പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാബിലെയും ഹിമാച്ചലിലെയും 5 ജവാന്മാരുടെ കുടുംബത്തിനു കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സഹായം

പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്മാരില്‍ പഞ്ചാബിലെയും ഹിമാച്ചലിലെയും അഞ്ച് ജവാന്മാര്‍ക്ക് 5 ലക്ഷം രൂപ സഹായം നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇവരുടെ കുടുംബക്കാര്‍ക്ക് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. ചെക്കുകകള്‍ കൈമാറുമ്പോള്‍ ടീമിന്റെ നായകന്‍ രവിചന്ദ്രന്‍ അശ്വിനും സിആര്‍പിഎപ് ഡിഐജി വി കെ കൗണ്ടലും സന്നിഹിതരായിരുന്നു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ റാഞ്ചിയിലെ മത്സരത്തിന്റെ മാച്ച് ഫീസ് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവ ചെയ്തിരുന്നു. ഇതു കൂടാതെ ഏവരോടും ഇത്തരത്തില്‍ സഹായം ചെയ്യണമെന്ന് വിരാട് കോഹ്‍ലി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആറ് താരങ്ങള്‍ പൂജ്യത്തിനു പുറത്തായെങ്കിലും ജയം സ്വന്തമാക്കി മുംബൈ

പഞ്ചാബിനെതിരെ 35 റണ്‍സിന്റെ വിജയം സ്വന്തമാക്കി തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി മുംബൈ. ഇന്ന് പഞ്ചാബിനെതിരെ 150/5 എന്ന നിലയില്‍ നിന്ന് 155 റണ്‍സിനു ഓള്‍ഔട്ട് ആയ മുംബൈ പഞ്ചാബിനെ 120 റണ്‍സിനു ഓള്‍ഔട്ടാക്കിയാണ് ജയം സ്വന്തമാക്കിയത്. ധവാല്‍ കുല്‍ക്കര്‍ണ്ണി നാല് വിക്കറ്റുമായി മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചു. ശുഭം രഞ്ജനേ രണ്ട് വിക്കറ്റും നേടി.

54 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗ് മാത്രമാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. ഗുര്‍കീരത്ത് മന്‍ 24 റണ്‍സ് നേടി പുറത്തായി. 18.2 ഓവറിലാണ് 120 റണ്‍സിനു പഞ്ചാബ് ഓള്‍ഔട്ട് ആയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവ്(80), ശ്രേയസ്സ് അയ്യര്‍(46) എന്നിവരുടെ പ്രകടനത്തില്‍ 155 റണ്‍സ് നേടുകയായിരുന്നു.

കുഞ്ഞന്മാരെ തകര്‍ത്തെത്തിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ സിക്കിമിനെിതിരെ റണ്‍സ് അടിച്ച് കൂട്ടിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. സൂര്യകുമാര്‍ യാദവും ശ്രേയസ്സ് അയ്യരും പൊരുതി ടീമിനെ 155 റണ്‍സിലേക്ക് നയിച്ചുവെങ്കിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും അധികം താരങ്ങള്‍ പൂജ്യത്തിനു പുറത്താകുക എന്ന നാണംകെട്ട റെക്കോര്‍ഡിനാണ് മുംബൈയ്ക്ക് ഇന്ന് പഞ്ചാബിനെതിരെ നേടേണ്ടി വന്നത്.

150/5 എന്ന നിലയില്‍ നിന്ന് 155 ടീം ഓള്‍ഔട്ട് ആയപ്പോള്‍ അജിങ്ക്യ രഹാനെ, സിദ്ധേഷ് ലാഡ്, ശര്‍ദ്ധുല്‍ താക്കൂര്‍, മുലാനി, ധവാല്‍ കുല്‍ക്കര്‍ണ്ണി, തുഷാര്‍ ദേശ്പാണ്ടേ എന്നിവരാണ് പൂജ്യത്തിനു പുറത്തായ താരങ്ങള്‍. 49 പന്തില്‍ 80 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 46 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരും മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

പഞ്ചാബിനായി ബല്‍തേജ് സിംഗും ബരീന്ദര്‍ സ്രാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മ 2 വിക്കറ്റ് നേടി. ഇന്നലെ ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ അയ്യരുടെ(147) റെക്കോര്‍ഡ് ശതകത്തിന്റെ ബലത്തില്‍ 258 റണ്‍സ് നേടിയ മുംബൈ സിക്കിമിനെ 104 റണ്‍സില്‍ നിര്‍ത്തി 154 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്.

