ബംഗ്ള ടൈഗേഴ്സിന്റെ മെന്ററായി ശ്രീശാന്ത് എത്തുന്നു, ടീമിന്റെ ഐക്കൺ താരം ഷാക്കിബ് അൽ ഹസനും

അബു ദാബി ടി10 ലീഗിലെ ഫ്രാഞ്ചൈസിയായ ബംഗ്ള ടൈഗേഴ്സിന്റെ മെന്ററായി ശ്രീശാന്ത് എത്തുന്നു. 23 നവംബറിനാണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുന്നത്. ഷാക്കിബ് അൽ ഹസന്‍ ടീമിനായി കളിക്കാനെത്തും.

ഫാഫ് ഡു പ്ലെസിയ്ക്ക് പകരം ഐക്കൺ താരമായി എത്തുന്ന ഷാക്കിബ് കോച്ചിംഗ് ദൗത്യവും ഏറ്റെടുക്കും. ശ്രീശാന്ത് ഇതാദ്യമായാണ് ഒരു കോച്ചിംഗ് റോളിലെത്തുന്നത്. മുഖ്യ കോച്ച് അഫ്താഭ് അഹമ്മദിനൊപ്പം ആവും ശ്രീശാന്ത് സഹകരിക്കുക.

വിരാട് കോഹ്‌ലിക്ക് കീഴിൽ താൻ കളിച്ചിരുന്നെങ്കിൽ ഇന്ത്യ ഒരു ലോകകപ്പ് കൂടി നേടുമായിരുന്നു: ശ്രീശാന്ത്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കീഴിൽ താൻ കളിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഒരു ലോകകപ്പ് കൂടി നേടിക്കൊടുക്കാൻ കഴിയുമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. താൻ ക്രിക്കറ്റിലേക്ക് ഉയർത്തിക്കൊണ്ടുവന്ന സഞ്ജു സാംസണും സച്ചിൻ ബേബിയും മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

2011ൽ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോൾ സച്ചിനൊപ്പം നിന്നതും സച്ചിൻ ടെണ്ടുൽക്കറിന് വേണ്ടിയാണ് ലോകകപ്പ് നേടിയതെന്ന് പറഞ്ഞ കാര്യവും ശ്രീശാന്ത് ഓർമിച്ചു. വിരാട് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ 2019ലെ ഏകദിന ലോകകപ്പിലും 2021ലെ ടി20 ലോകകപ്പിലുമാണ് ഇന്ത്യ കളിച്ചത്. എന്നാൽ 2019 ഏകദിന ലോകകപ്പിൽ സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായ ഇന്ത്യ 2021ലെ ടി20 ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായിരുന്നു.

ഇനി കളിക്കാൻ ശ്രീയില്ല, പ്രാദേശിക ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ശ്രീശാന്ത്

ഇന്ത്യയുടെ പ്രാദേശിക ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ശ്രീശാന്ത്. 39 വയസ്സുകാരന്‍ കേരളത്തിനായി മേഘാലയയ്ക്കെതിരെ രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നു. മത്സരത്തിൽ ഇരു ഇന്നിംഗ്സുകളിലായി താരം 2 വിക്കറ്റ് മാത്രമാണ് നേടിയത്.

ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. സന്തോഷം നല്‍കുന്ന തീരുമാനം അല്ലെങ്കിലും ഇത് ശരിയായ തീരുമാനം ആണെന്ന് താരം ട്വിറ്ററിൽ കുറിച്ചു.

ഒക്ടോബര്‍ 2005ൽ ശ്രീലങ്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച താരം 53 മത്സരങ്ങളിൽ നിന്ന് 75 വിക്കറ്റ് നേടുകയായിരുന്നു. 27 ടെസ്റ്റിൽ നിന്ന് 87 വിക്കറ്റും 10 ടി20 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റും താരം നേടിയിട്ടുണ്ട്.

2011ൽ ഇംഗ്ലണ്ടിനെതിരെ ഓവലിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെയും രാജസ്ഥാന്‍ റോയൽസിനെയും പ്രതിനിധീകരിച്ച താരം 44 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റ് നേടിയിട്ടുണ്ട്.

2013ലെ ഐപിഎലിലെ സ്പോട്ട് ഫിക്സിംഗ് വിവാദത്തോടെ ബിസിസിഐ ആജീവനാന്ത വിലക്ക് നേരിട്ട താരം പിന്നീട് നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം വിലക്ക് നീക്കി 2021ൽ കേരളത്തിനായി വീണ്ടും സയ്യദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെയിലും കളിച്ചിരുന്നു.

ഇത്തവണ ഐപിഎൽ മെഗാ ലേലത്തിൽ താരം പേര് നല്‍കിയെങ്കിലും ആവശ്യക്കാരുണ്ടായിരുന്നില്ല.

