വിനു മങ്കാദ് ട്രോഫിയിൽ വിജയം തുടർന്ന് കേരളം

19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ ഹരിയാനയെ തോല്പിച്ച് കേരളം. മഴയെ തുടർന്ന് 20 ഓവർ വീതമാക്കി വെട്ടിച്ചുരുക്കിയ മല്സരത്തിൽ 17 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 19.4 ഓവറിൽ 123 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് രണ്ടാം പന്തിൽ തന്നെ ഓപ്പണർ സംഗീത് സാഗറിൻ്റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ കെ ആർ രോഹിതിൻ്റെ കൂറ്റൻ ഷോട്ടുകൾ കേരളത്തിന് വേഗതയാർന്ന തുടക്കം നല്കി. വെറും പത്ത് പന്തുകളിൽ നാല് സിക്സടക്കം 26 റൺസ് നേടി രോഹിത് മടങ്ങി. 22 പന്തുകളിൽ 23 റൺസ് നേടിയ ജോബിൻ ജോബിയും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ഇമ്രാൻ അഷ്റഫും ക്യാപ്റ്റൻ മാനവ് കൃഷ്ണയും 12 റൺസ് വീതം നേടി മടങ്ങി. എന്നാൽ അമയ് മനോജും മാധവ് കൃഷ്ണയും ചേർന്ന 54 റൺസിൻ്റെ കൂട്ടുകെട്ട് കേരളത്തിന് മെച്ചപ്പെട്ടൊരു സ്കോർ സമ്മാനിച്ചു. അമയ് 26ഉം മാധവ് 29ഉം റൺസ് നേടി. മൂന്ന് വിക്കറ്റ് വീതം നേടിയ ആരവ് ഗുപ്തയും കനിഷ്ക് ചൌഹാനുമാണ് ഹരിയാന ബൌളിങ് നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഒരു ഘട്ടത്തിലും മികച്ച ബാറ്റിങ് കാഴ്ച വയ്ക്കാനായില്ല. നാല് വിക്കറ്റുമായി ഹരിയാനയുടെ മധ്യനിരയെ തകർത്തെറിഞ്ഞ തോമസ് മാത്യുവിൻ്റെ ബൌളിങ് മികവ് കളി കേരളത്തിൻ്റെ വരുതിയിലാക്കി. 37 റൺസെടുത്ത കനിഷ്ക് ചൌഹാനാണ് വലിയൊരു നാണക്കേടിൽ നിന്ന് ഹരിയാനയെ രക്ഷിച്ചത്. കേരളത്തിന് വേണ്ടി ജോബിൻ ജോബി മൂന്ന് വിക്കറ്റും വീഴ്ത്തി. ടൂർണ്ണമെൻ്റിൽ തുടർച്ചയായ മൂന്നാം വിജയമാണ് ഇന്നത്തേത്.

കേരളത്തിനെതിരെ 83 റൺസ് വിജയം രാജസ്ഥാന്‍ വിനൂ മങ്കഡ് ട്രോഫി ക്വാര്‍ട്ടറിൽ, കേരളത്തിനായി തിളങ്ങിയത് ഷൗൺ റോജര്‍ മാത്രം

കേരളത്തിനെതിരെ നേടിയ 83 റൺസ് വിജയത്തോടു കൂടി വിനൂ മങ്കഡ് ട്രോഫിയുടെ ക്വാര്‍ട്ടറിൽ കടന്ന രാജസ്ഥാന്‍. ഇന്ന് മൊടേര നരേന്ദ്ര മോഡി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ബിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 238/9 എന്ന സ്കോറാണ് നേടിയത്. കേരളം 155 റൺസിന് ഓള്‍ഔട്ട് ആയി. എന്‍എച്ച് സച്ദേവ്(59), രോഹന്‍ വിജയ് രാജ്ബര്‍(44), പിഎം സിംഗ് രാഥോര്‍(42*) എന്നിവരാണ് രാജസ്ഥാനായി തിളങ്ങിയത്. കേരളത്തിനായി ഷൗൺ റോജര്‍ 3 വിക്കറ്റ് നേടി.

76 റൺസ് നേടിയ ഷൗൺ റോജര്‍ മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്. 42.2 ഓവറിൽ കേരളം 155 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ രാജസ്ഥാന്റെ സലാവുദ്ദീന്‍ 4 വിക്കറ്റ് നേടി.

