പഞ്ചാബിനെയും വീഴ്ത്തി കേരളം ജൈത്രയാത്ര തുടരുന്നു

ആദ്യ മത്സരത്തില്‍ ബറോഡയ്ക്കെതിരെ പൊരുതി കീഴടങ്ങിയ ശേഷം മുംബൈയെ രണ്ടാം മത്സരത്തില്‍ കീഴടക്കിയ കേരളത്തിന് മൂന്നാം മത്സരത്തില്‍ പഞ്ചാബിനെതിരെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 216 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ 50 ഓവറില്‍  9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിന് ഒതുക്കി 67 റണ്‍സിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു.

പുറത്താകാതെ 50 റണ്‍സ് നേടിയ മീന ആണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറര്‍. 18 റണ്‍സ് നേടിയ റിഥിമ അഗര്‍വാല്‍ ആണ് പഞ്ചാബ് നിരയിലെ മറ്റൊരു പ്രധാന സ്കോറര്‍. കേരളത്തിനായി ജിപ്സ വി ജോസഫും അലീന സുരേന്ദ്രനും രണ്ട് വിക്കറ്റ് നേടി. മൂന്ന് പഞ്ചാബ് താരങ്ങള്‍ റണ്ണൗട്ടാകുകയായിരുന്നു.

വാലറ്റത്തോടൊപ്പം പൊരുതി നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച മീനയുടെ പ്രകടനം ആണ് പഞ്ചാബിന്റെ തോല്‍വി 67 റണ്‍സാക്കി കുറച്ചത്. ഒരു ഘട്ടത്തില്‍ 96/9 എന്ന നിലയിലായിരുന്ന പഞ്ചാബിന് വേണ്ടി മീനയും കോമല്‍ പ്രീത് കൗറും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 53 റണ്‍സാണ് നേടിയത്. കോമല്‍പ്രീത് കൗര്‍ പുറത്താകാതെ 22 റണ്‍സ് നേടി.

Exit mobile version