വാര്‍ണര്‍ക്ക് ഓപ്പണിംഗ് സ്ഥാനം ലഭിച്ചേക്കാം, താരം ഏത് പൊസിഷനിലും കളിയ്ക്കുവാന്‍ തയ്യാറാണ്

ഐപിഎലില്‍ ഓപ്പണിംഗ് സ്ലോട്ടില്‍ മികച്ച ഫോമിലെത്തിയെങ്കിലും ഡേവിഡ് വാര്‍ണര്‍ക്ക് ഓസ്ട്രേലിയന്‍ നിരയില്‍ ഓപ്പണിംഗ് സ്ഥാനം തിരിച്ച് കിട്ടുമോ എന്നത് ഉറപ്പായിട്ടില്ല. താരം തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തിയ ശേഷം കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ മൂന്നാം നമ്പറിലും ഒരു മത്സരത്തില്‍ തന്റെ പതിവു ഓപ്പണിംഗ് സ്ഥാനത്തുമാണ് കളിയ്ക്കാനിറങ്ങിയത്.

വാര്‍ണറെ ഓപ്പണിംഗിനു എത്തിയ്ക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി അടുത്ത കാലത്ത് മികച്ച രീതിയില്‍ ബാറ്റ് വീശിയ ആരോണ്‍ ഫിഞ്ച്-ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടിനെ പിരിയ്ക്കേണ്ടതായി വരും. ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും മികച്ച ഫോമില്‍ കളിച്ച കൂട്ടുകെട്ടാണ് ഇവര്‍. മൂന്നാം നമ്പര്‍ 43 പന്തില്‍ നിന്ന് 39 റണ്‍സ് വാര്‍ണര്‍ നേടിയപ്പോള്‍ ഓപ്പണിംഗ് ഇറങ്ങിയ മത്സരത്തില്‍ വാര്‍ണര്‍ പൂജ്യത്തിനു പുറത്തായി. എന്നാല്‍ ജസ്റ്റിന്‍ ലാംഗര്‍ താരത്തിനു ഓപ്പണിംഗ് സ്ഥാനം ലഭിച്ചേയ്ക്കാം എന്ന സൂചനയാണ് നല്‍കുന്നത്. അതേ സമയം തന്നെ താരം ഏത് പൊസിഷനിലും കളിയ്ക്കുവാന്‍ പ്രാപ്തനാണെന്നും ലാംഗര്‍ വ്യക്തമാക്കുന്നു.

സ്വാഭാവികമായി വാര്‍ണറെ ഓസ്ട്രേലിയ ഓപ്പണറായി ഇറക്കേണ്ടതാണ്, എന്നാല്‍ താരം ടീമിനു വേണ്ടി ഏത് പൊസിഷനിലും അനുയോജ്യനാണ്. ഫിഞ്ച്-ഖവാജ കൂട്ടുകെട്ട് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലാംഗര്‍ വ്യക്തമാക്കി. ഖവാജയും ഫിഞ്ചും ഫിഞ്ചും വാര്‍ണറുമെല്ലാം മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണെന്ന് തെളിയിച്ചതാണ്. ഇപ്പോള്‍ തീരുമാനമൊന്നും എടുക്കുന്നില്ലെങ്കിലും ഓസ്ട്രേലിയയ്ക്ക് വൈവിധ്യമാര്‍ന്ന സാധ്യതകളാണ് ഓപ്പണിംഗിലുള്ളതെന്ന് ലാംഗര്‍ വ്യക്തമാക്കി.

വാര്‍ണറോ ഖവാജയോ, ഫിഞ്ചിനൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന് തീരുമാനിക്കാതെ ഓസ്ട്രേലിയ

ഡേവിഡ് വാര്‍ണര്‍ തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തിയപ്പോള്‍ പുതിയ ഒരു പ്രതിസന്ധിയാണ് ഓസ്ട്രേലിയയെ തേടിയെത്തിയിരിക്കുന്നത്. മികച്ച ഫോമില്‍ കളിയ്ക്കുന്ന ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിനും ഉസ്മാന്‍ ഖവാജയും തിളങ്ങി നില്‍ക്കുമ്പോള്‍, ഇതില്‍ ഒരാളെ മാറ്റി ഡേവിഡ് വാര്‍ണറെ ഓപ്പണിംഗില്‍ പരിഗണിക്കേണ്ട അവസ്ഥയാണ് ഓസ്ട്രേലിയയ്ക്ക്.

