മൊഹമ്മദൻസ് ട്രാവുവിനെ തോൽപ്പിച്ചു, ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു

ഐ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മൊഹമ്മദൻസ് ലീഡ് ഉയർത്തി. ഇന്ന് ട്രാവുവിനെ എവേ മത്സരത്തിൽ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയുടെ അവസാനം എഡി ഹെർണാണ്ടസിലൂടെ ആയിരുന്നു മൊഹമ്മദൻസ് ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ അവസാനം ഹെർണാണ്ടസ് വീണ്ടും ഗോളടിച്ചതോടെ മൊഹമ്മദൻസ് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ മൊഹമ്മദൻസ് 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. രണ്ടാമതുള്ള ഗോകുലം 14 മത്സരങ്ങളിൽ നുന്ന് 26 പോയിന്റിൽ ആണുള്ളത്.

ഗോകുലം കേരളക്ക് നിരാശ മാത്രം, തുടർച്ചയായി ആറാം മത്സരത്തിലും ജയമില്ല

ഐ ലീഗിൽ ഗോകുലം കേരളക്ക് വീണ്ടും നിരാശ. ഇന്ന് ഐസോൾ എഫ് സിയെ നേരിട്ട ഗോകുലം കേരള സമനില വഴങ്ങി. ഇത് തുടർച്ചയായ ആറാം മത്സരത്തിലാണ് ഗോകുലം കേരള വിജയം അറിയാതിരിക്കിന്നത്. ഇന്ന് ഐസാളിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം 1-1 എന്ന സമരയിൽ അവസാനിച്ചു. 31ആം മിനുട്ടിൽ വാൻലാൽവുംഗ ഐസാളിന് ലീഡ് നൽകി. ആദ്യ പകുതിയുടെ അവസാനം അലക്സ് സാഞ്ചസിലൂടെ ഗോകുലം സമനില നേടി.

രണ്ടാം പകുതിയിൽ വിജയ ഗോളിനായി ഗോകുലം ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. സീസണിൽ 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 13 പോയിന്റുമായി ഏഴാമത് നിൽക്കുകയാണ് ഗോകുലം. ഒന്നാമതുള്ള മൊഹമ്മദ്സിനെക്കാൾ 10 പോയിന്റ് പിറകിലാണ് ഗോകുലം. കിരീട പ്രതീക്ഷൾ സീസൺ പകുതിക്ക് നിൽക്കെ തന്നെ അവസാനിക്കുന്ന നിരാശയിലാണ് കേരള ഫുട്ബോൾ പ്രേമികൾ.

അലക്സിന് ഹാട്രിക്ക്, വൻ വിജയത്തോടെ ഗോകുലം കേരള ഒന്നാമത്

ഐ ലീഗിൽ ഗോകുലം കേരള ഒന്നാംസ്ഥാനത്ത്. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഗോകുലം കേരള തോൽപ്പിച്ചത്. അവർക്കായി ക്യാപ്റ്റൻ അലക്സ് സാഞ്ചസ് ഹാട്രിക്കുമായി ഹീറോ ആയി. രണ്ടാം പകുതിയിൽ സബ്ബായി വന്നാണ് അലക്സ് ഹാട്രിക്ക് നേടിയത്. രണ്ടാം പദത്തിൽ ആയിരുന്നു അഞ്ചു ഗോളിൽ നാലും വന്നത്.

ആദ്യ പകുതിയിൽ കോമ്രൺ നേടിയ ഗോളിലാണ് ഗോകുലം കേരള ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ സബ്ബായി എത്തി, കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്ത് ഗോകുലം ക്യാപ്റ്റൻ ഗോളുകൾ അടിച്ചുകൂട്ടി. അലക്സ് ഹാട്രിക് അടിച്ചപ്പോൾ ഇന്ന് ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ ശ്രീക്കുട്ടൻ ഒരു ഗോളും നേടി. ഇന്നത്തെ ഹാട്രിക്കോടെ അലക്സിന് ലീഗിൽ ഇതുവരെ ആറ് ഗോളുകളായി. ഗോകുലം മൂന്നു മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു.

