വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പീറ്റര്‍ സിഡിൽ കൗണ്ടിയിൽ നിന്ന് മടങ്ങി

കൗണ്ടി സീസൺ പാതി വഴിയിൽ അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് മടങ്ങി പീറ്റര്‍ സിഡിൽ. വ്യക്തിഗതമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം നാട്ടിലേക്ക് മടങ്ങിയത്. കൗണ്ടിയിൽ എസ്സെക്സിന് വേണ്ടിയാണ് താരം കളിച്ചിരുന്നത്. തനിക്ക് വീട്ടിലേക്ക് മടങ്ങേണ്ടതുണ്ടെന്നും ഭാവിയിൽ എസ്സെക്സിനായി കളിക്കാന്‍ വീണ്ടുമെത്താനാകുമെന്നാണ് കരുതുന്നതെന്നും പീറ്റര്‍ സിഡിൽ പറ‍ഞ്ഞു.

ഈ സീസണിൽ എസ്സെക്സിന് വേണ്ടി 6 മത്സരത്തിൽ നിന്ന് 20 വിക്കറ്റാണ് താരം നേടിയത്. 2019ൽ എസ്സെക്സ് കൗണ്ടി കിരീടം നേടിയപ്പോൾ ടീമിലംഗമായിരുന്നു സിഡിൽ. എന്നാൽ കഴി‍ഞ്ഞ വര്‍ഷത്തെ ബോബ് വില്ലീസ് ട്രോഫിയിൽ താരത്തിന് പങ്കെടുക്കാനായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കാരണം കരാര്‍ റദ്ദാക്കിയതും പിന്നീട് യാത്ര നിയന്ത്രണങ്ങളുമെല്ലാമാണ് അന്ന് താരത്തിനെ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞത്.

ഈ സീസണിൽ താരം കളിച്ച അവസാന മത്സരത്തിൽ നോട്ടിംഗാംഷയറിനെതിരെ സിഡിൽ നാല് വിക്കറ്റ് നേടിയിരുന്നു.

പീറ്റര്‍ സിഡിലിന് അഞ്ച് വിക്കറ്റ്, അനായാസ ജയവുമായി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ മികച്ച വിജയം നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സിനെ 146 റണ്‍സിന് എറിഞ്ഞിട്ട ശേഷം സ്ട്രൈക്കേഴ്സ് ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ മറികടക്കുകയായിരുന്നു. പീറ്റര്‍ സിഡില്‍ നേടിയ അഞ്ച് വിക്കറ്റാണ് ഹോബാര്‍ട്ടിന്റെ നടുവൊടിച്ചത്.

താരം തന്റെ 3.3 ഓവറില്‍ 16 റണ്‍സ് വിട്ട് നല്‍കി 5 വിക്കറ്റ് നേടുകയായിരുന്നു. 46 റണ്‍സ് വീതം നേടിയ ബെന്‍ മക്ഡര്‍മട്ടും കോളിന്‍ ഇന്‍ഗ്രാമുമാണ് ഹോബാര്‍ട്ട് നിരയില്‍ തിളങ്ങിയത്. ടിം ഡേവിഡ് 24 റണ്‍സ് നേടി.

അഡിലെയ്ഡിനായി ജാക്ക് വെത്തറാള്‍ഡ് പുറത്താകാതെ 68 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ അലെക്സ് കാറെ നേടിയ 55 റണ്‍സും നിര്‍ണ്ണായകമായി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷമാണ് അഡിലെയ്ഡ് 107 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയത്.

