കൗണ്ടി കളിക്കാനെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് കോവിഡ് പോസിറ്റീവായി

കൗണ്ടി കളിക്കാനെത്തിയ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന് കോവിഡ് ബാധ. 2019ൽ ഓസ്ട്രേലിയയ്ക്കായി അവസാനമായി കളിച്ച താരം മിഡിൽസെക്സിന് വേണ്ടിയാണ് കൗണ്ടി കളിക്കുന്നത്. താരം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. പകരം താരമായി അയര്‍ലണ്ടിന്റെ ടിം മുര്‍ട്ഗയെ ടീമിലേക്ക് എത്തിക്കുവാന്‍ കൗണ്ടി ക്ലബിന് സാധിച്ചിട്ടുണ്ട്.

ലെസ്റ്ററര്‍ഷയറിനെതിരെയുള്ള മത്സരത്തിൽ ഹാന്‍ഡ്സ്കോമ്പ് ആദ്യ ദിവസം കളിച്ചിരുന്നു. പിന്നീടാണ് പരിശോധനയിൽ താരം കോവിഡ് ബാധിതനാണെന്ന് അറിഞ്ഞത്. കൗണ്ടിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് താരത്തിന് 227 റൺസ് മാത്രമേ നേടാനായിരുന്നു. ഓസ്ട്രേലിയന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയെന്ന ആഗ്രഹത്തിന് വിനയാണ് താരത്തിന്റെ മോശം ഫോം.

സ്റ്റാര്‍സില്‍ നിന്ന് 9 സീസണുകള്‍ക്ക് ശേഷം ഹറികെയിന്‍സിലെത്തി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

9 സീസണുകള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം തുടര്‍ന്നതിന് ശേഷം ഇതാദ്യമായി ഹോബാര്‍ട്ട് ഹറികെയിന്‍സിലേക്ക് കൂടുമാറി ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. സ്റ്റാര്‍സില്‍ പുതിയ കരാര്‍ താരത്തിന് ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. രണ്ട് വര്‍ഷത്തേക്കാണ് ഹറികെയിന്‍സുമായി താരത്തിന്റെ പുതിയ കരാര്‍.

സ്റ്റാര്‍സില്‍ എല്ലാവരോടും തനിക്ക് സ്നേഹമാണെന്നും തനിക്ക് പുതിയ കരാര്‍ നല്‍കാത്തതില്‍ വിഷമമുണ്ടെങ്കിലും ഇതെല്ലാം ക്രിക്കറ്റില്‍ സഹജമാണെന്നാണ് താന്‍ കരുതുന്നതെന്നും ഹാന്‍ഡ്സ്കോമ്പ് വ്യക്തമാക്കി.

സെമിഫൈനലിന് ഖവാജക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇംഗ്ലനെതിരെയുള്ള ലോകകപ്പ് സെമി ഫൈനലിൽ പരിക്കേറ്റ് പുറത്തു പോയാ ഉസ്മാൻ ഖവാജക്ക് പകരമായി പീറ്റർ ഹാൻഡ്‌സ്കോംബ് കളിക്കുമെന്ന് ഓസ്ട്രലിയൻ പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിനിടെയാണ് ഓസ്‌ട്രേലിയൻ താരം ഖവാജ പരിക്കേറ്റ് പുറത്തു പോയത്. ഇതോടെ താരത്തിന് പകരമായി മാത്യു വാഡെയെ ഓസ്ട്രേലിയ ടീമിൽ എടുത്തിരുന്നു.

നാളെ നടക്കുന്ന സെമി ഫൈനൽ പീറ്റർ ഹാൻഡ്‌സ്കോംമ്പിന്റെ ആദ്യ ലോകകപ്പ് മത്സരമാവും. നേരത്തെ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ഹാൻഡ്‌സ്കോംമ്പിന് ടീമിൽ സ്ഥാനം ഉണ്ടായിരുന്നില്ല. തുടർന്ന് ഷോൺ മാർഷ് പരിക്കേറ്റ് പുറത്തുപോയതിനെ തുടർന്നാണ് ഹാൻഡ്‌സ്കോംമ്പ് ടീമിൽ ഇടം നേടിയത്.

ഖവാജയെ കൂടാതെ പരിക്ക് മാറി മർകസ് സ്റ്റോയ്‌നിസം ഇംഗ്ലനെതിരെ ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്ന് പരിശീലകൻ ലാങ്ങർ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ.