ആരോണ്‍ ഫിഞ്ചിനൊപ്പം ആരാവും ഓപ്പണിംഗ് എന്നതാണിപ്പോള്‍ ഓസ്ട്രേലിയയെ കുഴക്കുന്ന ചോദ്യം. ലോകകപ്പിനു ആഴ്ചകള്‍ അവശേഷിക്കുമ്പോള്‍ ഏറെ ചിന്തിച്ച് എടുക്കേണ്ട തീരുമാനമാണ് അതെന്നാണ് ആരോണ്‍ ഫിഞ്ച് പറഞ്ഞത്. ഡേവിഡ് വാര്‍ണര്‍ ഓപ്പണറായുള്ള റെക്കോര്‍ഡ് അവിശ്വസനീയമാണ്, താരത്തെ തീര്‍ച്ചയായും പരിഗണിക്കേണ്ടത് ഓപ്പണിംഗില്‍ തന്നെയാണ്. അതേ സമയം തന്നെ ഉസ്മാന്‍ ഖവാജ നിലവില്‍ മികച്ച ഫോമിലാണ് കളിയ്ക്കുന്നത്. ഏറെ ചിന്തിച്ചെടുക്കേണ്ട തീരുമാനങ്ങളാണിത്.

പരിഗണിക്കപ്പെടുന്ന മൂന്ന് പേര്‍ക്കും മൂന്നാം നമ്പറില്‍ കളിക്കാനുള്ള പ്രാപ്തിയുണ്ടെന്നത് ടീമിനു ഗുണം തന്നെയാണെന്നതാണ് ഇക്കാര്യത്തിലുള്ള ആശ്വാസമെന്നും ഫിഞ്ച് പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ എനിയ്ക്കാണ് ആ സ്ഥാനത്ത് ഏറ്റവും കുറവ് അനുഭവം. അതോടൊപ്പം ഇടത്-വലത് ബാറ്റിംഗ് കോമ്പിനേഷനും ടീമിനു ഗുണം ചെയ്യും. എന്നാല്‍ ഏത് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ വേണമെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും ഫിഞ്ച് കൂട്ടിചേര്‍ത്തു.

33 പന്തില്‍ 70 റണ്‍സുമായി മാക്സ്വെല്‍, 327 റണ്‍സ് നേടി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ അഞ്ചാം ഏകദിനത്തില്‍ 50 ഓവറില്‍ നിന്ന് 327 റണ്‍സ് നേടി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 33 പന്തില്‍ നിന്നുള്ള 70 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(98), ആരോണ്‍ ഫിഞ്ച്(53), ഷോണ്‍ മാര്‍ഷ്(61) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങിയത്. മത്സരത്തിലെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ പാക്കിസ്ഥാനായെങ്കിലും മികച്ച സ്കോര്‍ തന്നെ ഓസ്ട്രേലിയ നേടി.

ഒന്നാം വിക്കറ്റില്‍ ഫിഞ്ച് ഖവാജ കൂട്ടുകെട്ട് 134 റണ്‍സാണ് നേടിയത്. 69 പന്തില്‍ നിന്ന് 53 റണ്‍സാണ് ഫിഞ്ച് നേടിയത്. 80 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയ ശേഷം പുറത്തായ ഉസ്മാന്‍ ഖവാജ ശതകത്തിനു 2 റണ്‍സ് അകലെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ മാക്സ്വെല്ലിനാണ് ശതകം നഷ്ടമായത്. ഷോണ്‍ മാര്‍ഷ് 61 റണ്‍സ് നേടി പുറത്തായി. 10 ഫോറും 3 സിക്സുമാണ് ഗ്ലെന്‍ മാക്സ്വെല്‍ നേടിയത്. 274/2 എന്ന നിലയില്‍ നിന്ന് അവസാന ഓവറില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ചപ്പോള്‍ പാക്കിസ്ഥാന് 5 വിക്കറ്റ് കൂടി നഷ്ടമായി.

