വൈസ് ക്യാപ്റ്റനായി ഷാക്കിബ് തിരികെ ടീമില്‍, ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചു

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി ഒരു മത്സരം മാത്രം കളിച്ച് അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ബംഗ്ലാദേശിന്റെ ചാമ്പ്യന്‍ ഓള്‍റൗണ്ടറെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മഷ്റഫെ മൊര്‍തസ നയിക്കുന്ന ടീമിലെ ഉപനായകനായാണ് ഷാക്കിബ് മടങ്ങിയെത്തുന്നത്. പരിക്ക് മൂലം ഏറെക്കാലമായി ടീമിനു അകത്തും പുറത്തുമായാണ് ഷാക്കിബ് നില്‍ക്കുന്നത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ പരിക്കേറ്റ താരം ന്യൂസിലാണ്ട് ടൂറില്‍ നിന്ന് പൂര്‍ണ്ണമായും വിട്ട് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഐപിഎലില്‍ താരത്തിനു കളിയ്ക്കുവാന്‍ അനുമതി ബോര്‍ഡ് നല്‍കിയെങ്കിലും ഒരു മത്സരത്തില്‍ മാത്രമേ ടീമിനു വേണ്ടി കളിയ്ക്കുവാന്‍ ഷാക്കിബിനു അവസരം ലഭിച്ചുള്ളു.

മോമിനുള്ള ഹക്കിനു പകരമാണ് ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പ് ടീമിലേക്ക് എത്തുന്നത്. കന്നി ലോകകപ്പ് കളിയ്ക്കുവാനായി മുഹമ്മദ് മിഥുനു അവസരം ലഭിയ്ക്കുന്നു എന്ന പ്രത്യേകതയും ടീം സെലക്ഷനിലുണ്ട്. മികച്ച ഫോമിലാണ് അടുത്ത കാലത്തായി മിഥുന്‍ ബാറ്റഅ വീശുന്നത്. ഏഷ്യ കപ്പില്‍ അവസാനമായി ബംഗ്ലാദേശിനു വേണ്ടി കളിച്ച മൊസ്ദേക്ക് സൈക്കത്ത് ഹൊസൈന്‍ ആണ് ടീമിലേക്ക് എത്തിയ അപ്രതീക്ഷിത താരം.

സ്ക്വാഡ്: മഷ്റഫെ മൊര്‍തസ, തമീം ഇക്ബാല്‍, മഹമ്മദുള്ള, മുഷ്ഫിക്കുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, സബ്ബിര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മുഹമ്മദ് മിഥുന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മൊസ്ദേക്ക് ഹൊസൈന്‍, അബു ജയേദ്

വാര്‍ണറോ ഖവാജയോ, ഫിഞ്ചിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന് തീരുമാനിക്കാതെ ഓസ്ട്രേലിയ

ഡേവിഡ് വാര്‍ണര്‍ തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തിയപ്പോള്‍ പുതിയ ഒരു പ്രതിസന്ധിയാണ് ഓസ്ട്രേലിയയെ തേടിയെത്തിയിരിക്കുന്നത്. മികച്ച ഫോമില്‍ കളിയ്ക്കുന്ന ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിനും ഉസ്മാന്‍ ഖവാജയും തിളങ്ങി നില്‍ക്കുമ്പോള്‍, ഇതില്‍ ഒരാളെ മാറ്റി ഡേവിഡ് വാര്‍ണറെ ഓപ്പണിംഗില്‍ പരിഗണിക്കേണ്ട അവസ്ഥയാണ് ഓസ്ട്രേലിയയ്ക്ക്.

ആരോണ്‍ ഫിഞ്ചിനൊപ്പം ആരാവും ഓപ്പണിംഗ് എന്നതാണിപ്പോള്‍ ഓസ്ട്രേലിയയെ കുഴക്കുന്ന ചോദ്യം. ലോകകപ്പിനു ആഴ്ചകള്‍ അവശേഷിക്കുമ്പോള്‍ ഏറെ ചിന്തിച്ച് എടുക്കേണ്ട തീരുമാനമാണ് അതെന്നാണ് ആരോണ്‍ ഫിഞ്ച് പറഞ്ഞത്. ഡേവിഡ് വാര്‍ണര്‍ ഓപ്പണറായുള്ള റെക്കോര്‍ഡ് അവിശ്വസനീയമാണ്, താരത്തെ തീര്‍ച്ചയായും പരിഗണിക്കേണ്ടത് ഓപ്പണിംഗില്‍ തന്നെയാണ്. അതേ സമയം തന്നെ ഉസ്മാന്‍ ഖവാജ നിലവില്‍ മികച്ച ഫോമിലാണ് കളിയ്ക്കുന്നത്. ഏറെ ചിന്തിച്ചെടുക്കേണ്ട തീരുമാനങ്ങളാണിത്.

