വെങ്കടേഷ് അയ്യരെ കെകെആർ റിലീസ് ചെയ്ത് കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങണം – ഫിഞ്ച്


കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) അവരുടെ താരം വെങ്കടേഷ് അയ്യരെ ഐ.പി.എൽ 2026-ന് മുന്നോടിയായി റിലീസ് ചെയ്യണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും മുൻ കെ.കെ.ആർ ബാറ്റ്‌സ്മാനുമായ ആരോൺ ഫിഞ്ച് ശുപാർശ ചെയ്തു. 23.75 കോടി രൂപ എന്ന വമ്പൻ വില അയ്യരുടെ സമീപകാല പ്രകടനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഫിഞ്ച് ചൂണ്ടിക്കാട്ടി.


വെങ്കടേഷ് അയ്യർ ഒരു കഴിവുള്ള ‘മാച്ച് വിന്നർ’ ആണെങ്കിലും, ഐ.പി.എൽ 2025-ൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 142 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കൂടാതെ, ബാറ്റിംഗ് റോളിലുണ്ടായ തുടർച്ചയായ മാറ്റങ്ങളും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു. അയ്യരെ റിലീസ് ചെയ്യുന്നത് വഴി കെ.കെ.ആറിന് വലിയൊരു തുക (ഫണ്ട്) ലാഭിക്കാനാകുമെന്നും, തുടർന്ന് താരത്തെ കൂടുതൽ പ്രായോഗികമായ വിലയ്ക്ക് തിരികെ ടീമിലെത്തിക്കാൻ ശ്രമിക്കാമെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു. ഇത് ടീമിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയ്ക്കും കളിക്കാരന്റെ ആത്മവിശ്വാസത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തി.

കെ.കെ.ആർ ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായിരുന്നു വെങ്കടേഷ് അയ്യർ (₹23.75 കോടി), ഇത് റിങ്കു സിംഗിന്റെ വിലയുടെ (₹13 കോടി) ഇരട്ടിയോളമാണ്. .

ലേലത്തിലെ വലിയ തുകയുടെ സമ്മർദ്ദം വെങ്കിടേഷ് അയ്യരെ ബാധിക്കുന്നുവെന്ന് ആർപി സിംഗ്


കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) താരമായ വെങ്കിടേഷ് അയ്യർ ഐപിഎൽ 2025 ൽ മോശം പ്രകടനം നടത്തുന്നത് ലേലത്തിൽ ലഭിച്ച വലിയ തുകയുടെ സമ്മർദ്ദം കാരണമാണെന്ന് മുൻ ഇന്ത്യൻ പേസർ ആർപി സിംഗ് അഭിപ്രായപ്പെട്ടു. ലേലത്തിൽ 23.75 കോടി രൂപയ്ക്ക് വാങ്ങിയ വെങ്കിടേഷ് ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്ന് 22.5 ശരാശരിയിലും 139.17 സ്ട്രൈക്ക് റേറ്റിലും 135 റൺസ് മാത്രമാണ് നേടിയത്.


പഞ്ചാബ് കിംഗ്സിനെതിരായ കെകെആറിന്റെ മത്സരത്തിന് മുന്നോടിയായി ഇന്ത്യ ടുഡേയോട് സംസാരിക്കവെ, ലേലത്തിൽ ടീമിന് ഒരു കണക്കുകൂട്ടൽ പിഴവ് സംഭവിച്ചിരിക്കാമെന്ന് ആർപി സിംഗ് പറഞ്ഞു. എല്ലാ കളിക്കാർക്കും ഫോം നഷ്ടപ്പെടാമെങ്കിലും, വലിയ വിലയുടെ സമ്മർദ്ദം വെങ്കിടേഷിന്റെ മനസ്സിനെ അലട്ടുകയും അത് അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് അമിതമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടാകാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


