ഹാരിസ് പുറത്ത്, ഖവാജ ഓപ്പൺ ചെയ്യും

ആഷസിലെ അവസാന ടെസ്റ്റിൽ നിന്ന് മാര്‍ക്കസ് ഹാരിസ് പുറത്ത്. ഹോബാര്‍ട്ട് ടെസ്റ്റിൽ ഉസ്മാന്‍ ഖവാജ ഓസ്ട്രേലിയയ്ക്കായി ഓപ്പൺ ചെയ്യും. ജനുവരി 14ന് ആണ് പരമ്പരയിലെ ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കുക.

ട്രാവിസ് ഹെഡിന് പകരം ടീമിലെത്തി ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയാണ് ഖവാജ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. ട്രാവിസ് ഹെഡ് തിരികെ ടീമിലെത്തുമ്പോള്‍ ഹാരിസിനാണ് ടീമിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത്.

ഖവാജയ്ക്ക് ഹൊബാര്‍ട്ടിൽ ടീമിൽ ഇടം ഉണ്ടാകുമെന്ന് സൂചന നല്‍കി പാറ്റ് കമ്മിന്‍സ്

സിഡ്നിയില്‍ ട്രാവിസ് ഹെഡിന്റെ അഭാവത്തിൽ മാത്രം ടീമിലേക്ക് എത്തിയ ഉസ്മാന്‍ ഖവാജ മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. താരത്തിന് ഇതോടെ ഹൊബാര്‍ട്ടിൽ ട്രാവിസ് ഹെഡ് മടങ്ങിയെത്തുമ്പോളും ടീമിൽ ഇടം കിട്ടുമെന്നാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.

അത്രയധികം റൺസ് കണ്ടെത്താനാകാതിരിക്കുന്ന മാര്‍ക്കസ് ഹാരിസിന് പകരം ഓപ്പണിംഗ് ദൗത്യമായിരിക്കും ഇത്തവണ ഖവാജയെ കാത്തിരിക്കുന്നത്. സെലക്ഷന്‍ പാനലില്‍ പാറ്റ് കമ്മിന്‍സ് ഇല്ലെങ്കിലും തന്റെ അഭിപ്രായത്തിൽ ഖവാജയുടെ പ്രകടനത്തെ സെലക്ടര്‍മാര്‍ക്ക് വിസ്മരിക്കാനാകില്ലെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഓസ്ട്രേലിയക്കാരെന്ത് കൊണ്ട് ഓസ്ട്രേലിയക്കാരെ പോലെ ബാറ്റ് ചെയ്തില്ലെന്നതില്‍ അത്ഭുതം, ഹാരിസിന് മറുപടിയുമായി വസീം ജാഫര്‍

ചേതേശ്വര്‍ പുജാര ഗാബയില്‍ ഓസ്ട്രേലിയക്കാരെ പോലെയാണ് ബാറ്റ് ചെയ്തതെന്ന് പറഞ്ഞ മാര്‍ക്കസ് ഹാരിസിന് മറുപടിയുമായി വസീം ജാഫര്‍. ഓസ്ട്രേലിയയ്ക്കാര്‍ എന്ത് കൊണ്ട് ഓസ്ട്രേലിയയ്ക്കാരെ പോലെ ബാറ്റ് ചെയ്തില്ലെന്നതില്‍ അത്ഭുതം തോന്നുന്നുവെന്നാണ് ഹാരിസിന്റെ പരാമര്‍ശത്തെക്കുറിച്ച് ജാഫര്‍ പ്രതികരിച്ചത്. തന്റെ ട്വിറ്ററിലാണ് താരം ഇത്തരത്തില്‍ കുറിച്ചത്.

പുജാരയുടെ ബാറ്റിംഗിനെ പ്രകീര്‍ത്തിച്ച സംസാരിച്ച ഹാരിസ് താരം പല ബോഡി ബ്ലോയും കൊണ്ട ശേഷവും ബാറ്റിംഗ് തുടര്‍ന്നത് ഓസ്ട്രേലിയയ്ക്കാരുടെ പോരാട്ട വീര്യം പോലെയാണ് തനിക്ക് തോന്നിയതെന്ന് ഹാരിസ് പറഞ്ഞിരുന്നു. മത്സരത്തില്‍ മൂന്ന് വിക്കറ്റ് വിജയം കരസ്ഥമാക്കി ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കുകയായിരുന്നു.

അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് പരമ്പരയില്‍ കണ്ടത്. പ്രധാന താരങ്ങള്‍ പലരുമില്ലാതെയാണ് ഇന്ത്യ തങ്ങളുടെ വിജയം പിടിച്ചെടുത്തത്.

ഗാബയില്‍ പുജാര ബാറ്റ് ചെയ്തത് ഓസ്ട്രേലിയക്കാരനെ പോലെ – മാര്‍ക്കസ് ഹാരിസ്

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഗാബയില്‍ ചേതേശ്വര്‍ പുജാര ബാറ്റ് ചെയ്തത് ഓസ്ട്രേലിയക്കാരനെ പോലെയാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ്. ഓസ്ട്രേലിയയുടെ കോട്ടയാണെന്ന് വിശേഷിപ്പിക്കുന്ന ഗാബയില്‍ പുജാര 25, 56 എന്നീ സ്കോറുകള്‍ ആണ് നേടിയത്.

ക്രീസില്‍ ചെലവഴിച്ച സമയത്ത് താരം ശരീരത്തില്‍ പല തവണ ഏറ് കൊള്ളേണ്ടിയും വന്നിരുന്നു. ഓസ്ട്രേലിയന്‍ ബൗളിംഗിനെ സധൈര്യം ചെറുത്തുനിന്നതാണ് പുജാരയുടെ ഗാബയിലെ ബാറ്റിംഗിന്റെ പ്രത്യേകതയെന്നും ഹാരിസ് പറഞ്ഞു. ഗാബയില്‍ പല തവണ നെഞ്ചില്‍ ഏറ് കൊണ്ടെങ്കിലും താരം പിന്മാറാതെ മുന്നോട്ട് ബാറ്റ് ചെയ്യുകയായിരുന്നുവെന്നും അത് ഓസ്ട്രേലിയക്കാരുടെ പോരാട്ടവീര്യം പോലെയാണ് തനിക്ക് തോന്നിയതെന്നും ഹാരിസ് പറഞ്ഞു.

മാര്‍ക്കസ് ഹാരിസ് ലെസ്റ്ററുമായി കരാറിലെത്തി

ഓസ്ട്രേലിയന്‍ ഓപ്പണിംഗ് താരം മാര്‍ക്കസ് ഹാരിസ് ഇംഗ്ലീഷ് കൗണ്ടി കളിക്കുവാനായി കരാറിലെത്തി. ലെസ്റ്ററുമായാണ് താരം കരാറിലെത്തിയത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പിലും താരം പങ്കെടുക്കും. വിക്ടോറിയയ്ക്ക് വേണ്ടി ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കുന്ന താരം 516 റണ്‍സ് ആണ് നേടിയത്.

ഇംഗ്ലണ്ടില്‍ കളിക്കുക എന്നത് തന്റെ ഏറെ കാലത്തെ ആഗ്രഹമാണെന്നും ലെസ്റ്ററുമായി സൈന്‍ ചെയ്യാനായത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് മാര്‍ക്കസ് ഹാരിസ് വ്യക്തമാക്കി.

മാര്‍ക്കസ് ഹാരിസിനെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്കി

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്. ടാസ്മാനിയ്ക്കെതിരെയുള്ള മത്സരത്തില്‍ വിക്ടോറിയന്‍ താരം പുറത്തായതിലുള്ള അമര്‍ഷം കാരണം താരം ബാറ്റ് തിരികെ പവലിയനിലേക്ക് പോകുന്നതിനിടയില്‍ ടര്‍ഫില്‍ അടിക്കുകയും ഡ്രെസ്സിംഗ് റൂമിലെ കസേരയും മറിച്ചിട്ടുവെന്നാണ് അറിയുവാന്‍ കഴിയുന്നത്.

താരത്തിനെതിരെ ലെവല്‍ 1 കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. 50 ശതമാനം മാച്ച് ഫീസും ഒരു സസ്പെന്‍ഷന്‍ പോയിന്റും താരത്തിനെതിരെ ചുമത്തിയിട്ടുണ്ട്. 2019ലും ടാസ്മാനിയ്ക്കെതിരെ താരം സമാനമായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്ന് താരത്തിനെതിരെ 25 ശതമാനം മാച്ച് ഫീസും ഒരു സസ്പെന്‍ഷന്‍ പോയിന്റും ലഭിയ്ക്കുകയായിരുന്നു.