പരിഗണിക്കപ്പെടുന്ന മൂന്ന് പേര്‍ക്കും മൂന്നാം നമ്പറില്‍ കളിക്കാനുള്ള പ്രാപ്തിയുണ്ടെന്നത് ടീമിനു ഗുണം തന്നെയാണെന്നതാണ് ഇക്കാര്യത്തിലുള്ള ആശ്വാസമെന്നും ഫിഞ്ച് പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ എനിയ്ക്കാണ് ആ സ്ഥാനത്ത് ഏറ്റവും കുറവ് അനുഭവം. അതോടൊപ്പം ഇടത്-വലത് ബാറ്റിംഗ് കോമ്പിനേഷനും ടീമിനു ഗുണം ചെയ്യും. എന്നാല്‍ ഏത് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ വേണമെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും ഫിഞ്ച് കൂട്ടിചേര്‍ത്തു.

പന്ത് ലോകകപ്പിനില്ലാത്തത് ആശ്ചര്യമുളവാക്കുന്നു

ഇന്ത്യ ലോകകപ്പിനു ഋഷഭ് പന്തിനെ തിരഞ്ഞെടുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ മൈക്കള്‍ വോണ്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ അമ്പാട്ടി റായിഡുവും ഋഷഭ് പന്തുമുണ്ടാകുമെന്നുമാണ് കരുതപ്പെട്ടതെങ്കിലും ഒടുവില്‍ വിജയ് ശങ്കറെയും ദിനേശ് കാര്‍ത്തിക്കിനെയും സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുകയായിരുന്നു. പന്തിനെ തിരഞ്ഞെടുക്കണമായിരുന്നുവെന്ന് കരുതുന്നവരുടെ കൂട്ടത്തില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണും രംഗത്തെത്തുകയായിരുന്നു.

പന്തിനെ തിരഞ്ഞെടുക്കുവാന്‍ കൂട്ടാക്കാത്ത ഇന്ത്യന്‍ സെലക്ടര്‍മാര്‍ തെറ്റാണ് ചെയ്തിരിക്കുന്നതെന്നാണ് വോണ്‍ പറഞ്ഞത്. കാര്‍ത്തിക്കിന്റെ അനുഭവസമ്പത്താണ് താരത്തിനു ഗുണമായതെന്നാണ് എംഎസ്കെ പ്രസാദ് പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ മാത്രമായി നില്‍ക്കുന്ന പന്ത് ഇന്ത്യയുടെ ഭാവി തന്നെയാണെന്നാണ് മുഖ്യ സെലക്ടര്‍ പറഞ്ഞത്.

ഇന്ത്യ വിജയ് ശങ്കറെ പരീക്ഷിക്കുക നാലാം നമ്പറിലോ?

ഇന്ത്യയുടെ ലോകകപ്പ് പ്രഖ്യാപനത്തില്‍ ടീമിലെ മൂന്നാം ഓള്‍റൗണ്ടറായി വിജയ് ശങ്കര്‍ പരിഗണിക്കപ്പെട്ടപ്പോളും ഓള്‍റൗണ്ടറുടേതിനെക്കാള്‍ താരത്തിനു ഇന്ത്യ നല്‍കുക നാലാം നമ്പറില്‍ അവസരമാകുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. അമ്പാട്ടി റായിഡുവിനു പകരം ടീമിലേക്ക് താരത്തെ ഉള്‍പ്പെടുത്തുമ്പോള്‍ ഒരു ബാറ്റിംഗ് ഓള്‍റൗണ്ടറുടെ റോളാവും ടീം വിജയ് ശങ്കറെ ഏല്പിക്കുക.

നാലാം നമ്പറില്‍ ആര് എന്നതായിരുന്നു ഇന്ത്യയുടെ ഏറെക്കാലമായുള്ള ചോദ്യ ചിഹ്നം. അമ്പാട്ടി റായിഡു ഏറെക്കുറെ അത് ഉറപ്പിച്ചുവെന്ന് കരുതിയെങ്കിലും അവസാന കാലത്ത് ഫോം ഔട്ട് ആയതോടെ ടീമിലെ സ്ഥാനം തന്നെ താരത്തിനു നഷ്ടമായി. പിന്നീടുള്ളത് ഇപ്പോള്‍ മികച്ച ഫോമില്‍ കളിയ്ക്കുന്നു കെഎല്‍ രാഹുലിനാണ്, എങ്കിലും വിദേശ് പിച്ചുകളില്‍ താരത്തിനു അത്ര മികവ് പുലര്‍ത്തുവാനാകുമോ എന്ന സംശയം വീണ്ടും ദൗത്യം വിജയ് ശങ്കറിനെ ഏല്പിക്കുന്നതിലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന് വേണം പ്രതീക്ഷിക്കുവാന്‍.

