“ധവാൻ ലോകകപ്പിൽ നിന്ന് പുറത്തല്ല, സെമിക്ക് മുന്നേ തിരികെ എത്തുമെന്ന് പ്രതീക്ഷ” – കോഹ്ലി

പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിക്കർ ധവാൻ ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ന് ന്യൂസിലാൻഡിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി അടിച്ച ധവാന് പരിക്കേറ്റത് ഇന്ത്യൻ ക്യാമ്പിൽ നിരാശ പരത്തിയിരുന്നു.

ധവാൻ രണ്ടാഴ്ചയോളം പ്ലാസ്റ്റർ ഇടെണ്ടി വരും എന്നും അതിനു ശേഷം കളിക്കാൻ പറ്റുമോ എന്നതിൽ തീരുമാനം എടുക്കും എന്നും കോഹ്ലി പറഞ്ഞു. ധവാൻ ഇന്ത്യയുടെ അവസാന ലീഗ് മത്സരങ്ങൾക്ക് മുമ്പ് തന്നെ തിരികെ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സെമി ഫൈനലിലും ധവാൻ ഉണ്ടാകും. കോഹ്ലി പ്രതീക്ഷ പ്രകടിപ്പിച്ചു.

മഴയില്‍ മുങ്ങി മറ്റൊരു മത്സരം കൂടി, ട്രെന്റ് ബ്രിഡ്ജില്‍ പോയിന്റ് പങ്കുവെച്ച് ഇന്ത്യയും ന്യൂസിലാണ്ട്

ലോകകപ്പ് 2019ലെ നാലാം മത്സരവും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള മത്സരമാണ് ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ടത്. ഇതിനു മുമ്പ് ലോകകപ്പുകളില്‍ രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഈ ലോകകപ്പില്‍ മാത്രമായി ഇത് നാല് മത്സരങ്ങളായി ഇത്തരത്തില്‍ മഴയില്‍ മുങ്ങി നശിക്കുന്നത്.

ഈ ആഴ്ചയിലെ ഇത് മൂന്നാമത്തെ മത്സരമാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇതോടെ ന്യൂസിലാണ്ടിനു 7 പോയിന്റും ഇന്ത്യയ്ക്ക് അഞ്ച് പോയിന്റുമാണ് കൈവശമുള്ളത്. ഓസ്ട്രേലിയ ആറ് പോയിന്റുമായി ന്യൂസിലാണ്ടിനു പുറകില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഒരു യുവ ആരാധകന് നല്‍കി ഡേവിഡ് വാര്‍ണര്‍

ഇന്നലെ ഓസ്ട്രേലിയയുടെ പാക്കിസ്ഥാനെതിരെയുള്ള വിജയത്തില്‍ ശതകവുമായി നിര്‍ണ്ണായക സ്വാധീനമായി മാറിയ ഡേവിഡ് വാര്‍ണര്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കാണികള്‍ക്കിടയിലുള്ള ഒരു യുവ ആരാധകനാണ് നല്‍കിയത്. ദേശീയ ടീമിലേക്കുള്ള മടങ്ങി വരവിനു ശേഷം തന്റെ ആദ്യ ശതമാണ് താരം നേടിയത്. തിരിച്ച് വന്ന ശേഷം മികച്ച ഫോമിലുള്ള താരം മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ശതകം നേടുന്നത് ഇതാദ്യമായിട്ടായിരുന്നു.

https://twitter.com/cricketworldcup/status/1138872831788376064

കേപ് ടൗണ്‍ വിവാദത്തിനു ശേഷം കാണികളുടെ സമ്മതി നേടിയെടുക്കുവാനായാണ് ഡ്രെസ്സിംഗ് റൂമിലേക്കുള്ള തന്റെ യാത്രക്കിടയില്‍ സ്റ്റാന്‍ഡിലുള്ള ഓസ്ട്രേലിയന‍് ആരാധകന് താരം ഈ സമ്മാം നല്‍കിയത്. ദേശീയ കൊടിയില്‍ വാര്‍ണര്‍ തന്റെ ഓട്ടോഗ്രാഫും അവാര്‍ഡിനൊപ്പം നല്‍കി.