ഷോണ്‍ മാര്‍ഷിന് പരിക്ക്, ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്ത്, പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

പരിക്കേറ്റ ഓസ്ട്രേലിയന്‍ മധ്യനിര ബാറ്റ്സ്മാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇന്ന് താരത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്നും താരം ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത് പോകുകയാണെന്നും പ്രഖ്യാപിച്ചത്. പകരം താരമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെറ്റ്സിലെ പരിശീലനത്തിനിടെയാണ് മാര്‍ഷിന് പരിക്കേറ്റത്.

ഷോണ്‍ മാര്‍ഷ് പാറ്റ് കമ്മിന്‍സിന്റെ പന്ത് നേരിടുമ്പോള്‍ കൈയ്യില്‍ പൊട്ടലേല്‍ക്കുകയായിരുന്നു. താരത്തിനെ ഉടനടി സ്കാനുകള്‍ക്ക് വിധേയനാക്കിയെന്നും അപ്പോളാണ് പൊട്ടല്‍ കണ്ടെത്തിയതെന്നും മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ലാംഗര്‍ പറഞ്ഞു.

ഖവാജയുടെ ശതകത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ, ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ 272 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി ഇന്ത്യ. ഉസ്മാന്‍ ഖവാജയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. 175/1 എന്ന നിലയില്‍ കുതിയ്ക്കുകയായിരുന്ന ഓസ്ട്രേലിയ നാല് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടമായി 210/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.  പിന്നീട് 229/7 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ എട്ടാം വിക്കറ്റില്‍ 34 റണ്‍സ് നേടിയ ജൈ റിച്ചാര്‍ഡ്സണ്‍-പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 272 റണ്‍സിലേക്ക് നയിച്ചത്. ജൈ റിച്ചാര്‍ഡ്സണ്‍ 29 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടായപ്പോള്‍ പാറ്റ് കമ്മിന്‍സ് 15 റണ്‍സ് നേടി.

ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖവാജയും ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് നേടിയ ശേഷം രവീന്ദ്ര ജഡേജയാണ് ഫിഞ്ചിനെ(27) പുറത്താക്കിയത്. പിന്നീട് 99 റണ്‍സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടി മുന്നേറുന്നതിനിടയിലാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഖവാജയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ രവീന്ദ്ര ജഡേജ ഗ്ലെന്‍ മാക്സ്വെലിനെ പുറത്താക്കി. ഏതാനും ഓവറുകള്‍ക്ക് ശേഷം മുഹമ്മദ് ഷമി അര്‍ദ്ധ ശതകം നേടിയ ഹാന്‍ഡ്സ്കോമ്പിനെ വീഴ്ത്തി. 52 റണ്‍സാണ് താരം നേടിയത്.

പിന്നീട് കഴിഞ്ഞ മത്സരത്തിലെ ഹീറോ ആഷ്ടണ്‍ ടര്‍ണര്‍ 20 പന്തില്‍ 20 റണ്‍സ് നേടി വീണ്ടും മത്സരം മാറ്റി മറിയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ താരത്തിന്റെ അന്തകനായി കുല്‍ദീപ് യാദവ് അവതരിക്കുകയായിരുന്നു. ഏറെ വൈകാതെ മാര്‍ക്കസ് സ്റ്റോയിനിസ്(20) ഭുവനേശ്വര്‍ കുമാറിനു ഇരയായി പവലിയനിലേക്ക് മടങ്ങി.

50 ഓവറില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് 272/9  എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ബുംറയുടെ ഓവറില്‍ നിന്ന് 19 റണ്‍സ് നേടി ജൈ റിച്ചാര്‍ഡ്സണ്‍ – പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മൊഹാലിയെ നിശബ്ദനാക്കി ടര്‍ണര്‍, പരമ്പരയില്‍ ഒപ്പമെത്തി ഓസ്ട്രേലിയ