റിയൽ കാശ്മീരിന് ആദ്യ പരാജയം നൽകി ചർച്ചിൽ ബ്രദേഴ്സ്

ഇന്ന് ഐ ലീഗിൽ നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് റിയൽ കാശ്മീർ എഫ്സിയെ പരാജയപ്പെടുത്തി. കാശ്മീരിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്സ് വിജയിച്ചത്. റിയൽ കാശ്മീരിന്റെ സീസണിലെ ആദ്യ പരാജയമാണിത്. ഇതിനുമുമ്പ് അവർ കളിച്ച രണ്ടു മത്സരങ്ങളും അവർ വിജയിച്ചിരുന്നു. ഇന്ന് വിജയിച്ച ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താം എന്ന ആഗ്രഹത്തിനാണ് പരാജയത്തോടെ തിരിച്ചടിയായത്.

ഇന്ന് ഇരുപത്തിയഞ്ചാം മിനിറ്റിൽ ഒരു സെൽഫ് ഗോൾലൂടെയാണ് ചർച്ചിൽ ബ്രദേഴ്സ് ആദ്യം ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 60 മിനിറ്റിലും 61 മിനിട്ടിലും ഗോളുകൾ അടിച്ചു ഡിചാരിയ ചർച്ചിൽ ബ്രദേഴ്സിന്റെ ലീഡ് 3 0 എന്നാക്കി. എഴുപതാം മിനിറ്റിൽ അഹ്തീബാണ് റിയൽ കാശ്മീരിന്റെ ആശ്വാസ ഗോൾ നേടിയത്.

മൂന്നു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി റിയൽ കാശ്മീർ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. നാലു പോയിൻറ് ഉള്ള ചർച്ചിൽ ബ്രദേഴ്സ് ആറാം സ്ഥാനത്താണ്.

ഐ ലീഗ്; ഇഞ്ചുറി ടൈം ഗോളിൽ സമനില വഴങ്ങി ഗോകുലത്തിന് തുടക്കം

കോഴിക്കോട് സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഗോകുലം കേരളക്ക് സമനില തുടക്കം. ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ കാശിയുമായാണ് ഗോകുലം പോയിന്റ് പങ്കു വെച്ചത്. രണ്ടു ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. സാഞ്ചസ്, നൗഫൽ എന്നിവർ ഗോകുളത്തിന്റെ ഗോൾ നേടിയപ്പോൾ ലാൽറിന്റിക, ആസിഫ് ഖാൻ എന്നിവർ ഇന്റർ കാശിക്ക് വേണ്ടിയും വല കുലുക്കി.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഗോകുലം ലീഡ് എടുത്തു. ബോക്‌സിന്റെ വലത് ഭാഗത്ത് നിന്നും ശ്രീകുട്ടൻ നൽകിയ പാസ് ക്യാപ്റ്റൻ അലക്‌സ് സാഞ്ചസ് അനായാസം വലയിലേക്ക് തട്ടിയിട്ടു. സാഞ്ചസിനെ മറ്റൊരു മികച്ചൊരു ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയി. 29ആം മിനിറ്റിൽ ഇന്റർ കാശി സമനില ഗോൾ നേടി. മാരിയോ വിലർ പൊസ്റ്റിന് മുന്നിലേക്കായി നൽകിയ പാസിൽ ഒന്ന് ടച്ച് ചെയ്യേണ്ട ചുതലയെ ജോർദാൻ ലമേലക്ക് ഉണ്ടായിരുന്നുള്ളൂ. കോർണറിൽ നിന്നും അമിനോ ബോബയുടെ ഹെഡർ ശ്രമം പൊസിറ്റിലിടിച്ചു മടങ്ങി. ഇന്ററിന്റെ പീറ്റർ ഹാക്കിയുടെ ഹെഡർ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.

