യുവരാജിനെ പോലെ അനായാസം സിക്സ് അടിക്കാൻ കഴിവുള്ള ഒരു താരം ഉണ്ടെങ്കിൽ, അത് സഞ്ജുവാണ് – ബംഗാർ

സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. യുവരാജ് സിങിനെ പോലെ അനായാസം സിക്സ് അടിക്കാൻ കഴിവുള്ള ഒരു താരം ഉണ്ടെങ്കിൽ അത് സഞ്ജു സാംസൺ ആണെന്ന് ബംഗാർ പറഞ്ഞു.

മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ സാംസണിൻ്റെ അടുത്ത കാലത്തെ പ്രകടനത്തെ പ്രശംസിച്ചു, പ്രത്യേകിച്ച് ഏറ്റവും ചെറിയ ഫോർമാറ്റിൽ. ടോപ് ഓർഡറിൽ സ്ഥിരമായി കിട്ടിയ അവസരങ്ങളാണ് സഞ്ജുവിന്റെ നല്ല പ്രകടനങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

“അദ്ദേഹം ഇപ്പോൾ അർഹിച്ച തരത്തിലുള്ള വിജയം കാണുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം വളരെക്കാലമായി ഇവിടെയുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ ശരിയായ അവസരങ്ങൾ ലഭിച്ചുവെന്ന് മാത്രം, ഓരോ ബാറ്ററും, തുടർച്ചയായി മൂന്ന് നാല് മത്സരങ്ങൾ കളിക്കുക ആണെങ്കിൽ, അത് അവനെ അൽപ്പം സ്വതന്ത്രനാക്കും,” ബംഗാർ പറഞ്ഞു.

ബംഗാർ സാംസണും ഇതിഹാസ ക്രിക്കറ്റ് താരം യുവരാജ് സിംഗും തമ്മിൽ താരതമ്യം ചെയ്തു. “ടോപ് ഓർഡറിൽ ബാറ്റുചെയ്യുമ്പോൾ, അയാൾക്ക് സാഹചര്യത്തെക്കുറിച്ച് ശരിക്കും വിഷമിക്കേണ്ടതില്ല. ഫീൽഡ് കയറി നിൽക്കുകയാണ്, അവൻ സിക്‌സടിക്കുന്ന ആളാണ്, അയാൾക്ക് അനായാസം സിക്‌സറുകൾ അടിക്കാൻ കഴിയും. യുവരാജ് സിംഗിന് ശേഷം, ഒരു ബാറ്റർ അങ്ങനെ ഉണ്ടെങ്കിൽ അത് സഞ്ജുവാണ്.” അദ്ദേഹം പറഞ്ഞു.

സഞ്ജയ് ബംഗാർ പഞ്ചാബ് കിംഗ്‌സ് വിട്ടു

വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി മുഖ്യ പരിശീലകൻ ട്രെവർ ബെയ്‌ലിസ്, ക്രിക്കറ്റ് ഡെവലപ്‌മെൻ്റ് തലവൻ സഞ്ജയ് ബംഗാർ എന്നിവരുമായി പഞ്ചാബ് കിംഗ്‌സ് വേർപിരിഞ്ഞതായി റിപ്പോർട്ട്. ESPNcriinfo അനുസരിച്ച്, തുടർച്ചയായ നിരാശാജനകമായ സീസണുകൾക്ക് ശേഷം കോച്ചിംഗ് സ്റ്റാഫിനെ നവീകരിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഫ്രാഞ്ചൈസിയുടെ ഈ തീരുമാനം.

2022 ഐപിഎൽ സീസണിന് ശേഷം ബെയ്‌ലിസ് മുഖ്യ പരിശീലകനായി ചുമതലയേറ്റിരുന്നു. മുമ്പ് 2014 മുതൽ 2016 വരെ ടീമുമായി ബന്ധപ്പെട്ടിരുന്ന ബംഗാർ 2023 ഡിസംബറിൽ തിരിച്ചെത്തി.

ഫ്രാഞ്ചൈസി പുതിയ തുടക്കത്തിനായി റിക്കി പോണ്ടിംഗിനെ അടുത്തിടെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു.

പഞ്ചാബ് കിംഗ്സിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് ആയി സഞ്ജയ് ബംഗാർ

സഞ്ജയ് ബംഗാറിനെ ക്രിക്കറ്റ് ഡെവലപ്‌മെന്റ് ഹെഡായി നിയമിച്ചതായി പഞ്ചാബ് കിംഗ്‌സ് ഇന്ന് പ്രഖ്യാപിച്ചു. മുമ്പ് പഞ്ചാബ് കിംഗ്സിന്റെ മുഖ്യപരിശീലകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ബംഗാർ. 2014 ജനുവരിയിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിതനായതോടെയാണ് ബംഗറിന്റെ ഐപിഎൽ കോച്ചിംഗ് കരിയർ ആരംഭിച്ചത്. പിന്നീട് അദ്ദേഹം അവരുടെ ഹെഡ് കോച്ചായി ടീമിനെ ഐ പി എൽ ഫൈനൽ വരെ എത്തിച്ചിരുന്നു.