ട്രെന്റ് ബ്രിഡ്ജില്‍ ടോസ് വൈകും

ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ-ന്യൂസിലാണ്ട് മത്സരത്തിന്റെ ടോസ് വൈകുമെന്ന് അറിയിച്ച് ബിസിസിഐ. മഴ മാറി നില്‍ക്കുകയാണെങ്കിലും നേരത്തെ മഴ പെയ്തതിനാല്‍ ഗ്രൗണ്ട് കളിയ്ക്ക് അനുയോജ്യമാക്കുവാനുള്ള ശ്രമം ഗ്രൗണ്ട് സ്റ്റാഫ് നടത്തി വരികയാണ്. ഇന്ന് മൂന്ന് മണിയ്ക്ക് ഒരു പരിശോധനയുണ്ടെന്നാണ് ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

3 മണിയുടെ പരിശോധന കഴിഞ്ഞ ശേഷം മാത്രമേ എത്ര മണിയ്ക്ക് കളി ആരംഭിക്കുമെന്ന് അറിയാനാകൂ.

ഹസന്‍ അലിയും വഹാബും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി

ഹസന്‍ അലിയും വഹാബ് റിയാസും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് സമ്മതിച്ച് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ഇരുവരും വെടിക്കെട്ട് ബാറ്റിംഗിനു പേര് കേട്ടവരാണ്. 160/6 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ പുറത്തെടുത്ത പോരാട്ട വീര്യം പ്രശംസനീയമാണെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു. മികച്ച പന്തെറിയുവാന്‍ ശ്രമിച്ച് ഒന്ന് പിഴച്ചാല്‍ ഗ്രൗണ്ട് ചെറുതായതിനാല്‍ തന്നെ സിക്സുകളുടെ പെരുമഴയായിരിക്കുമെന്നതിനാല്‍ തന്നെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ ശ്രമകരമായിരുന്നു.

50 ഓവര്‍ തികച്ച് ബാറ്റ് ചെയ്തില്ലെന്നതും മോശം കാര്യമാണ്. ഓസ്ട്രേലിയ ഒരു അധികം ബാറ്റ്സ്മാനുമായാണ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്, എന്നിട്ടും ടീം ഓള്‍ഔട്ട് ആയത് മോശമാണ്. സംപയെ പുറത്തിരുത്തുകയെന്നത് ശ്രമകരമായ തീരുമാനമായിരുന്നു, പക്ഷേ ഒരു ബാറ്റിംഗ് ഓള്‍റൗണ്ടര്‍ പരിക്കേറ്റ് പുറത്ത് പോകുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ കടുത്ത തീരുമാനമാണെങ്കിലും എടുക്കേണ്ടതായി വരുമെന്നും ഫിഞ്ഞ് പറഞ്ഞു. സംപ മികച്ച രീതിയില്‍ പന്തെറിയുകയായിരുന്നുവെന്നതിനാല്‍ തന്നെ താരത്തെ പുറത്തിരുത്തുക വലിയ പ്രയാസമേറിയ തീരുമനമായിരുന്നുവെന്നും ഓസ്ട്രേലിയന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

15 പന്തിനിടെ നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ തിരിച്ചടിയായി, അമീര്‍ അല്ലാതെ ആരും മികച്ച രീതിയില്‍ പന്തെറിഞ്ഞില്ല

പാക്കിസ്ഥാന്റെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള തോല്‍വിയില്‍ ഏറെ നിരാശയുണ്ടെന്ന് പറഞ്ഞ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഈ പിച്ച് 270-280 പിച്ചായിരുന്നുവെന്നാണ് തന്റെ വിലയിരുത്തലെന്നും ഓസ്ട്രേലിയയെ 300 കടക്കുവാന്‍ അനുവദിച്ചതാണ് ആദ്യ തിരിച്ചടിയെന്ന് സര്‍ഫ്രാസ് പറഞ്ഞു. മുഹമ്മദ് അമീര്‍ ഒഴികെ ആരും തന്നെ മികച്ച രീതിയില്‍ പന്തെറിഞ്ഞില്ലെന്നതാണ് സത്യം. 350നു മേല്‍ ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ സ്കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും പിന്നീട് അമീറിന്റെ പ്രകടനം ടീമിനെ തിരികെ മത്സരത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ബാറ്റിംഗില്‍ വഹാബും ഹസന്‍ അലിയും ബാറ്റ് ചെയ്തു. ടോപ് ഓര്‍ഡറിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇമാം ഉള്‍ ഹക്കും മുഹമ്മദ് ഹഫീസും റണ്‍സ് കണ്ടെത്തിയെങ്കിലും 15 പന്തിനിടെ മൂന്ന് വിക്കറ്റുകള്‍ വീണ് 160/6 എന്ന നിലയിലേക്ക് ടീം ചെന്നെത്തിയത് തിരിച്ചടിയായി. മത്സരങ്ങള്‍ വിജയിക്കുവാനായി ആദ്യ നാല് സ്ഥാനക്കാരില്‍ നിന്ന് മികച്ച പ്രകടനം ആവശ്യമാണ്, അവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് നയിക്കാനായാല്‍ മാത്രമേ മത്സരങ്ങള്‍ വിജയിക്കുകയുള്ളുവെന്നും ഇന്ത്യയ്ക്കെതിരെ തങ്ങളുടെ മികവ് പുറത്തെടുക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും സര്‍ഫ്രാസ് പറഞ്ഞു.

