ഷമിയുടെ മികവില്‍ തിരിച്ചുവരവ് നടത്തി ഇന്ത്യ, ക്ഷമ പരീക്ഷിച്ച് അവസാന വിക്കറ്റ് കൂട്ടുകെട്ട്

പെര്‍ത്ത് ടെസ്റ്റ് വിജയിക്കുവാന്‍ ഇന്ത്യ നേടേണ്ടത് 287 റണ്‍സ്. 190/4 എന്ന സ്കോറിനു ലഞ്ചിനു പിരിഞ്ഞ ഓസ്ട്രേലിയയെ രണ്ടാം സെഷനില്‍ മുഹമ്മദ് ഷമിയുടെ സ്പെല്ലാണ് നടുവൊടിച്ചത്. ലഞ്ചിനു ശേഷം ആദ്യ ഓവറില്‍ തന്നെ ടിം പെയിനിനെയും(37), ആരോണ്‍ ഫിഞ്ചിനെയും(25) പുറത്താക്കിയ ഷമി ഏതാനും ഓവറുകള്‍ക്ക് ശേഷം ഓസ്ട്രേലിയയുടെ ചെറുത്ത്നില്പായി മാറിയ ഉസ്മാന്‍ ഖവാജയെയും പുറത്താക്കി. 72 റണ്‍സാണ് ഖവാജ നേടിയത്. ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് അവസാന വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും(14) ജോഷ് ഹാസല്‍വുഡും(17*) ചേര്‍ന്ന് 36 റണ്‍സ് നേടി ഓസ്ട്രേലിയയുടെ സ്കോര്‍ 243 റണ്‍സില്‍ എത്തിയ്ക്കുകയായിരുന്നു.

പാറ്റ് കമ്മിന്‍സിനെ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ നഥാന്‍ ലയണിനെ മടക്കി ഇന്നിംഗ്സിലെ തന്റെ ആറാം വിക്കറ്റ് ഷമി സ്വന്തമാക്കി. 93.2 ഓവറില്‍ 243 റണ്‍സിനു ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടീമിന്റെ കൈവശമുണ്ടായിരുന്ന ലീഡ് 286റണ്‍സായിരുന്നു. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സ് നേടിയ ഓസ്ട്രേലിയയുടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും 53 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമാകുകയായിരുന്നു.

190/4 എന്ന നിലയില്‍ നിന്ന് 207/9 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ അവസാന വിക്കറ്റ് കൂട്ടുകെട്ട് 243 റണ്‍സിലേക്ക് എത്തിച്ച ആത്മവിശ്വാസത്തിലാവും ആതിഥേയര്‍ ബൗളിംഗിനിറങ്ങുക. ഇന്ത്യയ്ക്കായി ഷമി ആറ് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി.

Exit mobile version