ചലഞ്ചർ ട്രോഫി: ടീമുകളിൽ ഇടം നേടി മൂന്ന് കേരള താരങ്ങൾ

വനിതകൾക്കുള്ള ചലഞ്ചർ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിനുള്ള ടീമുകളിൽ സ്ഥാനം പിടിച്ച് മൂന്ന് കേരള താരങ്ങൾ. മിന്നു മണി, ജോഷിത വി ജെ, അരുന്ധതി റെഡ്ഡി എന്നിവരാണ് ടീമുകളിൽ സ്ഥാനം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെ എ,ബി,സി,ഡി എന്നീ നാല് ടീമുകളായി തിരിച്ചുള്ള ടൂർണ്ണമെൻ്റിൽ ദേശീയ സീനിയർ ടീമിലെ താരങ്ങളും ഉണ്ട്. ഇതിൽ എ ടീമിൻ്റെ ക്യാപ്റ്റൻ മിന്നു മണിയും വൈസ് ക്യാപ്റ്റൻ അരുന്ധതി റെഡ്ഡിയുമാണ്. സി ടീമിലാണ് ജോഷിതയെ ഉൾപ്പെടുത്തിയിട്ടുള്ളത്.

മാർച്ച് 25 മുതൽ ഏപ്രിൽ എട്ട് വരെ രണ്ട് വേദികളിലായി ഡെറാഡൂണിലാണ് മല്സരങ്ങൾ നടക്കുക. ത്രിദിന ഫോർമാറ്റിലാണ് മല്സരങ്ങൾ. ഇന്ത്യയുടെ സീനിയർ ഏകദിന , ട്വൻ്റി 20 ടീമുകളിൽ സ്ഥിര സാന്നിധ്യമായ മിന്നു മണി വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമംഗം കൂടിയാണ്. അടുത്തിടെ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗമായിരുന്ന ജോഷിത ഒരു മല്സരത്തിൽ മാൻ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിതാ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമംഗമാണ്. ഇരുവരും വയനാട് സ്വദേശികളാണ്. കേരളത്തിനായി കളിച്ചിട്ടുള്ള അരുന്ധതി റെഡ്ഡി ഇന്ത്യയുടെ വനിതാ ടെസ്റ്റ്, ഏകദിന, ട്വൻ്റി 20 ടീമുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള താരമാണ്.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര, മിന്നു മണി ഇന്ത്യൻ ടീമിൽ തിരികെയെത്തി

സ്റ്റാർ ഓപ്പണർ ഷഫാലി വർമ, സ്പിന്നർ ശ്രേയങ്ക പാട്ടീൽ എന്നിവരെ ഒഴിവാക്കി ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം മിന്നു മണി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. ഐസിസി വനിതാ ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായ പരമ്പര, ബ്രിസ്ബേനിലെ അലൻ ബോർഡർ ഫീൽഡിൽ ആദ്യ രണ്ട് ഏകദിനങ്ങളോടെ ആരംഭിക്കും, തുടർന്ന് പെർത്തിലെ WACA ഗ്രൗണ്ടിൽ അവസാന മത്സരവും നടക്കും.

കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര നേടിയ ടീമിലെ അഞ്ച് താരങ്ങളെയും ഒഴിവാക്കി. ഹർലീൻ ഡിയോൾ, പ്രിയ പുനിയ, വിക്കറ്റ് കീപ്പർ-ബാറ്റർ റിച്ച ഘോഷ് എന്നിവർ ടീമിൽ തിരിച്ചെത്തി.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

ക്യാപ്റ്റൻ: ഹർമൻപ്രീത് കൗർ

വൈസ് ക്യാപ്റ്റൻ: സ്മൃതി മന്ദാന

പ്രിയ പുനിയ

ജെമിമ റോഡ്രിഗസ്

ഹാർലിൻ ഡിയോൾ

യാസ്തിക ഭാട്ടിയ (WK)