“ഇതൊരു ബുദ്ധിമുട്ടുള്ള ചോദ്യമാണ്, കാരണം ലേലത്തിൽ ഇത്രയും ഉയർന്ന വിലയ്ക്ക് ഒരു കളിക്കാരനെ തിരഞ്ഞെടുക്കുമ്പോൾ, എവിടെയെങ്കിലും നിങ്ങൾ അവനെ നിങ്ങളുടെ പ്രധാന കളിക്കാരനായി അല്ലെങ്കിൽ ഒരു ക്യാപ്റ്റൻസി ഓപ്ഷനായി പോലും കണക്കാക്കുന്നു. എന്നാൽ ഇവിടെ, അവൻ അങ്ങനെയൊന്നും ആയില്ല. ലേലത്തിൽ ഒരു തെറ്റായ വിലയിരുത്തൽ സംഭവിച്ചു എന്ന് എനിക്ക് തോന്നുന്നു,” സിംഗ് പറഞ്ഞു.

വെങ്കിടേഷിനെ ഇപ്പോൾ ഒഴിവാക്കുന്നത് നല്ലതല്ലെന്നും, സ്ഥിരമായ മത്സരപരിചയം അദ്ദേഹത്തിന് ക്രമേണ ഫോം വീണ്ടെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് ടൈറ്റൻസിനെതിരായ കെകെആറിന്റെ അവസാന മത്സരത്തിൽ വെങ്കിടേഷിന്റെ അലസമായ ബാറ്റിംഗ് ആരാധകരുടെ വിമർശനത്തിന് കാരണമായിരുന്നു.


ഐപിഎൽ ആരംഭിച്ചുകഴിഞ്ഞാൽ, ലേലത്തിൽ നൽകിയ തുക വിഷയം അല്ല എന്ന് വെങ്കിടേഷ് അയ്യർ

ഐപിഎൽ ആരംഭിച്ചുകഴിഞ്ഞാൽ, ലേലത്തിൽ നൽകിയ തുക വിഷയം അല്ല എന്ന് വെങ്കിടേഷ് അയ്യർ. തന്റെ വിലയെ ചോദ്യം ചെയ്ത വിമർശകർക്ക് മറുപടി നൽകുക ആയിരുന്നു വെങ്കിടേഷ് അയ്യർ. ₹23.75 കോടിക്ക് വാങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾറൗണ്ടർ, ഇന്നലെ ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 29 പന്തിൽ 60 റൺസ് നേടി വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവച്ചു.

“ഐ‌പി‌എൽ ആരംഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ വില ₹20 ലക്ഷമോ ₹20 കോടിയോ ആകട്ടെ പ്രശ്നമല്ല. പണം ടീമിലെ എന്റെ പങ്കിനെ നിർവചിക്കുന്നില്ല. ടീമിന്റെ വിജയത്തിന് സംഭാവന നൽകുക എന്നത് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

“ഞാൻ കള്ളം പറയില്ല, സമ്മർദ്ദമുണ്ട്. പക്ഷേ അത് എന്റെ ടീമിനെ വിജയിപ്പിക്കാൻ ഞാൻ എങ്ങനെ സഹായിക്കുന്നു എന്നതാണ് പ്രധാനം, എനിക്കായി എത്ര പൈസ ചിലവാക്കി അല്ലെങ്കിൽ എത്ര റൺസ് നേടുന്നു എന്നതിൽ അല്ല” അദ്ദേഹം പറഞ്ഞു.

നേരത്തെ റിലീസ് ചെയ്ത വെങ്കിടേഷ് അയ്യരെ 23.75 കോടി രൂപയ്ക്ക് വാങ്ങി കെകെആർ

ഐപിഎൽ 2025 ലേലത്തിൽ വെങ്കിടേഷ് അയ്യരെ 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തി. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 370 റൺസ് നേടിയ ഓൾറൗണ്ടർ, 2021-ൽ KKR-ൽ ചേർന്നത് മുതൽ KKR-ൻ്റെ ഒരു പ്രധാന കളിക്കാരനാണ്.

CSK, പഞ്ചാബ് കിംഗ്സ്, RCB എന്നിവയിൽ നിന്ന് ശക്തമായ മത്സരം ഉണ്ടായിരുന്നിട്ടും, KKR തങ്ങളുടെ സ്റ്റാർ പെർഫോമറെ നിലനിർത്താൻ എതിരാളികളെ കടത്തിവെട്ടി.

