അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറിന്റെ ആക്ഷനും റിഥവും മികച്ചത്, ഇന്ത്യയ്ക്കായി അധികം വൈകാതെ കളിക്കും – ശ്രീശാന്ത്

അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറിന്റെ ബൗളിംഗ് ആക്ഷന്‍ വളരെ മികച്ചതാണെന്ന് പറഞ്ഞ് മലയാളി താരം ശ്രീശാന്ത്.  യുവ താരം മികച്ച റിഥത്തിനും ഉടമയാണെന്നും അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ശ്രീശാന്ത് സച്ചിന്റെ ജന്മദിനം ആശംസിച്ച് നല്‍കിയ ട്വീറ്റിന് മറുപടിയായി സച്ചിന്‍ നല്‍കിയ ട്വീറ്റിന് മറുപടി നല്‍കവേയാണ് ശ്രീശാന്ത് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറിന്റെ ആക്ഷനെക്കുറിച്ചും ഇന്ത്യന്‍ ടീമില്‍ താരം അധികം വൈകാതെ കളിക്കുമെന്നുതും പറഞ്ഞത്.

20 വയസ്സുള്ള അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ അണ്ടര്‍ 19 ടീമില്‍ 2019ല്‍ കളിച്ചിരുന്നു. ശ്രീശാന്താകട്ടേ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി ഏഴ് വര്‍ഷമാക്കി കുറച്ചതോടെ ക്രിക്കറ്റിലേക്ക് ഈ വര്‍ഷം സെപ്റ്റംബറിന് ശേഷം മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയിലാണ്.

2011ല്‍ ആണ് ശ്രീശാന്ത് അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. എല്ലാ ഫോര്‍മാറ്റുകളിലുമായി താരം 169 വിക്കറ്റ് നേടിയിട്ടുണ്ട്.

രഞ്ജിയിൽ കേരളത്തിന് വേണ്ടി കളിക്കണമെന്ന് ശ്രീശാന്ത്

ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴ് വർഷമായി ചുരുക്കിയതിന് പിന്നാലെ തനിക്ക് രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ശ്രീശാന്ത്. വിലക്ക് 7 വർഷമായി കുറച്ചതോടെ 2020സെപ്റ്റംബർ മുതൽ താരത്തിന് കളിക്കളത്തിൽ തിരിച്ചെത്താൻ സാധിക്കും.  2013ലാണ് ഐ.പി.എൽ വാതുവെപ്പിന്റെ പേരിൽ ശ്രീശാന്തിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തത്.

വിലക്ക് മാറിയതിൽ സന്തോഷം ഉണ്ടെന്നും കേരള രഞ്ജി ടീമിലേക്ക് തിരിച്ചുവരാനും ടീമിന്റെ വിജയത്തിൽ പങ്കാളിയാവാനും താല്പര്യം ഉണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. അടുത്ത മാസം മുതൽ താൻ പരിശീലനം ആരംഭിക്കുമെന്നും കേരള താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അതൊരു പ്രചോദനമാണെന്നും ശ്രീശാന്ത് പറഞ്ഞു. അതെ സമയം താരത്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അത് അപ്രായോഗികമാണെന്നാണ് ആരാധകരുടെ അഭിപ്രായം.

ടെസ്റ്റിൽ 100 വിക്കറ്റ് നേടി കരിയർ അവസാനിപ്പിക്കാനാണ് ശ്രമമെന്ന് ശ്രീശാന്ത്

ടെസ്റ്റിൽ 100 വിക്കറ്റ് നേടി കരിയർ അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. കോഴ വിവാദത്തെ തുടർന്ന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവന്ത വിലക്ക് 7 വർഷമായി കുറച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു താരം. ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി 27 മത്സരങ്ങൾ കളിച്ച ശ്രീശാന്ത് 87 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പുതിയ ബി.സി.സി.ഐ തീരുമാന പ്രകാരം ശ്രീശാന്തിന്റെ വിലക്ക് 2020 സെപ്റ്റംബറോട് കൂടി അവസാനിക്കും.