ഉസ്മാന്‍ ഷിന്‍വാരി 4 വിക്കറ്റും ജുനൈദ് ഖാന്‍ മൂന്ന് വിക്കറ്റും പാക്കിസ്ഥാനായി നേടി.

പാക്കിസ്ഥാനെ തോല്പിക്കുവാന്‍ പോന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ, ഇനി ദൗത്യം ബൗളര്‍മാരുടേത്  

ഒരു ഘട്ടത്തില്‍ 101/4 എന്ന നിലയിലേക്ക് വീണ ശേഷം പാക്കിസ്ഥാനെതിരെ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ ഗ്ലെന്‍ മാക്സ്വെല്‍-അലെക്സ് കാറെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 134 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 140/5 എന്ന നിലയില്‍ നിന്ന് 274/6 എന്ന സ്കോറിലേക്ക് നീക്കിയത്.

തുടക്കത്തില്‍ ആരോണ്‍ ഫിഞ്ചും(39)-ഉസ്മാന്‍ ഖവാജയും(62) മികവ് പുലര്‍ത്തിയ ശേഷം ഓസ്ട്രേലിയ തകര്‍ന്നടിയുകയായിരുന്നു. യസീര്‍ ഷായും ഇമാദ് വസീമും രണ്ട് വീതം വിക്കറ്റ് നേടിയാണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി നല്‍കിയത്. ഉസ്മാന്‍ ഷെന്‍വാരി 76 റണ്‍സില്‍ നില്‍ക്കെ മാക്സ്വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും നോ ബോള്‍ ആയതിനാല്‍ താരത്തിനു ഒരവസരം കൂടി ലഭിച്ചു.

അവസാന ഓവറില്‍ റണ്ണൗട്ട് ആവുമ്പോള്‍ തന്റെ ശതകത്തിനു 2 റണ്‍സ് അകലെയാണ് മാക്സ്വെല്‍ പുറത്തായത്. 82 പന്തില്‍ നിന്ന് 9 ഫോറും 3 സിക്സും സഹിതമായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ആറാം വിക്കറ്റില്‍ 134 റണ്‍സാണ് മാക്സ്വെല്‍ -കാറെ കൂട്ടുകെട്ട് നേടിയത്. കാറെ 55 റണ്‍സ് നേടി പുറത്തായി.

മാര്‍ച്ച് മാസത്തില്‍ രണ്ട് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് നഷ്ടമായത് ചരിത്ര നേട്ടം

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിനത്തില്‍ ഒരു താരം പോലും തുടര്‍ച്ചയായ മൂന്ന് ഏകദിന ശതകങ്ങള്‍ നേടിയിട്ടില്ല. ഈ മാര്‍ച്ച് മാസം മാത്രം രണ്ട് താരങ്ങള്‍ക്കാണ് ഈ റെക്കോര്‍ഡ് തെല്ലിട വ്യത്യാസത്തില്‍ നഷ്ടമായത്. ഉസ്മാന്‍ ഖവാജയും ആരോണ്‍ ഫിഞ്ചുമാണ് തുടര്‍ച്ചയായ മൂന്ന് ഏകദിന ശതകങ്ങളെന്ന നേട്ടം കൈവിട്ടത്.