റിച്ച ഘോഷ് (WK)

തേജൽ ഹസബ്നിസ്

ദീപ്തി ശർമ്മ

മിന്നു മണി

പ്രിയ മിശ്ര

രാധാ യാദവ്

ടിറ്റാസ് സാധു

അരുന്ധതി റെഡ്ഡി

രേണുക സിങ് താക്കൂർ

സൈമ താക്കൂർ

മിന്നു മണിയ്ക്ക് 2 വിക്കറ്റ്, പക്ഷേ ഇന്ത്യ എയ്ക്ക് ജയിക്കാനായില്ല!!! ഇംഗ്ലണ്ട് എയ്ക്ക് വിജയം 6 വിക്കറ്റിന്

ഇന്ത്യ എയ്ക്കെതിരെ വിജയം നേടി ഇംഗ്ലണ്ട് എ വനിതകള്‍. ഇന്ന് 150 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് എ 6 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി വിജയം കുറിച്ചു. 18.5 ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിജയം.

ഗ്രേസ് സ്ക്രിവന്‍സ്(39), മയ ബൗച്ചിയര്‍(27) എന്നിവരുടെ ടോപ് ഓര്‍ഡറിലെ ബാറ്റിംഗിന് ശേഷം ഇസ്സി വോംഗ് 35 റൺസുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. സ്ക്രിവന്‍സ്, ബൗച്ചിയര്‍ എന്നിവരെ മിന്നു മണി പുറത്താക്കിയെങ്കിലും ഇസ്സി വോംഗ്

ഇന്ത്യയ്ക്കായി മിന്നു മണി 2 വിക്കറ്റ് നേടിയെങ്കിലും വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ താരത്തിനായില്ല.

മലയാളി മിന്നു മണി ക്യാപ്റ്റൻ ആയ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീമിന് വിജയം

മലയാളു താരം മിന്നു മണി ക്യാപ്റ്റൻ ആയ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ എ ടീം ഇംഗ്ലണ്ട് വനിത എ ടീമിനെ പരാജയപ്പെടുത്തി. 3 റൺസിന്റെ വിജയമാണ് ഇന്ത്യ ഇന്ന് നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 20 ഓവറിൽ 134/7 എന്ന സ്കോറാണ് എടുത്തത്. ഇന്ത്യക്കു ദിശ കസത് 25 റണ്ണും വൃന്ദയും ദിവ്യയും 22 റൺസ് വീതവും നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 131 റൺ മാത്രമെ എടുക്കാൻ ആയുള്ളൂ. രണ്ടു വിക്കറ്റ് വീതം വീഴ്ത്തി കാശ്വിയും ശ്രെയങ്ക പട്ടീലും ഇന്ത്യക്ക് ആയി ബൗൾ കൊണ്ട് തിളങ്ങി. ശ്രെയങ്ക ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ആയ ഹോളി ആർമിറ്റേജിന്റെവിക്കറ്റ് എടുത്ത് മിന്നു മണിയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രണ്ടാം ടി20 ഡിസംബർ 1ന് നടക്കും.

കേരളത്തിന്റെ അഭിമാനം മിന്നു മണി!! ഇന്ത്യ എ ടീം ക്യാപ്റ്റൻ!!

ഒരിക്കൽ കൂടെ മലയാളികളുടെ അഭിമാനമായി മിന്നു മണി. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യ ‘എ’ വനിതാ ടീമിന്റെ ക്യാപ്റ്റനായി കേരള ക്രിക്കറ്റ് താരം സി മിന്നു മണിയെ നിയമിച്ചു. പരമ്പര നവംബർ 29ന് മുംബൈയിൽ ആരംഭിക്കും.

24 കാരനായ ഓഫ് സ്പിന്നർ, ഇന്ത്യ ‘എ’ വനിതാ ടീമിന്റെ ക്യാപ്റ്റനാകുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ക്രിക്കറ്റ് താരമാണ്.