ഇന്ത്യയ്ക്കുടെ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഓസ്ട്രേലിയ. ഇന്ത്യ നല്‍കിയ 359 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മൊഹാലി നിശബ്ദമാകുകയായിരുന്നു. ആറാം വിക്കറ്റില്‍ അപരാജിതമായ 86 റണ്‍സ് കൂട്ടുകെട്ട് വെറും 39 പന്തില്‍ നിന്നാണ് ആഷ്ടണ്‍ ടര്‍ണര്‍-അലെക്സ് കാറെ കൂട്ടുകെട്ട് നേടിയത്. കാറെ 21 റണ്‍സ് നേടി പുറത്തായപ്പോള്‍ സ്കോറിംഗ് മുഴുവനും നടത്തിയത് ആഷ്ടണ്‍ ടര്‍ണര്‍ ആയിരുന്നു. 43 പന്തില്‍ നിന്ന് 84 റണ്‍സാണ് ടര്‍ണര്‍ ഇന്ന് നേടിയത്. ഇതോടെ ഏകദിന പരമ്പരയില്‍ 2-2 എന്ന നിലയില്‍ ഇരു ടീമുകളും ഒപ്പമെത്തുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ നേടിയപ്പോള്‍ അടുത്ത രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ സ്വന്തമാക്കി.

തുടക്കം പാളി 12/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി മാറിയത് ഓസ്ട്രേലിയയുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. 192 റണ്‍സ് കൂട്ടുകെട്ട് നേടിയ സഖ്യം പൊരുതി നോക്കിയെങ്കിലും നേടേണ്ടത് വളരെ വലിയ സ്കോറായതിനാല്‍ ചെറിയ പിഴവ് പോലും ടീമിനു തിരിച്ചടിയായി. തന്റെ തുടര്‍ച്ചയായ ശതകത്തിനു 9 റണ്‍സ് അകലെ ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുംറ പുറത്താക്കിയാണ് കൂട്ടുകെട്ടിനെ വേര്‍പിരിച്ചത്. 91 റണ്‍സാണ് ഖവാജ നേടിയത്.

ഖവാജ പുറത്തായെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് തന്റെ കന്നി ഏകദിന ശതകം നേടുന്നത് മൊഹാലിയിലെ കാണികള്‍ക്ക് സാക്ഷ്യം വഹിക്കാനായി. ഗ്ലെന്‍ മാക്സ്വെല്ലും(23) 117 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും പുറത്തായി ഓസ്ട്രേലിയ 41.1 ഓവറില്‍ 271/5 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം ഓസ്ട്രേലിയ തിരികെ പിടിക്കുന്ന കാഴ്ച കണ്ടത്.

8.5 ഓവറില്‍ നിന്ന് ജയിക്കുവാന്‍ 88 റണ്‍സ് വേണെന്ന കടുപ്പമേറിയ സാഹചര്യത്തില്‍ നിന്ന് ഒറ്റയാള്‍ പ്രകടനത്തിലൂടെെയാണ് ടര്‍ണര്‍ ഇന്ത്യയുടെ പ്രതീക്ഷകളെ തകിടം മറിച്ച് ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് ജയം നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി. വിജയ് ശങ്കര്‍ ആണ് ഏറ്റവും കണിശതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍. അഞ്ച് ഓവറില്‍ താരം 29 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.

കുല്‍ദീപിന്റെ മൂന്ന് വിക്കറ്റ്, ബുംറയുടെ മാന്ത്രിക സ്പെല്‍, അവസാന ഓവറില്‍ രണ്ട് വിക്കറ്റുമായി വിജയ് ശങ്കര്‍, ഇന്ത്യന്‍ സമ്മര്‍ദ്ദത്തില്‍ അടി പതറി ഓസ്ട്രേലിയ

ഇന്ത്യന്‍ ബൗളര്‍മാരുടെ നിരന്തര സമ്മര്‍ദ്ദത്തില്‍ അടി പതറി ഓസ്ട്രേലിയ. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാര്‍ക്കസ് സ്റ്റോയിനിസും പൊരുതിയെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞും വിക്കറ്റ് വീഴ്ത്തിയും ഇന്ത്യ ഒരുക്കിയ സമ്മര്‍ദ്ദത്തില്‍ ഓസ്ട്രേലിയ കുരുങ്ങുകയായിരുന്നു. 251 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ടീമിനു 242 റണ്‍സാണ് നേടാനായത്. 8 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-0നു മുന്നിലെത്തി.

