ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുമ്പ് ഫിറ്റ്നെസ്സ് തെളിയിച്ചില്ലെങ്കില്‍ മാര്‍ക്കസ് സ്റ്റോയിനസ് ലോകകപ്പില്‍ നിന്ന് പുറത്ത്

പരിക്കേറ്റ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ഇലവനില്‍ നിന്ന് പുറത്തിരിക്കുന്ന മാര്‍ക്കസ് സ്റ്റോയിനിസിന്റെ ലോകകപ്പ് സ്വപ്നങ്ങളഅ‍ അവസാനിക്കാതിരിക്കണമെങ്കില്‍ താരം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുമ്പ് പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തണം. ജൂണ്‍ 20ന് നടക്കുന്ന മത്സരത്തിനകം താരം മാച്ച് ഫിറ്റായില്ലെങ്കില്‍ കരുതല്‍ താരമായ മിച്ചല്‍ മാര്‍ഷിനെ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തേണ്ടി വരും ഓസ്ട്രേലിയയ്ക്ക്.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിലെ ബൗളിംഗിനിടെയാണ് സ്റ്റോയിനിസിന് പരിക്കേറ്റത്. പിന്നീട് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ താരം വിട്ട് നിന്നപ്പോള്‍ ഇന്ന് ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിലും താരത്തിന്റെ സേവനം ടീമിന് നഷ്ടമാകും. കരുതലെന്ന നിലയില്‍ മിച്ചല്‍ മാര്‍ഷ് ടീമിനൊപ്പം ചേര്‍ന്ന് കഴിഞ്ഞതിനാല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനു മുമ്പ് സ്റ്റോയിനിസ് മാച്ച് ഫിറ്റായില്ലെങ്കില്‍ താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കും.

താരം വീണ്ടും ബൗളിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അടുത്ത നാല് ദിവസം താരത്തിന് ഏറെ നിര്‍ണ്ണായകമാണെന്നും ഓസ്ട്രേലിയയുടെ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. അടുത്ത നാല് ദിവസത്തിനുള്ള താരത്തിന്റെ സ്ഥിതി അവലോകനം ചെയ്ത് താരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം മാനേജ്മെന്റ് കൈക്കൊള്ളുമെന്നും ഓസീസ് നായകന്‍ പറഞ്ഞു.

ജയിച്ചെങ്കിലും ഇംഗ്ലണ്ടിന് സൂപ്പർ താരങ്ങളുടെ പരിക്ക് തിരിച്ചടി

വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരം ആധികാരികമായി ജയിച്ചെങ്കിലും ഇംഗ്ലണ്ടിന് പരിക്ക് തിരിച്ചടി. ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗനും ജേസൺ റോയുമാണ് പരിക്കേറ്റത് കളം വിട്ടത്. ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന ഇംഗ്ലണ്ടിന് താരങ്ങളുടെ പരിക്ക് കനത്ത തിരിച്ചടിയാണ്.

ഇരു താരങ്ങളും ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഫീൽഡ് ചെയുന്ന സമയത്ത് ഗ്രൗണ്ട് വിട്ടിരുന്നു. 2 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 213 റൺസ് എന്ന ലക്‌ഷ്യം ഇംഗ്ലണ്ട് മറികടന്നതോടെ ഇവരുടെ സേവനം ബാറ്റിങ്ങിന്റെ സമയത്ത് ഇംഗ്ലണ്ടിന് വേണ്ടിവന്നിരുന്നില്ല. മത്സരത്തിൽ സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.

കഴിഞ്ഞ ദിവസം ബംഗ്ളദേശിനെതിരെ 153 റൺസ് എടുത്ത ജേസൺ റോയ് ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്നു. താരത്തിന് ഹാംസ്ട്രിങ് പരിക്കാണ് ഏറ്റതെന്ന് ക്യാപ്റ്റൻ മോർഗൻ അറിയിച്ചിരുന്നു. നേരത്തെ ഹാംസ്ട്രിങ് ഇഞ്ചുറി കാരണം ജേസൺ റോയ് 7 ആഴ്ചയോളം ടീമിൽ നിന്ന് പുറത്തായിരുന്നു. അടുത്ത ദിവസം സ്കാനിങ്ങിന് ശേഷം മാത്രമേ ഇരു താരങ്ങളുടെയും പരിക്കിന്റെ വ്യപ്തി വ്യക്തമാവു.