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി കെയിന്‍ വില്യംസണ്‍ ഇല്ലാത്തപ്പോള്‍ മൂന്നാം നമ്പറിലും വില്യംസണ്‍ ടീമിലെത്തുമ്പോള്‍ നാലാം നമ്പറിലുമാണ് വിജയ് ശങ്കര്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. ഇതുവരെ അത്ര ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരത്തില്‍ നിന്ന് ഐപിഎലില്‍ കാണാനായില്ലെങ്കിലും ഇനിയങ്ങോട്ട് ഈ സെലക്ഷന്‍ നല്‍കുന്ന ആത്മവിശ്വാസം താരത്തിനു വലിയ പ്രഛോദനം ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്ഥാനം നഷ്ടമായതില്‍ റായിഡു സ്വയം പഴിയ്ക്കേണ്ടിയിരിക്കുന്നു

2018ല്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തിനു ഒരേ ഒരു അവകാശി മാത്രമേ ഉണ്ടായിരുന്നു. അത് ആരോട് ചോദിച്ചാലും അമ്പാട്ടി റായിഡുവായിരുന്നു. ഐപിഎലിന്റെ മികവില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയെങ്കിലും ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കാരണം താരത്തിനു ആദ്യ ടീമിനു പുറത്ത് പോകേണ്ടി വന്നു. എന്നാല്‍ യോ യോ ടെസ്റ്റില്‍ താരം വീണ്ടും പാസ്സായതോടെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയ റായിഡു തന്റെ പ്രകടന മികവില്‍ ആ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

ഇന്ത്യയുടെ ഏറെക്കാലത്തെ തലവേദനയായ നാലാം നമ്പറിലാരെന്ന ചോദ്യത്തിനു അതോടെ അറുതിയായെന്നാണ് ഏവരും കരുതിയത്. എന്നാല്‍ 2019 ആയപ്പോള്‍ റായിഡു വീണ്ടും പഴയ പടിയായി. മോശം ഫോമിലേക്ക് വീണ താരം ഓസ്ട്രേലിയന്‍ പരമ്പരയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയും ടീമില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരെ അവസാന രണ്ട് മത്സരങ്ങളില്‍ താരത്തെ ടീമിനു പുറത്തിരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

ഐപിഎലില്‍ ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗിലെത്തിയ താരം അവിടെയും റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ താരത്തിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റി നാലാം നമ്പറില്‍ പരീക്ഷിക്കുകയും അതില്‍ ഒരു മത്സരത്തില്‍ താരം ഫോം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ താരത്തിന്റെ സ്ഥാനം ഉറപ്പല്ലാത്ത സ്ഥിതി 2019 ആരംഭം മുതല്‍ സംജാതമാകുകയായിരുന്നു.

ഇപ്പോള്‍ താരം ഭയന്നത് പോലെ തന്നെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് താരം പുറത്താകുക കൂടിയുണ്ടായി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധയൂന്നുവാന്‍ താരം തീരുമാനിച്ച ശേഷമാണ് റായിഡുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്.

പന്തും റായിഡുവുമില്ല, ദിനേശ് കാര്‍ത്തിക്കും വിജയ് ശങ്കറും ലോകകപ്പിലേക്ക്

2019 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു. ദിനേശ് കാര്‍ത്തിക്ക് ലോകകപ്പ് സ്ക്വാഡില്‍ യോഗ്യത നേടിയപ്പോള്‍ ഋഷഭ് പന്തിനു തന്റെ സ്ഥാനം നഷ്ടമായി. ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം അമ്പാട്ടി റായിഡുവിനും കൊടുക്കേണ്ടതില്ലെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു. വിജയ് ശങ്കറാണ് ടീമിലെ മൂന്നാം ഓള്‍റൗണ്ടര്‍

ഇന്ത്യ: വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കേധാര്‍ ജാഥവ് എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്ക്, കെഎല്‍ രാഹുല്‍

