ഇന്ത്യയ്ക്ക് വിജയിക്കുവാന്‍ 237 റണ്‍സ്, ഓസ്ട്രേലിയയെ മാന്യമായ സ്കോറിലേക്ക് നയിച്ചത് ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

ഹൈദ്രാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഓസ്ട്രേലിയയ്ക്ക് 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് മാത്രമേ നേടാനായുള്ളു. ഉസ്മാന്‍ ഖവാജയും മാര്‍ക്കസ് സ്റ്റോയിനിസും ആരോണ്‍ ഫിഞ്ചിന്റെ നഷ്ടത്തിനു ശേഷം ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

ഖവാജ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് 37 റണ്‍സാണ് നേടിയത്. ഗ്ലെന്‍ മാക്സ്വെല്ലിനെയും(40) അരങ്ങേറ്റക്കാരന്‍ ആഷ്ടണ്‍ ടര്‍ണറെയും(21) മുഹമ്മദ് ഷമിയാണ് മടക്കിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് 19 റണ്‍സ് നേടി കുല്‍ദീപ് യാദവിന്റെ രണ്ടാം വിക്കറ്റായി മാറി.

ഏഴാം വിക്കറ്റില്‍ ഒത്തുകൂടി 62 റണ്‍സ് നേടിയ അലക്സെ കാറെ-നഥാന്‍ കോള്‍ട്ടര്‍-നൈല്‍ സഖ്യമാണ് ഓസ്ട്രേലിയയുടെ സ്കോര്‍ 236 റണ്‍സിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്. കോള്‍ട്ടര്‍നൈല്‍ 28 റണ്‍സ് നേടി പുറത്തായപ്പോള്‍ അലെക്സ് കാറെ 36 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഖവാജയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വലിയ ശതകങ്ങള്‍: ജസ്റ്റിന്‍ ലാംഗര്‍

ഉസ്മാന്‍ ഖവാജയില്‍ നിന്ന് താനും ടീമും പ്രതീക്ഷിക്കുന്നത് മികച്ചതും വലിയതുമായ ശതകങ്ങളാണെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയയുടെ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ശ്രീലങ്ക പരമ്പരയ്ക്ക് മുന്നോടിയായി വാര്‍ത്ത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജസ്റ്റിന്‍ ലാംഗര്‍. താരം ഇപ്പോള്‍ ഫോം ഔട്ടിലാണെന്നും വരുന്ന പരമ്പരയില്‍ മികച്ച ഒരു ശതകം താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും അതോടെ താരം വീണ്ടും ഫോമിലാവുമെന്നാണ് ലാംഗര്‍ പറഞ്ഞത്.

കഴിഞ്ഞ ഒക്ടോബറില്‍ ദുബായയില്‍ പാക്കിസ്ഥാനെതിരെയാണ് ഖവാജ അവസാനമായി ശതകം നേടിയത്. അതിനു ശേഷം ഏകദിനങ്ങളിലും ടെസ്റ്റിലുമായി താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ 72 ആയിരുന്നു. പരമ്പരയില്‍ ഉടനീളം താരത്തിനു മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ താരത്തിനായില്ലെന്നും ലാംഗര്‍ പറഞ്ഞു.

യുഎഇയില്‍ താരത്തിനു പരിക്കേറ്റിരുന്നു, അതിനു ശേഷം താരം 100 ശതമാനം ഫിറ്റായി കാണപ്പെട്ടിരുന്നില്ലെെന്നും ലാംഗര്‍ പറഞ്ഞു. ഇപ്പോള്‍ താരം പഴയത് പോലെ പരിശീലനത്തിലും മറ്റും ഏര്‍പ്പെടുന്നുണ്ടെന്നും ലങ്കന്‍ പരമ്പരയില്‍ അതിന്റെ ഫലം കാണുമെന്നും ലാംഗര്‍ പറഞ്ഞു.

