പാറ്റ് കമ്മിന്‍സ് ഒഴികെ എല്ലാവര്‍ക്കും പിച്ച് പ്രശ്നമായിരുന്നു – വെങ്കിടേഷ് അയ്യര്‍

പാറ്റ് കമ്മിന്‍സ് ഒഴികെ ബാക്കി ബാറ്റ്സ്മാന്മാര്‍ക്കെല്ലാം തന്നെ പിച്ച് പ്രശ്നമായിരുന്നുവെന്ന് പറഞ്ഞ് വെങ്കിടേഷ് അയ്യര്‍. താന്‍ ക്രീസിൽ അവസാനം വരെ ഉണ്ടായി എന്നതിൽ സന്തോഷം ഉണ്ടെന്നും വെങ്കിടേഷ് അയ്യര്‍ പറഞ്ഞു.

പ്രയാസമേറിയ പിച്ചിൽ അവിശ്വസനീയമായ രീതിയിൽ ബാറ്റ് വീശിയ പാറ്റ് കമ്മിന്‍സിന്റെ പ്രകടനം ഒന്നാന്തരമായിരുന്നുവെന്നും വെങ്കിടേഷ് അയ്യര്‍ വ്യക്തമാക്കി.

ലങ്കയ്ക്ക് രക്ഷയില്ല, ആദ്യ മത്സരത്തിൽ 62 റൺസ് തോൽവി

ഇന്ത്യയുടെ കൈയ്യിൽ നിന്ന് കണക്കറ്റ് പ്രഹരം ഏറ്റ ബൗളര്‍മാര്‍ക്ക് ശേഷം ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരും കളി മറന്നപ്പോള്‍ ഇന്ത്യയ്ക്കെതിരെ 137 റൺസ് മാത്രമാണ് 6 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക നേടിയത്. ഇന്ന് 200 റൺസ് ചേസ് ചെയ്തിറങ്ങിയ ലങ്കയ്ക്ക് ആദ്യ പന്തിൽ തന്നെ പതും നിസ്സങ്കയെ നഷ്ടമായി.

പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ലങ്ക 60/5 എന്ന നിലയിലേക്ക് വീണു. 37 റൺസ് ആറാം വിക്കറ്റിൽ നേടിയ ചരിത് അസലങ്ക – ചമിക കരുണാരത്നേ(21) കൂട്ടുകെട്ടാണ് ലങ്കയെ നൂറിന് അടുത്തേക്ക് എത്തിച്ചത്.

ചമിക പുറത്തായ ശേഷം ചരിത് അസലങ്കയ്ക്ക് കൂട്ടായി എത്തിയ ദുഷ്മന്ത ചമീരയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ലങ്ക 137 റൺസ് നേടി. ചരിത് അസലങ്ക 53 റൺസും ദുഷ്മന്ത ചമീര 24 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ 40 റൺസാണ് ഇരുവരും ചേര്‍ന്ന് അപരാജിതമായ ഏഴാം വിക്കറ്റിൽ നേടിയത്.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും വെങ്കിടേഷ് അയ്യരും രണ്ട് വീതം വിക്കറ്റ് നേടി.

റാങ്കിംഗിൽ കുതിച്ച് ചാടി സൂര്യകുമാർ യാദവും വെങ്കിടേഷ് അയ്യരും

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ മികവാര്‍ന്ന പ്രകടനത്തിന്റെ ബലത്തിൽ ഐസിസി ടി20 റാങ്കിംഗിൽ കുതിച്ച് ചാടി സൂര്യകമാര്‍ യാദവും വെങ്കിടേഷ് അയ്യരും. അയ്യര്‍ 203 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 115ാം റാങ്കിലേക്ക് ഉയര്‍ന്നപ്പോള്‍ 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സൂര്യകുമാര്‍ യാദവ് 21ാം സ്ഥാനത്തേക്കുയര്‍ന്നു.

Nicholaspooran

പരമ്പരയിലെ താരമായിരുന്നു സൂര്യകുമാര്‍ യാദവ്. വെസ്റ്റിന്‍ഡീസിനായി മൂന്ന് മത്സരങ്ങളിലും അര്‍ദ്ധ ശതകം നേടിയ നിക്കോളസ് പൂരന്‍ 5 സ്ഥാനം മെച്ചപ്പെടുത്തി 13ാം റാങ്കിലേക്ക് ഉയര്‍ന്നു.