ഇന്ത്യൻ ദേശീയ ടീമിന്റെ ബാറ്റിംഗ് കോച്ചായും ദീർഘകാലം ബംഗാർ പ്രവർത്തിച്ചിട്ടുണ്ട്. 2021 മു റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ആയിരുന്നു അദ്ദേഹം. അവിടെ ബാറ്റിംഗ് കൺസൾട്ടന്റായും പിന്നീട് മുഖ്യ പരിശീലകനായും നിയമിതനായി. അദ്ദേഹത്തിന്റെ കീഴിൽ ആർസിബി 2021ലും 2022ലും പ്ലേഓഫിലെത്തിയിരുന്നു‌.

വിരാട് കോഹ്ലി അടുത്ത ടി20 ലോകകപ്പിലും കളിക്കണം എന്ന് ബംഗാർ

വിരാട് കോഹ്ലി 2024ലെ ടി20 ലോകകപ്പ് ടീമിലും ഉണ്ടാകണം എന്ന് സഞ്ജയ് ബംഗാർ. കോഹ്ലിയുടെ അനുഭവപരിചയവും സമ്മർദ്ദം മറികടക്കാനുള്ള കഴിവും വെസ്റ്റ് ഇൻഡീസിലും യുഎസിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിർണായകമാകും എന്ന് ബംഗാർ പറയുന്നു‌. ഇന്ത്യൻ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കോഹ്ലി എന്നും മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ വിശ്വസിക്കുന്നു.

“നൂറു ശതമാനം കോഹ്ലി ടി20 ലോകകപ്പിൽ ഉണ്ടാകണം, കഴിഞ്ഞ ടി20 ലോകകപ്പിലും ആ അടുത്ത മത്സരങ്ങളിലും അദ്ദേഹം ചെയ്തത് അദ്ദേഹത്തിന്റെ മികവ് കാണിക്കുന്നു. അടുത്ത വർഷത്തെ ടി20 ലോകകപ്പിൽ അദ്ദേഹത്തെ കളിപ്പിക്കാതിരിക്കാനുള്ള കാരണം ഞാൻ കാണുന്നില്ല.” ബംഗാർ പറഞ്ഞു.

“വികാരങ്ങൾ ഉയർന്നുനിൽക്കുന്ന വലിയ സാഹചര്യങ്ങളിൽ, ഒരു ചെറിയ പിഴവിന് നിങ്ങൾ വലിയ വില നൽകുമെന്ന് നിങ്ങൾക്കറിയാം. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ വലിയ കളിക്കാർ നിങ്ങൾക്ക് എപ്പോഴും ആവശ്യമാണ്. ആ സമയത്ത്, നിങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് എന്താണെന്ന് ഉള്ളത് നിങ്ങൾ കാര്യമാക്കേണ്ടതില്ല.” ബംഗാർ പറഞ്ഞു.

സച്ചിന്‍ ചെയ്തത് പോലെ പന്ത് ഓപ്പണിംഗിലേക്ക് വരണം – സഞ്ജയ് ബംഗാര്‍

മോശം ഫോമിലൂടെ കടന്ന് പോകുന്ന ഋഷഭ് പന്തിന് പരിഹാരവുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് ബംഗാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 75 മത്സരങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ ശതകം നേടിയത് മധ്യ നിരയിൽ നിന്ന് മാറി ഓപ്പണിംഗിൽ കളിക്കാന്‍ തുടങ്ങിയപ്പോളാണെന്നും സമാനമായ രീതിയിൽ ഋഷഭ് പന്ത് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യണമെന്നാണ് സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.

ആഡം ഗിൽക്രിസ്റ്റ് ഓസ്ട്രേലിയയ്ക്കായി ചെയ്തത് പോലെ ഋഷഭ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി ഈ പൊസിഷനിൽ തിളങ്ങുവാന്‍ കഴിയുന്ന താരമാണെന്നും ബംഗാര്‍ കൂട്ടിചേര്‍ത്തു. ഇഷാന്‍ കിഷന്‍ ഇപ്പോള്‍ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത് എന്നത് ശരി തന്നെ എന്നാൽ പന്തിനും ഈ സ്ഥാനത്ത് തിളങ്ങാനാകുമെന്നാണ് താന്‍ കരുതുന്നതെന്ന് ബംഗാര്‍ സൂചിപ്പിച്ചു.