മുഴുവന്‍ ഓവറുകള്‍ താന്‍ ബാറ്റ് ചെയ്യണമായിരുന്നു, ശതകം ഒരു ബാറ്റ്സ്മാന് എന്നും സ്പെഷ്യല്‍ – ഡേവിഡ് വാര്‍ണര്‍

താന്‍ പുറത്താകുമ്പോള്‍ വെറും 70 പന്തുകള്‍ മാത്രമായിരുന്നു ഇന്നിംഗ്സില്‍ ബാക്കിയെന്നും താന്‍ ആ പന്തുകള്‍ കൂടി ബാറ്റ് ചെയ്യണമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാനെതിരെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ഡേവിഡ് വാര്‍ണര്‍. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ഇത്രയും ഓവറുകള്‍ ക്രീസില്‍ ചെലവഴിച്ച ശേഷം 50 ഓവറും ബാറ്റ് ചെയ്യുക എന്നതാണ് പ്രധാനം, താന്‍ സെറ്റായതിനാല്‍ താന്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.

350 റണ്‍സിനു മേല്‍ സ്കോര്‍ ചെയ്യേണ്ടതായിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് വാര്‍ണര്‍ സമ്മതിച്ചു. അവരുടെ ബൗളര്‍മാരുടെ രണ്ടാം സ്പെല്‍ തകര്‍പ്പനായിരുന്നു. ബാറ്റ്സ്മാന്മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെയാണ് അവര്‍ പന്തെറിഞ്ഞത്. എന്നാല്‍ 300 കടന്നതിനാല്‍ തന്നെ ബൗളര്‍മാര്‍ വിജയം ഒരുക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.

സച്ചിന്റെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലി ഇന്നിറങ്ങുന്നു

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 11000 റൺസ് തികച്ച സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ ഇന്ത്യൻ വിരാട് കോഹ്‌ലി ഇന്നിറങ്ങുന്നു. ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇറങ്ങുമ്പോഴാണ് സച്ചിന്റെ റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്‍ലിക്ക് അവസരം കൈവന്നിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ 57 റൺസ് നേടുകയാണെങ്കിൽ വിരാട് കോഹ്‌ലി ഏകദിനത്തിൽ 11000 റൺസ് എന്ന നേട്ടം കൈവരിക്കും.

ന്യൂസിലാൻഡിനെതിരെയുള്ള മത്സരം വിരാട് കോഹ്‌ലിയുടെ 222മത്തെ ഏകദിന മത്സരമാണ്.  276 ഏക ദിന മത്സരങ്ങൾ കളിച്ചതിനു ശേഷമാണു സച്ചിൻ 11000 റൺസ് നേടിയത്. ഈ നേട്ടം മറികടക്കാൻ ഇന്ന് 57 റൺസ് എടുത്താൽ വിരാട് കോഹ്‌ലിക്ക് കഴിയും.  ഏകദിനത്തിൽ 11000 റൺസ് നേടുന്ന മൂന്നാമത്തെ താരം മാത്രമാവും വിരാട് കോഹ്‌ലി. 18426 റൺസ് എടുത്ത സച്ചിൻ ടെണ്ടുൽക്കറും 11363 റൺസ് എടുത്ത സൗരവ് ഗാംഗുലിയുമാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.

ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ തന്റെ പതിവ് ഫോം പുറത്തെടുക്കാൻ വിരാട് കോഹ്‌ലിക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ 82 റൺസ് എടുത്ത കോഹ്‌ലി താൻ ഫോമിലാണെന്ന് തെളിയിച്ചിരുന്നു.