വിക്കറ്റിന് പിന്നില്‍ താരം ക്യാച്ചായി പുറത്തായി എന്ന് അമ്പയര്‍ വിധിച്ചുവെങ്കിലും തന്റെ കൈമുട്ടില്‍ തട്ടിയാണ് പന്ത് പോയതെന്നായിരുന്നു ഹാരിസ് പറഞ്ഞത്.

ഗാബ ടെസ്റ്റിനുള്ള ഫിറ്റ്നെസ്സ് പുകോവസ്കിയ്ക്ക് തെളിയിക്കാനായില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍ ചെയ്യും

ഗാബ ടെസ്റ്റിന്റെ സമയത്തേക്ക് വില്‍ പുകോവസ്കി തന്റെ ഫിറ്റ്നെസ്സ് തെളിയിക്കുന്നില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍ ചെയ്യുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. സിഡ്നി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് പുകോവസ്കിയ്ക്ക് മത്സരത്തിനിടെ തോളിന് പരിക്കേറ്റിരുന്നു. ഫീല്‍ഡിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ജനുവരി 15ന് ആണ് പരമ്പരയിലെ നാലാം ടെസ്റ്റ് ഗാബയില്‍ ആരംഭിക്കുന്നത്. പരമ്പരയില്‍ ഓരോ ടെസ്റ്റ് ഓസ്ട്രേലിയയും ഇന്ത്യയും വിജയിച്ചപ്പോള്‍ സിഡ്നി ടെസ്റ്റ് ആവേശകരമായ സമനിലയില്‍ അവസാനിക്കുകയായിരുന്നു. അഡിലെയ്ഡില്‍ ഓസ്ട്രേലിയയും മെല്‍ബേണില്‍ ഇന്ത്യയുമാണ് വിജയം നേടിയത്.

വില്‍ പുകോവസ്കിയും ആദ്യ ടെസ്റ്റില്‍ കളിക്കുന്നത് സംശയത്തില്‍, മാര്‍ക്കസ് ഹാരിസ് അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡില്‍

അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിലേക്ക് മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി. ഡേവിഡ് വാര്‍ണര്‍ ആദ്യ ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം പുറത്ത് നില്‍ക്കുന്നതും വില്‍ പുകോവസ്കിയുടെ കണ്‍കഷന്‍ കാരണം ആദ്യ മത്സരം കളിക്കുന്നത് സംശയത്തിലായതിനാലാണ് ഓസ്ട്രേലിയ ഈ നീക്കത്തിന് മുതിര്‍ന്നത്.

ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ എ യുടെ ആദ്യ സന്നാഹ മത്സരത്തിനിടെയാണ് പുകോവസ്കിയ്ക്ക് പരിക്കേറ്റത്. ഹാരിസ് ഓസ്ട്രേലിയയ്ക്കായി 9 ടെസ്റ്റില്‍ കളിച്ചിട്ടുണ്ട്. ടീമില്‍ നിന്ന് പുറത്ത് പോയ താരം അടുത്തിടെ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികവുറ്റ പ്രകടനമാണ് നടത്തിയത്.

വില്‍ പുകോവസ്കിയുടെ കാര്യത്തില്‍ ഓസ്ട്രേലിയ കരുതലോടെയുള്ള തീരുമാനം ആണ് എടുക്കുന്നതെന്ന് മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോന്‍സ് വ്യക്തമാക്കി.

മാര്‍ക്കസ് ഹാരിസിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍, വീണ്ടും കളി തടസ്സപ്പെടുത്തി മഴ

ലീഡ്സില്‍ ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തിന്റെ ആദ്യ സെഷനില്‍ വീണ്ടും വില്ലനായി മഴ. മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഉടനെയായിരുന്നു മഴയും എത്തിയത്. മാര്‍ക്കസ് ഹാരിസിനെ(8) ജോഫ്ര ആര്‍ച്ചര്‍ ജോണി ബൈര്‍സ്റ്റോയുടെ കൈകളിലെത്തിച്ചതോടെയാണ് മഴ വില്ലനായി എത്തിയത്. നാലോവര്‍ മാത്രം എറിഞ്ഞ മത്സരത്തില്‍ 12 റണ്‍സാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്.

