രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ മാറ്റമില്ല; കമ്മിൻസ് പുറത്ത്


ഡിസംബർ 4-ന് ഗാബയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിനുള്ള 14 അംഗ ടീമിൽ ഓസ്‌ട്രേലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലവിലുള്ള പുറംവേദന കാരണം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ തുടർച്ചയായ രണ്ടാം മത്സരത്തിൽ നിന്നും ഒഴിവാക്കി. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം നേടിയതിന് പിന്നാലെ സ്റ്റീവ് സ്മിത്ത് വീണ്ടും ടീമിനെ നയിക്കും.

അരങ്ങേറ്റക്കാരനായ ബ്രെൻഡൻ ഡോഗറ്റ്, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്, മൈക്കിൾ നെസർ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കമ്മിൻസ് മാത്രമല്ല, പേസർ ജോഷ് ഹേസൽവുഡും പരിക്ക് കാരണം ടീമിൽ നിന്നും പുറത്താണ്. ഉസ്മാൻ ഖവാജ ടീമിൽ സ്ഥാനം നിലനിർത്തിയെങ്കിലും ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്. ബ്യൂ വെബ്സ്റ്റർ, ജോഷ് ഇംഗ്ലിസ് എന്നിവർ ടീമിൽ ബാക്കപ്പുകളായി തുടരും.


ഒരു പിങ്ക്-ബോൾ മത്സരത്തിലേക്ക് തിടുക്കത്തിൽ കൊണ്ടുവരുന്നതിന് പകരം, പരമ്പരയുടെ നീണ്ട കാലയളവ് പരിഗണിച്ച് കമ്മിൻസിന്റെ വീണ്ടെടുക്കലിന് മുൻഗണന നൽകുന്ന ഈ ജാഗ്രതയോടെയുള്ള സമീപനം ഉചിതമാണ്. പ്രത്യേകിച്ചും ഓസ്‌ട്രേലിയയുടെ പേസ് ബൗളിംഗ് കരുത്ത് ഇതിനോടകം പ്രകടമായ സാഹചര്യത്തിൽ. ആദ്യ ടെസ്റ്റിലെ തകർച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താനുള്ള സമ്മർദ്ദത്തിലാണ് ഇംഗ്ലണ്ട്.

ബ്രിസ്‌ബേൻ ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയക്ക് ആശ്വാസം: ഹേസൽവുഡും കമ്മിൻസും നെറ്റ്‌സിൽ


പെർത്തിൽ നടന്ന ആദ്യ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്ത് പരമ്പരയിൽ 1-0ന് മുന്നിലെത്തിയതിന് പിന്നാലെ, ബ്രിസ്‌ബേനിൽ നടക്കുന്ന ഡേ-നൈറ്റ് രണ്ടാം ആഷസ് ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയക്ക് ആശ്വാസ വാർത്ത. പരിക്കിൽ നിന്ന് മുക്തരായി ഫാസ്റ്റ് ബൗളർമാരായ ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും സിഡ്‌നിയിലെ നെറ്റ്‌സിൽ പരിശീലനം പുനരാരംഭിച്ചു.



പെർത്ത് ടെസ്റ്റിന് തൊട്ടുമുമ്പ് ന്യൂ സൗത്ത് വെയിൽസിനായുള്ള ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ഹാംസ്ട്രിംഗ് വലിവ് കാരണം ടീമിൽ നിന്ന് പുറത്തായ ഹേസിൽവുഡ് (34) പരമ്പരയിലെ ആദ്യ മത്സരം നഷ്ടപ്പെടുത്തിയിരുന്നു. സിഡ്‌നിയിലെ നെറ്റ്‌സിൽ അദ്ദേഹം റെഡ് ബോളിൽ പരിശീലനം നടത്തി. എങ്കിലും ഡിസംബർ 4-ന് ഗാബയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്നാണ് ടീം മാനേജ്‌മെന്റ് സൂചിപ്പിക്കുന്നത്.