“വിലക്ക് അവസാനിച്ചതിൽ വളരെയധികം സന്തോഷം ഉണ്ട്. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു.  ഇപ്പോൾ തനിക്ക് 36 വയസ്സ് ആയെന്നും അടുത്ത വർഷം തനിക്ക് 37 വയസ്സവും. ടെസ്റ്റിൽ തനിക്ക് 87 വിക്കറ്റുകൾ ഉണ്ട്. ടെസ്റ്റിൽ 100 വിക്കറ്റ് തികച്ച് കരിയർ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. തനിക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. തനിക്ക് വിരാട് കോഹ്‌ലിക്ക് കീഴിൽ കളിക്കുകയും വേണം” ശ്രീശാന്ത് പറഞ്ഞു.

ടെസ്റ്റിൽ 87 വിക്കറ്റ് നേടിയ ശ്രീശാന്ത് 53 ഏകദിന മത്സരങ്ങളിൽ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു, ബിസിസിഐയോട് ശിക്ഷ കാലയളവ് പുനഃപരിശോധിക്കുവാന്‍ സുപ്രീം കോടതി

ഐപിഎല്‍ 2013 കോഴ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീം കോടതി. ശ്രീശാന്തിന്റെ ശിക്ഷാകാലയളവ് പുനഃപരിശോധിക്കുവാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഇതിന്മേല്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുമ്പോളാണ് 2013ല്‍ ഈ സംഭവം നടക്കുന്നത്. മത്സരത്തില്‍ ഓവറുകളില്‍ നിന്ന് നിശ്ചിത റണ്‍സ് വിട്ട് നല്‍കാമെന്ന് സമ്മതിച്ച് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപറ്റിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. ബിസിസിഐയുടെ വിലക്ക് കേരള ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയില്‍ ഈ വിധിയ്ക്കെതിരെ ഹര്‍ജി നല്‍കിയത്.

അസ്ഹറിനാകാമെങ്കില്‍ തനിക്കായാലെന്തെന്ന് ചോദിച്ച് ശ്രീശാന്ത്

തനിക്ക് തന്നിരിക്കുന്ന ശിക്ഷ ഏറെ കടുത്തതാണെന്നും തന്നെ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാന്‍ അനുവാദം നല്‍കണമെന്നും സുപ്രീം കോടതിയില്‍ അറിയിച്ച് മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ ശ്രീശാന്ത്. തനിക്ക് 36 വയസ്സായെന്നും തന്റെ സമയം അവസാനിക്കുകയാണെന്നും തനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ശ്രീശാന്തിനു വേണ്ടി അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു.

ട്രയല്‍ കോടതി സ്പോട്ട് ഫിക്സിംഗ് കേസില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയതാണെന്നും ആജീവനാന്ത വിലക്ക് ഒഴിവാക്കി കളത്തിലേക്ക് മടങ്ങി വരുവാനുള്ള അവസരം താരത്തിനു നല്‍കണമെന്നും ശ്രീശാന്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിക്കുകയായിരുന്നു. പ്രാദേശിക ക്ലബ്ബുകള്‍ക്ക് പോലും കളിക്കാനാകാത്ത ആജീവനാന്ത വിലക്ക് ഏറെ കടുപ്പമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ശ്രീശാന്തിനപ്പം പേര് വന്ന താരങ്ങളുടെ വിലക്ക് 3-5 വര്‍ഷം വരെയായിരുന്നുവെന്നും താരത്തിനു മാത്രം എന്തിനാണ് ഇത്തരത്തില്‍ കടുത്ത ശിക്ഷയെന്നും അദ്ദേഹം വാദിച്ചു.

മുഹമ്മദ് അസ്ഹറുദ്ദീനെ സമാനമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ ബിസിസിഐ അനുവദിച്ചിരുന്നു. സിഒഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത് ക്രിക്കറ്റിലെ കൊള്ളരുതായ്മയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുവാനുള്ള കടുത്ത ശിക്ഷയാണിതെന്നാണ്. ഇത് മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ്.