രണ്ടാം പകുതിയിലും ഇരു ടീമുകളും ഒരു പോലെ മുന്നേറ്റം തുടർന്നു. 54ആം മിനിറ്റിൽ ഗോകുലം ലീഡ് തിരിച്ചു പിടിച്ചു. പിറകിൽ നിന്നെത്തിയ ലോങ് ബോൾ നൗഫൽ മുന്നോട്ട് കയറി വന്ന കീപ്പർക്ക് മുകളിലൂടെ വലയിലേക്ക് എത്തിച്ചു. ഇതോടെ ഇന്റർ സമനില ഗോളിനായി നീക്കം തുടങ്ങി. ജോർഡൻ ലമേലയുടെ തകർപ്പൻ ഫ്രീകിക്ക് കീപ്പർ തട്ടിയകറ്റി. അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ ഗോകുലം മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഇന്റർ കാശി സമനില ഗോൾ കണ്ടെത്തി. ഇടത് വിങ്ങിൽ നിന്നും മാർക്കോ വിഡാൽ ഉയർത്തി നൽകിയ പന്ത് കൈകലാക്കുന്നതിൽ കീപ്പർക്ക് പിഴച്ചപ്പോൾ അവസരം മുതലെടുത്തു ആസിഫ് ബോൾ വലയിലേക്ക് തട്ടിയിട്ടു. ഇതോടെ ഗോകുലത്തിന്റെ പുതിയ സീസൺ സമനിലയോടെ ആരംഭം കുറിച്ചു

ഐസാളിനേയും കീഴടക്കി റിയൽ കശ്മീർ

പുതിയ കോച്ചിന് കീഴിൽ ഫോം തുടരുന്ന റിയൽ കാശ്മീരിന് മുന്നിൽ ഐസാൾ എഫ്‌സിയും വീണു. ഇന്ന് കശ്‌മരിന്റെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ആതിഥേയർ വിജയം കണ്ടത്. ജസ്റ്റിൻ ജോർജ്,സാമുവൽ ഖ്യെൻഷി എന്നിവർ കശ്മീരിനായി വല കുലുക്കി. ലാൽസംരംഗയാണ് ഐസാലിന്റെ ഗോൾ നേടിയത്. ഇതോടെ പോയിന്റ് നിലയിൽ ഒപ്പമുണ്ടായിരുന്ന ഐസാളിന് മുകളിൽ മൂന്ന് പോയിന്റ് ലീഡ് നേടാനും റിയൽ കാശ്മീരിനായി. എങ്കിലും ഐസാൾ ഏഴാം സ്ഥാനത്തും കശ്മീർ ആറാം സ്ഥാനത്തും തന്നെയാണ് തുടരുന്നത്.

ഭൂരിഭാഗം സമയവും ഗോൾ രഹിതമായിരുന്ന മത്സരത്തിൽ തുടക്കം മുതൽ ലീഡ് എടുക്കാനുള്ള അവസരം കാശ്മീരിന് ലഭിച്ചു. ബോക്സിനു പുറത്തു നിന്നും സവുമാലിന്റെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ മറ്റൊരു ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. എഴുപത്തിയഞ്ചാം മിനിറ്റിൽ ഐസാൾ ആണ് സമനില പൂട്ട് പൊട്ടിച്ചത്. സൈലോയുമായി പന്ത് കൈമാറി മുന്നേറിയ ലാൽസംരംഗ കുലുക്കി. എന്നാൽ വെറും നാലു മിനിട്ടിനു ശേഷം കശ്മീർ സമനില ഗോൾ കണ്ടെത്തി. വദുദുവിന്റെ ക്രോസിൽ നിന്നാണ് ജസ്റ്റിന് ലക്ഷ്യം കണ്ടത്. 84 ആം മിനിറ്റിൽ ആകാശ് ദീപിന്റെ പാസിൽ നിന്നും സാമുവൽ കൂടി ഗോൾ നേടിയതോടെ കഷ്‌മീർ സ്വന്തം തട്ടകത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