2023 ജൂലൈ 9-ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ മിന്നു മണി ഇന്ത്യയ്‌ക്കായി വനിതാ ടി20 ഐ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് നേടിയ മിന്നു പരമ്പരയിലെ ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കറും ആയിരുന്നു.

2023ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ വനിതാ ടീമിന്റെ ഭാഗമായിരുന്നു മിന്നു. 24കാരിയായ മിന്നു മണി വയനാട് മാനന്തവാടി സ്വദേശിയാണ്.

ഇന്ത്യ ‘എ’ വനിതാ ടീം നവംബർ 29, ഡിസംബർ 1, 3 തീയതികളിൽ ഇംഗ്ലണ്ട് ‘എ’ വനിതകളുമായി മൂന്ന് മത്സരങ്ങൾ കളിക്കും. എല്ലാ മത്സരങ്ങളും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.

India ‘A’ Women’s squad
C Minnu Mani (captain), Kanika Ahuja, Uma Chetry, Shreyanka Patil, G Trisha, Vrinda Dinesh, G Divya, Arushi Goel, Disha Kasat, Rashi Kanojiya, Mannat Kashyap, Anusha Bareddy, Monica Patel, G Kashavee, Jintimani Kalita, Prakashika Naik.

ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയെ റുതുരാജ് ഗായക്വാഡ് നയിക്കും, വനിത ടീമിൽ മിന്നു മണിയും

ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസിനുള്ള ക്രിക്കറ്റ് സംഘത്തെ റുതുരാജ് ഗായക്വാഡ് നയിക്കും. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്. വനിത ടീമിനെ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് നയിക്കുക.സെപ്റ്റംബര്‍ 19 മുതൽ 28 വരെയാണ് വനിത മത്സരങ്ങള്‍ നടക്കുക. അതേ സമയം പുരുഷന്മാരുടെ മത്സരങ്ങള്‍ സെപ്റ്റംബര്‍ 28 മുതൽ ഒക്ടോബര്‍ 8 വരെ നീണ്ട് നിൽക്കും.

മലയാളി താരം മിന്നു മണിയ്ക്ക് ഇന്ത്യന്‍ വനിത ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.

വനിത സംഘം:Harmanpreet Kaur (c), Smriti Mandhana (vc), Shafali Verma, Jemimah Rodrigues, Deepti Sharma, Richa Ghosh (wk), Amanjot Kaur, Devika Vaidya, Anjali Sarvani, Titas Sadhu, Rajeshwari Gayakwad, Minnu Mani, Kanika Ahuja, Uma Chetry (wk), Anusha Bareddy

പുരുഷ സംഘം: Ruturaj Gaikwad (c), Yashasvi Jaiswal, Rahul Tripathi, Tilak Varma, Rinku Singh, Jitesh Sharma (wk), Washington Sundar, Shahbaz Ahmed, Ravi Bishnoi, Avesh Khan, Arshdeep Singh, Mukesh Kumar, Shivam Mavi, Shivam Dube, Prabhsimran Singh (wk)

മലയാളി താരം മിന്നു മണിയുടെ തകർപ്പൻ ബൗളിംഗ്, ബംഗ്ലാദേശിന് എതിരായ രണ്ടാം ടി20യും ഇന്ത്യ ജയിച്ചു

ഇന്ത്യയുടെ ബംഗ്ലാദേശിന് എതിരായ ടി20 മത്സരത്തിൽ താരമായി മിന്നു മണി. ഇന്ന് ഇന്ത്യ തകർപ്പൻ ബൗളിങിലൂടെ 8 റൺസിന്റെ വിജയം സ്വന്തമാക്കിയപ്പോൾ 2വിക്കറ്റ് നേടി മിന്നു മണി തിളങ്ങി‌. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഇന്ത്യയ്ക്ക് നേടാനായത് 95 റൺസ് മാത്രം ആയിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. 19 റൺസ് നേടിയ ഷഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയത്.