ജോ റൂട്ടിന്റെ ഓള്‍റൗണ്ട് പ്രകടനം, ആധികാരിക വിജയവുമായി ഇംഗ്ലണ്ട്

ബൗളിംഗില്‍ നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍ ബാറ്റിംഗില്‍ തകര്‍പ്പന്‍ ശതകം, ജോ റൂട്ടിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ഇംഗ്ലണ്ടിനു ആധികാരിക വിജയം. 212 റണ്‍സിനു വിന്‍ഡീസിനെ പുറത്താക്കിയ ശേഷം ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണിംഗ് ഇറങ്ങിയ ജോ റൂട്ട് നേടിയ 100 റണ്‍സിന്റെ ബലത്തില്‍ ആതിഥേയര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 33.1 ഓവറിലാണ് 8 വിക്കറ്റ് വിജയം ഉറപ്പാക്കിയത്.

ജേസണ്‍ റോയ് പരിക്കേറ്റ് ഇംഗ്ലണ്ടിന്റെ ഫീല്‍ഡിംഗില്‍ ബഹുഭൂരിഭാഗം പുറത്ത് നിന്നതിനാല്‍ ബാറ്റിംഗില്‍ താരത്തിനു ഓപ്പണ്‍ ചെയ്യാനാകില്ലെന്ന നിയമമുള്ളതിനാലാണ് ഇംഗ്ലണ്ട് ജോ റൂട്ടിനെ ഓപ്പണിംഗില്‍ പരീക്ഷിച്ചത്. ഒന്നാം വിക്കറ്റില്‍ 95 റണ്‍സാണ് ബൈര്‍സ്റ്റോ-റൂട്ട് കൂട്ടുകെട്ട് നേടിയത്. ഷാനണ്‍ ഗബ്രിയേല്‍ ബൈര്‍സ്റ്റോയെ പുറത്താക്കുമ്പോള്‍ 45 റണ്‍സാണ് താരം നേടിയത്.

ബൈര്‍സ്റ്റോയ്ക്ക് പകരം ക്രിസ് വോക്സിനെയാണ് ഇംഗ്ലണ്ട് മൂന്നാം നമ്പറില്‍ പരീക്ഷിച്ചത്. താരവും യഥേഷ്ടം റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ എളുപ്പമായി. രണ്ടാം വിക്കറ്റില്‍ 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതിനിടെ ജോ റൂട്ട് 93 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 100 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രിസ് വോക്സ് 40 റണ്‍സാണ് നേടിയത്.

വിന്‍ഡീസിനു വേണ്ടി ഷാനണ്‍ ഗബ്രിയേലാണ് രണ്ട് വിക്കറ്റ് നേടിയത്.

വിന്‍ഡീസ് തിരിച്ചുവരവിനു തുരങ്കം വെച്ച് ജോ റൂട്ട്, എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ 212 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിക്കോളസ് പൂരന്‍-ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് വിന്‍ഡീസിനെ തിരിച്ചുവരവിന്റ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൂട്ടുകെട്ടിനെ തകര്‍ത്തത് ജോ റൂട്ട് ആയിരുന്നു. ടോപ് ഓര്‍ഡറില്‍ ക്രിസ് ഗെയില്‍ 36 റണ്‍സ് നേടിയെങ്കിലും പൂരന്‍-ഹെറ്റ്മ്യര്‍ എന്നിവരൊഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

നിക്കോളസ് പൂരന്‍ 63 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 39 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും ജോ റൂട്ട് കൂട്ടുകെട്ട് തകര്‍ത്തു. 55/3 എന്ന നിലയില്‍ നിന്ന് 144/3 എന്ന നിലയിലേക്ക് എത്തിയ ശേഷമായിരുന്നു വിന്‍‍ഡീസിന്റെ തകര്‍ച്ച. ഹെറ്റ്മ്യറിനെയും ജേസണ്‍ ഹോള്‍ഡറിനെയും റിട്ടേണ്‍ ക്യാച്ചിലൂടെ ജോ റൂട്ട് പുറത്താക്കി.

16 പന്തില്‍ 21 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലിന്റെ ഇന്നിംഗ്സിനു അധികം ആയുസ്സില്ലാതെ പോയപ്പോള്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും മൂന്ന് വീതം വിക്കറ്റ് നേടി വിന്‍ഡീസ് വാലറ്റത്തെ തുടച്ച് നീക്കി. 44.4 ഓവറിലാണ് വിന്‍ഡീസ് 212 റണ്‍സിനു ഓള്‍ഔട്ട് ആയത്.

