സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി ബംഗാൾ ടീമിൽ


ഇന്ത്യൻ വെറ്ററൻ പേസർ മുഹമ്മദ് ഷമിയെ 2025-26 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള (എസ്.എം.എ.ടി.) ബംഗാൾ ടീമിൽ ഉൾപ്പെടുത്തി. ഈ സീസണിലെ രഞ്ജി ട്രോഫിയിൽ നാല് മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകൾ വീഴ്ത്തി ഷമി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അഭിമന്യു ഈശ്വരൻ നയിക്കുന്ന ബംഗാൾ ടീമിൽ മികച്ച പ്രകടനങ്ങളിലൂടെയാണ് ഷമി വീണ്ടും ആഭ്യന്തര ശ്രദ്ധാകേന്ദ്രമായത്.

സമീപകാലത്ത് നടന്ന ഇന്ത്യൻ വൈറ്റ്-ബോൾ, ടെസ്റ്റ് സ്ക്വാഡുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, ഫിറ്റ്നസ് നിലനിർത്താനും ദേശീയ ടീമിലേക്ക് മടങ്ങിയെത്താനും ഷമി പ്രചോദിതനാണ്.
രഞ്ജി ട്രോഫിയിൽ ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ ടീമുകൾക്കെതിരെ ബംഗാളിന് വിജയം നേടുന്നതിൽ ഷമിയുടെ പ്രകടനം നിർണായകമായിരുന്നു. ഇത് പന്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ സ്ഥിരതയും കഴിവും പ്രകടമാക്കി. സഹതാരം ആകാശ് ദീപ്, വിക്കറ്റ് കീപ്പർ-ബാറ്റർ അഭിഷേക് പോറൽ തുടങ്ങിയ കളിക്കാരും ബംഗാൾ സ്ക്വാഡിലുണ്ട്.

നവംബർ 26-ന് ഹൈദരാബാദിൽ ബറോഡയ്‌ക്കെതിരെയാണ് ബംഗാൾ എസ്.എം.എ.ടി. കാമ്പയിൻ ആരംഭിക്കുന്നത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, സർവീസസ്, പുതുച്ചേരി, ഹരിയാന എന്നിവരുൾപ്പെട്ട ഗ്രൂപ്പിലാണ് ബംഗാൾ.

Bengal Squad
Abhimanyu Easwaran (Captain), Sudip Gharami, Abishek Porel (WK), Shakir Habib Gandhi (WK), Yuvraj Keswani, Priyanshu Srivastav, Shahbaz Ahmed, Pradipta Pramanik, Writtick Chatterjee, Karan Lal. Saksham Chaudhary, Mohammed Shami, Akash Deep, Sayan Ghosh, Kanishk Seth, Yudhajit Guha, Shreyan Chakraborty.

10 കോടി രൂപയ്ക്ക് മുഹമ്മദ് ഷമി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക്


ലഖ്‌നൗ: ഐപിഎൽ 2026 ലേലത്തിന് മുന്നോടിയായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് (LSG) കൈമാറ്റം ചെയ്തു. അദ്ദേഹത്തിന്റെ മുൻപത്തെ ലേലത്തുകയായ 10 കോടി രൂപയ്ക്ക് തുല്യമായ ‘ഓൾ-ക്യാഷ് ഡീൽ’ വഴിയാണ് ഈ കൈമാറ്റം.

35-കാരനായ ഷമിക്ക് ഐപിഎൽ 2025 സീസൺ മോശമായിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്ന് 11.23 എന്ന ഉയർന്ന ഇക്കോണമി റേറ്റിൽ ആറ് വിക്കറ്റുകൾ മാത്രമാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാൽ ഈ ട്രേഡ് വഴി എൽഎസ്ജിക്കൊപ്പം തന്റെ ഐപിഎൽ കരിയർ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നു. മുമ്പ് ഗുജറാത്ത് ടൈറ്റൻസിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും 2023-ൽ പർപ്പിൾ ക്യാപ് നേടുകയും ചെയ്തിരുന്ന ഷമിയെ പരിക്കുകളാണ് 2024-ൽ കളിക്കളത്തിൽ നിന്ന് അകറ്റിയത്.

