‍കി.  57 റണ്‍സാണ് രണ്ടാം വിക്കറ്റിലും കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.

അതേ ഓവറില്‍ തന്നെ മാക്സ്വെല്ലില്‍ നിന്നും ശിവം ഡുബേ ഒരു അവസരം സൃഷ്ടിച്ചുവെങ്കിലും മികച്ചൊരു ഡ്രൈവിംഗ് ശ്രമം പവന്‍ നേഗി നടത്തിയെങ്കിലും അത് കൈപ്പിടിയിലൊതുക്കുവാന്‍ താരത്തിന് സാധിച്ചില്ല. ശിവം ഡുബേ എറിഞ്ഞ ഓവറില്‍ വെറും നാല് റണ്‍സാണ് പഞ്ചാബ് നേടിയത്. 14 ഓവറില്‍ ടീമിന്റെ സ്കോര്‍ 118/2 എന്ന നിലയിലായിരുന്നു.

എന്നാല്‍ തനിക്ക് ലഭിച്ച അവസരം മുതലാക്കുവാന്‍ ഗ്ലെന്‍ മാക്സ്വെല്ലിന് സാധിച്ചില്ല. ശിവം ഡുബേ തന്റെ അടുത്ത ഓവറില്‍ മാക്സ്വെല്ലിനെ(5) ആരോണ്‍ ഫിഞ്ചിന്റെ കൈകളിലെത്തിച്ച് പവലിയനിലേക്ക് മടക്കി. പിന്നീട് വിരാട് കോഹ്‍ലി രണ്ട് തവണ ലോകേഷ് രാഹുലിന്റെ ക്യാച്ച് കൈവിട്ടപ്പോള്‍ താരം അത് മുതലാക്കി തന്റെ ശതകം പൂര്‍ത്തിയാക്കി. നവ്ദീപ് സൈനിയും ഡെയില്‍ സ്റ്റെയിനും ശിവം ഡുബേയുമെല്ലാം എറിഞ്ഞ അവസാന ഓവറുകള്‍ ലോകേഷ് രാഹുലും കരുണ്‍ നായരും റണ്‍സടിച്ച് കൂട്ടുകയായിരുന്നു.

കരുണ്‍ നായര്‍ 15 റണ്‍സ് നേടി. അവസാന രണ്ടോവറില്‍ നിന്ന് 49 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വഴങ്ങിയത്. അവസാന പത്തോവറില്‍ 116 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.

പവര്‍ പ്ലേയില്‍ കിംഗ്സ് ഇലവന്‍ ‍പഞ്ചാബിന് വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ പവര്‍പ്ലേയില്‍ ടീമിനെ 50 റണ്‍സിലേക്ക് എത്തിച്ചിട്ടുണ്ട്.

രാഹുല്‍ 23 റണ്‍സും മയാംഗ് 25 റണ്‍സുമാണ് നേടിയിട്ടുള്ളത്. കരുതുറ്റ ആര്‍സിബി ബാറ്റിംഗ് നിരയെ വെല്ലുവിളിക്കുവാന്‍ മികച്ച സ്കോര്‍ നേടുക എന്ന കനത്ത വെല്ലുവിളിയാണ് പഞ്ചാബ് നിരയ്ക്ക് മുന്നിലുള്ളത്.

പൊരുതി നിന്ന് അജിങ്ക്യ രഹാനെ, 200 കടന്ന് ഇന്ത്യ

ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരെ തകര്‍ച്ചയില്‍ നിന്ന് 200 റണ്‍സ് കടക്കുക എന്ന വളരെ പ്രധാനമായ ദൗത്യം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ടീം. അജിങ്ക്യ രഹാനെയുടെ ചെറുത്ത് നില്പാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത്. രഹാനെ ലോകേഷ് രാഹുല്‍, ഹനുമ വിഹാരി എന്നിവര്‍ക്കൊപ്പം നിന്ന് നേടിയ റണ്ണുകളാണ് ഇന്ത്യന്‍ സ്കോറിന് മാന്യത പകര്‍ന്നത്. ഒരു ഘട്ടത്തില്‍ 25/3 എന്ന നിലയിലായിരുന്നു ഇന്ത്യയെങ്കിലും ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ടീം നേടിയിട്ടുള്ളത്. ആന്റിഗ്വയിലും മഴ വില്ലനായപ്പോള്‍ വെറും 68.5 ഓവറുകള്‍ മാത്രമാണ് ഒന്നാം ദിവസം നടന്നത്.