മോശം ഫോമില്‍ കളിയ്ക്കുന്ന കാമറൂണ്‍ ബാന്‍ക്രോഫ്ടിന് പകരമാണ് ഹാരിസിന് അവസരം ലഭിച്ചത്. മികച്ച രീതിയില്‍ താരം തുടങ്ങിയെങ്കിലും ജോഫ്രയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

ഓസ്ട്രേലിയയെ ഹാരിസ് മുന്നോട്ട് നയിക്കുന്നു, രണ്ട് വിക്കറ്റ് നഷ്ടം

ബ്രിസ്ബെയിന്‍ ടെസ്റ്റില്‍ ഭേദപ്പെട്ട നിലയില്‍ ഓസ്ട്രേലിയ. മത്സരത്തിന്റെ ആദ്യം ദിവസം 144 റണ്‍സിനു ശ്രീലങ്കയെ പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്. മാര്‍ക്കസ് ഹാരിസ് 40 റണ്‍സുമായി നില്‍ക്കുമ്പോള്‍ ഒപ്പം കൂട്ടിനുള്ളത് റണ്ണൊന്നുമെടുക്കാതെ നഥാന്‍ ലയണ്‍ ആണ്. ലയണിന്റെ ഒരവസരം ശ്രീലങ്ക അവസാന ഓവറില്‍ കൈവിട്ടത് താരത്തിനു തുണയായി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 72 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ നിലവില്‍ സ്ഥിതി ചെയ്യുന്നത്. ജോ ബേണ്‍സ്(15), ഉസ്മാന്‍ ഖവാജ(11) എന്നിവരെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. സുരംഗ ലക്മല്‍, ദില്‍രുവന്‍ പെരേര എന്നിവര്‍ക്ക് വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ ഇന്നിംഗ്സ് 56.4 ഓവറില്‍ അവസാനിക്കുകയായിരുന്നു. 64 റണഅ‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ദിമുത് കരുണാരത്നേ 24 റണ്‍സ് നേടി. പാറ്റ് കമ്മിന്‍സ് നാലും ജൈ റിച്ചാര്‍ഡ്സണ്‍ മൂന്നും വിക്കറ്റ് നേടി ഓസീസ് ബൗളര്‍മാരില്‍ തിളങ്ങി.

ആഷസില്‍ സ്ഥാനം ഉറപ്പിച്ചത് ഈ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രം: റിക്കി പോണ്ടിംഗ്

ഓസ്ട്രേലിയയ്ക്കായി മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമാണ് വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ എന്നിവര്‍കൊക്കെ മാര്‍നസ് ലാബൂഷാനെയാണ് തന്റെ അഭിപ്രായത്തില്‍ ആഷസ് ടീമില്‍ ഇടം ലഭിക്കേണ്ട താരങ്ങളെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്.

ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തതാണ് മാര്‍ക്കസ് ഹാരിസിനു മുന്‍തൂക്കം നല്‍കുന്നതെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. ഖവാജയ്ക്ക് മികച്ച സിരീസ് അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ടീമിലുണ്ടാവണം. തനിക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റൊരു താരം ലാബൂഷാനെയാണെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്. ലാബൂഷാനെയുടെ ടെക്നിക്ക് മികച്ചതായി തോന്നിയെന്ന് പറഞ്ഞ റിക്കി ഇംഗ്ലണ്ടിലെ സ്വിംഗിംഗ് സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായ താരം ലാബൂഷാനെയാണെന്നും പറഞ്ഞു.

ഫോളോ ഓണ്‍ ഭീഷണിയില്‍ ഓസ്ട്രേലിയ, സ്പിന്നര്‍മാരുടെ സംഹാര താണ്ഡവം

ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 622/7 പിന്തുടര്‍ന്ന ഓസ്ട്രേലിയ ഫോളോ ഓണ്‍ ഭീഷണിയില്‍. മികച്ച തുടക്കം മുതലാക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയാകുകയായിരുന്നു. മാര്‍ക്കസ് ഹാരിസ് 79 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മാര്‍നസ് ലാബുഷാനെ(38), ഉസ്മാന്‍ ഖവാജ(27) എന്നിവര്‍ നിലയുറപ്പിച്ച ശേഷം കീഴടങ്ങുകയായിരുന്നു.

വീണ ആറ് വിക്കറ്റില്‍ അഞ്ചും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് സ്വന്തമാക്കി. 73 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 208/6 എന്ന നിലയിലാണ്. ലാബുഷാനെയുടെ വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. 414 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ഓസ്ട്രേലിയയ്ക്കായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(22*), പാറ്റ് കമ്മിന്‍സ്(9*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version