കേരള ബറോഡ മത്സരം ഉപേക്ഷിച്ചു, ഷൗണിനും രോഹനും ശതകം

വിനൂ മങ്കഡ് ട്രോഫിയിൽ കേരളവും ബറോഡയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 270/7 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരം തടസ്സപ്പെടുന്നത്. ഷൗൺ റോജറും രോഹന്‍ നായരും നേടിയ ശതകങ്ങളാണ് കേരളത്തിന് മികച്ച സ്കോര്‍ നല്‍കിയത്.

ഷൗൺ 121 റൺസും രോഹന്‍ പുറത്താകാതെ 100 റൺസും നേടിയപ്പോള്‍ ബറോഡയ്ക്ക് വേണ്ടി കരൺ ഉമട്ട് നാല് വിക്കറ്റ് നേടി.

പഞ്ചാബിനോട് തകര്‍ന്ന് കേരളം, 120 റൺസിന് പുറത്ത്

വിനൂ മങ്കഡ് ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് കേരളം. പ‍ഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 42.5 ഓവറിൽ 120 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 25 റൺസ് നേടിയ രോഹന്‍ നായര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഒമര്‍ അബൂബക്കര്‍(22), വരുൺ നായനാര്‍(16), അഭിഷേക് ജെ നായര്‍ (15) എന്നിവരാണ് രണ്ടക്ക സ്കോര്‍ കണ്ടെത്തിയ മറ്റു താരങ്ങള്‍.

5 വിക്കറ്റ് നേടിയ ഹര്‍ഷ്ദീപ് സിംഗ് ആണ് പഞ്ചാബിന്റെ ബൗളിംഗ് നിരയിൽ തിളങ്ങിയത്. യഷ്പാവന്‍ജോത് സിംഗ് മൂന്ന് വിക്കറ്റും നേടി.

ഹരിയാനയ്ക്ക് 55 റൺസ് വിജയം, കേരളത്തിന് ആദ്യ തോല്‍വി

വിനൂ മങ്കഡ് ട്രോഫിയിൽ ആദ്യ തോല്‍വിയേറ്റ് വാങ്ങി കേരളം. ഹരിയാനയ്ക്കെതിരെ 55 റൺസിന്റെ പരാജയം ആണ് ടീം ഇന്ന് ഏറ്റുവാങ്ങിയത്. 295/7 എന്ന് സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ഹരിയാന നേടിയത്. അഹാന്‍ പോഡ്ഡര്‍(84), ദിനേഷ് ബാന(70*) എന്നിവര്‍ക്കൊപ്പം നിഷാന്ത് സിന്ധു(44), അരുൺ കുമാര്‍(39) എന്നിവരാണ് ഹരിയാനയ്ക്കായി റൺസ് കണ്ടെത്തിയത്. കേരളത്തിനായി മോഹിത് ഷിബു മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി വരുൺ നായനാരും(60), ഷൗൺ റോജറും(58) അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയാതെ പോയപ്പോള്‍ കേരളം 49.2 ഓവറിൽ 240 റൺസിന് ഓള്‍ഔട്ട് ആയി. ഹരിയാനയ്ക്കായി നിഷാന്ത് സിന്ധു മൂന്നും വിവേക് കുമാര്‍, അനുജ് താക്രൽ, അര്‍മാന്‍ ജാക്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഉത്തരാഖണ്ഡിനെതിരെ കരുത്ത് കാട്ടി കേരളം, വിനൂ മങ്കഡ് ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം ജയം

ആദ്യ മത്സരത്തിൽ ബംഗാളിനോട് ത്രസിപ്പിക്കുന്ന വിജയം നേടിയെടുത്ത കേരളത്തിന് വിനൂ മങ്കഡ് ട്രോഫിയിൽ ഇന്ന് രണ്ടാമത്തെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാണ്ഡിനെ 39.2 ഓവറിൽ 133 റൺസിന് പുറത്താക്കിയ ശേഷം കേരളം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 39 ഓവറിൽ മറികടക്കുകയായിരുന്നു.