ലോകകപ്പിലെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദ് അമീര്‍

ലോകകപ്പ് 2019ല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി മാറി മുഹമ്മദ് അമീര്‍. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ ടീം പരാജയപ്പെട്ടുവെങ്കിലും തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച് മുഹമ്മദ് അമീര്‍ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. പത്തോവറില്‍ നിന്ന് 30 റണ്‍സ് മാത്രം വഴങ്ങി അമീര്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അതില്‍ 2 മെയ്ഡന്‍ ഓവറുകളുമുണ്ടായിരുന്നു. തന്റെ സ്പെല്ലില്‍ വെറും ഒരു ഫോര്‍ മാത്രമാണ് താരം വഴങ്ങിയത്.

ടെസ്റ്റ് കളിയ്ക്കുന്ന രാജ്യത്തിനെതിരെ ലോകകപ്പിലെ ഒരു പാക്കിസ്ഥാന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ മുഹമ്മദ് അമീര്‍ പുറത്തെടുത്തത്. വസീം അക്രം നമീബിയയ്ക്കെതിരെ നേടിയ 28/5 എന്ന ഫിഗര്‍ ആണ് ലോകകപ്പിലെ പാക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അതേ സമയം 9 വിക്കറ്റുകളുമായി ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇവര്‍ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മുഹമ്മദ് അമീര്‍ 3 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണ്ണമെന്റില്‍ കളിച്ചത്.

ന്യൂസിലാണ്ട് താരങ്ങളായ ലോക്കി ഫെര്‍ഗൂസണ്‍(8 വിക്കറ്റ്), മാറ്റ് ഹെന്‍റി(7 വിക്കറ്റ്) എന്നിവര്‍ക്ക് പിന്നിലായി 6 വിക്കറ്റ് നേടി 5 താരങ്ങളാണ് വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനികളായി നില്‍ക്കുന്നത്. ഇവരില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലിനോടൊപ്പം മുഹമ്മദ് സൈഫുദ്ദീന്‍(ബംഗ്ലാദേശ്), ജെയിംസ് നീഷം(ന്യൂസിലാണ്ട്), ജോഫ്ര ആര്‍ച്ചര്‍(ഇംഗ്ലണ്ട്), ഒഷെയ്ന്‍ തോമസ്(വിന്‍ഡീസ്) എന്നിവരാണുള്ളത്.

കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് അമീര്‍, ശ്രമം വിഫലം

തന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം മുഹമ്മദ് അമീര്‍ നടത്തുമ്പോള്‍ അത് പാക്കിസ്ഥാന്റെ തിരിച്ചുവരവിന്റെ സൂചനകളായിരുന്നു നല്‍കിയത്. 350നു മേലുള്ള സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന ഓസ്ട്രേലിയയെ 84 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തി 307 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആക്കുമ്പോള്‍ അതില്‍ കന്നി അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് അമീറിന്റെ പ്രകടനം വേറിട്ട് നിന്നുവെങ്കിലും ടോപ് ഓര്‍ഡറിന്റെ പരാജയം ഈ ശ്രമം വിജയത്തിനോടൊപ്പം ആഘോഷിക്കുവാനുള്ള അമീറിന്റെ ആഗ്രഹം സാധിപ്പിക്കാതെ പോയി.

ലോകകപ്പിലെ പ്രാഥമിക 15 അംഗ സംഘത്തിലില്ലാതിരുന്ന താരമായിരുന്നു മുഹമ്മദ് അമീര്‍, എന്നാല്‍ അവസാനം വരുത്തിയ മൂന്ന് മാറ്റങ്ങളില്‍ പ്രധാനിയായിരുന്നു താരം. കഴിഞ്ഞ ഏറെ നാളായി താരം ഫോമിലല്ലാതിരുന്നപ്പോളും ലോകകപ്പില്‍ താരത്തിന്റെ സേവനം വേണമെന്ന സെലക്ടര്‍മാരുടെ തീരുമാനം ശരിയാകുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.