ഏറെക്കാലത്തിനു ശേഷം ആരോണ്‍ ഫിഞ്ച് ടോപ് ഓര്‍ഡറില്‍ റണ്‍സ് കണ്ടത്തിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ ഓസ്ട്രേലിയ 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഫിഞ്ച് 37 റണ്‍സ് നേടി പുറത്തായപ്പോള്‍ ഉസ്മാന്‍ ഖവാജയും(38) സ്കോര്‍ ബോര്‍ഡില്‍ അതേ നിലയില്‍ പുറത്താകുകയായിരുന്നു. 83/0 എന്ന നിലയില്‍ നിന്ന് 83/2 എന്ന നിലയിലേക്ക് വീണ് ഓസ്ട്രേലിയ പിന്നീട് 132/4 എന്ന നിലയിലേക്ക് വീണുവെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്-സ്റ്റോയിനിസ് കൂട്ടുകെട്ട് വീണ്ടും ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയേകി.

39 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം അര്‍ദ്ധ ശതകത്തിനു 2 റണ്‍സ് അകലെ റണ്ണൗട്ട് രൂപത്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് പുറത്തായശേഷം സ്റ്റോയിനിസും അലക്സ് കാറെയുമാണ് രക്ഷാദൗത്യം ഏറ്റെടുത്തത്. 47 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടി ഇരുവരും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് കാറെയുടെ വിക്കറ്റുമായി കുല്‍ദീപ് യാദവ് എത്തുന്നത്.

അടുത്ത ഓവറില്‍ നഥാന്‍ കോള്‍ട്ടര്‍നൈലിനെയും പാറ്റ് കമ്മിന്‍സിനെയും ബുംറ പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലായി. അവസാന മൂന്നോവറിലേക്ക് മത്സരം കടക്കുമ്പോള്‍ 21 റണ്‍സായിരുന്നു ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. കൈയ്യില്‍ രണ്ട് വിക്കറ്റ് മാത്രമേയുണ്ടായിരുന്നുള്ളുവെങ്കിലും സ്റ്റോയിനിസ് ക്രീസില്‍ നില്‍ക്കുന്നത് ടീമിനു പ്രതീക്ഷയായിരുന്നു. എന്നാല്‍ 48ാം ഓവറില്‍ വെറും ഒരു റണ്‍സ് മാത്രം വിട്ട് നല്‍കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് അനുകൂലമായി മത്സരം മാറ്റി. തന്റെ പത്തോവറില്‍ നിന്ന് വെറും 29 റണ്‍സ് മാത്രമാണ് ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റിനായി വിട്ട് നല്‍കിയത്.

മുഹമ്മദ് ഷമി എറിഞ്ഞ 49ാം ഓവറില്‍ തന്റെ അര്‍ദ്ധ ശതകം സ്റ്റോയിനിസ് തികച്ചപ്പോള്‍ അവസാന പന്തില്‍ ബൗണ്ടറി നേടി ലയണും ഒപ്പം കൂടിയപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 9 റണ്‍സ്. അവസാന ഓവറില്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 11 റണ്‍സും രണ്ട് വിക്കറ്റും. ഓവര്‍ എറിയുവാന്‍ വിജയ് ശങ്കറെയാണ് കോഹ്‍ലി ദൗത്യമേല്പിച്ചത്.

എറിഞ്ഞ ആദ്യ പന്തില്‍ സ്റ്റോയിനിസ്(52) വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ താരം റിവ്യൂവിനു ശ്രമിച്ചുവെങ്കിലും താരത്തിനു രക്ഷയില്ലായിരുന്നു. അടുത്ത പന്തില്‍ ആഡം സംപ രണ്ട് റണ്‍സ് നേടിയെങ്കിലും ഓവറിലെ മൂന്നാം പന്തില്‍ തന്റെ രണ്ടാം വിക്കറ്റും നേടി വിജയ് ശങ്കര്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് വിജയം നല്‍കി.

ആവശ്യമെങ്കില്‍ വിക്കറ്റ് കീപ്പിംഗിനും തയ്യാര്‍

ഓസ്ട്രേലിയന്‍ ടീമിനു വേണ്ടത്ര സന്തുലിതാവസ്ഥ കൊണ്ടുവരുമെങ്കില്‍ താന്‍ കീപ്പിംഗിനും തയ്യാറെന്ന് ലോകകപ്പ് സ്ഥാനമോഹിയായ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. ആദ്യ ടി20യില്‍ ഓസ്ട്രേലിയ അലെക്സ് കാറെയ്ക്ക് പകരം ഹാന്‍ഡ്സ്കോമ്പിനെയാണ് കീപ്പിംഗ് ദൗത്യം ഏല്പിച്ചത്. എന്നാല്‍ ടി20 പോലെയല്ല ഏകദിനത്തിലെ കീപ്പിംഗ് എന്ന ബോധ്യം തനിക്കുണ്ടെന്നും ഫിറ്റാണെന്ന് തോന്നിയാല്‍ താന്‍ അതിനും റെഡിയാണെന്നാണ് ഓസ്ട്രേലിയന്‍ താരത്തിന്റെ മറുപടി.