മുഹമ്മദ് ഷമിക്കായി ലഖ്‌നൗവും ഡൽഹിയും; ഐപിഎൽ ട്രേഡിംഗ് പോര് മുറുകുന്നു


ന്യൂഡൽഹി: സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ (SRH) ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കായി ഐപിഎല്ലിൽ (IPL) ലഖ്‌നൗ സൂപ്പർ ജയന്റ്‌സും (LSG) ഡൽഹി ക്യാപിറ്റൽസും (DC) തമ്മിൽ ട്രേഡിംഗ് പോര് മുറുകുന്നതായി റിപ്പോർട്ട്. ഐപിഎൽ 2026 സീസണിന് മുന്നോടിയായി ഷമിയെ സ്വന്തമാക്കാൻ ഇരു ടീമുകളും എസ്ആർഎച്ചുമായി പണമിടപാട് മാത്രമുള്ള ഡീലിനാണ് (all-cash deal) ശ്രമിക്കുന്നത്.

താരത്തെ ലേലത്തിലേക്ക് വിടുന്നതിനേക്കാൾ, എൽഎസ്ജിയിലേക്കോ ഡിസിയിലേക്കോ നേരിട്ട് കൈമാറ്റം ചെയ്യുന്നതിനാണ് എസ്ആർഎച്ച് ഇപ്പോൾ കൂടുതൽ സാധ്യത നൽകുന്നത്.
കഴിഞ്ഞ മെഗാ ലേലത്തിൽ 10 കോടി രൂപയ്ക്കാണ് എസ്ആർഎച്ച് ഷമിയെ സ്വന്തമാക്കിയത്. എന്നാൽ ഫോമും ഫിറ്റ്‌നസ്സും കണ്ടെത്താൻ അദ്ദേഹം പ്രയാസപ്പെട്ടു.

ഡൽഹി ക്യാപിറ്റൽസിന്റെ ഗ്ലോബൽ ഡയറക്ടർ ഓഫ് ക്രിക്കറ്റായ സൗരവ് ഗാംഗുലി, ഷമിയുടെ ഫിറ്റ്‌നസ്സിലും കഴിയിലും ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടിയ അദ്ദേഹത്തിന്റെ സമീപകാല പ്രകടനമാണ് ഗാംഗുലി ഇതിനായി ചൂണ്ടിക്കാട്ടുന്നത്.

മുഹമ്മദ് ഷമിക്ക് അഞ്ച് വിക്കറ്റ് നേട്ടം; സെലക്ടർമാർക്ക് ശക്തമായ സന്ദേശം നൽകി ഇന്ത്യൻ പേസർ


കൊൽക്കത്ത: ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നരായ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ മുഹമ്മദ് ഷമി, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിനായി തീപ്പൊരി പ്രകടനം കാഴ്ചവെച്ച് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി തന്റെ കഴിവ് വീണ്ടും തെളിയിച്ചു.

ഈ പ്രകടനം ബംഗാളിന് 141 റൺസിന്റെ മികച്ച വിജയം നേടിക്കൊടുത്തത് മാത്രമല്ല, ഷമിയുടെ മൊത്തം വിക്കറ്റ് നേട്ടം എട്ടായി ഉയർത്തുകയും ദേശീയ ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തുകയും ചെയ്തു.


വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ സമീപകാല ടെസ്റ്റ് പരമ്പരയിൽ നിന്നും ഓസ്ട്രേലിയൻ പര്യടനത്തിൽ നിന്നും ഷമിയെ ഒഴിവാക്കിയെങ്കിലും, വെറും രണ്ട് രഞ്ജി മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടി ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് അദ്ദേഹം ഇപ്പോൾ.
ഷമിയെ ടീമിൽ നിന്ന് ഒഴിവാക്കിയത് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പേസറും തമ്മിൽ പരസ്യമായ വാഗ്വാദങ്ങൾക്ക് വഴിവെച്ചിരുന്നു.