9 T20I-കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള അയ്യർ, തൻ്റെ ഓൾറൗണ്ട് കഴിവുകളും സ്ഥിരതയാർന്ന പ്രകടനങ്ങളും കൊണ്ട് KKR-ൻ്റെ പദ്ധതികളിൽ ഒരു പ്രധാന വ്യക്തിയായി തുടരുന്നു.

ഫൈനലിലേക്കെത്തുവാന്‍ തിടുക്കം!!! 13.4 ഓവറിൽ വിജയവുമായി കൊൽക്കത്ത

160 റൺസ് വിജയ ലക്ഷ്യം വെറും 13.4 ഓവറിൽ മറികടന്ന് ഐപിഎൽ 2024 ഫൈനലിലെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സൺറൈസേഴ്സിനെ 159 റൺസിന് ഓള്‍ഔട്ട് ആക്കിയ കൊൽക്കത്ത 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. മിച്ചൽ സ്റ്റാര്‍ക്കിന്റെ പവര്‍പ്ലേയിലെ സ്പെൽ സൺറൈസേഴ്സിനെ 39/4 എന്ന നിലയിലേക്ക് തള്ളിയിട്ടപ്പോള്‍ രാഹുല്‍ ത്രിപാഠി – ഹെയിന്‍റിച്ച് ക്ലാസ്സന്‍ ടീമിനെ തിരികെ ട്രാക്കിലെത്തിച്ചുവെങ്കിലും കൊൽക്കത്ത 126/9 എന്ന നിലയിൽ സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ് ടീം സ്കോര്‍ 159ൽ എത്തിച്ചുവെങ്കിലും കൊൽക്കത്തയുടെ എട്ട് വിക്കറ്റ് ജയം തടുക്കുവാന്‍ സൺറൈസേഴ്സ് ബൗളര്‍മാര്‍ക്കായില്ല.

ശ്രേയസ്സ് അയ്യര്‍ 24 പന്തിൽ 58 റൺസും വെങ്കിടേഷ് അയ്യര്‍ 28 പന്തിൽ 51 റൺസും നേടി ടീമിന്റെ വിജയം അതിവേഗത്തിലാക്കുകയായിരുന്നു. സുനിൽ നരൈന്‍ (21), റഹ്മാനുള്ള ഗുര്‍ബാസ് (23) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. 97 റൺസ് കൂട്ടുകെട്ടാണ് അയ്യര്‍ സഖ്യം നേടിയത്.

കൊടുങ്കാറ്റായി നരൈന്‍!!! അനായാസ ജയവുമായി കൊൽക്കത്ത

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിരാട് കോഹ്‍ലി നേടിയ 83 നോട്ട് ഔട്ടിന്റെ ബലത്തിൽ 182/6 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം 16.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത 186 റൺസ് നേടി മറികടക്കുകയായിരുന്നു.

സുനിൽ നരൈന്‍ നൽകിയ വെടിക്കെട്ട് തുടക്കമാണ് കൊൽക്കത്തയുടെ വിജയം എളുപ്പത്തിലാക്കിയത്. 6.3 ഓവറിൽ 86 റൺസാണ് നരൈന്‍ – ഫിൽ സാള്‍ട്ട് കൂട്ടുകെട്ട് നേടിയത്. 22 പന്തിൽ 47 റൺസ് നേടിയ സുനിൽ നരൈനെ മയാംഗ് ദാഗര്‍ പുറത്താക്കിയപ്പോള്‍ ഫിൽ സാള്‍ട്ടിനെ(30) തൊട്ടടുത്ത ഓവറിൽ വിജയകുമാര്‍ വൈശാഖ് പുറത്താക്കി.

ഓപ്പണര്‍മാരെ പുറത്താക്കിയെങ്കിലും തുടര്‍ന്ന് സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ വെങ്കടേഷ് അയ്യരും ശ്രേയസ്സ് അയ്യരും കൊൽക്കത്തയെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 44 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്.

30 പന്തിൽ നിന്ന് 50 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ യഷ് ദയാൽ ആണ് പുറത്താക്കിയത്. വിജയ സമയത്ത് ശ്രേയസ്സ് അയ്യര്‍ 24 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു.