ഫിഞ്ച് ഇന്നലെ പാക്കിസ്ഥാനെതിരെ 90 റണ്‍സിനു പുറത്തായപ്പോളാണ് ചരിത്ര നേട്ടം കൈവിട്ടത്. ആദ്യ രണ്ട് മത്സരങ്ങള്‍ 116, 153* എന്നീ സ്കോറുകള്‍ താരം നേടിയിരുന്നു. അതേ സമയം ഈ മാസം തന്നെയാണ് ഉസ്മാന്‍ ഖവാജ ഇന്ത്യയ്ക്കെതിരെ ഇതേ നേട്ടം കൈവിട്ടത്. അവസാന മൂന്ന് മത്സരങ്ങളില്‍ 104, 91, 100 എന്നീ സ്കോറുകളാണ് താരം നേടിയത്.

ഫിഞ്ചിന്റെ തുടര്‍ച്ചയായ രണ്ടാം ശതകം, ഓസ്ട്രേലിയയ്ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം

പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിലും വിജയം കരസ്ഥമാക്കിയ ഓസ്ട്രേലിയയ്ക്ക് ഏകദിനത്തില്‍ തുടര്‍ച്ചയായ അഞ്ചാം ജയം. ഇന്ത്യയ്ക്കെതിരെ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് പരമ്പര സ്വന്തമാക്കി യുഎഇയിലേക്ക് എത്തിയ ടീമിനു പാക്കിസ്ഥാനെതിരെയും വിജയം തുടര്‍ക്കഥയാക്കുവാന്‍ സാധിച്ചു. ഇന്നലെ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തില്‍ 13 പന്തുകള്‍ അവശേഷിക്കെയാണ് വിജയം കരസ്ഥമാക്കിയത്. ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖവാജയും ഒന്നാം വിക്കറ്റില്‍ നേടിയ 209 റണ്‍സാണ് ടീമിനു അടിത്തറ പാകിയത്.

തന്റെ ശതകം നേടുവാന്‍ ഖവാജയ്ക്ക് സാധിക്കാതെ 88 റണ്‍സ് നേടി താരം പുറത്തായെങ്കിലും ആരോണ്‍ ഫിഞ്ച് തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ശതകം നേടി ലോകകപ്പിലേക്കുള്ള തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. 143 പന്തില്‍ നിന്ന് പുറത്താകാതെ 153 റണ്‍സാണ് ഫിഞ്ച് നേടിയത്. 11 ഫോറും 6 സിക്സും അടക്കമായിരുന്നു ഫിഞ്ചിന്റെ ഇന്നിംഗ്സ്.

ഗ്ലെന്‍ മാക്സ്വെല്‍(19) ആണ് പുറത്തായ മറ്റൊരു താരം. ഓസ്ട്രേലിയയ്ക്കായി വിജയ സമയത്ത് 11 റണ്‍സുമായി ഷോണ്‍ മാര്‍ഷ് ക്യാപ്റ്റന്‍ ഫിഞ്ചിനൊപ്പം ക്രീസിലുണ്ടായിരുന്നു.

85 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഉസ്മാന്‍ ഖവാജ

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റാങ്കിലേക്ക് ഏകദിനത്തില്‍ എത്തി ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജ. 383 റണ്‍സ് നേടി തന്റെ കന്നി ശതകം ഉള്‍പ്പെടെ രണ്ട് ശതകങ്ങളാണ് താരം ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ നേടിയത്. 85 സ്ഥാനങ്ങളാണ് തന്റെ ഈ മാസ്മരിക ഇന്നിംഗ്സ് പ്രകടനങ്ങളിലൂടെ ഖവാജ മെച്ചപ്പെടുത്തിയത്. 25ാം റാങ്കിലേക്കാണ് താരം ഇപ്പോള്‍ എത്തിയത്.

അതേ സമയം ശ്രീലങ്കയ്ക്കെതിരെ ശതകവും മൂന്ന് അര്‍ദ്ധ ശതകങ്ങളും നേടിയ ക്വിന്റണ്‍ ഡി കോക്ക് ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഫാഫ് ഡു പ്ലെസിയും ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത് നിലകൊള്ളുന്നു. ഏകദിനത്തിലേക്ക് തിരിച്ചു വന്ന് ഇംഗ്ലണ്ടിനെതിരെ അതിമാരകമായ ഫോം പ്രകടിപ്പിച്ച ക്രിസ് ഗെയില്‍ 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 41ാം റാങ്കിലേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ട് ശതകങ്ങള്‍ ഉള്‍പ്പെടെ 424 റണ്‍സാണ് ഗെയില്‍ അടിച്ചെടുത്തത്.

