ഫിഞ്ച്-വാര്‍ണര്‍ തുടക്കത്തിനു ശേഷം ഓള്‍ഔട്ട് ഓസ്ട്രേലിയ, പാക്കിസ്ഥാന്റെ തിരിച്ചുവരവ് ഒരുക്കിയത് മുഹമ്മദ് അമീര്‍

ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും നല്‍കിയ മിന്നും തുടക്കം കൈവിട്ട് ഓസ്ട്രേലിയ. ഇരുവരും ചേര്‍ന്ന് ഓസ്ട്രേലിയയെ ഒന്നാം വിക്കറ്റില്‍ 146 റണ്‍സിലേക്ക് നയിച്ച ശേഷം ഡേവിഡ് വാര്‍ണര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും വാര്‍ണര്‍ ഉള്‍പ്പെടെയുള്ള മറ്റു ഓസ്ട്രേലിയന്‍ വിക്കറ്റുകളെ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി ഓസ്ട്രേലിയയെ 307 റണ്‍സിലേക്ക് പിടിച്ചു കെട്ടുവാന്‍ പാക്കിസ്ഥാന്‍ കഴിയുകയായിരുന്നു. മുഹമ്മദ് അമീറിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് പാക്കിസ്ഥാനെ 49 ഓവറില്‍ ഓസ്ട്രേലിയയെ പുറത്താക്കുവാന്‍ സഹായിച്ചത്.

ഫിഞ്ച്(82) പുറത്തായ ശേഷം മികച്ചൊരു കൂട്ടുകെട്ട് നേടുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചിരുന്നില്ല. മുഹമ്മദ് അമീര്‍ ആണ് ഫിഞ്ചിനെ പുറത്താക്കി ഓസ്ട്രേലിയയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്. സ്റ്റീവന്‍ സ്മിത്ത്(10), ഗ്ലെന്‍ മാക്സ്വെല്‍(20), ഷോണ്‍ മാര്‍ഷ്(23), ഉസ്മാന്‍ ഖവാജ(18) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാന്‍ തിരിച്ചടിയ്ക്കുകയായിരുന്നു.

45 ഓവര്‍ പിന്നിടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ഓസ്ട്രേലിയ നേടിയിരുന്നത്. എന്നാല്‍ 16 റണ്‍സ് നേടുന്നതിനിടയില്‍ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. അമീറിനു പുറമെ ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തൊട്ടതെല്ലാം പിഴച്ച് പാക്കിസ്ഥാന്‍, അര്‍ദ്ധ ശതകം നേടി ഫിഞ്ചും വാര്‍ണറും

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഓസീസ് ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം. ഇന്നത്തെ മത്സരത്തില്‍ 23 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 149 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ആരോണ്‍ ഫിഞ്ച് 82 റണ്‍സ് നേടി പുറത്തായപ്പോള്‍ വാര്‍ണര്‍ 52 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയാണ്. മെല്ലെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍ മികച്ച ഫോമിലേക്ക് ഉയരുകയായിരുന്നു.

അര്‍ദ്ധ ശതകം തികച്ച ശേഷം അടിച്ച് കളിക്കുവാന്‍ തുടങ്ങിയ ഫിഞ്ച് 84 പന്തില്‍ നിന്നാണ് 82 റണ്‍സ് നേടിയത്. മുഹമ്മദ് അമീര്‍ ആണ് താരത്തെ പുറത്താക്കിയത്. ഫിഞ്ച് 6 ബൗണ്ടറിയും 4 സിക്സുമാണ് നടത്തിയത്. ഇതിനിടെ ഫിഞ്ചിനെ മൂന്ന് വട്ടമാണ് ഭാഗ്യം തുണച്ചത്. ആസിഫ് അലി വഹാബ് റിയാസിന്റെ ഓവറില്‍ താരത്തെ കൈവിട്ടപ്പോള്‍ മുഹമ്മദ് ഹഫീസ് എറിഞ്ഞ ഓവറില്‍ ഫിഞ്ചിന്റെ എഡ്ജ് കൈപ്പിടിയിലൊതുക്കുവാന്‍ സര്‍ഫ്രാസിനും സാധിച്ചില്ല.