പാകിസ്ഥാനെതിരെയുള്ള മത്സരം കളിക്കാരുടെ മികച്ച പ്രകടനം പുറത്തുകൊണ്ടുവരുമെന്ന് കോഹ്‌ലി

ലോകകപ്പിൽ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനെതിരെയുള്ള ക്ലാസിക് പോരാട്ടം ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം പുറത്തുകൊണ്ടുവരുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. പാകിസ്ഥാനെതിരെയുള്ള മത്സരം വളരെ വലിയൊരു മത്സരമാണെന്നും അതിൽ ഭാഗമാവാൻ കഴിഞ്ഞത് ഒരു ആംഗീകാരമായി കാണുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

മുഴുവൻ ക്രിക്കറ്റ് ആരാധകരും ഉറ്റുനോക്കുന്ന ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫോർഡിൽ ആണ് നടക്കുന്ന. ലോകകപ്പ് മത്സരത്തിൽ ഇതുവരെ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന നാണക്കേടുമായാണ് പാകിസ്ഥാൻ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്.

പരിക്കേറ്റ ശിഖർ ധവാന്റെ കയ്യിൽ പ്ലാസ്റ്റർ ഉണ്ടെന്നും സെമി ഫൈനൽ പോരാട്ടം ആവുന്ന സമയത്തേക്ക് താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞു. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെയും ഓസ്ട്രേലിയയെയും തോൽപ്പിച്ചിരുന്നു. ന്യൂസിലാൻഡുമായുള്ള മൂന്നാമത്തെ മത്സരം മഴ മൂലം നടന്നിരുന്നില്ല.

കരീബിയിന്‍ കരുത്തിനെ മറികടക്കുമ്പോ ഇംഗ്ലണ്ട്? ടോസ് അറിയാം

മഴ മാറി നിന്നാല്‍ ലോകകപ്പിലെ തന്നെ ഏറ്റവും തീപാറുന്ന ബാറ്റിംഗ് പോരാട്ടത്തിനു സാക്ഷ്യം വഹിക്കാവുന്ന മത്സരമെന്ന് വിലയിരുത്തുന്ന ഇംഗ്ലണ്ട് വിന്‍ഡീസ് പോരാട്ടത്തില്‍ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോഫ്ര ആര്‍ച്ചര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ 500 റണ്‍സ് കടക്കുകയാണെങ്കില്‍ അത് ഈ പറയുന്ന ടീമുകളില്‍ ഒന്നാകുമെന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്. ഇരു ടീമുകളിലും വമ്പന്‍ വെടിക്കെട്ട് താരങ്ങളാണുള്ളത്. ഇവര്‍ ഫോമായാല്‍ ഏകദിനത്തില്‍ ഒരിന്നിംഗ്സില്‍ 500 പിറക്കുന്ന മത്സരം കൂടിയായി ഇത് മാറും.

ഇംഗ്ലണ്ട് തങ്ങളുടെ ടീമില്‍ മാറ്റം ഒന്നും വരുത്താതിരുന്നപ്പോള്‍ വിന്‍ഡീസ് നിരയില്‍ മൂന്ന് മാറ്റമാണുള്ളത്. എവിന്‍ ലൂയിസും ആന്‍ഡ്രേ റസ്സലും മടങ്ങിയെത്തുമ്പോള്‍ ഷാനണ്‍ ഗബ്രിയേല്‍ തന്റെ ആദ്യ മത്സരത്തില്‍ കളിയ്ക്കുന്നു.

വിന്‍ഡീസ്: ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്‍, ആന്‍ഡ്രേ റസ്സല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജേസണ്‍ ഹോള്‍ഡര്‍,  ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്‍ന്‍ തോമസ്, ഷാനണ്‍ ഗബ്രിയേല്‍

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട‍്‍ലര്‍, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

സ്റ്റാര്‍ സ്പോര്‍ട്സ് എല്ലാ ടീമുകളെയും ഒരു പോലെ കാണണം, ഇന്ത്യയുടെ ബ്രോഡ്കാസ്റ്റര്‍ അല്ല ലോകകപ്പിന്റെ ബ്രോഡ്കാസ്റ്റര്‍ ആണെന്ന് മറക്കരുത് എന്ന് എഹ്സാന്‍ മാനി

സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യയുടെ ഇന്ത്യ-പാക് മത്സരത്തിന്റെ ഔദ്യോഗിക പരസ്യത്തില്‍ പാക്കിസ്ഥാനെ കളിയാക്കുന്നതില്‍ ആ നാട്ടില്‍ വന്‍ പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ ഐസിസി ചീഫും നിലവിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ എഹ്സാന്‍ മാനി രംഗത്തെത്തിയിരിക്കുകയാണ്. പാക്കിസ്ഥാനെതിരെയുള്ള പരസ്യം തയ്യാറാക്കിയ സ്റ്റാര്‍ സ്പോര്‍ട്സ് ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ ആണെന്നത് മറക്കരുതെന്നും ഇന്ത്യയുടെ ബ്രോഡ്കാസ്റ്റര്‍ അല്ലെന്ന് ഓര്‍ക്കണമെന്നും മാനി പറഞ്ഞു.

ഐസിസി ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ എല്ലാ ടീമുകളെയും സ്റ്റാര്‍ സ്പോര്‍ട്സ് ഒരു പോലെ പരിഗണിക്കേണ്ടതുണ്ടെന്നും പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ഈ കാര്യം ഐസിസി ശ്രദ്ധയില്‍ എടുക്കേണ്ടതാണെന്നും എഹ്സാന്‍ മാനി പറഞ്ഞു.

ഗ്രൗണ്ട് സ്കേറ്റിംഗ് റിംഗ് മാതിരി, ഇനിയുള്ള ഇന്ത്യയുടെ ഫീല്‍ഡിംഗ് ലക്ഷ്യവും വെളിവാക്കി കോച്ച്

ട്രെന്റ് ബ്രിഡ്ജിലെ മഴ മൂലം നഷ്ടമായ മത്സരത്തിന്റെ ഗ്രൗണ്ടിനെ സ്കേറ്റിംഗ് റിംഗിനോടാണ് ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍. മഴ മാറി നിന്നുവെങ്കിലും കട്ട് ഓഫ് ടൈമിനു വളരെ മുമ്പ് തന്നെ ഗ്രൗണ്ട് മത്സരയോഗ്യമാകില്ലെന്ന് തീരുമാനിച്ച് മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഈ ഗ്രൗണ്ടില്‍ മത്സരം നടന്നാല്‍ അത് താരങ്ങള്‍ക്ക് പരിക്ക് പറ്റുവാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ നിലപാട്, അതിനാല്‍ തന്നെ മത്സരം ഉപേക്ഷിച്ചതാണ് നല്ലതെന്നായിരുന്നു ഇവരുടെ അഭിപ്രായം. അത് തന്നെയാണ് ശ്രീധറും തന്റെ അഭിപ്രായമായി പറഞ്ഞത്.

ഇന്ത്യയുടെ താരങ്ങള്‍ ഗ്രൗണ്ടില്‍ പൊതുവേ ഒരു റണ്‍സ് സേവ് ചെയ്യാനായിട്ട് പരിക്കിനെ വക വയ്ക്കാതെ ഫീല്‍ഡിംഗിനിറങ്ങുന്നവരാണ്, അവരുടെ മനോഭാവം അത്രത്തോളം ടീമാണ് പ്രാധാന്യം എന്നുള്ളതിലേക്ക് എത്തിയിട്ടുണ്ട് എന്നതാണ് ഫീല്‍ഡിംഗ് കോച്ചെന്ന നിലയില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യം. ഇന്ത്യ കുറച്ചേറെ കാലമായി ഫീല്‍ഡിംഗില്‍ മികച്ച ടീമായി മാറി കഴിഞ്ഞിട്ടുണ്ട്.

ക്യാച്ചുകളിലും ഫീല്‍ഡിംഗിലൂടെ റണ്ണൗട്ട് സൃഷ്ടിക്കുന്നതിലും ടീം ഏറെ മുന്നിലെത്തിക്കഴിഞ്ഞുവെന്ന് പറഞ്ഞ ശ്രീധര്‍ ഇനി ടീമിന്റെ ലക്ഷ്യം ഡയറക്ട് ഹിറ്റുകളിലൂടെ കൂടുതല്‍ പുറത്താകലുകള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞു. ഇനി മെച്ചപ്പെടേണ്ട ഫീല്‍ഡിംഗിലെ ഒരു ഘടകം അതാണെന്ന് ശ്രീധര്‍ പറഞ്ഞു. കൂടുതല്‍ ഡയറക്ട് ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ് ഇനിയങ്ങോട്ട് ടീമിന്റെ ലക്ഷ്യമെന്നും അതിനായുള്ള പരിശീലനം കൂടുതലുണ്ടാകുന്നുണ്ടെന്നും ശ്രീധര്‍ വ്യക്തമാക്കി.

