കര്‍ണ്ണാടകയ്ക്ക് മുന്നിൽ പഞ്ചാബ് മുട്ടുമടക്കി

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കടന്ന് കര്‍ണ്ണാടക. ഇന്ന് പഞ്ചാബിനെ 235 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 4 പന്ത് അവശേഷിക്കെയാണ് ടീം 4 വിക്കറ്റ് വിജയം നേടിയത്. അഭിഷേക് ശര്‍മ്മ നേടിയ ശതകം(109) ആണ് പഞ്ചാബിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 4 വിക്കറ്റ് നേടിയ വിദ്വത് കാവേരപ്പയാണ് പഞ്ചാബിന്റെ നടുവൊടിച്ചത്.

71 റൺസ് നേടിയ രവികുമാര്‍ സമര്‍ത്ഥിനൊപ്പം ശ്രേയസ്സ് ഗോപാൽ(42), മനീഷ് പാണ്ടേ(35), നികിന്‍ ജോസ്(29) എന്നിവരാണ് കര്‍ണ്ണാടകയുടെ വിജയം ഉറപ്പാക്കിയത്.

അഭിഷേക് ശര്‍മ്മയ്ക്ക് ശതകം, കര്‍ണ്ണാടകയ്ക്കെതിരെ 235 റൺസ് നേടി പഞ്ചാബ്

വിജയ് ഹസാരെ ട്രോഫി ആദ്യ ക്വാര്‍ട്ടറിൽ 235 റൺസ് നേടി പഞ്ചാബ്. ഇന്ന് കര്‍ണ്ണാടകയ്ക്കെതിരെ ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ടീമിന് ആദ്യ പന്തിൽ തന്നെ പ്രഭ്സിമ്രാന്‍ സിംഗിനെ നഷ്ടമായി. പിന്നീട് അന്മോൽപ്രീത് സിംഗിനെയും മന്‍പ്രീത് സിംഗിനെയും നഷ്ടമായി 34/3 എന്ന നിലയിലേക്ക് വീണ ടീമിനെ അഭിഷേക് ശര്‍മ്മ നേടിയ 109 റൺസാണ് മുന്നോട്ട് നയിച്ചത്.

സന്‍വീര്‍ സിംഗ്(39), അന്മോൽ മൽഹോത്ര(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കര്‍ണ്ണാടകയ്ക്കായി റോണിത് മോര്‍ രണ്ടും വിദ്വത് കവേരപ്പ നാലും വിക്കറ്റ് നേടി.

പഞ്ചാബിന് ഗംഭീര വിജയം

ഐലീഗിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിന് വലിയ വിജയം. ഇന്ന് കെങ്ക്രെയെ നേരിട്ട പഞ്ചാബ് എഫ് സി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. 14ആം മിനുട്ടിൽ ഗുർജെത് സിങിലൂടെ ആണ് പഞ്ചാബ് ലീഡ് എടുത്തത്. 21ആം മിനുട്ടിൽ ഗത്റി ലീഡ് ഇരട്ടിയാക്കി. കർടിസ് ഗത്റൈ തന്നെ ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ടാം ഗോളും നേടി. കളിയുടെ 72ആം മിനുട്ടിൽ റോബിൻ സിംഗിന്റെ വക ആയിരുന്നു പഞ്ചാബിന്റെ നാലാം ഗോൾ.

മലയാളി താരം റിനോ ആന്റോ പഞ്ചാബിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു‌. സി കെ വിനീത് ബെഞ്ചിലും ഉണ്ടായിരുന്നു. ഈ വിജയത്തോടെ 3 മത്സരങ്ങളിൽ നിന്ന് പഞ്ചാബിന് 7 പോയിന്റ് ആയി.

9 വിക്കറ്റിന്റെ അനായാസ ജയവുമായി പഞ്ചാബ്, കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

വിനൂ മങ്കഡ് ട്രോഫിയിൽ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. പഞ്ചാബിനെതിരെ 120 റൺസിന് കേരളം ഓള്‍ഔട്ട് ആയപ്പോള്‍ 34.1 ഓവറിൽ 121 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് നേടിയത്. ഓപ്പണര്‍ ജസ്കരൺവീര്‍ സിംഗ് പോള്‍ 54 റൺസും റുഷിൽ ശ്രീവാസ്തവ 40 റൺസും നേടിയപ്പോള്‍ ഉദയ് സഹരൺ പുറത്താകാതെ 18 റൺസുമായി ജസ്കരൺവീര്‍ സിംഗിനൊപ്പം ക്രീസിലുണ്ടായിരുന്നു.

ഒന്നാം വിക്കറ്റിൽ 69 റൺസാണ് റുഷിൽ-ജസ്കരൺവീര്‍ കൂട്ടുകെട്ട് നേടിയത്. കേരളത്തിന്റെ ഏക വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് വിജയ് എസ് വിശ്വനാഥ് ആണ്.