മോഹിത് ഷിബു, വിനയ് വര്‍ഗീസ്, പ്രീതിഷ്, ഷൗൺ റോജര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയാണ് കേരള ബൗളര്‍മാരിൽ തിളങ്ങിയത്. വിജയ് എസ് വിശ്വനാഥും ഗൗതം മോഹനും ഓരോ വിക്കറ്റും നേടി. 88/9 എന്ന നിലയിലേക്ക് വീണ ഉത്തരാഖണ്ഡിനെ 45 റൺസിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 29 റൺസ് നേടിയ സത്യം ബാലിയനും 19 റൺസുമായി പുറത്താകാതെ നിന്ന സുഹൈലുമാണ് ഈ ചെറുത്തുനില്പുയര്‍ത്തിയത്. സന്‍സ്കാര്‍ റാവത് 25 റൺസ് നേടി.

കേരളത്തിനായി അഭിഷേക് ജെ നായര്‍ 37 റൺസുമായി ടോപ് സ്കോറര്‍ ആയി. ഷൗൺ റോജര്‍(22), രോഹന്‍ നായര്‍(22) എന്നിവര്‍ക്കൊപ്പം പ്രീതിഷ് 16 റൺസുമായി പുറത്താകാതെ നിന്നു. ആസിഫ് അലിയാണ്(8*) പുറത്താകാതെ നിന്ന മറ്റൊരു ബാറ്റ്സ്മാന്‍. ക്യാപ്റ്റന്‍ വരുൺ നായനാര്‍ 14 റൺസ് നേടി പുറത്തായി.

രക്ഷയ്ക്കെത്തി പ്രീതിഷ് – ഗൗതം മോഹന്‍ കൂട്ടുകെട്ട്, ലോ സ്കോറിംഗ് ത്രില്ലറിൽ കേരളത്തിന് 1 വിക്കറ്റ് വിജയം

വിനൂ മങ്കഡ് ട്രോഫിയിൽ ബംഗാളിനെ 119 റൺസിന് ഓള്‍ഔട്ടാക്കിയ ശേഷം ലക്ഷ്യം തേടിയിറങ്ങിയ കേരളം ഒരു ഘട്ടത്തിൽ 71/6 എന്ന നിലയിലേക്ക് വീണുവെങ്കിലും ടീമിന്റെ വിജയം ഉറപ്പാക്കി പ്രീതിഷ് – ഗൗതം മോഹന്‍ കൂട്ടുകെട്ട്.

ഏഴാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയ 39 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ കേരളത്തിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. വിജയം 10 റൺസ് അകലെയുള്ളപ്പോള്‍ പ്രീതിഷ്(29) പുറത്തായെങ്കിലും ഗൗതം മോഹന്‍ ടീമിന്റെ വിജയം ഉറപ്പാക്കി.

എട്ടാം വിക്കറ്റിൽ ഗൗതവും വിജയ് എസ് വിശ്വനാഥും ചേര്‍ന്ന് എട്ട് റൺസ് കൂടി നേടിയെങ്കിലും 5 റൺസ് നേടിയ വിജയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. അതേ ഓവറിൽ മോഹിത് ഷിബുവിന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായപ്പോള്‍ സ്കോറുകള്‍ ഒപ്പത്തിനൊപ്പമായിരുന്നു. രവി കുമാറിനാണ് ഇരു വിക്കറ്റുകളും ലഭിച്ചത്.

ഗൗതം മോഹന്‍ 24 റൺസുമായി പുറത്താകാതെ നിന്നു.

ആറ് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിജയം നേടുവാനാകാതെ കേരളം

സൗരാഷ്ട്രയ്ക്കെതിരെ വിനൂ മങ്കഡ് ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് കേരളത്തിന് 167/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ കഴിയുന്നത്ര പൊരുതി നോക്കി സൗരാഷ്ട്രയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഒടുവില്‍ 4 വിക്കറ്റ് ജയം സ്വന്തമാക്കി സൗരാഷ്ട്ര. ചെറിയ ലക്ഷ്യം 33 ഓവറിലാണ് സൗരാഷ്ട്ര മറികടന്നത്. 37 റണ്‍സ് നേടിയ ഓപ്പണര്‍ പ്രശാം തപന്‍ രാജ്ദേവും 56 റണ്‍സ് നേടിയ ഭാഗ്യരാജ്സിംഗ് ചുഡാസാമയും ചേര്‍ന്നാണ് സൗരാഷ്ട്രയുടെ വിജയം ഉറപ്പാക്കിയത്. ഹെത്വിക് സിറ്റാന്‍ഷുവും(20) സിദ്ധാന്ത് ജയ്ദേവ്സിംഗ് റാണയും(17) നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

കേരളത്തിനായി കിരണ്‍ സാഗര്‍ മൂന്നും ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ രണ്ടും വിക്കറ്റ് നേടി.

വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് ബാറ്റിംഗ് ദുഷ്കരം തന്നെ, തിളങ്ങിയത് വരുണ്‍ ദീപക് നായനാര്‍ മാത്രം

വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് വീണ്ടും മോശം ബാറ്റിംഗ് പ്രകടനം. സൗരാഷ്ട്രയ്ക്കെതിരെ ഇന്നത്തെ മത്സരത്തില്‍ കേരളത്തിന് 50 ഓവറില്‍ നിന്ന് 167/6 എന്ന സ്കോര്‍ മാത്രമാണ് നേടാനായത്. 69 റണ്‍സ് നേടിയ വരുണ്‍ ദീപക് നായനാര്‍ മാത്രമാണ് കേരള നിരയില്‍ തിളങ്ങിയത്. ഷൗന്‍ ആന്റണി റോജര്‍ 39 റണ്‍സും നേടി. നീരജ് സെല്‍വന്‍ 22 റണ്‍സും നേടി. സൗരാഷ്ട്രയ്ക്ക് വേണ്ടി ആദിത്യസിന്‍ഹ ഹനുബ ജഡേജ മൂന്ന് വിക്കറ്റ് നേടി.

മുന്‍ മത്സരങ്ങളിലും കേരളത്തിന് ബാറ്റിംഗ് മികവ് നേടാനായിരുന്നില്ല. ഹിമാച്ചലിനെതിരെ ബൗളിംഗ് കരുത്തില്‍ കേരളം വിജയം കുറിയ്ക്കുകയായിരുന്നു.

വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് വീണ്ടും മോശം ബാറ്റിംഗ് പ്രകടനം

വിനൂ മങ്കഡ് ട്രോഫിയില്‍ ഹിമാച്ചല്‍ പ്രദേശിനെതിരെ മോശം ബാറ്റിംഗ് പ്രകടനവുമായി കേരളം. ഇന്ന് ഗുവഹാട്ടിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് മാത്രമാണ് നേടിയത്. ആദിദേവ് 53 റണ്‍സും വരുണ്‍ ദീപക് നായനാര്‍ 55 റണ്‍സും നേടിയെങ്കിലും ആര്‍ക്കും തന്നെ വേണ്ടത്ര വേഗത ഇന്നിംഗ്സിന് നല്‍കുവാന്‍ കഴിയാതെ പോയപ്പോള്‍ കേരളത്തിന്റെ ബാറ്റിംഗിന് 161 റണ്‍സ് മാത്രമേ സ്കോര്‍ ചെയ്യുവാന്‍ സാധിച്ചുള്ളു.

വെറും 3.22 എന്ന റണ്‍ റേറ്റിലാണ് കേരളത്തിന്റെ സ്കോറിംഗ്. ഹിമാച്ചലിന് വേണ്ടി ശിവം ശര്‍മ്മ 34 റണ്‍സ് വിട്ട് നല്‍കി 4 വിക്കറ്റ് നേടി.

67 റണ്‍സിന് ഓള്‍ഔട്ടായി കേരളം, 7 വിക്കറ്റ് വിജയം സ്വന്തമാക്കി ബറോഡ

ബറോഡയ്ക്കെതിരെ വിനു മങ്കഡ് ട്രോഫിയില്‍ കേരളത്തിന്റെ മോശം പ്രകടനം. ആദ്യം ബാറ്റ് ചെയ്ത കേരളം 35.5 ഓവറില്‍ 67 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ മറികടന്ന് 7 വിക്കറ്റിന്റെ വിജയം കരസ്ഥമാക്കി ബറോഡ. 34 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് ഹാരിസ് കൈഫ് ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ബറോഡയ്ക്ക് വേണ്ടി അര്‍ച്ചര്‍ പരാഗ് കോത്താരി നാല് വിക്കറ്റും മല്‍ഹാര്‍ ഹരേഷ്ഭായി ഖേവാരിയ മൂന്ന് വിക്കറ്റും നേടി.

ശാശ്വത് റാവത്ത് പുറത്താകാതെ 34 റണ്‍സ് നേടിയാണ് ബറോഡയുടെ വിജയം ഉറപ്പാക്കിയത്. ടീമിന് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ വിജയം അനായാസമായി നേടുവാനായി.

Exit mobile version