വിക്ടോറിയയിലെ ദൈര്‍ഘ്യമേറിയ കരിയറിന് അവസാനം, പീറ്റര്‍ സിഡില്‍ ഇനി ടാസ്മാനിയയില്‍

കഴിഞ്ഞ ഡിസംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഓസ്ട്രേലിയന്‍ താരം പീറ്റര്‍ സിഡില്‍ ടാസ്മാനിയയുമായി രണ്ട് വര്‍ഷത്തെ കരാറിലെത്തി. വിക്ടോറിയയുമായുള്ള ദൈര്‍ഘ്യമേറിയ കരിയറിന് വിരമാമിട്ടാണ് താരം പുതിയ കരാര്‍ ഒപ്പു വയ്ക്കുന്നത്. തന്റെ കോച്ചിംഗ് പ്രാവീണ്യം വര്‍ദ്ധിപ്പിക്കുവാനും മികച്ച ക്രിക്കറ്റ് കളിക്കുവാനും വേണ്ടിയാണ് ഈ നീക്കമെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ഷെഫീല്‍ഡ് ഷീല്‍ഡിലും ആകെ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് പീറ്റര്‍ സിഡില്‍. മികച്ച ക്രിക്കറ്റ് കളിക്കുന്നതിനൊപ്പം തന്റെ കോച്ചിംഗ് സ്കില്ലും മെച്ചപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ടീമിലെ യുവ താരങ്ങള്‍ക്ക് തന്റെ അനുഭവസമ്പത്ത് പങ്കുവെച്ചും അവരെ സഹായിക്കുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് സിഡില്‍ വ്യക്തമാക്കി.

വിക്ടോറിയയില്‍ രണ്ട് ഷെഫീല്‍ഡ് ഷീല്‍ഡ് കിരീടം, ഒരു ടി20 ബിഗ് ബാഷ് ടൈറ്റില്‍, ഒരു വണ്‍-ഡേ ടൈറ്റില്‍ എന്നിവ നേടിയ സിഡില്‍ ടീമിന്റെ 2017-18 സീസണിലെ മികച്ച താരം കൂടിയായിരുന്നു.

2020ലെ കരാര്‍ അസാധു, പീറ്റര്‍ സിഡിലിന്റെ എസ്സെക്സ് കരാര്‍ 2021ലേക്ക് മാറ്റി

കൊറോണ മൂലം കൗണ്ടി ക്രിക്കറ്റ് അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനാല്‍ ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ പീറ്റര്‍ സിഡിലിന്റെ കൗണ്ടി കരാര്‍ ഈ വര്‍ഷം റദ്ദാക്കി എസ്സെക്സ്. പകരം താരത്തെ 2021 സീസണില്‍ ടീമില്‍ എത്തിക്കുമെന്നത് സൂചിപ്പിച്ച് കരാര്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തില്‍ പണച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കൊറോണ മൂലം ഒട്ടനവധി താരങ്ങളുടെ കരാറുകള്‍ കൗണ്ടി റദ്ദാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടെ പല താരങ്ങളുടെയും കരാര്‍ റദ്ദാക്കിയത് ആവശ്യമായ സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്. ഇതില്‍ ചില താരങ്ങളുടെ കരാര്‍ ഈ വര്‍ഷത്തെ റദ്ദാക്കിയെങ്കിലും അടുത്ത വര്‍ഷം സാധുതയുള്ളതാണെന്ന് കൗണ്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സീസണ്‍ കൗണ്ടി കളിക്കാനാകാത്തതില്‍ വിഷമം ഉണ്ടെങ്കിലും മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് തനിക്കറിയാമെന്നും. അവര്‍ തനിക്ക് അടുത്ത വര്‍ഷം തിരിച്ചുവരുവാനുള്ള അവസരം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും സിഡില്‍ അഭിപ്രായപ്പെട്ടു. എത്രയും പെട്ടെന്ന് സ്ഥിതിഗതികള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് ആകുമെന്നും ക്രിക്കറ്റ് ആരംഭിക്കാനാകുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സിഡില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി യഥാക്രമം 37 വിക്കറ്റും 34 വിക്കറ്റുമാണ് എസ്സെക്സിന് വേണ്ടി താരം നേടിയിട്ടുള്ളത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് പുറമെ റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പിലും സിഡില്‍ കളിക്കാനിരുന്നതാണ്. സിഡില്‍ കഴിഞ്ഞാഴ്ച ഇംഗ്ലണ്ടില്‍ എത്തേണ്ടതായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ അദ്ദേഹത്തെ തീരുമാനം അറിയിച്ചപ്പോള്‍ അദ്ദേഹം കാര്യം മനസ്സിലാക്കിയെന്നും എസ്സെക്സ് ചീഫ് എക്സിക്യൂട്ടീവ് ഡെറെക്ക് ബൗഡന്‍ വ്യക്തമാക്കി.