മുഹമ്മദ് ഷമി ബംഗാൾ രഞ്ജി സ്ക്വാഡിലേക്ക് മടങ്ങിയെത്തുന്നു



ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന സീസണിൽ ബംഗാളിന്റെ രഞ്ജി ട്രോഫി സ്ക്വാഡിനൊപ്പമാണ് ഷമി ചേരുന്നത്. മാർച്ച് മാസത്തിലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം അദ്ദേഹം ഇന്ത്യൻ ടീമിനായി കളിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ സമീപകാലത്തെ ആഭ്യന്തര മത്സര പരിചയമില്ലായ്മയാണ് ഒഴിവാക്കാനുള്ള പ്രധാന കാരണമായി സെലക്ടർമാർ ചൂണ്ടിക്കാട്ടിയത്. അജിത് അഗാർക്കർ സ്ഥിരീകരിച്ച ഈ തീരുമാനം ഷമിയെയും അദ്ദേഹത്തിന്റെ ക്യാമ്പിനെയും വേദനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.


ഷമിക്കൊപ്പം, സമീപകാലത്തെ മോശം പ്രകടനങ്ങളിൽ നിന്ന് തിരിച്ചുവരാൻ ലക്ഷ്യമിടുന്ന ബംഗാൾ ടീമിലേക്ക് ക്യാപ്റ്റനായി അഭിമന്യു ഈശ്വരനും തിരിച്ചെത്തുന്നു. 2022-23 സീസണിൽ ഫോം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഈശ്വരന് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടത്. അനുഭവസമ്പന്നരായ അനുഷ്ടുപ് മജുംദാർ, സുദീപ് ചാറ്റർജി എന്നിവരെയും രാഹുൽ പ്രസാദ്, സൗരഭ് കെ.ആർ. സിംഗ് തുടങ്ങിയ യുവതാരങ്ങളെയും ഒരുമിപ്പിച്ച് ഒരു ശക്തമായ സ്ക്വാഡിനെ നയിക്കാൻ ഈശ്വരൻ തയ്യാറെടുക്കുകയാണ്.

വിക്കറ്റ് കീപ്പർ-ബാറ്റസ്മാനായ അഭിഷേക് പോറൽ വൈസ് ക്യാപ്റ്റനായുള്ള ടീമിൽ, ആകാശ് ദീപ്, ഇഷാൻ പോറൽ എന്നിവർ ഉൾപ്പെടുന്ന ശക്തമായ ബൗളിംഗ് യൂണിറ്റ് ജീവസ്സുറ്റ രഞ്ജി പിച്ചുകളിൽ വിജയം ലക്ഷ്യമിടുന്നു.


ഹെഡ് കോച്ചായി ലക്ഷ്മി രത്തൻ ശുക്ലയുടെ കീഴിൽ, ഒക്ടോബർ 15 ന് ഈഡൻ ഗാർഡൻസിൽ ഉത്തരാഖണ്ഡിനെതിരെയാണ് ബംഗാൾ തങ്ങളുടെ രഞ്ജി ട്രോഫി കാമ്പയിൻ ആരംഭിക്കുന്നത്.

Bengal Ranji Trophy Squad

Abhimanyu Easwaran (Captain), Abishek Porel (Vice-Captain/WK), Sudip Kumar Gharami, Anustup Majumdar, Sudip Chatterjee, Sumanta Gupta, Saurabh Kr Singh, Vishal Bhati, Mohammed Shami, Akash Deep, Suraj Sindhu Jaiswal, Shakir Habib Gandhi (WK), Ishan Porel, Kazi Junaid Saifi, Rahul Prasad, Sumit Mohanta, Vikash Singh.

മുഹമ്മദ് ഷമി ദുലീപ് ട്രോഫി ഈസ്റ്റ് സോൺ ടീമിൽ; ഇഷാൻ കിഷൻ നായകൻ


എട്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം വെറ്ററൻ പേസർ മുഹമ്മദ് ഷമി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വരാനിരിക്കുന്ന 2025-26 ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിലാണ് ഷാമിയെ ഉൾപ്പെടുത്തിയത്.
കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോട്ടീംഗ്ഹാംഷെയറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷനാണ് 15 അംഗ ടീമിനെ നയിക്കുക. അഭിമന്യു ഈശ്വരൻ വൈസ് ക്യാപ്റ്റനാകും.