അവസാന ഓവറുകളില്‍ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 289 റണ്‍സ്

സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ പ്രകടനത്തിനു ഒപ്പം ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനു നിര്‍ണ്ണായകമായത്. 289 റണ്‍സാണ് പരമ്പരയില്‍ വിജയത്തുടക്കത്തിനായി ഇന്ത്യ നേടേണ്ടത്. അവസാന ഓവറുകളില്‍ ഓസ്ട്രേലിയ മത്സരം സ്വന്തം പക്ഷതേക്ക് മാറ്റുകയായിരുന്നു. അവസാന പത്തോവറില്‍ നിന്ന് മാത്രം 93 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ വരുത്തിയ സമ്മര്‍ദ്ദത്തിനിടയില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടുവാന്‍ ഉസ്മാന്‍ ഖവാജയ്ക്കും ഷോണ്‍ മാര്‍ഷിനും സാധിച്ചു. മൂന്നാം വിക്കറ്റില്‍ മെല്ലെയെങ്കിലും 92 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഖവാജ 59 റണ്‍സ് നേടി പുറത്തായ ശേഷം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമായി ചേര്‍ന്ന് ഷോണ്‍ മാര്‍ഷ് ടീമിനെ മുന്നോട്ട് നയിച്ചു. അര്‍ദ്ധ ശതകം നേടിയ ഉടനെ മാര്‍ഷ്(54) പുറത്താകുമ്പോള്‍ 186 ആയിരുന്നു സ്കോര്‍.

പിന്നീട് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് അതിവേഗം സ്കോറിംഗ് നടത്തുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 68 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 59 പന്തില്‍ നിന്ന് നേടിയത്. ടീമിനു 288 റണ്‍സാണ് നിശ്ചിത 50 ഓവറുകള്‍ക്ക് ശേഷം 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

61 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും ഭുവനേശ്വര്‍ കുമാറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി.

ആഷസില്‍ സ്ഥാനം ഉറപ്പിച്ചത് ഈ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രം: റിക്കി പോണ്ടിംഗ്

ഓസ്ട്രേലിയയ്ക്കായി മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമാണ് വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ എന്നിവര്‍കൊക്കെ മാര്‍നസ് ലാബൂഷാനെയാണ് തന്റെ അഭിപ്രായത്തില്‍ ആഷസ് ടീമില്‍ ഇടം ലഭിക്കേണ്ട താരങ്ങളെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്.

ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തതാണ് മാര്‍ക്കസ് ഹാരിസിനു മുന്‍തൂക്കം നല്‍കുന്നതെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. ഖവാജയ്ക്ക് മികച്ച സിരീസ് അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ടീമിലുണ്ടാവണം. തനിക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റൊരു താരം ലാബൂഷാനെയാണെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്. ലാബൂഷാനെയുടെ ടെക്നിക്ക് മികച്ചതായി തോന്നിയെന്ന് പറഞ്ഞ റിക്കി ഇംഗ്ലണ്ടിലെ സ്വിംഗിംഗ് സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായ താരം ലാബൂഷാനെയാണെന്നും പറഞ്ഞു.

ലിന്നും മുന്‍ നിര പേസര്‍മാരും ഇല്ലാതെ ഓസ്ട്രേലിയ, ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ സ്ക്വാഡിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ക്രിസ് ലിന്‍, ട്രാവിസ് ഹെഡ്, ഡാര്സി ഷോര്‍ട്ട്, ആഷ്ടണ്‍ അഗര്‍, ബെന്‍ മക്ഡര്‍മ്ട്ട് എന്നിവര്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുമ്പോള്‍ പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ഉസ്മാന്‍ ഖവാജ എന്നിവര്‍ തിരികെ ടീമിലെത്തുന്നു. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ പരിക്കിനെത്തുടര്‍ന്ന് ടീമിനു പുറത്ത് പോകുന്നു.

അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നീ മുന്‍ നിര പേസര്‍മാര്‍ക്ക് വിശ്രമം നല്‍കുവാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് ഈ തീരുമാനം. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ സജ്ജമാക്കുകയെന്ന ലക്ഷ്യവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ്, അലെക്സ് കാറെ, ജൈ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ആഡം സംപ

ഷമിയുടെ മികവില്‍ തിരിച്ചുവരവ് നടത്തി ഇന്ത്യ, ക്ഷമ പരീക്ഷിച്ച് അവസാന വിക്കറ്റ് കൂട്ടുകെട്ട്

പെര്‍ത്ത് ടെസ്റ്റ് വിജയിക്കുവാന്‍ ഇന്ത്യ നേടേണ്ടത് 287 റണ്‍സ്. 190/4 എന്ന സ്കോറിനു ലഞ്ചിനു പിരിഞ്ഞ ഓസ്ട്രേലിയയെ രണ്ടാം സെഷനില്‍ മുഹമ്മദ് ഷമിയുടെ സ്പെല്ലാണ് നടുവൊടിച്ചത്. ലഞ്ചിനു ശേഷം ആദ്യ ഓവറില്‍ തന്നെ ടിം പെയിനിനെയും(37), ആരോണ്‍ ഫിഞ്ചിനെയും(25) പുറത്താക്കിയ ഷമി ഏതാനും ഓവറുകള്‍ക്ക് ശേഷം ഓസ്ട്രേലിയയുടെ ചെറുത്ത്നില്പായി മാറിയ ഉസ്മാന്‍ ഖവാജയെയും പുറത്താക്കി. 72 റണ്‍സാണ് ഖവാജ നേടിയത്. ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് അവസാന വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും(14) ജോഷ് ഹാസല്‍വുഡും(17*) ചേര്‍ന്ന് 36 റണ്‍സ് നേടി ഓസ്ട്രേലിയയുടെ സ്കോര്‍ 243 റണ്‍സില്‍ എത്തിയ്ക്കുകയായിരുന്നു.

പാറ്റ് കമ്മിന്‍സിനെ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ നഥാന്‍ ലയണിനെ മടക്കി ഇന്നിംഗ്സിലെ തന്റെ ആറാം വിക്കറ്റ് ഷമി സ്വന്തമാക്കി. 93.2 ഓവറില്‍ 243 റണ്‍സിനു ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടീമിന്റെ കൈവശമുണ്ടായിരുന്ന ലീഡ് 286റണ്‍സായിരുന്നു. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സ് നേടിയ ഓസ്ട്രേലിയയുടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും 53 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമാകുകയായിരുന്നു.

190/4 എന്ന നിലയില്‍ നിന്ന് 207/9 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ അവസാന വിക്കറ്റ് കൂട്ടുകെട്ട് 243 റണ്‍സിലേക്ക് എത്തിച്ച ആത്മവിശ്വാസത്തിലാവും ആതിഥേയര്‍ ബൗളിംഗിനിറങ്ങുക. ഇന്ത്യയ്ക്കായി ഷമി ആറ് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി.

ഓസ്ട്രേലിയയുടെ ലീഡ് 200 കടന്നു, അര്‍ദ്ധ ശതകം നേടി ഉസ്മാന്‍ ഖവാജ

അര്‍ദ്ധ ശതകം നേടി ഉസ്മാന്‍ ഖവാജയും ഒപ്പം നായകന്‍ ടിം പെയിനും നിലയുറപ്പിച്ചപ്പോള്‍ നാലാം ദിവസം ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ. 132/4 എന്ന തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ നാലാം ദിവസം ലഞ്ചിന്റെ സമയത്ത് 190/4 എന്ന നിലയിലാണ്. സെഷനില്‍ അധികം റണ്‍സ് നേടിയില്ലെങ്കിലും വിക്കറ്റൊന്നും നഷ്ടപ്പെട്ടില്ലെന്നത് ഓസ്ട്രേലിയയുടെ നില ഭദ്രമാക്കുന്നു. നിലവില്‍ 233 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രേലിയ 300നടുത്തോ അതിലധികമോ നേടിയ ശേഷമാവും ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുവാന്‍ സാധ്യത.

ഉസ്മാന്‍ ഖവാജ 67 റണ്‍സും ടിം പെയിന്‍ 37 റണ്‍സും നേടിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ ബാറ്റ് വീശിയത്.