പഞ്ചാബിനോട് തകര്‍ന്ന് കേരളം, 120 റൺസിന് പുറത്ത്

വിനൂ മങ്കഡ് ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് കേരളം. പ‍ഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 42.5 ഓവറിൽ 120 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 25 റൺസ് നേടിയ രോഹന്‍ നായര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഒമര്‍ അബൂബക്കര്‍(22), വരുൺ നായനാര്‍(16), അഭിഷേക് ജെ നായര്‍ (15) എന്നിവരാണ് രണ്ടക്ക സ്കോര്‍ കണ്ടെത്തിയ മറ്റു താരങ്ങള്‍.

5 വിക്കറ്റ് നേടിയ ഹര്‍ഷ്ദീപ് സിംഗ് ആണ് പഞ്ചാബിന്റെ ബൗളിംഗ് നിരയിൽ തിളങ്ങിയത്. യഷ്പാവന്‍ജോത് സിംഗ് മൂന്ന് വിക്കറ്റും നേടി.

പഞ്ചാബിനെയും വീഴ്ത്തി കേരളം ജൈത്രയാത്ര തുടരുന്നു

ആദ്യ മത്സരത്തില്‍ ബറോഡയ്ക്കെതിരെ പൊരുതി കീഴടങ്ങിയ ശേഷം മുംബൈയെ രണ്ടാം മത്സരത്തില്‍ കീഴടക്കിയ കേരളത്തിന് മൂന്നാം മത്സരത്തില്‍ പഞ്ചാബിനെതിരെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 216 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ 50 ഓവറില്‍  9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിന് ഒതുക്കി 67 റണ്‍സിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു.

പുറത്താകാതെ 50 റണ്‍സ് നേടിയ മീന ആണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറര്‍. 18 റണ്‍സ് നേടിയ റിഥിമ അഗര്‍വാല്‍ ആണ് പഞ്ചാബ് നിരയിലെ മറ്റൊരു പ്രധാന സ്കോറര്‍. കേരളത്തിനായി ജിപ്സ വി ജോസഫും അലീന സുരേന്ദ്രനും രണ്ട് വിക്കറ്റ് നേടി. മൂന്ന് പഞ്ചാബ് താരങ്ങള്‍ റണ്ണൗട്ടാകുകയായിരുന്നു.

വാലറ്റത്തോടൊപ്പം പൊരുതി നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച മീനയുടെ പ്രകടനം ആണ് പഞ്ചാബിന്റെ തോല്‍വി 67 റണ്‍സാക്കി കുറച്ചത്. ഒരു ഘട്ടത്തില്‍ 96/9 എന്ന നിലയിലായിരുന്ന പഞ്ചാബിന് വേണ്ടി മീനയും കോമല്‍ പ്രീത് കൗറും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 53 റണ്‍സാണ് നേടിയത്. കോമല്‍പ്രീത് കൗര്‍ പുറത്താകാതെ 22 റണ്‍സ് നേടി.

ക്യാപ്റ്റന്‍ ഷാനിയുടെ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന കേരളത്തിനെ കരകയറ്റി മിന്നു മണി – സജന കൂട്ടുകെട്ട്

ഒരു ഘട്ടത്തില്‍ പഞ്ചാബിനെതിരെ 96/5 എന്ന നിലയിലേക്ക് വീണ കേരളത്തെ കരകയറ്റി മിന്നു മണി – സജന കൂട്ടുകെട്ട്. പഞ്ചാബിനെതിരെ ഇന്ന് വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. തുടക്കം തന്നെ ഭൂമിയകെയും കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ജിന്‍സി ജോര്‍ജ്ജിനെയും നഷ്ടമായ കേരളം 16/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അവിടെ നിന്ന് അക്ഷയയും(29) ക്യാപ്റ്റന്‍ ഷാനിയും(50) ടീമിന് വേണ്ടി മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് നേടിയെങ്കിലും ഇരുവരുടെയും വിക്കറ്റും ദൃശ്യയെയും കേരളത്തിന് നഷ്ടമായപ്പോള്‍ 94/2 എന്ന നിലയില്‍ നിന്ന് കേരളം 96/5 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് ആറാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ടുമായി മിന്നു മണിയും സജനയും ചേര്‍ന്ന് ടീം സ്കോര്‍ 195ലേക്ക് എത്തിച്ചു.

34 റണ്‍സ് നേടിയ സജനയെ കേരളത്തിന് നഷ്ടമായി അധികം വൈകാതെ കേരളത്തിന് മിന്നു മണിയുടെ വിക്കറ്റും നഷ്ടമായി. 55 പന്തില്‍ നിന്ന് 72 റണ്‍സാണ് താരം നേടിയത്. മിന്നും പുറത്തായി അധികം വൈകാതെ കേരളം ഓള്‍ഔട്ട് ആകുകയായിരുന്നു.