81 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയ്ക്കാപ്പം ലോകേഷ് രാഹുല്‍(44), ഹനുമ വിഹാരി(32) എന്നിവര്‍ ഏറെ നിര്‍ണ്ണായകമായ ബാറ്റിംഗ് ആണ് പുറത്തെടുത്ത്. മഴ തടസ്സമായി എത്തുമ്പോള്‍ 20 റണ്‍സുമായി ഋഷഭ് പന്തും 3 റണ്‍സ് നേടി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

വിന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നും ഷാനണ്‍ ഗബ്രിയേല്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ റോഷ്ടണ്‍ ചേസ് ഒരു വിക്കറ്റ് നേടി.

ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടം, ഇന്ത്യയുടെ നടുവൊടിച്ച് വിന്‍ഡീസ് പേസര്‍മാര്‍

ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരെ ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. കെമര്‍ റോച്ചും ഷാനണ്‍ ഗബ്രിയേലും മൂന്ന് ടോപ് ഓര്‍ഡര്‍ താരങ്ങളെ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 25 റണ്‍സാണ് പിറന്നത്. പിന്നീട് ലോകേഷ് രാഹുലും അജിങ്ക്യ രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 43 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഉച്ച ഭക്ഷണത്തിനായി ആദ്യ ദിവസം ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 68/3 എന്ന നിലയിലാണ്.

ലോകേഷ് രാഹുല്‍ 37 റണ്‍സും അജിങ്ക്യ രഹാനെ 10 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. കെമര്‍ റോച്ച് രണ്ടും ഷാനണ്‍ ഗബ്രിയേല്‍ ഒരു വിക്കറ്റുമാണ് നേടിയിട്ടുള്ളത്.

രോഹിത്തിന്റെ ശതകത്തിന് ശേഷം ബംഗ്ലാദേശിന്റെ വിക്കറ്റ് വേട്ട, മുസ്തഫിസുറിന് 5 വിക്കറ്റ്

ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 314 റണ്‍സ്. രോഹിത് ശര്‍മ്മയും ലോകേഷ് രാഹുലും ചേര്‍ന്ന് നേടിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് 314 റണ്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ 350നടുത്ത് സ്കോറിലേക്ക് ഇന്ത്യ നീങ്ങുമെന്ന് കരുതിയെങ്കിലും ബംഗ്ലാദേശ് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. അവസാന ഓവറില്‍ മാത്രം ഇന്ത്യയ്ക്ക് 3 വിക്കറ്റാണ് നഷ്ടമായത്.

ഒന്നാം വിക്കറ്റില്‍ 29.2 ഓവറില്‍ 180 റണ്‍സ് നേടിയ രോഹിത്-രാഹുല്‍ കൂട്ടുകെട്ടിനെ സൗമ്യ സര്‍ക്കാര്‍ ആണ് തകര്‍ത്തത്. 92 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ രോഹിത് അതിവേഗത്തില്‍ സ്കോറിംഗ് തുടങ്ങുമെന്ന ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ച സമയത്താണ് തിരിച്ചടിയായി വിക്കറ്റ് നഷ്ടമായത്.

ഓവറുകളുടെ വ്യത്യാസത്തില്‍ ലോകേഷ് രാഹുലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 77 റണ്‍സാണ് രാഹുലിന്റെ സംഭാവന. പിന്നീട് വിരാട് ക്രീസിലെത്തിയ ഋഷഭ് പന്തിനോടൊപ്പം വിരാട് കോഹ്‍ലി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചുവെങ്കിലും 42 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം വിരാട് കോഹ്‍ലിയെ(26) മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി. അതേ ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ 237/4 എന്ന നിലയിലായിരുന്നു.