ആദ്യ ടി20യില്‍ മികവ് പുലര്‍ത്തുവാന്‍ താരത്തിനു സാധിച്ചില്ലെങ്കിലും മധ്യനിരയിലെ ബാറ്റിംഗും കീപ്പിംഗും ഒരുമിച്ച് കൊണ്ടുപോകുവാന്‍ തനിക്കാകുമെന്നാണ് താരം പ്രത്യാശ പ്രകടിപ്പിച്ചത്. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ കീപ്പിംഗ് പ്രയാസകരമാണെന്നും താരം പറഞ്ഞു. മൂന്ന് ഏകദിനത്തില്‍ കീപ്പിംഗ് ദൗത്യം ഓസ്ട്രേലിയയ്ക്കായി നിര്‍വഹിച്ചിട്ടുള്ളയാളാണ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്.

 

ഓസ്ട്രേലിയയ്ക്കും അരങ്ങേറ്റ താരം

ഇന്ത്യയ്ക്കെതിരെ വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയെ പോലെ ഓസ്ട്രേലിയയ്ക്കായും ഒരു താരം അരങ്ങേറ്റം നടത്തും. ടെസ്റ്റ് ടീമിലും ഏകദിനത്തിലും കളിച്ചിട്ടുള്ള ഓസ്ട്രേലിയയുടെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ആണ് സന്ദര്‍ശകര്‍ക്കായി അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുന്നത്. ഓസ്ട്രേലിയയ്ക്കായി ടി20 അരങ്ങേറ്റം നടത്തുന്ന 94ാമത്തെ താരമാണ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്.

മാര്‍ക്കസ് സ്റ്റോയിനിസ് ആണ് താരത്തിനു ക്യാപ് നല്‍കിയത്.

ശ്രമം ഓസ്ട്രേലിയയ്ക്കായി ഏത് ഫോര്‍മാറ്റിലും കളിക്കുവാന്‍ : ഹാന്‍ഡ്സ്കോമ്പ്

ബോക്സിംഗ് ഡേ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയെങ്കിലും സിഡ്നിയില്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ഏകദിന പരമ്പരയില്‍ മികവ് പുലര്‍ത്തിയി ഓസ്ട്രേലിയയുടെ പരമ്പരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറര്‍ ആയി മാറിയിരുന്നു. ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം ഹാന്‍ഡ്സ്കോമ്പ് ബിഗ് ബാഷില്‍ 70 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

റണ്‍സ് ഏത് ഫോര്‍മാറ്റിലായാലും നല്ലതാണെന്ന് പറഞ്ഞ ഹാന്‍ഡ്സ്കോമ്പ് തനിക്ക് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏത് ഫോര്‍മാറ്റിലും കളിക്കാനാകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞു. ഏകദിനങ്ങളില്‍ മികവ് പുലര്‍ത്തിയാല്‍ അത് തന്റെ ടെസ്റ്റ് സാധ്യതകളും വര്‍ദ്ധിപ്പിക്കുമെന്നാണ് ഓസ്ട്രേലിയന്‍ മധ്യ നിര താരം പറഞ്ഞത്.

ചഹാലിന്റെ മാജിക് സ്ട്രോക്ക്, ഒരോവറില്‍ തന്നെ മാര്‍ഷിനെയും ഖവാജയെയും വീഴ്ത്തി, ഓസ്ട്രേലിയ 230 റണ്‍സിനു പുറത്ത്

ഇന്ത്യയ്ക്കെതിരെ നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ 230 റണ്‍സ് മാത്രം നേടി ഓസ്ട്രേലിയ. പരമ്പരയില്‍ ആദ്യമായി കളിയ്ക്കാനെത്തിയ യൂസുവേന്ദ്ര ചഹാലിന്റെ ബൗളിംഗിനു മുന്നിലാണ് ഓസ്ട്രേലിയ വട്ടം കറങ്ങിയത്. ആറ് വിക്കറ്റ് നേടിയ ചഹാല്‍ ക്രീസില്‍ നിലയുറപ്പിച്ച് മുന്നേറുകയായിരുന്നു ഷോണ്‍ മാര്‍ഷിനെയും ഉസ്മാന്‍ ഖവാജയെയും നാല് പന്തുകള്‍ക്കിടെ വീഴ്ത്തിയാണ് ചഹാല്‍ ഓസ്ട്രേലിയയ്ക്ക് പ്രഹരമേല്പിച്ച് തുടങ്ങിയത്. 100/2 എന്ന നിലയില്‍ നിന്ന് 101/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയ പിന്നീട് കരകയറാനാകാതെ ബുദ്ധിമുട്ടി.