റൺസ് നേടിയെങ്കിലും അയ്യരുടെ ഇന്നിംഗ്സിന് വേഗതയില്ലായിരുന്നു – ആകാശ് ചോപ്ര

രാജസ്ഥാന്‍ റോയൽസിനെതിരെ കൊൽക്കത്തയ്ക്കായി അര്‍ദ്ധ ശതകം നേടിയെങ്കിലും വെങ്കിടേഷ് അയ്യരുടെ ഇന്നിംഗ്സിന് വേഗത പോരായിരുന്നു എന്ന് പറഞ്ഞ് ആകാശ് ചോപ്ര. താരം തന്റെ ഇന്നിംഗ്സ് മെല്ലെയാണ് തുടങ്ങിയതെന്നും റൺ റേറ്റിന് വേഗത കൊണ്ടുവന്നപ്പോളേക്കും താരം പുറത്താകുകയും ചെയ്തുവെന്ന് മുന്‍ ഇന്ത്യന്‍ താരം വെളിപ്പെടുത്തി.

42 പന്തിൽ നിന്ന് അയ്യര്‍ 57 റൺസ് നേടിയപ്പോള്‍ 149 റൺസ് മാത്രമാണ് കൊൽക്കത്ത നേടിയത്. രാജസ്ഥാന്‍ ലക്ഷ്യം 13.1 ഓവറിൽ മറികടന്നു. യശസ്വി ജൈസ്വാളിന്റെ സെന്‍സേഷണൽ ബാറ്റിംഗ് ആണ് രാജസ്ഥാന് വലിയ വിജയം നേടിക്കൊടുത്തത്.

വർഷങ്ങൾക്ക് ശേഷം ഒരു കെ കെ ആർ താരം ഐ പി എല്ലിൽ സെഞ്ച്വറി നേടി

15 വർഷങ്ങളായുള്ള കെ കെ ആർ കാത്തിരിപ്പിന് അവസാനം. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ വെങ്കിടേഷ് അയ്യർ സെഞ്ച്വറി കണ്ടെത്തിയതോടെ ഐ പി എല്ലിൽ ചരിത്രത്തിലെ കെ കെ ആറിന്റെ രണ്ടാം സെഞ്ച്വറി പിറന്നു. ബ്രണ്ടൻ മക്കല്ലം ആയിരുന്നു ഇതിനു മുമ്പ് കെ കെ ആറിനായി സെഞ്ച്വറി നേടിയത്. അത് 15 വർഷങ്ങൾക്ക് മുമ്പ് ഐ പി എല്ലിലെ ഉദ്ഘാടന മത്സരത്തിൽ ആയിരുന്നു‌.

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മക്കല്ലം 158 റൺസ് ആയിരുന്നു നേടിയത്. അതിനുശേഷം
ഇത്ര കൊല്ലമായി ആർക്കും മൂന്നക്കം നേടാൻ ആയില്ല. വെറും 49 പന്തിൽ 5 ഫോറും 9 സിക്സും അടിച്ചാണ് ഇന്ന് വെങ്കിടേഷ് അയ്യർ സെഞ്ച്വറിയിൽ എത്തിയത്‌. 51 പന്തിൽ 104 റൺസ് നേടിയാണ് വെങ്കിടേഷ് പുറത്തായത്.

ഒരേ ഒരു അയ്യര്‍!!! വെങ്കിടേഷ് അയ്യരുടെ വൺ മാന്‍ ഷോ, കൊൽക്കത്തയ്ക്ക് 185 റൺസ്

മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡേയിൽ 185 റൺസ് നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വെങ്കിടേഷ് അയ്യര്‍ നേടിയ 104 റൺസിന്റെ ബലത്തിലാണ് കൊൽക്കത്തയുടെ ഈ സ്കോര്‍. ടോപ് ഓര്‍ഡറിൽ മറ്റൊരു താരങ്ങളും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാതെ പുറത്തായപ്പോള്‍ വെങ്കിടേഷ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗ് കൊൽക്കത്തയുടെ സ്കോറിംഗ് മികച്ച രീതിയിൽ തന്നെയെന്ന് ഉറപ്പാക്കി.