പഞ്ചാബിന് വേണ്ടി കനിക അഹൂജ 4 വിക്കറ്റും മെഹക് കേസര്‍, മീന എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പഞ്ചാബും തമിഴ്നാടും സെമിയില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് പഞ്ചാബും തമിഴ്നാടും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പഞ്ചാബ് കര്‍ണ്ണാടകയെയും തമിഴ്നാട് ഹിമാച്ചല്‍ പ്രദേശിനെയും പരാജയപ്പെടുത്തുകയായിരുന്നു.

കര്‍ണ്ണാടകയ്ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത പഞ്ചാബ് എതിരാളികളഎ 87 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 12.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ മൂന്നും സന്ദീപ് ശര്‍മ്മ, അര്‍ഷ്ദീപ് സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

സിമ്രാന്‍ സിംഗ് 49 റണ്‍സും മന്‍ദീപ് സിംഗ് 35 റണ്‍സും നേടി പുറത്താകാതെ നിന്നാണ് പഞ്ചാബിന്റെ അനായാസ വിജയം ഉറപ്പാക്കിയത്.

രണ്ടാം ക്വാര്‍ട്ടറില്‍ ഹിമാച്ചലിനെതിരെ 5 വിക്കറ്റ് വിജയമാണ് തമിഴ്നാട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹിമാച്ചല്‍ 135/9 എന്ന സ്കോര്‍ നേടിയപ്പോള്‍ തമിഴ്നാട് 17.5 ഓവറില്‍ വിജയം ഉറപ്പാക്കി. 52 റണ്‍സ് നേടിയ ബാബ അപരാജിതും 19 പന്തില്‍ 40 റണ്‍സ് നേടിയ ഷാരൂഖ് ഖാനും ആണ് തമിഴ്നാടിന്റെ വിജയം എളുപ്പത്തിലാക്കിയത്.

കര്‍ണ്ണാടകയെ തകര്‍ത്ത് സിദ്ധാര്‍ത്ഥ് കൗളിന്റെ ഹാട്രിക്ക്, പഞ്ചാബിന് അനായാസ ജയം

സിദ്ധാര്‍ത്ഥ് കൗള്‍ നേടിയ ഹാട്രിക്കിന്റെ ബലത്തില്‍ കര്‍ണ്ണാടകയെ 125/8 എന്ന സ്കോറില്‍ പിടിച്ച് നിര്‍ത്തിയ ശേഷം ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് പഞ്ചാബ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ നാല് വിക്കറ്റ് നേടുകയായായിരുന്നു.

17ാം ഓവറില്‍ രോഹന്‍ കദം, അനിരുദ്ധ, മിഥുന്‍ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയാണ് സിദ്ധാര്‍ത്ഥ് കൗള്‍ തന്റെ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കിയത്. നേരത്തെ 13 റണ്‍സ് നേടിയ കരുണ്‍ നായരെയും കൗള്‍ തന്നെയാണ് പുറത്താക്കിയത്. 32 റണ്‍സ് നേടിയ രോഹന്‍ കദം ആണ് കര്‍ണ്ണാടക നിരയിലെ ടോപ് സ്കോറര്‍.

52 പന്തില്‍ 89 റണ്‍സ് നേടിയ പ്രഭ്സിമ്രന്‍ സിംഗ് ആണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. അഭിഷേക് ശര്‍മ്മയുടെ(30) വിക്കറ്റ് ടീമിന് നഷ്ടമായെങ്കിലും 14.4 ഓവറില്‍ ടീം വിജയം ഉറപ്പാക്കിയെന്ന് പ്രഭ്സിമ്രന്‍ ഉറപ്പാക്കി. ഗുര്‍കീരത്ത് മന്‍ സിംഗ് 8 റണ്‍സുമായി പുറത്താകാതെ നിന്നു. കൃഷ്ണപ്പ ഗൗതമിനാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ് ലഭിച്ചത്.

 

യുവരാജിന്റെ തിരിച്ചുവരവ് ശ്രമങ്ങള്‍ ആരംഭിച്ചു, ഇനി വേണ്ടത് ബിസിസിഐ അനുമതി

റിട്ടയര്‍മെന്റില്‍ നിന്നുള്ള തിരിച്ചുവരവിനായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ഒരുങ്ങുമ്പോള്‍ ഇനി വേണ്ടത് ബിസിസിഐ അനുമതി. താരം പഞ്ചാബ് ടീമിനൊപ്പം സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ഒരുക്കുങ്ങള്‍ ആരംഭിച്ചുവെങ്കിലും ബിസിസിഐയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

2019ല്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണ്ണമെന്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച താരത്തിന് വിദേശ ലീഗുകളില്‍ കളിക്കുവാന്‍ അനുമതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഗ്ലോബല്‍ ടി20 കാനഡയിലും അബു ദാബി ടി10 ടൂര്‍ണ്ണമെന്റിലും താരം കളിച്ചു.