അവസരമുണ്ടെങ്കില്‍ ഇപ്പോള്‍ സ്റ്റംപ്സിനെ ലക്ഷ്യം വയ്ക്കുവാനാണ് ടീമിനോട് തങ്ങള്‍ ആവശ്യപ്പെടുന്നത്, കാരണം സഹ താരം ആ പന്തിനെ ബാക്കപ്പ് ചെയ്യുമെന്ന വിശ്വാസം നമുക്കേവര്‍ക്കും ഉണ്ട്, മിക്കപ്പോളും അത് സംഭവിക്കാറുണ്ട്, വളരെ ചുരുക്കം അവസരത്തില്‍ മാത്രമാണ് അവ പിഴയ്ക്കാറ്. അതിനാല്‍ തന്നെ ഇത്തരം അര്‍ദ്ധ അവസരങ്ങളെ മുതലാക്കുവാനാണ് ടീമിനോട് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ശ്രീധര്‍ പറഞ്ഞു.

മഴ വിഴുങ്ങിയ ലോകകപ്പ്

മഴ വില്ലനായി, മഴ ചതിച്ചു ഇത്തരം തലവാചകങ്ങൾ ക്രിക്കറ്റ് ലോകത്ത് സുപരിചതമാക്കാൻ ഇപ്പ്രാവശ്യത്തെ ക്രിക്കറ്റ് ലോകകപ്പ് സഹായിച്ചു. ഈ ലോകകപ്പിൽ ഇത് നാലാം തവണയാണ് മത്സരം ഉപേക്ഷിക്കുന്നത്. മികച്ച ഫോമിലുള്ള ഇന്ത്യയുടേയും ന്യൂസിലാന്റിന്റെയും ലോകകപ്പ് പോരാട്ടം കാണാൻ കഴിയാത്തതിലുള്ള വിഷമം ക്രിക്കറ്റ് ആരാധകർക്ക് ഉണ്ടെന്നതുറപ്പാണ്. ലോകകപ്പ് ചരിത്രത്തിലെ ഒരു റെക്കോർഡ് ആണ് ഈ നാലാം മത്സരം ഉപേക്ഷിക്കൽ.

ഐസിസി ഇംഗ്ലണ്ട് വേദിയായി നിർദ്ദേശിച്ചപ്പളേ ആരാധകർ മഴ ഒരു പ്രശ്നമായി ഉന്നയിച്ചിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ 2ൽ അധികം മത്സരങ്ങൾ ഉപേക്ഷിച്ചിട്ടില്ല. 1992 ലെ ലോകകപ്പിലും 2003ലെ ലോകകപ്പിലുമാണ് ഇതിനു മുൻപ് രണ്ട് മത്സരങ്ങൾ ഉപേക്ഷിച്ചത്. മഴ കാരണം ഈ ലോകകപ്പിൽ ഉപേക്ഷിക്കുന്ന അവസാന മത്സരം ഇന്നതേതാണെന്ന് കരുതാൻ സാധ്യമല്ല. എന്തായാലും ഇത്തവണ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിനെ മഴ വിഴുങ്ങിക്കഴിഞ്ഞു.

വിരാട് കോഹ്‌ലിയും സംഘവും കിരീടം നേടുമെന്ന് ഗൂഗിൾ സി.ഇ.ഒ

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീം കിരീടം നേടുമെന്ന് പ്രവചിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുമെന്നും അതിൽ ഇന്ത്യ വിജയികളാവുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.

താൻ ഒരു കടുത്ത ക്രിക്കറ്റ് ആരാധകൻ ആണെന്നും ഇന്ത്യൻ വംശജൻ കൂടിയായ സുന്ദർ പിച്ചൈ പറഞ്ഞു. ഇന്ത്യക്കും ഇംഗ്ലണ്ടിനും പുറമെ ഓസ്ട്രേലിയയും ന്യൂസിലാൻഡും മികച്ച ടീമുകളാണെന്നും ഗൂഗിൾ സി.ഇ.ഒ  പറഞ്ഞു. വാഷിങ്ടണിൽ നടന്ന ഇന്ത്യ ഐഡിയസ് സമ്മിറ്റിന് കിടക്കാന് സുന്ദർ പിച്ചൈ ലോകകപ്പ് ജേതാക്കൾ ഇന്ത്യവുമെന്ന് പ്രവചിച്ചത്.