നിതീഷ് റാണയെയും ശര്‍ദ്ധുൽ താക്കൂറിനെയും ഹൃതിക് ഷൗക്കീന്‍ പുറത്താക്കിയപ്പോളും മറുവശത്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി വെങ്കിടേഷ് അയ്യര്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. 49 പന്തിൽ നിന്നാണ് വെങ്കിടേഷ് അയ്യര്‍ തന്റെ കന്നി ഐപിഎൽ ശതകം നേടിയത്.  18ാം ഓവറിലെ രണ്ടാം പന്തിൽ വെങ്കിടേഷ് അയ്യര്‍ മടങ്ങുമ്പോള്‍ 9 സിക്സും ആറ് ഫോറും അടക്കം 51 പന്തിൽ നിന്ന് 104 റൺസ് നേടിയായിരുന്നു താരത്തിന്റെ മടക്കം.

21 റൺസ് നേടിയ റസ്സൽ ആണ് കൊൽക്കത്തയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍. റിങ്കു സിംഗ് 18 റൺസ് നേടി പുറത്തായി.

ദുലീപ് ട്രോഫിയിൽ പരിക്കേറ്റ് വെങ്കിടേഷ് അയ്യര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കോയമ്പത്തൂരില്‍‍ നടക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണ്ണമെന്റിൽ സെന്‍ട്രൽ സോണിന് വേണ്ടി കളിക്കുന്ന വെങ്കിടേഷ് അയ്യരിന് കഴുത്തിന് പന്ത് കൊണ്ട് അടി കൊണ്ടു. താരത്തിനെ സ്കാനുകള്‍ക്ക് വിധേയനാക്കിയ ശേഷം അയ്യര്‍ ഡിസ്ചാര്‍ജ്ജ് ആയി മടങ്ങുകയായിരുന്നു.

ബാറ്റിംഗിനിടെ താരം ബൗളര്‍ക്ക് നേരെ പന്ത് പുഷ് ചെയ്തപ്പോള്‍ ബൗളര്‍ ചിന്തന്‍ ഗജ അത് താരത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. കഴുത്തിൽ പന്ത് കൊണ്ട ഉടനെ താരം ഗ്രൗണ്ടിൽ വീഴുകയായിരുന്നു.

ഓൺ ഡ്യൂട്ടി ഡോക്ടര്‍ എത്തി ശുശ്രൂഷിച്ച ശേഷം താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

സമ്മര്‍ദ്ദം എല്ലായിടത്തും ഒരു പോലെ – വെങ്കിടേഷ് അയ്യര്‍

ക്രിക്കറ്റിൽ താന്‍ സമ്മര്‍ദ്ദത്തെ ഒരു പോലെയാണ് കാണുന്നതെന്നും അത് പ്രാദേശിക ക്രിക്കറ്റായാലും അന്താരാഷ്ട്ര് ക്രിക്കറ്റ് ആയാലും ഐപിഎൽ ആയാലും അത് തനിക്ക് ഒരു പോലെയാണെന്ന് വെങ്കിടേഷ് അയ്യര്‍ വ്യക്തമാക്കി.

2021 ഐപിഎൽ സീസണിലെ മികച്ച പ്രകടനം താരത്തെ കൊല്‍ക്കത്ത നിലനിര്‍ത്തുന്നതിലേക്ക് നയിച്ചുവെങ്കിലും അടുത്ത സീസണിൽ അദ്ദേഹത്തിന് മികവ് പുലര്‍ത്തുവാനായില്ല. 2021ലെ പ്രകടനം താരത്തിന് ഇന്ത്യന്‍ ടീമിലും അവസരം നേടിക്കൊടുത്തു. ഇന്ത്യയ്ക്കായി 9 ടി20 മത്സരത്തിലും 2 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരത്തിന് കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല.

ഇപ്പോള്‍ മത്സരങ്ങളുടെ ആധിക്യം ആണെന്നും അതിനാൽ തന്നെ എല്ലാ നിലയിലെയും സമ്മര്‍ദ്ദം ഒരു പോലെയാണെന്നുമാണ് താന്‍ കരുതുന്നതെന്നും സാഹചര്യത്തിനും സമ്മര്‍ദ്ദത്തിനും അനുസരിച്ച് കളിക്കാര്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കിലും അവര്‍ക്ക് ഒരിടത്തും നിലനിൽക്കാനാകില്ലെന്നും വെങ്കിടേഷ് അയ്യര്‍ പറഞ്ഞു.