വിരാട് കോഹ്‍ലി തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്. രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനത്തും തുടരുന്നു.

ഖവാജയുടെ ശതകത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ, ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ 272 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി ഇന്ത്യ. ഉസ്മാന്‍ ഖവാജയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. 175/1 എന്ന നിലയില്‍ കുതിയ്ക്കുകയായിരുന്ന ഓസ്ട്രേലിയ നാല് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടമായി 210/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.  പിന്നീട് 229/7 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ എട്ടാം വിക്കറ്റില്‍ 34 റണ്‍സ് നേടിയ ജൈ റിച്ചാര്‍ഡ്സണ്‍-പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 272 റണ്‍സിലേക്ക് നയിച്ചത്. ജൈ റിച്ചാര്‍ഡ്സണ്‍ 29 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടായപ്പോള്‍ പാറ്റ് കമ്മിന്‍സ് 15 റണ്‍സ് നേടി.

ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖവാജയും ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് നേടിയ ശേഷം രവീന്ദ്ര ജഡേജയാണ് ഫിഞ്ചിനെ(27) പുറത്താക്കിയത്. പിന്നീട് 99 റണ്‍സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടി മുന്നേറുന്നതിനിടയിലാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഖവാജയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ രവീന്ദ്ര ജഡേജ ഗ്ലെന്‍ മാക്സ്വെലിനെ പുറത്താക്കി. ഏതാനും ഓവറുകള്‍ക്ക് ശേഷം മുഹമ്മദ് ഷമി അര്‍ദ്ധ ശതകം നേടിയ ഹാന്‍ഡ്സ്കോമ്പിനെ വീഴ്ത്തി. 52 റണ്‍സാണ് താരം നേടിയത്.

പിന്നീട് കഴിഞ്ഞ മത്സരത്തിലെ ഹീറോ ആഷ്ടണ്‍ ടര്‍ണര്‍ 20 പന്തില്‍ 20 റണ്‍സ് നേടി വീണ്ടും മത്സരം മാറ്റി മറിയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ താരത്തിന്റെ അന്തകനായി കുല്‍ദീപ് യാദവ് അവതരിക്കുകയായിരുന്നു. ഏറെ വൈകാതെ മാര്‍ക്കസ് സ്റ്റോയിനിസ്(20) ഭുവനേശ്വര്‍ കുമാറിനു ഇരയായി പവലിയനിലേക്ക് മടങ്ങി.

50 ഓവറില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് 272/9  എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ബുംറയുടെ ഓവറില്‍ നിന്ന് 19 റണ്‍സ് നേടി ജൈ റിച്ചാര്‍ഡ്സണ്‍ – പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ശതകം നേടിയുടനെ പുറത്തായി ഖവാജ, ഓസ്ട്രേലിയയ്ക്ക് മാക്സ്വെല്ലിനെയും നഷ്ടം

ഇന്ത്യയ്ക്കെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ഉസ്മാന്‍ ഖവാജയുടെ ശതകത്തിന്റെ ബലത്തില്‍ 34 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയിട്ടുള്ളത്. ഖവാജ തന്റെ രണ്ടാം ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മാറുമോ എന്നതാണ് ഇനി നോക്കേണ്ടത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചാണ്(27) പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. 106 പന്തില്‍ നിന്ന് 100 റണ്‍സ് നേടി ഖവാജ പത്ത് ഫോറും 2 സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി. ഖവാജ പുറത്തായി അടുത്ത ഓവറില്‍ മാക്സ്വെല്ലിനെയും ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുകയായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