പഞ്ചാബിനോട് പത്തി മടക്കി കേരളം, ശുഭ്മന്‍ ഗില്ലിന്റെ അര്‍ദ്ധ ശതകത്തിന്റെ മികവില്‍ പത്ത് വിക്കറ്റ് വിജയവുമായി പഞ്ചാബ്

കേരളത്തിനെതിരെ പത്ത് വിക്കറ്റ് ജയം സ്വന്തമാക്കി പഞ്ചാബ്. 128 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് 27.4 ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 131 റണ്‍സ് നേടിയാണ് വിജയം ഉറപ്പാക്കിയത്. ശുഭ്മന്‍ ഗില്‍ 69 റണ്‍സും ജീവന്‍ജോത് സിംഗ് 48 റണ്‍സും നേടിയാണ് കേരള ബൗളര്‍മാര്‍ക്ക് ഒരവസരം പോലും നല്‍കാതെ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ നിന്ന് പഞ്ചാബ് ഏഴ് പോയിന്റ് നേടി. ഇതോടെ ക്വാര്‍ട്ടര്‍ ഉറപ്പാക്കുവാനുളള കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ഈ മത്സരഫലം തിരിച്ചടിയാവും. നേരത്തെ 190/4 എന്ന ശക്തമായ നിലയില്‍ നിന്ന് കേരളം രണ്ടാം ഇന്നിംഗ്സില്‍ 223 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മയാംഗ് മാര്‍ക്കണ്ടേയുടെ പന്തുകള്‍ക്ക് മുന്നില്‍ കേരളം പതറുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ 112 റണ്‍സുമായി കേരളത്തിന്റെ ടോപ് സ്കോറര്‍ ആയി.

223 റണ്‍സിനു ഓള്‍ഔട്ട് ആയി കേരളം, പഞ്ചാബിന് ജയിക്കുവാന്‍ 128 റണ്‍സ്

127 റണ്‍സ് ലീഡ് സ്വന്തമാക്കി കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് പഞ്ചാബ്. മയാംഗ് മാര്‍ക്കണ്ടേയുടെ നാല് വിക്കറ്റ് നേട്ടമാണ് മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു കേരളത്തിനു കടിഞ്ഞാണിട്ടത്. 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ 4 വിക്കറ്റ് നേടി.

വിഷ്ണു വിനോദ്(36), സച്ചിന്‍ ബേബി(16), രാഹുല്‍ പി(28) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

കേരളത്തെ വട്ടംകറക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ താരം, മുഹമ്മദ് അസ്ഹറുദ്ദീനു ശതകം, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച, കൈവശം നേരിയ ലീഡ് മാത്രം

പഞ്ചാബിനെതിരെ നിര്‍ണ്ണായകമായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 190/4 എന്ന നിലയില്‍ നിന്ന് 204/8 എന്ന നിലയിലേക്ക് കേരളം വീണതോടെ മത്സരത്തില്‍ വലിയ ലീഡ് നേടുകയെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ തകരുകയായിരുന്നു. 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് ബല്‍തേജ് സിംഗ് നേടിയതോടെയാണ് കേരളത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. വിഷ്ണു വിനോദ് 36 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന 3 റണ്‍സ് മാത്രം നേടി പുറത്തായി.

മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 220/8 എന്ന നിലയിലാണ്. 124 റണ്‍സ് ലീഡ് കൈവശമുള്ള കേരളത്തിനായി സിജോമോന്‍ ജോസഫ്(7*), നിധീഷ് എംഡി(8*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഒരേ ഓവറില്‍ വിഷ്ണു വിനോദിനെയും ബേസില്‍ തമ്പിയെയും പുറത്താക്കി മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ താരം മയാംഗ് മാര്‍ക്കണ്ടേയാണ് കേരളത്തിന്റെ നില കൂടുതല്‍ പരിതാപകരമാക്കിയത്. പഞ്ചാബിനു വേണ്ടി മയാംഗ് മാര്‍ക്കണ്ടേ മൂന്നും ബല്‍തേജ് സിംഗ്, മന്‍പ്രീത് ഗ്രേവാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടിയ സിദ്ധാര്‍ത്ഥ് കൗളിനു ഒരു വിക്കറ്റ് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ലഭിച്ചത്.

217 റണ്‍സിനു ഓള്‍ഔട്ട് ആയി പഞ്ചാബ്, 96 റണ്‍സ് ലീഡ്, സന്ദീപ് വാര്യര്‍ക്ക് അഞ്ച് വിക്കറ്റ്

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 121 റണ്‍സിനെതിരെ 96 റണ്‍സ് ലീഡ് നേടി പഞ്ചാബ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് 135/2 എന്ന നിലയില്‍ പുനരാരംഭിച്ച പഞ്ചാബ് 217 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. 89 റണ്‍സ് നേടിയ മന്‍ദീപ് സിംഗ് ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടി കേരളത്തിനായി തിളങ്ങി.