ഇതിനെല്ലാം മുമ്പ് വഹാബിന്റെ പന്തില്‍ പാക്കിസ്ഥാന്‍ ഫിഞ്ചിനെതിരെ ഒരു റിവ്യുവിനു ശ്രമിച്ചുവെങ്കിലും പന്ത് ലൈനിലും ഇംപാക്ടിലും അനുകൂലമായിരുന്നുവെങ്കിലും ഓണ്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം നിലകൊള്ളുമെന്ന് റിവ്യൂവില്‍ പുറത്ത് വന്നതോടെ ഫിഞ്ച് രക്ഷപ്പെടുകയായിരുന്നു.

മഴ ഭീഷണി നിലനില്‍ക്കെ ബൗളിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

തുടര്‍ച്ചയായ രണ്ട് ദിവസം ലോകകപ്പിലെ മത്സരങ്ങള്‍ മഴ മൂലം നഷ്ടമായ ശേഷം ഇന്ന് കളി നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്നത്തെ മത്സരത്തില്‍ ഏറ്റുമുട്ടുന്ന പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കും വിജയം ഏറെ നിര്‍ണ്ണായകമാണ്. മത്സരത്തിലെ ടോസ് പാക്കിസ്ഥാന്‍ നേടി മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസിനോട് തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. അതേ സമയം അഫ്ഗാനിസ്ഥാനെയും വിന്‍ഡീസിനെയും തകര്‍ത്തെത്തിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ഓസ്ട്രേലിയന്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത് ആഡം സംപയ്ക്ക് പകരം കെയിന്‍ റിച്ചാര്‍ഡ്സണും മാര്‍ക്കസ് സ്റ്റോയിനിസിനു പകരം ഷോണ്‍ മാര്‍ഷും ടീമിലേക്ക് എത്തുന്നു. അതേ സമയം ഷദബ് ഖാന് പകരം ഷഹാീന്‍ അഫ്രീദി ടീമിലേക്ക് എത്തുന്നു.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, അലെക്സ് കാറെ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഫഹീസ്, സര്‍ഫ്രാസ് അഹമ്മദ്, ഷൊയ്ബ് മാലിക്, ആസിഫ് അലി, വഹാബ് റിയാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് അമീര്‍

റിസര്‍വ് ദിവസം പ്രായോഗികം അല്ല

ലോകകപ്പ് പോലൊരു ടൂര്‍ണ്ണമെന്റില്‍ എല്ലാ മത്സരങ്ങള്‍ക്കും റിസര്‍വ് ദിവസം വയ്ക്കുന്നത് പ്രായോഗികം അല്ലെന്ന് അറിയിച്ച് ഐസിസി. ഐസിസിയുടെ സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. പല ഘടകങ്ങളെ പരിഗണിച്ചാണ് ഐസിസി മത്സരക്രമം തയ്യാറാക്കുന്നത്. അതിനാല്‍ തന്നെയാണ് റിസര്‍വ് ദിവസം പ്രഖ്യാപിക്കാതിരുന്നതും.

ഓരോ മത്സരത്തിനും റിസര്‍വ് ദിവസം വെച്ചാല്‍ ടൂര്‍ണ്ണമെന്റ് വളരെ ദൈര്‍ഘ്യമേറിയതാകുമെന്നും അത് നടപ്പിലാക്കുവാനും ശ്രമകരമായി മാറുമെന്ന് ഡേവ് പറഞ്ഞു. അത് ടീമിന്റെ മത്സരത്തിനു ശേഷമുള്ള ഇടവേളയും യാത്ര ദിവസങ്ങളെയും പിച്ച് തയ്യാറാക്കലിനെയും താമസത്തിനെയും സ്റ്റാഫിംഗ് വോളണ്ടിയറിംഗ് എന്ന് വേണ്ട പല ഘടകങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണ്.