സൂര്യകുമാറിന് അര്‍ദ്ധ ശതകം, ഇന്ത്യയ്ക്ക് 184 റൺസ്

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ടി20യിൽ 184 റൺസ് നേടി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 31 പന്തിൽ 65 റൺസ് നേടിയ സൂര്യകുമാര്‍ യാദവും 19 പന്തിൽ പുറത്താകാതെ 35 റൺസ് നേടിയ വെങ്കിടേഷ് അയ്യരുമാണ് ആതിഥേയര്‍ക്കായി തിളങ്ങിയത്.

ഇഷാന്‍ കിഷന്‍ 34 റൺസും ശ്രേയസ്സ് അയ്യര്‍ 25 റൺസും നേടി. റുതുരാജ് ഗായ്ക്വാഡിനെ ഓപ്പണറായി പരീക്ഷിച്ച ഇന്ത്യയ്ക്ക് താരത്തെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 10 റൺസായിരുന്നു.

പിന്നീട് കിഷനും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് 53 റൺസ് രണ്ടാം വിക്കറ്റിൽ നേടിയ ശേഷം അയ്യര്‍ പുറത്താകുകയായിരുന്നു. അയ്യര്‍ 16 പന്തിലാണ് 25 റൺസ് നേടിയത്. തൊട്ടടുത്ത ഓവറിൽ ഇഷാന്‍ കിഷനെയും ടീമിന് നഷ്ടമായി.

നാലാം വിക്കറ്റിൽ സൂര്യകുമാര്‍ യാദവ് – രോഹിത് ശര്‍മ്മ കൂട്ടുകെട്ട് 27 റൺസ് നേടിയപ്പോള്‍ അതിൽ രോഹിത്തിന്റെ സംഭാവ ഏഴ് റൺസായിരുന്നു. അഞ്ചാം വിക്കറ്റിൽ 91 റൺസാണ് സൂര്യകുമാര്‍ – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് നേടിയത്.

വിരാട്, രോഹിത്, സൂര്യകുമാർ എന്നിവരെ വീഴ്ത്തി ചേസ്, കോഹ്‍ലിയുടെ അർദ്ധ ശതകത്തിന് ശേഷം ഇന്ത്യയെ 186 റൺസിലെത്തിച്ച് പന്ത് – വെങ്കിടേഷ് അയ്യർ കൂട്ടുകെട്ട്

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 186 റൺസ്. റോസ്ടൺ ചേസിന്റെ തകർപ്പൻ സ്പെല്ലാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചത്. തന്റെ നാലോവറിൽ താരം 25 റൺസ് വിട്ട് കൊടുത്ത് വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, സൂര്യകുമാർ യാദവ് എന്നിവരെ ആണ് ചേസ് വീഴ്ത്തിയത്.

106/4 എന്ന നിലയിൽ നിന്ന് 76 റൺസ് കൂട്ടുകെട്ട് നേടി ഋഷഭ് പന്ത് – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. അവസാന ഓവറിലാണ് വിന്‍ഡീസിന് കൂട്ടുകെട്ട് തകര്‍ക്കാനായത്.

രണ്ടാം ഓവറിൽ ഇഷാൻ കിഷനെ നഷ്ടമായ ശേഷം രോഹിത്തും(19) കോഹ്‍ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 49 റൺസ് നേടുകയായിരുന്നു. എന്നാൽ രോഹിത്തിനെയും സൂര്യകുമാറിനെയും വീഴ്ത്തി റോസ്ടൺ ചേസ് ഇന്ത്യൻ ബാറ്റിംഗിന്റെ താളം തെറ്റിച്ചു.

മികച്ച ഫോമിൽ കളിച്ച വിരാട് കോഹ്‍ലി 41 പന്തിൽ 52 റൺസ് നേടിയ ശേഷമാണ് പുറത്തായത്. ഇരുവരും പുറത്തായ ശേഷം ഋഷഭ് പന്ത് – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് 76 റൺസ് നേടി ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 35 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് ഈ സ്കോര്‍ നേടിയത്.