നെറോക്കയെ വീഴ്ത്തി വീണ്ടും റൗണ്ട്ഗ്ലാസ് പഞ്ചാബ് മുന്നേറ്റം

സമനില പോലും കിരീട പോരാട്ടത്തിൽ നിന്നും പിറകോട്ടടിപ്പിക്കുമെന്ന ഘട്ടത്തിൽ നെറോക്കക്കെതിരെ നിർണായക മത്സരത്തിന് ഇറങ്ങിയ റൗണ്ട്ഗ്ലാസ് പഞ്ചാബിന് വിജയം. അജയ് ഛേത്രി നേടിയ ഏക ഗോളിന്റെ ബലത്തിൽ നെറോക്കയെ മറികടന്ന അവർ, വീണ്ടും തലപ്പത്തുള്ള ശ്രീനിധിക്കൊപ്പം പോയിന്റ് നിലയിൽ വീണ്ടും ഒപ്പമെത്തി. ലീഗൽ വിരലിൽ എണ്ണാവുന്ന മൽസരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇരു ടീമുകൾക്കും 40 പോയിന്റ് വീതമായി. ഇരുപതിയോന്ന് പോയിന്റുമായി നെറോക്ക എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

നെറോക്കയുടെ തട്ടകത്തിൽ പഞ്ചാബിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. തുടർച്ചയായ നാല് ഹോം മത്സരങ്ങളിലെ വിജയവുമായി എത്തിയ നെറോക്കക്കെതിരെ ഗോൾ കണ്ടെത്താൻ പഞ്ചാബിന് മുപ്പത്തിനാലാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബ്രണ്ടന്റെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്താണ് അയജ്‌ ഛേത്രി മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത്. സമനില ഗോളിനായി നെറോക്ക കിണഞ്ഞു പരിശ്രമിച്ചെങ്കിലും പഞ്ചാബ് പ്രതിരോധം ഉറച്ചു നിന്നു. നെറോക്കയുടെ നീക്കങ്ങൾ എല്ലാം വിഫലമാക്കിയ കീപ്പർ കിരൺ ലിംബു ആണ് ഹീറോ ഓഫ് ദ് മാച്ച്. ഇനിയുള്ള മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടുത്താതെ ഇരിക്കാൻ ശ്രീനിധിയും പഞ്ചാബും മത്സരിക്കും എന്നതിനാൽ ലീഗ് കൂടുതൽ ആവേശകരമാകും.

സുദേവയുടെ അട്ടിമറി പ്രതീക്ഷകൾ കെടുത്തി കൊണ്ട് ശ്രീനിധിയുടെ തിരിച്ച് വരവ്, വീണ്ടും ഒന്നാം സ്ഥാനത്ത്

അവസാന ഇരുപത് മിനിറ്റിനുള്ളിൽ നേടിയ മൂന്ന് ഗോളുകളിൽ സുദേവ ഡൽഹിയുടെ അട്ടിമറി പ്രതീക്ഷകൾ കെടുത്തി കൊണ്ട് ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റ് ലീഡ് ഉയർത്തി ശ്രീനിധി ഡെക്കാൻ. ഭൂരിഭാഗം സമയവും ലീഡ് കൈവശം വെച്ചു സീസണിലെ മൂന്നാമത്തെ മാത്രം ജയം സ്വപ്നം കണ്ട സുദേവക്ക് പക്ഷേ മത്സരത്തിൽ മുഴുവനും ഒരേ ആവേശം കാണിക്കാൻ ആയില്ല. കസ്റ്റാന്യെഡയും ഓഗാനയും ശ്രീനിധിക്കായി ഗോളുകൾ കണ്ടെത്തി. സുദേവക്ക് വേണ്ടി ബിയക്ടീയാണ് വല കുലുക്കിയത്.

ആദ്യ പകുതിയിലാണ് സുദേവ ഗോൾ കണ്ടെത്തിയത്. എതിർ പ്രതിരോധത്തെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു മുന്നേറിയ ബിയക്ടീ തൊടുത്ത ഷോട്ട് തടയാൻ ഗോൾ കീപ്പർ ഉബൈദിനും സാധിച്ചില്ല. ഉബൈദിന്റെ സേവുകൾ ആണ് കൂടുതൽ ഗോൾ വഴങ്ങാതെ ആദ്യ പകുതിയിൽ ശ്രീനിധിയെ കാത്തത്. ജീവൻമരണ പോരാട്ടത്തിന്റെ രണ്ടാം പകുതിയിൽ ശ്രീനിധി കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. 64 ആം മിനിറ്റിൽ ലൂയിസ് ഓഗാന കളത്തിൽ എത്തിയതോടെ അവർക്ക് കൂടുതൽ ചടുലത ലഭിച്ചു. 71 ആം മിനിറ്റിൽ ശ്രീനിധി സമനില ഗോൾ നേടി. അശ്റഫ് അലിയുടെ ക്രോസിൽ ഹെഡർ ഉതിർത്ത് കസ്റ്റാന്യെഡയാണ് വല കുലുക്കിയത്. 81ആം മിനിറ്റിൽ ഓഗാന ടീമിന് ലീഡ് സമ്മാനിച്ചു. റോമാവിയയുടെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. എൺപതിയൊൻപതാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നുള്ള ഗംഭീര ഫിനിഷിങിലൂടെ ഓഗാന ടീമിന്റെ വിജയം ഉറപ്പിച്ചു.