മൊഹാലിയെ നിശബ്ദനാക്കി ടര്‍ണര്‍, പരമ്പരയില്‍ ഒപ്പമെത്തി ഓസ്ട്രേലിയ

ഇന്ത്യയ്ക്കുടെ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഓസ്ട്രേലിയ. ഇന്ത്യ നല്‍കിയ 359 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മൊഹാലി നിശബ്ദമാകുകയായിരുന്നു. ആറാം വിക്കറ്റില്‍ അപരാജിതമായ 86 റണ്‍സ് കൂട്ടുകെട്ട് വെറും 39 പന്തില്‍ നിന്നാണ് ആഷ്ടണ്‍ ടര്‍ണര്‍-അലെക്സ് കാറെ കൂട്ടുകെട്ട് നേടിയത്. കാറെ 21 റണ്‍സ് നേടി പുറത്തായപ്പോള്‍ സ്കോറിംഗ് മുഴുവനും നടത്തിയത് ആഷ്ടണ്‍ ടര്‍ണര്‍ ആയിരുന്നു. 43 പന്തില്‍ നിന്ന് 84 റണ്‍സാണ് ടര്‍ണര്‍ ഇന്ന് നേടിയത്. ഇതോടെ ഏകദിന പരമ്പരയില്‍ 2-2 എന്ന നിലയില്‍ ഇരു ടീമുകളും ഒപ്പമെത്തുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ നേടിയപ്പോള്‍ അടുത്ത രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ സ്വന്തമാക്കി.

തുടക്കം പാളി 12/2 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി മാറിയത് ഓസ്ട്രേലിയയുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. 192 റണ്‍സ് കൂട്ടുകെട്ട് നേടിയ സഖ്യം പൊരുതി നോക്കിയെങ്കിലും നേടേണ്ടത് വളരെ വലിയ സ്കോറായതിനാല്‍ ചെറിയ പിഴവ് പോലും ടീമിനു തിരിച്ചടിയായി. തന്റെ തുടര്‍ച്ചയായ ശതകത്തിനു 9 റണ്‍സ് അകലെ ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുംറ പുറത്താക്കിയാണ് കൂട്ടുകെട്ടിനെ വേര്‍പിരിച്ചത്. 91 റണ്‍സാണ് ഖവാജ നേടിയത്.

ഖവാജ പുറത്തായെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് തന്റെ കന്നി ഏകദിന ശതകം നേടുന്നത് മൊഹാലിയിലെ കാണികള്‍ക്ക് സാക്ഷ്യം വഹിക്കാനായി. ഗ്ലെന്‍ മാക്സ്വെല്ലും(23) 117 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും പുറത്തായി ഓസ്ട്രേലിയ 41.1 ഓവറില്‍ 271/5 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം ഓസ്ട്രേലിയ തിരികെ പിടിക്കുന്ന കാഴ്ച കണ്ടത്.

8.5 ഓവറില്‍ നിന്ന് ജയിക്കുവാന്‍ 88 റണ്‍സ് വേണെന്ന കടുപ്പമേറിയ സാഹചര്യത്തില്‍ നിന്ന് ഒറ്റയാള്‍ പ്രകടനത്തിലൂടെെയാണ് ടര്‍ണര്‍ ഇന്ത്യയുടെ പ്രതീക്ഷകളെ തകിടം മറിച്ച് ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് ജയം നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി. വിജയ് ശങ്കര്‍ ആണ് ഏറ്റവും കണിശതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍. അഞ്ച് ഓവറില്‍ താരം 29 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.

കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ, ഫിഞ്ച് ഫോമിലേക്ക്, കന്നി ശതകം നേടി ഖവാജ

ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഉസ്മാന്‍ ഖവാജയുടെ ശതകവും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനവും ഒത്തുവന്നപ്പോള്‍ വലിയ സ്കോര്‍ നേടി ഓസ്ട്രേലിയ. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ച്ചുവെങ്കിലും ഫീല്‍ഡിംഗിലെ പിഴവുകള്‍ ഓസ്ട്രേലിയയ്ക്ക് തുണയാകുന്നതാണ് മത്സരത്തില്‍ കണ്ടത്.