ഇന്ത്യക്കായി കളിച്ചിട്ടുള്ള ആകാശ് ദീപ്, മുകേഷ് കുമാർ, ഓൾറൗണ്ടർ റിയാൻ പരാഗ് എന്നിവരും ടീമിലുണ്ട്. ബംഗാളിന്റെ മികച്ച റൺസ് സ്കോററായ സുദീപ് ചാറ്റർജിയെ സെലക്ടർമാർ ഒഴിവാക്കിയപ്പോൾ, സുദീപ് കുമാർ ഘരാമിയെ സ്റ്റാൻഡ്ബൈ ലിസ്റ്റിലേക്ക് മാറ്റി. അടുത്തിടെ ഇന്ത്യ അണ്ടർ-19 ടീമിനായി ഏറ്റവും വേഗമേറിയ യുവ ഏകദിന സെഞ്ച്വറി നേടിയ 14-കാരൻ വൈഭവ് സൂര്യവംശിയെയും സ്റ്റാൻഡ്ബൈകളിൽ ഉൾപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്.


34-കാരനായ ഷമി അവസാനമായി റെഡ്-ബോൾ ക്രിക്കറ്റ് കളിച്ചത് 2024 നവംബറിൽ രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടിയാണ്. അതിനുശേഷം, 2025-ലെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് ഷമി കളത്തിൽ ഇറങ്ങിയത്. ഇന്ത്യക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ടെസ്റ്റ് മത്സരം 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു.


സോണൽ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ ദുലീപ് ട്രോഫി ഓഗസ്റ്റ് 28-ന് ആരംഭിക്കും. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ഈസ്റ്റ് സോൺ നോർത്ത് സോണുമായി ഏറ്റുമുട്ടും.


ഈസ്റ്റ് സോൺ ടീം: ഇഷാൻ കിഷൻ (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്റ്റൻ), സന്ദീപ് പട്നായിക്, വിരാട് സിംഗ്, ഡെനിഷ് ദാസ്, ശ്രീദാം പോൾ, ശരൺദീപ് സിംഗ്, കുമാർ കുശാഗ്ര, റിയാൻ പരാഗ്, ഉത്കർഷ സിംഗ്, മനീഷി, സൂരജ് സിന്ധു ജയ്‌സ്വാൾ, മുകേഷ് കുമാർ, ആകാശ് ദീപ്, മുഹമ്മദ് ഷമി.
സ്റ്റാൻഡ്ബൈസ്: മുക്താർ ഹുസൈൻ, ആശിർവാദ് സ്വയിൻ, വൈഭവ് സൂര്യവംശി, സ്വസ്തിക് സാമൽ, സുദീപ് കുമാർ ഘരാമി, രാഹുൽ സിംഗ്.

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ടെസ്റ്റിൽ വിരമിക്കും എന്ന അഭ്യൂഹങ്ങൾ തള്ളി മുഹമ്മദ് ഷമി


ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, താൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങൾ മുതിർന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി നിഷേധിച്ചു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച 34-കാരൻ ഇൻസ്റ്റാഗ്രാമിൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിക്കുകയും ദേശീയ ടീമിനോടുള്ള തന്റെ പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്തു.


2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ടെസ്റ്റ് കളിച്ചത്. ഐപിഎൽ 2025 സീസണിൽ അദ്ദേഹത്തിന് ഇതുവരെ മികച്ച ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൺറൈസേഴ്സ് ഹൈദരാബാദിനായി ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ മാത്രമാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് 11 റൺസിന് മുകളിലാണ്, ഇത് ആശങ്കയുണ്ടാക്കുന്നു. കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് കുറച്ചുകാലം കളത്തിന് പുറത്തായിരുന്ന ഷാമി, ഈ വർഷം ആദ്യം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അവിടെ ഇന്ത്യയുടെ കിരീട വിജയത്തിൽ ഒമ്പത് വിക്കറ്റുകൾ നേടി അദ്ദേഹം നിർണായക പങ്ക് വഹിച്ചു.


ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവർക്ക് ഒപ്പം ഷമിയും ടീമിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മുഹമ്മദ് ഷമിക്ക് ഇമെയിൽ വഴി വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു


ഐപിഎൽ 2025 ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷാമിക്ക് ഇമെയിൽ വഴി വധഭീഷണി ലഭിച്ചതായി സഹോദരൻ ഹസീബ് വെളിപ്പെടുത്തി. ഭീഷണി സന്ദേശം മെയ് 4 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 നും 3 നും ഇടയിലാണ് ലഭിച്ചത്. ഉടൻ തന്നെ കുടുംബം അമൊർഹ പോലീസിൽ പരാതി നൽകി. അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


2023 ലെ ഏകദിന ലോകകപ്പിന് ശേഷം 14 മാസത്തെ പരിക്കിൽ നിന്നും ശസ്ത്രക്രിയയിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ഷാമിക്ക് അടുത്തിടെ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. എന്നിരുന്നാലും, ഈ ഐപിഎൽ സീസൺ അദ്ദേഹത്തിന് അത്ര മികച്ചതായിരുന്നില്ല. ഒമ്പത് മത്സരങ്ങളിൽ നിന്ന് 56.17 ശരാശരിയിൽ ആറ് വിക്കറ്റുകൾ മാത്രമാണ് ഷാമിക്ക് നേടാനായത്. ഇന്ന് ഡൽഹിക്ക് എതിരെ താരത്തെ ഹൈദരാബാദ് ടീമിൽ ഉൾപ്പെടുത്തിയില്ല.

IPL ചരിത്രത്തിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മോശം സ്പെല്ലുമായി മുഹമ്മദ് ഷമി

ഷമി ഐപിഎൽ ചരിത്രത്തിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും എക്സ്പൻസീവ് ബോളിംഗ് സ്പെൽ ആണ് ഇന്ന് എറിഞ്ഞത്‌. പഞ്ചാബ് കിംഗ്സിനെതിരെ മുഹമ്മദ് ഷമിക്ക് മറക്കാവുന്ന രാത്രിയായിരുന്നു. നാല് ഓവറിൽ 75 റൺസാണ് താരം വഴങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വിലയേറിയ സ്പെല്ലാണിത്.

ഗുജറാത്ത് ടൈറ്റൻസിന്റെ പേസറെ പഞ്ചാബ് ബാറ്റർമാർ കണക്കിന് ശിക്ഷിച്ചു, പ്രത്യേകിച്ചും അവസാന ഓവറിൽ മാർക്കസ് സ്റ്റോയിനിസ് തുടർച്ചയായി നാല് സിക്സറുകൾ ഷമിയെ പറത്തി. ഐപിഎൽ ചരിത്രത്തിൽ ഇതിലും മോശം കണക്കുകൾ ജോഫ്ര ആർച്ചർക്ക് മാത്രമാണുള്ളത്. ഈ സീസണിൽ അദ്ദേഹം 76 റൺസ് വഴങ്ങിയിരുന്നു. ഇതിന് മുമ്പത്തെ ഇന്ത്യൻ താരത്തിന്റെ മോശം റെക്കോർഡ് മോഹിത് ശർമ്മയുടെ പേരിലായിരുന്നു.


പഞ്ചാബ് കിംഗ്സ് ഇന്ന് 245 റൺസ് അടിച്ചുകൂട്ടി, ഇത് ഐപിഎൽ ചരിത്രത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ ഏറ്റവും ഉയർന്ന ടോട്ടലാണ്.

IPL-ൽ ഉമിനീർ നിരോധനം വേണോ എന്ന് ക്യാപ്റ്റന്മാർ തീരുമാനിക്കട്ടെ എന്ന് BCCI

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ലെ എല്ലാ 10 ടീമുകളുടെയും ക്യാപ്റ്റൻമാർ മാർച്ച് 20 ന് മുംബൈയിൽ ഒത്തുചേരും, ക്രിക്കറ്റ് ബോളുകളിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചുള്ള നടപടി പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന നിയന്ത്രണങ്ങൾ നാളെ ചർച്ച ചെയ്യും. കോവിഡ് -19 പാൻഡെമിക് സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ നിന്ന് മാറ്റത്തിൻ്റെ സൂചന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നൽകി. ബി സി സി ഐ തീരുമാനം ടീം ക്യാപ്റ്റൻമാർക്ക് വിട്ടു നൽകിയിരിക്കുകയാണ്.