അത് കൂടാതെ മണിക്കൂറുകള്‍ യാത്ര ചെയ്ത് എത്തുന്ന കാണികള്‍ക്ക് റിസര്‍വ് ദിവസത്തിലും കളി നടക്കുമെന്ന ഉറപ്പ് നല്‍കാനാകില്ല. 1200ലധികം ആളകളാണ് ഓരോ മത്സരത്തിന്റെ നടത്തിപ്പിനായി പല ഘട്ടങ്ങളിലായി പങ്കാളികളാവുന്നുണ്ട്, ഇവരില്‍ ബ്രോഡ്കാസ്റ്റിംഗ് സംഘം ടൂര്‍ണ്ണമെന്റിന്റെ ഇടയ്ക്ക് രാജ്യത്തുടനീളം യാത്രയാകുന്നുണ്ട്. അതിനാല്‍ റിസര്‍വ് ദിവസം ഇവരുടെ കാര്യങ്ങളെയും അവതാളത്തിലാക്കുമെന്നും ഡേവ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.

ഈ ലോകകപ്പില്‍ മാത്രം ഇതുവരെ മൂന്ന് മത്സരങ്ങളാണ് മഴ മൂലം ഉപേക്ഷിക്കപ്പെട്ടത്. വരും ദിവസങ്ങളിലെ മത്സരങ്ങള്‍ക്കും മഴ ഭീഷണി സജീവമായി നില്‍ക്കുന്നു എന്നതിനാല്‍ ഈ വര്‍ഷത്തെ ലോകകപ്പിന്റെ ആവേശത്തെ മഴ തണുപ്പിച്ചു കളഞ്ഞു എന്നതാമ് സത്യം.

ചന്ദ്രനിലേക്ക് ആളെ അയയ്ക്കുന്ന ഈ കാലത്ത് ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റില്‍ റിസര്‍വ് ഡേ ഇല്ലാത്തത് നിരാശാജനകം

ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതിലെ അരിശം മറച്ച് വയ്ക്കാതെ ടീം കോച്ച് സ്റ്റീവ് റോഡ്സ്. ചന്ദ്രനിലേക്ക് ആളുകളെ അയയ്ക്കുന്ന ഈ കാലത്ത് ഇതു പോലെ നീണ്ടൊരു ടൂര്‍ണ്ണമെന്റില്‍ റിസര്‍വ് ഡേ ഇല്ലാത്തത് മോശം കാര്യമാണെന്നാണ് സ്റ്റീവ് റോഡ്സ് പറഞ്ഞത്. ഇത് ടൂര്‍ണ്ണമെന്റ് സംഘാടകര്‍ക്ക് ശ്രമകരമായ കാര്യമാണെന്നറിയാം എന്നിരുന്നാലും മത്സരങ്ങള്‍ക്കിടയില്‍ ടീമുകള്‍ക്ക് ഇഷ്ടം പോലെ സമയം ലഭിയ്ക്കുന്നുണ്ട് എന്നതാണ് സത്യം. അടുത്ത മത്സരത്തിലേക്കുള്ള യാത്ര ഒരു ദിവസം വൈകിയാലും വലിയ പ്രശ്നമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് റോഡ്സ് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ കാണികള്‍ക്കും നിരാശയാണ് നല്‍കുന്നത്. ക്രിക്കറ്റ് കാണുവാനാണ് അവര്‍ ടിക്കറ്റ് എടുക്കുന്നത്. എന്നിട്ട് ഇത്തരം സ്ഥിതിയില്‍ മത്സരം ഉപേക്ഷിക്കുന്നത് മോശമാണ്. റിസര്‍വ് ഡേ ഉണ്ടാകുകയും അന്ന് മത്സരം നടക്കുകയും ചെയ്താല്‍ അത് കാണികള്‍ക്കും ആശ്വാസം നല്‍കുന്ന കാര്യമാണെന്ന് സ്റ്റീവ് റോഡ്സ് അഭിപ്രായപ്പെട്ടു.

ഷാകിബും പരിക്കിന്റെ പിടിയിലോ?