48 റണ്‍സ് നേടി പന്തിനെയാണ് ഇന്ത്യയ്ക്ക് പിന്നീട് നഷ്ടമായത്. 40 റണ്‍സ് കൂട്ടുകെട്ട് ധോണിയുമായി നേടിയ താരത്തെ ഷാക്കിബ് അല്‍ ഹസന്‍ ആണ് പുറത്താക്കിയത്. തന്റെ പത്തോവര്‍ സ്പെല്ലില്‍ 41 റണ്‍സ് മാത്രം വിട്ട് നല്‍കി 1 വിക്കറ്റാണ് ഷാക്കിബ് സ്വന്തമാക്കിയത്. അത് ഏറെ നിര്‍ണ്ണായക ഘട്ടത്തില്‍ ഋഷഭ് പന്ത് അടിച്ച് തകര്‍ക്കുവാന്‍ ഒരുങ്ങിയ സാഹചര്യത്തില്‍ സ്വന്തമാക്കിയതാണെന്നുള്ളതിനാല്‍ വിക്കറ്റിന്റെ മൂല്യം കൂടുന്നു.

എംഎസ് ധോണി 33 പന്തില്‍ നിന്ന് 35 റണ്‍സ് നേടി ഇന്ത്യയുടെ സ്കോര്‍ 300 കടത്തുവാന്‍ സഹായിച്ചുവെങ്കിലും അവസാന ഓവറില്‍ മുസ്തഫിസുറിന് വിക്കറ്റ് നല്‍കി മടങ്ങി.

അവസാന ഓവറുകളില്‍ കത്തിക്കയറി ധോണി, രാഹുലിനും ശതകം

ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും 350നു മുകളിലേക്ക് ടീമിന്റെ സ്കോര്‍ നയിച്ച് എംഎസ് ധോണിയും കെഎല്‍ രാഹുലും. ഇരുവരും 102/4 എന്ന നിലയില്‍ ഒത്തുകൂടിയ ശേഷം അഞ്ചാം വിക്കറ്റില്‍ 164 റണ്‍സാണ് നേടിയത്. 99 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയ രാഹുലിനെ ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായെങ്കിലും എംഎ് ധോണിയുടെ വെടിക്കെട്ട് പ്രകടനം ടീമിന്റെ സ്കോര്‍ 300 കടത്തുകയായിരുന്നു. ധോണിയുടെ തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നിന്ന് 359 റണ്‍സാണ് നേടിയത്.

തുടക്കം പാളിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ രണ്ട് പേരെയും 13.3 ഓവറില്‍ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് 50 ആയിരുന്നു. 47 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോഹ്‍ലിയെ നഷ്ടമായ ശേഷം വിജയ് ശങ്കറും വേഗം മടങ്ങിയ ശേഷം മത്സരം മാറ്റി മറിയ്ക്കുന്നു കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി രാഹുലും ധോണിയും പുറത്തെടുത്തത്.

എംഎസ് ധോണി 78 പന്തില്‍ നിന്ന് 113 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്താകുകയായിരുന്നു. ഏഴ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 2 വീതം വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനും റൂബല്‍ ഹൊസൈനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. അവസാന രണ്ട് പന്തുകളില്‍ നിന്ന് ഒരു സിക്സും ഫോറും നേടിയ ജഡേജ(11*)യും ഹാര്‍ദ്ദിക് പാണ്ഡ്യയും(21) ശ്രദ്ധേയമായ സംഭാവനകള്‍ ഇന്ത്യയ്ക്കായി നേടി.