137/2 എന്ന നിലയില്‍ നിന്ന് 80 റണ്‍സ് കൂടി നേടുന്നതിനിടയില്‍ പഞ്ചാബിന്റെ ശേഷിക്കുന്ന എട്ട് വിക്കറ്റും കേരളം വീഴുത്തുകയായിരുന്നു.

യുവരാജിന്റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുമായി സന്ദീപ് വാര്യര്‍, പഞ്ചാബിന്റെ നെടുംതൂണായി മന്‍ദീപ് സിംഗ്

135/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പഞ്ചാബിനു രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച. നായകന്‍ മന്‍ദീപ് സിംഗ് പൊരുതി നിന്നതിന്റെ ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പഞ്ചാബ് 203/8 എന്ന നിലയിലാണ്. യുവരാജ് സിംഗ് 8 റണ്‍സ് നേടി പുറത്തായപ്പോള്‍ സന്ദീപ് വാര്യര്‍ക്ക് ആണ് വിക്കറ്റ് ലഭിച്ചത്.

യുവരാജിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാര്യര്‍ ആണ് തമിഴ്നാടിനു പ്രഹരമേല്പിച്ചത്. തലേ ദിവസം മികച്ച രീതിയില്‍ ബാറ്റ് വീശിയ ജീവന്‍ജോത് സിംഗിനെയാണ് ടീമിനു ആദ്യം നഷ്ടമായത്. 69 റണ്‍സ് നേടിയ താരത്തെ സന്ദീപ് പുറത്താക്കുമ്പോള്‍ 2 റണ്‍സ് കൂടിയാണ് പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡിനോട് കൂട്ടിചേര്‍ക്കുവാന്‍ ടീമിനായത്.

ഒരേ ഓവറില്‍ യുവരാജിനെയും ഗുര്‍കീരത്ത് മന്നിനെയും സന്ദീപ് പുറത്താക്കിയപ്പോള്‍ 157/5 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. ഗിതാന്‍ഷ് ഖേരയെ നിധീഷ് എംഡി പുറത്താക്കിയപ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ റണ്ണൗട്ടായി. ഒരു വശത്ത് 82 റണ്‍സുമായി മന്‍ദീപ് സിംഗ് പിടിച്ച് നിന്നപ്പോള്‍ 82 റണ്‍സ് ലീഡ് കൈക്കലാക്കുവാന്‍ പഞ്ചാബിനു സാധിച്ചിട്ടുണ്ട്. മന്‍പ്രീത് സിംഗ് ഗ്രേവാല്‍ 11 റണ്‍സ് നേടിയ ശേഷം റണ്ണൗട്ടായി മടങ്ങി.

സിദ്ധാര്‍ത്ഥ് കൗളിനു മുന്നില്‍ തകര്‍ന്ന് കേരളം, 121 റണ്‍സിനു പുറത്ത്

രഞ്ജി ട്രോഫിയില്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി കേരളത്തിനെ ബാറ്റിംഗിനയയ്ച്ച പഞ്ചാബ് 121 റണ്‍സിനു എതിരാളികളെ എറിഞ്ഞിടുകയായിരുന്നു. 37 ഓവര്‍ മാത്രമാണ് കേരളത്തിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്. സിദ്ധാര്‍ത്ഥ് കൗളിന്റെ ആറ് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ നടുവൊടിച്ചത്. 35 റണ്‍സ് നേടിയ വിഷ്ണു വിനോദ് ടോപ് സ്കോറര്‍ ആയി. ഒന്നാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിചേര്‍ത്ത് ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. രാഹുല്‍ പി 20 റണ്‍സും അരുണ്‍ കാര്‍ത്തിക്ക് 21 റണ്‍സും നേടുകയായിരുന്നു.

മയാംഗ് മാര്‍ക്കണ്ടേ രണ്ടും ബല്‍തേജ് സിംഗ്, മന്‍പ്രീത് സിംഗ് ഗ്രേവാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ശതകം നേടി ശുഭ്മന്‍ ഗില്‍, റണ്‍സുമായി യുവരാജ് സിംഗും, പഞ്ചാബിനു ജയം

ഹിമാച്ചല്‍ പ്രദേശിനെതിരെ 35 റണ്‍സ് ജയം നേടി പഞ്ചാബ്. യുവ താരം ശുഭ്മന്‍ ഗില്ലിനൊപ്പം യുവരാജ് സിംഗും മന്‍ദീപ് സിംഗും ഗുര്‍കീരത് സിംഗ് മന്നും നേടിയ റണ്‍സുകളുടെ ബലത്തില്‍ 290 റണ്‍സ് നേടിയ പഞ്ചാബ് എതിരാളികളെ 255 റണ്‍സിനു ഓള്‍ഔട്ട് ആക്കിയാണ് ഈ വിജയം നേടിയത്.