ബംഗ്ലാദേശിന്റെ ചാമ്പ്യന്‍ ഓള്‍റൗണ്ടറും ഏറ്റവും മികച്ച ഫോമിലുള്ള താരവുമായ ഷാക്കിബ് അല്‍ ഹസനും പരിക്കിന്റെ പിടിയിലെന്ന് സൂചന. ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം കളിച്ചേക്കില്ലെന്നുള്ള വാര്‍ത്ത പുറത്ത് വന്നിരുന്നുവെങ്കിലും മത്സരം ടോസ് പോലും നടക്കാതെ മഴ മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. താരത്തിനു ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിനിടെയാണ് ഇടത് തുടയില്‍ പരിക്കേറ്റത്.

താരത്തിനു സ്കാനുകള്‍ എല്ലാം ചെയ്തുവെങ്കിലും എത്ര ദിവസം കളത്തിനു പുറത്തിരിക്കണമെന്നതിനെക്കുറിച്ച് ഒരു വ്യക്ത വരുത്തുവാന്‍ ടീമിനു കഴിഞ്ഞിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെ 50-50 സാധ്യതയാണ് ഷാക്കിബ് പങ്കെടുക്കുവാനുള്ളതെന്നാണ് ബംഗ്ലാദേശ് സെലക്ടര്‍ പറഞ്ഞത്. ഇതു വരെ ടൂര്‍ണ്ണമെന്രില്‍ രണ്ട് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും നേടിയ താരം ഇനിയുള്ള മത്സരങ്ങളില്‍ കളിയ്ക്കുന്നില്ലെങ്കില്‍ ബംഗ്ലാദേശിന് അത് ഏറ്റവും വലിയ തിരിച്ചടിയായി മാറും.

ശിഖർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരും

ഓസ്‌ട്രേലിക്കെതിരായ മത്സരത്തിൽ വിരലിന് പൊട്ടലേറ്റ ശിഖർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്ന് ബി.സി.സി.ഐ. ബി.സി.സി.ഐ മെഡിക്കൽ വിഭാഗത്തിന്റെ നീരിക്ഷണത്തിൽ താരം ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്നാണ് ബി.സി.സി.ഐ അറിയിച്ചത്. താരത്തിന്റെ പരിക്ക് ബേധമാവുന്നതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ മാത്രമാവും താരത്തിന് പകരക്കാരനായി ഇന്ത്യ പുതിയ താരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുക. മത്സരത്തിനിടെ വിരലിന് പരിക്കേറ്റെങ്കിലും അത് വകവെക്കാതെ കളിച്ച ധവാൻ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.

നേരത്തെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ശിഖർ ധവാൻ മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് രണ്ട് ആഴ്ച മാത്രമേ പുറത്തിരിക്കേണ്ടി വരൂ എന്നത് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകും.  അടുത്ത ദിവസം ന്യൂസിലാൻഡിനെതിരെ നടക്കുന്ന മത്സരത്തിൽ ശിഖർ ധവാന്റെ അഭാവത്തിൽ കെ.എൽ രാഹുൽ ആവും രോഹിത് ശർമ്മയോടൊപ്പം ഓപ്പൺ ചെയ്യുക. ഒഴിവു വരുന്ന നാലാം സ്ഥാനത്ത് ദിനേശ് കാർത്തിക്കോ വിജയ് ശങ്കറോ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.

പാക്കിസ്ഥാനെതിരെ സ്റ്റോയിനിസ് ഇല്ല, കരുതല്‍ താരമായി മിച്ചല്‍ മാര്‍ഷ് ഇംഗ്ലണ്ടിലേക്ക്

ഓസ്ട്രേലിയയുടെ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് പരിക്ക് മൂലം കളിയ്ക്കില്ല. ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ താരത്തിനു ബൗളിംഗിനിടെ അസ്വാസ്ഥ്യം(സൈഡ് സ്ട്രെയിന്‍) രൂപപ്പെട്ടിരുന്നു. പിന്നീട് താരത്തിന്റെ പരിക്ക് ഇന്നത്തെ മത്സരത്തിനു മുമ്പ് ഭേദമാകില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഒരു പക്ഷേ താരം ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുന്ന സാഹചര്യം വരികയാണെങ്കിലാണ് പകരം താരമായി മിച്ചല്‍ മാര്‍ഷിനെ പ്രഖ്യാപിച്ചത്.

