തിളങ്ങിയത് സമ‍ർത്ഥ് മാത്രം സെമിയിൽ കര്‍ണ്ണാടക പതറി, സൗരാഷ്ട്രയ്ക്കെതിരെ പുറത്തായത് 171 റൺസിന്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരത്തിൽ കര്‍ണ്ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ സൗരാഷ്ട്ര ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം എതിരാളികളെ 49.1 ഓവറിൽ 171 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

സൗരാഷ്ട്രയ്ക്കായി ജയ്ദേവ് ഉനഡ്കട് നാല് വിക്കറ്റ് നേടിയാണ് കര്‍ണ്ണാടകയുടെ നടുവൊടിച്ചത്. 10 ഓവറിൽ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 4 വിക്കറ്റുകളാണ് താരം നേടിയത്. പ്രേരക് മങ്കഡ് 2 വിക്കറ്റും നേടി. 88 റൺസ് നേടിയ രവികുമാര്‍ സമ‍ർത്ഥ് മാത്രമാണ് കര്‍ണ്ണാടക ബാറ്റിംഗിൽ തിളങ്ങിയത്. ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ 22 റൺസ് നേടിയ മനോജ് ഭണ്ടാഗേ ആണ്.

കര്‍ണ്ണാടകയ്ക്ക് മുന്നിൽ പഞ്ചാബ് മുട്ടുമടക്കി

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കടന്ന് കര്‍ണ്ണാടക. ഇന്ന് പഞ്ചാബിനെ 235 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 4 പന്ത് അവശേഷിക്കെയാണ് ടീം 4 വിക്കറ്റ് വിജയം നേടിയത്. അഭിഷേക് ശര്‍മ്മ നേടിയ ശതകം(109) ആണ് പഞ്ചാബിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 4 വിക്കറ്റ് നേടിയ വിദ്വത് കാവേരപ്പയാണ് പഞ്ചാബിന്റെ നടുവൊടിച്ചത്.

71 റൺസ് നേടിയ രവികുമാര്‍ സമര്‍ത്ഥിനൊപ്പം ശ്രേയസ്സ് ഗോപാൽ(42), മനീഷ് പാണ്ടേ(35), നികിന്‍ ജോസ്(29) എന്നിവരാണ് കര്‍ണ്ണാടകയുടെ വിജയം ഉറപ്പാക്കിയത്.

പടിക്കലിനും സമര്‍ത്ഥിനും ശതകം, കേരളത്തിന് വമ്പന്‍ ലക്ഷ്യം നല്‍കി കര്‍ണ്ണാടക

ഓപ്പണര്‍മാര്‍ വീണ്ടും മികവ് പുലര്‍ത്തിയപ്പോള്‍ കേരളത്തിനെതിരെ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 338 റണ്‍സ് നേടി കര്‍ണ്ണാടക. ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ കര്‍ണ്ണാടകയ്ക്കായി രവികുമാര്‍ സമര്‍ത്ഥും ദേവ്ദത്ത് പടിക്കലും മിന്നും ഫോമില്‍ ഓപ്പണിംഗില്‍ ബാറ്റ് വീശുകയായിരുന്നു.

ബേസില്‍ എന്‍പിയാണ് 249 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 119 പന്തില്‍ 101 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിനെയാണ് ബേസില്‍ പുറത്താക്കിയത്. ദേവ്ദത്ത് പടിക്കല്‍ 10 ഫോറും രണ്ട് സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി.

പടിക്കല്‍ പുറത്തായ ശേഷം മനീഷ് പാണ്ടേയുമായി 168 റണ്‍സാണ് സമര്‍ത്ഥ് നേടിയത്. എന്നാല്‍ താരത്തിന് തന്റെ ഇരട്ട ശതകം എട്ട് റണ്‍സ് അകലെ നഷ്ടമായി. 158 പന്തില്‍ നിന്ന് 192 റണ്‍സ് നേടിയ രവികുമാര്‍ സമര്‍ത്ഥ് 22 ഫോറും 3 സിക്സും നേടി. സമര്‍ത്ഥിന്റെ വിക്കറ്റും ബേസില്‍ എന്‍പിയ്ക്ക് ആയിരുന്നു.