ബംഗ്ലാദേശിനായി സുൽത്താന ഖാത്തുന്‍ മൂന്നും ഫാത്തിമ ഖാത്തുന്‍ രണ്ടും വിക്കറ്റ് നേടി. 33 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ ശേഷം ഇന്ത്യ 33/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. മിന്നു മണി 5 റൺസുമായി പുറത്താകാതെ നിന്നു.

ബൗളിംഗിൽ 4 ഓവർ എറിഞ്ഞ മിന്നു മണി ആകെ വിട്ടു നൽകിയത് 9 റൺസ് മാത്രമാണ്. 2 വിക്കറ്റ് താരം വീഴ്ത്തി. ബംഗ്ലാദേശ് 19.1 ഓവറിൽ 87 റൺസ് എടുക്കുന്നതിനെ ഓളൗട്ട് ആയി. ഇന്ത്യക്കായി ദീപ്തി ശർമ്മയും ഷഫാലിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഒരു മത്സരം ശേഷിക്കെ തന്നെ 2-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കി‌

മിന്നു മണി കേരളത്തിന്റെ അഭിമാനം!! ഇന്ത്യക്കായി കളിക്കുന്ന ആദ്യ മലയാളി വനിത!!

മിന്നു മണി കേരളത്തിന്റെ അഭിമാനമാകുന്നു‌. ഇന്ത്യയുടെ ബംഗ്ലാദേശ് പരമ്പരക്കുള്ള ടി20 ടീമിൽ കേരളത്തിന്റെ താരം ഇടം നേടി. ഇന്ത്യൻ ദേശീയ സീനിയർ വനിതാ ക്രിക്കറ്റ് ടീമിൽ എത്തുന്ന ആദ്യ മലയാളി താരമായി ഇതോടെ മിന്നു മണി മാറി. 24കാരിയായ മിന്നു മണി വയനാട് മാനന്തവാടി സ്വദേശിയാണ്. നേരത്തെ വനിതാ ഐ പി എല്ലിലും മിന്നു മണി മലയാളികൾക്ക് സന്തോഷം നൽകിയിരുന്നു‌

വലംകൈയ്യൻ പേസർ രേണുക സിംഗ്, റിച്ച ഘോഷ് എന്നിവരെ ടീമിക് ഉൾപ്പെടുത്തിയിട്ടില്ല. ജൂലൈ 9 ന് മിർപൂരിൽ ആണ് പരമ്പര ആരംഭിക്കുന്നത്‌. ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളും അത്രയും ഏകദിനങ്ങളും ഇന്ത്യൻ ടീം കളിക്കും. ഹർമൻപ്രീത് ആണ് ഇന്ത്യയെ നയിക്കുന്നത്. സ്മൃതി മന്ദാൻ വൈസ് ക്യാപ്റ്റനായും ഉണ്ട്.

Squads:

India’s T20I squad: Harmanpreet Kaur (C), Smriti Mandhana (VC), Deepti Sharma, Shafali Verma, Jemimah Rodrigues, Yastika Bhatia (wk), Harleen Deol, Devika Vaidya, Uma Chetry (wk), Amanjot Kaur, S. Meghana, Pooja Vastrakar, Meghna Singh, Anjali Sarvani, Monica Patel, Rashi Kanojiya, Anusha Bareddy, Minnu Mani.

India’s ODI squad: Harmanpreet Kaur (C), Smriti Mandhana (VC), Deepti Sharma, Shafali Verma, Jemimah Rodrigues, Yastika Bhatia (wk), Harleen Deol, Devika Vaidya, Uma Chetry (wk), Amanjot Kaur, Priya Punia, Pooja Vastrakar, Meghna Singh, Anjali Sarvani, Monica Patel, Rashi Kanojiya, Anusha Bareddy, Sneh Rana.