ഉസ്മാന്‍ ഖവാജ പൊരുതുന്നു, ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം

പെര്‍ത്ത് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയയ്ക്ക്റ 175ണ്‍സിന്റെ ലീഡാണ് മൂന്നാം ദിവസം അവസാനിക്കമ്പോള്‍ സ്വന്തമാക്കാനായിട്ടുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ 132/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഉസ്മാന്‍ ഖവാജ 41 റണ്‍സുമായി ഓസ്ട്രേലിയയുടെ പ്രതീക്ഷകളുമായി ബാറ്റ് വീശുകയാണ്. ഒപ്പം നായകന്‍ ടിം പെയിന്‍ 8റണ്‍സ് നേടി നില്‍ക്കുന്നു.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് നേടി. 25 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് റിട്ടയര്‍ഡ് ഹര്‍ട്ടായപ്പോള്‍ മാര്‍ക്കസ് ഹാരിസ്(20), ഷോണ്‍ മാര്‍ഷ്(5), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(13), ട്രാവിസ് ഹെഡ്(19) എന്നിവരെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ ഇന്ത്യ, ഓസ്ട്രേലിയയെ തകര്‍ത്ത് അശ്വിന്‍

രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ ബൗളിംഗിനു മുന്നില്‍ വട്ടം കറങ്ങി ഓസ്ട്രേലിയ. ഒന്നാം ദിവസത്തെ സ്കോറായ 250/9 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിലും ഓസ്ട്രേലിയ തകര്‍ച്ച നേരിടുകയായിരുന്നു. ഷമിയെ(6) ഹാസല്‍വുഡ് പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ പതനം പൂര്‍ത്തിയായത്.

ഓസ്ട്രേലിയയെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ച് ഇഷാന്ത് ശര്‍മ്മ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി. മാര്‍ക്കസ് ഹാരിസും ഉസ്മാന്‍ ഖവാജയും ഇന്ത്യന്‍ പേസ് ബൗളര്‍മാരെ സധൈര്യം നേരിട്ടപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഓസ്ട്രേലിയ 45 റണ്‍സ് നേടി. എന്നാല്‍ ഹാരിസിനെയും(26) ഷോണ്‍ മാര്‍ഷിനെയും(2) ഖവാജയെയും(28) പുറത്താക്കി അശ്വിന്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി.

അവിടെ നിന്ന് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും(22*) ട്രാവിസ് ഹെഡും(9*) ചേര്‍ന്ന് ഓസ്ട്രേലിയയെ 97/4 എന്ന നിലയിലേക്ക് 45 ഓവറുകള്‍ പിന്നിടുമ്പോള്‍ എത്തിയ്ക്കുകയായിരുന്നു.

ഓസ്ട്രേലിയയുടെ ഫീല്‍ഡിംഗ് മികവിന്റെ രണ്ട് ഉദാഹരണ നിമിഷങ്ങള്‍

അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി ഓസ്ട്രേലിയ രണ്ട് പ്രധാന വിക്കറ്റുകള്‍ നേടിയത് ഫീല്‍ഡിംഗിന്റെ മികവിലാണ്. വിരാട് കോഹ്‍ലിയെ പുറത്താക്കുവാന്‍ ഉസ്മാന്‍ ഖവാജ നേടിയ ക്യാച്ചും നിലയുറപ്പിച്ച് ഇന്ത്യയെ കരകയറ്റിയ ചേതേശ്വര്‍ പുജാരയെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി പാറ്റ് കമ്മിന്‍സിന്റെ മികവും.

മത്സരത്തിന്റെ ഗതിമാറ്റിയ രണ്ട് നിമിഷങ്ങളായിരുന്നു ഇത്. ഓസ്ട്രേലിയ ഏറെ ഭയക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ഈ പരമ്പരയിലെ തന്നെ ഏറ്റവും മികച്ച റണ്‍ സ്കോറര്‍ ആവുമെന്നും വിലയിരുത്തപ്പെട്ട കോഹ്‍ലിയെ പുറത്താക്കുവാന്‍ ഒറ്റക്കൈ കൊണ്ട് ക്യാച് നേടിയ ഉസ്മാന്‍ ഖവാജയുടെ ഈ പ്രകടനം ഇന്ത്യയെ 19/3 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയിരുന്നു.