ഇന്ത്യ അഫ്ഗാന്‍ മത്സരം ടൈയില്‍ അവസാനിച്ചു

ഏഷ്യ കപ്പില്‍ ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ടൈയില്‍ അവസാനിച്ച് ഇന്ത്യ. അത്യന്തം ആവേശകമായ മത്സരത്തില്‍ ഒരു വിക്കറ്റ് അവശേഷിക്കെ ഇന്ത്യയ്ക്ക് ഏഴ് റണ്‍സായിരുന്നു വിജയത്തിനു വേണ്ടിയിരുന്നതെങ്കിലും ഒരു പന്ത് ബാക്കി നില്‍ക്കെ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. സ്കോറുകള്‍ സമനിലയിലായപ്പോള്‍ ഓവറിലെ അഞ്ചാം പന്തില്‍ വിജയ റണ്‍സിനു ശ്രമിച്ച ജഡേജ പുറത്തായതോടെ ടീമുകള്‍ സമനിലിയല്‍ പിരിയുകയായിരുന്നു. അഫ്ഗാന്‍ സമ്മര്‍ദ്ദം അതിജീവിച്ച് ഇന്ത്യയെ വിജയത്തിനരികില്‍ വരെയെത്തിച്ചത് 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയായിരുന്നുവെങ്കിലും ടീമിനെ വിജയക്കൊടുമുടിയിലെത്തിക്കുവാന്‍ താരത്തിനായില്ല.

ഒരു ഘട്ടത്തില്‍ ജയം ഇന്ത്യ അനായാസം സ്വന്തമാക്കുമെന്ന നിലയില്‍ നിന്ന് പൊരുതിക്കയറിയ അഫ്ഗാനിസ്ഥാനു അര്‍ഹമായ വിജയം നേടിയെടുക്കുവാന്‍ സാധിക്കാതെ പോയത് അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയക്കുറവായി മാത്രം കണക്കാക്കാം. സൂപ്പര്‍ ഫോറിലെ മൂന്ന് മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടതിനു ശേഷം മാത്രമാണ് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങിയതെന്നുള്ളതും ടീമനും അഫ്ഗാന്‍ ആരാധകര്‍ക്കും അഭിമാനിക്കുവാനുള്ള വകയാണ്.

മുഹമ്മദ് ഷെഹ്സാദ്(124), മുഹമ്മദ് നബി(64) എന്നിവരുടെ പോരാട്ടമാണ് അഫ്ഗാനിസ്ഥാനെ 252 റണ്‍സിലേക്ക് എത്തിച്ചത്. എന്നാല്‍ മികച്ച തുടക്കം സ്വന്തമാക്കിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും ടീമിന്റെ വിജയത്തിനാവശ്യമായ അടിത്തറ നല്‍കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 110 റണ്‍സ് നേടിയ ശേഷം അമ്പാട്ടി റായിഡുവിനെ(57) മുഹമ്മദ് നബി മടക്കിയയ്ക്കുകയായിരുന്നു. ഏറെ വൈകാതെ ലോകേഷ് രാഹുലും(60) മടങ്ങി.

110/0 എന്ന നിലയില്‍ നിന്ന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 30.3 ഓവറില്‍ ഇന്ത്യ 166/4 എന്ന നിലയിലായെങ്കിലും ദിനേശ് കാര്‍ത്തിക്കും കേധാര്‍ ജാഥവും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 38 റണ്‍സ് നേടി ടീമിന്റെ വിജയ ലക്ഷ്യം 50ല്‍ താഴെയെത്തിച്ചു. 19 റണ്‍സ് നേടിയ കേധാര്‍ ജാഥവിനെ മുജീബ് സദ്രാന്‍ റണ്ണൗട്ട് ആക്കി അഫ്ഗാനിസ്ഥാന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി.

തൊട്ടടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ മടക്കി നബി മത്സരത്തില്‍ ഇന്ത്യയെ ആദ്യമായി സമ്മര്‍ദ്ദത്തിലാക്കി. ഇതോടെ വിജയം മണത്ത് അഫ്ഗാനിസ്ഥാന്‍ റണ്‍സ് വഴങ്ങാതെയും ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദീപക് ചഹാര്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ട് മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് തിരിക്കുമെന്ന പ്രതീതിയുണര്‍ത്തിയെങ്കിലും 12 റണ്‍സ് നേടിയ ചഹാറിനെ പുറത്താക്കി അഫ്താബ് അലം മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ് കൊണ്ടു വന്നു.