അടുത്ത രണ്ട് വര്‍ഷത്തേക്ക് സഞ്ജയ് ബംഗാര്‍ ആര്‍സിബിയുടെ മുഖ്യ കോച്ച്

ആര്‍സിബിയുടെ മുഖ്യ കോച്ചായി അടുത്ത രണ്ട് വര്‍ഷം ചുമതല വഹിക്കുക സഞ്ജയ് ബംഗാര്‍. മൈക്ക് ഹെസ്സൺ ക്രിക്കറ്റ് ഡയറക്ടര്‍ ആയി തുടരുമെന്നും ആര്‍സിബി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് പരിശീലകനായി ചുമതല വഹിച്ച വ്യക്തിയാണ് സഞ്ജയ് ബംഗാര്‍. വരുന്ന മെഗാ ലേലത്തിന് മുമ്പുള്ള റീട്ടന്‍ഷനുകള്‍ ആരെല്ലാമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സഞ്ജയ് ബംഗാര്‍ അറിയിച്ചത്.

മൈക്ക് ഹെസ്സൺ ആണ് സോഷ്യൽ മീഡിയയിലൂടെ സഞ്ജയ് ബംഗാറിന്റെ നിയമനം അറിയിച്ചത്. അടുത്ത സീസണില്‍ കരുത്തുറ്റ ടീം സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.

ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി സഞ്ജയ് ബംഗാര്‍

ഐപിഎലില്‍ സഞ്ജയ് ബംഗാര്‍ ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും. 2021 ഐപിഎല്‍ സീസണിലേക്കാണ് ഇദ്ദേഹത്തിന്റെ നിയമനം. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ബംഗാര്‍ ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പേര് കേട്ട ബാറ്റിംഗ് നിരയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും അടങ്ങുന്ന വിസ്ഫോടകരമായ ബാറ്റിംഗ് നിരയെ കൂടുതല്‍ കരുത്തരാക്കുക എന്ന ദൗത്യമാണ് സഞ്ജയ് ബംഗാറിന്റെ മുന്നിലുള്ളത്.

ബംഗ്ലാദേശ് ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആകാന്‍ താനില്ലെന്ന് സഞ്ജയ് ബംഗാര്‍

മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ബംഗ്ലാദേശിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റാകുവാനുള്ള ക്ഷണം നിരസിച്ചു. തന്റെ വ്യക്തിഗതമായ നേരത്തെ തന്നെ ഏറ്റെടുത്ത കാര്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കെതിരെ ജൂണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായാണ് ബംഗാറിന്റെ സേവനം ബംഗ്ലാദേശ് തേടിയത്.

എട്ടാഴ്ച മുമ്പാണ് അവര്‍ ഈ അവസരം തനിക്ക് തന്നത്, എന്നാല്‍ നേരത്തെ തന്നെ സ്റ്റാറുമായുള്ള തന്റെ കരാര്‍ താന്‍ പുതുക്കുകയായിരുന്നുവെന്ന് സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി. ആ കരാര്‍ തനിക്ക് കൂടുതുല്‍ സമയം വ്യക്തിഗത കാര്യങ്ങള്‍ക്കായും നീട്ടി വയ്ക്കുവാന്‍ അനുവദിക്കുന്നുവെന്ന് ബംഗാര്‍ വ്യക്തമാക്കി.

താന്‍ ഭാവിയില്‍ ബംഗ്ലാദേശ് ബോര്‍ഡുമായി സഹകരിക്കാനാകുമെന്നാണ് കരുതുന്നതെന്നും ബംഗാര്‍ സൂചിപ്പിച്ചു.

സഞ്ജയ് ബംഗാറിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആക്കുവാന്‍ ബംഗ്ലാദേശ് ശ്രമം

മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിനെ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിക്കുവാനുള്ള ശ്രമവുമായി ബംഗ്ലാദേശ് ബോര്‍ഡ്. ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിക്കുവാനുള്ള ശ്രമമാണ് ബോര്‍ഡ് നടത്തുന്നത്. ജൂണില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാട്ടിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് വേണ്ടിയാണ് ബംഗാറിനെ ടീമിലെത്തിക്കുവാനുള്ള ശ്രമം.

നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായ നീല്‍ മക്കിന്‍സിയെ ടെസ്റ്റിലേക്കും പരിഗണിക്കുവാന്‍ ബംഗ്ലാദേശ് ആഗ്രഹിച്ചുവെങ്കിലും മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാകുവാന്‍ താല്പര്യമില്ലെന്ന് മക്കിന്‍സി വ്യക്തമാക്കുകയായിരുന്നു.

ബംഗാറുമായി സംസാരിച്ചുവെങ്കിലും കാര്യങ്ങളൊന്നും തീരുമാനിച്ചില്ലെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് പ്രതിനിധി അറിയിച്ചത്. ഇരു കൂട്ടരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ബംഗ്ലാദേശ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി.