അയ്യര്‍ 18 പന്തിൽ 33 റൺസും പന്ത് 28 പന്തിൽ 52 റൺസുമാണ് നേടിയത്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക, വെങ്കിടേഷ് അയ്യര്‍ക്ക് അരങ്ങേറ്റം

ബോളണ്ട് പാര്‍ക്കിൽ ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. സ്പിന്നിന് പിന്തുണയേകുമെന്ന് കരുതുന്ന പിച്ചിൽ രണ്ട് സ്പിന്നര്‍മാരെയാണ് ദക്ഷിണാഫ്രിക്ക കളിപ്പിക്കുന്നത്. കാഗിസോ റബാഡയ്ക്ക് പകരം മാര്‍ക്കോ ജാന്‍സന്‍ ടീമിലേക്ക് എത്തുന്നു.

കെഎൽ രാഹുലിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയ്ക്കായി വെങ്കിടേഷ് അയ്യര്‍ അരങ്ങേറ്റം കുറിയ്ക്കുന്നു.

ദക്ഷിണാഫ്രിക്ക : Quinton de Kock(w), Janneman Malan, Aiden Markram, Rassie van der Dussen, Temba Bavuma(c), David Miller, Andile Phehlukwayo, Marco Jansen, Keshav Maharaj, Tabraiz Shamsi, Lungi Ngidi

ഇന്ത്യ: KL Rahul(c), Shikhar Dhawan, Virat Kohli, Shreyas Iyer, Rishabh Pant(w), Venkatesh Iyer, Shardul Thakur, Ravichandran Ashwin, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal

 

 

കേരളത്തിനെതിരെ കത്തിക്കയറി വെങ്കിടേഷ് അയ്യര്‍

ഐപിഎൽ താരം വെങ്കിടേഷ് അയ്യരുടെ മികവിൽ കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മധ്യ പ്രദേശ്. 84 പന്തിൽ 112 റൺസാണ് വെങ്കിടേഷ് അയ്യര്‍ നേടിയത്. ശുഭം ശര്‍മ്മ(82), രജത് പടിദാര്‍(49), അഭിഷേക് ഭണ്ഡാരി(49) എന്നിവരും തിളങ്ങിയപ്പോള്‍ മധ്യ പ്രദേശ് 9 വിക്കറ്റ് നഷ്ടത്തിൽ 329 റൺസാണ് നേടിയത്.

ഒരു ഘട്ടത്തിൽ മധ്യ പ്രദേശ് 108/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 169 റൺസ് കൂട്ടുകെട്ടുമായി അയ്യരും ശുഭം ശര്‍മ്മയും ചേര്‍ന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. കേരളത്തിനായി വിഷ്ണു വിനോദ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റും നേടി.

മോര്‍ഗനില്ല, റസ്സലില്‍ വിശ്വാസം അര്‍പ്പിച്ച് കൊല്‍ക്കത്ത

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന മോര്‍ഗനെ നിലനിര്‍ത്തിയില്ലെങ്കിലും സമാനമായ ഫോമിലൂടെ കടന്ന് പോയ ആന്‍ഡ്രേ റസ്സലിനെ നിലനിര്‍ത്തുവാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്.

12 കോടി രൂപയ്ക്കാണ് റസ്സലിനെ ടീമിൽ നിലനിര്‍ത്തുവാന്‍ ഫ്രാ‍ഞ്ചൈസി തീരുമാനിച്ചത്. വരുൺ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍ എന്നിവരെ എട്ട് കോടിയ്ക്ക് നിലനിര്‍ത്തിയ ഫ്രാഞ്ചൈസി സുനിൽ നരൈനെ 6 കോടി നല്‍കി ടീമിൽ തുടരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ശുഭ്മന്‍ ഗില്ലിനെ ടീം റിലീസ് ചെയ്തു. എന്നാൽ താരത്തിനെ ലേലത്തിലൂടെ തിരികെ ടീമിലെത്തിക്കുവാന്‍ ഫ്രാഞ്ചൈസി ശ്രമിക്കുമെന്ന് ഉറപ്പാണ്.

രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും ഡ്രസ്സിംഗ് റൂം റിലാക്സ്ഡ് ആയി നിലനിര്‍ത്തുന്നു – വെങ്കടേഷ് അയ്യര്‍

ഇന്ത്യയുടെ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡും പുതിയ ടി20 നായകന്‍ രോഹിത് ശര്‍മ്മയ്ക്കും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാമെന്ന് പറഞ്ഞ് വെങ്കടേഷ് അയ്യര്‍. ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് വെങ്കടേഷ് അയ്യര്‍.

ഇരുവര്‍ക്കും ഡ്രസ്സിംഗ് റൂം റിലാക്സ്ഡ് ആയി നിലനിര്‍ത്തുവാനുള്ള മികച്ച കഴിവുണ്ടെന്നാണ് താരം പറഞ്ഞത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് അയ്യര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അവസരം ലഭിയ്ക്കാനിടയാക്കിയത്.

തനിക്ക് ഇരുവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും താന്‍ സമ്മര്‍ദ്ദമില്ലാതെയാണ് ഈ അവസരങ്ങള്‍ ആഘോഷിച്ചതെന്നും തനിക്ക് തന്റെ കളി പുറത്തെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ തന്നിരുന്നുവെന്നും തന്റെ കഴിവിൽ പൂര്‍ണ്ണ വിശ്വാസമാണെന്നും ഇരുവരും അറിയിച്ചുവെന്നും അയ്യര്‍ വ്യക്തമാക്കി.

വെങ്കിടേഷ് അയ്യര്‍ക്ക് കൂടുതൽ അവസരങ്ങള്‍ ലഭ്യമാക്കുവാന്‍ ശ്രമിക്കണം – രോഹിത് ശര്‍മ്മ

ഇന്ത്യയുടെ മികച്ചൊരു ഭാവി താരമാണ് വെങ്കിടേഷ് അയ്യര്‍ എന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. താരത്തിന്റെ കരിയറിന്റെ തുടക്ക ദിവസങ്ങളാണെന്നതും അധികം അവസരം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയ്ക്കായി താരത്തിനെ കഴിയുന്ന സമയത്തെല്ലാം കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ ശ്രദ്ധ താരത്തില്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും താരത്തിനെ കൂടുതൽ ബൗളിംഗ് അവസരം ലഭിയ്ക്കുന്നുവെന്നും തങ്ങള്‍ ഉറപ്പാക്കുവാന്‍ ശ്രമിക്കുമെന്നും രോഹിത് ശര്‍മ്മ സൂചിപ്പിച്ചു.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഇന്നലെ മാത്രമാണ് വെങ്കിടേഷ് അയ്യര്‍ക്ക് ബൗളിംഗ് അവസരം ലഭിച്ചത്. ഇന്നലെ മൂന്നോവറിൽ നിന്ന് താരം 12 റൺസ് വിട്ട് നല്‍കി ആഡം മിൽനെയെ പുറത്താക്കി തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റും സ്വന്തമാക്കിയിരുന്നു.

കൊൽക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ചെന്നൈയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ലോര്‍ഡ് താക്കൂര്‍

ഐപിഎലില്‍ തങ്ങളുടെ നാലാം കിരീടം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ലോര്‍ഡ് ശര്‍ദ്ധുൽ താക്കൂര്‍ വെങ്കിടേഷ് അയ്യരെയും നിതീഷ് റാണയെയും ഒരേ ഓവറിൽ പുറത്താക്കിയ തുടക്കമിട്ട കൊല്‍ക്കത്തയുടെ തകര്‍ച്ചയ്ക്ക് രവീന്ദ്ര ജഡേജയും ആക്കം കൂട്ടിയപ്പോള്‍ 27 റൺസ് വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് കൊല്‍ക്കത്ത നേടിയത്.

31 പന്തിൽ അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ച അടുത്ത പന്തിൽ കൊല്‍ക്കത്തയ്ക്ക് ശുഭ്മന്‍ ഗില്ലിനെ നഷ്ടമാകുകയായിരുന്നു. എന്നാൽ പന്ത് സ്പൈഡര്‍ കാം കേബിളിൽ കൊണ്ടതിനാൽ തന്നെ ഗില്ലിന് ജീവന്‍ ദാനം ലഭിച്ചു.