അവസാന ഇലവനില്‍ സാധ്യത പാറ്റിന്‍സണെന്ന് പറഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍

ജോഷ് ഹാസല്‍വുഡിന്റെ പരിക്കിനെത്തുടര്‍ന്ന് ന്യൂസിലാണ്ടിനെതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവസാന ഇലവനിലേക്കുള്ള സാധ്യതയില്‍ മുന്നില്‍ ജെയിംസ് പാറ്റിന്‍സണ്‍ ആണെന്ന് അഭിപ്രായപ്പെട്ട് ജസ്റ്റിന്‍ ലാംഗര്‍. എന്നാല്‍ സിഡിലിനെ 13 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനമാണെന്നും ലാംഗര്‍ പറഞ്ഞു.

200ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ള സിഡില്‍ ഓസ്ട്രേലിയയെ ആഷസ് നിലനിര്‍ത്തുവാന്‍ സഹായിച്ചിടടുണ്ട്. അത് കൂടാതെ അനുഭവ സമ്പത്തുള്ള ഒരു താരം 13 അംഗ സംഘത്തില്‍ വരണമെന്നും ടീമിനുണ്ടായിരുന്നുവെന്ന് ലാംഗര്‍ വ്യക്തമാക്കി. ടീമിലെത്തിയെങ്കിലും അവസാന ഇലവനില്‍ പീറ്റര്‍ സിഡിലിന് സാധ്യതയില്ലെന്നാണ് ലാംഗര്‍ പറയുന്നത്. പാറ്റിന്‍സണും മൈക്കല്‍ നീസെറിനുമാണ് സിഡിലിനെക്കാള്‍ കൂടുതല്‍ സാധ്യത അന്തിമ ഇലവനിലേക്ക് എത്തുവാനെന്നും ലാംഗര്‍ വ്യക്തമാക്കി.

പീറ്റര്‍ സിഡില്‍ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡില്‍

ഓസ്ട്രേലിയയുടെ ന്യൂസിലാണ്ടിനെതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് പീറ്റര്‍ സിഡിലിനെ തിരിച്ചു വിളിച്ച് സെലക്ടര്‍മാര്‍. ആഷസിന് ശേഷം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരം ഇപ്പോള്‍ ജോഷ് ഹാസല്‍വുഡിന് പരിക്കേറ്റതോടെയാണ് തിരികെ ടീമിലേക്ക് എത്തുന്നത്. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എംസിജിയെക്കുറിച്ച് മികച്ച അറിവുള്ള താരമാണ് പീറ്റര്‍ സിഡില്‍ എന്നും അത് ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് ഗുണം ആവുമെന്നും ട്രെവര്‍ ഹോന്‍സ് പറഞ്ഞു.

Australia’s 13-man squad: Tim Paine (c), Joe Burns, Pat Cummins (vc), Peter Siddle, Travis Head (vc), Marnus Labuschagne, Nathan Lyon, Michael Neser, James Pattinson, Steven Smith, Mitchell Starc, Matthew Wade, David Warner

താനും സിഡിലും ഓവലിലെ അവസാന ടെസ്റ്റ് കളിച്ചത് പരിക്കുകളോടെ

താനും പീറ്റര്‍ സിഡിലും ഓവലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റ് കളിച്ചത് പരിക്കുകളോടയെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. തനിക്ക് തള്ള വിരലിനും പീറ്റര്‍ സിഡിലിനു ഇടുപ്പിലും പരിക്കേറ്റിരുന്നുവെന്ന് ടിം പെയിന്‍ വ്യക്തമാക്കി. എന്നാല്‍ ടിം പെയിനിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നും താരം ഉടന്‍ തന്നെ പരിശീലനം ആരംഭിക്കുമെന്നും ഓസ്ട്രേലിയയുടെ മെഡിക്കല്‍ ടീം അറിയിച്ചു. നവംബര്‍ 21ന് പാക്കിസ്ഥാനെതിരെ ഗാബയിലാണ് ഓസ്ട്രേലിയയുടെ  അടുത്ത ടെസ്റ്റ്.