പുറം വേദനയെ തുടർന്ന് പെർത്ത് ടെസ്റ്റ് നഷ്ടപ്പെട്ട ക്യാപ്റ്റൻ കമ്മിൻസ്, ബ്രിസ്‌ബേനിലെ ഡേ-നൈറ്റ് സാഹചര്യങ്ങൾക്കായി പിങ്ക് ബോളിൽ പ്രത്യേക പരിശീലനം നടത്തി തന്റെ വർക്ക് ലോഡ് വർദ്ധിപ്പിച്ചു. പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡും താരത്തിന്റെ പുരോഗതിയെക്കുറിച്ച് നല്ല രീതിയിൽ സംസാരിച്ചെങ്കിലും, വീണ്ടും പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാൻ മത്സരത്തോട് അടുത്ത് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും ഊന്നിപ്പറഞ്ഞു.


പാറ്റ് കമ്മിൻസ് ബൗളിംഗ് പരിശീലനം പുനരാരംഭിച്ചു



മൂന്ന് മാസത്തെ പരിക്കിന് ശേഷം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (Pat Cummins) ബൗളിംഗ് പുനരാരംഭിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്ക്ക് (Ashes series) മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് ഇത്. ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിനിടെ താഴത്തെ പുറംഭാഗത്ത് (lower back injury) പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന 32-കാരനായ താരം, സിഡ്‌നിയിൽ നടന്ന നെറ്റ് സെഷനിൽ അഞ്ചു ചുവടുകൾ മാത്രം ഉപയോഗിച്ച് ബൗളിംഗ് ചെയ്യുന്നതായി കണ്ടെത്തി.


നവംബർ 21-ന് പെർത്തിൽ (Perth) ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിൽ നിന്ന് കമ്മിൻസ് വിട്ടുനിൽക്കും. എങ്കിലും, ഡിസംബർ 4-ന് ബ്രിസ്‌ബേനിൽ (Brisbane) നടക്കുന്ന ഡേ-നൈറ്റ് രണ്ടാമത്തെ ടെസ്റ്റിന് അദ്ദേഹം തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ടീം.


കമ്മിൻസിന്റെ തിരിച്ചുവരവിനെക്കുറിച്ച് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് (Andrew McDonald) ജാഗ്രതയോടെയാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനോട് ഇപ്പോഴും അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും കോച്ച് വ്യക്തമാക്കി.
അതേസമയം, കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് (Steve Smith) ഓസ്‌ട്രേലിയൻ ടീമിനെ നയിക്കും. സ്കോട്ട് ബോളണ്ട് (Scott Boland) മിച്ചൽ സ്റ്റാർക്കിനും (Mitchell Starc) ജോഷ് ഹാസൽവുഡിനുമൊപ്പം (Josh Hazlewood) പേസ് ബൗളറുടെ സ്ഥാനം നികത്തുമെന്നും പ്രതീക്ഷിക്കുന്നു.

പാറ്റ് കമ്മിൻസിന്റെ പരിക്ക് ഓസ്‌ട്രേലിയൻ ക്യാമ്പിന് ആശങ്കയായി, ആഷസ് നഷ്ടമായേക്കും



ഓസ്‌ട്രേലിയയുടെ ആഷസ് 2025 കാമ്പയിനിന് ക്യാപ്റ്റനും സ്റ്റാർ പേസറുമായ പാറ്റ് കമ്മിൻസ് ഉണ്ടായേക്കില്ല. ‘ലംബർ ബോൺ സ്ട്രെസ്’ (lumbar bone stress) എന്ന നടുവേദനയുമായി മല്ലിടുന്ന താരം, നവംബർ 21-ന് പെർത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ കളിക്കുമോ എന്നതിൽ ആശങ്ക ശക്തമാണ്. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാൻ സമയമെടുക്കുന്നതാണ് ഓസീസ് ടീമിന് തിരിച്ചടിയാകുന്നത്.


ജൂലൈയിൽ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കിടെയാണ് കമ്മിൻസിന് പുറകിൽ പരിക്കേറ്റത്. താരം ഇതുവരെ ബോളിങ് പരിശീലനം പുനരാരംഭിച്ചിട്ടില്ല. ഇത് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഉടനീളം അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു.
പരിക്ക് ഭേദമായി വരുന്നുണ്ടെങ്കിലും, തിടുക്കപ്പെട്ട് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുമെന്ന് അടുത്തിടെ നടത്തിയ മെഡിക്കൽ പരിശോധനകൾ സൂചിപ്പിക്കുന്നു.