മത്സരിക്കുവാനിറങ്ങിയാൽ നമ്മള്‍ 10-15 വര്‍ഷമായി പരിശ്രമിച്ച് നേടിയ സ്കില്ലുകള്‍ നടപ്പിലാക്കുക എന്നതാണ് ഒരു കളിക്കാരന് ചെയ്യാനാകുക എന്നും വെങ്കിടേഷ് അയ്യര്‍ വ്യക്തമാക്കി.

 

Story Highlights: Venkatesh Iyer feels that the pressure is the same at all levels.

പത്ത് റൺസിന് 5 വിക്കറ്റ്!!! കൊല്‍ക്കത്തയെ പിടിച്ചുകെട്ടി ജസ്പ്രീത് ബുംറയുടെ സ്പെൽ

ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സത്തിൽ തുടക്കത്തിൽ ബാറ്റിംഗ് മികവ് പുറത്തെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ചുകെട്ടി ജസ്പ്രീത് ബുംറയുടെ 5 വിക്കറ്റ് നേട്ടം. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് മിന്നും തുടക്കമാണ് വെങ്കിടേഷ് അയ്യര്‍ നൽകിയത്. എന്നാൽ പത്തോവറിന് ശേഷം ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തുകയായിരുന്നു.

24 പന്തിൽ 43 റൺസ് നേടിയ താരത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 60 റൺസായിരുന്നു കൊല്‍ക്കത്ത നേടിയത്. വൺ ഡൗണായി എത്തിയ നിതീഷ് റാണയും ബാറ്റിംഗ് മികവ് പുറത്തെടുത്തപ്പോള്‍ പത്തോവറിൽ 87 റൺസാണ് കൊല്‍ക്കത്ത നേടിയത്.

അടുത്ത ഓവറിൽ അജിങ്ക്യ രഹാനെ(25) പുറത്തായപ്പോള്‍ കുമാര്‍ കാര്‍ത്തികേയ മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. എന്നാൽ താരത്തെ ഓവറിൽ രണ്ട് സിക്സര്‍ പറത്തി റാണ തിരിച്ചടിച്ചു. എന്നാൽ ശ്രേയസ്സ് അയ്യരെയും ആന്‍ഡ്രോ റസ്സലിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായപ്പോള്‍ കൊല്‍ത്ത 136/4 എന്ന നിലയിലേക്ക് വീണു.

റസ്സലിനെ വീഴ്ത്തിയ ബുംറ അതേ ഓവറിൽ തന്നെ നിതീഷ് റാണയെയും വീഴ്ത്തിയതോടെ കൊല്‍ക്കത്തയുടെ നില പരുങ്ങലിലായി. 123/2 എന്ന നിലയിൽ നിന്ന് 139/5 എന്ന നിലയിലേക്കാണ് കൊല്‍ക്കത്ത വീണത്. ജസ്പ്രീത് ബുംറ എറിഞ്ഞ 18ാം ഓവറിൽ ഷെൽഡൺ ജാക്സൺ, പാറ്റ് കമ്മിന്‍സ്, സുനിൽ നരൈന്‍ എന്നിവരെ പുറത്താക്കി മുംബൈ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നൽകി.

റിങ്കു സിംഗ് 19 പന്തിൽ 23 റൺസ് നേടി കൊല്‍ക്കത്തയെ 165 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു. ഇന്നിംഗ്സിലെ അവസാന ഓവറിൽ ജസ്പ്രീത് ബുംറയ്ക്കെതിരെ റിങ്കു സിംഗിന് ഒരു റൺസ് മാത്രം നേടാനയുള്ളു. ജസ്പ്രീത് ബുംറ തന്റെ 4 ഓവറിൽ 10 റൺസ് വിട്ട് നൽകിയാണ് 5 വിക്കറ്റ് നേടിയത്.

Exit mobile version