എന്നാൽ അടുത്ത ഓവറിൽ വെങ്കിടേഷ് അയ്യരുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. താക്കൂറിനാണ് വിക്കറ്റ്. അയ്യരുടെ സ്കോര്‍ പൂജ്യത്തിലുള്ളപ്പോള്‍ എംഎസ് ധോണി താരത്തെ കൈവിട്ടിരുന്നു. 64 പന്തിൽ 91 റൺസാണ് വെങ്കിടേഷ് അയ്യരും ശുഭ്മന്‍ ഗില്ലും നേടിയത്. അതേ ഓവറിൽ തന്നെ നിതീഷ് റാണയെ പിടിച്ച് ലോര്‍ഡ് താക്കൂര്‍ ചെന്നൈയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

91/0 എന്ന നിലയിൽ നിന്ന് 97/3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുന്ന കാഴ്ചയാണ് ദുബായിയിൽ പിന്നീട് കണ്ടത്. ഇതിനിടെ ശുഭ്മന്‍ ഗിൽ തന്റെ അര്‍ദ്ധ ശതകം 40 പന്തിൽ തികച്ചു. തൊട്ടടുത്ത ഓവറിൽ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ദീപക് ചഹാര്‍ ചെന്നൈയ്ക്ക് മത്സരത്തിൽ മുന്‍തൂക്കം നേടിക്കൊടുത്തു.

മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 76 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. സ്കോറിംഗ് വേഗത കൂട്ടുവാന്‍ ശ്രമിച്ച് ദിനേശ് കാര്‍ത്തിക്ക്(9) രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയതോടെ കൊല്‍ക്കത്ത ക്യാമ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. അതേ ഓവറിൽ ഷാക്കിബ് അല്‍ ഹസനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ചെന്നൈയെ കിരീടത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.

ശര്‍ദ്ധുൽ താക്കൂര്‍ എറിഞ്ഞ 19ാം ഓവറിൽ 17 പിറന്നപ്പോള്‍ താരം 10 ബോളാണ് ആ ഓവറിൽ എറിഞ്ഞത്. ആ ഓവര്‍ ക്യാപ്റ്റന്‍ കൂള്‍ ധോണി തന്റെ കൂള്‍ നഷ്ടമാകുന്നത് കാണികള്‍ക്ക് കാണാനായി. ഒമ്പതാം വിക്കറ്റിൽ ശിവം മാവി – ലോക്കി ഫെര്‍ഗൂസൺ കൂട്ടുകെട്ട് 39 റൺസ് നേടിയാണ് കൊല്‍ക്കത്തയുടെ തോല്‍വിയുടെ ഭാരം കുറച്ചത്.

മാവി 20 റൺസ് നേടി അവസാന ഓവറിൽ ബ്രാവോയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ ലോക്കി ഫെര്‍ഗൂസൺ 18 റൺസുമായി പുറത്താകാതെ നിന്നു. താക്കൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹാസൽവുഡും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.

ഓപ്പണര്‍മാരുടെ മികച്ച തുടക്കത്തിന് ശേഷം കൊല്‍ക്കത്ത പതറി, ഫൈനലിലേക്ക് കടന്ന് കൂടി

ഡല്‍ഹി ക്യാപിറ്റൽസ് നൽകിയ 136 റൺസ് വിജയ ലക്ഷ്യത്തെ അനായാസം മറികടക്കുമെന്ന നിലയിൽ നിന്ന് 17 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് കൈവിട്ട് സ്വന്തം കുഴിതോണ്ടിയ ശേഷം രാഹുല്‍ ത്രിപാഠി നേടിയ സിക്സിന്റെ ബലത്തിൽ ഫൈനലില്‍ കടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിലെ ബാറ്റിംഗ് പ്രയാസകരമായ വിക്കറ്റിൽ 19.5 ഓവറിലാണ് കൊല്‍ക്കത്തയുടെ 3  വിക്കറ്റ് വിജയം.