കമ്മിൻസിന് ഫിറ്റ്നസ് തെളിയിക്കാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് എല്ലാ അവസരങ്ങളും നൽകുന്നുണ്ടെങ്കിലും, പരമ്പരയുടെ അവസാന ഭാഗത്തേക്ക് മാത്രമേ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞേക്കും എന്ന് ടീം വൃത്തങ്ങൾ സൂചന നൽകുന്നു.



പാറ്റ് കമ്മിൻസ് ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് പിന്മാറി


ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന വൈറ്റ്-ബോൾ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന തിരക്കേറിയ ഹോം സീസണിനും ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കും മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.


വെസ്റ്റ് ഇൻഡീസിനെതിരായ ടി20ഐ പരമ്പരയിൽ നിന്ന് കമ്മിൻസിനൊപ്പം സഹതാരങ്ങളായ മിച്ചൽ സ്റ്റാർക്കിനും ട്രാവിസ് ഹെഡിനും നേരത്തെ വിശ്രമം അനുവദിച്ചിരുന്നു. ഇപ്പോൾ ജോഷ് ഹാസിൽവുഡും വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങും. ഓഗസ്റ്റിൽ ഡാർവിൻ, കെയ്ൻസ്, മക്കേ എന്നിവിടങ്ങളിൽ നടക്കുന്ന മൂന്ന് ടി20ഐകളും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്ന ദക്ഷിണാഫ്രിക്കൻ വൈറ്റ്-ബോൾ പരമ്പരയിൽ സേവിയർ ബാർറ്റ്‌ലെറ്റിനെ ഹാസിൽവുഡിന് പകരക്കാരനായി തിരഞ്ഞെടുത്തിട്ടുണ്ട്.


പാറ്റ് കമ്മിൻസ് ഐ പി എൽ കളിക്കാൻ തിരിച്ചെത്താൻ സാധ്യത


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ഐപിഎൽ 2025 മെയ് 17 ന് പുനരാരംഭിക്കുമ്പോൾ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സഹതാരം ട്രാവിസ് ഹെഡും സൺറൈസേഴ്സ് ഹൈദരാബാദിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.


വിദേശ കളിക്കാർ തിരിച്ചെത്തുന്നത് ഉറപ്പാക്കാൻ ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തുടങ്ങി വിവിധ വിദേശ ക്രിക്കറ്റ് ബോർഡുകളുമായി സജീവമായി ബന്ധപ്പെടുന്നുണ്ട്.


ചില വിദേശ കളിക്കാർക്ക് ആശങ്കയുണ്ടെങ്കിലും, ഭൂരിഭാഗം പേരും തിരിച്ചെത്തുമെന്ന് ബിസിസിഐ അധികൃതർ വിശ്വസിക്കുന്നു. “അവരിൽ ഭൂരിഭാഗവും തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. സിഎസ്കെ, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ഫ്രാഞ്ചൈസികൾ അവരുടെ കളിക്കാരെ ബന്ധപ്പെടാൻ തുടങ്ങിയിട്ടുണ്ട്, ഉടൻ തന്നെ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.


ദേവോൺ കോൺവേ, രചിൻ രവീന്ദ്ര തുടങ്ങിയ വിദേശ കളിക്കാർ അവരുടെ ലഭ്യത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. അതേസമയം, മതീഷ പതിരാനയും നൂർ അഹമ്മദും തിരിച്ചെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.


ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 11 ന് നടക്കാനിരിക്കെ, മിച്ചൽ സ്റ്റാർക്കിനെയും റബാദെയെയും പോലുള്ള കളിക്കാർക്ക് പ്ലേ ഓഫ് വരെ നിൽക്കാൻ ആകുമോ എന്നതും സംശയമാണ്.

ഐപിഎൽ കളിക്കാൻ കമ്മിൻസ് ഉണ്ടാകും

ക്രിക്കറ്റിൽ നിന്ന് ഇപ്പോൾ പരിക്ക് കാരണം വിട്ടുനിൽക്കുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 2025 ഐപിഎൽ ടൂർണമെന്റിലേക്ക് തിർച്ചുവരാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ശേഷം സ്റ്റാർ പേസർ ഇതുവരെ ഒരു മത്സരവും കളിച്ചിട്ടില്ല.