ചർച്ചിൽ ബ്രദേഴ്‌സിനെ വീഴ്ത്തി ഗോകുലം മൂന്നാം സ്ഥാനത്തേക്ക്

മൂന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ ടീമുകളുടെ പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ഗോകുലം കേരള. ഇതോടെ ഒരു മത്സരം കുറച്ചു കളിച്ച ട്രാവുവിനെ മറികടന്ന് ഗോകുലം മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ചർച്ചിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഫാർഷാദ് നൂർ ആണ് നിർണായക ഗോൾ കണ്ടെത്തിയത്. മോശം ഫോമിനിടെ തുടർച്ചയായ വിജയങ്ങൾ നേടാൻ കഴിഞ്ഞത് ഗോകുലത്തിന് വലിയ ആശ്വാസം നൽകും.

ഇരു ടീമുകളും തുടക്കം മുതൽ ആക്രമണത്തിന് മുൻതൂക്കം നൽകി ഇറങ്ങിയപ്പോൾ ഗോൾ കീപ്പർമാർക്ക് പിടിപ്പത് പണി ആയിരുന്നു. ആൽബിനോ ഗോമസ്, ഷിബിൻ രാജ് എന്നിവർ അവസരത്തിനൊത്ത് ഉയർന്നപ്പോൾ പലതവണ ലക്ഷ്യത്തിലേക്ക് ഉന്നം വെച്ചിട്ടും ഇരു ടീമുകൾക്കും വല കുലുക്കാൻ ആയില്ല. 20ആം മിനിറ്റിൽ മത്സരത്തിലെ ഒരേയൊരു ഗോൾ പിറന്നു. നൗഫൽ ബോക്സിലേക്ക് നൽകിയ ത്രൂ ബോളിനോപ്പം ഓടി കയറിയ ഫാർഷാദ് നൂർ തടയാൻ എത്തിയ ഡിഫന്ററെയും കീപ്പറേയും മറികടന്ന് പന്ത് വലയിൽ എത്തിച്ചു. പിന്നീട് ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചു. രണ്ടാം പകുതിയിൽ ചർച്ചിലിന് കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ചെങ്കിലും ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. അവസാന മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നും ചർച്ചിലിന് ലഭിച്ച സുവർണാവസരത്തിലും ഷിബിൻ രാജ് തന്നെ രക്ഷകനായി. പലപ്പോഴും മത്സരം കയ്യങ്കാളിയിലേക്ക് കൂടി നീങ്ങിയതോടെ നിരവധി കാർഡുകൾ ആണ് റഫറി പുറത്തെടുത്തത്.

ഐ ലീഗ്; ഐസാളിനെ വീഴ്ത്തി ട്രാവു എഫ്സി മൂന്നാം സ്ഥാനത്ത്

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഐസാളിനെ വീഴ്ത്തി ട്രാവു എഫ്സിക്ക് ഐ ലീഗിൽ ഗംഭീര വിജയം. ജോൺസൻ സിങ്, ഫെർണാണ്ടിഞ്ഞോ, ഗെർസൻ എന്നിവർ ട്രാവുവിനായി ലക്ഷ്യം കണ്ടപ്പോൾ ഐസാളിന്റെ ആശ്വാസ ഗോൾ രാംദിന്താര നേടി. ഇതോടെ ഗോകുലത്തെ മറികടന്ന് മൂന്നാം സ്ഥാനത്തെക്കുയരാനും ട്രാവുവിനായി. ഐസാൾ ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