അതേ ഓവറില്‍ കൃഷ്ണപ്പ ഗൗതമിനെയും വീഴ്ത്തി ബേസില്‍ എന്‍പി തന്റെ മൂന്നാം വിക്കറ്റ് നേടി. മനീഷ് പാണ്ടേ പുറത്താകാതെ 20 പന്തില്‍ നിന്ന് 34 റണ്‍സ് നേടി.

കേരളത്തിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ദേവ്ദത്ത് പടിക്കലും സംഘവും

കേരളം നല്‍കിയ 277 എന്ന സ്കോര്‍ മറികടന്ന് കര്‍ണ്ണാടക. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ആദ്യത്തെ പരാജയമാണ് ഇത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 8 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടിയത്.

കര്‍ണ്ണാടക ബാറ്റ്സ്മാന്മാര്‍ക്ക് പ്രശ്നം സൃഷ്ടിക്കുവാന്‍ കേരളത്തിന് സാധിക്കാതെ പോയപ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 45.3 ഓവറില്‍ നിന്നാണ് കര്‍ണ്ണാടക വിജയം ഉറപ്പാക്കിയത്. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥും(62) ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് 99 റണ്‍സാണ് 18.2 ഓവറില്‍ നേടിയത്.

സമര്‍ത്ഥിനെ ജലജ് സക്സേന പുറത്താക്കിയെങ്കിലും പടക്കിലിനൊപ്പം കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ത്ഥ് ക്രീസിലെത്തിയതോടെ കര്‍ണ്ണാടക മത്സരത്തില്‍ പിടിമുറുക്കി. രണ്ടാം വിക്കറ്റില്‍ 180 റണ്‍സാണ് ഇരുവരും നേടിയത്. ദേവ്ദത്ത് 126 റണ്‍സും സിദ്ധാര്‍ത്ഥ് 86 റണ്‍സും നേടി.

279 റണ്‍സ് നേടിയാണ് കര്‍ണ്ണാടക തങ്ങളുടെ 9 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്.

ആധിപത്യം ഉറപ്പിച്ച് ഇന്ത്യ എ, ലീഡ് 286 റണ്‍സ്, പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം നഷ്ടം

വിന്‍ഡീസ് എ ടീമിനെതിരെ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ ടീം. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം വിന്‍ഡീസ് 383 റണ്‍സ് സ്കോര്‍ ചെയ്ത് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര പുറത്തെടുത്ത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 536/4 എന്ന നിലയിലാണ്.

മയാംഗ് അഗര്‍വാലാണ് മൂന്നാം ദിവസം ആദ്യം പുറത്തായ താരം. 159/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 68 റണ്‍സ് നേടിയ മയാംഗിനെ നഷ്ടമായെങ്കിലും പൃഥ്വി ഷായും രവികുമാര്‍ സമര്‍ത്ഥും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 158 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

188 റണ്‍സ് നേടിയ പൃഥ്വി ഷായ്ക്ക് തന്റെ ഇരട്ട ശതകം നഷ്ടമായി. ഇതിനിടെ രവികുമാര്‍ തന്റെ ശതകം നേടി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 77 റണ്‍സുമായി കരുണ്‍ നായരും 6 റണ്‍സ് നേടി വിജയ് ശങ്കറുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് മത്സരത്തില്‍ 286 റണ്‍സ് ലീഡാണ് സ്വന്തമാക്കാനായത്.

വിന്‍ഡീസിനായി ഷെര്‍മന്‍ ലൂയിസ് രണ്ടും ചെമര്‍ ഹോള്‍ഡര്‍, ഡെവണ്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version