ഇപ്പോൾ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും താരം പുറത്തായിട്ടുണ്ട്. കമ്മിൻസ് ഇപ്പോൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഐപിഎല്ലിൽ കളിച്ച് ഫിറ്റ്നസ് വീണ്ടെടുക്കുക ആകും കമ്മിൻസിന്റെ ലക്ഷ്യം.

പാറ്റ് കമ്മിൻസിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമാകാൻ സാധ്യത

കണങ്കാലിലെ പ്രശ്‌നം കാരണം ഓസ്‌ട്രേലിയയുടെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ട്. കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്തോ ട്രാവിസ് ഹെഡോ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ആൺ സാധ്യത.

ശ്രീലങ്കൻ ടെസ്റ്റ് പര്യടനത്തിൽ നിന്ന് വിട്ടുനിന്ന കമ്മിൻസ് ബൗളിംഗ് ഇനിയും പുനരാരംഭിച്ചിട്ടില്ല. കമ്മിൻസിന്റെ തിരിച്ചുവരവ് സംശയമായതിനാൽ നേതൃത്വ ചുമതലകൾ സംബന്ധിച്ച് സ്മിത്തുമായും ഹെഡുമായും ടീം ചർച്ചകൾ നടത്തിവരികയാണെന്ന് പരിശീലകൻ മക്ഡൊണാൾഡ് പറഞ്ഞു.

പരിക്ക് കാരബ്ബം ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നിവരും ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധ്യതയില്ല.

പാറ്റ് കമ്മിൻസ് ചാമ്പ്യൻസ് ട്രോഫി കളിക്കുന്നത് സംശയം

ഇന്ത്യയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയ്‌ക്കിടെ കണങ്കാലിന് പരിക്കേററ്റ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നത് സംശയത്തിൽ ആയിരിക്കുകയാണ്.

അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിലുടനീളം 167 ഓവർ ബൗൾ ചെയ്ത കമ്മിൻസ് പരമ്പരയിലെ അവസാന മത്സരം പരിക്ക് സഹിച്ചാണ് കളിച്ചത്. പരിക്കിന്റെ തീവ്രത വിലയിരുത്തുന്നതിനായി കമ്മിൻസ് ഈ ആഴ്ച അവസാനം സ്കാൻ ചെയ്യുമെന്ന് സെലക്ടർമാരുടെ ഓസ്‌ട്രേലിയൻ ചെയർമാൻ ജോർജ്ജ് ബെയ്‌ലി വെളിപ്പെടുത്തി.

ചാമ്പ്യൻസ് ട്രോഫിക്കുള്ള കമ്മിൻസിൻ്റെ ലഭ്യതയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, “ഇതുവരെ ശരിക്കും ഉറപ്പില്ല. സ്കാൻ ഫലങ്ങൾ ഞങ്ങളെ എവിടേക്കാണ് നയിക്കുന്നതെന്ന് ഞങ്ങൾ കാത്തിരുന്ന് കാണേണ്ടതുണ്ട്.” എന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനാൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും കമ്മിൻസിന് നഷ്ടമാകും. ഒപ്പം ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള പൂർണ്ണ ഫിറ്റ്നസ് ഉറപ്പാക്കാൻ, കാലിന് പരിക്കേറ്റ സഹ പേസർ ജോഷ് ഹേസിൽവുഡിനും ശ്രീലങ്കൻ പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചു.

ഓസ്‌ട്രേലിയയുടെ ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 22 ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തോടെ ആരംഭിക്കും

പാറ്റ് കമ്മിൻസ് ഓസ്‌ട്രേലിയയുടെ ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് വിട്ടു നിൽക്കാൻ സാധ്യത

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് 2025-ൻ്റെ തുടക്കത്തിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര നഷ്ടമായേക്കാം. അദ്ദേഹവും ഭാര്യയും അവരുടെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തിനായി കാത്തിരിക്കുകയാണ് ഇതിനാൽ താരം ഒരു ഇടവേള എടുക്കും എന്നാണ് റിപ്പോർട്ടുകൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) സൈക്കിളിൽ ഓസ്‌ട്രേലിയൻ ടീമിന് നിർണായക പരമ്പരയാണിത്.

ജനുവരി 29 മുതൽ ഫെബ്രുവരി 10 വരെ ഗോളിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര, ഡബ്ല്യുടിസി ഫൈനലിന് മുമ്പുള്ള ഓസ്‌ട്രേലിയയുടെ അവസാന പരമ്പരയായിരിക്കും. കമ്മിൻസിൻ്റെ അഭാവം ഓസ്‌ട്രേലിയയുടെ ടീമിനെ സ്വാധീനിച്ചേക്കാം.