ഉദ്ഘാടന മത്സരത്തില്‍ വിന്‍ഡീസിനെതിരെ പാക് ബാറ്റിംഗ് തകര്‍ന്നപ്പോളും പാക്കിസ്ഥാന്‍ ബൗളിംഗില്‍ നിന്നുള്ള തീപാറും പ്രകടനം നയിച്ചത് അമീര്‍ ആയിരുന്നു. പത്തോവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ വെറും 30 റണ്‍സ് വിട്ട് നല്‍കിയാണ് അമീര്‍ തന്റെ അഞ്ച് വിക്കറ്റ് നേടിയത്.

ലക്ഷ്യബോധമില്ലാതെ പാക് ടോപ് ഓര്‍ഡര്‍, പൊരുതി നോക്കിയത് വഹാബ്-സര്‍ഫ്രാസ് കൂട്ടുകെട്ട്, ഓസ്ട്രേലിയയ്ക്കെതിരെ 41 റണ്‍സിന്റെ തോല്‍വി

307 റണ്‍സിനു ഓസ്ട്രേലിയയെ എറിഞ്ഞിട്ട് മികച്ച തിരിച്ചുവരവ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നടത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ വന്നപ്പോള്‍ 41 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ഇന്ന് 308 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് 266 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക് ബാറ്റ്സ്മാന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കാര്യങ്ങള്‍ ടീമിനു കൂടുതല്‍ ശ്രമകരമായി. 136/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് വീണതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

ഫകര്‍ സമനെ ആദ്യം തന്നെ നഷ്ടമായെങ്കിലും പിന്നീട് ഇമാം ഉള്‍ ഹക്ക് അര്‍ദ്ധ ശതകം നേടിയെങ്കിലും ബാബര്‍ അസം(30), മുഹമ്മദ് ഹഫീസ്(46) എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാതിരുന്നപ്പോള്‍ പാക് ബാറ്റിംഗ് ലക്ഷ്യ ബോധമില്ലാതെ നീങ്ങുകയായിരുന്നു. ഹസന്‍ അലിയുടെ 15 പന്തില്‍ നിന്നുള്ള 32 റണ്‍സും സര്‍ഫ്രാസ് അഹമ്മദ്-വഹാബ് റിയാസ് എന്നിവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമെല്ലാം പൊരുതി നോക്കിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്നു കുറച്ച് കൂടി ഉത്തരവാദിത്വമുള്ള പ്രകടനം വന്നിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നേനെ.

സര്‍ഫ്രാസും വഹാബ് റിയാസും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 64 റണ്‍സാണ് നേടിയതെങ്കിലും കൂട്ടുകെട്ട് മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍ക്കുകയായിരുന്നു. 45 റണ്‍സാണ് വഹാബ് റിയാസ് നേടിയത്. 2 ഫോറും 3 സിക്സുമാണ് താരത്തിന്റെ സംഭാവന.  ഏറെ വൈകാതെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 45.4 ഓവറില്‍ 266 റണ്‍സിനു അവസാനിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

ധവാന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനില്ല, താരം ടീമിനൊപ്പം തുടരുമെന്ന് അറിയിച്ച് സഞ്ജയ് ബംഗാര്‍

ലോകകപ്പില്‍ നിന്ന് പരിക്കേറ്റ ശിഖര്‍ ധവാനെ ഉടന്‍ മടക്കി അയയ്ക്കില്ലെന്നും താരത്തിനെ 10-12 ദിവസം കൂടി നിരീക്ഷണത്തില്‍ വെച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുെവെന്ന് ഇന്ത്യയുടെ ഉപ പരിശീലകന്‍ സഞ്ജയ് ബംഗാര്‍. ഓസ്ട്രേലിയയ്ക്കെതിരെ കളിയ്ക്കുന്നതിനിടെ കൈവിരലിനു പരിക്കേറ്റ താരത്തിനു ലോകകപ്പില്‍ ഇനി തുടര്‍ന്ന് കളിയ്ക്കാനാകുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ലെങ്കിലും ധവാനെ പോലെ വിലയേറിയ താരത്തെ ഇപ്പോള്‍ തന്നെ നഷ്ടപ്പെടുത്തുവാന്‍ ടീമിനു താല്പര്യമില്ലെന്ന് ബംഗാര്‍ അറിയിച്ചു.

ധവാന് കരുതല്‍ താരമെന്ന നിലയില്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് ബിസിസിഐ അറിയിച്ചുവെങ്കിലും ധവാന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയ ശേഷം മാത്രമേ ഋഷഭ് പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കുകയുള്ളു.

Exit mobile version