തന്റെ വിരലിന് പൊട്ടലുണ്ടെങ്കിലും അത് അതീവ ഗുരുതരമല്ലെന്നും പതിവിലും നേരത്തെ പരിശീലനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ടിം പെയിന്‍ പറഞ്ഞു. ജെയിംസ് പാറ്റിന്‍സണിനും മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഒഴിവാക്കിയാണ് പീറ്റര്‍ സിഡിലിനെ ഓവല്‍ ടെസ്റ്റില്‍ തിരഞ്ഞെടുത്തത്. പരിക്കിനെ വകവയ്ക്കാതെയാണ് താരം പന്തെറിഞ്ഞതെന്നും അതിനാല്‍ തന്നെ അത് ഏറെ പ്രശംസനീയമായ കാര്യമാണെന്നും ടിം പെയിന്‍ വ്യക്തമാക്കി.

ഒന്നാം ദിവസമാണ് താരം പരിക്കിന്റെ പിടിയിലാവുന്നത്. താരം വേണ്ടത്ര രീതിയില്‍ പന്തെറിഞ്ഞില്ലെന്ന് ഈ ടെസ്റ്റില്‍ പരക്കെ ആരോപണം ഉയര്‍ന്നുവെങ്കിലും അത് എന്ത് കൊണ്ടാണെന്ന് ടീം മാനേജ്മെന്റിന് വ്യക്തമായിരുന്നു. പലരും ബൗളിംഗ് ദൗത്യം ഈ സാഹചര്യത്തില്‍ ഏറ്റെടുക്കില്ലായിരുന്നു എന്നാല്‍ സിഡിലെന്ന പോരാളി ടീമിന് വേണ്ടി അതിന് തയ്യാറായി. താന്‍ പന്തെറിഞ്ഞില്ലെങ്കില്‍ അത് ജോഷ് ഹാസല്‍വുഡിനും പാറ്റ് കമ്മിന്‍സിനും ആവശ്യമായ വിശ്രമം സാധ്യമാക്കില്ലെന്ന ചിന്തയാണ് പരിക്കിനെ വക വയ്ക്കാതെ ബൗളിംഗ് ചെയ്യാന്‍ സിഡിലിനെ സഹായിച്ചത്.

ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിനുള്ള, ഓസ്ട്രേലിയന്‍ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു, ഉസ്മാന്‍ ഖവാജ പുറത്ത്

ആസ് പരമ്പരയില്‍ മാഞ്ചെസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ടീമില്‍ നിന്ന് ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയിട്ടുണ്ട്. പരമ്പരയില്‍ ഇതുവരെ താരത്തിന്റെ ടോപ് സ്കോര്‍ 40 റണ്‍സ് ആണെന്നിരിക്കെ സ്മിത്ത് മടങ്ങിയെത്തുമ്പോള്‍ ടീമിലെ സ്ഥാനം ഖവാജയ്ക്ക് നഷ്ടമാകുകയാണ്. സ്മിത്തിന് പകരം ലീഡ്സ് ടെസ്റ്റില്‍ കളിച്ച മാര്‍നസ് ലാബൂഷാനെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. ജെയിംസ് പാറ്റിന്‍സണ് വിശ്രമം അനുവദിച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും, പീറ്റര്‍ സിഡിലും 12 അംഗ സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ 12 അംഗ സംഘം: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലാബൂഷാനെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയിഡ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ്