സ്വന്തം തട്ടകകത്തിൽ ആറാം മിനിറ്റിൽ തന്നെ ലീഡ് എടുക്കാൻ ട്രാവുവിനായി. ബോക്സിന് പുറത്തു നിന്നും തൊടുത്ത ഷോട്ടിലൂടെയാണ് അവർ അക്കൗണ്ട് തുറന്നത്. പിന്നീട് ടുർസനോവിന്റെ ക്രോസിൽ ഫെർണാണ്ടിഞ്ഞോയുടെ ഹെഡർ ലക്ഷ്യത്തിൽ നിന്നും. അകന്ന് പോയി. പതിനെട്ടാം മിനിറ്റിൽ ബ്രസീലിയൻ താരങ്ങളുടെ മികവിൽ ട്രാവു വീണ്ടും ഗോൾ നേടി. ഫെർണാണ്ടിഞ്ഞോയുടെ കോർണറിൽ ഹെഡർ ഉതിർത്ത് ഗെർസൻ ആണ് സ്‌കോർ ചെയ്തത്. എന്നാൽ തിരിച്ചടിക്കാൻ സമ്മർദ്ദം തുടർന്ന ഐസാൾ മുപ്പത്തിയഞ്ചാം മിനിറ്റിൽ ഒരു ഗോൾ മടക്കി. ഡിഫ്‌ളക്ഷനിലൂടെ എത്തിയ ഒരു ക്രോസ് വലയിൽ എത്തിച്ച് തർപ്വിയയാണ് വല കുലുക്കിയത്. രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ ട്രാവു ലീഡ് തിരിച്ചു പിടിച്ചു. 46 ആം മിനിറ്റിൽ ടുർസനോവിന്റെ പാസ് പിടിച്ചെടുത്തു ജോൺസൻ സിങ് ലക്ഷ്യം കണ്ടു. പിന്നീട് സൈലോയിലൂടെ ഗോൾ മടക്കാനുള്ള ഐസാളിന്റെ ശ്രമം ഓഫ്‌സൈഡിൽ കലാശിച്ചു.

മാജിക് മെന്റി; ഇഞ്ചുറി ടൈം ഗോളിൽ രാജസ്ഥാനെ വീഴ്ത്തി ഗോകുലത്തിന്റെ തിരിച്ചു വരവ്

തുടർ തോൽവികൾക്ക് അറുതി വരുത്തി കൊണ്ട് രാജസ്ഥാനെതിരെ അത്ഭുതകരമായ തിരിച്ചു വരവ് നടത്തി ഗോകുലം കേരള. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിറകിൽ നിന്ന ശേഷം അവസാന എട്ടു മിനിറ്റുകളിൽ മെന്റി കുറിച്ച രണ്ടു ഗോളുകൾക്കാണ് ഗോകുലം വിജയം നേടിയത്. അഞ്ചു തോൽവികൾക്ക് ശേഷം ഒരു വിജയം കൈയ്യകലെ എത്തി നഷ്ടമായ രാജസ്ഥാന് ആവട്ടെ, ഈ മത്സര ഫലം ആത്മവിശ്വാസം തകർക്കുന്നതായി. ഇതോടെ 27 പോയിന്റുമായി തൽക്കാലികമായെങ്കിലും മൂന്നാം സ്ഥാനത്തേക്ക് കയറാനും ഗോകുലത്തിനായി.