പിന്നീട് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ മികവില്‍ 200 കടന്നുവെങ്കിലും 48.4 ഓവറില്‍ ടീം 230 റണ്‍സിനു ഓള്‍ഔട്ട് ആയി. ചഹാല്‍ നല്‍കിയ പ്രഹരങ്ങളില്‍ ആടിയുലഞ്ഞ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ ഒഴുക്ക് നഷ്ടപ്പെടുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 45 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്-ജൈ റിച്ചാര്‍ഡ്സണ്‍ കൂട്ടുകെട്ടാണ് ടീമിനു 200 കടക്കുവാന്‍ സഹായിച്ചത്. 16 റണ്‍സ് നേടിയ ജൈ റിച്ചാര്‍ഡ്സണെയും പുറത്താക്കിയത് ചഹാലായിരുന്നു. 58 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെയും ചഹാലാണ് പുറത്താക്കിയത്.

മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് നേടിയ ശേഷമാണ് മാര്‍ഷും ഖവാജയും മടങ്ങിയത്. മാര്‍ഷ് 39 റണ്‍സ് നേടിയപ്പോള്‍ ഉസ്മാന്‍ ഖവാജ 34 റണ്‍സാണ് നേടിയത്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ ഇന്നിംഗ്സ് ആണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഓസ്ട്രേലിയയെ രക്ഷിച്ചത്. ഗ്ലെന്‍ മാക്സ്വെല്‍ 19 പന്തില്‍ 26 റണ്‍സ് നേടിയെങ്കിലും അധിക സമയം ക്രീസില്‍ നില്‍ക്കാനാകാതെ താരം മടങ്ങുകയായിരുന്നു.

ചഹാല്‍ പത്തോവറില്‍ നിന്ന് 42 റണ്‍സ് വിട്ടു നല്‍കി 6 വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അവസാന ഓവറുകളില്‍ മികച്ച പ്രകടനവുമായി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ജയിക്കുവാന്‍ 289 റണ്‍സ്

സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ പ്രകടനത്തിനു ഒപ്പം ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനു നിര്‍ണ്ണായകമായത്. 289 റണ്‍സാണ് പരമ്പരയില്‍ വിജയത്തുടക്കത്തിനായി ഇന്ത്യ നേടേണ്ടത്. അവസാന ഓവറുകളില്‍ ഓസ്ട്രേലിയ മത്സരം സ്വന്തം പക്ഷതേക്ക് മാറ്റുകയായിരുന്നു. അവസാന പത്തോവറില്‍ നിന്ന് മാത്രം 93 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ വരുത്തിയ സമ്മര്‍ദ്ദത്തിനിടയില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടുവാന്‍ ഉസ്മാന്‍ ഖവാജയ്ക്കും ഷോണ്‍ മാര്‍ഷിനും സാധിച്ചു. മൂന്നാം വിക്കറ്റില്‍ മെല്ലെയെങ്കിലും 92 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഖവാജ 59 റണ്‍സ് നേടി പുറത്തായ ശേഷം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമായി ചേര്‍ന്ന് ഷോണ്‍ മാര്‍ഷ് ടീമിനെ മുന്നോട്ട് നയിച്ചു. അര്‍ദ്ധ ശതകം നേടിയ ഉടനെ മാര്‍ഷ്(54) പുറത്താകുമ്പോള്‍ 186 ആയിരുന്നു സ്കോര്‍.

പിന്നീട് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് അതിവേഗം സ്കോറിംഗ് നടത്തുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 68 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 59 പന്തില്‍ നിന്ന് നേടിയത്. ടീമിനു 288 റണ്‍സാണ് നിശ്ചിത 50 ഓവറുകള്‍ക്ക് ശേഷം 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

61 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും ഭുവനേശ്വര്‍ കുമാറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി.

Exit mobile version