വയനാട്ടിൽ നിന്ന് WPL-ലേക്ക്!! മലയാളികളുടെ ഏക പ്രതിനിധിയായി മിന്നു മണി

കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് തന്റെ പേര് എഴുതി ചേർത്തിരിക്കുകയാണ് മിന്നു മണി. 23കാരിയായ ഓഫ് സ്പിന്നിംഗ് ഓൾറൗണ്ടർ മിന്നു മണി, ഇന്നലെ നടന്ന വനിതാ പ്ലെയർ ലീഗ് (ഡബ്ല്യുപിഎൽ) ലേലത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക കളിക്കാരിയായി. 30 ലക്ഷം രൂപ നൽകി ഡൽഹി ക്യാപിറ്റൽസ് ആണ് മിന്നു മണിയെ സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് ലേലത്തിൽ ഉണ്ടായിരുന്ന ബാക്കി താരങ്ങൾക്ക് ഇത്തവണ അവസരം ലഭിച്ചില്ല.

വയനാട് ജില്ലയിൽ നിന്നുള്ള കുറിച്യ ഗോത്രത്തിൽ നിന്നുള്ള മിന്നുവിന്റെ WPLലേക്കുള്ള വളർച്ച പലർക്കും പ്രചോദനമാകും എന്ന കാര്യത്തിൽ സംശയമില്ല. മിന്നുവിന്റെ അച്ഛൻ മണി സികെ കൂലിപ്പണിയെടുക്കുന്ന ഒരു സാധാരണക്കാരൻ ആണ്. അമ്മ വസന്ത ഒരു വീട്ടമ്മയും ആണ്‌.

ഈയിടെയായി മികച്ച ഫോമിലാണ് മിന്നു മണി കളിക്കുന്നത്‌. ഞായറാഴ്ച നടന്ന സീനിയർ വനിതാ ഇന്റർ സോണൽ ഏകദിന ടൂർണമെന്റിൽ പുറത്താകാതെ 74 റൺസ് നേടി സൗത്ത് സോണിനെ ജയിപ്പിക്കാൻ മിന്നുവിനായിരുന്നു. ഡെൽഹി ക്യാപിറ്റൽസിൽ എത്തിയ സന്തോഷം പ്രകടിപ്പിച്ച് മിന്നു. മറ്റ് കേരള താരങ്ങൾക്ക് അവസരം നേടാനാകാത്തതിൽ നിരാശയുണ്ടെന്നും പറഞ്ഞു. ഞങ്ങളിൽ ഒരാളെങ്കിലും WPLൽ ഉണ്ടെന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ ജെമിമ റോഡ്രിഗസ്, ഷഫാലി വർമ്മ തുടങ്ങിയ താരങ്ങൾക്കൊപ്പം ചേരാൻ പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്നും മിഞു സ്പോർട്സ് സ്റ്റാറിനോട് പറഞ്ഞു.

ജിന്‍സി ജോര്‍ജ്ജിന് ശതകം, കേരളത്തിന് 175 റൺസിന്റെ കൂറ്റന്‍ വിജയം

ത്രിപുരയ്ക്കെതിരെ വിജയം നേടി കേരള വനിതകള്‍. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ത്രിപുര ഫീൽഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 272 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ജിന്‍സി ജോര്‍ജ്ജ് 114 റൺസ് നേടിയപ്പോള്‍ അക്ഷയയും(55) സജനയും(50) അര്‍ദ്ധ ശതകങ്ങള്‍ നേടി കേരളത്തിനെ മുന്നോട്ട് നയിച്ചു. ദൃശ്യ(21*), മിന്നു മണി(19*) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുര 34 ഓവറിൽ 97 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ കേരളം 175 റൺസിന്റെ വിജയം കൈവശമാക്കി. കേരളത്തിനായി കീര്‍ത്തി ജെയിംസ്, സജന, മിന്നു മണി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