ആര്‍ച്ചറുണ്ട്, ശ്രീശാന്തുണ്ട്, ഐപിഎൽ ലേലത്തിനുള്ള ചുരുക്ക പട്ടികയിൽ 590 താരങ്ങള്‍

ഐപിഎൽ മെഗാ ലേലത്തിന് മുമ്പുള്ള ചുരുക്ക പട്ടിക പുറത്ത് വിട്ട് ബിസിസിഐ. 1214 താരങ്ങള്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തതിൽ നിന്ന് 590 പേരെയാണ് മെഗാ ലേലത്തിനായി ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 12, 13 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ലേലത്തിൽ ജോഫ്ര ആര്‍ച്ചര്‍ പേര് നല്‍കിയിട്ടുണ്ട്. താരം എന്നാൽ 2023 സീസണിൽ മാത്രമേ തിരികെ കളത്തിലേക്ക് എത്തുകയുള്ളു. ജോഫ്രയ്ക്ക് 2 കോടിയുടെ അടിസ്ഥാന വിലയാണുള്ളത്.

ഇക്കാര്യം ഫ്രാഞ്ചൈസികളോട് ബിസിസിഐ അറിയിച്ചിട്ടുണ്ട്. മലയാളി താരം ശ്രീശാന്തും 590 പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ശ്രീശാന്തിന് 50 ലക്ഷം രൂപയാണ് അടിസ്ഥാന വില. 44 പുതിയ താരങ്ങളെ ലേലത്തിൽ ചേര്‍ത്തിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

ജോഫ്രയ്ക്ക് പുറമെ ഉസ്മാന്‍ ഖവാജയാണ് അത്തരത്തിലുള്ള ഈ പട്ടികയിൽ ഇടം പിടിച്ച താരം. 44 പേരിൽ 11 പേര്‍ ഇന്ത്യയിൽ നിന്നും ആറ് പേര്‍ ന്യൂസിലാണ്ടിൽ നിന്നും അഞ്ച് പേര്‍ ഓസ്ട്രേലിയയിൽ നിന്നുമാണ്. നാല് പേര്‍ വീതം ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്ന് 7 പേരുമുണ്ട്.

ക്രിസ് ഗെയിൽ ഈ വര്‍ഷം ഐപിഎലില്‍ കളിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ബെന്‍ സ്റ്റോക്സ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവരാണ് ഈ വര്‍ഷം ലേലത്തിനില്ലാത്ത മറ്റു രണ്ട് പ്രമുഖ താരങ്ങള്‍.

തനിക്ക് ശ്രീശാന്ത് ആവേണ്ട, ബ്രെറ്റ് ലീ ആയാല്‍ മതി – നവ്ദീപ് സൈനിയുടെ പഴയ കമന്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ജൂണ്‍ 2013ല്‍ നവ്ദീപ് സൈനി നടത്തിയ കമന്റ് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഫേസ്ബുക്കില്‍ താന്‍ ട്രോഫിയുമായി നില്‍ക്കുന്ന ഒരു ഫോട്ടോ ഇട്ടതില്‍ വന്ന കമന്റില്‍ ഒരു ആരാധകന്‍ സൈനിയെ ജൂനിയര്‍ ശ്രീശാന്ത് എന്ന് വിളിച്ചതിന് മറുപടിയായാണ് സൈനി ഇത്തരത്തില്‍ കമന്റ് ചെയ്തത്.

തനിക്ക് ശ്രീശാന്ത ആവേണ്ടെന്നും ബെറ്റ്‍ ലീയെ പോലെയാകണമെന്നാണ് തന്റെ ആഗ്രഹം എന്നും സൈനി മറുപടി കൊടുത്തു. ഈ പോസ്റ്റിന് ഏതാനും ആഴ്ച മുമ്പെയാണ് സ്പോട്ട് ഫിക്സിംഗ് വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തും മറ്റു രണ്ട് താരങ്ങളും അറസ്റ്റിലാവുന്നത്.

ബിഹാറിനെ എറിഞ്ഞ് തകര്‍ത്ത് ശ്രീശാന്ത്

വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം. മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ ബൗളിംഗ് മികവില്‍ ആണ് കേരളം ബിഹാറിനെ 148 റണ്‍സില്‍ ഒതുക്കിയത്. ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ശ്രീശാന്ത് 9 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് 4 വിക്കറ്റ് നേടിയത്. ജലജ് സക്സേന തന്റെ പത്തോവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. 64 റണ്‍സ് നേടിയ ബിഹാറിന്റെ ടോപ് സ്കോറര്‍ ബാബുല്‍ കുമാറിന്റെ വിക്കറ്റ് ജലജ് സക്സേന ആണ് വീഴ്ത്തിയത്.