ശേഷം തന്റെ അര്‍ദ്ധ ശതകം തികച്ച് 123 റണ്‍സുകളോടെ മുന്നോറുകയായിരുന്നു ചേതേശ്വര്‍ പുജാരയെ പുറത്താക്കിയ പാറ്റ് കമ്മിന്‍സിന്റെ ഫീല്‍‍ഡിംഗ് മികവ് ഈ വീഡിയോയില്‍ കാണാം.

കോഹ്‍ലിയെ പുറത്താക്കുവാന്‍ ഖവാജയുടെ തകര്‍പ്പന്‍ ക്യാച്ച്

ഓപ്പണര്‍മാരായ കെഎല്‍ രാഹുലും മുരളി വിജയ്‍യും പുറത്തായ ശേഷം ഇന്ത്യയുടെ രക്ഷകനായി കോഹ്‍ലി എത്തുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലാണ് ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ഉസ്മാന്‍ ഖവാജ ഇന്ത്യന്‍ നായകനെ പുറത്താക്കിയത്. പാറ്റ് കമ്മിന്‍സിനെ ഡ്രൈവ് ചെയ്യാനുള്ള കോഹ്‍ലിയുടെ ശ്രമം ഗള്ളിയില്‍ ഒരു മികച്ച ക്യാച്ചിലൂടെയാണ് ഉസ്മാന്‍ ഖവാജ ഇന്ത്യന്‍ നായകനെ പുറത്താക്കിയത്.

തന്റെ ഇടത് ഭാഗത്തെക്ക് ചാടിയ ഓസ്ട്രേലിയന്‍ താരം ഒറ്റക്കൈ കൊണ്ട് ഒരു സ്റ്റണ്ണര്‍ തന്നെയാണ് പിടിച്ചെടുത്തത്. ഓസ്ട്രേലിയ ഏറ്റവും ഭയക്കുന്ന താരത്തെ വെറും മൂന്ന് റണ്‍സിനു പുറത്താക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് 19/3 എന്നായിരുന്നു.

ഖവാജ കോഹ്‍ലിയെ മറികടക്കും: പോണ്ടിംഗ്

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‍ലിയെ പിന്തള്ളി ഓസീസ് ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജ പരമ്പരയിലെ താരവും പരമ്പരയിലെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരവുമായി മാറുമെന്ന് അഭിപ്രായപ്പെട്ട് റിക്കി പോണ്ടിംഗ്. പരമ്പരയില്‍ ഏത് ടീമാണോ നന്നായി ബാറ്റ് ചെയ്യുന്നത് അവര്‍ പരമ്പര സ്വന്തമാക്കുമെന്ന് പറഞ്ഞ പോണ്ടിംഗ് ഓസീസ് ബാറ്റ്സ്മാന്മാര്‍ക്ക് മുന്‍തൂക്കമുണ്ടെന്നും പറഞ്ഞു.

ഇരു ടീമുകളിലെയും പേസ് ബൗളിംഗ് ശക്തിയുള്ളതാണ്. ഇന്ത്യന്‍ പേസ് ബൗളര്‍മാരെ ഓസീസ് നിര മെച്ചപ്പെട്ട രീതിയില്‍ നേരിടുമെന്നും അത്ര കണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഓസീസ് പേസര്‍മാരെ നേരിടാനാകില്ലെന്നും അതാവും പരമ്പരയിലെ വ്യത്യാസമെന്നും റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ഓസ്ട്രേലിയയുടെ ടോപ് സ്കോററായ ഖവാജ തന്നെയാവും ഈ പരമ്പരയിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതെന്ന് പറഞ്ഞ പോണ്ടിംഗ് താരം വിരാട് കോഹ്‍ലിയെ മറികടന്ന് പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് നേടുമെന്നും പറഞ്ഞു. കോഹ്‍ലി തീര്‍ച്ചയായും മികച്ച രീതിയില്‍ ബാറ്റ് വീശുമെന്ന് ഉറപ്പ് പറഞ്ഞ പോണ്ടിംഗ് അതിനെക്കാള്‍ മികച്ച പ്രകടനം ഖവാജ പുറത്തെടുക്കുമെന്നും പറഞ്ഞു.

Exit mobile version