രാജസ്ഥാന്റെ തട്ടകത്തിൽ തുടക്കത്തിൽ ഗോകുലത്തിന് അവസരങ്ങൾ ലഭിച്ചു. ഫ്രകിക്കിൽ നിന്നും മെന്റിയുടെ ഹെഡർ പോസ്റ്റിലിടിച്ചു. ഒൻപതാം മിനിറ്റിൽ സുമഷെവിന്റെ ഫ്രീകിക്കിൽ നിന്നും അമങേൽഡീവാണ് ഹെഡർ ഉതിർത്ത് രാജസ്ഥാന് ലീഡ് നൽകിയത്. പിന്നീട് തൊണ്ണൂറാം മിനിറ്റ് വരെ ഈ ലീഡ് കാക്കാനും അവർക്കായി. രണ്ടാം പകുതിയിൽ പ്രതിരോധ നിരയെ മറികടന്ന് ലഭിച്ച അവസരത്തിൽ ബോക്സിനുള്ളിൽ നിന്നും മെന്റിയുടെ ഷോട്ട് പക്ഷെ അകന്ന് പോയി. തൊണ്ണൂറാം മിനിറ്റിൽ ലിയൻസാങയുടെ ഫൗളിൽ കളി മുഴുവൻ മാറി മറിഞ്ഞു. താരം ചുവപ്പ് കാർഡ് കണ്ടു പുറത്തായി. പെനാൽറ്റി എടുത്ത മെന്റിക്ക് തെല്ലും പിഴച്ചില്ല. എട്ടു മിനിറ്റ് എക്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ വലത് ഭാഗത്ത് നിന്നും ഫാർഷാദ് നൂർ നൽകിയ തകർപ്പൻ ഒരു ക്രോസിൽ തലവെച്ചു മെന്റി വിജയ ഗോളും നേടിയപ്പോൾ ഗോകുലം വിജയം ഉറപ്പിച്ചു. പിന്നീട് ഇരു ടീമുകളുടെയും ബെഞ്ചുകൾ തമ്മിൽ കോർത്തപ്പോൾ റഫറിക്ക് ഇരു ഭാഗത്തേക്കും ചുവപ്പ് കാർഡ് വീശേണ്ടിയും വന്നു.

കെങ്ക്രെയെ വീഴ്ത്തി സുദേവക്ക് സീസണിലെ രണ്ടാം ജയം

സീസണിലെ രണ്ടാം ജയം മുംബൈയിൽ കുറിച്ച് സുദേവ ഡൽഹി. ആതിഥേയരായ കെങ്ക്രെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ഡൽഹി ടീം വിജയം നേടിയത്. ഇതോടെ റെലഗെഷൻ ഒഴിവാക്കാനുള്ള കെങ്ക്രെയുടെ സ്വപ്‍നങ്ങൾക്ക് വലിയ തിരിച്ചടി ആയി. ഇരട്ട ഗോളുമായി തിളങ്ങിയ ലോതെം ആണ് സുദേവക്ക് തുണയായത്. കെങ്ക്രെയും സുദേവയും യഥാക്രമം പതിനാലും ഒൻപതും പോയിന്റുമായി ടേബിളിൽ അവസാന സ്ഥാനങ്ങളിൽ തുടരുകയാണ്.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ഇരു ടീമുകളും പല തവണ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും സ്‌കോർ ബോർഡ് തുറക്കാൻ ആയില്ല. രണ്ടാം പകുതിയിൽ പക്ഷെ കൃത്യമായ ഇടവേളകളിൽ ഗോൾ വീണുകൊണ്ടിരുന്നു. അൻപതിയേഴാം മിനിറ്റിൽ ഗോമസിന്റെ ഫ്രീകിക്ക് പൊസിറ്റിൽ കൊണ്ടു മടങ്ങിയത് വലയിൽ എത്തിച്ച് ബിയക്ടീയാണ് ഗോൾ കണ്ടെത്തിയത്. അറുപതിയേഴാം മിനിറ്റിൽ സുദേവ ലീഡ് ഇരട്ടിയാക്കി. ലോതെം ആണ് വല കുലുക്കിയത്. എഴുപതിനാലാം മിനിറ്റിൽ കെങ്ക്രെ ഒരു ഗോൾ മടക്കി പ്രതീക്ഷ നിലനിർത്തി. ഒച്ചിലോവിന്റെ ഫ്രീകിക്കിലൂടെയായിരുന്നു ഗോൾ വന്നത്. എന്നാൽ വെറും നാല് മിനിറ്റിനു ശേഷം ഒരിക്കൽ കൂടി സ്‌കോർ ചെയ്ത് ലോതെം ലീഡ് തിരിച്ചു പിടിച്ചു.

Exit mobile version