40.2 ഓവറിലാണ് ബിഹാര്‍ ഓള്‍ഔട്ട് ആയത്. നിധീഷ് എംഡി രണ്ടും അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റും നേടി.

രണ്ടാം വിജയത്തിനായി കേരളം നേടേണ്ടത് 284 റണ്‍സ്, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്

വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഉത്തര്‍ പ്രദേശ് 283 റണ്‍സിന് ഓള്‍ഔട്ട് ആയി. ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിന് 49.4 ഓവറില്‍ എതിരാളികളെ പുറത്താക്കുവാന്‍ സഹായിച്ചത്. മത്സരത്തില്‍ കേരളം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ കേരളത്തിനെതിരെ എതിരാളികളുടെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്.

ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് നേടിയ അഭിഷേക് ഗോസ്വാമി – കരണ്‍ ശര്‍മ്മ കൂട്ടുകെട്ടിനെ ജലജ് സക്സേനയാണ് തകര്‍ത്തത്. 34 റണ്‍സ് നേടിയ കരണിനെ നഷ്ടമായ ഉത്തര്‍പ്രദേശിന് തൊട്ടടുത്ത പന്തില്‍ അഭിഷേക് ഗോസ്വാമിയുടെ വിക്കറ്റും നഷ്ടമായി ശ്രീശാന്തിനായിരുന്നു വിക്കറ്റ്.

93/0 എന്ന നിലയില്‍ നിന്ന് 93/2 എന്ന നിലയിലേക്ക് ഉത്തര്‍പ്രദേശ് വീണുവെങ്കിലും പ്രിയം ഗാര്‍ഗും റിങ്കു സിംഗും ചേര്‍ന്ന് 46 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ടീമിനെ മുന്നോട്ട് നയിച്ചു. 26 റണ്‍സ് നേടിയ റിങ്കു സിംഗിനെ സച്ചിന്‍ ബേബിയാണ് പുറത്താക്കിയത്.

പിന്നീട് പ്രിയം ഗാര്‍ഗും അക്ഷ് ദീപ് നാഥും ചേര്‍ന്ന് ഉത്തര്‍ പ്രദേശിനെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. 79 റണ്‍സാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയത്. 57 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ഉത്തര്‍ പ്രദേശിന്റെ സ്കോര്‍ 42.2 ഓവറില്‍ 218 റണ്‍സായിരുന്നു.

68 റണ്‍സ് നേടിയ അക്ഷ ദീപ് നാഥ് ആണ് ഉത്തര്‍ പ്രദേശിന്റെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

മികച്ച തുടക്കത്തിന് ശേഷം ഒഡീഷയെ പിടിച്ചുകെട്ടി കേരളം, ഒഡീഷയുടെ രക്ഷയ്ക്കെത്തി കാര്‍ത്തിക് ബിസ്വാല്‍

ഓപ്പണര്‍മാര്‍ നില്‍കിയ മികച്ച തുടക്കത്തിന് ശേഷം ഒഡീഷയുടെ വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ഒഡീഷ. ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തുവെങ്കിലും പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്.

ഒഡീഷയുടെ ഒപ്പണര്‍മാരായ ഗൗരവ് ചൗധരിയും സന്ദീപ് പട്നായിക്കും ചേര്‍ന്ന് 119 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് 57 റണ്‍സ് നേടിയ ഗൗരവിനെ പുറത്താക്കി കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ സന്ദീപിനെ(66) പുറത്താക്കി ശ്രീശാന്തും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

പിന്നിട് തുടരെ വിക്കറ്റുകള്‍ നേടി കേരളം തിരിച്ചടിച്ചപ്പോള്‍ 119/0 എന്ന നിലയില്‍ നിന്നും 134/3 എന്ന നിലയിലേക്കും പിന്നീട് 176/6 എന്ന നിലയിലേക്കും ഒഡീഷ വീണു. പിന്നീട് ഏഴാം വിക്കറ്റില്‍ കാര്‍ത്തിക് ബിസ്വാലും ദേബ്രത പ്രധാനും(27) ചേര്‍ന്ന് 61 റണ്‍സ് കൂട്ടുകെട്ടുമായി ഒഡീഷയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

നിതീഷ് എംഡി ഒരേ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. കാര്‍ത്തിക് ബിസ്വാല്‍ പുറത്താകാതെ 45 റണ്‍സ് നേടിയപ്പോള്‍ ഒഡീഷ 45 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി.