ഈ മാസം അവസാനത്തോടെ ഓസ്ട്രേലി എ ടീമിനൊപ്പം ഇംഗ്ലണ്ട് സന്ദര്‍ശിക്കാനിരുന്ന താരമാണ് മിച്ചല്‍ മാര്‍ഷ്. സ്റ്റോയിനിസ് എത്ര മത്സരം നഷ്ടമാകുമെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നാണ് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കിയത്.

ശ്രീലങ്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരവും മഴ മൂലം നഷ്ടം

ലോകകപ്പിന്റെ ഈ രണ്ടാമത്തെ ആഴ്ച ഇത് മൂന്നാമത്തെ മത്സരമാണ് മഴ മൂലം ഉപേക്ഷിക്കപ്പെടുന്നത്. ഇതില്‍ ശ്രീലങ്കയ്ക്ക് രണ്ട് മത്സരങ്ങള്‍ നഷ്ടമായി. ഇന്ന് ടോസ് പോലും നടക്കാതെയാണ് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടത്. ശ്രീലങ്കയുടെ പാക്കിസ്ഥാനെതിരെയുള്ള മത്സരവും ഇതേ വേദിയില്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

ശ്രീലങ്കയ്ക്ക് നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റും ബംഗ്ലാദേശിനു നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമാണ് ഇതുവരെയുള്ളത്.

ഇംഗ്ലണ്ടിലെ അടുത്ത മൂന്ന് നാല് ദിവസത്തെ കാലാവസ്ഥ മോശം, മത്സരങ്ങള്‍ക്ക് പരക്കെ മഴ ഭീഷണി

ഇന്നലെ വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരമാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്. പാക്കിസ്ഥാന്‍ ശ്രീലങ്ക മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം ഇന്ന് ബ്രിസ്റ്റോളില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ്-ശ്രീലങ്ക മത്സരത്തിനും മഴ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതുവരെ മത്സരത്തിലെ ടോസ് പോലും നടന്നിട്ടില്ല. ഒന്നര മണിക്കൂറിലധികം നിലവില്‍ തന്നെ ടോസ് വൈകിയിരിക്കുന്ന സാഹചര്യത്തില്‍ മഴ മാറി എത്ര ഓവര്‍ മത്സരം നടക്കുമെന്നത് കാത്തിരുന്ന് മാത്രമേ അറിയാാനാകൂ.

അതേ സമയം അടുത്ത മത്സരങ്ങള്‍ നടക്കുന്ന ടോണ്ടണിലും നോട്ടിംഗാമിലും കാലാവസ്ഥ മോശമാണെന്നാണ് ലഭിയ്ക്കുന്ന വിവരം. എഡ്ജ്ബാസ്റ്റണില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തിനും മഴ ഭീഷണിയായി എത്തുകയാണെന്നാണ് അറിയുന്നത്. വരും ദിവസങ്ങളിലെ കാലാവസ്ഥ മെച്ചമാകുന്നില്ലെങ്കില്‍ ബഹുഭൂരിഭാഗം മത്സരങ്ങളിലും കളിയ്ക്കാന്‍ അവസരം ലഭിയ്ക്കാതെ ടൂര്‍ണ്ണമെന്റില്‍ നിന്ന് ടീമുകള്‍ പുറത്ത് പോകുന്നത് കാണാനാകുമെന്നാണ് കരുതുന്നത്.