താൻ ബേസ്ബോൾ കളിയ്ക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അത് ക്രിക്കറ്റിനേക്കാൾ ബുദ്ധിമുട്ടേറിയതാണെന്നും സുന്ദർ പിച്ചൈ പറഞ്ഞു. ആദ്യ രണ്ടു മത്സരങ്ങളിൽ മികച്ച വിജയം നേടിയ ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെ മത്സരം മഴ മൂലം നടന്നിരുന്നില്ല.

ട്രെന്റ് ബ്രിഡ്ജില്‍ എത്തിയിട്ട് ഇത് നാലാം ദിവസം, സൂര്യനെ കണ്ടത് പോലുമില്ല, അതിനാല്‍ തന്നെ മത്സരം നടക്കാത്തതില്‍ അത്ഭുതമില്ല

ഇന്നത്തെ ന്യൂസിലാണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം നടക്കാത്തതില്‍ യാതൊരുവിധ അത്ഭുതവുമില്ലെന്ന് പറഞ്ഞ് കെയിന്‍ വില്യംസണ്‍. തങ്ങളുടെ ടീം ട്രെന്റ് ബ്രിഡ്ജില്‍ എത്തിയിട്ട് നാല് ദിവസമായി. ഇതില്‍ ഒരു ദിവസം പോലും സൂര്യനെ കണ്ടിരുന്നില്ല, അതിനാല്‍ തന്നെ ഈ തീരുമാനത്തില്‍ യാതൊരുവിധ അത്ഭുതവുമില്ലെന്ന് ന്യൂസിലാണ്ട് നായകന്‍ പറഞ്ഞു.

അടുത്ത മത്സരത്തിനു മുമ്പ് ഇപ്പോള്‍ വലിയൊരു ഇടവേളയാണ് ടീമിനു ലഭിച്ചതെന്ന് കെയിന്‍ വില്യംസണ്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക മികച്ച ടീമാണെന്നും അവര്‍ വര്‍ദ്ധിച്ച വീര്യത്തോടെയാവും ഇനിയുള്ള മത്സരങ്ങളെ സമീപിക്കുകയെന്നും ന്യൂസിലാണ്ട് നായകന്‍ വ്യക്തമാക്കി. ടൂര്‍ണ്ണമെന്റിലെ ഓരോ മത്സരങ്ങളും സുപ്രധാനമാണെന്നും അവയിലെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കേണ്ടതെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു.

മത്സരം നടക്കാത്തത് നിരാശ, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കളിക്കുന്നത് അപകടകരം

മഴ മൂലം ഇന്ത്യ-ന്യൂസിലാണ്ട് മത്സരം ഉപേക്ഷിക്കപ്പെട്ടത് നിരാശപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ കളിയ്ക്കുന്നത് താരങ്ങള്‍ക്ക് പരിക്ക് വരുവാനുള്ള സാധ്യത ഏറെയാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ‍്‍ലി. ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാമതാണെങ്കിലും ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ എവിടെയാണ് ടീം സ്ഥിതി ചെയ്യുന്നതെന്നതില്‍ തീരെ ഭയമില്ലെന്ന് വിരാട് കോഹ്‍ലി പറഞ്ഞു.

ഇന്ന് മഴ വന്നും പോയിയും നിന്നുവെങ്കിലും ഇന്നത്തെ മഴയെക്കാള്‍ കഴിഞ്ഞ രണ്ട് ദിവസം പെയ്ത മഴയാണ് ഗ്രൗണ്ട് മത്സരയോഗ്യമാക്കുവാതിരിക്കുവാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാനെതിരെയുള്ള സൂപ്പര്‍ പോരാട്ടത്തിന്റെ അലയൊലി എല്ലായിടത്തുമുണ്ടെങ്കിലും ഗ്രൗണ്ടിലെത്തിയാല്‍ എല്ലാം സമാധാനപരമായിരിക്കുമെന്ന് കോഹ്‍ലി പറഞ്ഞു. രണ്ട് മത്സരങ്ങളിലെ വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ കൂടുതലാണെന്നും കോഹ്‍ലി പറഞ്ഞു.

Exit mobile version