ഓപ്പണര്‍മാര്‍ അനായാസം റൺസ് കണ്ടെത്തിയപ്പോള്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 76 റൺസാണ് കൊല്‍ക്കത്ത നേടിയത്. 38 പന്തിൽ വെങ്കിടേഷ് അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ശുഭ്മന്‍ ഗിൽ മറുവശത്ത് സ്ട്രൈക്ക് കൃത്യമായി റൊട്ടേറ്റ് ചെയ്ത് മത്സരത്തിൽ ഡല്‍ഹി ബൗളര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാതെ മുന്നോട്ട് നയിക്കുകയായിരുന്നു.

96 റൺസാണ് കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നേടിയത്. 55 റൺസ് നേടിയ വെങ്കടേഷ് അയ്യരെ റബാഡ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നിതീഷ് റാണയെ(13) അടുത്തതായി കൊല്‍ക്കത്തയ്ക്ക് നഷ്ടമായെങ്കിലും താരവും ഗില്ലും ചേര്‍ന്ന് 27 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ കൊല്‍ക്കത്ത ലക്ഷ്യത്തിന് 13 റൺസ് അകലെ എത്തിയിരുന്നു.

46 റൺസ് നേടിയ ഗില്ലിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം വെറും 11 റൺസ് അകലെയായിരുന്നു. അവേശ് ഖാന്‍ എറിഞ്ഞ ഓവറിൽ വെറും 2 റൺസാണ് പിറന്നത്. നേരത്തെ അവേശ് ഖാന്റെ മുമ്പത്തെ ഓവറിൽ നിതീഷ് റാണ നല്‍കിയ അവസരം രവിചന്ദ്രന്‍ അശ്വിന്‍ കൈവിടുകയായിരുന്നു.

18ാം ഓവറിൽ വെറും ഒരു റൺസ് മാത്രം വിട്ട് നല്‍കി കാഗിസോ റബാഡ ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയതോടെ കൊല്‍ക്കത്ത 126/4 എന്ന നിലയിലേക്ക് വീണു. ഒരു ഘട്ടത്തിൽ 123/1 എന്ന നിലയിൽ നിന്നാണ് കൊല്‍ക്കത്ത ക്യാമ്പിൽ പരിഭ്രാന്തി പരത്തിയ പ്രകടനം ബാറ്റ്സ്മാന്മാരിൽ നിന്ന് വന്നത്.

അടുത്ത ഓവറിൽ ആന്‍റിക് നോര്‍ക്കിയ 3 റൺസ് മാത്രം വിട്ട് നല്‍കി ഓയിന്‍ മോര്‍ഗന്റെ വിക്കറ്റ് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 7 റൺസായി മാറി. അടുത്ത ഓവറിൽ ആദ്യ മൂന്ന് പന്തിൽ ഒരു റൺസ് നേടിയ കൊല്‍ക്കത്തയ്ക്ക് ഷാക്കിബിനെയും നഷ്ടമായതോടെ ലക്ഷ്യം മൂന്ന് പന്തിൽ ആറായി മാറി. അടുത്ത പന്തിൽ സുനിൽ നരൈനും പുറത്തായതോടെ ഡല്‍ഹിയ്ക്കനുകൂലമായി മത്സരം തിരിഞ്ഞു. എന്നാൽ അടുത്ത പന്തിൽ സിക്സര്‍ നേടി രാഹുല്‍ ത്രിപാഠി മത്സരം അവസാനിപ്പിച്ചു.

ഡല്‍ഹിയുടെ ബൗളര്‍മാര്‍ അവസാന ഓവറുകളിൽ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയപ്പോള്‍ ആന്‍റിക് നോര്‍ക്കിയ, രവിചന്ദ്രന്‍ അശ്വിന്‍, കാഗിസോ റബാഡ എന്നിവര്‍ 2 വിക്കറ്റ് വീതം നേടുകയായിരുന്നു.

അവസാന ഓവറിലെ സിക്സ് പിറക്കുന്നതിന് മുമ്പ് 17 റൺസ് വിട്ട് നല്‍കുന്നതിനിടെ 6 വിക്കറ്റാണ് ഡല്‍ഹി ബൗളര്‍മാര്‍ നേടിയത്.

Exit mobile version