കുടുംബ പ്രതിബദ്ധതകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് കമ്മിൻസിൻ്റെ തീരുമാനത്തെ തങ്ങൾ മാനിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് പറഞ്ഞു. “കൂടുതൽ പ്രധാന്യം ഉള്ള ഒന്നിനായി ടെസ്റ്റ് നഷ്ടപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഞങ്ങൾക്ക് നല്ലതാണ്,” മക്ഡൊണാൾഡ് പറഞ്ഞു.

ഹാട്രിക്ക് ബോളാണെന്ന് അറിയില്ലായിരുന്നു എന്ന് കമ്മിൻസ്

ഇന്ന് ബംഗ്ലാദേശിന് എതിരെ ഹാട്രിക്ക് നേടിയ പാറ്റ് കമ്മിൻസ് താൻ ഹാട്രിക്ക് ബോൾ ആയിരുന്നു എന്നത് മറന്നു പോയിരുന്നു എന്ന് പറഞ്ഞു. ഇന്ന് രണ്ട് ഓവറുകളിൽ ആയായിരുന്നു കമ്മിൻസ് ഹാട്രിക്ക് നേടിയത്. ഹാട്രിക് എടുക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഫാസ്റ്റ് ബൗളർ പറഞ്ഞു, മാർക്കസ് സ്റ്റോയിനിസ് തൻ്റെ അടുത്തേക്ക് ഓടിവന്നപ്പോൾ ആണ് ഹാട്രിക്ക് ആണെന്ന് പറഞ്ഞപ്പോൾ ആണ് തനിക്ക് ഇത് മനാസിലായത് എന്നും കമ്മിൻസ് പറഞ്ഞു.

“നിങ്ങൾ എനിക്ക് വളരെയധികം ക്രെഡിറ്റ് നൽകുന്നു, കാരണം ഞാൻ ഹാട്രിക് നേടിയെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ മുമ്പത്തെ ഓവർ ചെയ്തു, അപ്പോൾ സ്‌ക്രീനിൽ ഹാട്രിക്കിനെ കുറിച്ച് വരുന്നത് ഞാൻ കണ്ടു, എൻ്റെ അടുത്ത ഓവർ വരുമ്പോഴേക്കും ഞാൻ അത് പൂർണ്ണമായും അത് മറന്നു.” കമ്മിൻസ് പറഞ്ഞു.

“സ്റ്റോയിനിസ് ഡീപിൽ നിന്ന് ഓടി വന്ന് ആഹ്ലാദിക്കുമ്പോൾ ആണ് ഞാൻ ഹാട്രിക്ക് ആണെന്ന് ഓർത്തത്” കമ്മിൻസ് പറഞ്ഞു.

പാറ്റ് കമ്മിൻസിന് ഹാട്രിക്ക്, ബംഗ്ലാദേശിനെ 140ൽ ഒതുക്കി ഓസ്ട്രേലിയ

ടി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഇന്ന് ഓസ്ട്രേലിയക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 140 റൺസിൽ ഒതുങ്ങി. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ആണ് ബംഗ്ലാദേശ് 140 റൺസ് എടുത്തത്. 41 റൺസ് എടുത്ത ഷാന്റോയും 40 റൺസ് എടുത്ത തൗഹീദ് ഹൃദോയിയും മാത്രമാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ തിളങ്ങിയത്.

ഓസ്ട്രേലിയക്ക് ആയി ഇന്ന് പാറ്റ് കമ്മിൻസ് ഹാട്രിക്ക് നേടി. മഹ്മുദുള്ള, മെഹ്ദി ഹസൻ, തൗഹിദ് ഹൃദോയ് എന്നിവരെ പുറത്താക്കിയാണ് കമ്മിൻസ് ഹാട്രിക്ക് നേടിയത്. കമ്മിൻസ് ആകെ 3 വിക്കറ്റ് നേടിയപ്പോൾ സാമ്പ 2 വിക്കറ്റും സ്റ്റാർക്ക്, സ്റ്റോയിനിസ്, മാക്സ്‌വെൽ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

Exit mobile version