ഡി വില്ലിയേഴ്സിനോട് താന്‍ ഈ തീരുമാനം വളരെ വൈകിപോയെന്ന് പറഞ്ഞിരുന്നു – ഫാഫ് ഡു പ്ലെസി

ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന്റെ തലേന്ന് എബി ഡി വില്ലിയേഴ്സ് വിളിച്ചിരുന്നുവെന്നും എന്നാല്‍ താരത്തിനോട് ഞാന്‍ ഈ തീരുമാനം വളരെ വൈകി പോയെന്നാണ് തോന്നുന്നതെന്ന് പറഞ്ഞിരുന്നുവെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. താരം തന്നെ നേരിട്ട് കണ്ടില്ലെന്നും ഫോണ്‍ വിളിയിലൂടെയാണ് തനിക്ക് മടങ്ങി വരവിനു ആഗ്രഹമുണ്ടെന്ന് അറിയിച്ചതെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

താന്‍ അപ്പോള്‍ തന്നെ ഇത് വളരെ വൈകിപ്പോയെന്ന് പറഞ്ഞു, എന്നാലും നാളെ സെലക്ടര്‍മാരുമായി സംസാരിക്കാമെന്നും അവരുടെ അഭിപ്രായം അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കാമെന്നുമാണ് പറഞ്ഞത്. കാരണം സ്ക്വാഡ് പ്രഖ്യാപനം മാത്രമായിരുന്നു ബാക്കി. ടീമംഗങ്ങളെ ഞങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞിരുന്നുവെന്നും പിറ്റേന്ന് കോച്ചും സെലക്ടര്‍മാരും ഇത് വളരെ വൈകിയിരിക്കുന്നുവെന്നും ഇനി ടീമിലൊരു മാറ്റം സാധ്യമല്ലെന്നും അറിയിക്കുകയായിരുന്നുവെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്നത് നാലാം നമ്പറില്‍ വീണ്ടും ആരെന്ന ചോദ്യം

ഏറെക്കാലമായി ഇന്ത്യയുടെ തലവേദന നാലാം നമ്പറില്‍ ആരെന്നതായിരുന്നു. അതിനു ഒരു പരിധി വരെ വിജയ് ശങ്കര്‍ പരിഹാരമാകുമെന്ന് കരുതിയെങ്കിലും സന്നാഹ മത്സരത്തില്‍ തിളങ്ങാനാകാതെ വിജയ് പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി സന്നാഹ മത്സരത്തില്‍ തിളങ്ങിയ കെഎല്‍ രാഹുല്‍ അവിടേക്ക് മടങ്ങിയെത്തുകയായിരുന്നു. നാലാം നമ്പറില്‍ കാര്യമായ പ്രകടനമൊന്നും രാഹുലിനു പുറത്തെടുക്കേണ്ടി വന്നില്ല.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് ശര്‍മ്മയോടൊപ്പം നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് രാഹുല്‍ നേടിയത്. റണ്‍സ് അധികം നേടിയില്ലെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്സിലെ പ്രധാന കൂട്ടുകെട്ടായിരുന്നു അത്. രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഏതാനും പന്തുകള്‍ മാത്രമാണ് രാഹുലിനു ലഭിച്ചത്.

ഇപ്പോള്‍ ശിഖര്‍ ധവാന്റെ പരിക്ക് ടീമിന്റെ ഓപ്പണിംഗിലേക്ക് രാഹുലിനെ നയിക്കുവാനുള്ള സാധ്യതയാണ് കൂടുതല്‍. അവിടെ രാഹുല്‍ തിളങ്ങുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണെങ്കിലും അതിലും കൂടുതല്‍ ഇന്ത്യയെ അലട്ടുക നാലാം നമ്പറില്‍ ആരെന്ന ചോദ്യമാവും. വിജയ് ശങ്കറിനെ ആ സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കുമോ അതോ ധോണിയ്ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണോ ചെയ്യുകയെന്ന ചോദ്യം ബാക്കി നില്‍ക്കവെ ധവാന് പകരം ആരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നതും ചോദ്യമാണ്.

ഋഷഭ് പന്തിനാണോ അതോ അമ്പാട്ടി റായിഡുവിനാണോ നറുക്ക് വീഴുക എന്നതും കാത്തിരുന്ന് കാണേണ്ട ചോദ്യങ്ങളാണ്.

Exit mobile version