115 റണ്‍സ് നേടി ഗില്ലിനൊപ്പം യുവരാജ് 48 റണ്‍സും മന്‍ദീപ്(39), ഗുര്‍കീരത്(31) എന്നിവരും ചേര്‍ന്നപ്പോള്‍ പഞ്ചാബ് 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടുകയായിരുന്നു. ഹിമാച്ചലിനു വേണ്ടി ഋഷി ധവാന്‍ മൂന്ന് വിക്കറ്റ് നേടി.

പ്രശാന്ത് ചോപ്ര(95), അന്‍കുഷ് ബൈന്‍സ്(56) എന്നിവരുടെ പോരാട്ട വീര്യത്തിനു പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ഹിമാച്ചലിനു തിരിച്ചടിയായത്. 48.3 ഓവറില്‍ ടീം 255 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ 4 വിക്കറ്റ് നേടി പഞ്ചാബ് ബൗളര്‍മാരില്‍ മികവ് തെളിയിച്ചപ്പോള്‍ ആര്‍ഷദീപ് സിംഗ് രണ്ടും മന്‍പ്രീത് ഗോണി, മയാംഗ് മാര്‍ക്കണ്ടേ, ഗുര്‍കീരത് സിംഗ് മന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരം സമനിലയില്‍, സൂപ്പര്‍ ഓവറില്‍ പ‍ഞ്ചാബ്

കര്‍ണ്ണാടകയ്ക്കെതിരെ സൂപ്പര്‍ ഓവര്‍ ജയവുമായി പഞ്ചാബ്. സയ്യദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എ മത്സരത്തിലാണ് കര്‍ണ്ണാടകയെ പിന്തള്ളി പഞ്ചാബ് തങ്ങളുടെ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. അനിരുദ്ധ ജോഷി (19 പന്തില്‍ പുറത്താകാതെ 40 റണ്‍സ്), രവികുമാര്‍ സമര്‍ത്ഥ്(31), സിഎം ഗൗതം(36) എന്നിവരാണ് കര്‍ണ്ണാടകയ്ക്കായി തിളങ്ങിയത്. പഞ്ചാബിനായി ബല്‍തേജ് സിംഗ് മൂന്നും മന്‍പ്രീത് ഗോണി രണ്ടും വിക്കറ്റ് നേടി.

മന്‍ദീപ് സിംഗ്(45), ഹര്‍ഭജന്‍ സിംഗ്(33), യുവരാജ് സിംഗ്(29) എന്നിവരാണ് പഞ്ചാബിനായി തിളങ്ങിയത്. 9 വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബിനു അവസാന പന്തില്‍ നിന്ന് 7 റണ്‍സ് ജയത്തിനായി നേടേണ്ട സാഹചര്യത്തില്‍ ടീം 6 റണ്‍സ് നേടുകയായിരുന്നു. കര്‍ണ്ണാടകയ്ക്കായി ശ്രീനാഥ് അരവിന്ദ് 4 വിക്കറ്റ് നേടി.

സൂപ്പര്‍ ഓവറില്‍ പഞ്ചാബ് 15 റണ്‍സ് നേടിയപ്പോള്‍ കര്‍ണ്ണാടകയ്ക്ക് 11 റണ്‍സ് മാത്രമേ നേടാനായുള്ളു. മന്‍ദീപ് സിംഗ്(10*), യുവരാജ് സിംഗ്(5*) എന്നിവര്‍ പഞ്ചാബിനായി ബാറ്റിംഗിനിറങ്ങിയപ്പോള്‍ കരുണ്‍ നായര്‍(8*), അനിരുദ്ധ(2*) എന്നിരാണ് കര്‍ണ്ണാടകയ്ക്കായി ചേസിംഗിന് ഇറങ്ങിയത്.

സിദ്ധാര്‍ത്ഥ് കൗള്‍ ആണ് വിജയികള്‍ക്കായി പന്തെറിഞ്ഞത്. കര്‍ണ്ണാടകയുടെ സൂപ്പര്‍ ഓവര്‍ എറിഞ്ഞത് കെ ഗൗതം ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version