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ബൗളിംഗ് നിരാശാജനകം: ശ്രീശാന്ത്

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ നടത്തിയ പ്രകടനം നിരാശാജനകമാണെന്നും അതിനു പുകഴ്ത്തുന്നവര്‍ ചെയ്യുന്നത് കപടമായ കാര്യമാണെന്നും പറഞ്ഞ് ശ്രീശാന്ത്. 2007ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയ രാഹുല്‍ ദ്രാവിഡിന്റെ കീഴിലുള്ള ടീമില്‍ അംഗമായിരുന്ന താരമാണ് ശ്രീശാന്ത്. 85 വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ബൗളിംഗിനെ ഏവരും പുകഴ്ത്തുമ്പോളാണ് ശ്രീശാന്തിന്റെ ഈ അഭിപ്രായം. 18 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ മുന്നിലുള്ളത്.

എന്നാല്‍ 1-4നു പരാജയപ്പെട്ട ഇന്ത്യന്‍ ടീമിലെ പേസ് ബൗളര്‍മാരില്‍ അത്ര മതിപ്പില്ല ഇന്ത്യന്‍ മുന്‍ താരത്തിനു. 2007ല്‍ പരമ്പര വിജയിച്ച ടീമിലെ അംഗങ്ങളായ താനും ആര്‍പിയും സഹീര്‍ ഖാനും ഉള്‍പ്പെടുന്ന ത്രയം ലോര്‍ഡ്സില്‍ ഒരു ടെസ്റ്റില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചിരിന്നുവെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്.

ഇഷാന്ത് ശര്‍മ്മ പരമ്പരയില്‍ അത്ര മികവ് പുലര്‍ത്തിയിരുന്നില്ലെന്നും താരം കുറഞ്ഞത് 25 വിക്കറ്റെങ്കിലും നേടണമെന്നായിരുന്നു ഇഷാന്തിന്റെ പ്രകടനത്തെക്കുറിച്ച് ശ്രീശാന്ത് പറഞ്ഞത്. എല്ലാ ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വേണമെന്ന് താന്‍ പറയില്ലെങ്കിലും എല്ലാ ടെസ്റ്റിലും 5 വിക്കറ്റ് നേടണമായിരുന്നുവെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്.

ഇന്ത്യയ്ക്കായി 2006-2011 കാലഘട്ടത്തില്‍ 27 ടെസ്റ്റ് കളിച്ചിട്ടുള്ള ശ്രീശാന്ത് 87 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഐപിഎലിലെ വാതുവെയ്പിനെത്തുടര്‍ന്ന് ബിസിസിഐ വിലക്ക് നേരിടുന്ന താരത്തിനു ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് അടുത്തൊന്നും സാധ്യമാവുമെന്ന് കരുതുന്നില്ല.

നാലാഴ്ചയ്ക്കുള്ളില്‍ മറുപടി വേണം: സുപ്രീം കോടതി

ഐപിഎല്‍ 2013ലെ കോഴ വിവാദത്തില്‍ ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയ ശ്രീശാന്തിന്റെ അപേക്ഷയിന്മേല്‍ നാലാഴ്ചയ്ക്കുള്ളില്‍ ബിസിസിഐയോട് മറുപടി നല്‍കുവാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. കഴിഞ്ഞ ഓഗസ്റ്റില്‍ കേരള ഹൈക്കോടതി താരത്തിന്റെ വിലക്ക് നീക്കിയിരുന്നു. ബിസിസിഐ വീണ്ടും കൗണ്ടര്‍-അഫിഡവെറ്റ് ഫയല്‍ ചെയ്ത് വിലക്ക് വീണ്ടും പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ ശ്രീശാന്ത് സമീപിച്ചിരുന്നു. ഇതിന്റെ മേലുള്ള വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ന് ഇത്തരത്തിലൊരു തീരുമാനം സുപ്രീം കോടതി അറിയിച്ചത്.

ഇന്ത്യയ്ക്ക് പുറത്ത് കളിക്കുവാനുള്ള ശ്രമം ശ്രീശാന്ത് നടത്തിയിരുന്നു. തന്നെ വിലക്കിയിരിക്കുന്നത് ബിസിസിഐ ആണ് ഐസിസി അല്ലെന്നായിരുന്നു ശ്രീശാന്തിന്റെ ഭാഷ്യം. എന്നാല്‍ ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഷ് ചൗധരി ഈ നീക്കത്തെ എതിര്‍ത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version