ഒന്നാം വിക്കറ്റില്‍ 193 റണ്‍സ് നേടി തന്റെ ശതകത്തിനു 7 റണ്‍സ് അകലെ ഫിഞ്ച്(93) പുറത്താകുകയായിരുന്നു. ശതകം നേടാനായില്ലെന്ന നിരാശ ബാക്കിയുണ്ടാകുമെങ്കിലും നാളുകള്‍ക്ക് ശേഷം താന്‍ ഫോമിലെത്തിയെന്ന ആശ്വാസവുമായി ഫിഞ്ചിനു മടങ്ങാം. കുല്‍ദീപ് യാദവ് ആണ് ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. തുടര്‍ന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനമാണ് റാഞ്ചി കണ്ടത്.

ഇതിനിടെ തന്റെ കന്നി ഏകദിന ശതകം പൂര്‍ത്തിയാക്കി ഉസ്മാന്‍ ഖവാജയും എത്തി. രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് നേടിയ ശേഷം ഷമിയ്ക്ക് വിക്കറ്റ് നല്‍കിയാണ് ഉസ്മാന്‍ ഖവാജ(104) പുറത്തായത്. 31 പന്തില്‍ നിന്ന് 47 റണ്‍സ് നേടി മാക്സ്വെല്‍ റണ്ണൗട്ടായി പുറത്താകുകയായിരുന്നു. ഷോണ്‍ മാര്‍ഷിനെയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെയും ഒരേ ഓവറില്‍ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയെ മുന്നൂറ് കടക്കുവാന്‍ ഇന്ത്യ അനുവദിക്കില്ലെന്ന് ഏവരും കരുതിയെങ്കിലും ആറാം വിക്കറ്റില്‍ ഒത്തുകൂടിയ സ്റ്റോയിനിസ്-അലെക്സ് കാറെ കൂട്ടുകെട്ട് നേടിയ 50 റണ്‍സ് ഓസ്ട്രേലിയയെ 50 ഓവറില്‍ 313/5 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു.

സ്റ്റോയിനിസ് 31 റണ്‍സും കാറെ 21 റണ്‍സും നേടിയാണ് പുറത്താകാതെ നിന്നത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.

ഖവാജ വേണ്ടെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വോണ്‍, സ്മിത്തും വാര്‍ണറും വേണം

ഓസ്ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് ഉസ്മാന്‍ ഖവാജയെ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വോണ്‍. പകരം ഡാര്‍സി ഷോര്‍ട്ടിനെ ഓസ്ട്രേലിയ ഓപ്പണര്‍ ആയി പരിഗണിക്കണമെന്നാണ് ഷെയിന്‍ വോണിന്റെ അഭിപ്രായം. കഴിഞ്ഞ മാസം അവസാനിച്ച ബിഗ് ബാഷ് ലീഗിലെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഡാര്‍സി ഷോര്‍ട്ട്. കഴിഞ്ഞ സീസണിലും ഷോര്‍ട്ട് തന്നെയായിരുന്നു കളിയിലെ താരം എന്നാല്‍ താരത്തിനു ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ചിരുന്നില്ല.

പകരമെത്തിയ ഉസ്മാന്‍ ഖവാജ ഓപ്പണറുടെ റോളില്‍ 76 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മോശം ഫോം തുടരുന്ന ആരോണ്‍ ഫിഞ്ചിനെയല്ല ഉസ്മാന്‍ ഖവാജയെയാണ് താരം ഒഴിവാക്കണമെന്ന് ഷെയിന്‍ വോണ്‍ അഭിപ്രായപ്പെടുന്നത്. അതേ സമയം വിലക്കപ്പെട്ട താരങ്ങളായ സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ഉള്‍പ്പെടുത്തണമെന്നും ഷെയിന്‍ വോണ്‍ ആവശ്യപ്പെടുന്നുണ്ട്.

Exit mobile version