മധ്യ പ്രദേശിനെതിരെ കനത്ത തോല്‍വിയേറ്റു വാങ്ങി കേരളം

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ കേരളത്തിന് രണ്ടാമത്തെ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ മധ്യ പ്രദേശ് കേരളത്തിനെതിരെ 98 റണ്‍സ് വിജയം ആണ് നേടിയത്. മധ്യ പ്രദേശിനെ കേരളം 203/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 9 വിക്കറ്റ് നഷ്ടത്തില്‍ 44 ഓവറില്‍ നിന്ന് 97 റണ്‍സ് മാത്രമേ നേടാനായുള്ളു. മഴ കാരണം കേരളത്തിന്റെ ഇന്നിംഗ്സ് 44 ഓവറാക്കി ചുരുക്കുകയായിരുന്നു.

30 റണ്‍സ് നേടിയ മിന്നു മണിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ഷാനി(14), ഭൂമിക(11) എന്നിവരാണ് രണ്ടക്ക സ്കോറിലേക്ക് എത്തിയ മറ്റു താരങ്ങള്‍. മധ്യ പ്രദേശിന് വേണ്ടി അഞ്ച് വിക്കറ്റുമായി വര്‍ഷയാണ് തിളങ്ങിയത്. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളം ബറോഡയോട് പരാജയം ഏറ്റു വാങ്ങിയിരുന്നു. പിന്നീട് മുംബൈയെയും പഞ്ചാബിനെയും പരാജയപ്പെടുത്തിയാണ് കേരളം ഇന്നത്തെ മത്സരത്തിനെത്തിയത്. നാഗലാണ്ടുമായുള്ള മത്സരം ആണ് പ്ലേറ്റ് ഡി യില്‍ കേരളത്തിന് ഇനി അവശേഷിക്കന്നത്.

ക്യാപ്റ്റന്‍ ഷാനിയുടെ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന കേരളത്തിനെ കരകയറ്റി മിന്നു മണി – സജന കൂട്ടുകെട്ട്

ഒരു ഘട്ടത്തില്‍ പഞ്ചാബിനെതിരെ 96/5 എന്ന നിലയിലേക്ക് വീണ കേരളത്തെ കരകയറ്റി മിന്നു മണി – സജന കൂട്ടുകെട്ട്. പഞ്ചാബിനെതിരെ ഇന്ന് വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. തുടക്കം തന്നെ ഭൂമിയകെയും കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ജിന്‍സി ജോര്‍ജ്ജിനെയും നഷ്ടമായ കേരളം 16/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അവിടെ നിന്ന് അക്ഷയയും(29) ക്യാപ്റ്റന്‍ ഷാനിയും(50) ടീമിന് വേണ്ടി മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് നേടിയെങ്കിലും ഇരുവരുടെയും വിക്കറ്റും ദൃശ്യയെയും കേരളത്തിന് നഷ്ടമായപ്പോള്‍ 94/2 എന്ന നിലയില്‍ നിന്ന് കേരളം 96/5 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് ആറാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ടുമായി മിന്നു മണിയും സജനയും ചേര്‍ന്ന് ടീം സ്കോര്‍ 195ലേക്ക് എത്തിച്ചു.

34 റണ്‍സ് നേടിയ സജനയെ കേരളത്തിന് നഷ്ടമായി അധികം വൈകാതെ കേരളത്തിന് മിന്നു മണിയുടെ വിക്കറ്റും നഷ്ടമായി. 55 പന്തില്‍ നിന്ന് 72 റണ്‍സാണ് താരം നേടിയത്. മിന്നും പുറത്തായി അധികം വൈകാതെ കേരളം ഓള്‍ഔട്ട് ആകുകയായിരുന്നു.

പഞ്ചാബിന് വേണ്ടി കനിക അഹൂജ 4 വിക്കറ്റും മെഹക് കേസര്‍, മീന എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version