ബിസിസിഐയുടെ നിയമപ്രകാരം സജീവമായി പ്രാദേശിക ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വിദേശ ലീഗില്‍ കളിക്കുവാന്‍ അവസരം നല്‍കില്ല എന്നതാണ്. അതിനാല്‍ തന്നെ ബിസിസിഐ താരത്തിന്റെ തിരിച്ചുവരവിന് അനുമതി നല്‍കിയാലും വിദേശ ലീഗുകളില്‍ കളിക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുമെന്നാണ് അറിയുന്നത്.

പഞ്ചാബിന്റെ നടുവൊടിച്ച് കേരള സ്പിന്നര്‍മാര്‍, ജലജ് സക്സേനയ്ക്ക് 7 വിക്കറ്റ്, കേരളത്തിന് 21 റണ്‍സ് വിജയം

136 റണ്‍സിന് കേരളം രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയപ്പോള്‍ ഏവരും വിധിയെഴുതിയത് കേരളത്തിന് ഈ മത്സരത്തിലും തോല്‍വിയാണ് ഫലമെന്നായിരുന്നു. എന്നാല്‍ 146 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിനെ കേരള സ്പിന്നര്‍മാരായ ജലജ് സക്സേനയും സിജോമോന്‍ ജോസഫും ചേര്‍ന്ന് വട്ടം കറക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 55/5 എന്ന നിലയിലായിരുന്ന പഞ്ചാബ് പൊരുതി നോക്കിയെങ്കിലും 21 റണ്‍സ് അകലെ വരെ എത്തുവാനെ പഞ്ചാബിന് സാധിച്ചുള്ളു. ഒമ്പതാം വിക്കറ്റില്‍ കേരള ക്യാമ്പില്‍ ഭീതി പരത്തി മയാംഗ് മാര്‍ക്കണ്ടേ-സിദ്ധാര്‍ത്ഥ് കൗള്‍ കൂട്ടുകെട്ട് 33 റണ്‍സുമായി പൊരുതിയെങ്കിലും ചായയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ നിധീഷ് 22 റണ്‍സ് നേടിയ സിദ്ധാര്‍ത്ഥ് കൗളിനെ പുറത്താക്കി കേരളത്തിന് മേല്‍ക്കൈ നേടിക്കൊടുത്തു.

പഞ്ചാബ് 46.1 ഓവറില്‍ 124 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഏഴ് വിക്കറ്റുമായി ജലജ് സക്സേനയും രണ്ട് വിക്കറ്റുമായി സിജോമോന്‍ ജോസഫുമാണ് കേരളത്തിന്റെ ത്രസിപ്പിക്കുന്ന ജയം സാധ്യമാക്കിയത്. തുടര്‍ തോല്‍വികളില്‍ ആടിയുലഞ്ഞ കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വിജയം.

കേരളത്തിനും പഞ്ചാബിനും തുല്യ സാധ്യത

രഞ്ജി ട്രോഫിയില്‍ വിജയ പ്രതീക്ഷയുമായി കേരളവും പഞ്ചാബും. കേരളത്തിന് വിജയത്തിനായി രണ്ട് വിക്കറ്റ് നേടേണ്ടപ്പോള്‍ പഞ്ചാബിന് 25 റണ്‍സാണ് നേടേണ്ടത്. 89/8 എന്ന നിലയില്‍ പരുങ്ങലിലായ പഞ്ചാബിനെ ഒമ്പതാം വിക്കറ്റില്‍ മയാംഗ് മാര്‍ക്കണ്ഡേ-സിദ്ധാര്‍ത്ഥ് കൗള്‍ കൂട്ടുകെട്ടാണ് വിജയ പ്രതീക്ഷ നിലനിര്‍ത്തിയത്. ചായയ്ക്കായി പിരിയുമ്പോള്‍ പഞ്ചാബ് 121/8 എന്ന നിലയിലാണ്.

കേരളത്തിനായി ജലജ് സക്സേന ആറും സിജോമോന്‍ ജോസഫ് 2 വിക്കറ്റും നേടിയപ്പോള്‍ പഞ്ചാബിന്റെ പ്രതീക്ഷയായി സിദ്ധാര്‍ത്ഥ് കൗള്‍ 22 റണ്‍സും മയാംഗ് മാര്‍ക്കണ്ടേ 20 റണ്‍സും നേടി നില്‍ക്കുകയാണ്.

Exit mobile version