നിലവില്‍ മക്കിന്‍സിയാണ് താത്കാലികമായി ടെസ്റ്റ് ടീമിന്റെയും ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നത്. പകരം ആളെത്തുന്നത് വരെ അത് തുടരുമെന്നും ചൗധരി വ്യക്തമാക്കി.

ഇനി കളിക്കുന്ന ടി20 മത്സരങ്ങള്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍

ഈ അടുത്ത് കളിച്ച ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യ വളരെ കാര്യമായി എടുത്തിട്ടില്ലെന്ന് തോന്നുന്നുണ്ടെങ്കിലും ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഈ ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയും ഇനി കളിക്കുന്ന 20-21 മത്സരങ്ങളും ഏറെ പ്രാധാന്യമുള്ളതും ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളായി കണക്കാക്കുന്നതും ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍.

പരമ്പരയിലെ ആദ്യ മത്സരം ധരംശാലയില്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. അടുത്ത മത്സരം നാളെ മൊഹാലിയില്‍ ആണ് നടക്കുക. സഞ്ജയ് ബംഗാറിന് പകരം കോച്ചായി എത്തിയ വിക്രം റാഥോറിന്റെ ആദ്യ ചുമതല കൂടിയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര.

വിദേശ വിജയങ്ങളിലെ നിര്‍ണ്ണായക സ്വാധീനമായിരുന്നു രഹാനെ

ഇന്ത്യയുടെ വിദേശ വിജയങ്ങളിലെ ഏറെ നിര്‍ണ്ണായക സ്വാധീനമായിരുന്നു അജിങ്ക്യ രഹാനെ എന്ന് പറഞ്ഞ് മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍. തന്റെ ഒട്ടനവധി അര്‍ദ്ധ ശതകങ്ങള്‍ ശതകങ്ങളാക്കി മാറ്റുവാന്‍ താരത്തിന് കഴിഞ്ഞ 18 മാസത്തില്‍ കഴിയാതെ പോയിരുന്നു. എന്നാല്‍ താരം ജോഹാന്നസ്ബര്‍ഗിലും നോട്ടിംഗാമിലും അഡിലെയ്ഡിലുമെല്ലാം വിജയങ്ങളില്‍ സംഭാവന ചെയ്തിരുന്നു.

വിന്‍ഡീസില്‍ താരത്തിന് ശതകം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും സഞ്ജയ് ബംഗാര്‍ പറഞ്ഞു. അവിടുത്തെ സീമിംഗ് സാഹചര്യങ്ങളില്‍ ഇന്ത്യ പലപ്പോഴും പിന്നില്‍ പോയ അവസരങ്ങളിലാണ് രഹാനെ വിജയം കുറിയ്ക്കുന്ന ഇന്നിംഗ്സ് പുറത്തെടുത്തതെന്ന് ബംഗാര്‍ സൂചിപ്പിച്ചു.

നിരാശയുണ്ടാകുന്നത് സ്വാഭാവികം, എന്നാലത് നാലഞ്ച് ദിവസം മാത്രം നിലനിന്നുള്ളു

ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സഞ്ജയ് ബംഗാര്‍ പറയുന്നത് ഈ തീരുമാനത്തില്‍ നിരാശ തോന്നിയെന്നത് സത്യമാണെന്നും അത് ഒരു സ്വാഭാവിക പ്രതികരണം മാത്രമായിരുന്നുവെന്നുമാണ്. എന്നാല്‍ അത് നാലഞ്ച് ദിവസം മാത്രമേ നിലനിന്നുള്ളുവെന്നും ബംഗാര്‍ പറഞ്ഞു. തനിക്ക് ലഭിച്ച അവസരത്തിന് നന്ദി പറയുകയാണ് താനെന്നും ബംഗാര്‍ പറഞ്ഞു. ബിസിസിഐയ്ക്കും താന്‍ പ്രവര്‍ത്തിച്ച എല്ലാ കോച്ചുമാര്‍ക്കും നന്ദിയുണ്ടെന്ന് ബംഗാര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിക്കുവാന്‍ തനിക്ക് അവസരം തന്നതിനുള്ള നന്ദി പറഞ്ഞറിയിക്കുവാന്‍ പറ്റാത്തതാണെന്നും ബംഗാര്‍ വ്യക്തമാക്കി. ഡംഗന്‍ ഫ്ലെച്ചര്‍, അനില്‍ കുംബ്ലെ, രവി ശാസ്ത്രി എന്നീ കോച്ചുമാരുമായാണ് സഞ്ജയ് ബംഗാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ ഇടവേള താന്‍ പുതുതായി ഊര്‍ജ്ജം വീണ്ടെടുത്ത് തിരിച്ചുവരവ് നടത്തുവാനുള്ള സമയമായി കണക്കാക്കുമെന്നും ബംഗാര്‍ വെളിപ്പെടുത്തി.

Exit mobile version