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം, ലീഡ് നൂറ് കടന്നു

ഓസ്ട്രേലിയയ്ക്കെതിരെ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്. എട്ട് റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷം ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിനെ പാറ്റ് കമ്മിന്‍സ് എറിഞ്ഞിടുകയായിരുന്നു. ജേസണ്‍ റോയിയെയും ജോ റൂട്ടിനെയും പാറ്റ് കമ്മിന്‍സ് അടുത്തടുത്ത പന്തില്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ വെറും 9 റണ്‍സായിരുന്നു. അതിന് ശേഷം 55 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ജോ ഡെന്‍ലിയെയും റോറി ബേണ്‍സിനെയും അടുത്തടുത്ത ഓവറുകളില്‍ പീറ്റര്‍ സിഡില്‍ പുറത്താക്കുകയായിരുന്നു.

29 റണ്‍സ് നേടി റോറി ബേണ്‍സിനെയും 26 റണ്‍സ് നേടി ജോ ഡെന്‍ലിയും പുറത്താകുകയായിരുന്നു. പിന്നീട് 25 റണ്‍സുമായി ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായി നിലകൊള്ളുന്നത്. 32.2 ഓവറില്‍ 96/4 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴയെത്തിയതോടെ നാലാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 104 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

അവസാന രണ്ട് വിക്കറ്റില്‍ ഓസ്ട്രേലിയ നേടിയത് ആദ്യ എട്ട് വിക്കറ്റിലും അധികം റണ്‍സ്, നിര്‍ണ്ണായകമായത് സ്മിത്തിന്റെ മടങ്ങി വരവിലെ ശതകം

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റായ എഡ്ജ്ബാസ്റ്റണില്‍ ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആയെങ്കിലും ഓസ്ട്രേലിയയെ വമ്പന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത് അവസാന രണ്ട് വിക്കറ്റിലെ പ്രകടനമായിരുന്നു. ഒമ്പതാം വിക്കറ്റില്‍ പീറ്റര്‍ സിഡിലുമായി 88 റണ്‍സും അവസാന വിക്കറ്റില്‍ നഥാന്‍ ലയണുമായി 74 റണ്‍സും സ്റ്റീവന്‍ സ്മിത്ത് നേടിയപ്പോള്‍ ഈ രണ്ട് വിക്കറ്റിലുമായി ഓസ്ട്രേലിയ നേടിയത് 162 റണ്‍സാണ്. ആദ്യ എട്ട് വിക്കറ്റുകള്‍ ടീമിന് നഷ്ടമാകുമ്പോള്‍ വെറും 122 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

ഇതില്‍ തന്നെ നാലാം വിക്കറ്റില്‍ സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് നേടിയ 64 റണ്‍സായിരുന്നു. 35/3 എന്ന നിലയിലേക്ക് മുന്‍ നിര താരങ്ങളെ നഷ്ടമായി പതറിയ ഓസ്ട്രേലിയയെ സ്മിത്തും ഹെഡും ചേര്‍ന്ന് തിരികെ ട്രാക്കിലാക്കുമെന്ന് കരുതിയെങ്കിലും ലഞ്ചിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഹെഡ് മടങ്ങി. പിന്നീട് ഓസ്ട്രേലിയ തകര്‍ന്നടിയുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണില്‍ കണ്ടത്. 99/3 എന്ന നിലയില്‍ നിന്ന് 23 റണ്‍സ് കൂടി നേടുന്നതിനിടയല്‍ 5 വിക്കറ്റുകളാണ് ഓസ്ട്രേലിയയുടെ നിലം പതിച്ചത്.

വലിയ തകര്‍ച്ചയിലേക്ക് ടീം വീഴുമെന്ന് കരുതിയ നിമിഷത്തിലാണ് കേപ്ടൗണിലെ വിവാദ ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സ്റ്റീവന്‍ സ്മിത്ത് ഇംഗ്ലീഷ് കാണികളുടെ അവഹേളനത്തെ വകവയ്ക്കാതെ പൊരുതി നിന്ന് ഓസ്ട്രേലിയയുടെ മാനം കാത്തത്. 219 പന്തില്‍ നിന്ന് 144 റണ്‍സുമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി തന്റെ 24 ടെസ്റ്റ് ശതകം സ്മിത്ത് പൂര്‍ത്തിയാക്കുമ്പോള്‍ അത് താരത്തിന്റെ അര്‍ഹിക്കുന്ന മടങ്ങി വരവ് തന്നെയായിരുന്നു.