സ്മിത്തും വാര്‍ണറും ലോകകപ്പ് സ്ക്വാഡില്‍, ഹാന്‍ഡ്സ്കോമ്പും ഹാസല്‍വുഡും പുറത്ത്

ഒരു വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് വിലക്കിനു ശേഷം ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഓസ്ട്രേലിയ ടീമിലേക്ക്. ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിലാണ് താരങ്ങളെ ഉള്‍പ്പെടുത്തിയത്. അതേ സമയം മികച്ച ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും പേസ് ബൗളര്‍ ജോഷ് ഹാസല്‍വുഡിനും ടീമില്‍ ഇടം ലഭിച്ചില്ല. ഡേവിഡ് വാര്‍ണര്‍ ഐപിഎലില്‍ മികച്ച ഫോമിലാണെങ്കിലും സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് ഫോം കണ്ടെത്തുവാന്‍ കഷ്ടപ്പെടുന്ന കാഴ്ചയാണ് ഐപിഎലില്‍ കാണുവാനായത്.

ഒരു ശതകവും മൂന്ന് അര്‍ദ്ധ ശതകങ്ങളുമാണ് കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളില്‍ നേടിയിട്ടുണ്ടെങ്കിലും ഹാന്‍ഡ്സ്കോമ്പിനു സ്മിത്തിന്റെ വരവോടെ തന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. 15 അംഗ സംഘത്തെ ആരോണ്‍ ഫിഞ്ച് നയിക്കും.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജൈ റിച്ചാര്‍ഡ്സണ്‍, നഥാന്‍ ലയണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, ആഡം സംപ, മിച്ചല്‍ സ്റ്റാര്‍ക്ക്

ലോകകപ്പ് ആവേശമുയരുന്നു, ഇന്ത്യൻ ലോകകപ്പ് ടീം പ്രഖ്യാപനം തത്സമയം

ലോകകപ്പ് ആവേശം നാടെങ്ങും ഉയരുന്നു. ഫുട്ബോൾ ലോകകപ്പിന് പിന്നാലെ ക്രിക്കറ്റ് ലോകകപ്പും എത്തുകയാണ്. ഇത്തവണ ഇംഗ്ലണ്ടിലാണ് ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഐപിഎൽ മാമാങ്കം ആഘോഷിക്കുന്നതിനു പിന്നാലെയാണ് ഏപ്രിൽ 15 നു ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും എന്ന വിവരം പുറത്ത് വരുന്നത്.

ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് ഏപ്രിൽ 15 നു വൈകിട്ട് 3.30 ന് തത്സമയം ഇന്ത്യൻ ആരാധകർക്കായി സംപ്രേക്ഷണം ചെയ്യും. ക്രിക്കറ്റ് ആരാധകർക്കായി സ്റ്റാർ സ്പോർട്സാണ് തത്സമയം ടീം പ്രഖ്യാപനം സംപ്രേക്ഷണം ചെയ്യുന്നത്. ടീം പ്രഖ്യാപനത്തിനു പിന്നാലെ വിദഗ്ധ പാനലിനെ ഉൾപ്പെടുത്തിയുള്ള ടീം അനാലിസിസും ഉണ്ടാകും. ഐപിഎൽ ആരവത്തിനു പിന്നാലെ ലോകകപ്പും എത്തിയ ആഹ്ലദത്തിലാണ് ക്രിക്കറ്റ് ആരാധകർ.

ടോം ബ്ലണ്ടലിനെയുള്‍പ്പെടുത്തി ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ഇതുവരെ ഏകദിന അരങ്ങേറ്റം കുറിയ്ക്കാത്ത ടോം ബ്ലണ്ടലിനെ ഉള്‍പ്പെടുത്തി ലോകകപ്പിനായുള്ള ന്യൂസിലാണ്ടിന്റെ പതിനഞ്ച് അംഗ സ്ക്വാഡ്. ‍‍ഡഗ് ബ്രേസ്‍വെല്ലിനു പകരം കോളിന്‍ ഡി ഗ്രാന്‍ഡോം ടോഡ് ആസ്ട്‍ലേയ്ക്ക് പകരം ഇഷ് സോധി എന്നിവരാണ് അവസാന സംഘത്തിലേക്ക് ഇടം പിടിച്ചത്. ഇതില്‍ ടോം ബ്ലണ്ടല്‍ ന്യൂസിലാണ്ടിനായി രണ്ട് ടെസ്റ്റിലും 3 ടി20യിലും കളിച്ചിട്ടുള്ള താരമാണ്.

സ്ക്വാ‍ഡ്: കെയിന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, ടോം ലാഥം, കോളിന്‍ മണ്‍റോ, റോസ് ടെയിലര്‍, ടോം ബ്ലണ്ടല്‍, ഹെന്‍റി നിക്കോളസ്, ജെയിംസ് നീഷം, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, ടിം സൗത്തി

Exit mobile version