21 റണ്‍സാണ് ചഹാര്‍-ജഡേജ കൂട്ടുകെട്ട് നേടിയത്. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 23 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് പക്ഷേ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ 6 വിക്കറ്റ കൈവശമുണ്ടായിരുന്ന ഇന്ത്യയ്ക്ക് 70ല്‍ പരം പന്തുകളില്‍ നിന്ന് 50ല്‍ താഴെ റണ്‍സ് മാത്രം മതിയായിരുന്നു. ആ സ്ഥിതിയില്‍ നിന്ന് ഇന്ത്യയെ വെള്ളം കുടിപ്പിച്ച അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് ഏറെ പ്രശംസ അര്‍ഹിക്കുന്നു.

അവസാന മൂന്നോവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് റഷീദ് ഖാന്‍ എറിഞ്ഞ 48ാം ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 4 റണ്‍സ് നേടാനായി. 12 പന്തില്‍ 13 റണ്‍സെന്ന കൈപിടിയിലൊതുങ്ങാവുന്ന ലക്ഷ്യത്തിനു അടുത്തെത്തിയ ഇന്ത്യയ്ക്ക് എന്നാല്‍ 49ാം ഓവറിലെ ആദ്യ പന്തില്‍ കുല്‍ദീപ് യാദവിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായി. രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം റണ്ണിനു ശ്രമിക്കുന്നതിനിടയിലാണ് താരം പുറത്തായത്. 9 റണ്‍സാണ് കുല്‍ദീപിന്റെ സംഭാവന.

ഓവറിലെ അഞ്ചാം പന്തില്‍ സിദ്ധാര്‍ത്ഥ് കൗള്‍ റണ്ണൗട്ട് ആവുകയും അവസാന പന്തില്‍ ജഡേജ സിംഗിള്‍ നേടുകയും ചെയ്തതോടെ അവസാന ഓവറില്‍ നിന്ന് ഒരു വിക്കറ്റ് അവശേഷിക്കെ ഇന്ത്യ വിജയത്തിനായി നേടേണ്ടിയിരുന്നത് 7 റണ്‍സായിരുന്നു. റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ റണ്‍ നേടാനായില്ലെങ്കിലും രണ്ടാം പന്തില്‍ ബൗണ്ടറി നേടി ജഡേജ ഇന്ത്യയെ ജയത്തിനരികിലേക്ക് എത്തിച്ചു. അടുത്ത പന്തില്‍ നിന്ന് സിംഗിള്‍ നേടിയതോടെ സ്ട്രൈക്ക് ഖലീല്‍ അഹമ്മദിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ വിജയ റണ്‍സ് നേടുവാന്‍ ജഡേജയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ ടീമുകള്‍ ടൈയില്‍ പിരിയുകയായിരുന്നു.

അഫ്ഗാനിസ്ഥാനായി അഫ്താബ് അലം, മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും ജാവേദ് അഹമ്മദി ഒരു വിക്കറ്റും നേടി.

രാഹുല്‍ മൂന്നാമത്, ഫിഞ്ചിനു പുറകില്‍ രണ്ടാം സ്ഥാനത്ത് ഫകര്‍ സമന്‍

ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. സിംബാബ്‍വേയിലെ ത്രിരാഷ്ട്ര പരമ്പരയില്‍ ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയ പ്രകടനവും മറ്റു ഭേദപ്പെട്ട് പ്രകടങ്ങളുമാണ് താരത്തിനെ ഒന്നാം റാങ്കിലേക്ക് നയിച്ചത്. നാലാം റാങ്കില്‍ ആയിരുന്ന ഫിഞ്ച് ഒന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക താരം ലോകേഷ് രാഹുലാണ്. മൂന്നാം സ്ഥാനത്തുള്ള താരത്തിനു 812 റേറ്റിംഗ് പോയിന്റാണുള്ളത്. ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പാക്കിസ്ഥാന്‍ ജയം ഉറപ്പാക്കിയ ഫകര്‍ സമന്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കോളിന്‍ മണ്‍റോ, ബാബര്‍ അസം എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ മൂന്നാം ശതകം പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ്മ മൂന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version