അവസാന രണ്ട് വിക്കറ്റിലെ ചെറുത്ത് നില്പിന് ശേഷം ഓസ്ട്രേലിയയെ 284 റണ്‍സെന്ന ഭേദപ്പെട്ട സ്കോറിലേക്ക് സ്മിത്തും സിഡിലും നഥാന്‍ ലയണും എത്തിച്ചപ്പോള്‍ ആഷസില്‍ പിടിമുറുക്കുവാനുള്ള വലിയ അവസരമാണ് ഇംഗ്ലണ്ട് കൈവിട്ടത്.

ഓസ്ട്രേലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ച് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്, സ്മിത്തിന് ശതകം

ഇംഗ്ലണ്ടിനെതിരെ ആഷസിലെ ഒന്നാം ടെസ്റ്റില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി പീറ്റര്‍ സിഡില്‍-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട്. 122/8 എന്ന നിലയിലേക്ക് വീണ ടീമിനെ 200 കടത്തിയത് ഈ കൂട്ടുകെട്ടായിരുന്നു. 88 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 44 റണ്‍സ് നേടിയ പീറ്റര്‍ സിഡിലിനെ മോയിന്‍ അലി പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് ഇംഗ്ലണ്ട് തകര്‍ത്തത്. അവസാന വിക്കറ്റില്‍ നഥാന്‍ ലയണിനെ സാക്ഷിയാക്കി തന്റെ ശതകം തികച്ച സ്റ്റീവന്‍ സ്മിത്ത് 74 റണ്‍സാണ് നേടിയത്.  സ്റ്റുവര്‍ട് ബ്രോഡാണ് 144 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിനെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീഴ്ത്തിയത്.

സ്റ്റീവന്‍ സ്മിത്തിന് പുറമെ ട്രാവിസ് ഹെഡ് 35 റണ്‍സുമായി മറ്റൊരു പ്രധാന സ്കോറര്‍ ആയി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് അഞ്ചും ക്രിസ് വോക്സ് മൂന്നും വിക്കറ്റ് നേടി. ഓസ്ട്രേലിയ 80.4 ഓവറില്‍ 284 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടോവറില്‍ നിന്ന് ഇംഗ്ലണ്ട് 10 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിട്ടുള്ളത്. ജേസണ്‍ റോയ് 6 റണ്‍സും റോറി ബേണ്‍സ് 4 റണ്‍സും  നേടി പുറത്താകാതെ നില്‍ക്കുന്നു.

ലിന്നും മുന്‍ നിര പേസര്‍മാരും ഇല്ലാതെ ഓസ്ട്രേലിയ, ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ സ്ക്വാഡിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ക്രിസ് ലിന്‍, ട്രാവിസ് ഹെഡ്, ഡാര്സി ഷോര്‍ട്ട്, ആഷ്ടണ്‍ അഗര്‍, ബെന്‍ മക്ഡര്‍മ്ട്ട് എന്നിവര്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുമ്പോള്‍ പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ഉസ്മാന്‍ ഖവാജ എന്നിവര്‍ തിരികെ ടീമിലെത്തുന്നു. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ പരിക്കിനെത്തുടര്‍ന്ന് ടീമിനു പുറത്ത് പോകുന്നു.

അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നീ മുന്‍ നിര പേസര്‍മാര്‍ക്ക് വിശ്രമം നല്‍കുവാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് ഈ തീരുമാനം. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ സജ്ജമാക്കുകയെന്ന ലക്ഷ്യവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ്, അലെക്സ് കാറെ, ജൈ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ആഡം സംപ

Exit mobile version