ഗ്രൗണ്ടിലെ നനവ് കാരണം മത്സരം വൈകി തുടങ്ങിയതിനാല്‍ 45 ഓവറാക്കി ഇന്നിംഗ്സ് ചുരുക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ജലജ് സക്സേന, ശ്രീശാന്ത്, നിതീഷ് എംഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നിരാശയില്ല, ഒപ്പം നിന്ന ആരാധകര്‍ക്ക് നന്ദി അറിയിച്ച് ശ്രീശാന്ത്

ഐപിഎല്‍ ലേലത്തിന്റെ അവസാന പട്ടികയില്‍ മലയാളി താരം ശ്രീശാന്തിന് ഇടം ലഭിച്ചിരുന്നില്ല. 2013ല്‍ ഐപിഎല്‍ കളിച്ച താരം പിന്നീട് മാച്ച് ഫിക്സിംഗ് വിവാദത്തില്‍ കുടുങ്ങി വിലക്ക് നേരിടുകയായിരുന്നു. ഇപ്പോള്‍ വിലക്ക് മാറി കളിക്കളത്തിലേക്ക് തിരികെ എത്തിയ ശ്രീശാന്ത് ഐപിഎലിന് പേര് രജിസ്റ്റര്‍ ചെയ്തുവെങ്കിലും 75 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ പക്ഷേ ഒരു ഫ്രാഞ്ചൈസിയും താല്പര്യം കാണിച്ചില്ല.

തനിക്ക് അവസാന ലിസ്റ്റില്‍ ഇടം പിടിക്കാനാകാതെ പോയതില്‍ വിഷമമില്ലെന്ന് ശ്രീശാന്ത് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. തനിക്കൊപ്പം വിഷമ ഘട്ടത്തില്‍ കൂടെ നിന്ന ആരാധകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും വീണ്ടും തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ശ്രീശാന്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളില്‍ ഇല്ല, ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുക 292 താരങ്ങള്‍

ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ 292 താരങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. നേരത്തെ 1114 താരങ്ങള്‍ ആണ് ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്ന് എട്ട് ഫ്രാഞ്ചൈസികള്‍ നല്‍കിയ തങ്ങളുടെ താല്പര്യത്തിലെ ലിസ്റ്റാണ് ഈ പുതിയ പട്ടിക.

ഇതില്‍ 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും അസോസ്സിയേറ്റ് രാജ്യത്തിലെ പ്രതിനിധികളായി മൂന്ന് പേരുമുണ്ട്. മലയാളി താരം ശ്രീശാന്ത് ഈ പട്ടികയില്‍ ഇല്ല എന്നാണ് ലഭിയ്ക്കുന്ന വിവരം. ഒരു ഫ്രാഞ്ചൈസിയും താരത്തിനെ ആവശ്യമാണെന്ന താല്പര്യം അറിയിച്ചില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

നിരവധി ടീമുകള്‍ തന്നെ തിരഞ്ഞെടുക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചതിനാലാണ് ശ്രീശാന്ത് ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തതെന്നാണ് മുമ്പ് വ്യക്തമാക്കിയത്.

ശ്രീശാന്തും അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും ലേലത്തിന്

ഫെബ്രുവരി 18ന് നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ മലയാളി താരം ശ്രീശാന്തും. 2013ലെ ഐപിഎലിനിടെയുള്ള മാച്ച് ഫിക്സിംഗ് വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് ഓഗസ്റ്റ് 2019ല്‍ വിലക്ക് 7 വര്‍ഷമാക്കി മാറ്റുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ വിലക്ക് നീങ്ങിക്കിട്ടിയ താരം കേരളത്തിന് വേണ്ടി 2021 ജനുവരിയില്‍ നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുത്തിരുന്നു. 75 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശിഖര്‍ ധവാന്റെയും ലളിത് യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കേരളത്തിന് 213 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഡല്‍ഹി

കേരളത്തിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഡല്‍ഹി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ ബൗളര്‍മാരെ ശിഖര്‍ ധവാനും ലളിത് യാദവും ചേര്‍ന്ന് തല്ലി തകര്‍ത്തപ്പോള്‍ ഡല്‍ഹിയ്ക്ക് 212 റണ്‍സ്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ ഈ പ്രകടനം. 48 പന്തില്‍ 77 റണ്‍സ് നേടിയ ശിഖര്‍ ധവാനും 25 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ലളിത് യാദവും ആണ് കേരള ബൗളര്‍മാരെ കശാപ്പ് ചെയ്തത്.

ഹിമ്മത് സിംഗ്(15 പന്തില്‍ 26), അനുജ് റാവത്ത്(10 പന്തില്‍ 27) എന്നിവരും ബാറ്റിംഗില്‍ ഡല്‍ഹിയ്ക്കായി മികവ് പുലര്‍ത്തി. ശ്രീശാന്തിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Exit mobile version