കൊറോണ മുതൽ, പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരോധിച്ചിട്ടുണ്ട്, ഇത് റിവേഴ്സ് സ്വിംഗ് സൃഷ്ടിക്കാനുള്ള ബൗളർമാരുടെ കഴിവിനെ ബാധിക്കുന്നു എന്ന് ബൗളർമാർ പരാതി ഉന്നയിച്ചിരുന്നു.

കോവിഡ് -19 അപകടസാധ്യതകൾ ഇപ്പോൾ കുറവായതിനാൽ, മുഹമ്മദ് ഷമി ഉൾപ്പെടെയുള്ള നിരവധി കളിക്കാർ ഉമിനീർ ഉപയോഗിക്കാൻ അനുവദിക്കണം എന്ന് അടുത്തിടെ വാദിച്ചിരുന്നു. ഇംപാക്റ്റ് പ്ലെയർ നിയമങ്ങൾ, ഇന്നിംഗ്‌സ് ടൈമറുകൾ, പെരുമാറ്റച്ചട്ടം ചട്ടങ്ങൾ എന്നിവയുൾപ്പെടെ മറ്റ് നിർണായക കളി കാര്യങ്ങൾ നാളത്തെ മീറ്റിംഗിൽ ചർച്ചയാകും.

ന്യൂസിലൻഡിനെതിരെ മുഹമ്മദ് ഷമിക്ക് വിശ്രമം നൽകും

ന്യൂസിലൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചേക്കും. പകരം അർഷ്ദീപ് സിംഗ് പ്ലെയിംഗ് ഇലവനിൽ ഇടംനേടിയേക്കു എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നീണ്ട പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ഷമി, വെള്ളിയാഴ്ചത്തെ പരിശീലന സെഷനിൽ 6-7 ഓവറുകൾ മാത്രമാണ് ബൗൾ ചെയ്തത്.

ഫെബ്രുവരി 23 ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെ, ഷമിയുടെ വലതുകാലിന് വേദന അനുഭവപ്പെട്ടിരുന്നു.

ഇന്ത്യ ഇതിനകം തന്നെ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചതിനാൽ, നോക്കൗട്ട് ഘട്ടങ്ങളിൽ ഷമിയുടെ ഫിറ്റ്നസിന് ടീം മാനേജ്മെൻ്റ് മുൻഗണന നൽകിയേക്കാം.

റെക്കോർഡുകൾ പലതും തകർത്ത് മുഹമ്മദ് ഷമിയുടെ ബൗളിംഗ്

ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ മുഹമ്മദ് ഷമി ചരിത്രം കുറിച്ചു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്ക് ആയി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി ഷമി മാറി. ഐസിസി ഏകദിന ടൂർണമെന്റുകളിലെ സഹീർ ഖാന്റെ 59 വിക്കറ്റുകൾ എന്ന റെക്കോർഡ് ആണ് ഷമി ഇന്ന് മറികടന്ന്.

ഏകദിനങ്ങളിൽ ആറാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും ഷമി ഇന്ന് രേഖപ്പെടുത്തി. ഏകദിന ഫോർമാറ്റിൽ 200 വിക്കറ്റുകൾ തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ ബൗളറായും ഷമി മാറി.

ഐസിസി ഏകദിന ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ നേടിയതിന്റെ റെക്കോർഡ് ഇപ്പോൾ ഷമിയുടെ പേരിലാണ്, ഗ്ലെൻ മഗ്രാത്ത്, ഷാഹിദ് അഫ്രീദി, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ ഇതിഹാസങ്ങളെ മറികടന്നാണ് ഷമി ഈ റെക്കോർഡും തന്റേതാക്കിയത്.

Exit mobile version